Showing posts with label HariNair. Show all posts
Showing posts with label HariNair. Show all posts

"ഒരു ആത്‍മഹത്യക്കുറിപ്പിന്റെ കഥ" പുതുവത്സര രചന മത്സരം 2017 (കഥ വിഭാഗം)


ഒരുപാട് നാളുകൾക്കു ശേഷമാണ് അനു അമ്മയുടെ മടിയിൽ തലവെച്ചു അങ്ങനെ കിടന്നത് .ഭൂമിയിലെ മറ്റൊന്നിനും നൽകാൻ കഴിയാത്തൊരു സുഖം അമ്മയുടെ വിരലുകൾ തന്റെ നെറ്റിയിലൂടെ തലോടിയപ്പോൾ അവൾക്ക് അനുഭവപെട്ടു .അവളെ എന്തോ അലട്ടുന്നതായി ആ അമ്മക്ക് തോന്നിയെങ്കിലും അവർ അത് തുറന്നു ചോദിച്ചില്ല. അച്ഛനും അമ്മയ്ക്കും അനിയത്തിക്കുമൊപ്പമിരുന്നാണ് അനു അന്ന് ഭക്ഷണം കഴിച്ചതു .സന്തോഷം മാത്രം തിങ്ങി നിറഞ്ഞ ഒരു രാത്രി .തന്റെ റൂമിൽ കയറി വാതിൽ അടച്ചതും, അത് വരെ ഉള്ളിൽ ഒതുക്കി പിടിച്ചത് മുഴുവൻ ഒരു തേങ്ങലായി പുറത്തോട്ടൊഴുകി .അവൾക്കു അവളെ തന്നെ നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല .അവസാനമായി ഒരിക്കൽ കൂടി അഭിയെ വിളിക്കാൻ തോന്നി .ഫോൺ എടുത്ത് അഭിയുടെ നമ്പർ ഡയൽ ചെയ്തു .സ്വിച്ച് ഓഫ് എന്ന് മറുപുറക്കലുള്ള ശബ്ദം അവളെ അറിയിച്ചു.സ്വിച്ച് ഓഫ് അല്ലെങ്കിലും അവൻ കാൾ എടുക്കില്ലെന്ന് അവൾക്ക് അറിയാമായിരുന്നു .എന്നാലും വെറുതെ വിളിച്ചു എന്നെ ഉള്ളൂ .അവനോടുള്ള അവളുടെ സ്നേഹം അത്രമാത്രം തീവ്രമായിരുന്നു .അതുകൊണ്ടു മാത്രമാണ് താൻ വഞ്ചിക്കപ്പെട്ടു എന്നറിഞ്ഞിട്ടു പോലും അവൾക്കിപ്പോഴും അവനെ വിളിക്കാൻ തോന്നിയത് .അവൻ തന്റെ പഴയ അഭിയായി തിരിച്ചു വരും എന്ന വിശ്വാസത്തിലാണ് അവൾ ഇത്ര നാളും ജീവിച്ചത് .അവനെ പറ്റി ഒരുപാട് കഥകൾ കേട്ടെങ്കിലും അതൊന്നും വിശ്വസിക്കാൻ അവളുടെ സ്നേഹം അവളെ അനുവദിച്ചില്ല .പക്ഷെ ഇനി പ്രതീക്ഷകൾക്ക് സ്‌ഥാനമില്ല .അഭിയുടെ വിവാഹം നിശ്ചയിക്കപ്പെട്ടിരിക്കുന്നു . അവൻ ഇനി ഒരിക്കലും തന്റെ ജീവിതത്തിന്റെ ഭാഗമാകില്ലെന്ന സത്യം അവൾക്ക് ഉൾകൊള്ളാൻ ആവുന്നതായിരുന്നില്ല .സ്വന്തം എന്ന് കരുതി നല്കിയതെല്ലാം അവൾക്ക് നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു .എല്ലാം നഷ്ടപെട്ടവളെ പോലെ അവൾ വിതുമ്പി .ഇനി എന്തിനു വേണ്ടി ജീവിക്കണം ,ആർക്കു വേണ്ടി ജീവിക്കണം .അവളുടെ ചിന്താമണ്ഡലങ്ങളിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നു വന്നു .ഒന്നിനുപോലും ഉത്തരം കണ്ടെത്താൻ അവൾക്കായില്ല .എന്തോ ഒരു തീരുമാനം എടുത്തവളെ പോലെ അവൾ കട്ടിലിൽ നിന്ന് പതുക്കെ എഴുന്നേറ്റു .കുറച്ചു നേരം രാത്രിയുടെ പേടിപ്പിക്കുന്ന ഭീകരതയിലേക്ക് നോക്കി നിന്നു .മേശയിൽ നിന്ന് ഒരു നോട്ടുപുസ്തകമെടുത്തു .വിറയ്ക്കുന്ന കൈകളോടെ അവൾ എഴുതാൻ തുടങ്ങി."എന്റെ ഏറ്റവും പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും പിന്നെ എന്റെ അനിയത്തികുട്ടിക്കും ".അത്ര എഴുതി തുടങ്ങിയപ്പോഴേക്കും അടർന്നു വീണ കണ്ണീരിൽ മഷി പരന്നു .പിന്നെയും എന്തൊക്കെയോ അവൾ എഴുതി.അവൾക്ക് അവരോടുള്ള സ്നേഹത്തെപറ്റി ,ചിലഏറ്റുപറച്ചിലുകൾ , ക്ഷമാപണങ്ങൾ എല്ലാം ഉണ്ടായിരുന്നു ആ കുറിപ്പിൽ .പക്ഷെ അപ്പോഴും അവൾ അഭിയെ കുറിച്ചൊന്നും എഴുതിയില്ല .കാരണം അവളുടെ സ്നേഹത്തിനു അത്ര മാത്രം തീവ്രതയുണ്ടായിരുന്നു .അവൾക്കു ദേഷ്യം അഭിയോടായിരുന്നില്ല ,അവനെ സ്നേഹിച്ച തന്നോട് തന്നെയായിരുന്നു .അവൾ തന്റെ ആത്‍മഹത്യ കുറിപ്പ് വീണ്ടും വീണ്ടും വായിച്ചു .എട്ടു മണിയുടെ പാസഞ്ചർ നാളെ ചൂളം വിളിച്ചുകൊണ്ട് വരും ,തന്റെ ഈ വേദനകളിൽ നിന്ന് മുക്‌തയാക്കാനായിരുക്കും നാളെ അതിന്റെ വരവ് .അവൾ അത് മനസ്സിലുറപ്പിച്ചു കഴിഞ്ഞിരുന്നു .അതെ പാസഞ്ചറിൽ വച്ചാണ് രണ്ടു വര്ഷം മുൻപ് അഭിയെ കാണുന്നതും പരിചയപ്പെടുന്നതും .പിന്നീടങ്ങോട്ട് ഒരുമിച്ചുള്ള എത്രയോ യാത്രകൾ ,അവൻ നിറമേകിയ ഒരു പാട് സ്വപ്‌നങ്ങൾ ,ഒരു പാട് സുന്ദരമായ നിമിഷങ്ങൾ .എല്ലാം വെറും അഭിനയം മാത്രമായിരുന്നു എന്ന് അവൾക്കിപ്പോഴും വിശ്വസിക്കാൻ ആവുന്നില്ല .തന്റെ ആത്മഹത്യാ കുറിപ്പിൽ മുഖമമർത്തി കരഞ്ഞു കരഞ്ഞു തളർന്നവൾ ഉറക്കത്തിലേക്കു വഴുതി വീണു ..
പിറ്റേ ദിവസം എട്ടുമണിയുടെ പാസ്സഞ്ചർ സ്റ്റേഷനിലേക്കി കുതിച്ചു കൊണ്ട് വന്നു .അതിന്റെ ചൂളം വിളി അവളൂടെ കാതുകളിലേക്കു തുളച്ചു കയറിയതവൾ ഓർക്കുന്നു .പിന്നീട് ഒരു ഇരുട്ടായിരുന്നു പേടിപ്പെടുത്തുന്ന ഒരു ഇരുട്ട് .ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും പരക്കം പായുന്നു .അറ്റു പോയ കൈ കാലുകളിൽ അപ്പോഴും ജീവന്റെ സ്പന്ദനം തുടിക്കുന്നുണ്ടായിരുന്നു .പിന്നീട് കണ്ണ് തുറന്നപ്പോൾ അവൾ ഒരു മാലാഖയോടൊപ്പം നടക്കുകയായിരുന്നു .സുന്ദരിയായ മാലാഖയുടെ കയ്യും പിടിച്ചു ഒരു കൊച്ചു കുട്ടിയെ പോലെ അവൾ മേഘങ്ങൾക്കിടയിലൂടെ നടന്നു .അങ്ങ് ദൂരെ അവൾക്കു അവളുടെ വീട് കാണാമായിരുന്നു .കുറച്ചുകൂടെ മുന്നോട്ട് അവർ നടന്നു.വീടിനു പുറത്തു ആളുകൾ കൂട്ടം കൂടി നിൽക്കുന്നു എന്തോ കാഴ്ച കാണാനെന്ന പോലെ .ഉമ്മറത്തു തന്റെ ജീവനറ്റ പൊതിഞ്ഞു കെട്ടിയ ശരീരത്തെ കെട്ടിപിടിച്ചു ഒരു ഭ്രാന്തനെ പോലെ പുലമ്പുന്ന അച്ഛൻ .പ്രസവമുറിയുടെ പുറത്തു തന്നെ കയ്യിലേക്ക് ഏറ്റു വാങ്ങിയ നിമിഷം തൊട്ട് ഇന്നലെ രാത്രി തനിക്കു വച്ച് നീട്ടിയ ഒരുരുള ചോറിന്റെ ഓർമ്മ വരെ ഉണ്ടായിരുന്നു അച്ഛന്റെ നെഞ്ചത്തടിച്ചുള്ള ആ കരച്ചിലിൽ .താൻ മറന്ന തന്നെ കുറിച്ചുള്ള എത്രയോ കാര്യങ്ങൾ അച്ഛൻ പൊടിയുടെ ഒരംശം പോലും തട്ടാതെ മനസ്സിൽ എന്നും സൂക്ഷിച്ചിരുന്നുവോ .ഈ സ്നേഹത്തെ എങ്ങനെയാണു തനിക്കു നഷ്ടപ്പെടുത്താൻ തോന്നിയത് .കൂടുതൽ സമയം അച്ഛനെ ആ അവസ്‌ഥയിൽ കാണാൻ അവൾക്കായില്ല .തന്റെ മുറിയിലേക്കവൾ എത്തി നോക്കി.അലമാരയിൽ നിന്ന് ഡ്രെസ്സുകൾ എല്ലാം പുറത്തു വലിച്ചിട്ടിരിക്കുന്നു .നിലത്തു വലിച്ചിട്ടിരിക്കുന്ന തന്റെ കുപ്പായങ്ങൾ കെട്ടിപിടിച്ചു കരയുന്ന തന്റെ കുഞ്ഞനുജത്തി .കരഞ്ഞു കരഞ്ഞവൾ തളർന്നു വീഴാനായിരിക്കുന്നു .ഇത്രയും നിഷ്കളങ്കമായ സ്നേഹത്തിനു യാതൊരു വിലയും കല്പിക്കുവാൻ തനിക്കു തോന്നാതിരുന്ന ആ നിമിഷത്തെ അവൾ ശപിച്ചു .ആളുകൾക്കിടയിൽ അവൾ അമ്മയെ തിരഞ്ഞു .അമ്മയെ അവിടെയൊന്നും കാണാൻ കഴിഞ്ഞില്ല .അവൾ മാലാഖയെ നോക്കി .മാലാഖ അവളുടെ കൈ പിടിച്ചു പതുക്കെ നടന്നു .അപ്പോഴും അച്ഛന്റെ ഭ്രാന്തമായ പുലമ്പൽ അവൾക്കു കേൾക്കാമായിരുന്നു .മാലാഖ അവളെ കൊണ്ട് നിർത്തിയത് ഒരാശുപത്രിയുടെ ചില്ലിട്ട മുറിക്കു പുറത്താണ് .തന്റെ അവസ്‌ഥ അറിഞ്ഞ ആ നിമിഷം നഷ്ടപെട്ട ബോധം ഇതുവരെ വീണ്ടെടുക്കാൻ കഴിയാതെ ചില്ലിട്ട മുറിക്കുളിൽ അമ്മയുടെ ആ കിടപ്പു അവളെ തകർത്തു .എന്തൊരു വലിയ പാപമാണ് താൻ ചെയ്തെതെന്ന് അവൾ സ്വയം ചിന്തിച്ചു .തന്റെ ഹൃദയത്തിനു താങ്ങാൻ പറ്റാത്ത കാഴ്ചകളാണ് കാണേണ്ടി വന്നത് .ആ കാഴ്ചകൾ അവളുടെ മനസ്സിനെ ഉലച്ചു .ഇവരുടെയൊക്കെ ആദ്മാർത്ഥമായ സ്നേഹത്തെ കാണാതെയും അറിയാതെയും , പെണ്ണിനെ വെറും കളിപ്പാട്ടമായി കണ്ട ഒരുത്തന്റെ കപട സ്നേഹത്തിന്റെ നഷ്ടദുഖത്തിൽ അങ്ങനെ ഒരു അവസാനം നിശ്ചയിച്ച അവളോട് അവൾക്കു തന്നെ വെറുപ്പ് തോന്നി .അവൾ പതുക്കെ മാലാഖയുടെ കൈ വിടുവിക്കാൻ ശ്രമിച്ചു .അവളെ തിരിച്ചയക്കാൻ അവൾ മാലാഖയോട് അപേക്ഷിച്ചു .മാലാഖ അവളെ തന്നിലേക്കി ചേർത്ത് നിർത്തി .എന്നിട്ടു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു ."ജീവിതത്തെ ജീവിതം കൊണ്ട് ജയിക്കുന്നതിനു പകരം നീ തിരഞ്ഞെടുത്തത് മരണത്തിലേക്കുള്ള ഒളിച്ചോട്ടമായിരുന്നു ,മരണത്തിനു ഇരുട്ടിന്റെ നിറമാണ് അതുകൊണ്ടു ആ ഇരുട്ടിൽ നിന്ന് ഇനി ഒരിക്കലും നിനക്ക് തിരികെ പോകാനാവുകയില്ല."ഒരു ഞെട്ടലോടെയാണ് മാലാഖയുടെ ഈ വാക്കുകൾ അവൾ കേട്ടത് .ഇനി ഒരിക്കലും തന്റെ അച്ഛന്റെയും അമ്മയുടെയും അനിയത്തിയുടെയും സുഹൃത്തുക്കളുടെ ആരുടെയും സ്നേഹം അനുഭവിക്കാൻ തനിക്കാവില്ലെന്ന സത്യം ശരിക്കും ഒരു ഞെട്ടൽ തന്നെ ആയിരുന്നു .ഒരു ഞെട്ടലോടെ തന്നെ അവൾ ആ സ്വപ്നത്തിൽ നിന്നുണർന്നു .അത് വെറും സ്വപ്നമായിരുന്നില്ല നാളെ നടക്കാൻ പോകുന്ന യാഥാർഥ്യമാണ് തന്റെ മുന്നിൽ ഒരു സ്വപ്നത്തിന്റെ രൂപത്തിൽ വന്നു പോയത് .അവൾ സമയം നോക്കി .എട്ടു മണിയുടെ പാസഞ്ചർ അവളെ കൊണ്ട് പോകാൻ ഇനി കുറച്ചു മണിക്കൂറുകൾ മാത്രം.തന്റെ ആത്മഹത്യാ കുറിപ്പവൾ അവസാനമായി ഒന്നു കൂടി വായിച്ചു .
പിറ്റേ ദിവസം എട്ടുമണിയുടെ പാസഞ്ചർ കൃത്യസമയത്തു തന്നെ പ്ലാറ്റഫോമിൽ വന്നു നിന്നു .അനു പതുക്കെ അതിൽ കയറി .വാതിലിനടുത്തു തന്നെ അവൾ നിന്നു .മരങ്ങളെയും കെട്ടിടങ്ങളേയും എല്ലാം പിന്നിലാക്കി തീവണ്ടി മുന്നോട്ടു കുതിച്ചു ,അതിന്റെ വേഗത കൂടി കൂടി വന്നു .അവൾ തലേ ദിവസം എഴുതിയ തന്റെ ആത്മഹത്യ കുറിപ്പെടുത്തു .പതുക്കെ അവൾ അത് ഒരുപാട് കഷ്ണങ്ങളാക്കി .ഓടുന്ന ട്രെയ്നിൽ നിന്ന് അവൾ ആ കടലാസ് കഷ്ണങ്ങൾ വലിച്ചെറിഞ്ഞു .കാറ്റിന്റെ ശക്തിയിൽ പലതും പല ദിക്കിലേക്കായി പറന്നു .അവൾ പറത്തി കളഞ്ഞത് വെറും ഒരു ആത്മഹത്യാ കുറിപ്പായിരുന്നില്ല ,നഷ്ടബോധത്തിന്റെ എല്ലാ ഓര്മകളെയുമായിരുന്നു .അവൾ പുഞ്ചിരിച്ചു ..വരാൻ പോകുന്ന ഒരു പാട് നല്ല ദിവസങ്ങളെ ഓർത്ത്.അന്ന് ആ നിമിഷം മുതൽ അവൾ വീണ്ടും ജീവിതത്ത സ്നേഹിച്ചു തുടങ്ങി ...സ്വപ്നത്തിലെ മാലാഖയുടെ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി
"ജീവിതത്തെ ജീവിതം കൊണ്ടാണ് ജയിക്കേണ്ടത് "…
ഹരി നായർ

അവയവ ദാനം മഹാ ദാനം




തിരക്കുള്ള ഒരു ട്രാഫിക് ജംഗ്ഷനിൽ ജോയ് സിഗ്നൽ കാത്തു കിടന്നു .ജീവിതം അയാൾക്ക്‌ നേരെ ചുവപ്പു കാണിക്കാൻ തുടങ്ങിയിട്ട് കുറച്ചധികം കാലമായി .

ഏറ്റവും ഒടുവിൽ അപ്പൂസിന്റെ രോഗത്തിന്റെ രൂപത്തിൽ . പതിമൂന്നു വയസ്സ് മാത്രം പ്രായമായ അപ്പുവിന് ഭേദമാകാൻ സാധ്യതയില്ലാത്ത ഹൃദ്രോഗമാണെന്ന് ഡോക്ടർ വിധി എഴുതിയിട്ടു മൂന്നുമാസത്തിൽ കൂടുതലായി .പലരുടെയും സഹായം കൊണ്ടാണ് ഇതുവരെയുള്ള ചികിത്സ നടന്നു പോന്നത് .ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ കൊണ്ട് മാത്രമേ കാര്യമായ മാറ്റങ്ങൾ സംഭവിക്കുകയുള്ളൂ എന്ന് ഡോക്ടർ ഇടക്കിടക്ക് ഓര്മിപ്പിക്കാറുണ്ട് .അതിനു വലിയ ഒരു തുക തന്നെ വേണം .ഒരു ടാക്സി ഡ്രൈവർ മാത്രമായ അയാൾക്ക്‌ ചിന്തിക്കാൻ പറ്റുന്നതിലുമപ്പുറത്തായിരുന്നു അത്.അപ്പുവിന്റെ സ്കൂളിലെ അധ്യാപകരും കുട്ടികളും ചേർന്ന് വലിയ ഒരു തുക സമാഹരിച്ചിട്ടുണ്ട് .പക്ഷെ അത് മാത്രം പോരല്ലോ ,ഇനിയും വേണം പണം .അയാളാൽ ആവുന്ന വിധത്തിലൊക്കെ അയാൾ ശ്രമിക്കുന്നുണ്ട് .സുഹൃത്തായ ബാഹുലേയൻ കുറച്ചു പണം തരാമെന്നു ഏറ്റിട്ടുണ്ട്. നാളെ വൈകുന്നേരം തന്നെ ചെല്ലണം ,അയാൾ പിറ്റേ ദിവസം ബാംഗ്ലൂർക്ക് പോകും .പിന്നെ ഒരാഴ്ച കഴിഞ്ഞേ തിരിച്ചു വരൂ .ഇന്ന് വൈകുന്നേരം അപ്പുവിനെയും കൊണ്ട് ചെക്കപ്പിനു പോണം അല്ലെങ്കിൽ ഇന്ന് തന്നെ പോകാമായിരുന്നു .ഒരായിരം ചിന്തകൾ മനസിലൂടെ മിന്നിമറഞ്ഞതു കൊണ്ടായിരിക്കണം സിഗ്നൽ മാറിയത് അയാൾ അറിഞ്ഞില്ല .പുറകിലെ വാഹനങ്ങളുടെ കൂട്ടത്തോടെയുള്ള ഹോണുകൾ അയാളെ ചിന്തയിൽ നിന്നുണർത്തി .അലക്ഷ്യമായി അയാൾ ആ വാഹനം മുന്നോട്ടോടിച്ചു .
അന്ന് വൈകുന്നേരം അപ്പുവിനെയും കൊണ്ട് ചെക്കപ്പിനു പോയപ്പോൾ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ പെട്ടന്ന് വേണമെന്നും,ഇനി അധികം സമയമില്ലെന്നും ഡോക്ടർ എല്ലാ പ്രാവശ്യത്തെയും പോലെ തന്നെ ആവർത്തിച്ചു .പക്ഷെ അന്ന് വരെ തോന്നാത്ത ഒരു ഇടർച്ച ഡോക്ടറുടെ ശബ്ദത്തിൽ ഉണ്ടായതായി അയാൾ ശ്രദ്ധിച്ചു .ഒരു ഡോണറെ കിട്ടിയാൽ ഉടൻ തന്നെ ഓപ്പറേഷൻ നടത്തിയേ മതിയാകൂ ,അത് മാത്രമാണ് ഇനി ചെയ്യാനുള്ളതെന്ന് ഒരു നെടുവീർപ്പോടെയാണ് ഡോക്ടർ പറഞ്ഞു നിർത്തിയത് .ഡോക്ടറുടെ വാക്കുകൾ ഉള്ളിൽ വലിയ ഒരു വിങ്ങൽ ഉണ്ടാക്കിയെങ്കിലും കണ്ണീരിന്റെ രൂപത്തിൽ അത് പുറത്തേക്കു വരാതിരിക്കാൻ അയാൾ ശ്രമിച്ചു .അപ്പു കേൾക്കാതെയാണ് ഡോക്ടർ തന്നോട് സംസാരിച്ചതു .പക്ഷെ അവൻ അയാളോട് ഒന്നും ചോദിച്ചില്ല .അവന്റെ കണ്ണുകളിൽ എന്തോ ഒരു ഭീതി അയാൾക്ക്‌ അനുഭവപെട്ടു .അവനെ കെട്ടിപിടിച്ചു ഒന്നു കരയണമെന്നുണ്ടായിരുന്നു അയാൾക്ക് .ആനി കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നയാൾ ആശിച്ചു .ഒരിക്കലും നടക്കാത്ത മോഹമാണെന്നറിഞ്ഞിട്ടും .മൂന്നു വർഷങ്ങൾക്കു മുൻപാണ് ഒരു ഹൃദ്രോഗത്തിന്റെ രൂപത്തിൽ വിധി അവളെ തന്നിൽ നിന്ന് അകറ്റിയത് .അതിന്റെ ബാക്കിപത്രമായി ഇപ്പോഴിതാ അപ്പുവിന്റെ രോഗത്തിന്റെ രൂപത്തിൽ .അപ്പുവിനെ വിധിക്കു വിട്ടു കൊടുക്കാൻ അയാൾ തയ്യാറായിരുന്നില്ല ,അതയാൾ 
എന്നെ മനസിലുറപ്പിച്ചിരുന്നു .തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ അവർ ഒന്നും സംസാരിച്ചില്ല .പേടിപ്പെടുത്തുന്ന ഒരു നിശബ്ദത ആ വാഹനത്തിൽ തങ്ങി നിന്നു .
പിറ്റേ ദിവസം അതിരാവിലെ അയാൾക്കൊരു ട്രിപ്പ് ഉണ്ടായിരുന്നു .അപ്പുറത്തുള്ള ഗോപി ചേട്ടനോട് അപ്പുവിനെ ഒന്നു നോക്കി കൊള്ളണമേ എന്ന് പറഞ്ഞയാൾ ധൃതിയിൽ ഇറങ്ങി.അപ്പു തനിച്ചുള്ളപ്പോഴൊക്കെ ഗോപി ചേട്ടനും ഭാര്യ മാലതി ചേച്ചിയും തന്നെയാണ് അപ്പുവിന്റെ കാര്യങ്ങൾ നോക്കാറ്.മക്കളില്ലാത്ത അവർക്ക് അപ്പു ഒരു മകൻ തന്നെ ആയിരുന്നു .കയറിയ യാത്രികരെയും കൊണ്ട് അയാൾ ആ നഗരം മുഴുവൻ കറങ്ങി .ഷോപ്പിംഗ് മാളുകളും പാർക്കും മ്യൂസിയവും എല്ലാം അയാൾ അവരെ കാണിച്ചു .അച്ഛനും അമ്മയും രണ്ടു കുട്ടികളുമടങ്ങിയ ആ കുടുംബത്തോട് അയാൾക്ക് ചെറിയ ഒരു അസൂയ തോന്നി .ഇടക്കെപ്പഴോ അപ്പുവിന്റെ വിവരങ്ങൾ അറിയാൻ ഗോപിചേട്ടനെ വിളിച്ചു നോക്കി പക്ഷെ കിട്ടിയില്ല .പിന്നീട് വിളിക്കാം എന്നു കരുതി അയാൾ ഫോൺ പോക്കറ്റിൽ തന്നെ ഇട്ടു .ചാർജ് തീരെ കുറവായിരുന്നു ഇനി എവിടുന്നെങ്കിലും കുറച്ചു നേരം ചാർജ് ചെയ്യണം എന്നയാൾ കരുതി . വൈകുന്നേരമായപ്പോൾ യാത്രികരെ അയാൾ ഹോട്ടലിൽ കൊണ്ട് പോയി ഇറക്കി വിട്ടു.ബാഹുലേയനെ വിളിക്കാനായി അയാൾ ഫോൺ എടുത്തു .ഫോൺ സ്വിച്ച്ഓഫ് ആയിരിക്കുന്നു ,തിരക്കിനിടയിൽ ചാർജ് ഇല്ലാത്ത കാര്യമൊക്കെ അയാൾ മറന്നു പോയിരുന്നു .ഇനി ബാഹുലേയനെ വീട്ടിൽ ചെന്ന് തന്നെ കാണാമെന്നുറച്ചയാൾ വണ്ടി ബാഹുലേയന്റെ വീടിനെ ലക്ഷ്യമാക്കി ഓടിച്ചു .അവിടെ എത്തി ബാഹുലേയനുമായി കുറച്ചു നേരം സംസാരിച്ചിരുന്നു .അതിനിടയിൽ അയാൾ തന്റെ ഫോൺ കുറച്ചു നേരം ചാർജ് ചെയ്‌തു .ബാഹുലേയനിൽ നിന്ന് പണവും വാങ്ങി എല്ലാം ശരിയാവുമെന്ന ആശ്വാസവാക്കും കേട്ടയാൾ അവിടെ നിന്നറങ്ങി .കാറിലിരുന്ന് അയാൾ ഗോപിചേട്ടനെ വിളിക്കാനായി ഫോൺ സ്വിച്ച്ചോൺ ചെയ്‌തു .രണ്ടു പ്രാവശ്യം കാൾ പോയെങ്കിലും അപ്പുറത്തെ തലക്കൽ യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല .പെട്ടന്ന് വീടെത്താനായി അയാൾ പതുക്കെ കാർ മുന്നോട്ടോടിച്ചു .കുറച്ചു ദൂരം ചെന്നതും അയാളുടെ ഫോൺ ശബ്ദിച്ചു.കാർ സൈഡിലേക്ക് ഒതുക്കി അയാൾ ഗോപിച്ചേട്ടന്റെ കാൾ അറ്റൻഡ് ചെയ്‌തു .ഗോപിച്ചേട്ടന്റെ സംസാരത്തിലെ പരിഭ്രമം അയാളുടെ ഹൃദയമിടിപ്പ് കൂട്ടി .അപ്പു ഐ സി യു വിലാണെന്ന കാര്യം ഒരു വിറയലോടെ ഗോപിചേട്ടൻ പറഞ്ഞൊപ്പിച്ചു .ഹോസ്പിറ്റലിന്റെ പേരും പോലും ശരിയായി കേട്ടോ എന്നറിയില്ല .തല കറങ്ങുന്നതുപോലെ തോന്നി അയാൾക്ക് .അതിവേഗത്തിൽ വാഹനമോടിച്ചിട്ടും അത് നീങ്ങാത്തതായി തോന്നി .പെട്ടന്നെന്തെങ്കിലും ചെയ്യണം ഇനി അധികം സമയമില്ല എന്ന ഡോക്ടറിന്റെ വാക്കുകൾ അയാളുടെ ചെവിയിൽ മുഴങ്ങികൊണ്ടിരുന്നു .അത് ഒരു സൂചിമുന പോലെ ഹൃദയത്തെ കുത്തി കൊണ്ടിരുന്നു .പെട്ടന്നാണ് ഒരു ചെറുപ്പക്കാരൻ റോഡിന്റെ സൈഡിൽ നിന്ന് കൈ കാണിക്കുന്നത് അയാൾ ശ്രദ്ധിച്ചതു .എന്തോ അപകടം ആ ചെറുപ്പക്കാരന് പറ്റിയിരിക്കുന്നു അത് തീർച്ച .അയാൾക്ക്‌ മുൻപ് പോയ വാഹനങ്ങൾ ഒന്നും ആ ചെറുപ്പക്കാരന്റെ മുന്നിൽ നിർത്തിയില്ല .പക്ഷെ അയാൾക്ക് നിർത്താതെ പോവാൻ മനസ്സുവന്നില്ല .ആ ചെറുപ്പക്കാരന്റെ ഡ്രെസ്സിൽ ചോര പുരണ്ടിരുന്നു .ഏതോ വണ്ടി തങ്ങളുടെ ബൈക്ക് ഇടിച്ചു വീഴ്ത്തി നിർത്താതെ പോയെന്നും,തന്റെ സുഹൃത്തു രക്‌തം വാർന്നു കിടക്കുകയാണെന്നും,എങ്ങനെയെങ്കിലും ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കണമെന്നുമൊക്കെ വിറച്ചു കൊണ്ട് ആ ചെറുപ്പക്കാരൻ പറഞ്ഞൊപ്പിച്ചു .എന്ത് മറുപടി പറയണമെന്നറിയാതെ അയാൾ ഇരിക്കുന്നതിനിടയിൽ, കുറച്ചപ്പുറത്തു രക്തത്തിൽ കുളിച്ചു കിടക്കുന്ന സുഹൃത്തിനെ താങ്ങി എടുക്കാനായി ആ ചെറുപ്പക്കാരൻ നീങ്ങി.പക്ഷെ അയാളുടെ മനസ്സിൽ തന്റെ മകനെ കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു.താൻ ആശുപത്രിയിലേക്ക് തന്നെയാണ് പോകുന്നതെന്നും ,ആ കിടക്കുന്നവനും ആരുടെയോ മകനാണെന്നൊക്കെയുള്ള ചിന്തകളൊന്നും അയാൾക്ക് തോന്നിയില്ല.അയാൾ വാഹനം മുന്നോട്ടെടുത്തു .ചെറുപ്പക്കാരന്റെ അലമുറ കുറെ ദൂരെ വരെ ആ വാഹനങ്ങളുടെ ശബ്ദത്തിനിടയിലും അയാൾക്ക്‌ കേൾക്കാമായിരുന്നു .ചെയ്‌തതു വലിയ തെറ്റാണെന്നയാൾക്കറിയാമായിരുനെങ്കിലും അതിനെ കുറിച്ചൊന്നും ചിന്തിക്കാൻ അപ്പോൾ അയാൾക്ക്‌ തോന്നിയില്ല .
മനസ്സിൽ അപ്പുവിന്റെ മുഖം മാത്രമായിരുന്നു .ആശുപത്രിക്കരികിൽ കാർ നിർത്തിയിട്ടു അയാൾ ഐ സി യു ലക്ഷ്യമാക്കി ഓടി .ചില്ലിട്ട മുറിക്കുള്ളിൽ വായിലും മൂക്കിലുമൊക്കെ കുഴലുകൾ ഇട്ടു തന്റെ പൊന്നുമോൻ കിടക്കുന്നത് അധികനേരം നോക്കി നിൽക്കാൻ അയാൾക്കായില്ല.ഗോപിച്ചേട്ടനും മാലതി ചേച്ചിയുമൊക്കെ എന്തൊക്കെയോ അയാളോട് പറയുന്നുണ്ടായിരുന്നു .അയാൾ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല, കേൾക്കാൻ അയാൾക്ക്‌ കഴിയുന്നുണ്ടായിരുന്നില്ല .എന്തോ ഒരു തരം മരവിപ്പോടെ അയാൾ ഐ സി യു വിന്റെ മുന്നിലുള്ള ബെഞ്ചിൽ ഇരുന്നു .ഡോക്ടറുടെ ശബ്ദമാണയാളെ ഉണർത്തിയത് .രണ്ടു ദിവസത്തിനുള്ളിൽ ഒരു ഡോണറെ കിട്ടുമെന്നു തന്നെയാണ് വിശ്വാസം ,എല്ലാ ഹോസ്പിറ്റലുകളിലേക്കും ഇൻഫർമേഷൻ നല്കികഴിഞ്ഞിട്ടുണ്ട് ,എല്ലാം ശരിയാകും തുടങ്ങിയ ആശ്വാസ വാക്കുകൾ അയാളിൽ എന്തെങ്കിലും മാറ്റം ഉണ്ടാക്കിയോയെന്നറിയില്ല .നഴ്‌സ്‌ നൽകിയ ഒരു കുറിപ്പുമായി മരുന്ന് വാങ്ങാനായി അയാൾ ഫാർമസിയിലേക്കു നടന്നു .പെട്ടന്ന് കാഷ്വാലിറ്റിയിൽ ഒരു ബഹളം .ഒരു ആക്സിഡന്റ് കേസ് വന്നിട്ടുണ്ടെന്നാരോ പറഞ്ഞു .ആളുകളുടെ ബഹളത്തിനിടയിൽ ഒരു മുഖം അയാൾ ശ്രദ്ധിച്ചു .കുറച്ചു മുൻപ് റോഡരികിൽ രക്‌തത്തിൽ കുളിച്ചു കിടന്ന തന്റെ സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ തന്നോട് കെഞ്ചിയ ചെറുപ്പക്കാരന്റെ അതെ മുഖം .ഒരു കുറ്റവാളിയെ പോലെ ആ ചെറുപ്പക്കാരന്റെ നോട്ടത്തിൽ പെടാതിരിക്കാൻ അയാൾ ശ്രമിച്ചു .താൻ ഉപേക്ഷിച്ചു പോന്ന ആളിന്റെ ജീവൻ രക്ഷിക്കണമേയെന്നു ദൈവത്തോട് പ്രാർത്ഥിക്കാൻ അയാൾക്ക് തോന്നി ,പക്ഷെ അയാൾക്കതിനുപോലും ആയില്ല .വല്ലാത്തൊരു മരവിപ്പ് അയാളുടെ മനസ്സിനെ കീഴടക്കിയിരുന്നു .
പിറ്റേദിവസം രാവിലെ തന്നെ ഡോക്ടർ അയാളെ മുറിയിലേക്ക് വിളിപ്പിച്ചു .ഡോക്ടറുടെ മുറിയിലേക്ക് പോകുന്ന വഴി ഇന്നലത്തെ ആക്സിഡന്റ് കേസിലെ പയ്യനെപ്പറ്റി റിസപ്ഷനിൽ ഒന്നന്വേഷിച്ചാലോ എന്നയാൾക്ക്‌ തോന്നി .ഒരു കുറ്റവാളിയുടേതുപോലുള്ള ഭയം അയാളെ അതിൽ നിന്ന് വിലക്കി.ഡോണറെ കിട്ടിയ കാര്യം വലിയ ഉത്സാഹത്തോടെയാണ് ഡോക്ടർ പറഞ്ഞു തുടങ്ങിയത് .ഇന്ന് തന്നെ ഓപ്പറേഷൻ നടത്താമെന്നും അതിനു വേണ്ട ഫോമുകളും മറ്റും ഓഫീസിൽ പോയി ഒപ്പിട്ടു കൊടുത്തോളാനും ഡോക്ടർ അയാളോട് പറഞ്ഞു.
അറിയാനുള്ള ആവേശത്തിൽ ഡോണർ ആരാണെന്നയാൾ അന്വേഷിച്ചു .ഡോക്ടറുടെ മുഖം പെട്ടന്ന് മ്ലാനമായി .ഒരു നെടുവീർപ്പോടെ ഇന്നലെ വൈകിട്ട് വന്ന ഒരു ആക്സിഡന്റ് കേസിനെ പറ്റി ഡോക്ടർ പറഞ്ഞു.അച്ഛന്റെയും അമ്മയുടെയും ഒറ്റ മകൻ ,എഞ്ചിനീയറിംഗ് അവസാന വർഷ വിദ്യാർത്ഥി .ഇന്നലെ ഏതോ വണ്ടി തട്ടി കുറെ നേരം രക്‌തം വാർന്നു കിടന്നു .ഈ ഒരു അവസ്‌ഥയിലും ഇത്തരം ഒരു പുണ്യ പ്രവർത്തി ചെയ്‌ത ആ മാതാപിതാക്കളെ ഡോക്ടർ സ്തുതിച്ചു .അപ്പൂസടക്കം മൂന്നു പേരാണ് അവരുടെ ഈ തീരുമാനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പോകുന്നത് എന്നയാൾ ഡോക്ടറിൽ നിന്നറിഞ്ഞു .തകർന്ന മനസ്സോടെ അയാൾ അത് കേട്ടു നിന്നു .അയാൾക്ക്‌ അലറി കരയാൻ തോന്നി .അയാൾ അയാളെ തന്നെ വെറുത്തു .അയാൾക്ക്‌ ആ മാതാപിതാക്കളെ കാണണമെന്നും അവരോടു മാപ്പു പറയണമെന്നൊക്കെ തോന്നി .മകന്റെ നിശ്ചലമായ ശരീരം ഏറ്റുവാങ്ങാനായി മുറിക്കു പുറത്തെ ബെഞ്ചിലിരിക്കുന്ന ആ മാതാപിതാക്കളെ തകർന്ന മനസ്സോടെ അയാൾ കണ്ടു.അതിനിടയിൽ ആ ചെറുപ്പക്കാരന്റെ കണ്ണുകളുമായി അയാളുടെ കണ്ണുകൾ കൂട്ടിമുട്ടി.ഒരു കുറ്റവാളിയെ പോലെ അവിടുന്ന് ഓടിപോകാനയാൾക്കു തോന്നി .ആ ചെറുപ്പക്കാരനിൽ നിന്നും ഒരു പൊട്ടിത്തെറി അയാൾ പ്രതീക്ഷിച്ചു .പക്ഷെ സുഹൃത്തു നഷ്ടപെട്ട അവന്റെ കണ്ണുകളിൽ അയാളോടുള്ള ദേഷ്യമോ വെറുപ്പോ ഒന്നും ഉണ്ടായിരുന്നില്ല ,ആ കണ്ണുകളിൽ നിഴലിച്ചു നിന്നതു അയാളോടുള്ള സഹതാപം മാത്രമായിരുന്നു .ഒരു മനുഷ്യൻ എന്ന നിലയിൽ താൻ പരാജയപ്പെട്ടതായി അയാൾക്ക്‌ തോന്നി .ഒരു പരാജിതനോടുളളു സഹതാപം മാത്രമാണോ അവന്റെ കണ്ണുകളിൽ കണ്ടത് .മനുഷ്യതം മരിച്ച മനസ്സുമായി എന്തിനാണിങ്ങനെ ജീവിക്കുന്നതെന്ന് അവൻ ചോദിക്കുന്നതായി അയാൾക്ക് തോന്നി .മരവിച്ച മനസ്സുമായി അയാൾ അവിടെ നിന്നും നടന്നു .അപ്പോഴേക്കും അപ്പൂസിനെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുപോയിരുന്നു .നഴ്‌സ്‌ തന്ന പേപ്പറിൽ എവിടെയൊക്കെയോ അയാൾ ഒപ്പിട്ടു .ഓപ്പറേഷൻ തിയേറ്ററിന്റെ പുറത്തെ ബെഞ്ചിലിരിക്കുമ്പോഴും അയാളുടെ മനസ്സിനെ അസ്വസ്ഥമാക്കിയത് ആ ചെറുപ്പക്കാരന്റെ നോട്ടമായിരുന്നു .ചിലർ മരിക്കുമ്പോൾ ചിലർ ജീവിക്കുന്നു എന്നത് എവിടെയോ വായിച്ചതു അയാൾ ഓർത്തു .
ഓപ്പറേഷൻ കഴിഞ്ഞ പിറ്റേ ദിവസമാണ് അപ്പൂസ് കണ്ണ് തുറന്നത്‌ .മനസ്സിൽ ഒരു വല്ലാത്ത വിങ്ങൽ ഉള്ളത് കൊണ്ടായിരിക്കും അവനോടൊന്നു പുഞ്ചിരിക്കാൻ പോലും അയാൾക്ക്‌ കഴിഞ്ഞില്ല .തനിക്കും അപ്പുവിനുമിടയിൽ മറ്റാരോ ഒരാൾകൂടി ഉള്ളതായി അയാൾക്ക് തോന്നി .അയാൾ പതുക്കെ അപ്പുവിന്റെ നെഞ്ചിൽ കൈവച്ചു .ആ ഹൃദയത്തിൽ തൊട്ടു അയാൾ ഒരായിരം തവണ മനസ്സുകൊണ്ട് മാപ്പു പറഞ്ഞു .ഇതേ സമയം മറ്റൊരിടത്തു ആ ഹൃദയത്തിന്റെ ഉടമയുടെ ചിതയിൽ നിന്ന് അഗ്നി ഒരു ജ്വാലയായി പറന്നുയർന്നു കൊണ്ടേയിരുന്നു ഈ ആകാശം മൊത്തം കീഴടക്കാൻ എന്ന പോലെ .കുറച്ചു ദിവസങ്ങൾക്കു ശേഷം അയാൾ കുറെ കടലാസുകളിൽ ഒപ്പു വെച്ചു .അയാളുടെ അവയവങ്ങൾ ദാനം ചെയ്‌തുകൊണ്ടുള്ള സമ്മതപത്രമായിരുന്നു അത് .ആ നഗരത്തിൽ വീണ്ടും അയാൾ ടാക്സി ഓടിച്ചുകൊണ്ടേയിരുന്നു .അയാളുടെ ടാക്സിയുടെ പുറകിൽ ഇങ്ങനെ എഴുതിയിരുന്നു "അവയവ ദാനം മഹാ ദാനം "


By: harinair

അത്തറിന്റെ മണമുള്ള മഴ


ഓഫീസിൽ നിന്ന് എബി അന്ന് നേരത്തെ ഇറങ്ങി .സാധരണ അയാൾ ബസ്സിലാണ് പോകാറ് ,പക്ഷെ അന്നെന്തുകൊണ്ടോ അയാൾ ട്രെയ്നിൽ പോവാമെന്നു തീരുമാനിച്ചു .യാത്രകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന എബിക്ക് ഇപ്പോൾ എറണാകുളത്തു നിന്ന് കോഴിക്കോട് വരെയുള്ള യാത്ര പോലും മുരടിപ്പിക്കുന്നതാണ് . ജോലിയുടെ ഭാഗമായി ചെയ്യേണ്ടി വരുന്ന യാത്രകളുടെ എണ്ണം കൂടിയത് കൊണ്ടാകണം ഈ മുരടിപ്പ് .കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്തു അയാൾ പ്ലാറ്റഫോം നമ്പർ മൂന്നിനെ ലക്ഷ്യമാക്കി നടന്നു .മൂന്നാമത്തെ പ്ലാറ്റഫോമിലെ ഒരൊഴിഞ്ഞ കസേരയിൽ അയാൾ ആ ട്രെയിനും കാത്തിരുന്നു .മുൻപ് പലപ്പോഴും അയാൾ ഈ ട്രെയിനിൽ യാത്ര ചെയ്‌തിട്ടുണ്ട് .അതിന്റെ ഒറ്റയാനെ പോലെ ചിന്നം വിളിയും ,എതിരെ വരുന്ന എന്തിനെയും തോൽപ്പിച്ച് കൊണ്ടുള്ള വരവുമൊക്കെ ഒരു കുട്ടിയുടെ കൗതുകയതോടെ നോക്കി നിന്നിട്ടുമുണ്ട് .മനസ്സിൽ എന്തൊക്കെയോ പുകയുന്നതുകൊണ്ടാകണം ,തീവണ്ടി വന്നു നിന്നതു തന്നെ അയാൾ അറിഞ്ഞത് ആരൊക്കെയോ അയാളെ തട്ടി മാറ്റിയപ്പോഴാണ് .എല്ലാവരും പരക്കം പായുകയാണ് ,ചിലർ പ്രതീക്ഷകളിലേക്കും ,പുതിയ ബന്ധങ്ങളിലേക്കും ,നേട്ടങ്ങളിലേക്കും ,ജീവിതത്തിന്റെ മുരടിപ്പിൽ നിന്നും ഒക്കെ ആയിരിക്കണം ഈ ഓട്ടം .തനിക്കും ഇങ്ങനെ പായാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്നയാൾ ആശിച്ചു.അപ്പോഴാണ് ആ കണ്ണുകൾ അയാൾ ശ്രദിച്ചതു .നല്ല പരിചയമുള്ള കണ്ണുകൾ .ആ കണ്ണുകളെ കുറിച്ചുള്ള ഓർമ്മകൾ അയാളെ കൊണ്ട് ചെന്ന് നിർത്തിയത് സ്കൂൾ ജീവിതത്തിലാണ് .
എട്ടു ബി എന്ന തങ്ങളുടെ ക്ലാസ്സിലേക്ക് പുതുതായി വന്ന ,വിടർന്ന കണ്ണുകളുള്ള അലീഷ എന്ന ആ പെൺകുട്ടിയെ എല്ലാവരും ഒരത്ഭുദത്തോടെ നോക്കി .അന്ന് ആ ക്ലാസ് റൂമിൽ തങ്ങി നിന്നതു അവൾ പൂശിക്കൊണ്ടു വന്ന അത്തറിന്റെ ഗന്ധമായിരുന്നു . പെട്ടന്ന് ഓർമ്മ വീണ്ടെടുത്ത എബി കണ്ടത് അവളുടെ പുഞ്ചിരിയാണ് .തിരിച്ചയാൾ പുഞ്ചിരിച്ചോ എന്നയാൾക്കറിയില്ല .അവൾക്കെന്തോക്കെയോ പറയാനുണ്ടെന്ന് തോന്നി .ജീവിതത്തിൽ ഒരു പരാജിതനായി തുടരുന്നതിന്റെ കോംപ്ലക്സ് അവളോട്‌ എന്തെങ്കിലും ചോദിക്കുന്നതിൽ നിന്ന് എബിയെ വിലക്കി,അവളുടെ മറുചോദ്യങ്ങൾക്കു തന്റെ കയ്യിൽ ഉത്തരമുണ്ടായില്ലെങ്കിലോ .പക്ഷെ അവളുടെ കണ്ണുകൾക്ക് പഴയ തിളക്കം നഷ്ടപ്പെട്ടിരുന്നു ,അത്തറിന്റെ സുഗന്ധവും .വര്ഷങ്ങള്ക്കു ശേഷം കൂടെ പഠിച്ച ഒരു സഹപാഠിയോട് ,സുഖമാണോ എന്നൊരു ചോദ്യം പോലും ചോദിക്കാതിരുന്ന അയാളോട് അയാൾക്ക്‌ തന്നെ വെറുപ്പ് തോന്നി .അവൾ അയാൾക്ക്‌ ഒരു സഹപാഠി മാത്രമായിരുന്നില്ല .അയാൾ തിരിഞ്ഞു നോക്കിയെങ്കിലും ആൾകൂട്ടത്തിൽ എവിടെയോ അവൾ നഷ്ടപ്പെട്ട് പോയിരുന്നു .അലീഷയെ കുറിച്ചുള്ള ഓർമകളുമായി എബി ജനലിനടുത്തുള്ള ഒരു സീറ്റിലിരുന്നു .തീവണ്ടി അതിന്റെ അടുത്ത ലക്ഷ്യത്തിലേക്കു കുതിക്കാൻ തുടങ്ങി .അപ്പോഴും അയാളുടെ മനസ്സിൽ ഒരു ചോദ്യം ഉണർന്നു കൊണ്ടിരുന്നു .അവൾക്കിനി ശരിക്കും തന്നോട് എന്തെങ്കിലും പറയാനുണ്ടായിരുന്നോ ,അതോ അത് തന്റെ വെറും തോന്നലായിരുന്നോ .സ്കൂളിൽ പഠിക്കുമ്പോൾ അവളുടെ സൗഹൃദത്തിനായി മത്സരിച്ച പലരെയും തോൽപ്പിച്ച് അവളുടെ ഒരു നല്ല സുഹൃത്തായി എബി മാറിയിരുന്നു .തന്റെ ഉള്ളിലെ പ്രണയം അവളോട് പറയണമെന്നു എബിക്ക് തോന്നിയിട്ടും പറയാതിരുന്നത് അവളുടെ സൗഹൃദം നഷ്ടപ്പെടുമോ എന്ന ഭീതി മൂലമാണ് .ഒടുവിൽ പത്താം ക്ലാസ്സിലെ ഫെയർവെൽ പാർട്ടിക്കൊടുവിൽ എബിയുടെ കൈകളിൽ അവൾ ഒരു സമ്മാനപ്പൊതി വച്ച് കൊടുത്തു.അവൾ തന്നിൽ നിന്നും എന്തോ കേൾക്കാൻ കൊതിക്കുന്നതായി അയാൾക്ക് തോന്നി.അവൾക്കും എന്തോ പറയണമെന്നുണ്ടായിരുന്നു . അയാൾ ഒന്നും പറഞ്ഞതുമില്ല ഒന്നും ചോദിച്ചുമില്ല .അയാൾ ആ സമ്മാനപ്പൊതി തുറന്നു നോക്കി .അത് ഒരു അത്തറിന്റെ കുപ്പിയായിരുന്നു .അതിനു അവളുടെ സുഗന്ധമായിരുന്നു .വര്ഷങ്ങള്ക്കിപ്പുറം ജീവിതം തന്റെ മുന്നിൽ അവളെ കൊണ്ട് നിർത്തിയിട്ടും അവളോടൊന്നും ചോദിക്കാൻ തോന്നാത്ത ആ നിമിഷത്തെ ശപിച്ചു കൊണ്ടയാൾ ട്രെയ്‌നിലിരുന്ന് മയങ്ങി പോയി.അവളെ കുറിച്ചുള്ള ചിന്തകൾ തീവ്രമായതു കൊണ്ടാകണം ,അയാൾ കണ്ട സ്വപ്നത്തിനു അവളുടെ നിറമായിരുന്നു .സ്വപ്നത്തിൽ അവർ പരസ്പരം പ്രണയിച്ചു തുടങ്ങിയിരുന്നു .വരാന്തയിലും ക്ലാസ്സ്മുറികളിലും എല്ലാം അവർ കണ്ണുകൾ കൊണ്ട് പ്രണയം കൈമാറി .ഒഴിഞ്ഞ ക്ലാസ്മുറികളിലെ ബെഞ്ചിലിരുന്നു സ്വപ്‌നങ്ങൾ പങ്കുവച്ചു .ബ്ലാക്ക് ബോർഡിൽ ചാരി നിർത്തി അവളുടെ കവിളിൽ ചുണ്ടുകൾ കൊണ്ടയാൾ ചിത്രം വരച്ചു .തീവണ്ടിയുടെ പെട്ടന്നുള്ള നിർത്തൽ എബിയെ സ്വപ്നത്തിൽ നിന്നുണർത്തി .അയാൾക്ക്‌ തീവണ്ടിയോടു ദേഷ്യം തോന്നി .വീട്ടിൽ എത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു .യാത്രയുടെ ക്ഷീണം അയാളെ തളർത്തിയെങ്കിലും ,മനസ്സിൽ എന്തോ ഒരുണർവ് അയാൾക്കനുഭവപ്പെട്ടു .കുളിച്ചു വന്ന്‌ ഉടനെ അയാൾ ലാപ്ടോപ്പ് എടുത്തു അലീഷയുടെ ഫേസ്ബുക് പ്രൊഫൈൽ ഓപ്പൺ ചെയ്‌തു.കുറെ നാളുകളായി അതിൽ അപ്ഡേറ്സ് ഒന്നും ഇല്ല.പ്രൊഫൈൽ ഫോട്ടോ ആയി ഇട്ടിരുക്കുന്നതു ഒരു വാടിയ റോസാപ്പൂവായിരുന്നു .ആ ഫോട്ടോ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു .അവളുടെ സുഹൃത്തായിരുന്ന ഷാഹിന പറഞ് അവളുടെ ഡിവോഴ്‌സിനേപറ്റിയൊക്കെ എബി അറിഞ്ഞിരുന്നു .എബി അവളുടെ ഇൻബോക്സിൽ എന്തൊക്കെയോ ടൈപ്പ് ചെയ്‌തു പക്ഷെ അയച്ചില്ല .നേരിട്ട് സംസാരിക്കുകയോ അല്ലെങ്കിൽ ഫോൺ ചെയ്യുകയോ ചെയ്യാം .ഇത്രയും വർഷത്തിന് ശേഷം സംസാരിക്കുമ്പോൾ ഒരുപാടുണ്ടാവും പറയാനും കേൾക്കാനുമായി .എല്ലാ വിശേഷങ്ങൾക്കൊടുവിൽ അന്ന് സ്കൂളിൽ വച്ച് ആ സമ്മാനപ്പൊതി കൈമാറുമ്പോൾ അവൾ കേൾക്കാനാഗ്രഹിച്ചതും താൻ പറയാൻ ആഗ്രഹിച്ചതും പറഞ്ഞെ തീരു ..ഇനി വൈകിക്കൂടാ .മനസ്സിൽ അലീഷയുടെ ഓർമ്മകളെയും താലോലിച്ചു അയാൾ സുഖമായി ഉറങ്ങി. ഒരു പാട് ദിവസങ്ങൾക്കു ശേഷമാണു അയാൾ ഇത്ര നന്നായി ഉറങ്ങിയതു .പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരാവേശത്തോടെ അയാൾ എഴുനേറ്റു .അപ്പോഴേക്കും ചേച്ചിയുടെ മകൾ പത്രം കൊണ്ട് തന്നു .അനേകായിരം വാർത്തകൾക്കിടയിൽ ഒരു വാർത്ത അയാൾ ശ്രദ്ധിച്ചു .യുവതി വീട്ടിനുള്ളിൽ വിഷം കഴിച്ചു മരിച്ചു എന്ന സാധരണ വാർത്ത .പക്ഷെ ആ ഫോട്ടോയിൽ കണ്ട യുവതിയുടെ കണ്ണുകൾക്ക് അലീഷയുടെ കണ്ണുകളുടെ തിളക്കമുണ്ടായിരുന്നു .മഴ പെയ്‌തു തുടങ്ങിയിരുന്നു ,ആ മഴയ്ക്ക് ഒരു പ്രേത്യേക സുഗന്ധമുണ്ടായിരുന്നു .ഒരു ഭ്രാന്തനെ പോലെ അയാൾ അലമാരിയിൽ എന്തോ തിരഞ്ഞു ,ഒടുവിൽ ആ അത്തറിന്റെ കുപ്പിയിൽ നിന്ന് ആ മണമൊന്നു ശ്വസിച്ചു .പെയ്യുന്ന മഴക്കും അതെ മണമായിരുന്നു .ഇന്നലെ കണ്ടപ്പോൾ അവൾക്കു പറയാനുള്ളത് ഒന്നു കേട്ടിരുന്നെങ്കിൽ അല്ലെങ്കിൽ തനിക്കു പറയാനുള്ളത് അവളെ അറിയിച്ചിരുന്നെങ്കിൽ.എല്ലാം നഷ്ടപെട്ടവനെ പോലെ അയാൾ അലറി ...അപ്പോഴും മഴ പെയ്‌തുകൊണ്ടേയിരുന്നു അത്തറിന്റെ മണവും പരത്തി കൊണ്ട് .…

By: 

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo