നേരം രാത്രി 2 മണിയെങ്കിലും കഴിഞ്ഞ് കാണും.. ഇരുട്ടിനെ കീറി മുറിച്ച് കൊണ്ട് ആ പഴയ വില്ലീസ് ജീപ്പ് പതിയെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. വീണ് കിട്ടിയ അവധി ആഘോഷിച്ച് കഴിഞ്ഞുള്ള വരവാണ്.കൂട്ടുകാരെല്ലാം മദ്യ ലഹരിയിൽ മയക്കം പിടിച്ചിരിക്കുന്നു. അല്ലെങ്കിലും കഴിക്കാത്തത് കൊണ്ട് ഇത്തരം സന്ദർഭങ്ങളിൽ ഡ്രൈവിംഗ് ഉത്തരവാദിത്തം എന്നിലാണ് വന്ന് ചേരാറ്.
ഒരു വലിയ വളവ് വീശിയെടുത്തപ്പോഴാണ് ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ ആ കാഴ്ച കണ്ടത്.അങ്ങിങ്ങായി ഒട്ടിച്ച് വെച്ച പോസ്റ്ററുകളിലായി മനോഹരിയായ ഒരു പെൺകുട്ടിയുടെ ചിത്രം. ആദരാഞ്ജലികൾ എന്നായിരുന്നു അടിക്കുറിപ്പ്.വെളിച്ചമടിച്ചത് കൊണ്ടാവാം ആ കണ്ണുകൾ തിളങ്ങുന്നത് പോലെ തോന്നി. ഈ കുട്ടിയെങ്ങനെ മരണപ്പട്ടു എന്ന ചോദ്യം മനസ്സിലൊരു നിമിഷം മിന്നി മറഞ്ഞു.ഈ ആലോചനകളിൽ മുഴുകിയത് കൊണ്ടാവാം വളവ് കഴിഞ്ഞ ഉടനെ മുമ്പിലെന്തോ നിൽക്കുന്നത് വളരെ അടുത്തെത്തിയാണ് കണ്ടത്.
ഒരു മൂർഖൻ പാമ്പ് പത്തി വിടർത്തി നിൽക്കുന്നത് പോലെയാണ് തോന്നിയത്.പെട്ടെന്നുണ്ടായ പ്രേരണയിൽ വെട്ടിച്ച് മാറ്റിയപ്പോൾ വണ്ടി ഒന്ന് പാളി. ഉറക്കം മുറിഞ്ഞ ഒരുത്തന്റെ വായിൽ നിന്ന് പച്ച തെറിയാണ് വന്നത്. ഒന്ന് പരിഭ്രമിച്ചെങ്കിലും വലിയ കാര്യമാക്കാതെ ജീപ്പ് മുന്നോട്ട് തന്നെ ഓടിച്ചു.
അൽപ ദൂരം കൂടി കുഴപ്പമില്ലാതെ ഓടിയ വണ്ടി പെട്ടെന്ന് ഒരു മുന്നറിയിപ്പും കൂടാതെ നിശ്ചലമായി.ഒരുപാട് യാത്രകളിൽ ഞങ്ങളുടെ വിശ്വസ്തനായ സാരഥി ആദ്യമായിട്ടാണ് ഇങ്ങനെയൊരു ചതി കാണിക്കുന്നത്.കൂട്ടുകാരെ വിളിച്ച് നോക്കിയെങ്കിലും മദ്യം അവരെ പൂർണമായി കീഴ്പെടുത്തിയിരുന്നു.
മറ്റ് വഴികളില്ലാത്തത് കൊണ്ട് ഞാൻ പുറത്തിറങ്ങി.നല്ല തണുപ്പുണ്ടായിരുന്നു. എവിടെയാ എത്തിയതെന്ന് ഒരൂഹവും കിട്ടിയില്ല. ആ വഴി ഒരു വണ്ടി പോലും കടന്ന് പോവാത്തത് അത്ഭുതം ഉളവാക്കി. ആകാശത്ത് ഒരു നക്ഷത്രം പോലും കാണാൻ ഇല്ലായിരുന്നു! മൊബൈൽ ഫ്ലാഷ് ഓണാക്കി നോക്കിയപ്പോൾ റോഡിന്റെ ഒരു ഭാഗം അഗാധതയിലേക്ക് എന്ന വണ്ണം നീണ്ട് പോവുന്ന ചെരിവാണെന്ന് മനസ്സിലായി.
സ്വഭാവികമായി ജീപ്പിന്റെ ബോണറ്റൊന്ന് തുറന്ന് പരിശോധിക്കാമെന്ന് വിചാരിച്ചു. റേഡിയേറ്ററിൽ ആവിശ്യത്തിന് വെള്ളമുണ്ടായിരുന്നു. ബാറ്ററിയുടെ കണക്ഷൻ പരിശോധിച്ച് തലയുയർത്തിയപ്പോൾ ഒരു ശീൽക്കാര ശബ്ദത്തോടെ വളരെ പെട്ടെന്ന്എന്തോ ഒന്ന് എന്റെ നെറ്റിയുടെ നേരെ വന്ന് നിന്നു.വെളിച്ചം അങ്ങോട്ട് നീക്കിയപ്പോൾ പേടി കൊണ്ട് ചോര തണുത്തുറഞ്ഞ് പോയത് പോലെ തോന്നി.
അസാധാരണ വലിപ്പമുള്ള ഒരു മൂർഖൻ പാമ്പ് എന്റെ നെറ്റി ലക്ഷ്യമാക്കി പത്തി വിടർത്തി നിൽക്കുകയാണ്. അതിന്റെ ക്രൗര്യം മുറ്റിയ കണ്ണുകൾ ഫ്ലാഷ് ലൈറ്റിൽ തിളങ്ങുന്നുണ്ടായിരുന്നു. എത്ര സമയം അങ്ങനെ നിന്നെന്ന് ഓർമയില്ല. പിറകിലൊരു നിഴൽ ചലിച്ച പോലെ തോന്നി. തിരിഞ്ഞ് നോക്കാൻ നിർവാഹമില്ലായിരുന്നു. ഒന്ന് അനങ്ങിയാൽ മൂർഖൻ എന്നെ ആക്രമിക്കുമെന്ന് ഞാൻ ഭയപ്പെട്ടു.
പിറകിലാരോ നിൽപുണ്ടെന്ന് നല്ല ഉറപ്പായിരുന്നു. എന്തോ കണ്ട് ഭയപ്പെട്ട പോലെ പാമ്പ് പത്തി താഴ്ത്തി എങ്ങോട്ടോ ഇഴഞ്ഞ് പോയി. ആശ്വാസത്തിന്റെ പിരിമുറുക്കത്തിനൊടുവിൽ ഞാൻ ബോധരഹിതനായി താഴെ വീണു . പാതി മയക്കത്തിൽ കണ്ടു.. അകന്ന് പോകുന്ന ഒരു പെൺകുട്ടിയുടെ കാൽപാദങ്ങൾ. ഒരു കാലിൽ മാത്രം നിറയെ മണികളുള്ള വെള്ളി കൊലുസ് അണിഞ്ഞതായി കാണാമായിരുന്നു.പിന്നെ ഇരുട്ട് മാത്രം.
ഓർമ വരുമ്പോൾ ഏതോ ആശുപത്രി കിടക്കയിലാണ്.കൂട്ടുകാരെല്ലാം അടുത്തുണ്ട്. ജീപ്പ് ഒതുക്കി നിർത്തി ഞാൻ ഉറങ്ങുക ആയിരുന്നു പോലും. വിളിച്ചപ്പോൾ ഉണരാതെ പിച്ചും പേയും പറഞ്ഞപ്പോഴാണ് ആശുപത്രിയിൽ കൊണ്ട് വന്നത്. എവിടുന്ന് കിട്ടിയെടാ കഞ്ചാവ് എന്നായിരുന്നു ഒരുത്തന്റെ ആകാംക്ഷയോട് കൂടിയുള്ള ചോദ്യം.
എല്ലാവരും പുറത്തിറങ്ങിയപ്പോൾ അവിടെ മേശപ്പുറത്ത് കിടന്നിരുന്ന പത്രമെടുത്ത് അലസമായി മറിച്ച് നോക്കി.തലേ ദിവസം നടന്ന ദുരൂഹമായ കൊലപാതക വാർത്തയുടെ ചിത്രങ്ങളിൽ കണ്ണുടക്കിയപ്പോൾ ഹൃദയം നിലച്ച പോലെയായി. അതവളായിരുന്നു.. രാത്രി കണ്ട പോസ്റ്ററിലെ പെൺകുട്ടി. ഒരു പനമ്പായയിൽ പൊതിഞ്ഞ ജഡത്തിന്റെ വെളുത്ത കാലുകളൊന്നിൽ നിറയെ മണികളുള്ള വെള്ളിക്കൊലുസ് കാണാമായിരുന്നു!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക