Showing posts with label AniyanNair. Show all posts
Showing posts with label AniyanNair. Show all posts

പള്ളിലച്ഛനും ഞാനും പിന്നെ എന്റെ പ്രേമവും

പള്ളിലച്ഛനും ഞാനും പിന്നെ എന്റെ പ്രേമവും      
**** ***
കുറച്ച് ദിവസം മുൻപ് സർവ്വം എന്ന തമിഴ് സിനിമ കണ്ടു.അതിലെ നായകൻ ഒരു ക്രിസ്ത്യൻപള്ളിയിൽ കയറി പ്രസംഗിക്കുന്ന രംഗം ഉണ്ട്.അതു കണ്ടതും ചിരി അടക്കാൻ കഴിഞ്ഞില്ല.കാരണം ആ പ്രസംഗം എന്നത് ആരെങ്കിലും ഒരാൾ അവരുടെ മനസ്സിൽ ഉള്ളത് എല്ലാവരുടെയും മുന്നിൽ വന്നു പറയും.നായകൻ അവന്റെ പ്രേമം എല്ലാവരുടെയും പറയുന്ന സീൻ ആയിരുന്നു അത്.അതു കണ്ട് ക്രിസ്ത്യൻപള്ളിയും വർഷങ്ങൾക്ക് മുൻപ് നടന്ന എന്റെ പഴയ പ്രേമവും അതിലെ തമാശകളും ഓർത്തു.
എന്റെ കാമുകിയുടെ വീട് എന്റെ വീട്ടിൽ നിന്നും കുറെ ദൂരെയാണ്. ദൂരെ എന്നു പറയുമ്പോൾ ഒരു 1.30 മണിക്കൂർ ബസ്സിൽ യാത്ര ചെയ്യണം.എങ്ങനെ പ്രേമം തുടങ്ങി എന്നത് വിശദമായി പറയുന്നില്ലാ.വിഷയം അതു അല്ലല്ലോ!..അവളുടെ വീട് ഇത്രയും ദൂരെ ആയതുകൊണ്ട് എന്നും കാണാൻ പറ്റില്ലാ.ഇടയ്ക്കിടക്ക് കാണാൻ പോകും.അവൾ ഇന്ന സ്ഥലത്ത് വരാൻ പറയും.അവിടെ ഞാൻ ചെല്ലും.ചെന്നാലും സംസാരിക്കാൻ പറ്റില്ലാ.കുറച്ച് മാറി നിന്ന് നോക്കി കാണും.രാവിലെ 9 മണിക്ക് എനിക്ക് സ്റ്റുഡിയോയിൽ ജോലിക്ക് പോകണം.അതു എന്റെ വീട്ടിന്റെ അടുത്ത് സ്വന്തത്തിൽ ഉള്ള മാമന്റെ ആണ് സ്റ്റുഡിയോ.അപ്പോൾ അവളെ കാണുകയും വേണം 9 മണിക്ക് സ്റ്റുഡിയോയിൽ എത്തുകയും വേണം.അപ്പോൾ എന്തു ചെയ്യും!രാവിലെ 5 മണിക്ക് എഴുന്നേൽക്കും.ഒരു ഉറക്ക ക്ഷീണവും ഇല്ലാ.പണ്ട് അമ്മ രാവിലെ പഠിക്കാൻ വിളിക്കുമ്പോൾ എന്താ മടി എഴുന്നേൽക്കാൻ ..അതാണ് പ്രേമം!!ഒരു ഉറക്കക്ഷീണവുമില്ല്ലാ.5 മണിക്ക് എഴുന്നേറ്റ് കുളിച്ച് റെഡിയാകും.അമ്മയും അച്ഛനും ചോദിക്കും എവിടെ പോകുന്നു? എന്തെങ്കിലും ഒരു കള്ളം തലേദിവസം റെഡിയാക്കി വച്ചിരിക്കും.വീട്ടിൽ നിന്നും വയൽവരമ്പ് വഴി 2 കിലോമീറ്റർ നടന്ന് അവനവഞ്ചേരിയിൽ എത്തി ബസ്സിൽ കയറി ആറ്റിങ്ങൽ ട്രാൻസ്പോർട്ട്സ്റ്റാൻഡിൽ എത്തും.അവിടെ നിന്നും വെറെ ബസ്സിൽ യാത്രയാകും പ്രണയിനിയെ കാണാൻ..
അന്ന് കാണാൻ അവൾ പറഞ്ഞ സ്ഥലം അവളുടെ വീട്ടിന്റെ അടുത്തുള്ള ക്രിസ്ത്യൻപള്ളിയിൽ ആയിരുന്നു.അന്ന് എന്തോ ഞാൻ എന്റെ കൂട്ടിന് ബൈജുവിനേയും കൂട്ടിയാണ് പോയത്.അങ്ങനെ നമ്മൾ 2 പേരും കൂടി സ്ഥലത്തെത്തി കാത്തിരുന്നു.അവൾ പറഞ്ഞാൽ പിന്നെ പറഞ്ഞതാണ്..7 മണിക്ക് വരാമെന്ന് പറഞ്ഞാൽ പിന്നെ 9 മണിക്ക് നോക്കിയാൽ മതി.ഞാനും ബൈജുവും പള്ളിയുടെ മുന്നിൽ ക്രിസ്തുദേവനെയും നോക്കി അവളെയും കാത്തുനിന്നു.എന്തായാലും ഇവിടെ വരെ വന്നതു അല്ലെ! അടുത്തുള്ള ഒരു കടയിൽ നിന്നും ഒരു കുരിശ് മാല വാങ്ങി കഴുത്തിൽ ഇട്ടു. അപ്പോൾ മുതലെ ബൈജു എന്നെ നോക്കി ചിരിക്കുകയാണ്.പള്ളിയിൽ ആളുകൾ വന്നു തുടങ്ങി.ഒറ്റക്കും കൂട്ടമായും ധാരാളം ആളുകൾ വരുന്നുണ്ട്.ഇത്രയും ആളുകളെ കണ്ടപ്പോൾ ഇന്ന് എന്തോ വിശേഷം ഉണ്ടെന്ന് ബൈജു പറഞ്ഞു.ഞാൻ ആളുകളെ ശ്രദ്ധിക്കാൻ പോയില്ലാ.എന്റെ പ്രണയിനി വരുന്നതും കാത്ത് വഴിക്കണ്ണുമായി നിൽക്കുകയാണ് ഞാൻ. അവൾ എന്നോട് ക്രിസ്ത്യൻ പളിയിൽ വരാൻ പറഞ്ഞതുകൊണ്ട് അവൾ ഒരു ക്രിസ്ത്യാനി ആണെന്ന് വിചാരിക്കരുത്. ചിലപ്പോൾ കണ്ടുമുട്ടൽ അമ്പലത്തിൽ ആയിരിക്കും ചിലപ്പോൾ പള്ളിയിൽ ആയിരിക്കും.ക്രിസ്ത്യൻ പള്ളിയിൽ ആകുമ്പോൾ ആർക്കും കയറാമല്ലോ!.
പൊഴിഞ്ഞ് വീഴുന്ന ഒരോ നിമിഷങ്ങളും ഓരോ യുഗങ്ങളായാണ് എനിക്ക് തോന്നിയത്.പ്രണയത്തിൽ വിരഹത്തേക്കാൾ വേദന പ്രണയിനിയുടെ വരവിനെ കാത്തുനിൽക്കുകയായിരിക്കും എന്ന് എനിക്ക് തോന്നിയ നിമിഷങ്ങൾ ആയിരുന്നു അത്.അതാ അവൾ വരുന്നു.ഞാൻ ഉന്മേഷവന്നയി.അവളുടെ കൂടെ അവളുടെ ഒരു കൂട്ടുകാരിയും ഉണ്ട്.അവൾ എന്റെ അടുത്ത് കൂടി എന്റെ മുഖത്തു നോക്കി ചിരിച്ചുകൊണ്ട് അടുത്തുള്ള ടെലിഫോൺബൂത്തിൽ കയറി.നേരിട്ട് സംസാരിക്കാൻ അവൾക്ക് പേടി ആണ്.ആരെങ്കിലും കണ്ടാല്ലോ?.അതിനാൽ ബൂത്തിൽ കയറി എന്റെ മൊബൈലിലോട്ട് വിളിക്കും അതു വഴിയാണ് സംസാരം.ഇതാ ഫോൺ ബെല്ല് അടിക്കുന്നു.ഞാൻ മൊബൈൽ ചെവിയില്ലേക്ക് വച്ചു.കുയിലിന്റെ തേന്മോഴി പോലെ അവളുടെ സ്വരം എന്റെ കാതിൽ തിരയടിച്ചുയർന്നു.നമ്മളുടെ സ്ഥിരം പ്രേമസല്ലാപങ്ങൾ കഴിഞ്ഞു.
അവൾ പറഞ്ഞു നമുക്ക് പളിയുടെ അകത്തേക്ക് പോയി പ്രാർത്ഥിക്കാം എന്ന്.അപ്പോൾ ഞാൻ ചോദിച്ചു..ഇന്ന് ഇവിടെ എന്തെങ്കിലും വിശേഷം ഉണ്ടോ?അല്ല്ലാ ആളുകൾ ധാരാളം വരുന്നുണ്ടല്ലോ!.അവൾ പറഞ്ഞു “ ഇന്ന് ഇവിടെ ഒരു പ്രേത്യേക പ്രാർത്ഥന ഉണ്ട് “അതാണ് കാരണം എന്ന്.ആ പ്രേത്യേകത എന്തെന്തു അറിഞ്ഞപ്പോൾ അതു വളരെ രസമായി തോന്നി എനിക്ക്.“നമ്മൾ വിചാരിക്കുന്ന കാര്യം നടക്കാൻ വേണ്ടി ഈ പള്ളിയിൽ ആ കാര്യം ഒരു പേപ്പറിൽ എഴുതി പ്രാർത്ഥനക്കുമുൻപ് അത് പള്ളിലച്ചന്റെ കൈയിൽ കൊടുക്കണം.അത് അച്ഛൻ മൈക്കിൽ കൂടി വായിക്കും.എന്നിട്ട് എല്ലാവരോടും ആ കാര്യത്തിനു വേണ്ടി പ്രാർത്ഥിക്കാനും പ്രാർത്ഥനഗാനങ്ങൾ ചൊല്ലുകയും ചെയ്യും“.ഹമ്പടാ! ഇതു കൊള്ളാമല്ലോ പരിപാടി..ഞാൻ അവളോട് പറഞ്ഞു.എടീ നമുക്കും നമ്മുടെ കാര്യം എഴുതി ഇട്ടാല്ലോ?അവൾ മടിച്ച് മടിച്ച് സമ്മതിച്ചു.അങ്ങനെ അവളുടെ കൂട്ടുകാരിയുടെ കൈയ്യിൽ നിന്നും പേപ്പറും പേനയും വാങ്ങി.അവളും കൂട്ടുകാരിയും മാറി ഇരുന്ന് എന്തോ എഴുതുന്നുണ്ട്.ഞാൻ ബൈജുവിനോട് എഴുതാൻ പറഞ്ഞു.അവന് നാണക്കേട്! വേണ്ടാ എന്ന് അവൻ പറഞ്ഞു.ഹും!എനിക്കുണ്ടോ നാണം.എനിക്ക് ഉണ്ടോ നാണവും മാനവും!ഞാൻ പേപ്പറിൽ വലുതായി എഴുതി..സൌമ്യയെ[ഒർജിനൽ പേര് അല്ലാ]ജീവിതകാലം മുഴുവൻ ഭാര്യയായി എനിക്ക് കിട്ടണേ ഈശ്വരാ..”ഇത്രയും എഴുതിയതും വലിയ ജോലി ചെയ്തതുപോലെ ഞാൻ വിയർത്തുകുളിച്ചു.ആശാരിമാർ പണി കഴിഞ്ഞ തടി ചരിഞ്ഞ് നോക്കും പോലെ ഞാനും ആ പേപ്പറിൽ ചരിഞ്ഞ് നോക്കി.എന്നിട്ട് ആ പേപ്പർ ബൈജുവിനേ കാണിച്ചു.അവൻ വായിച്ചതും അവൻ ചിരിച്ചു മറിയുകയാണ്..ഞാൻ അതോന്നും ശ്രദ്ധിച്ചില്ലാ..എല്ലാം ഓക്കെ ആണ്.എനിക്ക് സന്തോഷം ആയി..
പള്ളിയ്ക്കകത്ത് പ്രാർത്ഥന തുടങ്ങി.അവളും കൂട്ടുകാരിയും എഴുതിയത് എന്തു ആണെന്ന് അറിയില്ലാ.അത് അവർ അച്ഛന്റെ കൈയിൽ മുമ്പെ കൊടുത്തു.അച്ഛന്റെ കൈയിൽ കുറെ പേപ്പർ ഉണ്ട് .അതെല്ലാം അച്ഛൻ വായിക്കുകയാണ്.കൂടുതലും രോഗികൾക്കു വേണ്ടിയുള്ള പ്രാർത്ഥനയാണ്.ഞാൻ പള്ളിക്ക് പുറത്ത് നിൽക്കുകയാണ് കടലാസും പിടിച്ചുകൊണ്ട്.പ്രാർത്ഥനയും തുടങ്ങി എഴുതിയത് കൊടുത്തതുമില്ലാ!.. എന്തായാലും വരുന്നത് വരട്ടെ എന്ന് വിചാരിച്ച് ഞാൻ പുറകിൽ നിന്നും ആളുകളെ വകഞ്ഞു മാറ്റി മുന്നോട്ട് കുതിച്ചു.അച്ഛൻ നോക്കിയപ്പോൾ ഒരുത്തൻ കടലാസും പിടിച്ചുകൊണ്ട് ഓടി വരുന്നു.അച്ഛൻ പ്രാർത്ഥന നിർത്തി.അച്ഛൻ കരുതി കാണും “പാവം പയ്യൻ എന്തോ അർജന്റ് കാര്യം കൊണ്ട് വരുകയാവും”.ഞാൻ അച്ഛന്റെ മുന്നിൽ എത്തി എന്നിട്ട് തിരിഞ്ഞ് നോക്കി എല്ലാവരും എന്നെ തന്നെ നോക്കി നിൽക്കുകയാണ്.സിനിമയിലെ നായകനേ പോലെ ഞാൻ ധൈര്യപൂർവ്വം എന്റെ മോഹം അടങ്ങിയ കടലാസ് അച്ഛന്റെ നേരെ നീട്ടി.സന്തോഷത്തോടെ അച്ഛൻ അതു കൈ നീട്ടി വാങ്ങി.സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഒരു ചെറു പുഞ്ചിരി ആ മുഖത്തുകാണാമായിരുന്നു.ഹൊ! സമാധാനമായി.ഞാൻ കരുതി അവസാനം കൊടുത്തതു കൊണ്ട് എന്റെ കടലാസ് അവസാനം മാത്രമേ നോക്കു എന്ന്. പക്ഷേ എന്റെ വരവ് കണ്ട അച്ഛൻ എന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ട് ആ കടലാസ് തുറന്ന് നോക്കി.ആരുടെയോ രോഗശാന്തിക്കു വേണ്ടി വായിച്ചു പ്രാർത്ഥിക്കാൻ ഇരുന്ന അച്ഛൻ അ കടലാസ് മനസ്സു കൊണ്ട് വയിച്ചു നോക്കി.അതു വയിച്ചതും അച്ഛൻ രൂക്ഷമായി മുഖമുയർത്തി എന്നേ നോക്കി.ആ മുഖത്തിൽ സ്നേഹവും സമാധാനവും മാറി പകരം സാത്താൻ ഓടി വന്നോ എന്ന് സംശയം.ഞാൻ 2 അടി പിറകോട്ട് മാറി ആളുകൾക്കിടയിലൂടെ പുറത്തേക്ക് ഓടി.അപ്പോൾ ആളുകൾ കരുതി കാണും എന്താവും ഇവൻ കൊടുത്തു കാണുക..
അപ്പോൾ അച്ഛന്റെ പ്രാർത്ഥന മൈക്കിൽ കൂടി മുഴുകി.”സ്നേഹിക്കുന്നവർക്കും ആ സ്നേഹം എന്നും അവർക്കു കിട്ടാൻ വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം”.പുറത്തേയ്ക്ക് വന്ന ഞാനും ഇതു കേട്ട ബൈജും ചിരിച്ചു പോയി. അവന്റെ ചിരി 2 ദിവസത്തേക്ക് നിന്നിട്ടില്ലാ.എന്തായാലും ആ പള്ളിയിൽ ഞാൻ പോയിട്ടില്ലാ.അച്ഛൻ എന്നെ കണ്ടാൽ ചിലപ്പോൾ എന്നെ കുരിശിൽ തറച്ചാല്ലോ?   ..അനിയൻ.

തൂവാനതുമ്പികൾ

തൂവാനതുമ്പികൾ   ...
* *
ഇത്തവണ 4 മാസം ലീവ് ഉണ്ടായിരുന്നിട്ടും ആരോഗ്യപരമായ കാരണങ്ങളാൽ ഭാര്യയുമായി എങ്ങും യാത്ര പോകാൻ പറ്റിയിരുന്നില്ല. .ഗൾഫിൽ തിരിച്ചു പോകാൻ ഇനി 7 ദിവസം ..രാവിലെ 8 മണിക്ക് എണീറ്റ് ചായയും കുടിച്ച് മൊബൈലിൽ ഫെസ്ബുക്ക് നോക്കിയപ്പോൾ ആരോ ഒരാൾ ബൈക്കിൽ യാത്ര പോയ വിശേഷങ്ങൾ കണ്ടു..അപ്പോൾ ഒരു മോഹം ഒരു ദിവസത്തെ ഒരു ടൂർ പോയലോ? ഉടനെ പ്രിയതമയെ വിളിച്ച് കാര്യം പറഞ്ഞു. ഞാൻ പറഞ്ഞതും അവൾ കേൾക്കാൻ കൊതിച്ചിരുന്നപോലെ അവൾ 10 മിനിട്ടിനുള്ളിൽ റെഡി ആയി വന്നു .. ടൂർ പോകുന്ന കാര്യം വീട്ടിൽ പറഞ്ഞില്ല , ഒരു കൂട്ടുകാരന്റെ വീട്ടിൽ പോകുന്നു, തിരിച്ചു വരുമ്പോൾ തിയറ്ററിൽ കേറി സിനിമ കാണും എന്നും പറഞ്ഞ് ഇറങ്ങി .. കാരണം പോകുന്നത് നല്ല ബെസ്റ്റ് വണ്ടിയിൽ ആണ്  വെസ്പ്പ സ്കൂട്ടി .. അതും പോകാൻ ഉദ്ദേശിയ്ക്കുന്നത് തമിഴനാട്ടിൽ , അതും ഒരു 350 കിലോമീറ്ററോളം  ... ആറ്റിങ്ങൽ നിന്നു തെന്മല ,പാലരുവി, തെങ്കാശി ,കുറ്റാലം അതാണ് പ്ലാൻ .. ഒരു കൂട്ടുകാരനെ വിളിച്ച് പോകുന്ന വഴിയും എല്ലാം തിരക്കി .. പിന്നെ ഗൂഗ്ല്ലി മാമനെ തിരഞ്ഞും വഴി കണ്ടെത്തി.
ഒൻപത് മണി ആയപ്പോൾ വീട്ടിൽ നിന്നും ഇറങ്ങി . നിരാശപെടുത്താൻ നല്ല മഴകാർ ഉണ്ട് . മഴ പെയ്താൽ എല്ലാം കുളമാകും , വണ്ടി ആണെങ്കിൽ പെട്ടെന്ന് ടയർ തെന്നുന്നതും ആണ്. എന്തായലും ഇറങ്ങി .ഇനി പോയിട്ടെ ഉള്ളു കാര്യം. 400 രൂപയ്ക്ക് പെട്രോളും അടിച്ച് ആറ്റിങ്ങലിൽ നിന്നും കിളിമാനൂർ... അവിടെ നിന്നും ഗൂഗ്ലി മാമൻ പറഞ്ഞു തന്ന എളുപ്പ വഴിയെ മടത്തറയിലേയ്ക്ക് ..
“എന്റെ മാമ ഇങ്ങനെ മനുഷ്യനെ വലിയ്പ്പിക്കരുത് ,“ ഷോർട്ട്കട്ട് എന്നും പറഞ്ഞു പോകുന്ന വഴി ഒരു സൈക്കളിനു പോലും പോകാൻ പറ്റാത്ത വഴി , നല്ല മുട്ടൻ കല്ലുകളും കുഴികളും ഉള്ള കുറെ കൂതറ റോഡുകൾ .ആ വഴിയിലെങ്ങാനും വീണു പോയൽ ആരെങ്കിലും അറിയാൻ തന്നെ 2 ദിവസം എടുക്കും..വഴി തെറ്റി എവിടെയോക്കെയോ ചെന്നു .അവസാനം ചോദിച്ചൂ ,ചോദിച്ചൂ എങ്ങനെയെങ്കിലും മടത്തറ മെയിൻ റോഡിൽ എത്തി. അവിടെനിന്നും കുളത്തുപുഴയിലേയ്ക്ക് .സത്യം പറയാലോ നല്ല കൂതറ റോഡ് .. വണ്ടി കുഴിയിൽ വീഴുമ്പോൾ പ്രിയതമ ഇടയ്ക്കിടയ്ക്ക് പൊങ്ങി റോഡിലോട്ട് വീഴാൻ പോകുന്നുണ്ട്.. ഞാൻ എന്നെ കെട്ടി പിടിച്ചിരുന്നോളാൻ പറഞ്ഞു..
കുളത്തുപുഴയിൽ എത്തിയപ്പോൾ പ്രസിദ്ധമായ അയ്യപ്പൻക്ഷേത്രം ,എന്തായാലും ഇത്രയും ദൂരെ വന്നു ,പോകുന്നത് കാട്ടിൽ കൂടിയുള്ള വഴിയിലൂടെയും. ഒരു സഹായത്തിനു കാനനവാസനെ കണ്ട് തൊഴുതു.
അവിടെ നിന്നു ഇറങ്ങി .
11 മണി ആയി . വിശപ്പിന്റെ അസുഖം എന്നെ അലട്ടുന്നുണ്ടായിരുന്നു .. അടുത്ത് കണ്ട ഗൾഫ് എന്ന പേരുള്ള ബേക്കറീയിൽ കയറി 2 മുട്ടപഫ്സും ചായയും കുടിച്ചു  . പിന്നെ അവിടെ നിന്നു നേരെ തെന്മല . അവിടെ ഡാമും കാണാൻ ഇറങ്ങി , വണ്ടിയിൽ നിന്നു ഇറങ്ങിയപ്പോൾ ഞാൻ പറഞ്ഞു ,
“എടി ശ്രീജെ ബാഗ് വണ്ടിയുടെ അകത്ത് വയ്ക്ക് കൈയ്യിൽ കൊണ്ട് നടന്നാൽ വാനരരാജന്മാർ തട്ടിയെടൂക്കും എന്നു “.
എവിടെ കേൾക്കാൻ , ഞാൻ തമാശയ്ക്ക് പറഞ്ഞതാണെന്ന് കരുതി അവൾ ബാഗും എടുത്ത് എന്റെ പിറകെ വന്നു ..ഡാമിൽ കേറാൻ ഉള്ള പാസ്സും ഏടുത്ത് ഡാം കണ്ടു.തിരിച്ച് റോഡിൽ വരുന്ന വഴി അടൂത്തു നിന്ന അവൾ ഒരു വിളി .. നോക്കിയപ്പോൾ അവളുടെ ബാഗ് ഒരു മരത്തിന്റെ മുകളിൽ .കുറച്ച് നേരമായി ഒരു കുരങ്ങച്ചൻ നമ്മുടെ പിറകെ നടക്കുന്നുണ്ട്.അവൾ കൈയ്യിൽ ഇരുന്ന ചിപ്സ് കൊടുക്കുന്നതും കണ്ട്.. ചിപ്സ് തീർന്നതും അവൻ ബാഗും തട്ടി എടുത്ത് മരത്തിന്റെ മുകളിൽ കേറി .പ്രിയതമ കരച്ചിലോട് കരച്ചിൽ.
.“ഭർത്താവ് ചൊല്ലും കുരങ്ങൻ കഥ ആദ്യം ഭാര്യ ചിരിയ്ക്കും പിന്നെ കരയും “.. അവൾ പറഞ്ഞപ്പോൾ ആണ് അറിയുന്നത് മാറ്റി വാങ്ങാൻ വച്ചിരുന്ന 3 പവന്റെ സ്വർണ്ണവളയും അവളുടെ മൊബൈലും അതിൽ ആണെന്നു ..ഈശ്വരാ എന്റെ നെഞ്ചൊന്നു കാളി.കാട്ടിന്റെ അകത്ത് ആയതുകൊണ്ടും സഞ്ചാരികൾ കുറവായതുകൊണ്ടും ആരും ഇല്ല അടുത്ത് .ഞാൻ ഒരു കല്ല് എടുത്ത് എറിഞ്ഞു.. പാകിസ്താൻ വിട്ട റോക്കട്ട് പോലെ അത് എങ്ങോ പോയി.. ഇപ്പോൾ ആ കുരങ്ങന്റെ അടുത്ത് 2 പേർകൂടി വന്നു, അവർ ബാഗിനായി പിടിവലി കൂടുന്നു .ഞാൻ അടുത്ത് കണ്ട ഒരു കമ്പ് ഒടിച്ചെടുത്ത് എറിഞ്ഞു.ഭാഗ്യം അവന്റെ തലയിൽ തന്നെ കൊണ്ടു. ബാഗ് താഴേയ്ക്ക് വീണു.. ഞാൻ പോയി ഏടുത്തതും കുരങ്ങന്മാർ എല്ലാവരും അലറി വിളിച്ച് കൊണ്ട് ഇറങ്ങി താഴെയ്ക്ക് വന്നു .ഞാൻ ബാഗും കൊണ്ട് അവളുടെ കൈയ്യും പിടിച്ച് ഓടി.. കുരങ്ങന്മാർ പിറകെ .അവസാനം റോഡീൽ എത്തിയപ്പോൾ അവിടെ ഒരു ഗാർഡ് നിൽക്കുന്നു .അയാൾ കൈയ്യിൽ ഇരുന്ന വടി കൊണ്ട് കുരങ്ങന്മാരെ ഓട്ടിച്ചു ..
അവിടെ നിന്നും പെട്ടെന്നു തന്നെ വണ്ടിയിൽ കയ്യറി പാഞ്ഞു. നേരെ പാലരുവിയിലേയ്ക്ക് ..നല്ലത് പറയല്ലോ നല്ല സൂപ്പർറോഡ് , കാട്ടിന്റെ അകത്തുകൂടെ വളഞ്ഞും പുളഞ്ഞുമുള്ള റോഡ്.ആറു അറുപതിൽ വണ്ടി .. ഒരു വശത്ത് കാട്ഒരു വശത്ത് അച്ചൻ കോവിലാറും. ബ്രിട്ടീഷുകാർ കെട്ടിയ റെയിൽ 13 ആർച്ച് പാലവും കഴിഞ്ഞ് നേരെ പാലരുവിയിലേയ്ക്ക് . അവിടെന്ന് പാസ്സും എടുത്ത് പാലരുവിവെള്ളച്ചട്ടം കണ്ടു. പോകുന്ന വഴിയും വെള്ളച്ചട്ടവും നയനമനോഹരം. ഇനിയും കുറെ പോകാൻ ഉണ്ട്.പെട്ടെന്നു തന്നെ അവിടെന്നും ഇറങ്ങി വണ്ടി ആര്യങ്കാവ് ചെക്ക്പോസ്റ്റും കഴിഞ്ഞ് ചെങ്കോട്ടയിലേയ്ക്ക് .. ചെങ്കോട്ടയിലേയ്യ് മലയിറക്കം ആ‍ണ്. മുകളിൽ നിന്നു തന്നെ ദൂരെയുള്ള റോഡ് കാണം . ഹൊ എന്തു മനോഹരം .. പച്ചപരവതാനി വിരിച്ചത് പോലെ വയൽ‌പ്പാടങ്ങളും അതിന്റെ നടുവിലൂടെ വണ്ടികൾ പായുന്ന റോഡും റോഡിന്റെ വശങ്ങളിൽ കൂറ്റൻ കാറ്റാടി യന്ത്രങ്ങളും ...
മലയിറങ്ങുന്ന വഴിയിൽ 2 പേർ‘ നൊങ്ക് (പനയുടെ ഇളങ്കരിക്ക്) വിൽക്കുന്നത് കണ്ടു.. ഒന്നു കഴിയ്ക്കാൻ തോന്നി , വണ്ടി റോഡീനരികെ നിർത്തി . നമ്മളെ കണ്ടപ്പോഴെ 2 കരിക്ക് വെട്ടി തന്നു . എന്നോട് പനങ്കള്ള് വേണോ എന്നു ചോദിച്ചു.. ഞാൻ പറഞ്ഞു ‘ വണ്ടി ഓട്ടിയ്ക്കാ‍ാൻ ഉള്ളതാ, പിടിത്തമായാലോ എന്നു “ .അവർ പറഞ്ഞു ഒരു കുഴപ്പവുമില്ല, നല്ല തണുപ്പായിരിയ്ക്കും എന്നു . പിന്നെ നോക്കിയില്ല എനിക്ക് 2 കോപ്പ കള്ള് തന്നു.അവൾക്ക് കരിക്കിന്റെ വെള്ളവും .. 3 കരിക്കും 2 കള്ളും കുടിച്ചപ്പോൾ രൂപ 600 ..ഈശ്വര നെഞ്ചോന്ന് കാളി .ചോദിച്ചപ്പോൾ അവർ അടിയ്ക്കാൻ നിൽക്കുന്നു.ഒന്നാമത് കാട്. റോഡീൽ ഒരു വണ്ടി പോലുമില്ല . കൂടുതൽ തർക്കിക്കാതെ പൈസയും കൊടൂത്ത് തടിതപ്പി..
പിന്നെ മലയിറങ്ങി ചെങ്കോട്ടയിലേയ്ക്ക് .. ആ റോഡ് എനിക്ക് വർണ്ണിയ്ക്കാൻ കഴിയുന്നില്ല.. അത്രയ്ക്ക് സുന്ദരം.. കേരളത്തിൽ നിന്നു അന്യംനിന്നു പോകുന്ന വയലോലകൾ , എല്ലയിടത്തും നെൽക്യഷി.. പച്ചപട്ട് ഉടുത്ത സുന്ധരമായ ഗ്രാ‍മം . പിന്നെ റോഡ് , സുന്ദരൻ റോഡ്. അത് കാണുംപ്പോൾ ആണ് കേരളത്തിലെ റോഡ് എത്രമാതം വ്യത്തികെട്ടതാണെന്ന് തോനുന്നത്. .. അവിടെ നിന്നു തെങ്കാശിയിലേയ്ക്ക് ,1.30 ആയപ്പോൾ തെങ്കാശിയിൽ എത്തി .പ്രസിദ്ധമായ ഉലഗമൺ അമ്പലത്തിലേയ്ക്ക് പോയി , പക്ഷേ അകത്ത് കയറാൻ പറ്റിയില്ല. പാറയിൽ തുരന്ന് ഉണ്ടാക്കിയ അമ്പലം .അടഞ്ഞ് കിടക്കുന്നു .. അവിടെ നിന്നും ചെറുതായി ആഹാരം കഴിച്ച് തിരിച്ച് പോകാമെന്നു വിചാരിച്ചു.. ഇപ്പോൾ ഇറങ്ങിയാലെ 5 മണിയ്ക്ക് എങ്കിലും വീട്ടിൽ എത്തു .അങ്ങനെ വിചരിച്ച് മുന്നോട്ട് പോയപ്പോൾ ഒരു ബോർഡ് കണ്ടു ..സുന്ധരപാണ്ഡ്യപുരം 9 കിലോമീറ്റർ. മുൻപ് എവിടെയോ വായിച്ചിട്ടുണ്ട് , അതി സുന്ദരമായ ഒരു ഗ്രാമം ആണ് . പിന്നെ അന്യൻ സിനിമയിൽ ഒരു പാട്ട് ശങ്കർ അവിടെയാണ് ഷൂട്ട് ചെയ്തതെന്നും .. എന്തായലും 9 കിലോമീറ്റർ .. പിന്നെ ചിന്തിച്ചില്ല..അവൾ ആണെങ്കിൽ എന്നോട് എവിടെ പോകാനും റെഡി ...
സത്യം പറയാലോ ഇത്രയും സുന്ധരമായ ഒരു ഗ്രാമം ഞാൻ കണ്ടിട്ടില്ല... അങ്ങോട്ടുള്ള 9 കിലോമീറ്ററിൽ 7 കിലോമീറ്ററും വയലും മലകളും പുഴകളും ആണ്. എനിക്ക് വർണ്ണിയ്ക്കാൻ വാക്കുകൾ കിട്ടുന്നില്ല. അത്ര നയനമനോഹരം ആണ് അങ്ങോട്ടുള്ള വഴി ..പകുതി എത്തുമ്പോൾ തന്നെ ഒരു പാറകൂട്ടം കാണാം.. അവിടെ പാറയിൽ തമിഴിലെ സൂപ്പർതാരങ്ങളുടെ പെയിന്റിംഗ് വരച്ചു വച്ചിട്ടുണ്ട്.. അന്യൻ സിനിമയ്ക്ക് വേണ്ടി ചെയ്തതാണ് അത് .അതിന്റെ മുന്നിൽ നിന്നു ചെറുതായി പാട്ടുപാടി ഡാൻസ് കളിച്ചു  “ അണ്ടങ്കാക്ക കൊണ്ടക്കാരി രണ്ടക്ക രണ്ടക്ക “  കുറച്ച് നേരം തണുത്ത കാറ്റേറ്റ് അവിടെ നിന്നു .. മാലിന്യങ്ങളും വിഷമയം ഇല്ലാത്തതുമായ ശുദ്ധവായു . അവിടെ നിന്നും വീണ്ടും ഗ്രാമത്തിലേയ്ക്ക് .വയലിന്റെ അരികിലും മരങ്ങളിലും റോഡിലും മയിലുകൾ . ആ കാഴ്ചകൾ എല്ലാം കണ്ട് മനസ്സിലുള്ള എല്ലാ വിഷമങ്ങളും മാറിയത് പോലെ.
ഗ്രാമത്തിൽ എത്തി അപ്പോൾ തന്നെ വണ്ടീ‍ തിരിച്ചു വിട്ടു.. തെങ്കാശിയിൽ എത്തി .
അവിടെ നിന്നു 6 കിലോമീറ്റർ കുറ്റാലം വെള്ളച്ചാട്ടം.. എന്തായാലും നനഞ്ഞു ഇനി കുളിച്ച് കയറാം. നേരെ കുറ്റാലത്തേയ്ക്ക് . മെയിൻ വെള്ളച്ചാട്ടം കാണാൻ പോയി, അവിടെ നിന്നും ചായയും വടയും .. തിരിച്ചു വരാൻ നോക്കിയപ്പോൾ അടുത്ത ബോർഡ് കണ്ണിൽ പെട്ടു.ഫൈവ് വാട്ടർഫാൾസ് 5 കിലോമീറ്റർ. പിന്നെ അങ്ങോട്ട് പോയി .കുറച്ച് നേരം അവിടെ നിന്നു.. വെള്ളച്ചാട്ടത്തിൽ കുളിയ്ക്കണമെന്നുണ്ട്.പക്ഷേ സമയം അതിക്രമിച്ചിരിയ്ക്കുന്നു.. അവിടെ നിന്നും 3 കിലോമീറ്റർ കഴിഞ്ഞതും മഴ തുടങ്ങി.. നനയാൻ വയ്യത്തത്കൊണ്ട് ഒരു കടയിൽകേറി നിന്നു 20 മിനിട്ട്..പിന്നെ യാത്ര തിരിച്ചു വീട്ടിലേയ്ക്ക്.
കുളത്തുപുഴ എത്തിയപ്പോൾ നല്ല ചിമിട്ടൻ മഴ ,മണി 6 ആയി. വീട്ടിൽ നിന്നും ഫോൺ വിളി വന്നു തുടങ്ങി.. 1 മണിക്കൂർ നിർത്താതെ മഴ പെയ്തു. ഒരു ബസ്സ്സ്റ്റോപ്പിൽ കയറി നിൽക്കേണ്ടി വന്നു .. മഴ കുറയില്ല എന്നു കണ്ടപ്പോൾ പിന്നെ തൂവനന്തുമ്പികൾ സിനിമ ഓർമവന്നു.. മഴ നനയാൻ തീരുമാനിച്ചു. പ്രിയതമ രണ്ട് കൈകൾ കൊണ്ട് എന്നെ ഇറൂക്കി കെട്ടിപിടിച്ച് വണ്ടിയുടെ പിറകിൽ , ആ പ്രണയത്തിനു മേൽപൊടിയായിട്ട് മഴയും .. പിന്നെ എന്തു വേണം .വണ്ടി കുതിച്ചു പാഞ്ഞു .വണ്ടിയ്ക്ക് നല്ല മൈലേജ് ഉള്ളത്കൊണ്ട് കടയ്ക്കൽ വച്ച് വീണ്ടും 200 രൂപയ്ക്ക് കൂടി പെട്രോൾ അടിച്ചു  .. ഗൂഗിൾ മാമൻ പറഞ്ഞ വഴിയെ പോകാതെ നല്ല മെയിൻ റോഡീൽ കൂടി കിളിമാനൂർ എത്തി ,അവിടെ എം.സി റോഡിൽ “ വഴിയോരകട” എന്ന ഒരു നല്ല ഹോട്ടൽ ഉണ്ട്. അവിടന്ന് അപ്പവും താറാവ് ഇറച്ചിയും തിന്നു വീട്ടിൽ എത്തിയപ്പോൾ മണി 9.30 .. 12 മണിക്കൂർ കൊണ്ട് 12 വർഷം കൊണ്ട് പോലും കിട്ടാത്ത ഒരു മനസുഖമായിരുന്നു ഈ യാത്രയിൽ ഞങ്ങൾക്ക് കിട്ടിയത് .12 മണിക്കൂറിൽ 10 മണിക്കൂറും വണ്ടിയിൽ യാത്രയിൽ ആയിരുന്നുു. കൂടുതൽ ദൂരവും പിന്നെ ഒരു ദിവസത്തെ പ്ലാനും ആയത് കൊണ്ട് ഒരിടത്തും കൂടുതൽ ഇറങ്ങി സമയം കളഞ്ഞില്ല. വണ്ടിയിൽ യാത്ര ചെയ്തു തന്നെ ആണ് ഞങ്ങൾ ഈ യാത്ര ആസ്വദിച്ചത്. ഒരു ശതമാനം പോലും യാത്രക്ഷീണമോ വണ്ടിയിൽ ഇരുന്നുള്ള മടുപ്പോ ഞങ്ങൾക്ക് ഉണ്ടായില്ല  കാരണം ഞങ്ങൾക്ക് കാഴ്ചകൾ ഇറങ്ങി നിന്നു കണ്ട് ആസ്വദിയ്ക്കുന്നതിനെക്കാൾ ഇഷ്ടം സുന്ദരകാഴ്ചകൾ കണ്ട് വണ്ടിയിൽ എങ്ങോട്ടെന്നില്ലാതെ പോകുന്നത് ആണ്  റൈഡ് ചെയ്തു പൊയ്ക്കൊണ്ടെയിരിയ്ക്കണം. യാത്രകൾ എന്നും പ്രണയാർദ്രമായാ തൂവാനതുമ്പികളെ പോലെയാണ് .... *അനിയൻ *...
***ആറ്റിങ്ങൾ - കുളത്തുപുഴ-തെന്മല-പാലരുവി-തെങ്കാശി- സുന്ദരപാണ്ഡ്യപുരം-കുറ്റാലം **.


അങ്ങനെ പവനായി ശവമായി

*അങ്ങനെ പവനായി ശവമായി.... .  .. *
..
“അനിയൻ കുട്ടാ എഴുന്നേൽക്കു എട്ട് മണിയായി”.അലാറം കേട്ട് ആണ് ഞാൻ എഴുന്നേറ്റത്.അച്ഛൻ ജർമ്മനിയിൽ ബിസിനസ്സ് ടൂറിനു പോയപ്പോൾ പറഞ്ഞു ചെയ്യിപ്പിച്ചതായിരുന്നു ആ അലാറം.ഇന്ത്യൻ മണി പതിനായിരം രൂപയാണെന്ന് അച്ഛൻ പറയുന്നത് കേട്ടു.പണ്ടെ അച്ഛന്റെ ശീലമാണ് ഞാൻ എന്തു പറഞ്ഞാലും ആ അഗ്രഹം നിറവേറ്റി തരും.ഞാൻ പണ്ടു ഊട്ടിയിൽ ബോർഡിംഗിൽ പഠിക്കുമ്പോൾ ആ ജയിംസിന്റെ കൈയ്യിൽ ഇതു പോലെ ഒരെണ്ണം കണ്ടു..അന്നു മുതൽ ഞാൻ പിടി വാശിയിലായിരുന്നു. ബെഡിൽ നിന്നും എഴുന്നേൽക്കാൻ വയ്യ.മടി തന്നെ കാരണം.പിന്നെ ഇന്നാണല്ലോ കോളെജ് ഫസ്റ്റ്ഡേ എന്നു ആലോചിച്ചപ്പോൾ പുതപ്പ് വലിച്ചു മാറ്റി എഴുന്നേറ്റു.പുതപ്പ് മാറ്റിയപ്പോൾ എ.സിയുടെ തണുപ്പ് കാരണം ശരീരം വിറയ്ക്കുന്നു.പെട്ടന്ന് തന്നെ അത് ഓഫ് ആക്കി.കോട്ടുവായും ഇട്ടുകൊണ്ട് ചുവരിലെ എന്റെ ഇഷ്ടദൈവങ്ങളെ നോക്കി..’അർനോൾഡ് ചെസ്നഗറും സ്റ്റല്വസ്റ്റർ സ്റ്റാലിയനും.ചുവർ നിറയെ അവരുടെ ഫോട്ടോകൾ ആണ്.അവരുടെ സിനിമകൾ കണ്ട് അവരുടെ ശരീരം കണ്ട് ഞാൻ അവരുടെ ഒരു കടുത്ത ആരാധകൻ ആയി കഴിഞ്ഞിരുന്നു.അതു കാരണം വീട്ടിൽ ചെറിയ ഒരു ജിം റെഡി ആക്കിയിട്ടുണ്ട്.കണ്ണാടിയുടെ മുന്നിൽ ചെന്ന് സൌന്ദര്യം നോക്കി.അവരുടെ ശരീരത്തിന്റെ അടുത്ത് എത്തുന്നില്ലെങ്കിലും കുറെച്ചൊക്കെ മസിലുകൾ ഉണ്ട്.പണ്ട് റഷ്യയിൽ ഞാൻ പഠിച്ചുകൊണ്ടിരുന്നപ്പോൾ അവിടത്തെ കോളെജിൽ രണ്ട് വർഷം ബോഡിഫെസ്റ്റിൽ എനിക്ക് ആയിരുന്നു ഫസ്റ്റ്.
ബാത്ത് റൂമിൽ കയറീയതും കാലു തെറ്റി വീഴാൻ പോയി.അന്നെ അച്ഛനോട് പറഞ്ഞതാണ് ബാത്ത് റൂമിൽ ഇറ്റാലിയൻ മാർബിൾ ഇടല്ലെ എന്ന്.ഭാഗ്യം ഒന്നും പറ്റിയില്ല.ശരീരം തണുക്കുന്നതുകൊണ്ട് ഹീറ്റർ ഓൺ ആക്കി..ചെറുതായി വയറു വേദനിക്കുന്നു.ഇന്നലെ കഴിച്ച ബട്ടർ തന്തൂരി ദഹിച്ചില്ലാ എന്നു തോനുന്നു.ഇന്നലെ നടൻ വെഞ്ഞാറമൂട് സുരാജിന്റെ പാർട്ടി ആയിരുന്നു.നമ്മൾ പണ്ടെ കമ്പനിക്കാർ ആണ്.പണ്ട് നമുക്ക് ഒരു അഡ്വെർറ്റസിംഗ് കമ്പനി വെഞ്ഞാറമൂട്ടിൽ ഉണ്ടായിരുന്നു..സുരാജ് സിനിമയിൽ വരുന്നതിനു മുമ്പ് മിക്കപ്പോഴും അവിടെ വന്ന് ഇരിക്കുമായിരുന്നു.ഇപ്പോൾ വലിയ നടൻ.എതോ മലയാള പടം വിജയിച്ചെന്നോ അതുകൊണ്ട് പാർട്ടി ഉണ്ട് അനിയൻ എന്തായാലും വരണം എന്നു വീട്ടിൽ വന്നു വിളിച്ചപ്പോൾ പോകാതിരിക്കാനും പറ്റിയില്ല.വെള്ളം ചൂടായെന്നു തോനുന്നു.വിശാലമായി തന്നെ കുളിച്ചു.കോളെജിൽ ചെല്ലക്കിളികളെ കാണാൻ ഉള്ളത് അല്ലെ.ചുണ്ടിൽ ടൈറ്റാനിക് സിനിമയിലെ പാട്ട് വന്നു.
കു
ളിച്ച് ബാത്ത് റൂമിൽ നിന്നും പുറത്ത് ഇറങ്ങിയിട്ടാണ് മൊബൈലുകളിൽ നോക്കിയത്.ആറ് മൊബൈലുകൾ.ഏതു പുതിയ മോഡൽ ഇറങ്ങിയാലും അതു ഞാൻ വാങ്ങും.അതു എന്റെ ഒരു വാശി ആണ്.കുറച്ച് ദിവസം കൊണ്ട് നടക്കും.മടുക്കുമ്പോൾ വീട്ടിലെ ജോലിക്കാർക്കു കൊടൂക്കും.എല്ലാ മൊബൈലുകളിലും പത്തും പതിഞ്ചും മിസ്സ്കാളുകൾ.ഈ പെൺപ്പിള്ളാരെ കൊണ്ട് ഞാൻ തോറ്റു. 24 മണിക്കൂറും വിളിയോട് വിളി..ദാ വിളിക്കുന്നു ഭീമാ ജൂവലറിയുടെ മുതലാളിയുടെ മകൾ ദിവ്യ..എനിക്ക് വയ്യ എടുക്കാൻ..നല്ല ഒരു കാര്യത്തിനു വേണ്ടി പോകാൻ നിൽക്കുമ്പോൾ ആണ് നാശങ്ങൾ.ഞാൻ കട്ട് ചെയ്തു.പുതിയ സുന്ദരിമാരെ കാണാൻ പോകുമ്പോൾ ആണ് ഇവളുമാരുടെ ഒരു വിളി.ഇതിനേയോക്കെ ഞാൻ പണ്ടെ വിട്ടതാ.എന്നാലും എന്റെ പുറകെ നടക്കുകയാ..എനിക്ക് ആണെങ്കിൽ കുറച്ച് നാൾ ലൈൻ അടിച്ചിട്ട് ആ ത്രിൽ നഷ്ടപെടുമ്പോൾ അവരെ വിടും.ലൈൻ അടിച്ചിടുന്നവരെ ഉള്ളു ബഹളം .പിന്നെ ഓക്കെ ആയാൽ അടുത്തതിന്റെ പിറകേ പോകും..ലൈൻ ആകാൻ വേണ്ടി എന്തു കഷ്ടപ്പാടും സഹിക്കും ഞാൻ.കുറച്ച് നാൾ മുൻപ് സ്വപ്നക്കൂട് എന്ന മലയാളം പടം കണ്ടു.ഞാൻ അങ്ങനെ മലയാളം കാണാറീല്ല.ഇംഗ്ലീഷും ഹിന്ദിയും ആണ് ഇഷ്ടം.വല്ലപ്പോഴും മലയാളം കണ്ടാൽ ആയി.അങ്ങനെ കണ്ടാതാണ് സ്വപ്നക്കൂട്.അതിൽ ആ പുതിയ പയ്യൻ പ്യത്ഥവ്യരാജ് ലൈൻ അടിക്കുന്നതു കണ്ടപ്പോൾ ചിരിയാണ് വന്നത്.എന്റെ ലൈൻ അടി അതേ പോലെ പകർത്തിയിരിക്കുന്നു.
റിമോട്ട് എടുത്ത് എച്ച്.വി.ഡി പ്ലേയർ ഓൺ ആക്കി.മൈക്കിൾ ജാക്സന്റെ ത്രില്ലറിലെ Wanna Be Startin' Somethin' റൂമിൽ മുഴങ്ങി.അതിനോപ്പം ഡാൻസ് ചെയ്തു കൊണ്ട് ഞാൻ ഡ്രസ്സ് മാറ്റാൻ തുടങ്ങി.ഏത് ഇടണം എന്ന കൺഫ്യൂഷൻ.അഞ്ച് അലമാര നിറയെ എന്റെ ഡ്രസ്സ് ആണ്.എന്റെ പ്രധാന ഹോബി തന്നെ ഡ്രസ്സ് വേടിച്ചു കൂട്ടുക എന്നതാണ്.അതിൽ നിന്നും ബ്ലൂ‍ ജീൻസും റെഡ് ഷർട്ടും എടുത്തു.കഴിഞ്ഞ ആഴ്ച ആസ്ടേലിയയിൽ നിന്നും വാങ്ങിയതായിരുന്നു.ചെറിയ മേക്കപ്പ് ചെയ്തു ഷൂവും വലിച്ചു കയറ്റി.
സമയം താമസിച്ചു.ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ചെന്നപ്പോൾ റെഡി ആയില്ല.വീട്ടിൽ അഞ്ച് ജോലിക്കാൻ ഉണ്ട് എന്നാലും പണി ഒന്നും കഴിയില്ല.അമ്മയും കിച്ചണിൽ ആണ്.ജോലിക്കാൻ ഉണ്ടെങ്കിലും നമുക്ക് ഭക്ഷണം വയ്ക്കുന്നത് അമ്മ തന്നെ ആയിരിക്കും.അത് അമ്മയ്ക്ക് നിർബന്ധം ആണ്.നമുക്കും അതു തന്നെ ആണ് ഇഷ്ടം.അമ്മ വയ്ക്കുന്ന ആഹാരം കഴിക്കാൻ ഒരു പ്രേത്യക രുചി ആണ്.
അതാ അച്ഛനും ചേട്ടനും കാപ്പി കഴിക്കാൻ വന്നു.രണ്ടു പേരും ഓഫീസിൽ ഒത്തു ആണ് പോകുന്നത്.ചേട്ടൻ അച്ഛനെ സഹായിക്കുന്നു.ബ്രിട്ടണിൽ പോയി ബിസിനസ്സ് മാനേജ്മെന്റ് പഠിച്ചത് ആണ് ചേട്ടൻ.അവൻ എന്നെ പോലെ ഒന്നും അല്ല.വീട് , ഓഫീസ് എന്ന രണ്ട് കാര്യങ്ങളെ ഉള്ളു.എന്നെയും കമ്പനിക്കാര്യങ്ങൾ നോക്കൻ പറഞ്ഞതാണ്.ഓഹ്.നമ്മൾക്ക് വയ്യെ.നമുക്ക് ഇങ്ങനെ അടിച്ചു പൊളിച്ചു നടക്കണം.അതുകൊണ്ട് ആരും കൂടുതൻ നിർബന്ധിക്കാറില്ല.ഇപ്പോൾ തന്നെ ഈ പഠിക്കാൻ പോകുന്നത് ചുമ്മയാണ്.പഠിക്കൻ ഉള്ളതൊക്കെ എല്ലാം കഴിഞ്ഞു.റഷ്യയിലും ബ്രിട്ടണിലും അങ്ങനെയുള്ള മിക്ക നാട്ടിലും പോയി പലതും പഠിച്ചു.സമയം പോകുന്നതിനും പിന്നെ ബിസിനസ്സ് എടുത്ത് തലയിൽ വയ്ക്കാനുള്ള മടികൊണ്ടും പഠിപ്പ് എന്നും പറഞ്ഞു ഓരോ കോഴ്സിനു പോകുകയാണ്.ഇപ്പോൽ പഠിക്കാൻ പോകുന്നത് നമ്മളുടെ തന്നെ എഞ്ചിനിയറിംഗ് കോളെജിൽ തന്നെ.അച്ഛന്റെ സ്വന്തം കോളെജ് അല്ലെ ഒന്നു ഷൈൻ ചെയ്യാം എന്നു കരുതി.കാപ്പിയും കൊണ്ട് അമ്മ വന്നു.അയ്യെ ഇഡലി..എനിക്ക് ഇഷ്ടമല്ല ഈ സാധനം.എനിക്ക് വേണ്ടാ എന്നു പറഞ്ഞു.മോനു എന്തു വേണം എന്ന് അമ്മ ചോദിച്ചു.എനിക്ക് ന്യൂഡിത്സ് മതി എന്നു പറഞ്ഞു.അഞ്ച് മിന്നിട്ടിനുളിൽ തരാം എന്നും പറഞ്ഞു അമ്മ അകത്തേക്ക് പോയി.അതു കണ്ട് ചേട്ടൻ ചുടായി.
’ഈ അമ്മയാണ് അനിയനെ ഇങ്ങനെ വഷളക്കുന്നത്.
അച്ഛൻ ചെറുതായി ചിരിക്കുകയാണ്.പിന്നെ അച്ഛന്റെ വക ചെറിയ ഉപദേശം.
‘സ്വന്തം കോളെജ് ആണ് എന്നു കരുതി അവിടെ കുഴപ്പമൊന്നും ഉണ്ടാക്കരുത്.ഞാൻ നിന്റെ കാര്യങ്ങൾ പ്രിൻസിപ്പാളിനോട് വിളിച്ച് പറഞ്ഞിട്ടുണ്ട്‘.
ഞാൻ വിനീതനായി തലകുലുക്കി..ഹി ഹി ..ഞാൻ അങ്ങോട്ട് ചെല്ലട്ടെ.പിന്നെയല്ലെ ബാക്കിയുള്ള കാര്യങ്ങൾ...മനസ്സിൽ ഉറപ്പിച്ചു.അമ്മ ന്യൂഡിത്സുമായി വന്നു.സ്പൂൺ കൊണ്ട് വാരി വായിൽ വച്ചു തന്നു.പാലും കുടിച്ച് കൊണ്ട് ഞാൻ എഴുന്നേറ്റു.ചേട്ടന്റെ വക ഒരു ബെസ്റ്റ് വിഷസ്.കൈ തുടയ്ക്കാൻ ടവ്വലുമായി ജോലിക്കാരൻ വന്നു.ഒന്നു കൂടി സൌന്ദര്യം കണ്ണാടിയിൽ നോക്കിയിട്ട് ഞാൻ എന്റെ വണ്ടിയുടെ അടുത്തേക്ക് നീങ്ങി.വണ്ടി എല്ലാവർക്കും കൂടി ഏട്ട് എണ്ണം ഉണ്ട്.ബെൻസും എന്നു വേണ്ടാ എല്ലാ വിലപിടിപ്പൂള്ള എല്ലാ കാറുകളും ഉണ്ട്.എനിക്ക് ആണെങ്കിൽ കാറിനെക്കാൾ ഇഷ്ടം സ്പോർസ് ബൈക്കുകളോടാണ്.അതിന്റെ ഒരു നല്ല ശേഖരം എന്റെയിൽ ഉണ്ട്.കോളെജിൽ പോകുന്നത് കൊണ്ട് അവിടെ ഷൈൻ ചെയ്യാൻ ഇന്നലെ തന്നെ BMW ന്റെ പുതിയ മോഡൽ HP2 Sport 2009 ബൈക്ക് വാങ്ങി.25375 ഡോളറായി വില.കാശ് ആരു നോക്കാൻ.എവിടെയോക്കെ കമ്പനികളും വസ്തുക്കളും ഉണ്ടെന്ന് ഇതുവരെ എനിക്കറിയില്ല.
വണ്ടിയും എടുത്തുകൊണ്ട് ഞാൻ വീടിനു പുറത്തു ഇറങ്ങി.ഗേറ്റിൽ സലൂട്ട് തരാൻ സെക്യൂരിറ്റി കാത്തു നിൽക്കുന്നുണ്ടായിരുന്നു.ദഷിണാഫ്രിക്കൻ ഗാർഡ് ആണ് അവൻ.ഈ ഒരു വലിയ വീട് നോക്കാൻ അവൻ മാത്രം മതി.വീട് അല്ല കൊട്ടാരം ആണ്.ആസ്ത്രലിയൻ ടെക്നോളജി വച്ച് ചെയ്തതാണ്.പകുതി എന്റെ പ്ലാനിംഗും ഉണ്ടായിരുന്നു.നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു വീട് കാണാൻ പാടില്ല എന്നത് എനിക്ക് വാശി ആയിരുന്നു.വീട്ടിൽ നിന്നും ഇറങ്ങി വണ്ടി ആറ് അറുപതിൽ വിട്ടു.ഈ നശിച്ച നാട്ടിലെ റോഡ് കാരണം നല്ലവണ്ണം വണ്ടി ഓട്ടിക്കാനും കഴിയില്ല.എന്റെ വീട്ടിൽ നിന്നും മെയിൻ റോഡുവരെ റെബറൈസ്ഡ് ടാറിംഗ് നടത്തിയിട്ടുണ്ട്.ഗതാഗത മന്ത്രി അച്ഛന്റെ അടുത്ത കൂട്ടുകാരൻ ആണ്.പാർട്ടി ഫണ്ടിലേക്ക് മാസം തോറും ലക്ഷങ്ങൾ കൊടുക്കുന്നത് വെറുതെ അല്ല.വഴിയിൽ ചെറിയ ചെക്കിംഗ് നടക്കുന്നു.ഒരു കോൺസ്റ്റബിൾ എന്റെ വണ്ടി തടഞ്ഞു.‘ബുക്കും പേപ്പറും എടുക്കാടാ ..ഓഹോ ഹെൽമറ്റ് ഇല്ലാതെ ആണ് അല്ലെ വണ്ടി ഓട്ടിപ്പ്,ഇറങ്ങാടാ‘.എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു.എനിക്കണെങ്കിൽ ദേഷ്യവും വന്നു.ഒരടി! കവിളിൽ കൊടുത്തു.അതോടെ മാറി നിന്ന പോലീസുകാർ എന്റെ അടുത്തേക്ക് പാഞ്ഞു വന്നു.അതിൽ എസ്.ഐ എന്നെ കണ്ടതും .
“അയ്യോ കൊച്ചായിരുന്നോ? പുതിയ പയ്യനാ , കൊച്ചുമുതലാളിയെ അറിയാഞ്ഞിട്ടാ ഞാൻ പറഞ്ഞു മനസ്സിലാക്കി കൊടുത്തോളാം,കൊച്ചുമുതലാളി പോയ്ക്കോ”
എന്നു പറഞ്ഞു.ഞാൻ കോൺസ്റ്റബിളിനെ കഠിപ്പിച്ചൊന്നു നോക്കിയിട്ട് വണ്ടി സ്റ്റാർട്ട് ചെയ്തു.ഛെ..ഇന്നതെ കണി മോശം ആണല്ലോ.സമയം താമസിച്ചു വണ്ടിയുടെ ആക്സിലേറ്ററിലായി പിന്നെ എന്റെ ശ്രദ്ധ.
വളരെ പെട്ടന്ന് തന്നെ കോളെജിന്റെ മുന്നിൽ എത്തി.സ്വന്തം കോളെജ് ആണെങ്കിലും ഇതു വരെ അകത്തു കയറി നോക്കിയിട്ടില്ല.ഗേറ്റ് കഴിഞ്ഞു അകതേക്ക് കടന്നു.മുന്നിലും പിന്നിലും ആയി നിറയെ കുട്ടികൾ.ചെല്ലകിളികൾ ധാരാളം.എല്ലാവരുടെയും ശ്രദ്ധ എന്നെയും എന്റെ വണ്ടിയിലും ആണ്.ഞാൻ പെൺക്കുട്ടികളെ നോക്കി ചെറുതായി പുഞ്ചിരിച്ചിട്ട് ബൈക്ക് ഓഫ് ആക്കി.അപ്പോഴെയക്കും കുറച്ച് പേർ എന്റെ അടുത്ത് ഓടി എത്തി.അതിൽ കുറച്ച് ഗൌരവം തോന്നിച്ച് ആൾ എനിക്ക് കൈ തന്നിട്ട് പ്രിൻസിപ്പാൾ എന്നു പറഞ്ഞു പരിചയപ്പെട്ടു.കൂടെയുള്ളവരെയും പരിചയപ്പെടുത്തി.അകത്തു ഓഫിസിൽ ഇരിക്കാം എന്നും പറഞ്ഞു എന്നെ അകത്തേക്ക് ക്ഷണിച്ചു.പോകുന്ന വഴിയിൽ അച്ഛൻ വിളിച്ച് എല്ലാം നോക്കണം എന്ന് പറഞ്ഞതായി പ്രിൻസിപ്പാൾ പറയുന്നുണ്ടായിരുന്നു.എന്റെ ശ്രദ്ധ അപ്പൂറത്തൊക്കെ മാറി നിൽക്കുന്ന പെൺക്കുട്ടികളിൽ ആയിരുന്നു.
ഓഫിസിൽ ചെന്നപാടെ കുടിക്കാൻ ജൂസും കൊണ്ട് പ്യൂൺ വന്നു.പിന്നെ ഞാൻ പറഞ്ഞു ഇന്ന് എന്തായാലും ഞാൻ ക്ലാസിൽ കയറുന്നില്ല.നാളെ മുതൽ വരാം പിന്നെ ഇന്ന് ഫസ്റ്റ്ഡേ ആയതുകൊണ്ട് വന്നതെന്നെയുള്ളു ഞാൻ.പ്രിൻസിപ്പാൾ വിനയത്തോടെ ‘അതിന്താ കുട്ടി പോയ്ക്കോളു ഇഷ്ടമുള്ളപ്പോൾ വന്നാൽ മതി’ എന്നു പറഞ്ഞു.ഞാൻ ബൈ പറഞ്ഞു പുറത്തേയ്ക്ക് ഇറങ്ങി ബൈക്കിനടുത്തേയ്ക്ക് നടന്നു.പോകുന്ന വഴി എതിരെ വന്ന രണ്ട് കിളികളെ കണ്ണിറക്കി കാണിക്കാനും മറന്നില്ല.അവർ അതിനുള്ള മറുപടീ ചിരി ആയിരുന്നു.ഞാൻ അവരുടെ മുന്നിൽ നിന്നു മറയുന്നതു വരെ എന്നെ നോക്കികൊണ്ട് നിന്നു.ഞാൻ വണ്ടിയുടെ അടുത്ത് എത്തി ഓൺ ആക്കി, ആക്സിലേറ്ററിൽ ഒന്നു കടുപ്പിച്ച് പിടീച്ചു.കോളെജ് മുഴുവൻ മുഴങ്ങി അതിന്റെ ശബ്ദം.എല്ലാവരും എന്നെ തന്നെ നോക്കുകയാണ്.
ഞാൻ സ്റ്റൈലിൽ വണ്ടി തിരിച്ചതും വണ്ടി സ്ലിപ്പ് ആയി.തൊട്ടടുത്ത് കിടന്ന ചെളിവെള്ളത്തിലേയ്ക്ക് ഞാനും വണ്ടിയും വീണു.എന്റെ മുഖം വെള്ളത്തിനുള്ളിൽ ആണ്.ഞാൻ ഞെട്ടി എഴുന്നേറ്റു കണ്ണു തൂറന്നു.മുന്നിൽ കൈയ്യിൽ മൊന്തയിൽ വെള്ളവുമായി ഉഗ്രരൂപിണിയായി അമ്മ നിൽക്കുന്നു.വെള്ളം മുഴുവൻ എന്റെ മുഖത്ത് ആണ്.“ മണി ഒൻപത് ആയി എണിക്കാടാ.നട്ടിച്ചവരെ കിടന്നുറങ്ങും,പോയി പശുവിന്റെ ചാണകം വാരി തൊഴുത്തിലും കഴുകിയിട്ട് കടയിൽ പാൽ കൊണ്ടുകൊടൂക്കടാ“.അമ്മയുടെ ആ‍ക്രോശം ചെവിയിൽ മുഴങ്ങി.ഞാൻ കിടന്ന പരമ്പിന്റെ ചുറ്റും നോക്കി ,എന്റെ ബൈക്ക് കാണുന്നില്ല.എന്റെ കിടപ്പ് കണ്ടിട്ട് അമ്മയ്ക്ക് ദേഷ്യം വന്നു ഒരടി.അയ്യോ ഞാൻ ചാടി എണീറ്റു.അപ്പോൾ ആണ് ബോധം വന്നത്.അപ്പോൾ ഞാൻ ഇതെല്ലം സ്വപ്നം കണ്ടെത് ആണോ?.
ശോ! ഞാൻ എന്റെ നഷ്ട സ്വപ്നങ്ങളുമായി എണീറ്റു.മുഖം ഒന്നും കഴുക്കാൻ വയ്യ, നേരെ തൊഴുത്തിൽ ചെന്ന് ചാണകം വാരി..ഹൊ. ഗോമാതാവാണ്, ദൈവമാണ് എന്നെക്കെ പശുവിനെ പറയുന്നുണ്ടെങ്കിലും ചാണകത്തിന്റെ നാറ്റം സഹിക്കാൻ പറ്റുന്നില്ല.എവിടെ നിന്നോക്കെ DTS സൌണ്ട് പോലെ അമ്മയുടെ ചീത്ത പറച്ചിൽ കേൾക്കാം..ഹി വെറെ ആരെയും അല്ല..അതു എനിക്ക് മാത്രം ഉള്ളതാ .അതു ഞാൻ ആർക്കും പകുത്തു കൊടുക്കില്ല.തൊഴുത്തിൽ വ്യത്തിയാക്കിയിട്ടു പല്ലു തേച്ചു എന്നു വരുത്തി അടുക്കളയിലേക്ക് ഓടി.അവിടെ ചെന്നപ്പോൾ കഴിക്കാൻ ഗോതമ്പ് റോട്ടി..എനിക്ക് കണ്ണ് എടുത്താലും കണ്ണ് എടുത്തില്ലെങ്കിലും കണ്ടുകൂടാത്ത സാധനം..‘അമ്മ എനിക്ക് ഇത് വേണ്ടാ..’ ഞാൻ അമ്മയോട് പറഞ്ഞു.” പിന്നെ നീ ഇവിടെ സമ്പാദിച്ചു കൊണ്ടു തന്നിരിക്കുകയ്യല്ലെ, ഇതു പോലും എങ്ങനെ ഉണ്ടാക്കും എന്നും പറഞ്ഞാ ഇരിക്കുന്നത് അപ്പോളാ അവന്റെ ചിണുങ്ങൽ”.എന്റെ കവിളിൽ ഒരു കുത്തും തന്നു..കുറച്ച് മുമ്പ് ന്യൂഡിത്സ് തിന്ന ഞാൻ ഇവിടെ കൊച്ചായതു പോലെ തോന്നി..പിന്നെ ഒരു നിമിഷം പോലും ഈ അവഗണന സഹിച്ച് അവിടെ നിൽക്കാൻ തോന്നിയില്ല..പെട്ടെന്ന് തന്നെ മിണ്ടാതെ ആ റെട്ടിയും തിന്ന് പാലും എടുത്ത് പുറത്തിറങ്ങി.നമ്മളുടെ തന്നെ ചായക്കടയിലേക്ക് ആണ് പാൽ.പുറത്ത് ഇറങ്ങിയപ്പോൾ വിദേശത്ത് പോയി ബിസിനസ്സ് മാനേജ്മെന്റ് പഠിച്ച എന്റെ ചേട്ടൻ പശുവിനു കൊടുക്കാൻ പിണ്ണാക്ക് കലക്കുന്നു.എനിക്ക് അവനോട് പറയണമെന്നുണ്ടായിരുന്നു’എന്റെ സഹോദരാ ഇന്നലെ രാത്രിയിൽ നിന്നെ കാണാൻ ഒരു ഗെറ്റപ്പ് ഉണ്ടായിരുന്നു.ഇപ്പോൾ കാണാൻ അതിനേക്കാളും ചേലുണ്ടെന്ന് തോനുന്നു.’ പാവം ചേട്ടൻ പിണ്ണാക്ക് കലക്കി പഠിക്കാൻ ബ്രിട്ടൺ വരെ പോകണമായിരുന്നോ?
ഞാൻ എന്റെ സ്പോർസ് ബൈക്കിന്റെ അടുത്തു ചെന്നു.സെറ്റപ്പ് വണ്ടി.1947 മോഡൽ ഹീറോ ലോഡിംഗ് സൈക്കിൾ..ഹി ഹി.ഇന്ന് ചവിട്ടി തുടങ്ങിയാൽ നാളെയെങ്കിലും അങ്ങു എത്തും ,അത്ര കണ്ടീഷൻ ആണ്.പിറകിൽ അമ്മയുടെ ആക്രോശം ,‘പാലു കൊണ്ട് കൊടുക്കാടാ @@@...%% മോനെ , സമയം താമസിച്ചു’.ഹോ പിന്നെ ഞാൻ എന്റെ ഓമന വണ്ടിയുടെ ഭംഗി നോക്കാൻ നിന്നില്ല.പാൽ മുമ്പിൽ തൂക്കി ഞാൻ ചാടീ കയറി ചവിട്ടി തുടങ്ങി.ചവിട്ടി തുടങ്ങിയപ്പോൾ ആണ് അറീയുന്നത് സൈക്കിൾ പഞ്ചർ.ർ.ർ...ഈശ്വാരാ ഇന്ന് അച്ഛന്റെ കൈയിൽ നിന്നും ധാനമായി കിട്ടുന്ന അടി മൊത്തമായി ഞാൻ ഒറ്റയ്ക്ക് വേടിക്കെണ്ടി വരുമല്ലോ.പോകുന്ന വഴിയിൽ പഞ്ചറും ഒട്ടിച്ച് കടയിൽ എത്തിയപ്പോൾ അച്ഛൻ എന്നെയും കാത്തു പുറത്തു നിൽക്കുന്നു.അതോടെ എനിക്ക് മനസ്സിലായി കടയിലെ പാലു തീർന്നു.ഞാൻ വേഗത്തിൽ അടുത്തു ചെന്നു.കടയിൽ ആളുകൾ ചായക്കു കാത്തിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി.അതു കൊണ്ട് അച്ഛനിൽ നിന്നും ഉണ്ടാകുന്ന പ്രതിരോധത്തെ ഉപരോധിക്കാൻ ഞാൻ തയ്യാറായി..പാൽ പാത്രം ഞാൻ സ്പോർട്സ് ബൈക്കിൽ[സൈക്കിൾ] ഇരുന്നുകൊണ്ട് തന്നെ അച്ഛനു നീട്ടി.അച്ഛന്റെ മുഖം സിനിമാനടൻ മധുവിനു ദേഷ്യം വരുന്നതു പോലെ മുഖം ചുവന്ന് തുടുത്തിരുന്നു.പാൽ അച്ഛൻ ഇടതു കൈ കൊണ്ട് വാങ്ങിയതും അതാ വരുന്നു വലത് കൈ കൊണ്ട് എന്റെ തലയിൽ ഒരടി. ഞാനും എന്റെ വണ്ടിയും റോഡിൽ,
***@@ ഡിം*** %% ****എന്റെ തലയിൽ നിന്നാണോ അതൊ റോഡിൽ നിന്നണോ എന്തോ എന്റെ ചുറ്റും പൊന്നീച്ച പറക്കുന്നുണ്ട്.എനിക്ക് അച്ഛനോട് ഒരു ദേഷ്യവും തോന്നിയില്ല.എനിക്ക് സഹതാപം തോന്നി.കോടീശ്വരൻ ആയ ബിസിനസ്സ് മാഗ്നറ്റായ എന്റെ അച്ഛൻ ദാ കടയിൽ ചാ‍യ അടിക്കുന്നു.ഞാൻ പയ്യെ എഴുന്നേറ്റു .ഹോ! ആ സ്വപ്നത്തിന്റെ ക്ഷീണം ഇപ്പോൾ ആണ് മാറിയത്.എന്തെല്ലാമായിരുന്നു,മലപ്പുറം കത്തി,അമ്പും വില്ലും,മെഷീംഗൺ , ദാ കിടക്കുന്നു പവനായി ശവമായി എന്ന് പറഞ്ഞപോലെ ആയി ഞാൻ .പയ്യെ സൈക്കിളും എടുത്ത് വീട്ടിലേക്ക് പോയി .അവിടെ ചെന്നിട്ട് വേണം കോടീശ്വര പുത്രനായ എനിക്ക് പശുവിന് പുല്ല് പറിക്കാൻ..കലികാലം അല്ലാതെ എന്തു പറയാൻ...ശംഭോ മഹാദേവാ... അനിയൻ.

എന്റെ ഗ്രാമം സുന്ദരഗ്രാമം....

എന്റെ ഗ്രാമം സുന്ദരഗ്രാമം....
രണ്ട് മാസമായി പുതിയ കുറെ സ്വപ്‌നങ്ങൾ ഉറക്കത്തിൽകാണുന്നു .എല്ലാം നാട്ടിലെ മാധുര്യമേറിയ ഓർമ്മകൾ .എന്നും കാണുന്നത് തന്നെയാണ് എന്നാലും ഇപ്പോൾ അതിനു ഒരു പ്രത്യേകത ഉണ്ട് .കാരണം മൂന്നര വർഷത്തെ ഗൾഫ് ജീവിതം കഴിഞ്ഞ് ഞാൻ ആദ്യമായി നാട്ടിലേയ്ക്ക് പോകാൻ ടിക്കറ്റ് എടുത്തു വച്ചിരിയ്കുകയാന്ന്‍.ജനുവരി 5 എന്ന ആ ദിവസത്തേയ്ക്ക് ഞാൻ കാത്തിരിയ്ക്കുകയാണ് .ദിവസങ്ങൾക്ക് യുഗങ്ങളുടെ ദൈർഘ്യം.എന്റെ സുന്ദരമായ നാട്ടിൻപുറത്തേയ്ക്ക് എത്രയും പെട്ടന്ന് എത്തണം എന്ന അടങ്ങാത്ത അഭിനിവേശം .ഇത്രയും വർഷം ഞാൻ എന്റെ നാട് വിട്ടുനിന്നത് ഓർക്കുമ്പോൾ എനിക്ക് തന്നെ അത്ഭുതം തോന്നാറുണ്ട്.ആറ്റിങ്ങലിലെ ആനുപ്പാറ എന്ന കൊച്ചുനാട് ആണ് എന്റെ ഗ്രാമം .നിറയെ പുഞ്ചപാടങ്ങളും വർഷകാലത്ത് കരകവിഞ്ഞൊഴുകുന്ന മാമം നദിയും ചെറു തോടുകളും നീരുറവകളും എന്റെ നാടിന്റെ മാത്രം സൌന്ദര്യദ്രശ്യം എന്നവകാശപെടാന്‍ ഏതോരു ആനുപ്പാറക്കാരനും അവന്റെതായ അവകാശം ഉണ്ട് .വർഷകാലത്തും കർക്കടതിലും നിറഞ്ഞു പൊങ്ങുന്ന വയൽ പാടങ്ങൾക്കൊപ്പം നടന്നു പോകുന്ന വഴികൾ വരെ വെള്ളം നിറഞ്ഞു നില്‍ക്കുന്നത് കാണുവാൻ കണ്ണിനു കുളിർമയാണ്.ആ സമയത്ത് കൂട്ടുകാരോടു ചേർന്ന്‍ വാഴതടകൾ വെട്ടി ചങ്ങാടം കെട്ടി ആ വെള്ളത്തിൽ തുഴയുന്നതും നദിയുടെ കുറുകെയുള്ള പാലത്തിന്റെ മുകളില്‍ നിന്നും എടുത്തു ചാടുന്നതും ,[ഒഴുക്ക് കാരണം ചാടുന്ന സ്ഥലതുനിന്നും വളരെ ദൂരെയാണു പൊങ്ങുന്നത് ]എന്റെ ഓർമ്മകൾക്ക് മാധുര്യം കൂട്ടുന്നതേയുള്ളൂ.വേനൽക്കാലത്ത് ശാന്തതയോടെയും മഴക്കാലത്ത് ഉഗ്രരൂപിണിയായും ഒഴുകുന്ന മാമം നദി..ആനുപ്പാറ വഴി ഒഴുകുന്നതുകൊണ്ട് ആ നദിക്ക് നമ്മൾ ആനുപ്പാറയാറ് എന്നു വിളിക്കുന്നു..അതിനു രണ്ടു വശത്തും കണ്ണിനുകുളിർമയേകും വിധം നീണ്ടു നിവർന്ന് കിടക്കുന്ന വയലേലകൾ..മന്ദമാരുതനുമുന്നിൽ നമ്രശിരസ്സക്കയായി നിൽക്കുന്ന നെൽക്കതിരുകൾ..എന്റെ മുതിർന്നവർ പറഞ്ഞു കേട്ടിട്ടുണ്ട് തൊണ്ണൂറുകളിൽ കുട്ടനാട് കഴിഞ്ഞാൽ എന്റെ അവിടത്തെ വയലുകൾ ആയിരുന്നു ഏറ്റവും വലുത് എന്ന് . മഴകാലത്ത് ചൂണ്ടയുമായി മീൻ പിടിയ്ക്കുന്നതും രാത്രി ടോർച്ച് ലൈറ്റുമായി പച്ചപൊന്തനെ[തവള ] പിടിക്കാൻ പോകുന്നതും [അതിന്റെ കാൽ വെട്ടി പൊരിയിക്കും!എന്ത് രുചിയാണ് ]എങ്ങനെ മറക്കും ഞാൻ .
എന്റെ നാട്ടിന്റെ സാംസ്കാരിക വളർച്ചയ്ക്ക് എന്നും നിദാനമായിട്ടുളള തരംഗിണി ലൈബ്രറി നഗരജീവിതത്തിൽ കിട്ടാത്ത ഒരു ഹ്യദയതുടിപ്പ് തന്നെയാണ്. അത് ഇന്നും നല്ല നിലയിൽ പ്രവർത്തിയ്ക്കുന്നു എന്നത് തന്നെ ആ നാട്ടുകാരുടെ കൂട്ടായ്മയുടെ ചിത്രം വ്യക്തമാക്കുന്നു. നമ്മൾ ചെറുപ്പക്കാർ വൈകുന്നേരങ്ങളിൽ സമയം കളയാൻ ഒന്നിച്ചു കൂടുന്ന പ്രധാനസ്ഥലവും ഈ ലൈബ്രറി ആണ് .രാത്രി വരെ നീളുന്ന സംസാരവും അതിനിടയിൽ അവിടെ ഉള്ള ടീവിയിൽ പരിപാടികൾ കാണുന്നതും രസമുള്ള ജീവിതം തന്നെയാണ് .അതിരാവിലെ അമ്പലങ്ങളിൽ നിന്നും കേൾക്കുന്ന സുപ്രഭാതവും ,ഇടുങ്ങിയ റോഡുകളും ,പുഞ്ചപടങ്ങളും ,അമ്പലത്തിലെ ആറാട്ടും ,ഉത്സവങ്ങളും ,പറയെടുപ്പും ,ഉറിയടിയും,കാർത്തികയും എല്ലാം എല്ലാം എന്റെ നാട്ടിന്റെ പ്രത്യേകതകൾ ആയിട്ടാണ് എനിക്ക് തോന്നുന്നത് .ഇങ്ങനെ ഉള്ള ആനൂപാറ എന്ന ഹരിത സുന്ദരമായ ഗ്രാമത്തിൽ ജീവിക്കുന്നതിൽ ഞാൻ അഭിമാനിയ്ക്കുന്നു .അത് കൊണ്ട് തന്നെ എനിക്ക് ആ നാട്ടിലേയ്ക്ക് എത്രയും പെട്ടെന്ന് ഓടിയെത്താൻ കൊതിയാകുന്നു .
അങ്ങനെ നാട്ടിൽ പോകാനുള്ള ദിനം എത്തി . ഒരു പാട് പ്രതീക്ഷകളും ഓർമകളുമായി ഞാൻ എയർ അറേബ്യയുടെ വിമാനത്തിൽ ജനുവരി അഞ്ച് രാത്രി എട്ട് മണിയ്ക്ക് തിരുവനന്തപുരം എയർപോട്ടില്‍ കാലുകുത്തി [ഇടതു കാൽ ആണോ വലതു കാൽ ആണോ എന്ന് ഓർമയില്ല ].പുറത്ത് എന്നെ കാത്ത് അച്ഛനും അമ്മയും ചേട്ടനും കാതുനിന്നുരുന്നു.പുറത്തേയ്ക്ക് ഇറങ്ങി ഞാൻ എന്റെ നാടിന്റെ സുഗന്ധകരമായ കാറ്റ് ആവോളം ആസ്വദിച്ചുകൊണ്ട്‌ എന്നെ കൊണ്ടുപോകാൻ വന്ന അംബാസിഡർ കാറിലേയ്ക്കു കയറി .വീട്ടിൽ എത്തുന്നതിനു മുൻപ് മാമം ആറിന്റെ മുകളിലൂടെ പോയപ്പോൾ ഞാന്‍ തല പുറത്തേയ്ക്കിട്ട് ആറ്റിലേയ്ക്ക് നോക്കി .ഇരുട്ടിന്റെ കാഠിന്യം കാരണം ഒന്നും കാണാൻ വയ്യ.ഈ രാത്രി ഇപ്പോൾ തന്നെ ആറ്റിലേയ്ക്ക് എടുത്തുചാടി ഒന്ന് മുങ്ങിനിവരാൻ കൊതിയാകുന്നു .പിന്നെ ആ ആഗ്രഹം നാളെ രാവിലെ പൂർത്തീകരിയ്ക്കാം എന്ന് വിചാരിച്ചു .കാറിൽ നിന്നും പുറത്തു ഇറങ്ങി എന്റെ ഗ്രാമത്തിൽ കാലുകുത്തിയപ്പോൾ ശരീരം മുഴുവൻ പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി." ഹേ! എന്റെ സുന്ധരഗ്രാമമേ നിന്നെ വിട്ട് മൂന്നര വര്‍ഷങ്ങൾക്ക് ശേഷം ഈ അനിയൻ ഇതാ വന്നിരിയ്ക്കുന്നു " എന്ന് ഉറക്കെ വിളിച്ചുപറയാൻ തോന്നി എനിക്ക്.വീട്ടുകാരുടെ സ്നേഹന്വേഷനങ്ങൾക്ക് ശേഷം സ്വന്തം വീട്ടിൽ മനസ്സമാധാനമായ ഒരു ഉറക്കം ഏതു ഗൾഫ്കാരൻ ആണ് ആഗ്രഹിക്കാത്തത് . നീണ്ട വര്‍ഷങ്ങൾ എസിയുടെ തണുപ്പിൽ കിടന്നു ശീലിച്ചത്കൊണ്ടാകാം ശരീരം മുഴുവന്‍ ചൂട് .എന്നാലും എന്റെ സന്തോഷം നിറഞ്ഞ മനസ്സിനെയും ശരീരത്തെയും ആ ചൂട് ബാധിച്ചില്ല .കാരണം ഞാൻ എന്റെ നാട്ടിൽ എത്തിയിരിക്കുന്നു.അതിൽ കൂടുതൽ എന്തുവേണം എനിക്ക്.
രാവിലെ നേരത്തെ എണീറ്റ്‌ പല്ലുംതേച്ച് ഞാൻ അടുക്കളയിലേയ്ക്ക് ഓടി .എനിക്ക് ഏറ്റവും ഇഷ്ടപെട്ട ചൂടു ദോശ അമ്മ ഉണ്ടാക്കുന്നുണ്ട് .അത് ചൂടുമാറാതെ കഴിക്കണം .കുട്ടികാലം മുതലേ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ളത് ആണ് അമ്മ ഉണ്ടാക്കുന്ന ദോശ .ഉണ്ടാക്കി പാത്രത്തിൽ ഇടാന്‍ പോലും ഞാന്‍ സമ്മതിക്കില്ല നേരെ എന്റെ കയ്യിലേയ്ക്ക് വാങ്ങി കഴിയ്ക്കും ,കു‌ടെ കഴിക്കാൻ ഒരു കറി പോലും എനിക്ക് വേണ്ട .അമ്മ ഉണ്ടാക്കുന്നത് കൊണ്ടാകാം ഇത്രയും രുചിയും ,എനിക്ക് ഇത്ര ഇഷ്ടപെടാനും കാരണം . ഇതാ ഇപ്പോൾ കഴിയ്ക്കുമ്പോഴും ദോശയ്ക്ക് രുചികൂടിയിട്ടെ ഉള്ളു എന്ന് തോനുന്നു.വയറു നിറഞ്ഞു ഇനി കുളിക്കണം .അമ്മയോട് ആറ്റിൽ കുളിയ്ക്കാൻ പോകുന്നു എന്നും പറഞ്ഞിട്ട് സോപ്പുമെടുത്തു ഇറങ്ങി ഓടി .പിന്നിലെ നിന്ന് അമ്മ എന്തോ എന്നോട് വിളിച്ചുപറയുന്നുണ്ട്.ഞാൻ അത് ശ്രദ്ധിച്ചില്ല .കാരണം കുറെ നാളായി എന്റെ മോഹമാണ് നാട്ടില്‍ വന്ന ഉടനെ ആറിലേയ്ക്ക് എടുത്തു ചാടി ഒരു കുളി.ഇന്നലെ പിന്നെ രാത്രിയതുകൊണ്ട് ഇന്നത്തേയ്ക്ക് മാറ്റിയതാണ് . ആറിനു അടുത്തേയ്ക്ക് എത്തുമ്പോൾ എന്റെ ആവേശം കൂടിവന്നു .ആറിന്റെ കരയിൽ എത്തി ചാടാൻ നിന്ന ഞാൻ പന്തം കണ്ട പെരുച്ചാഴിയെ പോലെ ഞാൻ നിന്നു.ഞാൻ എന്താണ് ഈ കാണുന്നത് .ഒരു വലിയ കുഴി അതിൽ ഒരു ചെറിയ നീരുറവ പോലെ കുറച്ചു വെള്ളവും അതിൽ കുറെ കന്നുകാലികളും .ഓടകളിൽ ഇതിനെക്കാളും വെള്ളവും വ്യത്തിയും ഉണ്ടെന്നു എനിക്ക് തോന്നി .അപ്പോഴാണ് അമ്മ എന്റെ പുറകെ വന്നു പറഞ്ഞത് എന്താ എന്ന് മനസ്സിലായത് .മോനെ പോകണ്ട എന്നായിരിക്കും.ഈ കെട്ടികിടക്കുന്ന വെള്ളത്തെ ആണോ ഞാൻ എത്രയും വർണ്ണിച്ചത് ,ഇതിനെയാണോ എന്റെ നാടിന്റെ ഭാഗ്യമായി കണ്ടത് .ആറിന്റെ ആ നിർഭാഗ്യം കണ്ടു എന്റെ മനസ്സ് വല്ലാതെ പിടഞ്ഞു. ഞാൻ തിരിച്ചു വരുന്നത് കണ്ട അമ്മ എന്നോട് പറഞ്ഞു വല്ലപ്പോഴും പെയ്യുന്ന മഴയിൽ ആണ് ആറില്‍ വെള്ളം കാണുന്നത് ,മണൽവാരലും മറ്റും ആറിനെ നശിപ്പിച്ചു.വർഷങ്ങളായി മനസ്സിൽ കൊണ്ട് നടന്നത് വെറുതെയായി.പിന്നെ തിരിച്ചു ഗൾഫിൽ തിരിച്ചു വരുന്നതുവരെയുള്ള രണ്ട് മാസകാലത്തും എനിക്ക് ആ ആറ്റിൽ കുളിക്കാന്‍ കഴിഞ്ഞില്ല .വീട്ടിലെ കിണറ്റിലെ വെള്ളം തന്നെ കുളിക്കാൻ ശരണം .

കുളിയും കഴിഞ്ഞു നാട് കാണാൻ ഞാൻ ഇറങ്ങി.ഞാൻ നടക്കുന്നത് റോഡ്‌ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ അപ്പോൾ അവനു അടി കിട്ടും.അത്രയ്ക്ക് നല്ല റോഡ്‌.പണ്ട് ഞാൻ പോയപ്പോൾ അതിനെ ഒരു ചെറിയ വഴി എന്നെങ്കിലും പറയാമായിരുന്നു.ഇപ്പോൾ ഇതിനെ കുന്നു എന്നോ കുഴി എന്നോ പറയാം.ഈ റോഡ്‌ എന്ന് പറയുന്ന സ്ഥലത്ത് വച്ച് വഴി ചോദിച്ചാൽ വഴി ഇങ്ങനെ പറയാം 'ആ കുഴി വലത്തോട്ട് പോകുമ്പോൾ നേരെ ഒരു കുഴി കാണും പിന്നെയും നേരെ പോയാൽ വളഞ്ഞൊരു കുന്നു ഉണ്ട്'.അത്രയ്ക്ക് അധ:പതിച്ചുപോയിരിക്കുന്നു അവിടം.ഇവിടത്തെ നാട്ടുകാർക്കും ഭരണകർത്താകൾക്കും എന്ത് പറ്റി?നാലു ബസ്‌ ഓടുന്ന റോഡാണ് .സ്വന്തം സുഖങ്ങൾ മാത്രം നോക്കുന്ന ഭരണകർത്താക്കൾ ഉള്ള ഒരു രാജ്യത്തു ഞാൻ ജനിച്ചു പോയി ഇനി എല്ലാം സഹിയ്ക്കുക തന്നെ .ദിവസവും ടിവിയിലും മറ്റും നാട്ടിലെ ഓരോ കാര്യങ്ങൾ കേൾക്കുമ്പോൾ തോന്നും ഒരു തോക്ക് എടുത്തു എല്ലാത്തിനെയും വെടിവച്ചുകൊല്ലാൻ .[പിന്നെ ഒരു നൂറ്റിയൻപത് പവൻ സ്വര്‍ണ്ണം !വാങ്ങിയിട്ട് ഒരു അതിസുന്ദരിയായ ഒരു പെണ്ണിനെ കല്യാണം കഴിക്കാൻ ഉള്ളതാ എനിക്ക് ,ഞാൻ വല്ല സാഹസവും കാണിച്ചാൽ ആ പെണ്ണിന് ആരാ ഉള്ളത്  ]

ഞാൻ നേരെ പോയത് എന്റെ കുടുംബവീട്ടിൽ ആയിരുന്നു.അതാണ് എന്റെ വീട് .കാരണം ഇരുപത്തിയൊന്ന് വർഷം ഞാൻ താമസിച്ചത് അവിടെയാണ് .ഗൾഫിൽ പോകുന്നത് വരെ അവിടെ ആയിരുന്നു ഞാൻ .ആ വീട് എനിക്ക് എന്നും ഓർമകളുടെ ഒരു അക്ഷയപാത്രം ആണ് .വീടിനു മുന്നിൽ നീണ്ടു നിവർന്നു കിടക്കുന്ന വയലേലകൾ ,വഴതോട്ടങ്ങൾ ,പലതരം കൃഷികൾ .വീട്ടിൽ എത്തിയിട്ട് ഞാൽ ഓടിയത് ആ വയലുകളും ചെറിയ തോടും നീരുറവകളും കാണാൻ ആയിരുന്നു.വീടിനു തൊട്ടു മുന്നിൽ ഒരു ചെറിയ നീരുറവ ഉണ്ടായിരുന്നു .മഴ സമയത്ത് അത് ചെറിയ ഒരു തോട് ആയി മാറും .അത് നോക്കാൻ പോയ ഞാൻ ഒരു പുതിയ റോഡ്‌ കണ്ടു ഞെട്ടി.പണ്ട് ഒരു പാട് മാനത്ത്കണ്ണികളും,ബിരാല് മീനുകളും ഓടി നടന്ന സ്ഥലം ഇപ്പോൾ മണ്ണിട്ട്‌ മൂടി റോഡ്‌ ആക്കിയിരിക്കുന്നു. അവിടെ നിന്നും ഞാൻ മുന്നിൽ ഉള്ള വയലില്ലെയ്ക്ക് നോക്കി .അത് കണ്ടതും എന്റെ കണ്ണിൽ വെള്ളം നിറഞ്ഞു.എന്റെ ഓർമകളുടെ പൂന്തോപ്പായ ആ വയലേലകൾ കാണാൻ ഇല്ല.വയലുകൾ എല്ലാം കാടു പിടിച്ചു കിടക്കുന്നു.വർഷങ്ങൾ ആയെന്നു തോനുന്നു അവിടെ കൃഷി നടത്തിയിട്ട്.വലിയ പുല്ലുകൾ നിറഞ്ഞു നിൽക്കുന്നു.പണ്ട് നെല്ലും അതിന്റെ സമയം കഴിയുമ്പോൾ പയറും ഉഴുന്നും കപ്പലണ്ടിയും പിന്നെ ഓണസമയത്ത് പലതരം പച്ചകറികളും നട്ടിരുന്ന വയലുകൾ .ഇപ്പോൾ അതെല്ലാം അസ്തമിച്ചിരിക്കുന്നു.വിരലിൽ എണ്ണാവുന്ന വയലുകളിൽ മാത്രം എന്തൊക്കെയോ കൃഷികൾ ഉണ്ട്.അതിൽ അച്ഛന്‍ നട്ടിരിക്കുന്ന വിളകളും ഉണ്ട്.അതിൽ എനിക്ക് ഇപ്പോഴും അഭിമാനം ഉണ്ട്.പണ്ട് മുതലേ കൃഷി എന്നത് അച്ഛനും ചേട്ടനും എനിക്കും ഇഷ്ട്ടമാണ്.നെല്ലിന്റെ സമയത്ത് നെല്ലും മരചീനിയും ഓണസമയം പടവലവും മുളകും എല്ലാം കൃഷി ചെയും.ഇപ്പോൾ ഞാൻ നാട്ടിൽ ചെന്നപ്പോൾ വാഴയും മരചീനിയും ആണ് നട്ടിരിയ്ക്കുന്നത്. ഇനി കുറച്ചു വയലുകൾ പാട്ടത്തിനു എടുത്തു കൃഷി നടത്താൻ നമ്മൾക്ക് പ്ലാൻ ഉണ്ട്. വയലുകളുടെ അടുത്തുള്ള വഴതോപ്പുകൾ എല്ലാം നശിച്ചിരിക്കുന്നു.അതിൽ വട്ടതാമാര[പിന്നമരം]വളർന്നു കിടക്കുന്നു.അതിൽ പണ്ട് നിറയെ വാഴകൾ ഉണ്ടായിരുന്നു.അത് അച്ഛൻ ആയിരുന്നു നോക്കിനടത്തിയിരുന്നത്.അതിന്റെ മുതലാളിയുടെ മരണത്തിനു ശേഷം ആരും പിന്നെ ആ ഭാഗത്ത്‌ തിരിച്ചു നോക്കിയിട്ടില്ല.ആ വഴതോപ്പുകൾ എന്നും എനിക്ക് പ്രിയപ്പെട്ടവ ആയിരുന്നു.തോട്ടത്തിന്റെ ഇടയിൽ ചെറിയ കനാലുകൾ വെട്ടിയിട്ടിരുന്നു.ഓരോ കനാലിന്റെയും നടുക്ക് ഒരാൾ പൊക്കമുള്ള കുഴികൾ ഉണ്ടാക്കിയിട്ടിട്ടുണ്ട് .മഴ പെയുമ്പോൾ തോട്ടിലെ വെള്ളം പൊങ്ങി ഈ കനലുകൾ നിറയും അപ്പോൾ തോട്ടിലെ മീനുകൾ എല്ലാം ഈ കനാലിൽ നിറയും.വേനൽകാലമാകുമ്പോൾ വെള്ളം ഇറങ്ങും അപ്പോൾ മീനുകൾ എല്ലാം ആ കുഴികളിലെയ്ക്ക് വരും.പിന്നെ ഞാനും എന്റെ കൂട്ടുകാരും ആ കുഴിയിലെ വെള്ളം മുഴുവൻ വറ്റിയിക്കും.നിറയെ മീൻ ആണ് അതിൽ.കാരിയും ,സിലോപ്പിയയും,നെടുമീനും,ആരലും,ബിരലുകളും നിറയെ കാണും.ആ മീനുകളെ കുരുമുളകും എല്ലാം ഇട്ടു എണ്ണയിൽ പൊരിച്ചു എടുക്കും.അതിന്റെ കൂടെ മരച്ചീനി പുഴുങ്ങിയതും.ഹോ വായിൽ വെള്ളമൂറുന്നു.എന്നാൽ ഇപ്പോൾ ആ കനാലുകളെയോ കുഴികളെയോ കാണാൻ കൂടി ഇല്ല.മുൻപ് എവിടെ എല്ലാം കൊറ്റികളും കുളകോഴികളും സ്വച്ചന്തം വാണിരുന്നു.ഇപ്പോൾ മരുന്നിനു പോലും ഒന്നിനെയും കാണാൻ ഇല്ല. ഞാൻ കാണുന്ന ഇതു ആണോ ഹരിതകേരളം.വയലുകളും തോടുകളും കൃഷിയും ഇഷ്ടമുള്ള ഒരു മലയാളിയ്ക്കും താങ്ങാൻ പറ്റാത്ത കാഴ്ചകൾ ആണ് ഇത്.

വയലുകളുടെ അരികിലൂടെ ചെറുത്‌ അല്ലാതെ ഒരു തോട് ഉണ്ട്.നമ്മൾ അതിനെ പണയിൽകടത്തോട്[പണ്ട് അതിന്റെ കരയില്‍ ഒരു ചായകട ഉണ്ടായിരുന്നു.അങ്ങനെ അവിടം പണയിൽകട എന്ന് വിളിച്ചിരുന്നു.] എന്ന വിളിച്ചിരുന്നത്‌. വയലുകൾ നികത്തി വീട് വയ്ക്കുകയും തോടിന്റെ കരകൾ ഇടിച്ചു നികത്തുന്നതും കൊണ്ട് തോട് എന്നത് ഇപ്പോൾ ഒരു വെള്ളം ഒഴിഞ്ഞ കുഴി പോലെ കിടക്കുന്നു.മുൻപ് ഉണ്ടായിരുന്ന തോടിന്റെ ദിശ മാറ്റി ഇപ്പോൾ പുതിയ വഴി ഉണ്ടാക്കിയിരിക്കുന്നു.പ്രക്യതി നൽകിയ വഴി വെട്ടി മാറ്റിയത്കൊണ്ടാകാം പുതിയ വഴിയെ വെള്ളം നിറച്ചു പോകാൻ തോട് മടിയ്ക്കുന്നത്. പഴയ കാഴ്ചകൾ എല്ലാം ഗൾഫിൽ വച്ച് കണ്ട സ്വപ്നം പോലെ ഓർമ്മകൾ ആയി എനിക്ക്.

നാട്ടിൽ ചെന്നിട്ട് ആകെ ഉണ്ടായിരുന്ന ആശ്വാസം വീടിനു അടുത്തുള്ള മൂന്നു അമ്പലങ്ങളിലെ ഉത്സവങ്ങൾ ആയിരുന്നു.പണ്ടാതെക്കാളും ആവേശവും പൊലിമയും ഉണ്ടെന്നു തോനുന്നു.ഉത്സവത്തിന്റെ നടത്തിപ്പിലും ഉത്സവം കൊഴുപ്പിക്കാനും എന്റെ പങ്ക് വളരെയധികം ഉണ്ടായിരുന്നു.അതിൽ ഞാൻ വളരെ സന്തുഷ്ടനാണ് .ഉത്സവത്തിന്റെ അന്നധാനത്തിലും ഘോഷയാത്രയിലും എല്ലാത്തിലും ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖമുണ്ടായിരുന്നു.എത്രയും വർഷങ്ങൾ ഞാൻ ഇങ്ങനെ ഉത്സവങ്ങളെ ആഘോഷകരമാക്കിയിട്ടില്ല.ഓരോ ഉത്സവങ്ങളും മൂന്നും നാലും ദിവസങ്ങൾ ആയിരുന്നു.സത്യം പറഞ്ഞാൽ ആ ദിവസങ്ങൾ വീട്ടിൽ പോലും നേരെ പോയിട്ടില്ല.അമ്പലത്തിൽ തന്നെ ആയിരുന്നു മുഴുവൻ സമയവും. ഈ ഉത്സവങ്ങൾ എന്റെ നാട്ടിലെ മാത്രം സവിശേഷത ആയിട്ടാണ് എനിക്ക് തോനിയത്.തിരിച്ചു ഗൾഫിൽ വന്നിട്ടും ആ സുന്ദര ദിനങ്ങൾ എനിക്ക് സുഖകരമായ നിമിഷങ്ങൾ തരുന്നു.
നാട്ടിൽ പോയിട്ട് ഒരു കാര്യത്തിൽ മാത്രമാണ് എനിക്ക് കൂടുതൽ വിഷമം ഉണ്ടായത്.ആ വേദന ഇപ്പോഴും എന്നെ അലട്ടുന്നു.എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട മഴ കാണാനോ അത് ഒന്ന് നനയാണോ പറ്റിയില്ല.കാലം തെറ്റി പെയ്യുന്ന ഒരു മഴതുള്ളി പോലും പെയ്തില്ല.അല്ലെങ്കിലും നാട്ടിൽ ഇപ്പോള്‍ എന്താണ് സമയത്തിന് നടക്കുന്നത്. കുറച്ചു മാറ്റങ്ങൾ ഉണ്ടെങ്കിലും ഇപ്പോഴും എന്റെ നാട് അതിനെ സുന്ദരത കുറച്ചൊക്കെ നിലനിർതുന്നുവെന്ന്‍ എനിക്ക് തോനുന്നു.വല്ലപ്പോഴും പെയ്യുന്ന മഴയിൽ കരകവിഞ്ഞ് ഒഴുകുന്ന മാമം നദി, വലുതെല്ലെങ്കിലും കൃഷി ഇറക്കിയിരിക്കുന്ന വയലേലകൾ ഇവയെല്ലാം ഇപ്പോഴും എന്റെ ഗ്രാമത്തിനു മാറ്റ് കൂട്ടുന്നുണ്ട്. അതുകൊണ്ടൊക്കെ തന്നെ എനിക്ക് എന്റെ ഗ്രാമം എന്നും പ്രിയപെട്ടതു ആണ്. ഈ നാട് എനിക്ക് ആത്മാവാണ് ,അഭിമാനമാണ്, എന്റെ ജീവന്റെ അംശമാണ് .ഈ മരുഭൂവിൽ നാടിന്റെ ഓർമ്മകൾ ആണ് പിടിച്ചു നിൽക്കാൻ ഉള്ള ഒരു പ്രേരണ .എനിക്ക് എന്റെ നാട്ടിലേയ്ക്ക് ഓടിയെത്താൻ കൊതിയാകുന്നു,പൂർത്തിയാക്കാൻ കഴിയാത്ത മോഹങ്ങൾ തീർക്കാൻ .അടുത്ത യാത്രയില്‍ എങ്കിലും എന്റെ നാട് പഴയ പോലെ സുന്ദരമായി തീരനെ എന്നാണ് ഇപ്പോൾ എന്നും ഈശ്വരനോട് പ്രാർത്ഥിയ്ക്കുന്നത് ..അനിയൻ


മാധുര്യമേറും ഓർമകളുടെ മാമ്പഴക്കാലം ......


മാധുര്യമേറും ഓർമകളുടെ മാമ്പഴക്കാലം ......
.ഇന്നത്തെ വർക്കും കഴിഞ്ഞ് രാത്രി 11 മണിക്ക് റൂമിലേക്ക് പോകുമ്പോൾ എന്റെ കൂടെ വർക്ക് ചെയ്യുന്ന ശ്യാമിന് സോപ്പ് വാങ്ങാൻ സൂപ്പർമാർക്കറ്റിൽ കയറി.അവിടെ കറങ്ങിനടന്നപ്പോൾ എന്റെ കണ്ണ് ചെന്നത് മാമ്പഴങ്ങളുടെ ഇടയിലായിരുന്നു.. അവ കണ്ടതും തിന്നാൻ ഒരു കൊതി..അപ്പോഴെ രണ്ട് മാങ്ങയും വാങ്ങി റൂമിലേക്ക് നടന്നു.ഞാനും ശ്യാമും ഓരോ മാങ്ങയും കടിച്ച് കൊണ്ടുനടന്നു. മാങ്ങയുടെ മാധുര്യം നാക്കിൽ എത്തിയതും എന്റെ ഓർമകൾ നാട്ടിലേക്ക് നീങ്ങി..മാമ്പഴക്കാലം എന്നും എനിക്ക് മധുരം നിറഞ്ഞ ഓർമകൾ ആണ്.ഓരോ മാമ്പഴക്കാലം കഴിയുമ്പോഴും അടുത്ത മാമ്പഴക്കാലം വഴിക്കണ്ണുമായി നോക്കിയിരിക്കും..മാധുര്യം ഏറിയ മാമ്പഴങ്ങൾ എപ്പോഴും മനസ്സിലെ ഓർമകളെ മധുരിപ്പിക്കുന്നു..മാമ്പൂവ് നിറഞ്ഞ മാവുകൾ,മാമ്പൂവിലെ മാധുര്യം നുകരാൻ എത്തുന്ന മധുപന്മാർ[തേനീച്ച].. ഇവയെല്ലാം കണ്ണുകൾക്ക് എന്നും കുളിർക്കാഴ്ച്ച ആണ്.പൂക്കുന്ന പൂവുകളിൽ പകുതിയും പൊഴിഞ്ഞുവീഴുന്നതു കാണുമ്പോൾ മനസ്സിനു ഒരു വേദനയാണ്.ആ പൊഴിയുന്ന പൂവുകൾ കൂടി മാങ്ങകൾ ആയെങ്കിലെന്നു മോഹിക്കാറുണ്ട്..

കണ്ണിമാങ്ങയെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ വായിൽ കപ്പൽ ഓടുകയാണ്.കണ്ണിമാങ്ങ ഉപ്പും ചേർത്തു വായിൽ വക്കുന്ന കാര്യം....ഹൊ...പുളിയും മധുരവും നിറഞ്ഞ സ്വാദ്....ആലോചിക്കും തോറും ആ സ്വാദിന്റെ കണങ്ങൾ ഈ എഴുതുന്ന കടലാസിൽ തന്നെ വീഴും എന്നു തോനുന്നു..മാമ്പഴക്കാലം ആയാൽ എപ്പോഴും കൈയിൽ ഒരു മാങ്ങ എങ്കിലും കാണും..മുൻപ് നമ്മൾ അമ്മയുടെ കുടുംബവീട്ടിനു അടുത്തായിരുന്നു താമസം.ഇപ്പോൾ അതൊക്കെ വിറ്റു കുറച്ച് മാറി വീടു വാങ്ങി..എന്റെ പഴയവീടിനു ചുറ്റും മാങ്ങകളുടെ വസന്തം ആയിരുന്നു..എന്റെ വീട്ടിലും ചുറ്റുമുള്ള എല്ലാ വീടുകളിലും മാങ്ങകൾ നിറഞ്ഞ മാവുകൾ..വീടിനു താഴെക്കു ഇറങ്ങിയാൽ എന്റെ കുഞ്ഞമ്മയുടെ വീട്ടിൽ, താഴെ കണ്ണന്റെ വീട്ടിൽ, ഷാജി അണ്ണന്റെ വീട്ടിൽ, മുകളിലോട്ട് പോയാൽ പിന്നെ പറയണ്ടാ....എല്ലായിടവും മാവുകൾ തന്നെ..പലയിടത്തുനിന്നും ആരുംകാണാതെയായിരിക്കും മാങ്ങ പറിക്കുന്നത്.അല്ലെങ്കിൽ പിന്നെ ചെവി കൊണ്ട് പ്രയോജനം ഇല്ലാ..അങ്ങനത്തെ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്..

എന്റെ അഞ്ച് മുതൽ പത്ത് വരെയുള്ള ഉപരിപoനം അവനവഞ്ചേരി സ്ക്കൂളിൽ ആയിരുന്നു..വീട്ടിൽ നിന്നും 2km ദൂരം ഉണ്ട് സ്ക്കൂളിൽ പോകാൻ.അത്രയും ദൂരം നടന്നാണു പോകുന്നത്.ചെറുവള്ളിമുക്ക് വഴി പോകാനാണു എളുപ്പം.എന്നും അതുവഴിയാണു പോകുന്നത്..പക്ഷേ മാമ്പഴക്കാലം ആയാൽ യാത്ര മാറ്റും.പിന്നെ പരുത്തിഅമ്പലം വഴിയാകും യാത്ര..കാരണം സ്ക്കൂൾ മുതൽ വീടുവരെയുള്ള ആ വഴിയിൽ മുഴുവൻ മാങ്ങയാണ്.പല വലിപ്പത്തിലും പല നിറത്തിലും പല മാധുര്യവും നിറഞ്ഞ മാമ്പഴങ്ങൾ. താളിമാങ്ങ,വരിക്കമാങ്ങ[കോട്ടുക്കുന്നം],വെള്ളരിമാങ്ങ,പുളിയൻമാങ്ങ,മൂവാണ്ടൻമാങ്ങ,കിളിച്ചുണ്ടൻമാങ്ങ,പഞ്ചാരമാങ്ങ അങ്ങനെ പല പേരിലുള്ള മാങ്ങകൾ..മാങ്ങകൾ വീട്ടിൽ കൊണ്ടു പോകില്ല.വഴി നീളെ കടിച്ചു തിന്നു കൊണ്ടു പോകും..പരുത്തിയിലെ മാമ്പഴമോഷണത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ഒരു കാര്യം മനസ്സിന്റെ ഓർമച്ചെപ്പിൽ ഓടി വരുന്നു.
വൈകുന്നേരം സ്ക്കൂൾ വിട്ടു പരുത്തി വഴി വരുകയാണ്.എന്റെ കൂടെ മൂന്നുനാലു പേരുണ്ട്.ആരോക്കെ എന്ന് ഓർമയില്ലാ.എന്നും കൊച്ചുപരുത്തിയിലേ വീട്ടിൽ നിന്നും ആരും കാണാതെ മാങ്ങ പറിക്കും.നല്ല മൂവാണ്ടൻ മാങ്ങ..നല്ല വണ്ണം വിളഞ്ഞു നിൽക്കുകയാണ്.ഞാൻ മരത്തിനു മുകളിൽ കയറും..ആവശ്യമുള്ളത് താഴേക്ക് പറിച്ചിടും.ആ വീട്ടിൽ ഒരു അമ്മൂമ്മ മാത്രമേ ഉള്ളു.അമ്മൂമ്മ കാണതെയാണ് മരത്തിൽ കയറുന്നത്.പക്ഷേ ഇടക്കോക്കെ മരത്തിൽ കയറുന്നത് അമ്മൂമ്മ കാണും.അമ്മൂമ്മ ചീത്ത വിളിക്കും..അപ്പോഴെ നമ്മൾ തിരിഞ്ഞോടും..അന്ന് അങ്ങനെ ഞാൻ മരത്തിന്റെ ഏറ്റവും മുകളിൽ കയറി.കാരണം താഴെ മാങ്ങ ഇല്ലാ.എല്ലാം നമ്മൾ തന്നെ തീർത്തു.ഞാൻ വിശാലമായി മാങ്ങ പറിക്കുകയാണ്.കൂടെ ഉള്ളവർ താഴെ നിൽക്കുകയാണ്.കുറച്ച് കഴിഞ്ഞപ്പോൾ താഴെ നിൽക്കുന്നവർ മതിലും ചാടി ഓടുന്നു.ഈശ്വരാ...ഞാൻ നോക്കിയപ്പോൾ അമ്മൂമ്മ മരത്തിന്റെ താഴെ ഒരു വടിയുമായി നിൽക്കുന്നു.അവന്മാർ രക്ഷപ്പെട്ടു.ഞാൻ മുകളിലും.താഴെ നിന്നും അമ്മൂമ്മയുടെ ആക്രോശങ്ങൾ..ഞാൻ പേടിച്ച് പേടിച്ച് തഴേക്ക് ഇറങ്ങി തുടങ്ങി.കൈയിൽ ഇരിക്കുന്ന വടി എപ്പോൾ എന്റെ മുതുകിൽ പതിക്കും എന്നാണ് എന്റെ പേടി ആണ് മനസ്സിൽ.താഴെ എത്തിയതും അമ്മൂമ്മ എന്റെ കൈയിൽ കയറി പിടിച്ചു...”എന്താടാ നിന്റെ പേര്? ,നിന്റെ വീട് എവിടെയാ?,അച്ഛന്റെ പേരെന്താ?, അസ്ത്രം പോലെ ചേദ്യങ്ങൾ വരുന്നു..ഞാൻ പേടിച്ച് വിറച്ച് മറുപടി പറഞ്ഞു.അപ്പോൾ നീയൊക്കെ ആണ് അല്ലെ മാങ്ങക്കള്ളന്മാർ? ഇങ്ങു വാടാ എന്നും പറഞ്ഞു എന്റെ കൈയിൽ പിടിച്ച് അമ്മൂമ്മ വീട്ടിന്റെ അടുത്തേക്ക് നടന്നു.അയ്യോ.. എനിക്ക് കരയണോ? അതോ അമ്മൂമ്മയെ തള്ളിയിട്ട് ഓടണോ? എന്ന് അറിയാൻ പറ്റാത്ത അവ സ്ഥ.ഞാൻ തിരിഞ്ഞു നോക്കി മതിലിൽ കുറെ തലകൾ..’എന്റെ കൂട്ടുകാർ’.അവർ ചിരിക്കുകയാണ്.ഞാൻ അപ്പോൾ വിചരിച്ചു..”എടാ ദുഷ്ടന്മാരെ നാളെ ആവട്ടെ ,മരത്തിന്റെ മുകളിൽ കയറാൻ എന്റെ പട്ടി വരുമെടാ.”
അമ്മൂമ്മ വീട്ടിലേക്ക് എന്നെ കയറ്റിയിട്ട് കസേരയിൽ ഇരിക്കാൻ പറഞ്ഞു.എന്നിട്ട് അമ്മൂമ്മ അകത്തേക്ക് പോയി.അപ്പോഴെ ഞാൻ തീരുമാനിച്ചു.എന്റെ കാര്യം പോയി..ഒന്നു സമാധാനമായി കസേരയിൽ ഇരിക്കാൻ പോലും വയ്യ.“മാ‍വിലെ പുളിയുറുമ്പുകൾ കടിച്ച വേദനയും പിന്നെ ഇനി കിട്ടാൻ പോകുന്ന ശിക്ഷയുടെ വേദനയും..”ഇറങ്ങി ഓടികളഞ്ഞാലോ? എന്നും ആലോചിച്ചു.പക്ഷേ കാലുകൾ തറയിൽ ഉറപ്പിച്ച അവസ്ഥയിലാണ് ഞാൻ..

അകത്തേക്ക് പോയ അമ്മൂമ്മ കൈയിൽ ഒരു കവറുമായി തിരിച്ചു വന്നു.കവറിൽ എന്തോ ഉണ്ട്..അമ്മൂമ്മ എന്റെ അടുത്തുവന്നിട്ട് ആ കവർ എന്റെ നേരെ നീട്ടി.വിറക്കുന്ന കൈകളാൽ ഞാൻ വാങ്ങി കവറിനുള്ളിലേക്ക് നോക്കി..ഹൊ!!!! കവർ നിറച്ചും നല്ല പഴുത്ത മൂവാണ്ടൻ മാമ്പഴങ്ങൾ.. ഞാൻ അമ്മൂമ്മയുടെ മുഖത്തേക്ക് നോക്കി..ഒരു ചെറുപുഞ്ചിരി ആയിരുന്നു ആ മുഖത്ത്.എന്റെ അടുത്തേക്ക് വന്നിട്ട് അമ്മൂമ്മ സ്നേഹത്തോടെ പറഞ്ഞു..”മോനേ ഇനി മോഷ്ടിക്കരുത്,മാങ്ങ വേണമെന്ന് തോന്നുമ്പോൾ നേരെയുള്ള വഴിയിയെ വന്നു പറിച്ചു കൊള്ളു.ആ വക്കുകൾ കേട്ടതും എന്റെ കണ്ണുകൾ നിറഞ്ഞു.ഒരു ചെറുമകനോട് ഉള്ള സ്നേഹത്തോടെ നാളെയും വരണേമേ എന്നും പറഞ്ഞു അമ്മൂമ്മ എന്നെ യാത്രയാക്കി.എന്നും മാങ്ങകൾ കാണുമ്പോൾ ആ സ്നേഹത്തിന്റെ മാധുര്യം എന്റെ മനസ്സിൽ ഓടി വരാറുണ്ട്.

മാമ്പഴക്കാലം എനിക്ക് വേദനകളും നൽകിയിട്ടുണ്ട്..അന്ന് ഞാൻ അവനവഞ്ചേരി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി..അന്ന് ശനിയാഴ്ച്ച..ഉച്ചക്ക് വിന്നേഴ്സ് ട്യൂട്ടോറിയിൽ ട്യൂഷനുപോകണം.അന്ന് രാവിലെ വീട്ടിന്റെ താഴെയുള്ള കണ്ണന്റെ വീട്ടിൽ മാങ്ങ പറിക്കാൻ പോയി.നല്ല വിളഞ്ഞു നിൽക്കുന്ന കോട്ടുക്കുന്നം മാങ്ങകൾ പറിച്ചു പഴുപ്പിക്കാൻ വയ്ക്കണം. മരത്തിൽ കയറാൻ ഞാൻ റെഡി.ഞാൻ വിശാലമായ മരത്തിന്റെ മുകളിൽ കയറി മാങ്ങ പറിക്കാൻ തുടങ്ങി..കണ്ണൻ താഴെ നിൽക്കുകയാണ് പറിച്ച് ഇടുന്ന മാങ്ങകൾ പറക്കാൻ..സമയം 12 ആയി.അപ്പോൾ ആണ് ട്യൂഷനു വിളിക്കാൻ വേണ്ടി രാജേഷ്[അപ്പൂപ്പൻ] വന്നത്.വീട്ടിൽ വന്ന അവൻ താഴെ നിൽക്കുന്ന എന്നെ കണ്ട് താഴേക്ക് വന്നു.നല്ല കാറ്റ് തഴെയുള്ള വയലിൽ നിന്നും വീശി അടിക്കുകയാണ്.‘ഇനി നിർത്താം,ട്യൂഷനു പോകാം‘ എന്നു വിചാരിച്ചു താഴേക്ക് ഇറങ്ങുകയാണ്.ആ സമയത്ത് ഒരു വലിയ കാറ്റും അടിച്ചു.തഴെ നിൽക്കുന്ന രാജേഷിനെ കാണിക്കാൻ സ്റ്റെയിലിൽ ഇറങ്ങിയതു ആണോ ? എന്തോ? കാലു തെറ്റി താഴേക്ക്!!. എന്റെയോ എന്റെ വീട്ടുകരുടെ ഭാഗ്യമോ എന്തോ...ഞാൻ വീണത്തിന്റെ തൊട്ടു അപ്പുറത്താണ് ഒരു വലിയ കോൺക്രീറ്റ് സ്ലാബ് കിടന്നത്.അതിൽ വീണിരുന്നെങ്കിൽ “ഈശ്വരാ!“ ഇങ്ങനെ ഒക്കെ എഴുതാൻ ഞാൻ കാണില്ലായിരുന്നു.വീണ ഞാൻ പയ്യെ എഴുന്നേറ്റു.എവിടെയോ എന്തോക്കെയോ ഒടിഞ്ഞ പോലെ..വേദന ഇല്ലാ !ഒരു മരവിപ്പ് മാത്രം.അപ്പോഴെ എല്ലാവരും ഓടി വന്നു.“എടാ റെജി [വീട്ടിൽ എന്നെ വിളിക്കുന്ന പേര്.]എന്തെങ്കിലും കുഴപ്പമുണ്ടോടാ ? എന്നോക്കെ ചോദ്യം..ഞാൻ പറഞ്ഞു ഇല്ലാ!പക്ഷേ ശബ്ദം പുറത്തുവരുന്നില്ലാ..എന്തായാലും അപ്പോഴെ എന്നെയും പൊക്കി ആശുപത്രിയിൽ കൊണ്ടുപോയി..വളരെ സുഖകരവും സന്തോഷകരവുമായ അഞ്ച് ദിനങ്ങൾ മെഡിക്കൽകോളേജിൽ കിടന്നു.തിരിച്ചു വീട്ടിൽ എത്തിയപ്പോൾ മാമ്പഴങ്ങളുടെ കൂട്ടം തന്നെ.കണ്ണന്റെ വീട്ടിൽ നിന്നും നിറയെ എനിക്ക് തിന്നാൻ മാമ്പഴം.എപ്പോഴയാലും മാമ്പഴക്കാലം വരുമ്പോൾ കണ്ണന്റെ വീട്ടിലെ മാങ്ങയുടെ രുചി വേദനയോടെ നാവിൻ തുമ്പിൽ വരും.ഇന്ന് ആ മാവ് അവിടെ ഇല്ലാ..മുറിച്ചുമറ്റി..
മാമ്പഴം അല്ലെങ്കിൽ മാമ്പഴക്കാലം എന്നിവ ഓർമ്മവരുമ്പോൾ എന്റെ നാട്ടുകാരുടെ മനസ്സിൽ ആദ്യം ഓടി വരുന്നത് കുഴുവിളകത്തുനാഗരുകാവ്ദേവിക്ഷേത്രത്തിലെ നാട്ടുമാവും അതിലെ മാങ്ങയുടെ മധുരവും ആണ്.ആ മാവിനെ കുറിച്ച് പറയാൻ തന്നെ കുറെ ഉണ്ട്.ഹരിതഭംഗി കളിയാടിടുന്ന പറങ്കിമാവുകൾക്കിടയിൽ വളർന്ന് പന്തലിച്ചുനിൽക്കുന്ന പടുകൂറ്റൻ വ്യക്ഷം.വലിയ കൂടാരം പോലെയാണ് അതിന്റെ നിൽ‌പ്പ്.കുളിർക്കാറ്റും തണലും നൽകുന്ന ആ വ്യക്ഷദേവൻ നമുക്ക് എന്നും ഒരു അത്ഭുതമാണ്.ക്ഷേത്രത്തിന്റെ മുന്നിൽ തല ഉയർത്തിയുള്ള അതിന്റെ നിൽ‌പ്പ് കണ്ടാൽ തന്നെ അറിയാം ആ ക്ഷേത്രത്തിന്റെയും ആ നാടിന്റെയും ഐശ്വര്യം എത്രയെന്ന്.അതിന്റെ കാൽഭാഗത്തോളം ഒറ്റ തടിയാണ്.അതുകൊണ്ട് ഏണി വച്ചാണ് മുകളിൽ കയറുന്നത്.പക്ഷേ മാങ്ങ പറിക്കാൻ പോകുന്ന നമ്മൾ ഏണിയും ചുമന്നു പോകാന്നോ? നല്ല കാര്യം....മരത്തിന്റെ ചില കൊമ്പുകൾ താഴോട്ട് നിൽപ്പുണ്ട്.അത് കൈ എത്തുകയും ഇല്ലാ.അപ്പോൾ കയറോ അല്ലെങ്കിൽ എന്തെങ്കിലും വള്ളി കൊണ്ടു ആ കൊമ്പുകളിൽ കുരുക്കിട്ടു പിടിച്ചു താഴേക്ക് വലിക്കും.കൊമ്പുകൾ താഴേക്ക് വന്നാൽ ചാടി പിടിച്ച് സർക്കസ്സുകാരനെ പോലെ തൂങ്ങി കയറും.മുകളിലേക്ക് പോകുമ്പോൾ എല്ലാ കൊമ്പുകളിലും കയറി കുലുക്കും.മാങ്ങ മിക്കതും പഴുത്തു നിൽക്കുകയാവും..മഴ പെയ്യും പോലെ കുറെയെറെ മാങ്ങകൾ താഴേക്ക് വീഴും.താഴെ മാങ്ങ പറക്കാൻ ആളുകൾ ഉണ്ട്.കുറെയേറെ മാങ്ങകൾ കാണും.എല്ലാം കൂട്ടി വക്കും.മരത്തിൽ നിന്നും താഴെ ഇറങ്ങിയതിനു ശേഷം തുല്യമായി ഭാഗം വക്കും.എല്ലാം നല്ല പഴുത്ത മാങ്ങകൾ.കുറെയോക്കെ അവിടെ വച്ച് തിന്നും..ബാക്കി വീട്ടിൽ കൊണ്ടുപോകും.മാമ്പഴപ്പുളിശ്ശേരി ഉണ്ടാക്കാൻ.ഹൊ!!!“നാട്ടുമാങ്ങ കൊണ്ടുള്ള മാമ്പഴപ്പുളിശ്ശേരി“ ഓർക്കുമ്പോൾ തന്നെ ഒരു വലിയ സദ്യ ഉണ്ട അനുഭവം ആണ്.ഇപ്പോഴും ആ നാട്ടുമാവ് മാധുര്യമേറിയ കനികളുമായി തലയുർത്തി നിൽ‌പ്പുണ്ട് അവിടെ...എന്തയാലും ഞാൻ അടുത്തുതന്നെ നാട്ടിൽ പോകുകയാണ്.മാമ്പഴക്കാലം അല്ല എന്ന് അറിയമെങ്കിലും കാലം തെറ്റി ഒരു മാമ്പഴക്കാലം ആ സമയത്ത് വരണേയെന്ന് ആശിക്കുകയും പ്രർതഥിക്കുകയും ചെയ്യുകയാണ് ഞാൻ.........അനിയൻ....

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo