നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പട്ടം



ആനയുടെ വലുപ്പമുള്ള ഒരു പട്ടം ഉണ്ടാക്കണം. എന്നിട്ട് അതിന്‍റെ വാലില്‍ക്കെട്ടി ആ ചോരകണ്ണനെ ആകാശത്തേക്ക് പറത്തിവിടണം. തന്‍റെ വീടായ, നാലടി വ്യാസമുള്ള കോണ്‍ക്രീറ്റ് പൈപ്പിലിരുന്ന് കണ്ണന്‍ പദ്ധതിയിട്ടു. 
മാസങ്ങള്‍ക്കുമുമ്പ്, ചോരകണ്ണന്‍റെ ഭിക്ഷാടകസംഘത്തില്‍ നിന്നും ഇവിടേക്ക് ഓടി രക്ഷപ്പെട്ടതാണ് പന്ത്രണ്ടുവയസുകാരന്‍ കണ്ണനും കുക്കുമ്മയും. 
ആ ചോരക്കണ്ണന്‍ ഇപ്പോഴിതാ ഇവിടേയുംഎത്തിയിരിക്കുന്നു......!
അയാളുടെ കണ്ണില്‍പെട്ടാല്‍..........?
ചാരായം കുടിക്കും,ബീഡി വലിക്കും, അയാള്‍ അടുത്തു വരുമ്പോള്‍ വല്ലാത്തൊരു നാറ്റമാണ്. കണ്ണന്‍റെ പുറത്തെ മുറിപ്പാടും കുക്കുമ്മയുടെ തുടയിലെ കറുത്ത പാടും അയാളുടെ ക്രൂരതയ്ക്കുള്ള ചെറിയ ഉദാഹരണങ്ങളാണ്. എന്തായാലും തീരുമാനത്തില്‍ മാറ്റമില്ല, ചോരകണ്ണനെ ആകാശത്തേക്ക് പറത്തിവിടുക തന്നെ. അതിനായി മണിയന്‍ സഹായിക്കാമെന്ന് ഏറ്റിട്ടുണ്ട്. ആകാശത്ത് കൈകാലുകള്‍ കുടഞ്ഞ് 'അയ്യോ അമ്മേ വിശക്കുന്നേ' എന്ന് കരയുന്ന ചോരകണ്ണനെ ഓര്‍ത്തപ്പോള്‍ കണ്ണന് ചിരിയാണു വന്നത്. അയാള്‍ക്ക് അങ്ങനെത്തന്നെ വേണം. കുട്ടികളെ ഇങ്ങനെ ഉപദ്രവിക്കാന്‍ പാടുണ്ടോ?
വച്ചുകെട്ടിയ ചായക്കടക്ക് പിന്നിലാണ് കോണ്‍ക്രീറ്റ് പൈപ്പ് കിടക്കുന്നത്. കണ്ണന്‍ ഓലക്കീറുകള്‍ക്കിടയിലൂടെ കടയിലേക്ക് നോക്കി. ടിവി ഓഫാണ്. ആ ടിവിയില്‍ നിന്നാണ് അറിഞ്ഞത് പിച്ചതെണ്ടുന്നത് അന്തസ്സില്ലാത്ത പണിയാണെന്ന്. പിന്നെ എന്തുചെയ്യും? പട്ടം ഉണ്ടാക്കാന്‍ അറിയാം.......! അതാണ് അകെ അറിയുന്ന ഒരുപണി. വര്‍ണ്ണക്കടലാസു വാങ്ങി, നൂലുവാങ്ങി, കാട്ടില്‍ നിന്നൊരു മുളയും വെട്ടി. ഇത്തിരി പട്ടങ്ങള്‍ ഉണ്ടാക്കി. സമീപത്തെ വീടുകളും കടകളും വില്‍പ്പനാകേന്ദ്രമാക്കി. പട്ടത്തിന് ആവശ്യക്കാരുണ്ട്........! 
കണ്ണനും കുക്കുമ്മയ്ക്കും ജീവിയ്ക്കാന്‍ പിച്ചയെടുക്കേണ്ട ആവശ്യമില്ല........
അവര്‍ക്കിപ്പോള്‍ ജോലിയുണ്ട്; ചെറിയൊരു വരുമാനവും.
കുക്കുമ്മ കണ്ണനേക്കാള്‍ ഇളയതാണ്. അവള്‍ ജോലിയൊന്നും എടുക്കാന്‍ പാടില്ല..... "അവള് ചെറ്യേ കുട്ട്യല്ലേ......."
അതാണ് കണ്ണന്‍റെ ഭാഷ്യം.
ഒരു പ്രധാനകാര്യം പറയാന്‍ വിട്ടുപോയി-
കുക്കുമ്മയെ കണ്ണന് നഷ്ടമായിട്ട് രണ്ടാഴ്ച്ചയായി.
ഒരു ദിവസം പട്ടവുമായി ഒരു വീട്ടിലേക്ക് പോയതാണ്.......... അവിടെ മകളെ നഷ്ടപ്പെട്ട്, സ്വബോധം ഇല്ലാതെ, ചങ്ങലയില്‍ ബന്ധിച്ച ഒരമ്മ .........!
കുക്കുമ്മയെ തന്‍റെ മകളാണെന്നും പറഞ്ഞ് അവര്‍ പിടിച്ചുവച്ചു. കണ്ണന് ആ അമ്മയോടോ, തന്നെ കല്ലെറിഞ്ഞ കാര്യസ്ഥന്‍ ശങ്കുണ്ണ്യാരോടോ ഒരുദേഷ്യവുമില്ല. വേദനിപ്പിച്ചു വിടാന്‍ ഓര്‍ഡര്‍ നല്കിയ മേനോന്‍കുട്ടിയോട് ഇത്തിരി ദേഷ്യമുണ്ട്.
ആ വീട്ടിലേക്കുള്ള വഴി കണ്ണന് ഓര്‍മ്മയുണ്ട്. അവിടെവരെ ഒന്ന് പോയാലോ.........? കുക്കുമ്മേ കാണാന്‍ തോന്നീട്ട് വയ്യാ.............. ആ ചോരകണ്ണനെ പറത്തുന്ന കാര്യംഅറിഞ്ഞാല്‍ അവളും സന്തോഷിക്കും, കാരണം അയാള്‍ അവളേയും കുറേ ഉപദ്രവിച്ചതല്ലേ...........
റെയില്‍വേ സ്റ്റേഷന്‍ റോഡില്‍നിന്നുള്ള ചെമ്മണ്‍പാതയിലൂടെ ഉള്ളിലേക്ക് നടക്കണം. വീട്ടുപടിക്കല്‍ മരമായ് വളര്‍ന്നുനില്ക്കുന്ന ചെമ്പരത്തിയില്‍ നിറയെ ചുവന്ന പൂക്കളുണ്ട്. വീട്ടില്‍ സന്ധ്യദീപം തെളിഞ്ഞിരിക്കുന്നു. മുറ്റത്തു നിന്ന് കണ്ണന്‍ വിളിച്ചു.
"കുക്കുമ്മാ..........."
അത്ഭുതം.........
അമ്മയുടെ കാലില്‍ ചങ്ങലയില്ല........!
'എന്‍റെ മോള് കിണറ്റിലുണ്ടേ' എന്ന് പറഞ്ഞ് കരയുന്നില്ല. ആ അമ്മ ചിരിയ്ക്കുകയാണ്. കണ്ണനെ കണ്ടപ്പോള്‍ അമ്മ ചിരി നിര്‍ത്തി. അവരുടെ ഒക്കത്തുത്തിന്നും അവള്‍ ഊര്‍ന്നിറങ്ങി.
കുക്കുമ്മടെ കാത് കുത്തിയിരിക്കുന്നു....! കാതിലും കഴുത്തിലും കുഞ്ഞികൈകളിലുമെല്ലാം പൊന്നിന്‍റെ തിളക്കമുണ്ട്. വെള്ളയില്‍ ചുവന്ന പൂക്കളുള്ള ഉടുപ്പാണ് അവളിട്ടിരിക്കുന്നത്.
എന്തൊരു ചന്താ ഇപ്പോ കുക്കമ്മയെ കാണാന്‍.......!!!
കോലായില്‍ അവളുടെ കളിപ്പാട്ടങ്ങളുടെ ബഹളമാണ്. ഹോണടിക്കുന്നു, ചിലയ്ക്കുന്നു, ചിലത് കണ്ണുരുട്ടുന്നു.
അവനടുത്തേക്ക് വന്നുകൊണ്ടവള്‍ പറഞ്ഞു.
" ന്‍റമ്മയ്ക്ക് കണ്ണേട്ടനെ കണ്ടാ സങ്കടാ.......
ഇനി ഇവ്ടച്ച് വരണ്ടാ..... കാണണ്ടാ..........."
കണ്ണന്‍ കരുതിവച്ച ആകാശത്തിന്‍റെ നിറമുള്ള പട്ടം അവളുടെ കാല്‍ക്കല്‍വച്ച് തിരിഞ്ഞുനടന്നു. ചോരക്കണ്ണനെ ആകാശത്തേത്ത് വിടുന്ന കര്യം അവളോട് പറഞ്ഞില്ല. അവളതൊക്കെ മറന്നിട്ടുണ്ടാവും. ഓര്‍മ്മപ്പെടുത്തി ഇനിയും അവളെ വിഷമിപ്പിക്കേണ്ട. ചെമ്പരത്തി ചോട്ടില്‍നിന്നും അവളെ തിരിഞ്ഞുനോക്കി. അവിടെ നിന്നും ഓടി മറഞ്ഞു. 
അല്‍പസമയത്തിനുള്ളില്‍ ഒരു പോലീസ് ജീപ്പ് മേനോന്‍കുട്ടിയെ പടിയ്ക്കലിറക്കി തിരിച്ചുപോയി. അയാളുടെ ചുമലിലതാ കുക്കുമ്മേടെ അത്രം പോന്ന ഒരുപെണ്‍ക്കുട്ടി..!
"ഗുരുവായൂര്ന്ന് ഒരു ഭിക്ഷക്കാരീടെ കയ്യീന്ന കിട്ട്യേ..............."
മേനോന്‍കുട്ടി വിശദീകരിച്ചു.
അവരുടെ പൊന്നുമോളെ തിരിച്ചുകിട്ടിയിരിക്കുന്നു. ആ അമ്മ ആനന്ദകണ്ണീരൊഴുക്കി അവളുടെ ദേഹമാകെ ഉമ്മവച്ചുകൊണ്ടിരുന്നു. ആയിരം ഓമനപേരുകള്‍ വിളിച്ച്, മടിയിലിരുത്തി കൊഞ്ചിച്ചു. കുക്കുമ്മ ജനല്‍പാളിയിലൂടെ ഇതെല്ലാംആശങ്കയോടെ നോക്കികാണുന്നുണ്ട്. അവള്‍ക്കത്ര രസിച്ചില്ല. അവള്‍ അമ്മടെ അടുത്തുചെന്ന് വിളിച്ചു.
"അമ്മാ.........."
അമ്മ അവളെ എടുത്ത് മടിയില്‍ വച്ചില്ല, അവളുട വിളി കേട്ടില്ല, അടുത്ത് നില്ക്കുന്ന അവളെ കണ്ടതുപോലുമില്ല.....!
ഈ സമയത്താണ് മേനോന്‍കുട്ടിയുടെ പുതിയ ഓര്‍ഡര്‍ വന്നത്.
"ശങ്കുണ്ണ്യാരേ................ 
അതിനെ എവിടാച്ചാ കൊണ്ടേവിട്യാ...... കഴുത്തിലേം കാതീലേം ഒക്കെ ഊരിവച്ചിട്ടുമതി. ചുറ്റിലും കള്ളന്‍മ്മാരാണേ............."
ഈശ്വരാ................ ശങ്കുണ്യാരുടെ നെഞ്ചു പൊള്ളി.
"മേനോന്‍കുട്ട്യേ............ പെരുവഴിയിലാക്കുന്നതിലും നല്ലത് പോലീസിലേല്‍പ്പിക്കുന്നതല്ലേ.........."
ശങ്കുണ്ണ്യാര് ആശങ്ക പ്രകടിപ്പിച്ചു.
"പോലീസ് കേസെന്ന് പറഞ്ഞാലേ നൂലാമാലയാണ്..... എവിട്ന്ന് വന്നൂ...........? എപ്പൊ വന്നു..............? എന്തുകൊണ്ട് ഇത്രനാള്‍ പറഞ്ഞില്ലാ.........? ഇതൊക്കെയായിരികും പോലീസിന്‍റെ ചോദ്യങ്ങള്....... ഇതിന്‍റെ പിന്നില്‍ കെട്ടിതൂങ്ങാന്‍ എവിടെ സമയം?
ആ റെയില്‍വേ സ്റ്റേഷന്‍റടുത്ത് കുറേ തെണ്ടിപിള്ളാരുണ്ട്, അവരുടെ കൂടങ്ങ് കൂടിക്കോളും"
മങ്ങിയ വെളിച്ചത്തില്‍ ശങ്കുണ്ണ്യാര് മുന്നിലും കുക്കുമ്മ പിന്നിലുമായി നടന്നു.
"കുക്ക്യോ......... ആ ഏട്ടന്‍റെ സ്ഥലം അറിയ്വോ......."
ശങ്കുണ്ണ്യാരുടെ ചോദ്യത്തിന് അറിയാം എന്നവള്‍ തലകുലുക്കി.
റയില്‍വേ സ്റ്റേഷനുപിന്നിലെ പറമ്പ് മുറിച്ചു കടന്നാല്‍ അവിടെ എത്തും. പറമ്പ് നിറയെ തൊട്ടാവാടി പൊന്തകളാണ്. കണ്ണന്‍റെ കൂടെ അവള്‍ പലകുറി അതിലേ പോയിട്ടുണ്ട്. അപ്പോഴൊക്കെ കണ്ണന്‍ അവളെ എടുക്കാറാണ് പതിവ്. കുഴപ്പമില്ല, ഇപ്പോള്‍ ചെരുപ്പുണ്ട്. തൊട്ടാവാടി മുള്ളിനെ വകവയ്ക്കാതെ അവള്‍ ഒരോട്ടമാണ്. അവള്‍ കാഴ്ചയില്‍നിന്നും മറഞ്ഞപ്പോള്‍ ശങ്കുണ്ണ്യാര് തിരിച്ച് നടന്നു.
"ഈശ്വരാ......... കുഞ്ഞിന് ആപത്തൊന്നും വരുത്തരുതേ..........."
കോണ്‍ക്രീറ്റ് പൈപ്പിന്‍റെ അടുത്തെത്തിയപ്പോഴാണ് അവള്‍ ഓട്ടം നിര്‍ത്തിയത്. 
കുറച്ച് വര്‍ണ്ണകടലാസുകള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ...........
കണ്ണേട്ടന്‍ എവിടെപ്പോയി....................?
അവളുടെ കയ്യിലെ ആകാശത്തിന്‍റെ നിറമുള്ള പട്ടം കാറ്റിനൊപ്പം കളിയ്ക്കാന്‍ കുതറികൊണ്ടിരുന്നു.
കണ്ണന്‍ വടക്കോട്ടുള്ള വണ്ടി കയറിയതറിയാതെ അവള്‍ അവിടെ നിന്ന് ഉറക്കെ വിളിച്ചു
"ഏട്ടാ................."
"കണ്ണേട്ടാ......................
......................................ണ്ണേട്ടാ.............."

By: ramesh parapurath

1 comment:

  1. അറിയാതുള്ളിലൊരു നോവിൻ തരിയുമായ്
    എവിടെയോ കുതറുന്നു, പട്ടം !

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot