ആഗ്രഹിക്കുന്നത് തെറ്റല്ല, അത്യാഗ്രഹം പാടില്ലെന്ന് മാത്രം. റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥനായ രംഗനാഥിന്റെ മകൻ സുനിലിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു സർക്കാർ ഉദ്യോഗസ്ഥനാവുക എന്നത്. സർക്കാർ ഉദ്യോഗത്തിന്റെ ഗുണങ്ങൾ മാത്രമേ മകന് മനസ്സിലാവുന്നത് എന്നത് കൊണ്ട് അതിന്റെ മറുവശവും രംഗനാഥ് മകനെ പറഞ്ഞു മനസ്സിലാക്കി. ഒരു പാട് ടെൻഷൻ ഉണ്ടാവും, മേലുദ്യോഗസ്ഥമാരുടെ പെരുമാറ്റം. എന്ത് പറഞ്ഞിട്ടും മകൻ അവന്റെ തീരുമാനത്തിന്നു ഒരു മാറ്റവുമില്ലെന്ന് മനസ്സിലായപ്പോൾ രംഗനാഥ് അവന് ചില ഉപദേശങ്ങൾ കൊടുത്തു. ഒരിക്കലും കൈക്കൂലി വാങ്ങരുത്, ആളുകളെ അധികം നടത്തരുത്, ജോലി ഒരു പുണ്യമായി കരുതണം. രംഗനാഥ് പറഞ്ഞതെല്ലാം സുനിൽ ശ്രദ്ധാപൂർവം കേട്ടു.
റിട്ടയേർഡ് ആയി കഴിഞ്ഞപ്പോൾ കോളേജിൽ നിന്ന് ആരംഭിച്ച നാടകാഭിനയം തുടർന്ന്, രംഗനാഥ്, കൂട്ടത്തിൽ സ്വല്പം മിമിക്രിയും.
അവന് ഒരു സർക്കാർ ജോലി കിട്ടുവാനായി എല്ലാ അർത്ഥത്തിലും രംഗനാഥ് ശ്രമിച്ചു. PSC ടെസ്റ്റിന് വേണ്ട കാര്യങ്ങളെല്ലാം സുനിലിനെ പറഞ്ഞു മനസ്സിലാക്കി.
അങ്ങിനെ സുനിലിന്ന് സർക്കാർ ഉദ്യോഗം ലഭിച്ചു. ഓഫീസ്സിൽ വരുന്നവർ സുനിലിനെ സാർ എന്ന് വിളിക്കുമ്പോൾ സുനിൽ അത് വിലക്കി. പ്രായമുള്ളവരോട് തന്നെ പേര് വിളിച്ചോളാനും തന്നെക്കാൾ പ്രായം കുറഞ്ഞവരോട് ചേട്ടാ എന്ന് വിളിച്ചോളാനും നിർദേശിച്ചു. നാട്ടുകാർക്കെല്ലാം സുനിലിനെ വളരെ ഇഷ്ടമായി, ചില ഓഫീസ് നിരങ്ങികളായ ഏജെന്റുമാര്ക്കൊഴികെ. പക്ഷെ അക്കൂട്ടർ ദേഷ്യമെല്ലാം പുറത്ത് കാണിച്ചില്ലെന്നു മാത്രം. അച്ഛൻ സുനിലിനെ കൊടുത്ത ഉപദേശങ്ങളെല്ലാം അവൻ കൃത്യമായി നടത്തി. രാത്രി വൈകിയും ചെയ്തു തീർക്കാനുള്ള ജോലികളെല്ലാം ചെയ്തു തീര്ക്കും. പരിശോദനക്ക് എവിടെയെങ്കിലും പോകണമെങ്കിൽ കഴിയുന്നതും അപേക്ഷകന്ന് സാമ്പത്തികനഷ്ടം ഇല്ലാത്ത രീതിയിലെ പോകൂ. അഞ്ചു രൂപ വർഷം നികുതി അടക്കാൻ ചില ഓഫീസർമാർ അഞ്ഞൂറ് രൂപ കൈക്കൂലി വാങ്ങുന്നു എന്നെല്ലാം കുറച്ചു നാളത്തെ ഓഫീസ് ജീവിതം കൊണ്ട് സുനിൽ മനസ്സിലാക്കി. ചുമട് കാൽപണം ചുമട്ടുകൂലി മുക്കാൽപണം എന്ന് പറയുന്ന പോലെ.
രാത്രി വീട്ടിൽ എത്തുമ്പോൾ ആദ്യമൊക്കെ അച്ഛൻ സുനിലിനോട് ഓഫീസ് കാര്യങ്ങളെല്ലാം ചോദിക്കും. മറുപടി കേൾക്കുമ്പോൾ മകനോട് എന്തെന്നില്ലാത്ത സന്തോഷം തോന്നും. പിന്നീട് അച്ഛൻ ചോദിക്കാതെ തന്നെ സുനിൽ അച്ഛനോട് എല്ലാം പറഞ്ഞു തുടങ്ങി.
അങ്ങിനെയിരിക്കെ ഒരു ദിവസം ഓഫീസിൽ ആരുമില്ലാത്ത സമയത്ത് ഓഫീസിന്റെ അടുത്ത് ഹോട്ടൽ നടത്തുന്ന ഷെക്കീർ ഒരു അപേക്ഷഫോമും കൂട്ടത്തിൽ അഞ്ഞൂറ് രൂപയും സുനിലിന്റെ കയ്യിൽ കൊടുത്തു.
'ഇതെന്താണ് ഈ അഞ്ഞൂറ് രൂപ?' ദേഷ്യം ഉള്ളിൽ വെച്ച് സുനിൽ ചോദിച്ചു.
'സാർ ഈ അപേക്ഷ ഒന്ന് പാസാക്കണം. പൈസ ഇനിയും വേണമെങ്കിൽ ആ ഇത്ത തരാൻ തയ്യാറാണ്. അവർക്ക് വളരെ അത്യാവശ്യമുള്ള ഒരു സർറ്റിഫികറ്റ് ആണ്'. ഷെക്കീർ മനസ്സ് തുറന്നു.
'ഷെക്കീർ ആയത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല. ഷെക്കീറിന്നു എന്നെ പറ്റി അറിയാമല്ലോ? എന്നിട്ട് സുനിൽ തുടർന്നു 'ഈ അപേക്ഷ എല്ലാം ശെരിയാണെങ്കിൽ ഇപ്പോൾ തന്നെ സർട്ടിഫിക്കറ്റ് തരാം. എനിക്ക് ഒരു കൈക്കൂലിയും വേണ്ട. ശമ്പളം സർക്കാർ തരുന്നുണ്ട്. പിന്നെ ഈ പുണ്യ പ്രവത്തിക്ക് ദൈവം കൂലി തരും.
സുനിൽ അപേക്ഷ നോക്കി അപ്പോൾ തന്നെ സർട്ടിഫിക്കറ്റ് കൊടുത്തു.
'സാറേ, സാർ വരുന്നതിന്നു മുമ്പുള്ള സാറന്മാരെല്ലാം ഇങ്ങിനെയുള്ള കാര്യത്തിന്നു വളരെ പ്രാവശ്യം നടത്തിക്കുമായിരുന്നു. തന്നെയല്ല, അവർക്ക് സർട്ടിഫിക്കറ്റ് കൊടുക്കണോ വേണ്ടയോ എന്ന് തുടങ്ങി എല്ലാം എന്നോടാണ് ചോദിക്കാര്' ഇതായിരുന്നു ഷെക്കീറിന്റെ മറുപടി.
മനസു ഒരു കടിഞ്ഞാണില്ലാത്ത കുതിരയാണ്. എവിടെയാണ് നല്ലത് എന്ന് തോന്നിയാൽ അങ്ങോട്ടേക്ക് ചാടും. സുനിലിന്റെ വിവാഹം കഴിഞ്ഞു. സുനിത. അവളുടെ വാചകകസർത്തിൽ സുനിൽ ഒരു ചാഞ്ചാട്ടക്കാരനായി. ഒരു ഭാഗത്ത് അച്ഛൻ. നീതിയുടെ മാര്ഗം മാത്രമുള്ള അച്ഛൻ. മറുവശത്ത് കാറ്റുള്ളപ്പോൾ തൂറ്റണം എന്ന് പറയുന്ന ഭാര്യയും ഇതൊക്കെ ചെയ്യാതവരാരാ എന്ന് ചോദിക്കുന്ന ഹോടെലുകാരൻ ഷെക്കീറും. ഒടുവിൽ അച്ഛൻ തോറ്റു.
അഞ്ചു വർഷം കൊണ്ട് നല്ലവൻ എന്ന് നാട്ടുകാർ വിളിച്ചിരുന്ന സുനിൽ, വെറും ഒരു മാസം കൊണ്ട് നാട്ടുകാർ 'കൈക്കൂലിയുടെ ആശാൻ' എന്ന് വിളിക്കാൻ തുടങ്ങി.
വിവരം കുറേശ്ശെ കുറേശ്ശെ രംഗനാഥ് അറിഞ്ഞു തുടങ്ങി. ആദ്യമൊന്നും അദ്ധേഹത്തിന്നു അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. പക്ഷെ തെളിവ് സഹിതം വന്നപ്പോൾ അദ്ധേഹത്തിന്നു വളരെ ദു:ഖം തോന്നി. സുനിലിനെ വളരെയധികം ഉപദേശിച്ചു. പണത്തിന്റെ മായാജാലത്തിൽ അച്ഛന്റെ ഉപദേശങ്ങളെല്ലാം ജലരേഖകളായി മാറി.
പക്ഷെ അവന്റെ തീരുമാനത്തിന് മാറ്റമുണ്ടായില്ല. ആര് വന്നാലും കൈക്കൂലി നൽകിയാൽ മാത്രമേ ഏതൊരുകാര്യവും ചെയ്തു കൊടുക്കൂ എന്നാ സ്ഥിതിയിലായി സുനിൽ.
ഒരു ദിവസം വളരെയധികം പ്രായമുള്ള, രോഗിയായ ക്ഷീണമുള്ള ഒരു മനുഷ്യൻ വന്ന് ഒരു സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. ഒട്ടനവധിപ്രാവശ്യം ഓരോ ഒഴികഴിവ് പറഞ്ഞ് നടത്തിച്ചു. പേപ്പർ എല്ലാം ശേരിയായിട്ടും കൈക്കൂലി കിട്ടാതെ സർട്ടിഫിക്കറ്റ് കൊടുക്കില്ലെന്ന് സുനിൽ.
'അനിയാ, എനിക്ക് തീരെ വയ്യ. ഇതൊന്നു കിട്ടിയാൽ എനിക്ക് പെൻഷൻ കിട്ടും' ആ വൃദ്ധൻ കേണപേക്ഷിച്ചു.
'ഞാനേതു വകയിലാണ് നിങ്ങളുടെ അനുജൻ ആവുക? എന്നെ സാർ എന്ന് വിളിച്ചാൽ മതി'. കുറച്ചു ശൌര്യത്തോടെ സുനിൽ പറഞ്ഞു.
'ക്ഷമിക്കണം സാറേ, പഠിപ്പോന്നും ഇല്ലാത്തത് കൊണ്ടാണ്' ആ വൃദ്ധൻ കരച്ചിലിന്റെ വക്കോളമെത്തി. എന്നിട്ടും സുനിലിന്റെ ആവശ്യത്തിന്നു മാറ്റമുണ്ടായില്ല. പിറ്റേന്ന് ആവശ്യപ്പെട്ട ആയിരത്തി ഇരുന്നൂറു രൂപയുമായി വരാമെന്ന് പറഞ്ഞു ആ വൃദ്ധൻ പോയി.
പിറ്റേന്ന് വൃദ്ധൻ പറഞ്ഞസമയത്ത് തന്നെ സുനിലിന്റെ ഓഫീസിൽ എത്തി. 'സാറേ ഇതിൽ ആയിരം രൂപയേയുള്ളൂ. ഇരുന്നൂറ് രൂപ കുറവുണ്ട്' ആ വൃദ്ധന്റെ വാക്ക് കേട്ടപ്പോൾ ക്രൂരനായ സുനിൽ മുഴുവൻ തുക കിട്ടിയാലേ സർട്ടിഫിക്കറ്റ് തരാൻ ഒക്കൂ എന്ന് പറഞ്ഞു.
പെട്ടെന്നാണ് അത് സംഭവിച്ചത്. കുറച്ചു ആളുകൾ സുനിലിന്റെ അടുത്ത് വന്നു പറഞ്ഞു 'ഞങ്ങൾ വിജിലൻസിൽ നിന്നാണ്. കൈക്കൂലി വാങ്ങിയ കേസിൽ നിങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നു'.
കുറച്ച് നേരത്തേക്ക് ഭൂമി പിളർന്ന പോലെ സുനിലിന് തോന്നി. ദേഷ്യം മുഴുവൻ ആ വയസ്സനോടായി. 'താൻ എന്നെ ഒറ്റു കൊടുത്തു അല്ലെ' സുനിലിന്റെ സംസാരം കേട്ടപ്പോൾ ആ ഓഫീസർമാരിൽ ഒരാൾ പറഞ്ഞു 'നോക്കൂ സുനിൽ, അച്ഛനെ താൻ എന്ന് വിളിക്കരുത്'
'അച്ഛനോ, ഇയാളോ?'
ആ വൃദ്ധൻ നാടകവേഷം അഴിച്ചു മാറ്റി. അത് രംഗനാഥ് ആയിരുന്നു.
'അച്ഛാ........ മാപ്പ്.......മാപ്പ്'
-------------------------------
മേമ്പൊടി:
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്ന് നടിക്കുന്നതും ഭവാൻ
കുണ്ടിൽ വീണ് കിടക്കും മനുഷ്യനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക