നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കഥ : സ്‌ഫടികദർശനം



പുതുച്ചേരി ......
ഫ്രഞ്ചു കൊളോണിയൽ സംസ്ക്കാരത്തിൻ്റെ അടയാഭരണങ്ങൾ ഇപ്പോഴും വാരിചുറ്റി നിൽക്കുന്ന നഗരം. വൃക്ഷരേഖിതമായ തെരുവുകൾ, കല്ലുപാകിയ നടപ്പാതകൾ, കടുകെണ്ണയുടെ നിറമുള്ള ഭവനങ്ങൾ, അങ്ങനെ പലതരം ചിത്രോപമമായ കാഴ്ചകളും പ്രശാന്തസുന്ദരമായ അന്തരീക്ഷവും പ്രധാനം ചെയ്യുന്ന പട്ടണം. 
പൈതൃകപരമായ ചാരുത തുളുമ്പുന്ന ലഘു ഭക്ഷണശാലകൾ, ചരിത്രശാലകൾ, ദേവാലയങ്ങൾ എന്നിങ്ങനെയുള്ള ഒട്ടനവധി തച്ചുശാസ്‌ത്രവിസ്മയങ്ങളാൽ സമ്പന്നമാണ് പുതുച്ചേരി .
റൊമൈൻ റോലാൻഡിലെ അസിസ്റ്റൻറ്റ് ലൈബ്രേറിയനായി അവിടെ വന്നിറങ്ങിയപ്പോൾ മുതൽ ഞാൻ ആ നഗരത്തെ പ്രണയിച്ചു തുടങ്ങിയെന്ന് തോന്നുന്നു. പൊതുവേ അന്തര്‍മുഖിയായെനിക്ക് ഈ നഗരം എന്തുകൊണ്ടോ സ്വപ്നങ്ങളുടെ ഏദന്‍തോട്ടമായി. 
ഏതോ പൂര്‍വ്വജന്മത്തീരത്തേക്ക് മടങ്ങിയത് പോലെ.
വില്ല് ബ്ലാഞ്ചിൽ [വൈറ്റ് ടൌൺ] ഒരു വാടകമുറിക്കുള്ള അന്വേഷണം എന്നെ കൊണ്ടെത്തിച്ചത് മിസിസ്.ഷീലാ റോമിലിയുടെ "ഓ റുവാർ" [au revoir] എന്ന വസതിക്ക് മുമ്പിലാണ്. പിരിയുമ്പോൾ വീണ്ടുമൊരു കണ്ടുമുട്ടലിൻ്റെ പ്രത്യാശകിരണങ്ങൾ ബാക്കി നിർത്തുന്ന ഒരു യാത്രാവന്ദനമാണ് "ഓ റുവാർ". 
ശരിക്കും കാവ്യാത്മകം. പടർന്നു പന്തലിച്ചു നിൽക്കുന്ന മഞ്ഞ ബൂഗേൻവിലീയ പുഷ്‌പങ്ങൾ കൊണ്ട് പാതി മറഞ്ഞ ആ ചാര നിറമുള്ള കോട്ടേജ്, കാല്‍പനികനവോത്ഥാനപദ്യങ്ങളേ അനുസ്മരിപ്പിച്ചു.
ഒരു കൈയിൽ കൊന്തയും മറുകൈയിൽ ഊന്ന് വടിയും, മുഖം നിറയെ ജരകളും, ചാരനിറമുള്ള മുടിയും കണ്ണുകളുമായി, എൺപതിലുകളിലും ചുറുചുറുക്കും ഉന്മേഷവും കാത്തുസൂക്ഷിക്കുന്ന, വളരെ സഹൃദയമായി സംസാരിക്കുന്ന മിസിസ്.റോമിലിയേ എനിക്ക് നന്നേ പിടിച്ചു. 
ഞായറാഴ്ച മുതൽ താമസമാക്കാമെന്നുറപ്പിച്ചു ഇറങ്ങാൻ തുടങ്ങുമ്പോഴാണ് പഴക്കം ചെന്നയൊരു എഴുത്തുമേശയുടെ പുറത്തിരിക്കുന്ന സ്ഫടികഗോളത്തിൽ കണ്ണുടക്കിയത്. പുസ്തകങ്ങളിലും കഥകളിലുമൊക്കെ ഭാഗ്യപ്രവാചകരുടെ കൈയ്യിലും മറ്റും കാണുന്നത് പോലെയൊരണ്ണം.
"മിസിസ്.റോമിലിക്ക് ഭാവി പ്രവചിക്കാനറിയുമോ?"
"എല്ലാ മനുഷ്യർക്കും ഒരു ഭാവിയേയുള്ളു ഗാഥാ.... അത് മരണമാണ്. ആ അനിവാര്യതയിലേക്കുള്ള ദൂരവും പാതയും..........
അതെല്ലേ എല്ലാപേരും തേടുന്നത്? ഈ ക്ഷണവും ആ അനിവാര്യതക്കുമിടയിലേ നിമിഷങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിക്കാനുള്ള നമ്മുടെ വിഫലശ്രമല്ലേ ഈ ഭാവിയെക്കുറിച്ചുള്ള കൗതുകം?"
"ആയിരിക്കാം. പക്ഷേ കൗതുകമല്ലേ , തൂത്തുകളയാൻ പ്രയാസമാണ്. മിസിസ്.റോമിലിക്ക് എൻ്റെ ഭാവി പ്രവചിക്കാൻ കഴിയുമോ?"
"ഭവിഷ്യജ്ഞാനം പ്രവചിക്കപ്പെടേണ്ടതല്ല. സ്വയം നിരീക്ഷികേണ്ടയൊന്നാണ്. ഞായറാഴ്ച വരൂ. നമ്മുക്ക് ശ്രമിക്കാം."
പക്ഷേ ആ ഞായറാഴ്ചയും പിന്നീടുള്ള ഒന്ന് രണ്ട് ഞായറാഴ്ചകളിൽ ശ്രമിച്ചിട്ടും ഗോളത്തിൽ എനിക്കൊന്നും കാണാൻ കഴിഞ്ഞില്ല. നിരാശയാൽ അക്ഷമയായ എന്നെ മിസിസ്.റോമിലി സമാധാനിപ്പിച്ചു,
"ഉപബോധമനസ്സിനുള്ളിൽ ഉറങ്ങിക്കിടക്കുന്ന അന്തർജ്ഞാനം ബോധമനസ്സിൻ്റെ വ്യാപ്തിക്കുള്ളിൽ വന്നു ചേരണം. എല്ലാ മനുഷ്യരിലും അമാനുഷിക മഹച്ഛക്തികളുണ്ട്. ഈ സ്ഫടികഗോളത്തിൻ്റെ പ്രകാശകിരണങ്ങളെ നീ ഏകാഗ്രമായി വീക്ഷിക്കുമ്പോൾ ആ അറിവുകൾ നിനക്കിതിൽ ദർശിക്കാൻ പറ്റും. ഗിവ് ഇറ്റ് സമ് ടൈം ഗാഥാ. വന്നു തുടങ്ങിയാൽ പിന്നെ കടിഞ്ഞാന്നില്ലാത്ത കുതിരയെപ്പോലെ അവ അവിരാമമായി പ്രവഹിച്ചുകൊണ്ടേയിരിക്കും. ഇറ്റ് ഈസ് ജസ്റ്റ് എ മാറ്റർ ഓഫ് ടൈം."
വിചിത്രമെന്നു പറയട്ടെ, സ്‌ഫടികദർശനത്തിൽ ഞാൻ ആദ്യം കണ്ട ഭാവി എന്നെ കുറിച്ചായിരുന്നില്ല. തൂവെള്ള നിറമുള്ള മുറിയിൽ ഒരു സ്ത്രീ നിന്ന് കരയുന്നു. അവരുടെ വിങ്ങലുകളുടെ ആവൃത്തി കൂടി കൂടി വന്നു. അവർക്കരികിലായി കറുത്ത വസ്ത്രം ധരിച്ച, അസാമാന്യ സൗന്ദര്യമുള്ള മറ്റൊരു സ്ത്രീ, ക്ഷമയോടെ അവരേ നോക്കി കൈകൾ നീട്ടി നിൽക്കുന്നു. അവരുടെ നീണ്ടു കറുത്ത മുടിയും കറുത്ത ഉടയാടയും കാറ്റടിക്കുന്നതു പോലെ പാറിപ്പറക്കുന്നു. കുറച്ചു സമയത്തിനു ശേഷം അവർ രണ്ടുപേരും ദൂരേക്ക് നടന്നകന്നു.
ഞാൻ എന്നും ബസ്റ്റോപ്പിൽ കാണാറുള്ള സ്ത്രീയായിരുന്നു ഒരാൾ. കറുത്ത വസ്ത്രധാരിണി ആരെന്നെനിക്ക് അന്ന് മനസ്സിലായില്ല. നാലാം നാൾ ചീറിപ്പാഞ്ഞു വന്നയൊരു ടിപ്പർ ലോറി എൻ്റെ മുന്നിലൂടെ നിർത്താതെ ഓടിപ്പോയപ്പോൾ അവർ ആരാണെന്ന് ഞാൻ മനസ്സിലാക്കി - മരണത്തിൻ്റെ മാലാഖ.
പിന്നീടൊരിക്കൽ ഒട്ടും പരിചയമില്ലാത്ത മധ്യവയസ്കനായ ഒരു മനുഷ്യനെയും അയാളുടെ കൂടെ സുന്ദരിയായ ഒരു സ്ത്രീയെയും കണ്ടു . അവർ കമിതാക്കൾ ആണെന്ന് തോന്നി. കൈകൾ കോർത്തുപിടിച്ചും , പരസ്പരം ആലിംഗനം ചെയ്തും, കടൽത്തീരത്ത് കൂടി തമാശകൾ പറഞ്ഞും , പൊട്ടിച്ചിരിച്ചും അവർ നടന്നു. എത്ര ആലോചിച്ചിട്ടും അവരെയും എന്നെയും ബന്ധിപ്പിക്കുന്ന കണ്ണി എനിക്ക് മനസ്സിലായില്ല. മിസിസ്. റോമിലിക്ക് പക്ഷെ ഒട്ടും ആശങ്കയിലായിരുന്നു , "ഇറ്റ് ഈസ് ജസ്റ്റ് എ മാറ്റർ ഓഫ് ടൈം, മൈ ഡിയർ."
മിസിസ്. റോമിലിക്ക് തെറ്റിയില്ല. എൻ്റെ സഹപ്രവർത്തക റീനയുടെ വീട്ടിൽ വിരുന്ന് പോയ ഞാൻ അവളുടെ ഭർത്താവ് ഫിലിപ്പിനെ കണ്ട് ഞെട്ടി. അയാൾ ഗർഭിണിയായ അവളോട് കാണിക്കുന്ന അമിത സ്നേഹത്തിൻ്റെയും കരുതലിൻ്റെയും പൊള്ളത്തരം അധികനേരം സഹിക്കാനാവാതെ ഒരു തലവേദനയെ കൂട്ടുപിടിച്ചു ഞാൻ അവിടെ നിന്നിറങ്ങി. പിന്നെ പലപ്പോഴും ഭർത്താവിൻ്റെ സ്നേഹത്തെ കുറിച്ചവൾ വാചാലയാകുമ്പോൾ സഹതാപത്തിൻ്റെ നിഴലാട്ടങ്ങൾ എൻ്റെ കണ്ണുകളിൽ പ്രതിഫലിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. അല്ലെങ്കിൽ തന്നെ മറ്റൊരാളെ വിലയിരുത്താൻ ഞാൻ ആര്? അയാൾക്കും കാണുമായിരിക്കും അയാളുടേതായ ന്യായീകരണങ്ങൾ.
പെട്ടെന്നൊരു  ദിവസം ഞാനുമായി ബന്ധമുണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു ദൃശ്യം തെളിഞ്ഞു. സുമുഖനായൊരു ചെറുപ്പക്കാരനും അഞ്ചോ ആറോ വയസുള്ള നല്ല ഓമനത്തമുള്ളൊരു പെൺകുഞ്ഞും. ഏതോ മലമുകളിലാണവർ. ചുറ്റും പച്ചപ്പ് . അവളോടി വന്ന് അവൻ്റെ മടിയിൽകയറി ഇരുന്നു , അവൻ്റെ കവിളത്ത് ചുംബിച്ചു , അവൻ്റെ താടിയിൽ അവളുടെ കവിളുകളുരസി. അവൻ അവളെ വാരിയെടുത്ത് മേൽപ്പോട്ടുയർത്തി വട്ടം കറക്കി. അവളുടെ പൊട്ടിച്ചിരിക്കുന്ന മുഖത്തിനും അവൻ്റെ കണ്ണുകളിലെ തിളക്കത്തിനും സ്ഫടികഗോളത്തിലേ പ്രകാശരശ്മികളേക്കാൾ തേജസുണ്ടായിരുന്നു.
പിന്നെ പലപ്പോഴും ഈ ദൃശ്യം സ്ഫടികഗോളത്തിൽ ആവർത്തിക്കപ്പെട്ടു. അവർ എൻ്റെതാണെന്ന് തോന്നാൻ എന്തേ കാരണം? മിസിസ്. റോമിലിയുമായി ഒരു ചർച്ച വേണ്ടെന്ന് ഞാൻ തീരുമാനിച്ചു. പതിവ് പല്ലവി പറഞ്ഞവർ ഒഴിയാനാണ് സാധ്യത.
ഓരോ ദിവസവും ഞാൻ അവനുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷിച്ചു. ബസ് സ്‌റ്റോപ്പിലും , ലൈബ്രറിയിലും , കഫേകളിലും ഞാൻ അവനേ തിരഞ്ഞു. പ്രഥമനുരാഗത്താൽ വിവശയായ ഒരു കൗമാരപ്രായകാരിയെപ്പോലെ ഞാൻ സ്വപ്നങ്ങൾ കണ്ടു. അവനും ഞാനുമായിട്ടുള്ള കൂടിക്കാഴ്ചയുടെ നാടകീയമായ അനന്തസാധ്യതകൾ മെനഞ്ഞു. ഞങ്ങൾക്കുണ്ടാവുന്ന കുഞ്ഞായിരിക്കുമോ അവൾ? ചിന്തകളുടെ വേലിയേറ്റത്തിൽ എനിക്ക് ജ്യാള്യത തോന്നി. മൂളിപ്പാട്ടുകൾ ചുണ്ടുകളിൽ നിന്നും ഞാൻ അറിയാതെ വഴുതി ഒഴുകി.
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. ഷെൽഫുകൽക്കിടയിലൂടെ ഞാൻ അവനെ കണ്ടു. എൻ്റെ മേശക്കരികിൽ വന്ന് ചുറ്റുപാടും തിരയുന്ന അവൻ്റെ അരികിലേക്ക് വികാരവിക്ഷോഭങ്ങൾ അടക്കാൻ പണിപ്പെട്ട് ഞാൻ നടന്നു ചെന്നു. അപ്പോഴാണ് അവൻ്റെ പിന്നിൽ നിന്നും എത്തിനോക്കുന്ന അവളേ ഞാൻ കണ്ടത്. അതേ ചന്തമുള്ള മുഖം. എൻ്റെ ചിന്തകൾ കുഴഞ്ഞു മറിഞ്ഞു. അമ്പരപ്പ് മാറിയപ്പോൾ സ്ഫടികദർശനത്തിൻ്റെ അർത്ഥതലങ്ങൾ പതിയെ പതിയെ തെളിഞ്ഞു.
പുതിയ അംഗത്വം എടുക്കാൻ വന്ന അവനോട് ഞാൻ ലൈബ്രെറിയുടെ നിയമങ്ങളും ചട്ടങ്ങളും ഒരുവിധം പറഞ്ഞൊപ്പിച്ചു . എൻ്റെ ഹൃദയമിടിപ്പിൻ്റെ ചടുലതാളങ്ങൾ അവൻ കേൾക്കുമോയെന്ന് ഭയമായിരുന്നുയെനിക്ക്. ഫോം പൂരിപ്പിക്കുന്നയവനെ ഞാൻ ഒളിക്കണ്ണുകളാൽ വീക്ഷിച്ചു. സ്ഫടികഗോളത്തിൽ കണ്ട തിളക്കമാർന്ന കണ്ണുകൾ പക്ഷേ ഇപ്പോൾ കറുത്തവക്കുകളുള്ള ഒരു കണ്ണടയുടെ പിന്നിലായിരുന്നു.
ആദിത്യ ശേഖരും മാളവികയും. ഒരു പ്രമുഖ ബാങ്കിലേ സോണൽ മാനേജർ. ഇറങ്ങാൻ നേരം അവൻ "ഓ റുവാർ" പറഞ്ഞു. ആ വാക്കിൻ്റെ പൊരുൾ എനിക്കറിയാവുന്നതു പോലെ അവനറിയില്ലല്ലോ........
അവനുമായുള്ള സൗഹൃദത്തിൻ്റെ വരുംകാല സര്‍ഗ്ഗങ്ങൾ കാണുവാൻ തിരക്കിട്ടു വീട്ടിലെത്തിയെനിക്ക് കാണാൻ കഴിഞ്ഞത് നിലത്തു ചിന്നിച്ചിതറിയ സ്ഫടികഗോളശകലങ്ങളേ വികാരഹീനമായ നോക്കി നിൽക്കുന്ന മിസിസ്.റോമിലിയെയാണ്.
ഒന്നും പറയാൻ കഴിയാതെ സ്‌തംഭിച്ചുനിന്ന എന്നോട് അവർ പറഞ്ഞു , "ചില വസ്തുക്കൾ ഇങ്ങനെയാണ് ഗാഥാ, അവയുടെ ഉദ്ദിഷ്ടകാര്യം പൂർത്തീക്കരിക്കുമ്പോൾ അരങ്ങൊഴിയും ....ഒട്ടുമിക്ക ബന്ധങ്ങളും പോലെ. അത് മിക്കപ്പോഴും യുക്തിചിന്തക്കതീതമായിരിക്കും. "
ആ ശകലങ്ങൾ എൻ്റെ അനാഗതകഥനങ്ങളുടെ ഉപസംഹാരമാണെന്ന് ഞാൻ വേദനയോടെ മനസിലാക്കി.
ചിതറിയ കഷണങ്ങൾ പെറുക്കിയെടുക്കുമ്പോൾ ഞാൻ ഓർത്തു, "ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ പലപ്പോഴും ആകസ്‌മികതയിൽ അധിഷ്‌ഠിതമല്ലേ? ദീര്‍ഘദര്‍ശനങ്ങൾ ഒരു തരത്തിൽ നോക്കിയാൽ ആ സന്തോഷം കവർന്നെടുക്കുകയല്ലേ ചെയ്യുന്നത്?
അപ്രതീക്ഷിതമായയൊരു സന്ദേശം, യാദൃശ്ചികമായൊരു ആലിംഗനം, തല്‍ക്ഷണമുള്ളയൊരു പുഞ്ചിരി , കാലം തെറ്റി വന്നയൊരു ചാറ്റൽ മഴ, പദ്ധതീകരിക്കാത്ത ഒരു വിനോദയാത്ര........ ഒരു പക്ഷെ ഇവയൊക്കെ മുൻകൂട്ടി അറിയാൻ കഴിഞ്ഞാൽ അനുഭവസുഖത്തിൻ്റെ മാറ്റ് കുറയില്ല? അജ്ഞതയിൽ പൊതിഞ്ഞ പ്രതീക്ഷകൾക്ക് പലപ്പോഴും ഒരു പ്രത്യേക സുഖമുണ്ട്. ഒരു സ്‌ഫടികദർശനവും അതിന്ന് പകരമാവില്ല.
അന്ന് രാത്രി ഞാൻ സുഖമായി ഉറങ്ങി, പ്രവചനാതീതമായ ഒരു നാളയിൽ ഉണരാൻ വേണ്ടി. മനസ്സ് അലകളിലാത്ത കടൽ പോലെ.............

"ഓ റുവാർ".

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot