ഓഫീസിൽ നിന്ന് എബി അന്ന് നേരത്തെ ഇറങ്ങി .സാധരണ അയാൾ ബസ്സിലാണ് പോകാറ് ,പക്ഷെ അന്നെന്തുകൊണ്ടോ അയാൾ ട്രെയ്നിൽ പോവാമെന്നു തീരുമാനിച്ചു .യാത്രകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന എബിക്ക് ഇപ്പോൾ എറണാകുളത്തു നിന്ന് കോഴിക്കോട് വരെയുള്ള യാത്ര പോലും മുരടിപ്പിക്കുന്നതാണ് . ജോലിയുടെ ഭാഗമായി ചെയ്യേണ്ടി വരുന്ന യാത്രകളുടെ എണ്ണം കൂടിയത് കൊണ്ടാകണം ഈ മുരടിപ്പ് .കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്തു അയാൾ പ്ലാറ്റഫോം നമ്പർ മൂന്നിനെ ലക്ഷ്യമാക്കി നടന്നു .മൂന്നാമത്തെ പ്ലാറ്റഫോമിലെ ഒരൊഴിഞ്ഞ കസേരയിൽ അയാൾ ആ ട്രെയിനും കാത്തിരുന്നു .മുൻപ് പലപ്പോഴും അയാൾ ഈ ട്രെയിനിൽ യാത്ര ചെയ്‌തിട്ടുണ്ട് .അതിന്റെ ഒറ്റയാനെ പോലെ ചിന്നം വിളിയും ,എതിരെ വരുന്ന എന്തിനെയും തോൽപ്പിച്ച് കൊണ്ടുള്ള വരവുമൊക്കെ ഒരു കുട്ടിയുടെ കൗതുകയതോടെ നോക്കി നിന്നിട്ടുമുണ്ട് .മനസ്സിൽ എന്തൊക്കെയോ പുകയുന്നതുകൊണ്ടാകണം ,തീവണ്ടി വന്നു നിന്നതു തന്നെ അയാൾ അറിഞ്ഞത് ആരൊക്കെയോ അയാളെ തട്ടി മാറ്റിയപ്പോഴാണ് .എല്ലാവരും പരക്കം പായുകയാണ് ,ചിലർ പ്രതീക്ഷകളിലേക്കും ,പുതിയ ബന്ധങ്ങളിലേക്കും ,നേട്ടങ്ങളിലേക്കും ,ജീവിതത്തിന്റെ മുരടിപ്പിൽ നിന്നും ഒക്കെ ആയിരിക്കണം ഈ ഓട്ടം .തനിക്കും ഇങ്ങനെ പായാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്നയാൾ ആശിച്ചു.അപ്പോഴാണ് ആ കണ്ണുകൾ അയാൾ ശ്രദിച്ചതു .നല്ല പരിചയമുള്ള കണ്ണുകൾ .ആ കണ്ണുകളെ കുറിച്ചുള്ള ഓർമ്മകൾ അയാളെ കൊണ്ട് ചെന്ന് നിർത്തിയത് സ്കൂൾ ജീവിതത്തിലാണ് .
എട്ടു ബി എന്ന തങ്ങളുടെ ക്ലാസ്സിലേക്ക് പുതുതായി വന്ന ,വിടർന്ന കണ്ണുകളുള്ള അലീഷ എന്ന ആ പെൺകുട്ടിയെ എല്ലാവരും ഒരത്ഭുദത്തോടെ നോക്കി .അന്ന് ആ ക്ലാസ് റൂമിൽ തങ്ങി നിന്നതു അവൾ പൂശിക്കൊണ്ടു വന്ന അത്തറിന്റെ ഗന്ധമായിരുന്നു . പെട്ടന്ന് ഓർമ്മ വീണ്ടെടുത്ത എബി കണ്ടത് അവളുടെ പുഞ്ചിരിയാണ് .തിരിച്ചയാൾ പുഞ്ചിരിച്ചോ എന്നയാൾക്കറിയില്ല .അവൾക്കെന്തോക്കെയോ പറയാനുണ്ടെന്ന് തോന്നി .ജീവിതത്തിൽ ഒരു പരാജിതനായി തുടരുന്നതിന്റെ കോംപ്ലക്സ് അവളോട് എന്തെങ്കിലും ചോദിക്കുന്നതിൽ നിന്ന് എബിയെ വിലക്കി,അവളുടെ മറുചോദ്യങ്ങൾക്കു തന്റെ കയ്യിൽ ഉത്തരമുണ്ടായില്ലെങ്കിലോ .പക്ഷെ അവളുടെ കണ്ണുകൾക്ക് പഴയ തിളക്കം നഷ്ടപ്പെട്ടിരുന്നു ,അത്തറിന്റെ സുഗന്ധവും .വര്ഷങ്ങള്ക്കു ശേഷം കൂടെ പഠിച്ച ഒരു സഹപാഠിയോട് ,സുഖമാണോ എന്നൊരു ചോദ്യം പോലും ചോദിക്കാതിരുന്ന അയാളോട് അയാൾക്ക് തന്നെ വെറുപ്പ് തോന്നി .അവൾ അയാൾക്ക് ഒരു സഹപാഠി മാത്രമായിരുന്നില്ല .അയാൾ തിരിഞ്ഞു നോക്കിയെങ്കിലും ആൾകൂട്ടത്തിൽ എവിടെയോ അവൾ നഷ്ടപ്പെട്ട് പോയിരുന്നു .അലീഷയെ കുറിച്ചുള്ള ഓർമകളുമായി എബി ജനലിനടുത്തുള്ള ഒരു സീറ്റിലിരുന്നു .തീവണ്ടി അതിന്റെ അടുത്ത ലക്ഷ്യത്തിലേക്കു കുതിക്കാൻ തുടങ്ങി .അപ്പോഴും അയാളുടെ മനസ്സിൽ ഒരു ചോദ്യം ഉണർന്നു കൊണ്ടിരുന്നു .അവൾക്കിനി ശരിക്കും തന്നോട് എന്തെങ്കിലും പറയാനുണ്ടായിരുന്നോ ,അതോ അത് തന്റെ വെറും തോന്നലായിരുന്നോ .സ്കൂളിൽ പഠിക്കുമ്പോൾ അവളുടെ സൗഹൃദത്തിനായി മത്സരിച്ച പലരെയും തോൽപ്പിച്ച് അവളുടെ ഒരു നല്ല സുഹൃത്തായി എബി മാറിയിരുന്നു .തന്റെ ഉള്ളിലെ പ്രണയം അവളോട് പറയണമെന്നു എബിക്ക് തോന്നിയിട്ടും പറയാതിരുന്നത് അവളുടെ സൗഹൃദം നഷ്ടപ്പെടുമോ എന്ന ഭീതി മൂലമാണ് .ഒടുവിൽ പത്താം ക്ലാസ്സിലെ ഫെയർവെൽ പാർട്ടിക്കൊടുവിൽ എബിയുടെ കൈകളിൽ അവൾ ഒരു സമ്മാനപ്പൊതി വച്ച് കൊടുത്തു.അവൾ തന്നിൽ നിന്നും എന്തോ കേൾക്കാൻ കൊതിക്കുന്നതായി അയാൾക്ക് തോന്നി.അവൾക്കും എന്തോ പറയണമെന്നുണ്ടായിരുന്നു . അയാൾ ഒന്നും പറഞ്ഞതുമില്ല ഒന്നും ചോദിച്ചുമില്ല .അയാൾ ആ സമ്മാനപ്പൊതി തുറന്നു നോക്കി .അത് ഒരു അത്തറിന്റെ കുപ്പിയായിരുന്നു .അതിനു അവളുടെ സുഗന്ധമായിരുന്നു .വര്ഷങ്ങള്ക്കിപ്പുറം ജീവിതം തന്റെ മുന്നിൽ അവളെ കൊണ്ട് നിർത്തിയിട്ടും അവളോടൊന്നും ചോദിക്കാൻ തോന്നാത്ത ആ നിമിഷത്തെ ശപിച്ചു കൊണ്ടയാൾ ട്രെയ്‌നിലിരുന്ന് മയങ്ങി പോയി.അവളെ കുറിച്ചുള്ള ചിന്തകൾ തീവ്രമായതു കൊണ്ടാകണം ,അയാൾ കണ്ട സ്വപ്നത്തിനു അവളുടെ നിറമായിരുന്നു .സ്വപ്നത്തിൽ അവർ പരസ്പരം പ്രണയിച്ചു തുടങ്ങിയിരുന്നു .വരാന്തയിലും ക്ലാസ്സ്മുറികളിലും എല്ലാം അവർ കണ്ണുകൾ കൊണ്ട് പ്രണയം കൈമാറി .ഒഴിഞ്ഞ ക്ലാസ്മുറികളിലെ ബെഞ്ചിലിരുന്നു സ്വപ്‌നങ്ങൾ പങ്കുവച്ചു .ബ്ലാക്ക് ബോർഡിൽ ചാരി നിർത്തി അവളുടെ കവിളിൽ ചുണ്ടുകൾ കൊണ്ടയാൾ ചിത്രം വരച്ചു .തീവണ്ടിയുടെ പെട്ടന്നുള്ള നിർത്തൽ എബിയെ സ്വപ്നത്തിൽ നിന്നുണർത്തി .അയാൾക്ക് തീവണ്ടിയോടു ദേഷ്യം തോന്നി .വീട്ടിൽ എത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു .യാത്രയുടെ ക്ഷീണം അയാളെ തളർത്തിയെങ്കിലും ,മനസ്സിൽ എന്തോ ഒരുണർവ് അയാൾക്കനുഭവപ്പെട്ടു .കുളിച്ചു വന്ന് ഉടനെ അയാൾ ലാപ്ടോപ്പ് എടുത്തു അലീഷയുടെ ഫേസ്ബുക് പ്രൊഫൈൽ ഓപ്പൺ ചെയ്‌തു.കുറെ നാളുകളായി അതിൽ അപ്ഡേറ്സ് ഒന്നും ഇല്ല.പ്രൊഫൈൽ ഫോട്ടോ ആയി ഇട്ടിരുക്കുന്നതു ഒരു വാടിയ റോസാപ്പൂവായിരുന്നു .ആ ഫോട്ടോ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു .അവളുടെ സുഹൃത്തായിരുന്ന ഷാഹിന പറഞ് അവളുടെ ഡിവോഴ്‌സിനേപറ്റിയൊക്കെ എബി അറിഞ്ഞിരുന്നു .എബി അവളുടെ ഇൻബോക്സിൽ എന്തൊക്കെയോ ടൈപ്പ് ചെയ്‌തു പക്ഷെ അയച്ചില്ല .നേരിട്ട് സംസാരിക്കുകയോ അല്ലെങ്കിൽ ഫോൺ ചെയ്യുകയോ ചെയ്യാം .ഇത്രയും വർഷത്തിന് ശേഷം സംസാരിക്കുമ്പോൾ ഒരുപാടുണ്ടാവും പറയാനും കേൾക്കാനുമായി .എല്ലാ വിശേഷങ്ങൾക്കൊടുവിൽ അന്ന് സ്കൂളിൽ വച്ച് ആ സമ്മാനപ്പൊതി കൈമാറുമ്പോൾ അവൾ കേൾക്കാനാഗ്രഹിച്ചതും താൻ പറയാൻ ആഗ്രഹിച്ചതും പറഞ്ഞെ തീരു ..ഇനി വൈകിക്കൂടാ .മനസ്സിൽ അലീഷയുടെ ഓർമ്മകളെയും താലോലിച്ചു അയാൾ സുഖമായി ഉറങ്ങി. ഒരു പാട് ദിവസങ്ങൾക്കു ശേഷമാണു അയാൾ ഇത്ര നന്നായി ഉറങ്ങിയതു .പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരാവേശത്തോടെ അയാൾ എഴുനേറ്റു .അപ്പോഴേക്കും ചേച്ചിയുടെ മകൾ പത്രം കൊണ്ട് തന്നു .അനേകായിരം വാർത്തകൾക്കിടയിൽ ഒരു വാർത്ത അയാൾ ശ്രദ്ധിച്ചു .യുവതി വീട്ടിനുള്ളിൽ വിഷം കഴിച്ചു മരിച്ചു എന്ന സാധരണ വാർത്ത .പക്ഷെ ആ ഫോട്ടോയിൽ കണ്ട യുവതിയുടെ കണ്ണുകൾക്ക് അലീഷയുടെ കണ്ണുകളുടെ തിളക്കമുണ്ടായിരുന്നു .മഴ പെയ്‌തു തുടങ്ങിയിരുന്നു ,ആ മഴയ്ക്ക് ഒരു പ്രേത്യേക സുഗന്ധമുണ്ടായിരുന്നു .ഒരു ഭ്രാന്തനെ പോലെ അയാൾ അലമാരിയിൽ എന്തോ തിരഞ്ഞു ,ഒടുവിൽ ആ അത്തറിന്റെ കുപ്പിയിൽ നിന്ന് ആ മണമൊന്നു ശ്വസിച്ചു .പെയ്യുന്ന മഴക്കും അതെ മണമായിരുന്നു .ഇന്നലെ കണ്ടപ്പോൾ അവൾക്കു പറയാനുള്ളത് ഒന്നു കേട്ടിരുന്നെങ്കിൽ അല്ലെങ്കിൽ തനിക്കു പറയാനുള്ളത് അവളെ അറിയിച്ചിരുന്നെങ്കിൽ.എല്ലാം നഷ്ടപെട്ടവനെ പോലെ അയാൾ അലറി ...അപ്പോഴും മഴ പെയ്‌തുകൊണ്ടേയിരുന്നു അത്തറിന്റെ മണവും പരത്തി കൊണ്ട് .…
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക