നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബുദ്ധം ശരണം ഗച്ഛാമി



ഭാരങ്ങളെല്ലാമിറക്കുന്നലങ്കാര -
താരപ്രഭയും ,കിരീടം, പ്രതാപവും
കാലം തുറക്കും ജനാലക്കുമപ്പുറം
ശീലങ്ങളെല്ലാമഴിച്ചെറിയുന്നിതാ
അർത്ഥസമ്പുഷ്ടങ്ങളല്ലാത്ത ജീവിത -
വ്യർത്ഥ കാവ്യത്തിൻ്റെ വ്യാകരണങ്ങളെ
സ്വാർത്ഥ സാഫല്യ വിചാരങ്ങളില്ലാതെ-
യോർത്തെടുക്കുന്നു, വിട പറയുന്നു ഞാൻ
ജന്മശിഷ്ടങ്ങളെ ധർമാശ്രമത്തിൻ്റെ-
യുന്മാദബാധയിൽ വിസ്മരിക്കുന്നു ഞാൻ
വർണ്ണ വസ്ത്രങ്ങളിൽ തുന്നിപ്പിടിപ്പിച്ച
സ്വർണ ചന്ദ്രക്കല മണ്ണിൽ കുഴിച്ചിട്ട്
താണുവീണൊന്നുനമസ്ക്കരിച്ചീടവേ
പ്രാണദാതാവിനു പ്രാർത്ഥന ചൊല്ലിയും
നിത്യദു:ഖത്തിൻ്റെ മൺകലം പൊട്ടിച്ചു
സത്യമാർഗത്തിലേക്കിന്നിറങ്ങുന്നിതാ
കത്തിജ്വലിക്കും വിശപ്പു തിന്നന്തിയിൽ
പൊട്ടിക്കരയും തെരുവ്;വെളിച്ചങ്ങ -
ളില്ലാതെ തങ്ങളിൽ ഭോഗിച്ചൊടുങ്ങുന്ന
പട്ടിണി മാത്രം പുളക്കുന്ന വൻകര
അമ്മയെക്കാണാതുണർന്ന ബാല്യത്തിൻ്റെ
നന്മയെച്ചുട്ടെടുക്കുന്ന കാമാന്ധത
രാജാധികാരം നശിപ്പിച്ച നാടിൻ്റെ-
യാചാരഭംഗിയിലുമ്മ വെക്കുന്നു ഞാൻ!
അശ്വത്ഥമില്ലാതൊരുഗ്രതാപത്തിൻ്റെ-
യസ്വസ്ഥമൂർഛയിൽകൺതുറന്നീടവേ
ധർമസംഘശരണാക്ഷരശംഖൊലി
നൽകിയ ഗൗതമനല്ല ഞാനെങ്കിലും
ബോധി വൃക്ഷങ്ങളിൽ തീയലച്ചാർത്തുകൾ
വേരിനെപ്പോലും നശിപ്പിച്ച ഹിംസകൾ.....
കാലഭേദത്തിൻ കനൽച്ചൂടുപൊള്ളവേ
ആത്മസാക്ഷാൽക്കാരമാർഗമന്വേഷിച്ചു
ദീർഘയാനങ്ങളിൽ നീലിച്ചു തീരുന്നു
ഭാഗ്യമോരാത്ത തഥാഗത യാത്രകൾ...
ഭാവിയും ഭൂതവും വർത്തമാനത്തിൻ്റെ
യാഗപ്പുരകളിൽ വെന്തു തീരുമ്പൊഴും
നീയന്നരുളിയ സംഘബോധത്തിൻ്റെ
നീരൊഴുക്കുണ്ടോ പുനർജനിച്ചീടുവാൻ?
****** ********* ********
ശ്രീനിവാസൻ തൂണേരി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot