ഞാനന്ന് അഞ്ചിലാണോ, അതോ ആറിലോ......?
ശരിക്കും ഓര്‍മ്മകിട്ടുന്നില്ല.
ഹവായ് ചെരുപ്പ് കയ്യിലിട്ട് ഓടിയാല്‍, ഓട്ടത്തിന് വേഗത കിട്ടുമെന്ന് വിശ്വസിച്ചിരുന്ന കാലം. സ്ക്കൂളുവിട്ടാല്‍ പിന്നെ ഓട്ടമാണ്.......
ഒടുക്കത്തെ ഓട്ടം.
ഗോപാഷ്ണമേനോന്‍റെ ഇറക്കം കഴിഞ്ഞാല്‍ പിന്നെ കമറുക്കാന്‍റെ കേറ്റമാണ്. കയറ്റം കേറിയാല്‍ ചെറിയൊരു വിശ്രമം. പെട്ടിക്കടയില്‍ നിന്നും ഗ്യസ് മുട്ടായി വാങ്ങി വായിലിട്ടാണ് പിന്നത്തെ ഓട്ടം. തരകന്‍മുക്കിലെ പുളിഞ്ചോടെത്തിയാല്‍ വണ്ടി നില്ക്കും. അവിടെ നിന്നും നോക്കിയാല്‍ വീടിന്‍റെ മേപ്പുരയും മുറ്റത്തെ പാറ്റ തെങ്ങും കാണാം. പുളിഞ്ചോട്ടില്‍ നിന്നും കുഞ്ഞന്‍ പച്ചപുളിങ്ങകള്‍ പെറുക്കി പോക്കറ്റില് വീട്ടിലേക്ക് നടക്കും.
കഷ്ടകാലമെന്ന് പറയട്ടെ, തെക്കേ തൊടിയിലെ പുല്‍നാമ്പുകളെ കുളിപ്പിച്ച് ഞാന്‍ പാന്‍റിന്‍റെ വലിപ്പ് വലിച്ചതാ............
"കുടുങ്ങിപ്പോയീ............"
എല്ലാ അര്‍ത്ഥത്തിലും ഞാന്‍ കുടുങ്ങിപ്പോയി. തോലരങ്ങി നീറുന്ന വേദന ഒരുവശത്ത്. ഇതാരെങ്കിലും അറിഞ്ഞാല്‍..................? നാണക്കേടാണ്. ഒാര്‍ക്കാന്‍ പോലും വയ്യ...........
ആരുമറിയാന്‍ പാടില്ല. വലിപ്പില്‍നിന്നും മോചിതനാവാന്‍ ഞാന്‍ പല ശ്രമങ്ങളും നടത്തി. വേദന കൂടിയെന്നല്ലാതെ ഫലമൊന്നും ഉണ്ടായില്ല. അറിയാതെ വിളിച്ചുപോയി...........!
അമ്മാ............
അതോടെ എന്‍റെ വ്യക്തിഗത പ്രശ്നം കുടുംബപ്രശ്നമായി മാറി.
അമ്മയും കഴിവിന്‍റെ പരമാവധി ശ്രമിച്ചു. മോചനം കിട്ടിയില്ല,മാത്രമല്ല വേദന കൂടി കൂടി വരുന്നു.
അമ്മ ആ കുടുംബപ്രശ്നത്തെ സാമൂഹ്യ പ്രശ്നമാക്കി മാറ്റി. അയല്‍പക്കകാരും അറിഞ്ഞിരിക്കുന്നു...!
അമ്മയുടെ പ്രായം വരുന്ന മൂന്ന് തടിച്ചികളും പിന്നെ പഠിത്തക്കാരി ബിന്ദുവും ചുറ്റിലും നില്കുന്നു. അമ്മയൊഴികെ എല്ലാവരും ചിരിക്കുകയാണ്. ബിന്ദുവാണ് ചിരിക്ക് നേതൃത്വം നല്കുന്നത്. കലണ്ടറിന്‍റെ പേജുകൊണ്ട് പൊതിഞ്ഞ ടെക്സ്റ്റ് ബുക്കുകൊണ്ട് മുഖം പൊത്തിയാണ് അവള്‍ ചിരിക്കുന്നത്. കാള്യാവിലെ പൂരത്തിന് വാങ്ങിയ കവണ കൊണ്ട് എല്ലാത്തിനേം ഒന്ന് ചൂടാക്കാന്‍ തോന്നി എനിക്ക്.വേദന കൊണ്ട് പുളയുമ്പോള്‍ നിന്ന് ഇളിക്കുന്നു.....!
ഇവര്‍ മനുഷ്യരാണോ.............?
ഞാന്‍ ആരേയും അടുപ്പിക്കുന്നില്ല; അമ്മയെ പോലും. നിന്ന് കരയുകയാണ്.
" മുകളിലേക്ക് വലിച്ചപ്പോഴാണോ കുടുങ്ങ്യേ........,അതോ താഴേക്ക്വോ?"
ചിരിയടക്കി, എന്‍റെചുമലില്‍ കൈവച്ചുകൊണ്ട് ബിന്ദു ചോദിച്ചു.
മു...ക...ളി...ലേ...ക്ക്.....
"എന്നാ പതുക്കെ താഴോട്ട് വലിക്ക്....... നീ തന്നെ വലിച്ചാതീ........."
ഞാന്‍ വലിപ്പ് പതുക്കെ താഴേക്ക് വലിച്ചു.
അത്ഭുതം............!ഞാന്‍ പാന്‍റിന്‍റെ ഇറുക്കില്‍ നിന്നും മോചിതനായി!
ബിന്ദുവിന്‍റെ ചലനനിയമം എന്നെ രക്ഷപ്പെടുത്തിയിരിക്കുന്നു......!
അവള്‍ പഠിത്തക്കാരി തന്നെ........
അവള്‍ വീണ്ടും ചിരിതുടങ്ങി. അവള്‍ചിരിച്ചോട്ടെ......... ഞാനും അങ്ങനെ വിചാരിച്ചു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക