Slider

ബുള്ളറ്റ് തന്ന പണി

0
Image may contain: 2 people

"ചേട്ടാ ഈ ബുള്ളറ്റ് ആദ്യം ഞാനോടിക്കാം"
.വിവാഹം കഴിഞ്ഞ് രണ്ടാം നാൾ പ്രിയതമയുടെ ആദ്യത്തെ ആഗ്രഹമല്ലേ പറഞ്ഞത് അതിനാൽ ഞാനത് സമ്മതിച്ചു തന്നെയുമല്ല അവളുടെ അച്ഛൻ വിവാഹ സമ്മാനമായി വാങ്ങി തന്നതാണ്.
കയ്യീന്ന് കാശ് മുടക്കി ഒരെണ്ണം വാങ്ങാനുള്ള മടി കൊണ്ടാ വിവാഹം വരെ ഒരു ബുള്ളറ്റിനായി കാത്തിരുന്നത്.പെണ്ണ് വീട്ടിന്ന് വണ്ടി കിട്ടിയാൽ കെട്ടുന്ന പെണ്ണ് തന്നെ അത് വൃത്തിയായി സൂക്ഷിക്കുകയും ചെയ്യും.എനിക്ക് ആ കാര്യത്തിൽ അല്പം ജോലിയും കുറയും.
"ചേട്ടനെന്താ ആലോചിക്കുന്നത്.നമുക്ക് പോകണ്ടേ?"
"ഉം പോകാം.അല്ല ഇന്ന് തന്നെ വേണോ ഈ വണ്ടി ഓടിക്കുന്നത്.വിവാഹ ശേഷമുള്ള സീനറി എടുക്കാൻ കടൽതീരത്ത് വീഡിയോക്കാരൻ വെയിറ്റ് ചെയ്യുവാ."
"അതല്ലേ ചേട്ടാ ഞാൻ വണ്ടി ഓടിക്കാമെന്ന് പറഞ്ഞത്.ഞാനിത് ഓടിച്ച് ചെല്ലുന്നത് ഷൂട്ട് ചെയ്താൽ കാണാൻ എന്തു ഗമയായിരിക്കും."
അവളുടെ ഗമയ്ക്കിനി ഞാനായിട്ട് കുറവു വരുത്തെണ്ടന്നു കരുതി മനസ്സില്ലാ മനസ്സോടെ
ഞാനാ ബുള്ളറ്റിൽ കയറി.
അവൾ തലയിൽ ഹെൽമറ്റ് എടുത്തുവെച്ചതും ഞാൻ ചോദിച്ചു.
"അല്ല നിനക്ക് ബുള്ളറ്റ് ഓടിക്കാനറിയാമോ "
"എന്റെ ചേട്ടാ ജനിക്കുമ്പോഴെ ഇതൊക്കെ ആരേലും പഠിച്ചും കൊണ്ടാണോ വരുന്നേ ഇങ്ങനെയൊക്കയല്ലേ ഓടിക്കാൻ പഠിക്കുന്നത്."
അവളീ പറഞ്ഞത് മാത്രമേ എനിക്കോർമ്മയുള്ളൂ.ബോധം വരുമ്പോഴാണ് ഞാനേതോ ഹോസ്പിറ്റലിലാണെന്ന് മനസ്സിലായത്.
മണിക്കൂർ ഇടവിട്ടുള്ള ടെസ്റ്റുകളും ചെക്കപ്പും കണ്ടപ്പോ മനസ്സിലായി കിടക്കുന്നത് ആധാരം വരെ എഴുതി കൊടുക്കാൻ തക്ക പണച്ചിലവ് വരുന്ന ആശുപത്രിയാണെന്ന്
തൊട്ടടുത്തിരുന്ന് ഓറഞ്ചും പൊളിച്ച് വായിലിട്ട് കണ്ണും തള്ളി വിഴുങ്ങുന്ന അവളെ കണ്ടപ്പോൾ അത്ഭുതം തോന്നി.
"അല്ല മീനു നിനക്ക് കുഴപ്പമൊന്നുമില്ലാരുന്നോ "?
എന്റെയീ ചോദ്യത്തിന് അമ്മയാ മറുപടി പറഞ്ഞത്
"അതെങ്ങനാ അവൾക്ക് കുഴപ്പം പറ്റുന്നത്.അവൾ തെറിച്ചു ചെന്ന് വീണത് ശങ്കരന്റെ പറമ്പിലെ വൈക്കോൾ കൂനയ്ക്ക് മുകളിലാ ,നീയാണെങ്കിൽ ടാറിട്ട റോഡിന്റെ ഒത്ത നടുക്കും.ഭാഗ്യത്തിനാ വല്ല വണ്ടിയും പുറത്തൂടെ കേറാതിരുന്നത്."
അമ്മ പറഞ്ഞു തീർന്നതും ഞാൻ മനസ്സിലോർത്തേത്.വല്ലാത്തൊരു ഭാഗ്യം തന്നെ ,അതാ കെട്ടി രണ്ടിന്റന്ന് ഞാനീ കിടപ്പ് കിടക്കേണ്ടി വന്നത്.
"അല്ല എനിക്കിത് തന്നെ വേണം.സ്വന്തം കാശിന് വണ്ടി വാങ്ങിയിരുന്നേൽ എനിക്കീ ഗതി വരില്ലായിരുന്നു.ഇതിപ്പോ അവളുടെ അച്ഛൻ വാങ്ങി തന്ന വണ്ടിയായതിന്റെ അധികാരത്തിലാ അവളിത് ഓടിക്കാനെടുത്തത്."
"ഹോ ഭാഗ്യത്തിന് വണ്ടിക്കൊന്നും പറ്റിയില്ല .സി.സി അടച്ചെടുത്ത വണ്ടിയാ.ആദ്യ ഗഡു മാത്രമേ അച്ഛൻ അടച്ചിട്ടുള്ളൂ.ഇനി ബാക്കി നമ്മളാ അടയ്ക്കേണ്ടത്.വണ്ടിയ്ക്ക് എന്തേലും പറ്റിയിരുന്നെങ്കിൽ അതിന് കൂടി കാശ് ചിലവായേനെ."
അവളിത് പറഞ്ഞു തീർന്നതും ഞാനൊന്ന് ഞെട്ടിയോ.
ഏയ് ഇല്ല. എന്നോടാ ഇവൾടേയും വീട്ടുകാരുടേയും കളി.ഹോസ്പിറ്റൽ ബില്ലടയ്ക്കാൻ ഇവൾടെ സ്വർണ്ണമെടുക്കുക തന്നെ ഏക വഴി.
"അതെ മോളേ ഇവിടെ ഒരുപാട് തുകയായികാണും.തല്ക്കാലത്തേക്ക് നിന്റെ സ്വർണ്ണം നമുക്ക് പണയം വെച്ച് ഇവിടുത്തെ ബില്ലടയ്ക്കാം."
"അയ്യോ ചേട്ടാ അതൊക്കെ വെറും മുക്കുപണ്ടങ്ങളാ.എത്ര പവൻ സ്വർണ്ണം വേണമെന്ന് അന്ന് അച്ഛൻ ചോദിച്ചപ്പോൾ ചേട്ടനല്ലേ പറഞ്ഞത് എനിക്ക് പൊന്നും പണവുമല്ല വലുത് അച്ഛന്റെ മകളാണെന്നും സ്വർണ്ണം വേണോ വേണ്ടയോ എന്നുള്ളത് മീനുവിന്റെ ഇഷ്ടം പോലെയായിക്കോട്ടെയെന്നും.
എനിക്കാണേൽ സ്വർണ്ണം ഒട്ടും ഇഷ്ടമല്ല.ഡ്രസ്സിന് ചേരുന്ന ഫാൻസി ഐറ്റംസാ ഇഷ്ടം.പിന്നെ കല്ല്യാണമല്ലേ ആരേലും കണ്ടാൽ സ്വർണ്ണമില്ലാതിറങ്ങുന്നത് വീട്ടുകാർക്ക് മോശമല്ലേ എന്നു വിചാരിച്ചാ ഞാൻ ഈ കണ്ട മുക്കുപണ്ടമൊക്കെ തല്ക്കാലത്തേക്ക് ഒന്നണിഞ്ഞത്"
കുറച്ചു മുൻപ് വരെ ദേവതയെപ്പോലെ എന്റെ മുന്നിൽ നിന്നവൾക്ക് എന്റെ രക്തമൂറ്റിക്കുടിക്കാൻ വന്ന രാക്ഷസിയുടെ മുഖമാണോയെന്ന് വരെ തോന്നിപ്പോയി.
"എടീ പിശാചേ സ്വർണ്ണത്തോട് താല്പര്യമില്ലെന്നൊക്കെ ഒരു ജാടയ്ക്ക് ഞാൻ വെച്ചു കാച്ചിയതല്ലേ.പെണ്ണെന്ന വർഗ്ഗം സ്വർണ്ണമെന്ന് കേട്ടാൽ മൂക്കും കുത്തി വീഴുമെന്നാ ഞാൻ വിചാരിച്ചത്.മിനിമം ഒരു അൻപത് പവനെങ്കിലും ഞാൻ പ്രതീക്ഷിച്ചു.ഇതൊരുമാതിരി വല്ലാത്ത ചതിയായിപ്പോയി."
മനസ്സിൽ ഞാനിത് ചിന്തിച്ചതും ഉടനേ അവളുടെ അടുത്ത ഡയലോഗ്
"ഹോ വീഡിയോയോ എടുക്കാൻ പറ്റില്ല.ബുള്ളറ്റിൽ കേറിയിരുന്നപ്പോഴെ ഒരു സെൽഫിയെങ്കിലും എടുത്തിരുന്നേൽ ഫേയ്സ്ബുക്കിൽ പോസ്റ്റാമായിരുന്നു"
കാലൊടിഞ്ഞുപോയി ഇല്ലേൽ അവളുടെ നടുവിന് നോക്കി ഒറ്റച്ചവിട്ട് കൊടുത്തേനെ.
കലിപ്പ് ഞാൻ ഉള്ളിലടക്കിയെങ്കിലും എന്റെ ചിന്ത മുഴുവൻ ബില്ലടയ്ക്കാൻ ആധാരം ചോദിക്കുമ്പോൾ അമ്മയുടെ പ്രതികരണം എന്താകുമെന്നായിരുന്നു.
കല്ല്യാണം കഴിഞ്ഞുടനേ കെട്ടിയവള് തന്ന എട്ടിന്റെ പണിയിൽ നിന്നും ഒരു കാര്യം മനസ്സിലായി...
| സ്ത്രീധനമോഹം ആരോഗ്യത്തിന് ഹാനികരം |
By..RemyaRajesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo