നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഓഫീസ് കവിതകള്‍ - നല്ല നാള്‍



നല്ല നാള്‍ : By: 
Mohanan Pc Payyappilly

.
.
ലോണുള്ള നാളാണ് നല്ലനാ,ളന്നിവി--
ടേണാക്ഷിമാര്‍ നിരന്നെത്തുമല്ലോ
നാണം കുണുങ്ങിച്ചിരിച്ചുകൊണ്ടും, മലര്‍
ബാണങ്ങള്‍ കണ്ണിനാലെയ്തുകൊണ്ടും
വീണാനിനദം പൊഴിച്ചുകൊണ്ടും,നിര--
ന്നേണാക്ഷിമാരിങ്ങണയുമല്ലോ....
.
.
ബാബു മിനുങ്ങുന്ന ജുബ്ബചാര്‍ത്തും,മുഖ--
ത്താകെയും പൌഡറാല്‍ വെള്ള പൂശും
മോടിയില്‍ വന്നീ കസേരയേറി, ചാരി
ഗൂഡമായെന്തോ കൊതിച്ചിരിക്കും
മുന്നിലൊരുത്തി കുണുങ്ങിയെത്തും, വന്നു--
നിന്നവള്‍ പേരുമഡ്രസ്സുമോതും
മാറിലുടക്കിയ കണ്മുനകള്‍, തിരി-
ച്ചൂരുവാനാകാതെ ബാബു നീറും...
.
.
''അപ്രൈസ''റപ്പോള്‍ മുരടനക്കും, അവള്‍
ഞെട്ടിത്തിരിഞ്ഞു പൊതിയഴിക്കും
കിട്ടിയ പണ്ടങ്ങള്‍ വെയ്റ്റുനോക്കെ, അയാള്‍
ഹൃത്തിലവളുടെ മാറ്റുരയ്ക്കും
ഉള്ളിലെ കാമത്തിരിവെളിച്ചം, ഒരു
കള്ളച്ചിരിയായ് മുഖത്തുദിക്കും...
.
.
ഒത്തിരിപ്പൂക്കളീ വാടികയില്‍, പൂത്തു
ഹൃദ്യസുഗന്ധം പരത്തി നില്‍ക്കേ,
മുത്തം കൊടുക്കുവതേതുപൂവില്‍...,ഗോപി
ചിത്ര ശലഭമായ് പാഞ്ഞുഴറും...
.
.
അപ്പുറ,ത്തറ്റത്തെ കൗണ്ടറിന്മേല്‍, ഒരു
പത്താഴമൊക്കുന്ന ലഡ്‌ജറുമായ്‌
കുത്തിക്കുറിച്ചും പിറുപിറുത്തും, ദീര്‍ഘ--
നിശ്വാസമോടെ പടം വരച്ചും
ദൂരെയലസയായ് ചാരി നില്‍ക്കും ,ഒരു
നാരിയെ നോക്കി നഖം കടിച്ചും
പ്ലാനിലിടയ്ക്കൊന്നു കണ്ണിറുക്കി,ഉടന്‍
പേനയെടുക്കുന്നു ''കംസ'' രാജന്‍....
.
.
ക്യാഷില്‍ വെരുകിനെപ്പോലുഴറി, കുറെ
നോട്ടുകളെണ്ണിത്തലതരിച്ച്
നീട്ടും വിരലിന്‍ മൃദുലതയില്‍, ധൃതി
കാട്ടുന്നമട്ടില്‍ വിരലമര്‍ത്തി
ചോക്കുന്ന പൂങ്കവിള്‍ ശോഭ നോക്കി , ചുണ്ടു--
കൂട്ടിക്കടിക്കുന്നു നാരായണന്‍....
.
.
ഒക്കെയും കണ്ടതിദു:ഖിതനായ്, തന്‍റെ
ചട്ടിത്തലയിടയ്ക്കൊന്നിളക്കി,
ബ്രാഞ്ചിന്‍റെ ചാര്‍ജുള്ള കാരണത്താല്‍, മന--
ശ്ചാഞ്ചല്യമെല്ലാമടക്കി വച്ച്
ഭ്രാന്തനെപ്പോലെയിളിപ്പതാര്,അഹോ,
ശാന്തനാം മോഹന പുംഗവേന്ദ്രന്‍ ...
.
.
ലോണുള്ള നാളാണ് നല്ല നാള്‍.....
.
.
[1988 ]
.
.
ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്കിന്‍റെ വടശ്ശേരിക്കോണം ശാഖയില്‍ ആഴ്ചയില്‍ രണ്ടു ദിവസമായിരുന്നു അന്ന് സ്വര്‍ണ വായ്പ കൊടുത്തിരുന്നത്. ആ ദിവസങ്ങളില്‍ പത്തുമണിയാകുമ്പോഴേയ്ക്കും പണയം വയ്ക്കാനുള്ള സ്വര്‍ണാഭരണങ്ങളുമായി സ്ത്രീ കസ്റ്റമേഴ്സ് വന്നു നിറയും. വസന്ത കാലത്തെ പൂന്തോട്ടം പോലെ എന്ന് ഞങ്ങള്‍ തമാശ പറയുമായിരുന്നു. അക്കാലത്തെ ഒരു വികടരചനയാണിത്, വികട-- ഭാവന. [ ഉദ്യോഗസ്ഥരുടെ സ്ത്രീവിരുദ്ധമന:സ്ഥിതിയുടെ ബഹിര്‍സ്ഫുരണമായിരുന്നില്ലേ ഇതെന്ന് സത്യമായും ഇപ്പോള്‍ തോന്നുന്നുണ്ട് ].
ബാബു,ഗോപി, കെ എം സി ,നാരായണന്‍....ഇവരൊക്കെ അന്നത്തെ സഹപ്രവര്‍ത്തകരായിരുന്നു. അപ്രൈസര്‍ [ സ്വര്‍ണത്തിന്‍റെ ഗുണനിലവാരവും തൂക്കവും പരിശോധിക്കുന്ന ആള്‍ ] ശെല്‍വന്‍.
.
ഓര്‍മ്മകള്‍ , അതല്ലേ എല്ലാം...!

1 comment:

  1. താഴെ, ഒരു വിശദീകരത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.
    അതെല്ലാമൊത്തു വന്നിട്ടുണ്ട്, കവിതയിൽ.
    ജീവിതത്തുറയിലിന്നെല്ലാവരും ബാങ്കിലെത്തുന്നുണ്ട്.
    അതുകൊണ്ടുതന്നെ, ഇതു പതിവു കാഴ്ചകളാണു താനും.
    അത്, അതീവ സുന്ദരമായി അവതരിപ്പിച്ചതിൽ ഹ്യദയം നിറഞ്ഞ സന്തോഷം അറിയിച്ചുകൊള്ളുന്നു.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot