നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പെരുച്ചാഴി


സ്‌കൂളിൽ പഠിച്ചിരുന്ന കാലത്താണ്
വീടിനു അടുത്തായുള്ള കുറച്ചു സ്ഥലം അച്ഛൻ വാങ്ങിച്ചത്.
വര്ഷങ്ങളായി കാടുപിടിച്ചു ആൾസഞ്ചാരമില്ലാതെ പാമ്പും,പെരുച്ചാഴിയുമൊക്കെ സ്വൈര്യ വിഹാരം നടത്തിയിരുന്ന ആ സ്ഥലം ഒന്ന് നേരയാക്കിയെടുക്കാൻ കുറച്ചേറെ ദിവസം പണിപ്പെടേണ്ടി വന്നു....
നല്ല സമതലമാർന്ന ആ ഭൂമിയിൽ വല്യച്ഛന്റെ വകയായി കപ്പ കൃഷിയും അച്ഛന്റെയും അമ്മയുടെയും വകയായി ചീര കൃഷിയും ആരംഭിച്ചു.
വാർഷിക അവധിക്കാലമാരുന്നതിനാൽ രാവിലെ എഴുന്നേറ്റു കപ്പയ്ക്കും ചീരക്കും ഒക്കെ നനയ്ക്കുക എന്നത് എന്റെയും കൂടി ചുമതലയാർന്നു......
ഒരുദിവസം പതിവുപോലെ വെള്ളം ഒഴിക്കുന്നതിനായി പറമ്പിലെത്തിയ ഞാൻ കണ്ടത് താടിക്കു കയ്യും കൊടുത്തു വിഷണ്ണനായി ഇരിക്കുന്ന വല്യച്ഛനെയാണ്.
വല്യച്ചന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് വിഷാദയായ് വല്യമ്മയും കൂട്ടിരിക്കുന്നു.
""ആറ്റുനോറ്റു നട്ട കപ്പ കമ്പുകളെല്ലാം പരമ ദ്രോഹിയായ ഏതോ മൂഷികൻ മറിച്ചിട്ടിരിക്കുന്നു"".......!!
നട്ട ഉടനെ തന്നെ അടിയിൽ കപ്പ കിളിർക്കുമെന്ന മൂഢ വിശ്വാസം പേറി പൈതങ്ങളായ കപ്പ കമ്പുകളെല്ലാം തുരന്നു മറിച്ചിട്ട ഈ മണ്ടൻ പെരുച്ചാഴികളെ എങ്ങനെ നേരിടും എന്ന ചിന്തയിലാണ് അവർ..
ഒടുവിൽ വല്യച്ഛൻ തന്നെ ഉപായം കണ്ടെത്തി....
വൈകുന്നേരമായപ്പോൾ കറിവെക്കാൻ വാങ്ങിയ മീൻ കഷ്ണങ്ങളിൽ അല്പം ഫ്യൂരിഡാൻ നിറച്ചു ,പെരുച്ചാഴി തുരക്കാനായി മിച്ചം വെച്ചിരുന്ന കപ്പ കമ്പുകളുടെ അടിയിൽ കുഴിച്ചിട്ടു.
കപ്പ തുരക്കാൻ വരുന്ന പഹയന്മാർ വിഷമടിച്ചു മയ്യത്താവണം...
അതാണ് ലക്‌ഷ്യം!!!!
വീട്ടിൽ ഓമനിച്ചു വളർത്തിയിരുന്ന "ചെമ്പൻ" എന്ന കണ്ടൻ പൂച്ച ഇതെങ്ങാനും അകത്താക്കി വടിയാകുമോ എന്ന ഒരു സംശയമുള്ളതിനാൽ അവനെ ഞാൻ അന്ന് തട്ടുമ്പുറത്തിട്ടു പൂട്ടി....!!
അവനെ പോലെയൊരു വീര ശൂര പരാക്രമി വീട്ടിൽ ഉണ്ടായിരുന്നിട്ടും പെരുച്ചാഴികൾ ഇങ്ങനെ വിലസുന്നത് തറവാടിന് തന്നെ നാണക്കേടാണ്......!!
ആത്മാഭിമാനമില്ലാത്ത അവനെ ഇങ്ങനെ സംരക്ഷിക്കാൻ പാടില്ലാത്തതാണ്....
പിന്നെ മീൻ വെട്ടുമ്പോൾ അമ്മക്ക് കാവലിരിക്കാൻ ആളില്ലാതാകുമല്ലോ എന്ന ഒറ്റക്കാരണത്താൽ ആണ് അങ്ങനെ ചെയ്തത്.!!
പിറ്റേന്നു കാലത്തെണീറ്റു നേരെ പറമ്പിലേക്കാണ് ഓടിയത്..
മൂഷിക സുഹൃത്തുക്കളുടെ ശവ സംസ്കാര ചിട്ട വട്ടങ്ങൾ വല്യച്ഛൻ തലേദിവസം തന്നെ തയ്യാറാക്കി വെച്ചിട്ടുള്ളതിനാൽ പ്രസ്തുത ക്രിയകൾക്കു മുമ്പേ അവിടെ ചെല്ലുക എന്നതാരുന്നു ഉദ്ദേശം...!!
കപ്പ കമ്പുകൾ പതിവുപോലെ മറിഞ്ഞു കിടപ്പുണ്ട്.. !!
പക്ഷെ പ്രദേശമാകെ പരതിയിട്ടും
പരേതൻമാരെയൊന്നും കണ്ടുകിട്ടിയില്ല......!!
നിരാശനായ ഞാൻ കുടവുമെടുത്തു ചീര നനക്കുവാനായി ഇറങ്ങി.....
പ്രഭാതത്തിലെ ഉദയകിരണങ്ങളെയൊക്കെ തളിരിലകളുയർത്തി വണങ്ങി നിൽക്കുന്ന ചീരക്കുട്ടന്മാരെ ഓരോരുത്തരെയും ജലധാരയിൽ കുളിർപ്പിച്ചുകൊണ്ടു ഞാൻ മന്ദം മന്ദം നടക്കുകയാണ്.......
പെട്ടെന്ന് ചീരക്കിടയിൽ ഒരു അസാമാന്യ തിളക്കം......!!
ഒന്നുകൂടെ സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ട കാഴ്ച കണ്ടു ഞാൻ നടുങ്ങി.!!!
"""ചീരക്കിടയിൽ പിണഞ്ഞു ചുറ്റിക്കിടക്കുന്ന ഉഗ്ര മൂർത്തിയായ ഒരു മൂർഖൻ"""!!!!!!!!
സപ്ത നാഡികൾ തളർന്ന ഞാൻ കുടം വലിച്ചെറിഞ്ഞു അലറിവിളിച്ചുകൊണ്ടു ഓടി.....
ദിക്കുകൾ പൊട്ടുമാറുള്ള എന്റെ നിലവിളികേട്ട് ഉറക്കപ്പായിൽ കിടന്നിരുന്ന സകല പ്രദേശ വാസികളും ക്ഷണ നേരത്തിൽ വീട്ടിലെത്തി.....!
കൂട്ടത്തിൽ ധൈര്യശാലികളായ ചില ചേട്ടന്മാർ സൂക്ഷ്മ ദർശനികളായ കണ്ണുകളുപയോഗിച്ചു മൂർഖന്റെ നീളവും വണ്ണവും ജാതിയും ഉപജാതിയും ഒക്കെ കണ്ടുപിടിച്ചിരിക്കുന്നു...
എട്ടടിമൂർഖൻ എന്നാണത്രെ അതിന്റെ പേര്..... !
എട്ടടി നീളമുണ്ടാകും....
അടിച്ചു കൊല്ലാൻ നോക്കിയാൽ എട്ടാമത്തെ അടിക്കെ അവൻ ചാകുകയുള്ളു...!!
അടികൊണ്ടില്ലെങ്കിൽ എട്ടടിപൊക്കത്തിൽ അവൻ ചാടി കൊത്തും.....
ആ കൊത്തിൽ കുറഞ്ഞത് എട്ടുപേരെങ്കിലും വടിയാകും.......!!
ദൈവമേ.....
ഈ കൊടും ഭീകരന്റെ അടുത്താണോ ഞാൻ ഇത്രയും നേരം നിന്നിരുന്നത്...
എന്റെ സിരകളിൽ ഭീതിയുടെ തരംഗങ്ങൾ അതിവേഗം പ്രവഹിച്ചുകൊണ്ടിരുന്നു...!!
പാമ്പിനെ എങ്ങനെ കൊല്ലാം എന്ന് കൂലങ്കഷമായി ആലോചിക്കുകയാണ് എല്ലാവരും...
അടിച്ചുകൊല്ലാൻ നോക്കിയാൽ അവൻ പ്രത്യാക്രമണം നടത്തും....
എട്ടടിപൊക്കത്തിൽ ചാടി അങ്കം വെട്ടാൻ ശേഷിയുള്ളവർ ആരും കൂട്ടത്തിൽ ഇല്ലാത്തതിനാൽ ആ ശ്രമം ഉപേക്ഷിച്ചു.
ചീരത്തോട്ടത്തിനു ചുറ്റും വലയിടാം എന്ന ഒരു അഭിപ്രായം വന്നു....
എന്നാൽ ഈ മുഖ്യ മുഹൂർത്തത്തിൽ വല തപ്പി പോകുമ്പോഴേക്കും ഈ എട്ടടി വീരൻ സ്ഥലം വിട്ടാലോ???
പിന്നെ മനസമാധാനത്തോടെ ആ പറമ്പിലോ പ്രദേശത്തോ കയറാൻ പറ്റുമോ????
അങ്ങനെ ആ വിദ്യയും വേണ്ടാന്നു വെച്ചു......
ഒടുവിൽ ബുദ്ധിരാക്ഷസനായ എന്റെ അയൽക്കാരൻ തന്നെ ഉപായം കണ്ടെത്തി......
"കറന്റ് അടിപ്പിച്ചു കൊല്ലുക...."
എല്ലാവരും അതിനോട് യോജിച്ചു..
പിന്നെ സമയം പാഴാക്കിയില്ല...
ചക്ക പറിക്കുന്ന നീണ്ട മുളയെടുത്തു അതിന്റെ അറ്റത്തു തലങ്ങും വിലങ്ങും കമ്പികൾ ചുറ്റി അതിവേഗം അവർ ആയുധം തയ്യാറാക്കി....
പറമ്പ് നനയ്ക്കുന്ന മോട്ടറിന്റെ വയറെടുത്തു അതിലേക്കു വേണ്ട വൈദ്യതിയും കൊടുത്തു....!
എല്ലാവരെയും ആകാംഷയുടെ പാരമ്യതയിൽ നിർത്തിക്കൊണ്ട് ആ മുളംകമ്പ്‌ ആകാശത്തിലേക്കുയർന്നു....
ചീരക്ക് മുകളിലൂടെ അതിവേഗം പാമ്പിന്റെ മുകളിലേക്ക് പതിക്കുക എന്നതാണ് ഉദ്ദേശം.
അല്ലാതെ നിലത്തിലൂടെ ഉരച്ചു നീങ്ങിയാൽ ഘർഷണ ശക്തികൂടുതലുള്ള അവൻ അവിടുന്ന് കടന്നു കളഞ്ഞാൽ പണി പാളിയില്ലേ???
കണക്കു കൂട്ടലുകൾ ഒന്നും പിഴച്ചില്ല.....
തീഷ്ണ വൈദ്യുത പ്രവാഹിയായ ആ മുളകഷ്ണം അതിവേഗം പാമ്പിന്റെ മുകളിലേക്ക് പതിച്ചു....
കൂട്ടത്തിൽ സൂര്യസ്നാനം ചെയ്തിരുന്ന ഒരു വരി ചീര തൈകളും നിലംപരിശായിരിക്കുന്നു.....!!
തലങ്ങും വിലങ്ങും കറന്റടിപ്പിച്ചു....
ഒടുവിൽ ആ മുളംകമ്പ്‌ കൊണ്ടുതന്നെ അതിനെ തൂക്കിയെടുത്തു കൊണ്ടുവന്നു.....
അതെ ....
എട്ടടിവീരൻ മരിച്ചിരിക്കുന്നു!!!!
ഒരു വീര ചരമം പ്രതീക്ഷിച്ചു നിന്ന കാണികൾക്കു മുമ്പിൽ പോരാട്ട വീര്യം പുറത്തെടുക്കാതെ ഒരു പരമസാധുവായ് അവൻ കീഴടങ്ങി....
ഉഗ്ര പ്രതാപിയായ അവന്റെ മൃത ശരീരം കാണാൻ എല്ലാവരും തടിച്ചു കൂടി...
അതിസാഹസികമായി കീഴടക്കിയ അയൽക്കാരൻ ചേട്ടനെ ഞാൻ ആരാധനയോടെ നോക്കുകയാരുന്നു....
ഒരു ധീര യോദ്ധാവിനെപ്പോലെ കാണികൾക്കു മുമ്പിൽ അദ്ദേഹം പാമ്പിനെ പ്രദർശിപ്പിച്ചു.
ശരീരത്തിൽ കമ്പികൾ തുളഞ്ഞുകയറിയ ഒരുപാട് മുറിവുകൾ കണ്ടിരുന്നു.....
ധൈര്യം വീണ്ടെടുത്ത കാണികൾ ഓരോരുത്തരായി അവന്റെ ഭൂമിശാത്രവും ഘടനയും ഒക്കെ പരിശോധിച്ചുകൊണ്ടിരിക്കുകയാണ് .
പെട്ടെന്നാണ് വല്യച്ഛൻ അമ്പരപ്പിക്കുന്ന ആ കാഴ്ച കണ്ടത്.....!!
കമ്പികൾ തീർത്ത ഒരു മുറിവിൽ നിന്നും നമ്മുടെ ഫ്യൂരിഡാൻ മീൻ തള്ളിനിൽക്കുന്നു........!!!
പൊട്ടിചിരിച്ച വല്യച്ഛൻ തലേദിവസത്തെ എലിവിഷ കഥ കൂടിനിന്നവരോട് വിവരിച്ചു..
ഫ്യൂരിഡാനടിച്ചു ആത്മഹത്യ ചെയ്ത ആ പരമസാധുവിനെ കറണ്ടിപ്പിച്ചു കരിച്ച ചേട്ടൻ കേട്ട പാതി അവിടുന്ന് മുങ്ങി....
ഒടുവിൽ ആ എട്ടടിവീരനെ പെരുച്ചാഴിക്കൊരുക്കിയ ചിതയിൽ സംസ്കരിച്ചു അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് എല്ലാരും പിരിഞ്ഞുപോയത്.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot