Showing posts with label വിനീത് വിജയൻ. Show all posts
Showing posts with label വിനീത് വിജയൻ. Show all posts

കണ്ണുകൾ തുറക്കൂ




കഴിക്കാനുള്ള ചോറും കറിയും ഉപ്പേരിയും മേശപ്പുറത്ത് കൊണ്ട് വെച്ച് രാജേഷ് ബെഡ് റൂമിൽ വന്ന്‌ കിടന്നു.. 

ഫേസ്ബുക്കിൽ റയീസ് മുബാറക് എന്ന ഫേക്ക് ഐഡിയിൽ ലോഗ് ഇൻ ചെയ്തു.. 
ഒരു ഗ്രൂപ്പിൽ രാഷ്ട്രീയ ചർച്ച നടക്കുന്നുണ്ട്. 

കമ്മന്റ്സിലൂടെ കുറച്ച് വായിച്ച ശേഷം. 
അവനും ഒരു കമ്മന്റ് ഇട്ടു.. 
കമ്മന്റ് -ഇത് ഞങ്ങളുടെയും നാടാണ്.. ഞങ്ങളുടെ പഴയ തലമുറയും ഈ നാടിന് വേണ്ടി പോരാടിയിട്ടുണ്ട്. അതുകൊണ്ട് നിങ്ങളുടെ സ്വന്തം രാജ്യം മാത്രം എന്ന ആഗ്രഹങ്ങൾ വേണ്ട. 
ഉടനെ അതിന് മറുപടിയും വന്നു.. 
കമ്മന്റ് -നിങ്ങളുടെ രാജ്യം തൊട്ടപ്പുറം ഉണ്ട്. അങ്ങോട്ടേക്ക് പൊക്കോളൂ.. 
അതിന് താഴെയും കുറെ കമ്മന്റ്സ് രണ്ട് ചേരിയിലിൽ നിന്നും വന്നു.. 
കുറെ വായിച്ച ശേഷം ലോഗ് ഔട്ട് ചെയ്‌തു. 
രാജേഷ് കൃഷ്ണൻ എന്ന ഒറിജിനൽ അക്കൗണ്ട് ലോഗ് ഇൻ ചെയ്തു.. 
പോസ്റ്റുകൾ നോക്കുന്നതിടക്ക് അമ്മയുടെ മിസ്സ് കാൾ വന്നു.. 
നാട്ടിലപ്പോൾ 10. 30 ആയിക്കാണും.. 
തിരിച്ച് വിളിച്ചു.. 
എന്തായി അമ്മേ കുറവുണ്ടോ.. ?
എനിക്ക് കുറവുണ്ട്.. പക്ഷെ ഇന്നലെ മുതൽ അവൾക്കും തുടങ്ങി.. 
എന്നിട്ട്.. ?
ഇന്നലെ തന്നെ മരുന്ന് തുടങ്ങി. 
പക്ഷെ നല്ല ക്ഷീണം.. എന്നേക്കാൾ കൂടുതൽ പൊന്തിയിട്ടും ഉണ്ട്.. 
രണ്ട് പേർക്കും ഒന്നും ചെയ്യാനും പറ്റാണ്ടായി.. 
എന്നിട്ട് ഭക്ഷണം.. ?
കാലത്ത് ബ്രെഡ് കഴിച്ചു.. ഇന്നലത്തെ കഞ്ഞി ഉണ്ടാർന്നു അത് ഉച്ചക്കും.. 
നിങ്ങൾക്കപ്പോൾ അമ്മായിനെ വിളിക്കാറുനിലെ.. ?
വിളിച്ചു.. ഉണ്ണ്യേളെ സ്കൂളിലെ യുവജനോത്സവം ആണത്രേ.. അവൾക്ക് അവടെ പോണെന്ന്.. 
ഉം. ലത ചേച്ചിയോ ?
ചേച്ചിക്ക് പേടി.. അവിടെ ആർക്കും വസൂരി മുൻപ് വന്നിട്ടില്ലെന്ന്.. 
ഉം.. ആരൊക്കെ ഉണ്ടായിട്ട് എന്തിനാലെ അമ്മേ.. ?രാത്രി എന്ത് ചെയ്തു.. ?
കുറച്ച് ദിവസം ആയല്ലോ പുറത്തിറങ്ങിട്ട്. ഇന്നലെ മുതൽ ഇവളും അകത്തല്ലേ.. രണ്ട് പേരേം കാണാതെ ആയപ്പോൾ ഇന്ന് ഇത്ത വന്നിട്ട് ഉണ്ടാരുന്നു.. പറയാത്തതിനും വിളിക്കാത്തതിനും കുറെ വഴക്ക് പറഞ്ഞു. 
കുറെ കഴുകാൻ ഉണ്ടായിരുന്നു.. അത് കഴുകി.. അടുക്കള മൊത്തം തുടച്ചു.. ഒരു രണ്ട് രണ്ടര മണിക്കൂർ കഷ്ട്ടപെട്ടു പാവം.. 
കുട്യേള് സ്കൂളിന് വരാറായപ്പോൾ പോയി.. 
ആ തിരക്ക് കഴിഞ്ഞപ്പോൾ ആ മൂന്നിനേം കൊണ്ട് വന്നു.. എനിക്കൊരു പേടിയും ഇല്ല.. പിന്നെ വന്നാൽ അപ്പൊ നോക്കെന്നേ... മുറ്റം മൊത്തം അടിച്ചു.. നനച്ചിട്ട് കുറെ നാളായിരുന്നു.. നാല്‌ പേരും കൂടി മൊത്തം നനച്ചു.. 7 ആകാറായപ്പോൾ പോയി.. കുറച്ച് മുൻപ് ഭക്ഷണം കൊണ്ട് തന്നു.. 
വിളിച്ചിട്ട് ഉണ്ടായിരുന്നു.. കാലത്ത് ബ്രെഡ് കഴിക്കണ്ട.. അവിടെന്നു കൊണ്ട് വരാമെന്നു.. 
മനുഷ്യരെന്നു പറയണത് ഇതൊക്കെ ആണ്. 
എന്ത് മതോം ജാതിയും. 
സ്നേഹമെന്നു പറയണത് ഇതൊക്കെ ആണ്.. 
ഉം... ഞാൻ വിളിക്കാം.. അവളോട് പറഞ്ഞേക്ക്.. 
ഫോൺ വെച്ച് കുറെ നേരം കണ്ണടച്ച് കിടന്നു.. 
അമ്മയെ വീണ്ടും വിളിച്ച് സീനത്തയുടെ നമ്പർ വാങ്ങി.. 
ഹലോ.. ഇത്ത രാജേഷ് ആണ്.. 
ആ .. മോനെ.. എന്തുണ്ട് വിശേഷം.. നിനക്ക് സുഖലേ... ജോലിയൊക്കെ കുഴപ്പമില്ലലോ.. നി തടിച്ചോ .. കളർ വെച്ചോ.. ഇവിടത്തെ കാര്യം ആലോചിച്ച് വിഷമിക്കണ്ടാട്ടാ.. ഞങ്ങളൊക്കെ ഉണ്ട്.. നി ധൈര്യമായിരിക്ക്.. 
ഉം.. അങ്ങോട്ടേക്കൊന്നും പറയാൻ തോന്നിയില്ല.. പറ്റിയില്ല.. 
ഫോൺ വെച്ചു.. കണ്ണ് നിറഞ്ഞിരുന്നു.. 
വീണ്ടും കണ്ണടച്ച് കിടന്നു.. 
എഴുന്നേറ്റപ്പോൾ ആദ്യം ചെയ്‌തത്‌ റയീസ് എന്ന അക്കൗണ്ട് ഡിലീറ്റ് ചെയുകയാണ്.. 
ഫ്രണ്ടിന് ഒരു മെസ്സേജ് അയച്ചു.. 
ടാ.. നീ ഒരു അക്കൗണ്ടിനെ ആവശ്യം ഉണ്ടെന്ന് പറഞ്ഞിരുന്നില്ലേ.. എന്റെ ഒരു ആളുണ്ട് . എനിക്ക് വേണ്ടപെട്ടതാ.. അത് നി എന്തായാലും നീ ശരിയാക്കി തരണം.. ഞാൻ അവനോട് നിന്റെ മെയിലിലേക്ക് സിവി അയക്കാൻ പറയാം. ഉമ്മർ എന്നാ പേര്.. 
ഉമ്മർ, സീനത്തയുടെ സഹോദരനാണ്...

By: Vineeth Vijayan

അപ്പുവും കൈസറും



മൂന്നാമത്തെ റിങ്ങിൽ ജീന ഫോൺ എടുത്തു.. 
ഹാളിലെ സോഫയിൽ വന്നിരുന്നു.. 
ഉടനെ കൈസർ സോഫയിലേക് ചാടി കയറി.. 
അവളോട് ചേർന്ന് കിടന്നു.. 
ജീന ഇടത് കൈ കൊണ്ട് കൈസറിന്റെ തലരോമങ്ങളിലൂടെ തടവി കൊണ്ടിരുന്നു.. 
കൈസർ വാലാട്ടിക്കൊണ്ടിരുന്നു.. 
കൈസറിന്റെ നോട്ടം ജീനയുടെ മുഖത്തേക്കായിരുന്നു.. 
ജീനയുടെ മുഖഭാവത്തിൽ ഉണ്ടാകുന്ന വത്യാസങ്ങളിൽ നിന്നും കൈസറിന് ഒരു കാര്യം ഉറപ്പായി.. 
അവൻ പ്രേതീക്ഷിച്ചിരുന്ന ഫോൺ കോൾ തന്നെ.. 
അപ്പുവിന്റെ ക്ലാസ്സ് ടീച്ചർ രാധിക.. 
കൈസറിന് ആ വീട്ടിൽ ഏറ്റവും ഇഷ്ട്ടം അപ്പുവിനെയായിരുന്നു... 
ജീന, രാകേഷ് ദമ്പതികളുടെ ഏക മകനാണ് അപ്പു.. 
മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു.. 
കാലത്ത് 8. 30യോട് കൂടി അപ്പു സ്കൂളിൽ പോകും.. 
പിന്നാലെ അവർ ജോലിക്കും.. 
വൈകുനേരത്തെ ട്യൂഷനും കഴിഞ്ഞ് ആറ് മണി കഴിയും അപ്പു വീട്ടിലെത്താൻ.. 
ജീന 5. 30യോട് കൂടി എത്തും.. 
രാകേഷ് എത്തുമ്പോൾ 9 കഴിയും.. 
നേരം വൈകി എത്തുന്നത് കൊണ്ട്, അപ്പുവിന് പുറത്തേക്കൊന്നും കളിക്കാൻ പോകാൻ അവസരം ഉണ്ടായിരുന്നില്ല.. 
അടുത്ത വീടുകളിൽ സമപ്രായക്കാരായ കുട്ടികൾ ഇല്ലാത്തതിനാൽ അവധി ദിവസങ്ങളും അവൻ വീട്ടിൽ തന്നെയാകും.. 
അതുകൊണ്ട് തന്നെ കൂട്ടുകാർ കൈസറും ടാബും ആയിരുന്നു..
ഇന്ന് വൈകുംന്നേരം എത്തി, അമ്മ ഉണ്ടാക്കികൊടുത്ത മാഗിയും കഴിച്ച്, അപ്പു മുറിയിൽ കയറി... 
ഉടനെ കൈസർ മുറിയിലെത്തി, ബെഡിൽ അവനോട് ചേർന്ന് കിടന്നു.. 
കൈസറിനെ എടുത്ത് മടിയിലിരുത്തി.. 
അപ്പു അന്നത്തെ വിശേഷങ്ങൾ പറഞ്ഞ് തുടങ്ങി.. 
ഇന്ന് മൂന്നാമത്തെ പിരീഡിൽ കണക്ക് ടീച്ചർ വന്നില്ല.. 
പകരം രാധിക ടീച്ചർ ആണ് വന്നത്.. 
ടീച്ചർ ക്ലാസ്സ് എടുത്തില്ല.. 
കഥകൾ പറഞ്ഞ്.. കഥകൾ പറയിപ്പിച്ചു.. പാട്ട് പഠിപ്പിച്ചു.. 
വീട്ടിലെ വിശേഷങ്ങൾ ചോദിച്ചു... 
അപ്പുവിനോടും ചോദിച്ചു.. 
ഈ ലോകത്ത് ഏറ്റവും ഇഷ്ടം ആരെയാണെന്ന്.. അമ്മയോ അച്ഛനോ.. 
അപ്പു പറഞ്ഞു രണ്ട് പേരും അല്ല.. കൈസറെ ആണെന്ന്.. കൈസർ ആരാണെന്ന് ചോദിച്ചപ്പോൾ വീട്ടിലെ പെറ്റ് നായ ആണെന്ന്.. 
അതെന്താ അങ്ങിനെ എന്ന്‌ ചോദിച്ചപ്പോൾ അപ്പു ടീച്ചറോട് എല്ലാം പറഞ്ഞു.. 
അമ്മയ്ക്കും അച്ഛനും ഏറ്റവും ഇഷ്ട്ടം അവരുടെ മൊബൈൽ ആണ്.. ഫേസ്ബുക് ആണ്.. വാട്സ്ആപ് ആണ്.. 
കാലത്ത് എഴുന്നേറ്റാൽ അവർ ആദ്യം തപ്പുന്നത് മൊബൈൽ ആയിരിക്കും.. 
ബ്രഷ് ചെയുമ്പോൾ അച്ഛന്റെ ഒരു കൈയിൽ മൊബൈൽ ഉണ്ടാകും.. 
അടുക്കളയിൽ പണിയെടുക്കുമ്പോൾ അമ്മ മൊബൈൽ അരികിൽ വെച്ചിട്ടുണ്ടാകും.. 
ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ രണ്ട് പേരുടെയും ഇടത്തെ കൈയിൽ മൊബൈൽ ഉണ്ടാകും.. 
വണ്ടിയിൽ പോകുമ്പോൾ.. 
പാർക്കിൽ പോകുമ്പോൾ.. 
സിനിമക്ക് പോയാൽ.. 
എവിടെയും എപ്പോഴും ഉണ്ടാകും. 
ഉറങ്ങുമ്പോൾ അടുത്ത് ചേർത്ത് വെക്കും.. 
അപ്പുവിനോട് വിശേഷങ്ങൾ ചോദിക്കുമ്പോൾ കണ്ണ് മൊബൈലിൽ ആയിരിക്കും.. 
കൈസറിനെ തലോടുന്ന പോലെയെങ്കിലും അപ്പുവിനെ ഒന്ന്‌ തലോടിയ കാലം മറന്നു.. 
സ്കൂളിലെ വിശേഷങ്ങൾ ചോദിച്ച് അടുത്തിരുന്നത്.. 
ഒന്നിച്ചിരുന്ന് കളിച്ചത്.. 
കഥകൾ പറഞ്ഞ് തന്നത്.. 
പാട്ട് പാടി തന്നത്.. 
ചേർത്ത് പിടിച്ച് ഉമ്മ തന്നത്.. 
എല്ലാം മറന്നു.. 
ഒടുവിൽ വിശേഷങ്ങൾ പറയാൻ, കേൾക്കാൻ അപ്പുവിന് കൈസർ മാത്രമായി.. 
എന്നും സ്കൂളിൽ നിന്നെത്തിയാൽ കൈസർ അപ്പുവിന്റെ കണ്ണുകളിലേക്ക് നോക്കിയിരിക്കും.. 
അപ്പു വിശേഷങ്ങൾ ഓരോന്നായി തുടങ്ങും.. 
വണ്ടിയിലെ.. പുറത്തെ കാഴ്ചകൾ.. ഓരോ പീരീഡിലെ.. ഓരോ ഇന്റെർവെലിലെ.. ട്യൂഷൻ ക്ലാസ്സിലെ.. 
ഓരോന്നായി പറയും.. 
കൈസർ കേട്ടിരിക്കും.. 
വാലാട്ടും.. 
കൈസറിനെയാണ് അവന് ഈ ലോകത്ത് ഏറ്റവും ഇഷ്ട്ടം.. 
വൈകുംന്നേരം അത് കേട്ടപ്പോൾ തന്നെ കൈസർ ഒന്ന്‌ ഉറപ്പിച്ചിരുന്നു.. 
ടീച്ചർ വിളിക്കും.. ഉറപ്പ്.. 
മുഖത്തെ ഭാവമാറ്റങ്ങളിൽ നിന്നും. 
കണ്ണിൽ നിന്നും സാവധാനം വീണ തുളിയിൽ നിന്നും കൈസറിന് ഒന്ന്‌ ഉറപ്പായി.. അത് ടീച്ചർ തന്നെ.. 
ഫോൺ വെച്ച ഉടനെ ജീന കൈകൾ കൊണ്ട് മുഖം തുടച്ചു.. 
കുറെ നേരം കണ്ണടച്ചിരുന്നു.. 
കൈസറിന് വിഷമമായി.. 
കൂടുതൽ നേരം അവിടെയിരുന്നാൽ താൻ കരയും എന്ന്‌ തോന്നിയപ്പോൾ അപ്പുവിന്റെ മുറിയിലേക്ക് പോയി.. 
അവൻ നല്ല മയക്കമാണ്.. 
കൈസർ അരികിൽ ചേർന്ന് കിടന്നു.. 
കുറച്ച് കഴിഞ്ഞപ്പോൾ ജീന ലൈറ്റ് ഇട്ടു.. 
അപ്പുവിന് അരികിലിരുന്നു.. 
അവന്റെ തലമുടിയിലൂടെ തടവി.. 
ഇടക്ക് നെറ്റിയിൽ ചുംബിച്ചു. 
അവരെ അവിടെ തനിച്ചാക്കി കൈസർ ഹാളിലേക്ക് നടന്നു.. 
പോകുന്ന വഴി ഒന്ന്‌ തിരിഞ്ഞ് നോക്കി.. 
ജീന കൈസറിന്റെ കണ്ണുകളിലേക്ക് നോക്കുകയായിരുന്നു.. 
ജീന ചിരിച്ചു.. 
കൈസറും...

By: 
Vineeth Vijayan

ഒരൊറ്റ നിമിഷം മതി, ജീവിതം മാറി മറിയാൻ



ജീവിതം മാറി മറിയാൻ ഒരൊറ്റ നിമിഷം മതി. വർഷങ്ങൾക്ക് മുമ്പ് എന്റെ ജീവിതം മാറി മറിഞ്ഞതും അങ്ങിനെയൊരു നിമിഷത്തിലാണ്. ഇന്ന് ഞാൻ കോയമ്പത്തൂരിൽ പഠിക്കുകയാണ്. അച്ഛൻ ഗൾഫിലാണ്. സ്വന്തം ബിസിനസ്സ് നടത്തുന്നു. അമ്മയും അനിയനും തൃശ്ശൂരിൽ. അനിയൻ പഠിക്കുന്നു. അമ്മ കുടുംബിനിയാണ്. സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം നന്നായി മുന്നോട്ട് പോകുന്നു. ദൈവത്തിന് നന്ദി. 
അച്ഛൻ അവിടെ ബിസിനസ്സ് തുടങ്ങിയിട്ട് ഏകദേശം ആറ് വർഷം ആകുന്നു. അതിന് മുമ്പ് നാട്ടിലായിരുന്നു. എനിക്ക് അഞ്ച്‌ വയസ്സ് കഴിഞ്ഞിരിക്കുമ്പോഴാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി അച്ഛനും അമ്മയും നേരിടുന്നത്. അച്ഛൻ പറഞ്ഞതാണ്. അച്ഛന്റെ ബിസിനസ്സ് തകർന്നു. അതുകൂടാതെ പാർട്ണർ ചതിച്ചു. അയാൾ ഉള്ളതെല്ലാം കൊണ്ട് നാട് വിട്ടു. കുറെ കടം വാങ്ങി, കടം വീട്ടി. ശരിയാക്കിയെടുക്കാം എന്നുള്ള വിശ്വാസത്തിൽ അച്ഛൻ പലരിൽ നിന്നും വീണ്ടും കടം വാങ്ങി. പക്ഷെ കൂടുതൽ തകർച്ചയാണ് കാത്തിരുന്നത്. അച്ഛനും അമ്മയും വീട്ടിൽ നിന്നും പുറത്തിറങ്ങാതായി. ഞാൻ ചെറുതാണല്ലോ, ഞാൻ ചിരിച്ചും കളിച്ചും നടന്നു. അവർ ആൽമഹത്യ ചെയ്യാൻ തീരുമാനിച്ചതൊന്നും ഞാൻ അറിഞ്ഞിട്ടല്ലലോ. ഒരു പകൽ അവർ അതിനെ കുറിച്ച് സംസാരിച്ചിരിക്കുമ്പോൾ ഞാൻ അച്ഛന്റെ ആൽബം നോക്കിയിരിക്കാർന്നു. ആൽബം എന്ന് പറയുമ്പോൾ, അച്ഛൻ ഭാവിയിൽ പോകാൻ ആഗ്രഹിച്ചിരുന്ന സ്ഥലങ്ങളുടെ ഫോട്ടോസ്. ഒരുപാട് നഗരങ്ങൾ, കടലുകൾ, കൊട്ടാരങ്ങൾ.. അങ്ങിനെ അങ്ങിനെ ഒരുപാട് ഫോട്ടോസ്.
ഞാൻ അത് നോക്കികൊണ്ടിരിക്കുമ്പോൾ അമ്മ ചോറ് വിളമ്പുകയായിരുന്നു. അച്ഛൻ മേശപ്പുറത്ത് വിഷം കൊണ്ടുവന്ന് വെച്ചിട്ടുണ്ട്. അപ്പോഴാണ് ഞാൻ ആൽബം കൊണ്ട് അങ്ങോട്ട് ചെല്ലുന്നത്. അച്ഛന്റെ മുന്നിൽ വെച്ചു. അന്നേരം അവർ ചേർന്നിരിക്കാണ്. കരഞ്ഞ് കണ്ണുകൾ കലങ്ങിയിട്ടുണ്ടായിരുന്നെന്ന് പിന്നീട് ഞാൻ ഓർത്തെടുത്തതാണ്. ഒരു ചിത്രം അച്ഛന് കാണിച്ച് കൊടുത്തു. എന്നിട്ട് അച്ഛനോട് പറഞ്ഞു.
"അച്ഛാ. നമ്മൾ പോകുമ്പോൾ ആദ്യം ഇവിടെ പോണേ. കുട്ടന് ഇതാണ് ഏറ്റോം ഇഷ്ടായെ. ഇവിടെ പോയിട്ട് പിന്നെ. "
പേജ് മറിച്ച് ഞാൻ മറ്റൊന്ന് കാണിച്ചു.
"പിന്നെ. ഇവിടെ. വേഗം കാശ് കിട്ടാൻ ന്താ ചെയ്യാ.. എനിക്കെപ്പോഴാ ജോലി കിട്ടാ. എന്നിട്ട് പോകാലോ.. അല്ലേ അമ്മേ "
അത് പറഞ്ഞ് ഞാൻ ഡൈനിങ്ങ് ടേബിളിൽ നിന്നും ഇറങ്ങി, വീണ്ടും മുറിയിലേക്ക് പോയി.
കാണിച്ച് കൊടുത്ത ബീച്ചിന്റെ ചിത്രം എടുത്ത് മാറ്റി.
ഞാൻ പ്ലസ് ടു കഴിഞ്ഞിരിക്കുമ്പോൾ, ഞങ്ങൾ നാല് പേരും മലേഷ്യയിൽ ഉള്ള ആ ബീച്ചിലേക്ക് ടൂർ പോയി.
ആദ്യ യാത്ര.
ജീവിതം മാറി മറിഞ്ഞത് ഡൈനിങ്ങ് ടേബിളിലെ ഒരൊറ്റ നിമിഷത്തിലായിരുന്നു.
ജീവിക്കണമെന്നും, പോരാടണമെന്നും, സ്വപ്നങ്ങൾ യാഥാർഥ്യമാക്കണമെന്നും അച്ഛൻ തീരുമാനിച്ചത്, അമ്മ കൂടെ നിന്നത് ആ നിമിഷത്തിലായിരുന്നു.
വിഷം ചേർക്കാത്ത ചോറ് ഞങ്ങൾ മൂന്ന് പേരും ഒരേ പ്ലേറ്റിൽ നിന്നും കഴിച്ചു അന്ന്.
പിന്നെ നേരിട്ട കഷ്ടപ്പാടുകൾ ഓർത്ത് അച്ചനോ അമ്മയോ വേദനിക്കാറില്ല.
കാരണം അന്ന് അച്ഛനും അമ്മയും പിന്നീട് അവരിലൂടെ ഞാനും മനസിലാക്കി.
ജീവിതം മാറി മറിയാൻ ഒരൊറ്റ നിമിഷം മതി.
ഒരൊറ്റ നിമിഷം.


By: Vineeth Vijayan

ആഴങ്ങളിൽ നിന്നൊരു കഥ.ലക്ഷ്മ്മിയെന്ന പേരിൽ



ചെറുപ്പം മുതലെ അവധിക്കാല്ലങ്ങള്ളെല്ലാം പാലക്കാട്ടെ അമ്മാവന്റെ വീട്ടില്ലാണ് ആഘോഷിക്കാറുള്ളത്.
സമപ്രായക്കാരനായ ആദർശും(അമ്മാവന്റെ മകൻ)അയൽവാസികളായ രാകേഷും ടോണിയും ജാബിറും കൂടി അവധിക്കാല്ലമങ്ങ് തകർക്കും.
തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ അടുത്ത അവധിക്കാല്ലം വരെ ഓർക്കാനുള്ള ഒരുപാട് സംഗതികളുണ്ടാകും.
ഒരു വലിയ സുഹൃത്ത് വലയം നാട്ടില്ലുണ്ടെങ്കില്ലും ഏറ്റവും സ്വാതന്ത്രവും അടുപ്പവും അവരോടാണ്.
അതെന്താണെന്ന് ഇന്നുമറിയില്ല.
അവിടെ വീടിനടുത്തൊരു ഇല്ലമുണ്ട്.ഇന്ന് അത് നശിച്ചിരിക്കുന്നു.അതിന് പിന്നില്ലും കഥയുണ്ട്.
ചെറുപ്പം മുതൽ അമ്മായിയുടെ അമ്മ പറഞ്ഞ് കേട്ട കഥകളിൽ പ്രിയപ്പെട്ടതും അവിശ്വസനീയമായതും ആ കഥയായിരുന്നു.
ഒരുപാട് അംഗങ്ങളുള്ള ഇല്ലമായിരുന്നു അത്.
നാട്ടിലെ ഏറ്റവും സമ്പന്നരായിരുന്നു.
ഏഴെട്ട് പണിക്കാർ.
രണ്ട് ആനകൾ.
ഏക്കറ് കണക്കിന് സ്ഥലങ്ങൾ.
നെൽപ്പാടങ്ങൾ.
കുറെ വണ്ടികൾ.
അങ്ങിനെ അങ്ങിനെ,പ്രമാണികളായി കഴിയുന്ന കാലം.
അവിടുത്തെ ഏറ്റവും താഴെയുള്ള മകന് അവിടുത്തെ വേലക്കാരിയുമായി അടുപ്പമ്മുണ്ടായി.
അതും അവൾക്ക് നാല് വയസ്സ് മൂപ്പ്.
ജോലിയെല്ലാമ്മായി, വിവാഹക്കാര്യങ്ങളായപ്പോൾ അവനവളെ മാത്രം മതി.
പ്രതീക്ഷകൾക്കൊടുത്ത് ചതിക്കാൻ തയ്യാറല്ലായിരുന്നു.
എത്ര എതിർപ്പുകളുണ്ടായിട്ടും അവനുറച്ച് നിന്നപ്പോൾ അവർ സമ്മതം മൂളി.
പക്ഷെ അന്നേ ദിവസം രാത്രി അവളെ കാണാതായി.
പിറ്റെ ദിവസം ഇല്ലത്തിനോട് ചേർന്ന കുളത്തിൽ നിന്ന് അവളുടെ ജഡം കിട്ടി.
അവൻ ഇല്ലമ്മെല്ലാം വിട്ട് ബോംബയില്ലേക്ക് പോയി.
അവിടെ നിന്നാണ് അവരുടെ നാശം തുടങ്ങിയത്.
അതിന് ശേഷം ആ കുളത്തില്ലും ആരും പോകാതെയായി.
നാശത്തിന് തുടർച്ചയായൂള്ള പണിക്കൻമ്മാരുടെ നോട്ടത്തില്ലെല്ലാം അവളുടെ ശാപമാണെന്നൊക്കെ പറയുകയുണ്ടായി.
ഇനിയൊരു ഉയർച്ച ഉണ്ടാകില്ലെന്നൊക്കെ അവർ പറയുകയുണ്ടായി.
അതുപോലെ തന്നെ സംഭവിച്ചുക്കൊണ്ടേയിരിക്കുന്നു.
ഞങ്ങൾ പിള്ളേർ കൂട്ട് കൂടുമ്പോൾ ആ കുളത്തിനരികെയൊക്കെ പോകും.
ആരും ഇറങ്ങില്ല.
വല്ലാത്തൊരു ഭയപ്പെടുത്തുന്ന ഭാവമാണ് വെള്ളത്തിനും,
പടവുകൾക്കും,
അതിലെ ആമ്പലുകൾക്കെല്ലാം.
കഥയിങ്ങനൊക്കെയാണ്.
നമ്മുക്ക് നമ്മുടെ കഥയിലേക്ക് പോകാം.
അമ്മാവന്റെ മൂത്തമകൾ ആശചേച്ചിയുടെ കല്ല്യാണമായി.
തലേദിവസത്തെ എല്ലാ തിരക്കുകളും കഴിഞ്ഞപ്പോൾ ഞങ്ങൾ വാങ്ങി വെച്ചിട്ടുണ്ടായിരുന്ന ബീറും നാടൻ കള്ളുമായി ടെറസിലേക്ക് പോയി പരിപാടി തുടങ്ങി.
കഴിച്ച്,മൂടായപ്പോൾ കഥകളിലേക്ക് പോയി തുടങ്ങി.
പല കഥങ്ങളുടെ ഒപ്പം ഇല്ലവും കുളവും വാതുവെപ്പും വന്നു.
അന്ന് പന്ത്രണ്ടിന് ശേഷം ആ കുളത്തിൽ പോയി ഒരു ആമ്പൽ പറിച്ച് കൊണ്ടുവരിക.
ഭയമില്ലെന്ന് തെളിയിക്കാൻ.
ലഹരിയുടെ പുറത്ത് ഞാൻ വെല്ലുവിളി ഏറ്റെടുത്തു.
കോണിപ്പടികൾ ഇറങ്ങി വരുമ്പോൾ കാലുകൾ നിലത്ത് ഉറക്കുന്നുണ്ടായിരുന്നില്ല.
എങ്കില്ലും നടന്നു.
മനസ്സില്ലൊന്ന് ഉറപ്പിച്ച് പറഞ്ഞു.
അതുമായി ബദ്ധപ്പെട്ട കഥകൾ കേട്ട് കേട്ട് ഉള്ളിന്റെയുള്ളില്ലൊരു ഭയമുണ്ടാകാം.
അതുകൊണ്ട് തന്നെ ഒരു ചെറിയ അനക്കം പോലും ഭയമുണ്ടാക്കാം.
എല്ലാം തോന്നല്ലാണ്.
ധൈര്യമായി മുന്നോട്ട് നടക്കുക മറ്റെിന്നിനേം കുറിച്ച് ചിന്തിക്കാതിരിക്കുക.
ഒരു ചെറിയ ഇലയനക്കത്തിന് പോലും ശ്രദ്ധ കൊടുക്കാതിരിക്കുക.
വേലി കടന്ന് ഇടവഴിയിലൂടെ നടന്ന് ഇല്ലത്തിന്റെ പുറക് വശത്തുക്കൂടി
കുളത്തിനരികില്ലെത്തി.
പടവുകളോരോന്നായി ഇറങ്ങി.
മൊബൈലെടുത്ത് ടോർച്ച് ഓണാക്കി.
നല്ല പൂവ് നോക്കി പറിച്ചെടുത്തു.
തിരിച്ച് നടക്കാൻ തുടങ്ങവെ എന്തോ ഒന്ന് കാലിൽ കുടുങ്ങി.
നോക്കിയപ്പോൾ എന്തോ ഒരു ചരടായിരുന്നു.
അതെടുത്തുമാറ്റി അടുത്ത ചുവട് വെച്ചതും ഏതോ കൈൾ എന്റെ കാലിൽ പിടിച്ച് വലിച്ചു.
തിരികെ നോക്കാൻ തുടങ്ങും മുൻപെ.
എന്നെ കുളത്തില്ലേക്ക് വലിച്ചെടുത്തു.
ഞാൻ കുളത്തിനാഴത്തില്ലേക്ക് വീണ് പോകുന്നതായി അറിഞ്ഞു.
പൊന്താൻ ശ്രമിച്ചതും ആഴങ്ങളിൽ നിന്നും ആരോയെന്നെ പിടിച്ച് വലിച്ചുക്കൊണ്ടിരുന്നു.
ആഴത്തിലേക്ക് പോകും തോറും ഞാൻ അവരെ കണ്ടു.
ഇടവഴികളിൽ അവർ പരസ്പരം നോട്ടങ്ങളെറിയുന്നു.
അമ്പലത്തിൽ വെച്ച് ഇടകണ്ണിട്ട് നോക്കുന്നു.
ഇല്ലത്തെ, അടുക്കളയുടെ എതിർവശത്തുള്ള കോണിപ്പടിയിൽ നിന്ന് അവൻ അവളുടെ കൈകളിൽ പിടിക്കുന്നു.
അമ്പലത്തിലെ ആലിൽ ചുവട്ടിൽ നിന്ന് പരസ്പരം പ്രണയം പറയുന്നു.
എല്ലാവരും ഗുരുവായൂരമ്പലത്തിൽ പോയ ദിവസം അവരുടെ ശരീരങ്ങൾ പ്രണയിക്കുന്നു.
കല്ല്യാണത്തിന് സമ്മതിച്ച രാത്രിയിൽ സംസാരിക്കാനെന്ന് പറഞ്ഞ് അവളുടെ വാതിൽ തുറപ്പിച്ച് മൂത്ത രണ്ട് ചേട്ടൻമാർ ചേർന്ന് ശ്വാസം മുട്ടിച്ച് കൊല്ലുന്നു.
കുളത്തിൽ താഴ്ത്തുന്നു.
എല്ലാം കണ്ട് കഴിഞ്ഞപ്പോഴേക്കും ഞാൻ മയങ്ങിപ്പോയി.
പിറ്റേന്ന് എന്നെ ആരൊക്കെയോ കൂടി വെള്ളത്തിൽ നിന്നും പൊക്കിയെടുത്തു.
എല്ലാം അറിയുന്നുണ്ട്.
കേൾക്കുന്നുണ്ട്.
കരച്ചിലുകൾ .
ചീത്ത പറച്ചിലുകൾ. 
എല്ലാം എല്ലാം.
കാണാൻ കഴിയുന്നില്ല.
അവരോടൊക്കെ ലക്ഷമിയുടെ കഥ പറയണമ്മെന്നുണ്ട്.
പക്ഷെ അവളെന്റെ വായ പൊത്തിപ്പിടിച്ചിരിക്കയാണ്.
അവിടെ നിന്ന് എന്നെ പോസ്റ്റ്മാർട്ടത്തിനായി കൊണ്ടുപോയി.
യാത്രയിൽ ആദർശെന്നെ കെട്ടിപ്പിടിച്ച് കരയുമ്പോൾ അവനോട് പറയണമ്മെന്ന് തോന്നി.
ശബ്ദം പുറത്ത് വന്നില്ല.
ചടങ്ങുകൾക്കൊടുവിൽ അമ്മ ചേർത്ത് പിടിച്ച് കരയുമ്പോൾ അമ്മയോടും പറയണമെന്ന് തോന്നി.
സാധിച്ചില്ല.
അവസാനം ചിതയിലേക്കെടുക്കുമ്പോൾ ഒന്ന് ഓളിയിട്ട് എല്ലാവരോടുമായി പറയണമെന്ന് തോന്നി, നടന്നില്ല.
അവൾ എന്റെ വായ പൊത്തിപ്പിടിച്ചുക്കൊണ്ടിരുന്നു.
ഭംഗിയായി ചിരിച്ചുക്കൊണ്ട്.

By: Vineeth Vijayan

ഭ്രാന്തനും....അമ്മയും...


അങ്ങിനെ ശരീരം മൊത്തം ഉണ്ടായിരുന്ന രക്തക്കറ ഇല്ലാതായി....
വർഷം എട്ട് ആയിക്കാണും...കഴുകിയിട്ടും കഴുകിയിട്ടും പോകാത്ത രക്തക്കറയുമായി അവൻ നടക്കുന്നു....
ദിവസം ആറോ ഏഴോ തവണ കുളി...എന്നിട്ടും പോകാത്ത കറ....
ഇന്ന് കാലത്ത് അമ്പലക്കുളത്തിൽ ശവം പൊന്തിക്കിടക്കുമ്പോൾ ദേഹത്തൊരു കറയുമില്ല....
മുഖത്ത് ചിരിയുണ്ടോന്ന് സംശയം...
ശവം എങ്ങിനെയാ ചിരിക്കാല്ലേ...
സംതൃപ്തിയാകാം....
വൈകീട്ട് രണ്ട് പേരെയും ഒരുമിച്ചാ ദഹിപ്പിച്ചത്....
വിരലില്ലെണാവുന്ന ബദ്ധുക്കളെ ഉണ്ടാർന്നുള്ളൂ....
വലിയ,പേരുകേട്ട തറവാടായിരുന്നു....
ആ പാവങ്ങളെ അടക്കം ചെയ്യുമ്പോൾ ആരുമുണ്ടായില്ല...
രണ്ടാമത്തെയാൾ...
അവന്റെയമ്മയാണ്....
മകന്റെ മരണമറിഞ്ഞ ശേഷം..സാരിയിൽ തൂങ്ങി മരിച്ചതാ...ആത്മഹത്യ....
അവൻ...
ജീവൻ.. ഇരുപത്തിയെട്ട് വയസ്സ്....
അമ്മ....മാലതി....
എട്ട് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു അപകടം ആയിരുന്നു...അവരുടെ ജീവിതം തകർത്തത്....
പഴനിക്ക് പോവുകയായിരുന്നു....
എതിരെ വന്ന ലോറി നിയന്ത്രണം വിട്ട് ഇവരുടെ കാറിൽ വന്നിടിച്ചതാ.....
രണ്ട് കൂടപ്പിറപ്പുകൾ...ഇവന് താഴേയുള്ള പെൺകുട്ടികൾ....അച്ഛൻ...
വണ്ടിയോടിച്ചിരുന്ന മാമൻ....
തീർന്നു....
ഒരു മാസമെടുത്തു അമ്മയും മകനും ആ ഷോക്കിൽ നിന്നും മാറാൻ....
ഒന്നര മാസങ്ങൾക്ക് ശേഷം ഒരു ദിവസ്സം...ക്ലാസ്സ് നടന്ന് കൊണ്ടീരിക്കെ...കോളേജിലെ കിണറ്റിൻ കരയിലേക്ക് ഒറ്റ ഓട്ടമായിരുന്നു ജീവൻ....
ചെന്ന് നോക്കുമ്പോൾ കാണുന്നത് ഷർട്ട് ഊരിയിട്ട് നിന്ന് കുളിക്കുന്നു....
ചോദിച്ചപ്പോൾ അന്ന് മേലിലേക്ക് തെറിച്ച ചോര കഴുകി കളയുകയാണെന്നാ പറഞ്ഞത്....
അന്ന് തുടങ്ങിയതാ....കഴുകാൻ....
പിന്നീടൊരിക്കൽ...
ആശുപത്രിയിൽ നിന്ന് വന്ന മൂന്നാം ദിവസം
അമ്പലക്കുളത്തിൽ ചാടി...
ആരൊക്കെയോ കണ്ടതിനാൽ രക്ഷപ്പെട്ടു....
ഒരു ദിവസം ഉടുതുണിയില്ലാതെ നിലത്ത്,മണ്ണിൽ കിടന്നുരുള്ളുന്നു....
പാവം വെള്ളം കൊണ്ട് കഴുകീട്ട് പോണില്ലിന്ന് പറഞ്ഞ്....മണ്ണിലുരസി കളയാർന്നു....
പിന്നീടങ്ങിനെ പുറത്തിറങ്ങുന്നത് കാണാറില്ല....
അങ്ങിനെ , രണ്ടുപേരവിടെ ഉള്ളത് ആളുകളറിയുന്നത്...
പകലോ രാത്രിയോ കേൾക്കുന്ന അവന്റെ ഓളിയിടലിലാണ്....
വെള്ളം കൊണ്ടുവാ അമ്മേ....ഞാനിതൊന്ന് കഴുകി കളഞ്ഞോട്ടെ...അവരിപ്പോൾ പഴനി എത്തിക്കാണും...എന്നൊക്കെ ഓളിയിട്ട് പറയുന്നത് കേൾക്കാം....
ആ ഇടയിൽ ഏറ്റവും സുന്ദരിയും ഐശ്വര്യവുമുള്ള സ്ത്രീയായിരുന്നു അവർ....
അവരുടെ കോലം ഓരോ ദിവസം ചെല്ലും തോറും നാശാവുന്നത് കണ്ടാൽ വിഷമം തോന്നും.
മരണങ്ങളേക്കാൻ അവരെ തളർത്തിയത് ജീവന്റെ രോഗമായിരുന്നു....
പലരും അതിനിടയിൽ വേറെ രീതിയിൽ സമീപിച്ചിരുന്നു...
കിട്ടാതായപ്പോൾ പലതും പറഞ്ഞ് പരത്തി...
ആളുകൾക്കെന്തും പറയാല്ലോ....
ശരിക്കും തോന്നും..
ഇവർക്കാണോ രോഗമ്മെന്ന.
അവൻ ദിവസം ആറോ ഏഴോ തവണ കുളിക്കും...
അപ്പോഴൊക്കെ വെള്ളമെത്തിക്കണം....
ഇടയ്ക്ക് ഉറക്കത്തിൽ ഞെട്ടി ഉണരും....കുളിക്കണമ്മെന്ന് പറഞ്ഞ്...
ആ സ്ത്രീ എങ്ങിനെയാവും...ഇതൊക്കെ നേരിടുകയും അനുഭവിക്കുകയും സഹിക്കൂകയും ചെയ്തിരുന്നത്....
സമ്മതിക്കണം....
അതിന്റെ മനക്കരുത്ത്....
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്....അവരിലും എന്തൊക്കെ മാറ്റങ്ങൾ വന്നപ്പോലെ....
പകലും രാത്രിയും ഇത് തന്നെയല്ലേ കാണുന്നത്...
വർഷങ്ങളോളമായി....
ഉണ്ടാവാം...മകനോടൊപ്പം മകന് വേണ്ടി....
കുറെ നാളുകളായി പുറത്തൊന്നും ഇറങ്ങാറില്ലായിരുന്നു...
എങ്ങിനെയാണാവോ...അമ്പലക്കുളത്തിലെത്തിയത്...
തടയാൻ നോക്കി പറ്റാതെ വിട്ട് കൊടുത്തതാവും...
ഇതോടെ കഴിയാണേൽ കഴിയട്ടെയെന്ന് കരുതീട്ടുണ്ടാകും...
അങ്ങിനെ കരുതിയാൽ തന്നെ ആ സ്ത്രീയെ കുറ്റം പറയാൻ പറ്റോ...?
എല്ലാം ശരിയാവുമ്മെന്ന് പറഞ്ഞൊഴിയാനല്ലേ നമ്മുക്കൊക്കെ പറ്റൂ....
അനുഭവിച്ചതും അനുഭവിക്കേണ്ടതൂം അവരല്ലേ....
ഒന്നെനിക്കുറപ്പാണ്....
ആ സ്ത്രീ മരിച്ചിട്ട് എട്ട് വർഷങ്ങളോളമായിരിക്കുന്നു...
താനീ ഭൂമുഖത്തുനിന്ന് പോയാൽ മകൻ ഒറ്റയ്ക്കാവുമെന്നും...
ഒരുപക്ഷെ ആളുകളവനെ കല്ലെറിയുമ്മെന്നും ഭയന്നാകണം ...
ശരീരം കൂടെ കൊണ്ടുപോകാഞ്ഞത്...
ഇന്നിപ്പോൾ മകൻ മരിച്ചപ്പോൾ...
ശരീരം കൊണ്ടുപ്പോകാൻ അവർ ആത്മഹത്യ ചെയ്തുവെന്ന് മാത്രം....
അല്ലെങ്കിലും ഇത്തരം ആളുകളെ ജനിപ്പിച്ച വയറ് മാത്രമേ നോക്കൂ....
അവരുടെ കാലശേഷം ഇവരുടെയൊക്കെ ജീവിതം ആരാ അന്വേഷിക്കാ.....
ഓരോ സൃഷ്ടിക്കും ദൈവത്തിനോരോ ഉദ്ധേശമുണ്ടെങ്കിൽ....
ഇത്തരം സൃഷ്ടികൾക്ക് പിന്നിലുള്ള ഉദ്ധേശമ്മെന്താ....?
അതോ ഇവരൊക്കെത്തനയാണോ ദൈവങ്ങൾ.....

By: Vineeth Vijayan

ഇരുട്ടിൽ രണ്ട് പേർ


കള്ളും കഞ്ചാവും തലക്ക് പിടിച്ചാൽ മിഥുന് ഒരു ശീലമുണ്ട്... പാടത്തിന് അരികിലൂടെ ബൈക്ക് ഓടിച്ച് പോവുക.. 
അന്നും പതിവ് പോലെ ബൈക്ക് എടുത്ത് ഇറങ്ങി.. 
രാത്രി 11.30 ആയിട്ട് ഉണ്ടാകും.. 
വഴിയിൽ വെച്ച് ഒരാൾ കൈ കാട്ടി..
താടിയും മുടിയും നീട്ടി വളർത്തി, മെലിഞ്ഞിട്ടുള ഒരാൾ..
വീട്ടിലേക്ക് ഒന്ന്‌ എത്തിക്കുമോ എന്നായിരുന്നു അയാളുടെ ആവശ്യം..
നടന്ന് പോകാൻ കഴിയാത്ത വിധം അയാളും ഫിറ്റ് ആയിരുന്നു..
കിക്ക് ഉള്ള സമയങ്ങളിൽ ഇത്തരം സഹായം ചെയ്യാൻ തയാറായത് കൊണ്ട് അവൻ അയാളെ വണ്ടിയിൽ കയറ്റി..
വീട്ടിൽ ഇറക്കി പോകാം നേരം..
അയാൾ ഒരു ചോദ്യം ചോദിച്ചു..
കേൾക്കുമ്പോൾ സന്തോഷം തോന്നുന്ന ചോദ്യം..
രണ്ടെണ്ണം അടിക്കണോ.. ?
സന്തോഷപൂർവം ക്ഷണം സ്വീകരിച്ചു..
കശുവണ്ടിയുടെ ചാരായം ആയിരുന്നു..
ആദ്യമായിട്ടായിരുന്നു ചാരായം കുടിക്കുന്നത്..
ഒരെണ്ണം അടിച്ചപ്പോൾ അവർ പരസ്പരം പരിചയപ്പെടുത്താൻ തുടങ്ങി..
എഞ്ചിനീറിംഗ് പഠിക്കാനെന്നും, ഇവിടെ വീട് എടുത്ത് താമസിക്കാനെന്നും കോട്ടയം ആണ് സ്ഥലം എന്നും പറഞ്ഞു..
അയാളെ പറ്റി ചോദിച്ചപ്പോൾ. അങ്ങിനെ പ്രേത്യേകിച്ച് പറയാൻ ഒരു സ്ഥലം ഇല്ലെന്നും ജോലി കൊട്ടെഷൻ ആണെന്നും പറഞ്ഞു..
കണ്ടാൽ പറയില്ലാലോ എന്ന്‌ ചിരിച്ച് കൊണ്ട് പറഞ്ഞപ്പോൾ.
അടിയും കുത്തൊന്നുമല്ല..
കണ്ട് പിടിക്കാൻ കഴിയാത്ത വിധം പുറത്തേക്ക് ചോര കാണാത്ത വിധം ഉള്ള കൊലപാതകമാണ് രീതിയെന്നും അയാൾ..
വീണ്ടും വീണ്ടും സംശയങ്ങളായപ്പോൾ അയാൾ ചെറുതായൊന്ന് പറഞ്ഞു കൊടുത്തു..
കാട് ഒരു വലിയ സംഭവം ആണ്..
ഉള്ളിലോട്ട് പോകും തോറും ഒരുപാട് മരുന്നുകൾ കിട്ടും..
നല്ലതും പൊട്ടയും..
അതിൽ പൊട്ട മരുന്നുകൾ ആണ് തന്റെ ആയുധം..
മരണം ഹേർട് അറ്റാക്ക് മുഖേനെ ആയിരിക്കും..
അതുകൊണ്ട് തന്നെ സംശയം കാണില്ല..
13 കൊലപാതകങ്ങൾ പിടിക്കപെടാതിരുന്നതും അതുകൊണ്ട് തന്നെ..
രണ്ടെണ്ണം കൂടി അടിച്ചപ്പോൾ അവൻ നിർത്തി. ഇനി അടിച്ചാൽ വണ്ടി ഓടിച്ച് പോകാൻ പറ്റില്ല.
യാത്ര പറഞ്ഞ് ഇറങ്ങി..
ഉറങ്ങാൻ കിടക്കുമ്പോൾ അയാൾക്കൊരു ഹീറോ പരിവേഷം ആയിരുന്നു..
വീണ്ടും കാണും എന്ന്‌ ഉറപ്പിച്ചു..
ഉറങ്ങാൻ നേരം കാടും മരുന്നും അയാളും മാത്രം ആയിരുന്നു മനസിൽ.
പിറ്റേന്ന് രാവിലെ കൂട്ടുകാർ എത്ര വിളിച്ചിട്ടും അവൻ ഉണർന്നില്ല..
കേട്ടവർക്കൊക്കെ അതിശയം ആയിരുന്നു ഇരുപത് വയസിൽ ഹേർട് അറ്റാക്ക് വന്ന്‌ മരിച്ചുവെന്നത്..
ഒരാഴ്ചക്കുളിൽ കോളേജിലെ രണ്ടാമത്തെ മരണം ആയിരുന്നു..
ആദ്യത്തേത് ഒരു പെൺകുട്ടി ആയിരുന്നു..
അതുപക്ഷേ ആൽമഹത്യയായിരുന്നു..

വിമൽ എന്റെ ആത്മാർത്ഥ സുഹൃത്താണ്


വിമൽ, അവനാണെന്റെ ആത്മാർത്ഥ സുഹൃത്ത്.
ഇപ്പോൾ അവൻ എന്റെ കൺമുമ്പിൽ മരിച്ചുകൊണ്ടിരിക്കയാണ്.
ഞാനാണ് അവന് പായസത്തിൽ വിഷം ചേർത്ത് കൊടുത്തത്.
ഭാഗ്യവാൻ,മധുരം നുണഞ്ഞ് കൊണ്ടുള്ള മരണം.
ഞാൻ ഇന്ന് ജോലിക്ക് പോയില്ല.
അല്ലെങ്കിലും കുറച്ച് മാസങ്ങളായി ഞാൻ ലീവെടുക്കുന്നത് കൂടുതലാണ്. 
മാനസിക സംഘര്ഷങ്ങള് തന്നെ കാരണം.
എന്റെ അച്ഛൻ ഞാൻ നന്നേ ചെറുപ്പം ആയിരുന്നപ്പോൾ മരിച്ചു.
എനിക്ക് മൂത്തത് രണ്ട് ചേച്ചിമാർ ഉണ്ട്.
അമ്മക്ക് വയ്യാതായ ഒരു ദിവസം,
ഞാൻ പഠിപ്പ് നിർത്താൻ തീരുമാനിച്ചു. 
പഠിക്കാൻ പുറകിലായിരുന്നതിനാൽ പഠിപ്പ് നിർത്തുക എന്നത് എനിക്കോ വീട്ടിലുള്ളവർക്കോ ഒരു ബുദ്ധിമുട്ട് ആയി തോന്നിയില്ല.
പണിക്ക് പോയി.
ചേച്ചിമാർ രണ്ട് പേരും നന്നായി പഠിച്ചു. 
പതിയെ ജീവിതം പച്ച പിടിച്ചു.
വീട് പുതുക്കി പണിതു. 
രണ്ട് പേരെയും കല്യാണം കഴിപ്പിച്ച് അയച്ചു.
അക്കാലങ്ങളിലെല്ലാം മാനസികമായും സാമ്പത്തികമായും പിന്തുണക്കാൻ ഒരു സഖിയും ഉണ്ടായിരുന്നു. 
അവരുടെ കല്യാണം കഴിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞപ്പോൾ സ്വത്തിന്റെ പേരിൽ വീട്ടിൽ തർക്കങ്ങൾ ഉണ്ടായി. 
രണ്ട് പേരും ഒറ്റക്കെട്ടായിരുന്നു.
എത്ര ശ്രമിച്ചിട്ടും ഒന്നും നേരെ ആയില്ല.
സഹോദര ബന്ധങ്ങളിലൊന്നും ഒരു കാര്യവുമില്ലെന്നേ. 
പക്ഷെ അതിനേക്കാൾ വിഷമിപ്പിച്ചത് എന്റെ കൂടെ കാണും എന്ന്‌ കരുതിയ അമ്മ അവരോടൊപ്പം ചേർന്ന് എന്നെ തള്ളിപ്പറഞ്ഞപ്പോളാണ്.
അമ്മയോട് എനിക്കിന്നും സ്നേഹമാണെങ്കിലും അത്തരം ബന്ധങ്ങളിലൊന്നും എനിക്കിന്ന് വിശ്വാസമില്ല.
എന്റെ കൂടെ സഖി ഉണ്ടായിരുന്നു എന്തിനും.
പെട്ടെന്നൊരുനാൾ അവൾ വന്ന് പറഞ്ഞു.
എന്റെ കല്യാണം ഉറപ്പിച്ചു. 
ചെക്കൻ യൂകെയിലാണ്.
പഴയതൊക്കെ പറഞ്ഞ് വന്ന് 
അവളെ ശല്യം ചെയ്യരുത്.
ഒരുപാട് കാലം താടി വളർത്തി കള്ള് കുടിച്ച് കഞ്ചാവ് വലിച്ച് നടന്നു.
ഒരു സുഹൃത്താണ് പിന്നെ എന്നെ നേരെയാക്കി എടുത്തത്.
വിമൽ.
ഞാൻ ഗള്ഫിലോട്ട് പോന്നു.
ഒരു ഹോട്ടലിൽ ജോലി. 
വിമലിന് നല്ല ജോലിയാണ്.
വിവാഹം കഴിച്ചിട്ട് ഇല്ല.
ഗൾഫിൽ വന്ന് രണ്ടാം തവണ ലീവിന് പോയപ്പോൾ ഞാൻ വിവാഹിതനായി.
എനിക്ക് ആരും ഉണ്ടായിരുന്നില്ല. 
ഒരു കൂട്ട് വേണമായിരുന്നു.
ശരണ്യ.
എന്റെ പ്രാണൻ.
എന്റെ എല്ലാമെല്ലാം.
ഭ്രാന്തമാണ്‌ അവളോടുള്ള സ്നേഹം. 
സ്വാർത്ഥനായിരുന്നു അവളുടെ കാര്യത്തിൽ. 
അവളോടുള്ള സ്നേഹത്തിൽ. 
അതിൽ നിന്നുള്ള സംശയങ്ങൾ.
നല്ല വെളുത്ത കുട്ട്യാ അവൾ.
നല്ല സുന്ദരി. 
ഞാൻ കറുത്തിട്ടാ. 
വിമൽ എന്നേലും നിറം ഉണ്ടാകും. 
നന്നായി സംസാരിക്കും. 
ഇംഗ്ളീഷൊക്കെ സംസാരിക്കുന്നത് കേൾക്കണം. 
ഇവിടെ അവന് കുറെ ഗേൾഫ്രണ്ട്സുണ്ട്. 
ഇടക്ക് റൂമിൽ കൊണ്ട് വരും.
കുറെ വായിക്കും അവൻ. 
കവിത കഥ എഴുതും.
അവരെപ്പോഴാ അടുത്തത് എന്ന്‌ എനിക്കറിയില്ല. 
നാല്‌ മാസമായി അവളെന്നെ ഒഴിവാക്കാൻ തുടങ്ങിയിട്ട്.
പല പല കാരണങ്ങൾ.
സംസാരിക്കില്ല പഴയ പോലെ. 
സംസാരിച്ചാൽ തന്നെ വഴക്കിലേക്ക് എത്തും. 
കുറെ നേരെയാക്കാൻ നോക്കി. 
നടന്നില്ല. 
വിമലും ശ്രമിച്ചു.
പിന്നെ ഒരിക്കൽ പറഞ്ഞു അവൾക്കൊരാളെ ഇഷ്ട്മാണെന്ന്.
അയാൾ വിളിക്കാൻ കാത്തിരിക്കയാണെന്ന്. 
അയാളോടൊപ്പം പോകാൻ. 
ആരാണെന്ന് പറഞ്ഞില്ല.
ഇന്ന് അവളുടെ പിറന്നാൾ ആണ്.
കാലത്ത് ഞാൻ വിമലിനോട് പറഞ്ഞു ഞാൻ ജോലിക്ക് പോകുന്നില്ല ഇന്ന്.
ഉച്ചക്ക് പുറത്ത് നിന്ന്‌ കഴിക്കണ്ട.
ഇങ്ങോട്ട് വന്നോളൂ. 
അവളെ വിളിച്ചു.
നല്ലൊരു ദിവസമായ ഇന്ന് അവൾ ആ പേര് പറഞ്ഞു. 
വിമൽ. 
ഞാൻ ചോറും കറിയും പായസവും ഉണ്ടാക്കി. 
ഉച്ചക്ക് കാണാതെയായപ്പോൾ ഞാൻ വിഷം കലക്കിയ കറി ഒഴിച്ച് കളഞ്ഞു. 
രാത്രി അവൻ നേരം വൈകിയപ്പോൾ ഒന്നുറപ്പായി അവൻ ഡിന്നർ കഴിച്ചേ വരൂ. 
അതിനാൽ പായസത്തിൽ വിഷം ചേർക്കാം.
അതാകുമ്പോൾ എന്തെങ്കിലുമൊക്കെ പറഞ്ഞ് കുടിപ്പിക്കാല്ലോ.
കൊല്ലാൻ തീരുമാനിച്ചാൽ വഴികൾ താനേ കണ്ടെത്തും. 
ദൈവം എന്റെ കൂടെ ആയിരുന്നു 
അതുകൊണ്ടാണ് അവൻ ഇന്ന് മൊബൈൽ എടുക്കാൻ മറന്നത്. 
അവൻ വന്ന് മൊബൈൽ എടുക്കുന്നതിന് മുൻപ് കുടിപ്പിച്ചിരിക്കണം. 
മൊബൈൽ ഓൺ ആക്കിയാൽ അവളുടെ മെസ്സേജ് ഉണ്ടാകും. 
അവൾ പറയാതിരിക്കില്ല. 
വന്നപാടെ ഞാൻ ഉദ്ദേശിച്ച പോലെ നടന്നു.
അവൻ ഒറ്റ വലിക്ക് കുടിച്ചു.
പിന്നേം ഉണ്ടായിരുന്നു തടസങ്ങൾ. 
അത് ശരീരത്തിൽ കേറി പിടിക്കാൻ ഉറങ്ങാതിരിക്കണം.
അതിനും ഞാൻ മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നു.
ഞാൻ അവനോട് പറഞ്ഞു. 
"ടാ ഞാൻ അവളെ വിളിച്ചു.
ഒന്നും ശരിയായില്ല.
ശരിയാകുകയും ഇല്ല" 
"ആ പേര് പറഞ്ഞോ"എന്ന്‌ ചോദിച്ചപ്പോൾ ഇല്ലായെന്ന് പറഞ്ഞു.
"നീ എന്ത് തീരുമാനിച്ചു" എന്ന്‌ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു. 
"ആൽമഹത്യ ചെയ്യാൻ"
അവൻ കളിയാക്കി. 
ധൈര്യം തരാൻ നോക്കി. 
അവൾ പോയാൽ വേറെ ഒരാൾ വരുമെന്ന്.
ഞാൻ അവനെ എല്ലാം ഓർമിപ്പിച്ചു.. 
"അമ്മ സഹോദരിമാർ കാമുകി ഇപ്പോൾ ഭാര്യ. 
ഇനി ഏത് ബന്ധത്തിലാണ് ഞാൻ വിശ്വസിക്കേണ്ടത്. 
പ്രേതീക്ഷിക്കേണ്ടത്. 
ജീവിതത്തിൽ എന്ത് സുഖമാണ് ഞാൻ പ്രേതീക്ഷിക്കേണ്ടത്.
നിന്റെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം എന്റെ കൈയിലുണ്ട്.
അതുകൊണ്ട് തന്നെയാ വിഷം കഴിച്ചത്"
അവൻ ഞെട്ടി.
ആംബുലൻസ് വിളിക്കാമെന്ന്. 
ഞാൻ പറഞ്ഞു "ഇന്ന് അല്ലേൽ നാളെ. 
നീ ഇല്ലാത്തപ്പോൾ.
നിനക്ക് ഇപ്പോൾ ചെയ്യാവുന്നത് ഒരൊറ്റ കാര്യമാണ്.
ഉറങ്ങാതെ എനിക്ക് കൂട്ടിരിക്കുക. 
സുഹൃത്ത് ബന്ധമെങ്കിലും സന്തോഷിക്കട്ടെ"
അവൻ കൂട്ടിരുന്നു. 
മൊബൈൽ എടുത്ത് കൊണ്ട് വന്നു.
നെറ്റ് ഓൺ ആക്കി.
മെസ്സേജുകൾ തുരുതുരെ വരുന്നുണ്ട്. 
അവന്റെ മുഖഭാവം മാറുന്നുണ്ട്. 
ഒരു സെക്കൻഡിൽ താഴെ നീണ്ട് നിന്ന ഒരു നോട്ടം എന്റെ മുഖത്തേക്ക് എറിഞ്ഞു. 
എന്റെ ചിരിയിൽ. 
അവൻ ഒരുതവണ മരിച്ചു. 
പതിയെ പതിയെ എനിക്ക് കാണം. 
അവനിലൂടെ ഞാനെന്ന മരണം കയറിപ്പോകുന്നത്. 
കാൽവിരലുകൾ ഞരമ്പുകൾ കൈവിരലുകൾ. 
കൈ തളർന്നു.
മൊബൈൽ താഴെ വീണു. 
പിറന്നാൾ സമ്മാനത്തിന് നന്ദി അറിയിച്ച് കൊണ്ട് അവളുടെ നഗ്ന ഫോട്ടോ തെളിഞ്ഞ് നിന്നു. 
ഞാനെന്ന മരണം അവന്റെ കഴുത്തിലൂടെ തൊണ്ടയിലൂടെ വെളുത്ത പതയും പിന്നീട് ചോരയുമായി പുറത്ത് വന്നു.
കണ്ണുകൾ അടയുന്നതിന് മുൻപ് അവന്റെ ചെവിയിൽ ഞാൻ പറഞ്ഞു. 
"വിമലേ...
ആത്മാർത്ഥസുഹൃത്തിനേക്കാളുപരി, നീയെനിക്ക് സഹോദരനെപ്പോലെയായിരുന്നു..
അത്രക്ക് ഇഷ്ടമായിരുനടാ നിന്നെ 
സ്വപ്‌നം കാണുമ്പോൾ അവൾക്കൊപ്പം എന്റെ കുടുംബത്തിൽ ഞാൻ ചേർത്തിരുന്നു നിന്നെ.. 
എനിക്കും അവൾക്കും സഹോദരനായി.. 
അത്രക്കും സ്നേഹമായിരുന്നു നിന്നെ"
അവൻ മരിച്ചു.. 
കണ്ണുകൾ അടഞ്ഞു.. 
അവന്റെ മൊബൈൽ എടുത്ത്,
ശരണ്യ ഐ ലവ് യു എന്ന്‌ അയച്ചു. 
ഭക്ഷണം കഴിക്കാനിരുന്നു.
പായസത്തിന് നല്ല മധുരമുണ്ടായിരുന്നു. 
ഇനി ഈ രാത്രി ഉറങ്ങാതെ ഇരിക്കണം...

By: 
Vineeth Vijayan

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo