ബാങ്കിൽ കയറിയിട്ട് നാലഞ്ചുവർഷങ്ങളേ ആയിട്ടുള്ളെങ്കിലും ഇതിനിടയിൽ പല രസകരങ്ങളായ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിൽ എനിക്കു പറ്റിയ ഒരബദ്ധം തന്നെ ആദ്യം നിങ്ങളോടു പങ്കുവയ്ക്കാം.
അന്നെനിക്ക് പാസ്സ് ബുക്ക് അപ്ഡേഷൻ സെക്ഷനിലായിരുന്നു ഡ്യൂട്ടി.ബുക്കു പതിച്ചു കഴിഞ്ഞാൽ ചില അമ്മച്ചിമാർക്ക് നൂറുസംശയമാണ്.എവിടുന്നാ കാശുവന്നത്,ഗ്യാസ് സബ്സിഡി വന്നോ,പെൻഷൻ കാശ് എന്താ വരാത്തത്...അങ്ങനെ നീളും സംശയങ്ങൾ.സംശയങ്ങൾ തീർത്ത് തീർത്ത് പിന്നെപ്പിന്നെ അവർ ചോദിക്കുമുൻപുതന്നെ ഞാൻ അങ്ങോട്ടു പറയാൻ തുടങ്ങി മൂന്നു മാസത്തെ പെൻഷനാ വന്നത് ബാക്കി കുടിശ്ശിക പിന്നെ വരുമായിരിക്കും എന്നൊക്കെ.അതു കേൾക്കുമ്പോൾ അമ്മച്ചിമാർക്കും സന്തോഷമാകും.നല്ല കൊച്ച് എല്ലാം പറഞ്ഞുതരും നേരത്തേ ഇരുന്ന മേഡം ഭയങ്കര ദേഷ്യമായിരുന്നു എന്നൊക്കെയുള്ള അവരുടെ വാക്കുകൾ കേൾക്കുമ്പോൾ ,ഇതൊക്കെ എൻ്റെ ജോലിയാണെങ്കിലും ഏതാണ്ട് മദർ തെരേസായുടെ കൊച്ചുമോളായ ഭാവത്തിൽ ഞാനിരിക്കും.
അങ്ങനെ ഞാനെൻ്റെ മഹത്തായ ജനസേവനം തുടർന്നുപോകുന്ന സമയത്താണ് ഒരു ദിവസം പത്തെൺപതു വയസുള്ള ഒരു ഉമ്മ പാസുബുക്കു പതിക്കാൻ വന്നത്.എൻ്റെയുള്ളിൽ ഉറങ്ങികിടന്ന സേവന തല്പര സടകുടഞ്ഞെണീറ്റു.ഇന്ന് അമ്മച്ചിയെ സേവിച്ചിട്ടുതന്നെ കാര്യം.പെൻഷൻ വന്നോന്ന് നോക്ക് മക്കളേ എന്നു പഞ്ഞ് അമ്മച്ചി തന്ന ബുക്ക് ഞാൻ പ്രിൻ്റു ചെയ്തെടുത്തു.പെൻഷൻ വന്നിട്ടില്ലെങ്കിലും ഗൾഫിൽ നിന്നും പതിനായിരം രൂപാ അക്കൗണ്ടിൽ വന്നിട്ടുണ്ടായിരുന്നു.അതു പറഞ്ഞ് അമ്മച്ചിയെ സന്തോഷിപ്പിക്കാനുള്ള വ്യഗ്രതയിൽ ഞാൻ പാസ്ബുക്ക് നോക്കി പറഞ്ഞു ഗൾഫിൽ നിന്ന് സുലെെമാൻ കുഞ്ഞു പതിനായിരം രൂപാ അയച്ചത് വന്നിട്ടുണ്ടമ്മേ.അമ്മച്ചിയിൽ നിന്ന് നന്ദിവാക്കുകൾ ഏറ്റുവാങ്ങായി വിനീതയായി മുഖമുയർത്തിയ ഞാൻ കണ്ടതോ അന്തംവിട്ട് കുന്തം വിഴുങ്ങിയമാതിരി നിൽക്കണ അമ്മച്ചിയെയും.എന്തോ കണ്ട് പേടിച്ച മാതിരി അമ്മച്ചി എന്നെ തുറിച്ചുനോക്കി നിൽക്കുന്നു.ഏതാനും നിമിഷത്തെ ഞെട്ടലിനുശേഷം സ്ഥലകാലബോധം വന്ന അമ്മച്ചി വളരെ ദയനീയമായി എന്നോടു ചോദിച്ചു, ഷാജഹാൻ അയച്ച കാശാണോ മോളേ?ഒന്നും മനസിലായില്ലെങ്കിലും എന്തോ അബദ്ധം പറ്റിയ തോന്നലിൽ ഞാൻ സിസ്റ്റത്തിൽ ഒന്നുകൂടി അക്കൗണ്ട് ചെക്ക്ചെയ്തു.സുലെെമാൻ കുഞ്ഞ് ഷാജഹാൻ എന്ന മുഴുവൻ പേരു കണ്ട് ചെറിയ ചമ്മലോടെ ഷാജഹാനാ പെെസ അയച്ചതെന്ന സത്യം അമ്മച്ചിയെ അറിയിച്ചു.പാസ്സ് ബുക്കിൽ അതുമുഴുവൻ പ്രിൻ്റുചെയ്യാൻ സ്ഥലമില്ലാത്തതുകൊണ്ടു പറ്റിയ അബദ്ധമെന്നോർത്തു ഞാൻ സമാധാനിച്ചു.എൻ്റെ മോനാ,അങ്ങ് ഒമാനിലാ ചെറിയ ചിരിയോടെ അമ്മച്ചി പറഞ്ഞു.ഏതു പെൻഷനാ അമ്മേ വരാനുള്ളത്?ചമ്മലുമറ്റാനായി ഞാൻ വെറുതേ ചോദിച്ചതായിരുന്നു അത്.പക്ഷേ അമ്മച്ചിയുടെ മറുപടി കേട്ടപ്പോഴാണ് ഞാൻ ശരിക്കും ചമ്മിയത്.ഞാൻ നേരത്തെ പെെസ അയച്ചെന്ന് അവകാശപ്പെട്ട സുലെെമാൻ കുഞ്ഞിൻ്റെ പേരിൽ വർഷങ്ങളായി അമ്മച്ചിക്ക് കിട്ടികൊണ്ടിരിക്കുന്ന വിധവാ പെൻഷനായിരുന്നു അത്.
അന്നത്തെ ആ അനുഭവത്തോടെ ഇങ്ങോട്ട് ആവശ്യപ്പെടാതെ ആരാ അയച്ചത് എവിടുന്നാ അയച്ചത് എന്നൊക്കെ വിവരിക്കണ ജനസേവന പരിപാടി ഞാനങ്ങ് നിർത്തി.
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക