Slider

അപ്പുവും കൈസറും

0


മൂന്നാമത്തെ റിങ്ങിൽ ജീന ഫോൺ എടുത്തു.. 
ഹാളിലെ സോഫയിൽ വന്നിരുന്നു.. 
ഉടനെ കൈസർ സോഫയിലേക് ചാടി കയറി.. 
അവളോട് ചേർന്ന് കിടന്നു.. 
ജീന ഇടത് കൈ കൊണ്ട് കൈസറിന്റെ തലരോമങ്ങളിലൂടെ തടവി കൊണ്ടിരുന്നു.. 
കൈസർ വാലാട്ടിക്കൊണ്ടിരുന്നു.. 
കൈസറിന്റെ നോട്ടം ജീനയുടെ മുഖത്തേക്കായിരുന്നു.. 
ജീനയുടെ മുഖഭാവത്തിൽ ഉണ്ടാകുന്ന വത്യാസങ്ങളിൽ നിന്നും കൈസറിന് ഒരു കാര്യം ഉറപ്പായി.. 
അവൻ പ്രേതീക്ഷിച്ചിരുന്ന ഫോൺ കോൾ തന്നെ.. 
അപ്പുവിന്റെ ക്ലാസ്സ് ടീച്ചർ രാധിക.. 
കൈസറിന് ആ വീട്ടിൽ ഏറ്റവും ഇഷ്ട്ടം അപ്പുവിനെയായിരുന്നു... 
ജീന, രാകേഷ് ദമ്പതികളുടെ ഏക മകനാണ് അപ്പു.. 
മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു.. 
കാലത്ത് 8. 30യോട് കൂടി അപ്പു സ്കൂളിൽ പോകും.. 
പിന്നാലെ അവർ ജോലിക്കും.. 
വൈകുനേരത്തെ ട്യൂഷനും കഴിഞ്ഞ് ആറ് മണി കഴിയും അപ്പു വീട്ടിലെത്താൻ.. 
ജീന 5. 30യോട് കൂടി എത്തും.. 
രാകേഷ് എത്തുമ്പോൾ 9 കഴിയും.. 
നേരം വൈകി എത്തുന്നത് കൊണ്ട്, അപ്പുവിന് പുറത്തേക്കൊന്നും കളിക്കാൻ പോകാൻ അവസരം ഉണ്ടായിരുന്നില്ല.. 
അടുത്ത വീടുകളിൽ സമപ്രായക്കാരായ കുട്ടികൾ ഇല്ലാത്തതിനാൽ അവധി ദിവസങ്ങളും അവൻ വീട്ടിൽ തന്നെയാകും.. 
അതുകൊണ്ട് തന്നെ കൂട്ടുകാർ കൈസറും ടാബും ആയിരുന്നു..
ഇന്ന് വൈകുംന്നേരം എത്തി, അമ്മ ഉണ്ടാക്കികൊടുത്ത മാഗിയും കഴിച്ച്, അപ്പു മുറിയിൽ കയറി... 
ഉടനെ കൈസർ മുറിയിലെത്തി, ബെഡിൽ അവനോട് ചേർന്ന് കിടന്നു.. 
കൈസറിനെ എടുത്ത് മടിയിലിരുത്തി.. 
അപ്പു അന്നത്തെ വിശേഷങ്ങൾ പറഞ്ഞ് തുടങ്ങി.. 
ഇന്ന് മൂന്നാമത്തെ പിരീഡിൽ കണക്ക് ടീച്ചർ വന്നില്ല.. 
പകരം രാധിക ടീച്ചർ ആണ് വന്നത്.. 
ടീച്ചർ ക്ലാസ്സ് എടുത്തില്ല.. 
കഥകൾ പറഞ്ഞ്.. കഥകൾ പറയിപ്പിച്ചു.. പാട്ട് പഠിപ്പിച്ചു.. 
വീട്ടിലെ വിശേഷങ്ങൾ ചോദിച്ചു... 
അപ്പുവിനോടും ചോദിച്ചു.. 
ഈ ലോകത്ത് ഏറ്റവും ഇഷ്ടം ആരെയാണെന്ന്.. അമ്മയോ അച്ഛനോ.. 
അപ്പു പറഞ്ഞു രണ്ട് പേരും അല്ല.. കൈസറെ ആണെന്ന്.. കൈസർ ആരാണെന്ന് ചോദിച്ചപ്പോൾ വീട്ടിലെ പെറ്റ് നായ ആണെന്ന്.. 
അതെന്താ അങ്ങിനെ എന്ന്‌ ചോദിച്ചപ്പോൾ അപ്പു ടീച്ചറോട് എല്ലാം പറഞ്ഞു.. 
അമ്മയ്ക്കും അച്ഛനും ഏറ്റവും ഇഷ്ട്ടം അവരുടെ മൊബൈൽ ആണ്.. ഫേസ്ബുക് ആണ്.. വാട്സ്ആപ് ആണ്.. 
കാലത്ത് എഴുന്നേറ്റാൽ അവർ ആദ്യം തപ്പുന്നത് മൊബൈൽ ആയിരിക്കും.. 
ബ്രഷ് ചെയുമ്പോൾ അച്ഛന്റെ ഒരു കൈയിൽ മൊബൈൽ ഉണ്ടാകും.. 
അടുക്കളയിൽ പണിയെടുക്കുമ്പോൾ അമ്മ മൊബൈൽ അരികിൽ വെച്ചിട്ടുണ്ടാകും.. 
ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ രണ്ട് പേരുടെയും ഇടത്തെ കൈയിൽ മൊബൈൽ ഉണ്ടാകും.. 
വണ്ടിയിൽ പോകുമ്പോൾ.. 
പാർക്കിൽ പോകുമ്പോൾ.. 
സിനിമക്ക് പോയാൽ.. 
എവിടെയും എപ്പോഴും ഉണ്ടാകും. 
ഉറങ്ങുമ്പോൾ അടുത്ത് ചേർത്ത് വെക്കും.. 
അപ്പുവിനോട് വിശേഷങ്ങൾ ചോദിക്കുമ്പോൾ കണ്ണ് മൊബൈലിൽ ആയിരിക്കും.. 
കൈസറിനെ തലോടുന്ന പോലെയെങ്കിലും അപ്പുവിനെ ഒന്ന്‌ തലോടിയ കാലം മറന്നു.. 
സ്കൂളിലെ വിശേഷങ്ങൾ ചോദിച്ച് അടുത്തിരുന്നത്.. 
ഒന്നിച്ചിരുന്ന് കളിച്ചത്.. 
കഥകൾ പറഞ്ഞ് തന്നത്.. 
പാട്ട് പാടി തന്നത്.. 
ചേർത്ത് പിടിച്ച് ഉമ്മ തന്നത്.. 
എല്ലാം മറന്നു.. 
ഒടുവിൽ വിശേഷങ്ങൾ പറയാൻ, കേൾക്കാൻ അപ്പുവിന് കൈസർ മാത്രമായി.. 
എന്നും സ്കൂളിൽ നിന്നെത്തിയാൽ കൈസർ അപ്പുവിന്റെ കണ്ണുകളിലേക്ക് നോക്കിയിരിക്കും.. 
അപ്പു വിശേഷങ്ങൾ ഓരോന്നായി തുടങ്ങും.. 
വണ്ടിയിലെ.. പുറത്തെ കാഴ്ചകൾ.. ഓരോ പീരീഡിലെ.. ഓരോ ഇന്റെർവെലിലെ.. ട്യൂഷൻ ക്ലാസ്സിലെ.. 
ഓരോന്നായി പറയും.. 
കൈസർ കേട്ടിരിക്കും.. 
വാലാട്ടും.. 
കൈസറിനെയാണ് അവന് ഈ ലോകത്ത് ഏറ്റവും ഇഷ്ട്ടം.. 
വൈകുംന്നേരം അത് കേട്ടപ്പോൾ തന്നെ കൈസർ ഒന്ന്‌ ഉറപ്പിച്ചിരുന്നു.. 
ടീച്ചർ വിളിക്കും.. ഉറപ്പ്.. 
മുഖത്തെ ഭാവമാറ്റങ്ങളിൽ നിന്നും. 
കണ്ണിൽ നിന്നും സാവധാനം വീണ തുളിയിൽ നിന്നും കൈസറിന് ഒന്ന്‌ ഉറപ്പായി.. അത് ടീച്ചർ തന്നെ.. 
ഫോൺ വെച്ച ഉടനെ ജീന കൈകൾ കൊണ്ട് മുഖം തുടച്ചു.. 
കുറെ നേരം കണ്ണടച്ചിരുന്നു.. 
കൈസറിന് വിഷമമായി.. 
കൂടുതൽ നേരം അവിടെയിരുന്നാൽ താൻ കരയും എന്ന്‌ തോന്നിയപ്പോൾ അപ്പുവിന്റെ മുറിയിലേക്ക് പോയി.. 
അവൻ നല്ല മയക്കമാണ്.. 
കൈസർ അരികിൽ ചേർന്ന് കിടന്നു.. 
കുറച്ച് കഴിഞ്ഞപ്പോൾ ജീന ലൈറ്റ് ഇട്ടു.. 
അപ്പുവിന് അരികിലിരുന്നു.. 
അവന്റെ തലമുടിയിലൂടെ തടവി.. 
ഇടക്ക് നെറ്റിയിൽ ചുംബിച്ചു. 
അവരെ അവിടെ തനിച്ചാക്കി കൈസർ ഹാളിലേക്ക് നടന്നു.. 
പോകുന്ന വഴി ഒന്ന്‌ തിരിഞ്ഞ് നോക്കി.. 
ജീന കൈസറിന്റെ കണ്ണുകളിലേക്ക് നോക്കുകയായിരുന്നു.. 
ജീന ചിരിച്ചു.. 
കൈസറും...

By: 
Vineeth Vijayan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo