Showing posts with label Deepa Seira‎. Show all posts
Showing posts with label Deepa Seira‎. Show all posts

വേണ്ടിനി ജന്മാന്തരത്തിൻ പുണ്യം

Image may contain: 1 person, selfie, closeup and indoor

പിരിയുവാൻ നേരമെൻ കൺകളിൽ ചുംബിച്ചു
കണ്ണീരിൻ മറയിലൂടൊതി മെല്ലെ...
"ജന്മാന്തരങ്ങൾ കൊണ്ടല്ലോ ബന്ധിതർ നാം
ഈ ജന്മമെന്നതോരേട് മാത്രം....
കാത്തിരിക്കാം വരും ജന്മത്തിനായിനി
ഞാനും നീയും നമ്മളാവാൻ"
ഏതു നിറത്തിൽ നാം പൂർണ്ണരാവും അന്ന്?
ശലഭങ്ങളായേക്കാം പുഷ്പമാവാം...
ഇണപിരിയാത്ത പൊൻകുരുവികളായേക്കാം...
ഒരുമിച്ചടയുന്ന മിഴികളാവാം...
ജനിമൃതിയില്ലാത്ത ജന്മമെടുത്തേക്കാം
ഒന്നുചേർന്നൊഴുകുന്ന പുഴകൾ പോലെ!!
ആവാതിരിക്കട്ടെ ഈ ജന്മം പോലെ
നാം ഇരുതോണിയിൽ .....
ആവാതിരിക്കട്ടെ ഈ ജന്മം പോലെ നാം ഇരുഹൃദയം.....
ഒരിക്കലും അകലില്ലെന്നിന്നു നീ നൽകിയ വാക്കുപോൽ
ദുർബലമാകുമോ ഇഴകളന്നും????
ഈ ജന്മം പോലെ നാം പിരിയുവാനാണെങ്കിൽ
വയ്യിനി മറ്റൊരു ജന്മഭാരം...
അങ്ങനെയെങ്കിൽ ഞാൻ നക്ഷത്രമായ്ക്കൊള്ളാം,
ദൂരെ നിന്നെന്നും നിൻ കാവലാവാം...
അല്ലെങ്കിൽ കുളിരുള്ള തെന്നാലായി മാറി ഞാൻ,
നിന്നെ തലോടി തഴുകിക്കൊള്ളാം...
മേഘമായി മാറാം ഞാൻ വർഷമായി പൊഴിയുവാൻ,
എരിയും നിൻ ആത്മാവിൽ കുളിരാകുവാൻ....
ഈ ജന്മം പോലെന്നെ തനിച്ചാക്കുവാനെങ്കിൽ....
ഇല്ലിനി മറ്റൊരു പുനർജനിക്കായി....
വേണ്ടിനി ജന്മാന്തരത്തിൻ പുണ്യം....
**********************************
സെയ്‌റ

കൂട്ടുകാരി


തോഴീ നീയില്ലെന്ന
സത്യമുൾകൊള്ളാനാവാതെ,
കണ്ണുനീർ വറ്റാതെ,
നിനക്കേറ്റവും പ്രിയങ്കരമാം
പുസ്തകക്കൂട്ടത്തിൻ ചാരെയാ
ജനലഴിക്കരികിൽ നിൽക്കവേ
ഓർമ്മകൾ പായുന്നു,
പള്ളിക്കൂട വരാന്ത തൻ
തണുത്ത ഇടനാഴിയിലേക്ക്...
ഒരു കുഞ്ഞു വളപ്പൊട്ടു പോലും
നീ എനിക്കായി കരുതിവെച്ചപ്പോൾ
പ്രിയസൗഹൃദമേ
നിൻ നിസ്വാർത്ഥ സ്നേഹം
ഞാൻ അറിഞ്ഞിരുന്നു..
ഹൃദയം നിന്റേതെങ്കിൽ
മിടിപ്പന്റേതായി...!
മിഴി നിന്റേതെങ്കിൽ
മിഴിനീരെന്റേതായി...!
ഉറ്റവരില്ലാതെയുലയുന്ന വേളയിൽ
നീ തന്ന കൈ മാത്രമായിരുന്നെൻ
അഭയയമാശ്വാസവും
വേരുകൾ കൊണ്ടെന്നെ
താങ്ങിയും തടഞ്ഞും നീ
എന്റെ മരുമുറ്റത്തെ
നന്മമരമായി..!
മുമ്പോട്ടു പോവുക,
ഞാനുണ്ട് കൂടെയെന്നുള്ള
നിൻ വാക്കായിരുന്നെൻ
ആത്മധൈര്യം...!
മഴയത്തു കുടയായും
വെയിലിൽ തണലായും
ഇരുളിലെൻ നിഴലായും
സൗഹൃദകണമായും
നീ എന്റെ ജീവനദിയിൽ
ചേർന്നൊഴുകുമ്പോൾ
ഞാൻ അറിഞ്ഞിരുന്നില്ല,
ഏകാന്തത എന്തെന്ന്!!!
കണ്ണു തുറക്കുക
ഒന്നിങ്ങു നോക്കുക,
ഈ വളപ്പൊട്ടുകൾ
ഒന്നു സ്വീകരിക്കുക...!
ഒരു മാത്ര,
നീയൊന്നുണർന്നീടുകിൽ
നെഞ്ചോടു ചേർത്തു ഞാൻ
ഉറപ്പിച്ചു ചൊന്നിടാം
നീ കൂട്ടായ് കൂടെയില്ലാത്ത ജീവനിൽ
ഇനിയില്ലെനിക്കൊരു തേജസ്സ്..
നീ വഴികാട്ടാത്ത പാതയിൽ
ഇനിയില്ലൊരുതരി ഓജസ്സ്‌..
ഇല്ലാ വസന്തവും ഇനിയില്ല ഗ്രീഷ്മവും..
നീയില്ലാതെയെന്നുടെ
പകലിനും സന്ധ്യയ്ക്കും
ഇനിയില്ല സൗഹൃദ
മാരിവിൽ വർണ്ണങ്ങൾ...
ഇനിയെത്ര ജന്മങ്ങൾ
പിറവിയുണ്ടെങ്കിലും
നീയെനിക്കരികിലായ്‌
ഉണ്ടായിരിക്കണം
ആത്മാവിൻ പാതിയായ്,
എന്റെ പാഥേയത്തെ
പങ്കുവെയ്ക്കാനുള്ളിൽ
ഒത്തിരി സ്നേഹത്തിൻ
നനവുള്ള കൂട്ടുകാരിയായ്...!!
സെയ്‌റ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo