നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിരഹമാരി



തുടക്കമാണ് തുടങ്ങാനാകാത്തത്. നികൃഷ്ടമായ ജീവിതത്തിന്റെ അവസാനത്തിൽനിന്നൊ ആദ്യത്തിൽ നിന്നോതുടങ്ങേണ്ടത് . എഴുത്ത് എന്നതിൽ പിന്നിലാണെങ്കിലും എഴുതാതിരിക്കുവാൻ ആവില്ല. ജീവിതം പിന്നിട്ട വഴികൾ. വിഭിന്നമായ ജീവിതചുറ്റുപാടുകൾക്കിടയിൽ വീർപ്പുമുട്ടിയ മനസ്സിന്റെ വിഹ്വലതകൾ . എല്ലാം കുറിച്ചില്ല എങ്കിൽ മൃത്യു ദേവി വന്നു പുൽകി ലോകത്തിൽ നിന്നും കൂട്ടിക്കൊണ്ടുപോകുമ്പോഴും എന്നത്തേയും പോലെ സമാധാനം ഉണ്ടാവില്ല..
വിമ്മിഷ്ടപ്പെട്ട് എഴുതാനിരുന്ന രാജീവന്റെ കൈത്തണ്ടയിൽ ഉരുകിയൊലിക്കുന്ന സ്നേഹമായ മെഴുകു കണം വീണു. പൊള്ളിയ കൈ പിൻവലിക്കാതെ സ്നേഹം ഉണങ്ങുന്നതിനായി കാത്തിരുന്നു. ആ കാത്തിരിപ്പിന്റെ ക്ഷോഭിത വികാരങ്ങൾ അവന്റെ എഴുതാനുള്ള ത്വരയെ മുന്നോട്ടു നയിച്ചു. പക്ഷേ തെന്നിവീണ പേനയെ നേരെ പിടിക്കുവാൻ വർദ്ധിച്ചുവന്ന ചിന്തകൾ സമ്മതിച്ചില്ല. പടുകുഴിയാകുന്ന ആലസ്യത്തിന്റെ സ്വപ്നത്തിലേക്ക് അവൻ വേച്ചു വീണു.
ദുരമൂത്ത മാനസീക പ്രപഞ്ചം സുന്ദരമായ ഒരു സ്വപ്നം കാട്ടിക്കൊടുത്തു. പുഞ്ചിരി തൂകുന്ന അമ്മയുടെ മാറിലെ സ്നേഹം മുഴുവൻ വലിച്ചുകുടിക്കുന്ന തന്നെത്തന്നെ അവൻ കണ്ടു. നിഷ്കളങ്കമായി കണ്ണടച്ചു കിടക്കുന്നതു കണ്ടപ്പോൾ അറിയാതെതന്നെ ഒരു പുഞ്ചിരി വിരിഞ്ഞു. എന്തെല്ലാം ക്ഷോഭിത വികാരങ്ങളെ നേരിടേണ്ട മുഖമാണിതെന്ന് അന്നറിയാമായിരുന്നോ. നാളത്തെ വൃണങ്ങൾ ആ മുഖത്തേ തച്ചുടയ്ക്കുമെന്ന് ഇൗ നിർവൃതിയിലലിയുന്ന അമ്മയ്ക്ക് അറിയാമായിരുന്നോ.
രാജീവൻ ഉണർന്നു . ദാഹിക്കുന്നതായി തോന്നി.ഗ്ലാസ്സിലേക്ക് പകർന്ന ചൂടുള്ള ദ്രാവകം ചുണ്ടോടമർത്തി. വേദന ..പെരുകുന്ന വിഷകോശങ്ങൾ അവന്റെ തൊണ്ടയിൽ വേദന പടർത്തി. ദാഹം മനസ്സിലും..
ഇന്നേയ്ക്ക് പതിനാലു ദിവസമായി കറങ്ങുന്ന പങ്കായങ്ങളെ കണ്ട് ഇവിടെ കിടക്കുന്നു. അരുകിൽ ഇരിക്കുന്ന ഭാര്യക്കുപോലും മുഖത്തേയ്ക്കുനോക്കാൻ പേടിയാണ്. വിഷം പെറ്റുനിറഞ്ഞ് മുഖം വികൃതമായിരിക്കുന്നു. കണ്ണാടി അനുവാദിക്കാത്തതിനാൽ കാണാൻ സാധ്യമല്ല. സുഹൃത്തുക്കൾ അവളെ മാത്രം കണ്ട് തിരിച്ചുപോകുന്നു . അത്രയ്ക്ക് വികൃതമായിരിക്കുമോ എന്റെ മുഖം. രാജീവൻ സ്വയം ചോദിച്ചു. കരയാതെ കാത്ത കണ്ണീരൊക്കെയും മലവെള്ളപ്പാച്ചിലായ് വന്ന് ചെവികളെ നനച്ചു.
ആദ്യം അറിഞ്ഞിരുന്നെങ്കിൽ പതിയെ മാറ്റാമായിരുന്നെന്നാ ഡോക്ടർ പറഞ്ഞെ
എല്ലാകാര്യത്തിലും അറിവുള്ള ആളല്ലേ എന്തെ ഇതുമാത്രം അറിയാതെ പോയേ.
ഒന്നെഴുന്നേറ്റു പോണുണ്ടോ എന്ന് പറയാൻ ശ്രമിച്ചു തൊണ്ടയിൽ നീറ്റൽ മാത്രം. പണ്ട് ഒരുപാട് അഹങ്കരിച്ചതാണ് തന്റേതു മാത്രമായ ശബ്ദത്തെക്കുറിച്ച്. ഇന്ന്..ഒരു നെടുവീർപ്പോടെ രാജീവൻ ഭാര്യയേ കൈകൾ കൊണ്ട് തോണ്ടി സ്വസ്ഥനാക്കാൻ അപേക്ഷിച്ചു. അവൾ അപ്പുറത്തേയ്ക്ക് മാറിപ്പോയി.
ഭാര്യയെക്കുറിച്ചോർത്തപ്പോൾ രാജീവന് വീണ്ടും സങ്കടമായി അവളുടെ വിധി ഇങ്ങനെ യായല്ലോ പണ്ട് കൊടികുത്തി വാണ പ്രണയ നൈരാശ്യം സമ്മാനിച്ചതാണ് ഇൗ രോഗം . ലഹരിയിൽ അലിയുമ്പോൾ അറിഞ്ഞിരുന്നില്ല ഇങ്ങനെ ഒരന്ത്യമാകും വിധി കാത്തുവച്ചിരുന്നതെന്ന് ..അറിഞ്ഞിരുന്നില്ലേ. അറിയാമായിരുന്നു പക്ഷേ അന്ന് മരിക്കാനായിരുന്നു കൊതി. എന്നാൽ ഇന്നോ ജീവിക്കാനും.
മകളെക്കണ്ടിട്ട് കുറച്ചായല്ലോ എന്ന് രാജീവൻ ഒാർത്തു. അവളിങ്ങോട്ടൊന്നും വരുന്നേയില്ലല്ലോ ഭയമാണ് ഭാര്യ പറഞ്ഞതാണ് . കാണാനാഗ്രഹമുണ്ട് എന്നറിയിച്ചപ്പോൾ ഒരിക്കൽ വന്നു. മുഖത്തേയ്ക്ക് ഒന്നു നോക്കുകകൂടി ചെയ്യാതെ കുറച്ചുനേരം നിന്നു. അപ്പോൾ താൻ പറഞ്ഞു പൊയ്ക്കൊളാൻ . വേറെ തിരക്കുകളുണ്ടാകുമല്ലോ. അവൾ അമ്മയുടെ കയ്യും പിടിച്ച് പുറത്തേയ്ക്ക് നടന്നു. തിരിച്ചുവന്ന ഭാര്യ പറഞ്ഞതാണ് അവൾക്ക് പേടിയാണെന്ന്. മുൻപ് തന്റെ മടിയിൽ ഇരുന്ന് മീശയും വലിച്ചു കൊഞ്ചിയിരുന്ന അവൾക്കിപ്പോ പേടിയാത്രേ. പേടിയാവില്ല അറപ്പായിരിക്കും. അത്രയ്ക്ക് വികൃതമായിരിക്കുമല്ലോ തന്റെ മുഖം.
തന്റെ വിഷമം കണ്ട് ഭാര്യ ഒരിക്കൽ കൂടി അവളെ കാണാൻപോയി. തിരിച്ചുവന്ന അവളുടെ മുഖം വിളറിയിരുന്നു. എന്തു പറഞ്ഞു എന്നവളോട് തിരക്കിയപ്പോൾ അവൾ പറഞ്ഞു.
അവളുടെ മകന് (അതായത് തന്റെ പേരക്കുട്ടിയ്ക്കു) പേടിയായതുകൊണ്ടാണ് അവനെ തനിച്ച് വീട്ടിൽ നിർത്തി പോരാനവൾക്കാകുമോ. രണ്ട് വയസ്സല്ലേ ആയിട്ടുള്ളൂ
അല്ലെങ്കിലും ഇവള് മകളുടെ പക്ഷം പിടിച്ചേ സംസാരിക്കു. അത് അനാഥാലയത്തിൽ ആയിരുന്നപ്പോഴും . എന്നാലെനിക്ക് മനസ്സിലാകാതിരിക്കുമോ. അവൾക്ക് വായ്ക്കകത്ത് കാൻസർ ബാധിച്ച ഒരച്ഛനുണ്ട് എന്ന് പുറം ലോകമറിയുന്നതിലുള്ള ഭയമാണ്. അവൾക്കവളുടെ ഭർത്താവിന്റെ സ്റ്റാറ്റസ് നോക്കണ്ടേ. അവരുടെ എല്ലാമാന്യതയും കളയുന്നതാണല്ലോ വായിലെ കാൻസർ. വേറെ എവിടെയെങ്കിലും ആകാമായിരുന്നു. ഇത്.
അപ്പോഴാണ് ആ രൂപം രാജീവൻ കണ്ടത്. അതേ അവൾ തന്നെ തന്റെ ഏറ്റവും പ്രിയപ്പെട്ട ഒരിക്കലും മറക്കാനാകാത്ത കൗമാരകാല പ്രണയിനി. അവളെന്താണ് ഇവിടെ തന്റെ ജീവിതത്തിൽ വിഷത്തിന്റെ വിത്തുപാകിയതിൽ അവൾക്കൊരു പങ്കുമില്ല എന്ന് ബോധ്യപ്പെടുത്താനാണോ. അതോ അവളുടെ ആരെങ്കിലും ഇവിടെ കിടക്കുന്നുണ്ടാകുമോ. ഭാര്യയോട് ചോദിക്കണമെന്നുണ്ട് പക്ഷേ ആദ്യമായി അവളെ കണ്ടപ്പോൾ തനിക്കുണ്ടായ വിറയൽ അതേപോലെ ഇപ്പോഴും തന്നെ തളർത്തുന്നത് രാജീവൻ തിരിച്ചറിഞ്ഞു.
അടുത്ത് നില്ക്കുന്ന നഴ്സിനോട് അവൾ ചോദിക്കുന്നത് കേട്ടു
റേഡിയേഷനുള്ള ചീട്ട് എവിടെയാ കൊടുക്കണ്ടേ
കാൻസർ വാർഡിന്റെ അറ്റത്തേക്ക് ചൂണ്ടി നഴ്സ് പറഞ്ഞു. അവിടെയാണ്
രാജീവന്റെ മനസ്സൊന്നു പിടഞ്ഞു. അവൾക്കും കാൻസറാണോ. അപ്പോൾ നഴ്സ് ഭാര്യയോട് പറയുന്നത് രാജീവൻ കേട്ടു.
"അവർക്കു ബ്രെസ്റ്റ് കാൻസർ ആണ്ആദ്യ പ്രസവത്തിനു ശേഷമാണ് കണ്ടുപിടിച്ചത് ആദ്യം വലതു മുലയിൽ ആയിരുന്നു. അന്ന് ആ വേദനയിലും ഇടതു മുലയിലൂടെ കുഞ്ഞിന് പാലു കൊടുക്കുന്നത് ഞാൻ കണ്ടതാണ് ഇപ്പോളിതാ രണ്ടാമത്തേതിലും. കെട്ടിയോൻ പ്രസവത്തിന് മുന്നേ മരിച്ചു. അടുത്ത് മകനും പോയി. ഇനി കീമോ വേണ്ടിവരും. ആരും കൂട്ടിനില്ലാതെ ഒറ്റയ്ക്കാണ് വരുന്നത്. ചെറിയ നൊസ്സും ഉണ്ട്."
ഇതു കേട്ടതും രാജീവൻ പൊട്ടുന്ന വേദനയോടെ ഭാര്യയോട് പറഞ്ഞു
അവളെ വിളിക്ക് . എനിക്കവളെ കാണണം. ഒരുകാലത്ത് അവൾ എന്റേതായിരുന്നു . ഇനിയും അവളെ നഷ്ടപ്പെടുത്താൻ വയ്യ
അത്ഭുതത്തോടെ ഭാര്യ രാജീവനെ നോക്കി അവളുടെ കണ്ണൽ നിന്നുള്ള ലാവാ പ്രവാഹം അവന്റെ കൈകൾ നനച്ചു.
അവനിനി ഒന്നും പറയാനുണ്ടായിരുന്നില്ല. അകലേയ്ക്കുപോകുന്ന പ്രണയിനിയേ നോക്കികൊണ്ട് രാജീവന്റെ മിഴികൾ അവസാനമായി അടഞ്ഞു.....
---------------------------------------------------
രമേഷ് കേശവത്ത്.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot