Showing posts with label AnjaliKini. Show all posts
Showing posts with label AnjaliKini. Show all posts

തത്ക്കാൽ


ദൂരെ യാത്രയ്ക്ക് ട്രെയിനിനെ ആശ്രയിക്കേണ്ടി വരുന്ന ഘട്ടങ്ങളിൽ എന്റെ പ്രധാന പേടി സീറ്റ് എവിടെ കിട്ടുമെന്നാണ്. ലോവർ ബർത്ത് കിട്ടണേയെന്നു സകല ദൈവങ്ങളെയും വിളിച്ചാണ് ഞാൻ ടിക്കറ്റ് ബുക്ക് ചെയ്യാറ്.
അപ്പർ ബർത്തിൽ വലിഞ്ഞു കയറുക വല്ലാത്ത പാടുപിടിച്ച ഒരു പരിപാടിയാണ്. അതിലൊക്കെ പുറമെ എനിക്ക് വല്ലാത്ത പേടിയും. വല്ല അപകടോം പറ്റിയാൽ വേഗം ചാടി പുറത്തിറങ്ങാൻ പറ്റൂല്ലാലോ എന്ന ചിന്ത. പിന്നെ ഇടയ്ക്കിടയ്ക്ക് ചുമ്മാ വെറും ചുമ്മാ ടോയ്‌ലെറ്റിൽ പോകാനുള്ള ശങ്കയും തോന്നും. ഇത്യാദി അവസ്ഥകളൊക്കെ ഉള്ളതുകൊണ്ട് ലോവർ ബർത്ത് വല്ല വിധേനെയും കൺഫേം ചെയ്തേ ഞാൻ വണ്ടി കയറാറുള്ളൂ.
അന്നത്തെ യാത്ര തത്ക്കാൽ ടിക്കറ്റ് എടുത്തായിരുന്നു. സൈഡ് ലോവർ സീറ്റും കിട്ടി. പെട്ടിയും സാമാനങ്ങളും ഭദ്രമായി വെച്ച്, ബാഗിൽ നിന്നുമൊരു ബുക്കുമെടുത്തു വായിച്ചുകൊണ്ടിരുന്നപ്പോൾ നിദ്രദേവത എന്നെ ഉറക്കത്തിലേക്കു ക്ഷണിച്ചു. പാതിയുറക്കത്തിൽ ആരോ തട്ടി വിളിക്കുന്നത് പോലെ തോന്നിയാണ് ഞാൻ കണ്ണ് തുറന്നതു. ഉറക്കം ഇടയ്ക്കു വെച്ച് തടസ്സപ്പെട്ട മുഷിച്ചിലിൽ ഞാൻ കണ്ണുകൾ പതുക്കെ തുറന്നു. ചുരിദാർ ധരിച്ചൊരു രൂപമതാ മുന്നിൽ നിൽക്കുന്നു.
"കുട്ടിയ്ക്ക് താഴെയാ സീറ്റ്?"ചുരിദാർ ധാരി ചോദിച്ചു.
സീറ്റ് എവിടെയാണ് എന്ന് ചോദിക്കാൻ എന്റെ ഉറക്കം കളഞ്ഞ അവരോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നി.
"ആം താഴെയാ" ഒരൊഴുക്കൻ മട്ടിൽ ഞാനവർക്ക് മറുപടി കൊടുത്തു.
"ബുദ്ധിമുട്ടാവില്ലെങ്കിൽ എന്റെ സീറ്റ് എടുക്കുവോ? എന്റേത് അപ്പർ ബർത്ത് ആണ്, ഒന്ന് സഹായിക്ക്വോ?"
"നിയ്ക്കു മാറാൻ ബുദ്ധിമുട്ടാണ്, സോറി"
അറുത്തുമുറിച്ചു പറഞ്ഞു അവരുടെ മുഖത്തേക്ക് നോക്കുവാൻ മിനക്കെടാതെ ഞാൻ ഫോൺ കയ്യിലെടുത്തു തോണ്ടുവാൻ തുടങ്ങി. ഞാൻ പതിയെ ഇടംകണ്ണിട്ടു നോക്കി അവർ അവിടെ തന്നെ നിൽപ്പുണ്ട്. അപ്പോളാണ് ഞാൻ അവരെ ശരിക്കും ശ്രെദ്ധിക്കുന്നത്. അപേക്ഷിക്കുന്ന മുഖഭാവത്തോടെ നിൽക്കുന്ന അവരുടെ ചുരിദാർ ഷാളിന്റെ അറ്റം പിടിച്ചൊരു പെൺകുട്ടി നിൽപ്പുണ്ട്. എട്ടോ ഒൻപതോ വയസ്സുണ്ടാവും അവൾക്കു.
"മോളേം കൊണ്ട് മുകളിൽ കേറാൻ വയ്യാത്തോണ്ടാ ചോയ്ച്ചേ."
ആ സ്ത്രീ എന്നോട് സംസാരിക്കുന്നതിനിടയ്ക്കു അവരുടെ മകൾ പെട്ടെന്ന് ബഹളം ഉണ്ടാക്കുവാൻ തുടങ്ങി. അവളുടെ തന്നെ മുടി വലിച്ചു പറിച്ചു അമ്മയുടെ കയ്യിൽ മാറ്റിയും മറ്റുമവൾ അസ്വസ്ഥത പ്രകടിപ്പിച്ചു. ഒരുവിധം അവളെ ആശ്വസിപ്പിച്ചു സീറ്റിൽ ഇരുത്തിയപ്പോളേക്കും ആ സ്ത്രീ നന്നേ ക്ഷീണിച്ചിരുന്നു.
അവരുടെ ആ മകൾക്കു ഓട്ടിസം ആണ്. മകളെയും കൊണ്ട് ഇതുപോലെ ട്രെയിൻ യാത്ര വളരെ ബുദ്ധിമുട്ടാണ്. അവളുടെ സ്വഭാവം എപ്പോളാണ് മാറുകയെന്നു പറയുവാൻ കഴിയില്ല. ഇതു ഒഴിവാക്കാൻ പറ്റാത്തത് കൊണ്ടുള്ള യാത്രയാണ്. രണ്ടുപേരും കൂടി എങ്ങനെ ഈ സീറ്റിൽ കിടക്കും ഞാൻ അവരോട് ചോദിച്ചു.
"എനിക്ക് ഒറക്കമൊന്നും ഉണ്ടാവില്ല കുട്ടി, ന്റെ മോളുറങ്ങുന്നതും നോക്കി അവൾക്കു കാവലായി ഞാൻ അവളോട് ചേർന്നിരിക്കും. കണ്ണൊന്നടച്ചാൽ ഒന്ന് ശ്രെദ്ധ മാറിയാൽ പിന്നെ എന്താ ഉണ്ടാവണെന്നു പറയാൻ പറ്റൂല്ല. ചിലപ്പോ ഇവൾ തനിച്ചെവിടെലും ഇറങ്ങി നടക്കും, അതോണ്ട് കണ്ണടയ്ക്കാണ്ട് ഞാനിവൾക്കു കാവലിരിക്കും."
ബാഗും മറ്റുമെടുത്തു അവരുടെ സീറ്റിലേക്ക് മാറുമ്പോൾ ആ മകൾ പിന്നെയും ബഹളമുണ്ടാക്കുവാൻ തുടങ്ങിയിരുന്നു. അവളുടെ ഉപദ്രവങ്ങൾ സഹിച്ചുകൊണ്ട് അവളെ ഒന്നടക്കിയിരുത്തുവാൻ ആ 'അമ്മ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. രാത്രി എപ്പോഴോ ടോയ്‌ലെറ്റിൽ പോകുവാൻ ഇറങ്ങിയപ്പോളും കണ്ടു മകളുറങ്ങുന്നതും നോക്കി അവൾക്കു കാവലിരിക്കുന്ന ആ അമ്മയെ.
ബർഫി സിനിമ റിലീസ് ചെയ്ത സമയം എറണാകുളം ഒബ്‌റോൺ മാളിലെ തിയേറ്ററിൽ കാണാൻ പോയത് ഞാനിന്നും ഓർക്കുന്നു. എന്റെ അടുത്ത സീറ്റിലൊരമ്മയും മകളുമായിരുന്നു. ആ മകളും ഇതേ പോലെ ഓട്ടിസം ബാധിച്ച കുട്ടിയായിരുന്നു. ഇടയ്ക്കു അസ്വസ്ഥയാകുന്ന ആ മകളെ ചേർത്ത് പിടിച്ചു ആ സിനിമ കാണുമ്പോൾ ആ 'അമ്മ ഇടയ്ക്കു വിതുമ്പുന്നുണ്ടായിരുന്നു. സിനിമയിൽ പ്രിയങ്ക ചോപ്ര അവതരിപ്പിച്ച കഥാപാത്രത്തിനും അതെ രോഗാവസ്ഥയായിരുന്നു. സിനിമ കഴിഞ്ഞിറന്പോൾ സംസാരത്തിനിടയ്ക്കു പറഞ്ഞ വാക്കുകൾ ഇന്നും മനസ്സിൽ അങ്ങനെ തന്നെ നിൽക്കുന്നു,
"തെറ്റും ശരിയുമേതെന്നു തിരിച്ചറിയാൻ കഴിയാത്ത ഈ അവസ്ഥയിൽ അവൾ വളരുന്നത് കാണുമ്പോൾ നെഞ്ചിൽ തീയാണ്, അത് പോലുള്ള ലോകത്തല്ലേ ജീവിക്കുന്നത്. ഞാൻ ഉള്ളിടത്തോളം കാലം അവൾക്കൊന്നും സംഭവിക്കാതെ നോക്കാം അത് കഴിഞ്ഞാൽ എന്താവുമെന്നാ"
എല്ലാ പെൺകുട്ടികളും കടന്നു പോകുന്ന വളര്ച്ചയുടെ ഓരോ ഘട്ടവും കടന്നുപോകുമ്പോളും അത് തിരിച്ചറിയാനാവാതെ ജീവിക്കേണ്ടി വരുന്ന ആ പെൺകുട്ടിയുടെ അമ്മയുടെ ഹൃദയത്തിന്റെ വിങ്ങൽ ഊഹിക്കാവുന്നതിലും അപ്പുറമാണ്. എന്നാലും തന്റെ അവസാന ശ്വാസം വരെ മകൾ സുരക്ഷിതയായിരിക്കുമെന്നു പറയുമ്പോൾ അവരുടെ കണ്ണിലൊരു തിളക്കമുണ്ടായിരുന്നു.
ചിലപ്പോൾ അങ്ങനെ ഇരിക്കുമ്പോൾ എന്റെ 'അമ്മ എന്റെ കുട്ടിക്കാലത്തെ കാര്യങ്ങൾ പറയാറുണ്ട്.
"നിങ്ങളൊക്കെ ജനിച്ചിട്ട് ആദ്യത്തെ അഞ്ചാറു മാസം ശരിക്കൊന്നുറങ്ങാനും കൂടി പറ്റിയിട്ടുണ്ടാരുന്നില്ല, ഉറങ്ങുമ്പോഴും കണ്ണ് തുറന്നിരിക്കണം. വളർന്നു മര്യാദയ്ക്ക് വല്ലോം മിണ്ടാൻ തുടങ്ങുന്ന പ്രായം ആവണ വരെ ഒരേ ആധിയായിരുന്നു. ഇൻജെക്ഷൻ ഒക്കെ എടുക്കണ ദിവസം പിന്നെ നോക്കണ്ട കയ്യിലെ ചൂടുപറ്റിയാലേ ഉറങ്ങു, നിലത്തു കിടത്തിയാൽ അപ്പൊ കരയും"
'അമ്മ ഉറങ്ങാതെ കാവലിരുന്നതിന്റെ ഫലമായി ലഭിച്ചതാണ് ഞാനിന്നു അനുഭവിക്കുന്ന ഓരോ നിമിഷങ്ങളും. ചിലപ്പോ ഞാൻ അമ്മയെ ശുണ്ഠി പിടിപ്പിക്കാൻ ചോദിക്കാറുണ്ട്,അമ്മയുടെ ഉറക്കം കളഞ്ഞതിനു പകരം ഞാൻ എന്ത് തരണമെന്ന്,
"ഒന്നും വേണ്ടാ എന്റെ കുട്ടിയേ നിങ്ങളൊക്കെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്ന് കേട്ടാ മാത്രം മതി"
അതിൽ പരം ഒരായ്മ്മക്ക് എന്താണ് വേണ്ടത്. ഇന്നും ചിലപ്പോൾ എന്തെങ്കിലും വയ്യായ്ക ഒക്കെ ഉള്ള ദിവസങ്ങളിൽ രാത്രി വൈകിയും അമ്മയെ വിളിക്കുമ്പോളും ആദ്യത്തെ ബെല്ലിനു ഫോൺ എടുക്കുമ്പോൾ ഞാൻ ചോദിക്കാറുണ്ട് അമ്മയിതുവരെ ഉറങ്ങിയില്ലേയെന്നു,
"നിനക്കവിടെ വയ്യാന്നു കേൾക്കുമ്പോൾ ഞാനിവിടെ സുഖായിട്ട് എങ്ങനെയാ ഉറങ്ങുക അഞ്ചു"
അതെ അവർ ഉറങ്ങാതെ തള്ളിനീക്കിയ ദിവസങ്ങൾ സമ്മാനിച്ചതാണ് നമ്മളിന്ന് സുഖമായി ഉറങ്ങുന്ന ഓരോ രാത്രികളും..

By Anjali Kini

ഫെബ്രുവരി



രാവിലെ അടുക്കളയിലെ യുദ്ധമൊന്നു തീർത്തു ഒന്ന് നടുനിവർക്കാൻ ബെഡിലേക്കു വീണപ്പോളാണ് ഫോൺ ചിലക്കാൻ തുടങ്ങിയത്. എടുക്കണോ വെണ്ടയോയെന്നു ഞാനൊന്നാലോചിച്ചു. തലേന്ന് രാത്രിയിൽ ഒരുപോള കണ്ണടച്ചിട്ടില്ല. രാത്രി എപ്പോഴോ പോയ കറന്റ് ആണ്, കുറച്ചു മുൻപാണ് വന്നത്. ചെന്നൈയിലെ വെന്തുരുകുന്ന ചൂടിൽ കറണ്ടും കൂടി പോയ തീർന്
രണ്ടുംകല്പിച്ചു ഫോണെടുത്തു മറുതലയ്ക്കൽ നാട്ടിൽ നിന്നും ന്റെ പുന്നാര അനുജത്തി ഇന്ദുവാണ്‌. നാട്ടിലെ വിശേഷങ്ങൾ മൊത്തമായും ചില്ലറയായും നിയ്ക്കു ഡിസ്ട്രിബ്യൂട്ട് ചെയ്‌യുന്നത്‌ മൂപ്പത്തിയാണ്.
"അഞ്ചു എന്താടി വിശേഷം?, തീർന്നോ നിന്റെ ജോലിയൊക്കെ?" എടുത്തപാടെ അവൾ ചോദിച്ചു.
"ഓ പണിയൊക്കെ ഒരുവിധം തീർത്തു, നാട്ടിൽ എന്തുന്നാടി വിശേഷം?"
"ഇവിടെ ബ്രേക്കില്ലാത്ത മഴയാടി, ഇന്നലെ രാത്രി തുടങ്ങ്യതാ ഇതോം വരെ തോർന്നിട്ടില്ല, ഞാനാണേൽ ഇന്നെഴുന്നേല്ക്കാനും വൈകി. മഴേം തണുപ്പുമൊക്കെ അല്ലെ ബെഡിൽ പൊതച്ചുമൂടി കിടന്നാൽ പിന്നെ എഴുന്നേൽക്കാൻ തോന്നുല്ല"
മഴ, തണുപ്പ്, പൊതപ്പു തേങ്ങാക്കൊല. മനുഷ്യനിവിടെ ചൂടത്തു പുഴുങ്ങിയിരിക്കുമ്പോളാണ് ലവളുടെ വക വർത്താനം.
"ചെന്നൈയിൽ ക്ലൈമറ്റ് ഒക്കെ എങ്ങനീണ്ടടി അഞ്ചു? വല്ലാത്ത ചൂടാവും അല്ലെ?"
"ഏയ് ചൂടോ ? ഇവിടെയോ, നല്ല കഥ ഇവിടിപ്പോ നല്ല സുഖാടി, ചൂടുല്ല്യ ഒരു മണ്ണാങ്കട്ടേമില്ല്യ" നെറ്റിയിലെ വിയർപ്പുചാലുകൾ തുടച്ചുകൊണ്ട് ഞാനവൾക്കു മറുപടി നൽകി.
പിന്നെ അല്ലറചില്ലറ നാട്ടുവിശേഷങ്ങളൊക്കെ പറഞ്ഞു അവൾ ഫോൺ വെച്ചു. നാട്ടിലെ മഴയും തണുപ്പുമൊക്കെ ഞാനൊന്നു വെറുതെ സങ്കൽപ്പിച്ചു നോക്കി. എനിക്കേറ്റവും പ്രിയപ്പെട്ടത് രാത്രിയിൽ മഴ പെയ്യുന്ന ശബ്ദത്തിനു കാതോർത്തു ബെഡിൽ പുതച്ചുമൂടിയിങ്ങനെ കിടക്കുന്നതാണ്. ഈ മഴയും മനുഷ്യന്റെ മനസ്സും തമ്മിലെന്തോ ഉണ്ടല്ലേ. ചെന്നൈയിലെ കൊടും ചൂടിലിരുന്നു ഈ മഴയേ൦ തണുപ്പിനേം പറ്റിയൊക്കെ പറയുന്ന എന്നെ സമ്മതിക്കണം.
രണ്ടുവർഷം മുന്നെയൊരു ഫെബ്രുവരി മാസത്തിലാണ് ഞാൻ ചെന്നൈ നഗരത്തിലാദ്യമായി കാലുകുത്തുന്നത്. ചെന്നൈയിലേക്ക് പോകുവാൻ പോകുന്നു എന്നറിഞ്ഞത് മുതൽ പലരുടെയും വക പലതരം ഡയലോഗുകളുടെ ബഹളമായിരുന്നു.
"അഞ്ചു, നീ തീർന്നടി തീർന്നു, ചെന്നൈയൊന്നും നമുക്ക് പറ്റൂല്ല, വല്ലാത്ത ചൂടാ, നേരാം വണ്ണം വെള്ളം പോലും കാണില്ല, പിന്നെ വൃത്തിം ഇല്ലാത്ത നാടാ"
അങ്ങനെ വിവിധ പ്രസ്താവനകൾ സമ്മാനിച്ച ഒരു ലോഡ് ആശങ്കകളും, പിന്നെ ന്റെ പെട്ടിയും ഭാണ്ഡവുമൊക്കെയായി ഞാൻ ചെന്നൈയ്ക്ക് വണ്ടി കയറി. തമിഴർക്ക് പ്രിയ്യപ്പെട്ട മാർഗഴി മാസത്തിന്റെ തുടക്കമായിരുന്നു അത്. നഗരം തണുപ്പിന്റെ പുതപ്പെടുത്തണിയുന്ന സമയം. ട്രെയിൻ ചെന്നൈ സെൻട്രലിലെത്തിയതും നേരം പുലർന്നു വരുന്നതേ ഉണ്ടായിരുന്നുള്ളു. മൂടൽ മഞ്ഞു നിറഞ്ഞ അന്തരീക്ഷമൊക്കെ കണ്ടതും ഞാൻ ഹാപ്പിയായി.
ഫ്ളാറ്റിലേക്കുള്ള യാത്രയിൽ കാറിലിരുന്ന് ഞാനങ്ങനെ ചെന്നൈ നഗരത്തെ നോക്കിക്കണ്ടു. പതിയെപ്പതിയെ നഗര ജീവിതവുമായി ഞാൻ പൊരുത്തപ്പെട്ടു തുടങ്ങി. നാട്ടിൽ നിന്നും വിശേഷങ്ങളറിയാൻ 'അമ്മ വിളിക്കുമ്പോൾ പറയും
"ഹോ ഇവിടെ ചൂട് ഇപ്പോൾ തന്നെ തുടങ്ങിന്നാ തോന്നുന്നേ, ഈ കണക്കിന് പോയ മാർച്ചും ഏപ്രിലുമൊക്കെ ആവുമ്പൊ എന്താവും അവസ്ഥ, അവിടെ എങ്ങനിണ്ട് ചൂടൊക്കെ ഉണ്ടോ?"
"ഏയ് നല്ല സുഖാ 'അമ്മ രാത്രി കിടക്കുമ്പോ ഫാനൊന്നും വേണ്ട, രാവിലെയൊക്കെ നല്ല മഞ്ഞാ"
ഞാൻ ഉത്സാഹത്തോടെ പറഞ്ഞു.
"വെള്ളമൊക്കെ കുഴപ്പമില്ലാതെ കിട്ടുന്നുണ്ടല്ലോ അല്ലെ ?"
അമ്മയുടെ പ്രധാന ടെൻഷൻ അതായിരുന്നു. വീട്ടിൽ എന്നെ 'അമ്മ 'ജലപിശാച്' എന്നായിരുന്നു വിളിച്ചിരുന്നത്. " ഹോ ഇവൾ ഒരു സ്പൂൺ കഴുകുന്ന വെള്ളമൊണ്ടേൽ രണ്ടാൾക്കു കുളിക്കാം". 'അമ്മ ഇടയ്ക്കു പറയും. വെള്ളത്തിന് മുട്ടില്ലാതെ വളർന്നതുകൊണ്ട് ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ വെള്ളം ചിലവാക്കുക എന്റെ പ്രധാന തൊഴിലായിരുന്നു.
ഫ്ലാറ്റിൽ ആവശ്യത്തിന് വെള്ളവുമായി ടാങ്കർ മുടങ്ങാതെ എത്തുമായിരുന്നത് കൊണ്ട് ചെന്നൈയിലും ഞാനെന്റെ തൊഴിൽ തുടർന്നു. അങ്ങനെ ദിവസങ്ങൾ കടന്നു പോയി തണുപ്പും മഞ്ഞുമൊക്കെ മെല്ലെ വിടവാങ്ങി ചൂടിന്റെ കടന്നുവരവ് മെല്ലെ അറിഞ്ഞു തുടങ്ങി. മാർച്ച് മാസം ആരംഭിക്കുന്ന ചൂടുകാലം മെയ് ജൂൺ മാസത്തിലതിന്റെ മൂര്ധന്യാവസ്ഥയിലെത്തും. നാട്ടിലപ്പോൾ നല്ല മഴയുടെ മേളവും.
വറചട്ടിയിൽ കിടന്നു പൊള്ളാൻ വിധിക്കപ്പെട്ട കപ്പലണ്ടിയുടെ അവസ്ഥയോർത്തു എനിക്കാദ്യമായി വിഷമം വന്നത് ചെന്നൈയിലെ ചൂട് ശെരിക്കും അനുഭവിച്ചു തുടങ്ങിയപ്പോളാണ്. കപ്പലണ്ടിയുടെ ഏതാണ്ട് അതെ അവസ്ഥ അജ്‌ജാതി ചൂട്. അടുക്കളയിൽ പണിയെടുക്കുമ്പോളാണ് ശരിക്കും അനുഭവിക്കുന്നത്. അന്തരീക്ഷത്തിലെ ചൂടും അടുപ്പിലെ ചൂടും ചേർന്ന് വെന്തുപോവുന്ന അവസ്ഥ.
ഒരു ദിവസം പതിവുപോലെ രാവിലെ എഴുന്നേറ്റു നേരെ അടുക്കളയിലേക്കു വെച്ചുപിടിച്ചു ഒരു കട്ടൻമോന്താമെന്നു വെച്ച് ടാപ്പ് തുറന്നപ്പോളാണ് ഒരു തുള്ളി വെള്ളമില്ല. സെക്യൂരിറ്റിയെ വിളിച്ചു ചോദിച്ചപ്പോളാണയാൾ പറയുന്നത്. ചൂട് തുടങ്ങിയാൽ പിന്നെ ചിലപ്പോളിങ്ങനെ ആണത്രേ. വെള്ളത്തിന് ക്ഷാമം വരും ടാങ്കർ വരുന്നത് ചിലപ്പോൾ മുടങ്ങും. വെള്ളമില്ലാത്ത ഒരു ദിവസം സങ്കൽപ്പിക്കാൻ പോലുമാകാതെ ഭൂമിയിലും ആകാശത്തിലുമല്ലാതെ ഞാനിങ്ങനെ നിൽക്കുമ്പോളാണ് സെക്യൂരിറ്റി പറയുന്നത് അമ്പതു രൂപ കൊടുത്താൽ ഇരുപതു ലിറ്റർ കുപ്പിവെള്ളം കിട്ടുമെന്ന്. വെള്ളം വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയോർത്തപ്പോൾ നാട്ടിൽ ഞാൻ പാഴാക്കിക്കളഞ്ഞ വെള്ളമെനിക്കോർമ്മ വന്നു.
കാശു കൊടുത്തു വെള്ളം വാങ്ങണോ വേണ്ടയോ എന്ന കൺഫ്യൂഷനിൽ നിൽക്കുമ്പോളാണ് വയറ്റിലൊരു ഉരുണ്ടുകയറ്റം പ്രകൃതിയുടെ വിളിവന്നതാണ്. രക്ഷയില്ല, കാര്യസാധ്യത്തിനു ശേഷം പേപ്പറുപയോഗിക്കേണ്ടതിന്റെ ആവശ്യകത എനിക്ക് അന്നാണ് ബോധ്യം വന്നത്. ഫോണെടുത്തു വെള്ളം ഓർഡർ ചെയ്തു. രണ്ടു കുപ്പി വെള്ളം റെഡി. ഒരെണ്ണം ബാത്റൂമിലും മറ്റേതു അടുക്കളയിലേക്കും മാറ്റി. അങ്ങനെ ജീവിതത്തിലാദ്യമായി വെള്ളം ഒരുതുള്ളി പോലും പാഴാക്കാതെ ഞാനുപയോഗിച്ചു. അന്ന് രാത്രി ഏറെ വൈകി വെള്ളവുമായി ടാങ്കർ വന്നപ്പോൾ വര്ഷങ്ങളായി വെള്ളം കാണാതെ കിടക്കുന്നവർ വെള്ളം കാണുന്ന പോലെ ഞാൻ തുള്ളിച്ചാടി.
ഇന്നിപ്പോൾ ഓരോ തുള്ളി വെള്ളത്തിന്റെയും വില എനിക്ക് നല്ല ബോധ്യമുണ്ട്. മധ്യപ്രേദേശിലെങ്ങോ മഴ പെയ്യിക്കാന് തവളയുടെ കല്യാണം നടത്തിയ വാർത്ത കേട്ടപ്പോൾ വെള്ളമില്ലാതെ കഷ്ട്ടപ്പെടുന്ന അവരുടെ അവസ്ഥയാണ് ഞാനോർത്തത്. വലിയ കുഴപ്പമില്ലാതെ മൺസൂണും,തുലാമഴയുമൊക്കെ കിട്ടുന്ന നമുക്കതെവിടെ മനസ്സിലാവാൻ. കുടിക്കുവാൻ ഒരുതുള്ളി വെള്ളത്തിന് വേണ്ടി മനുഷ്യൻ പരസ്പരം പോരടിക്കുന്ന കാലം വിദൂരമല്ല.
ഇതെഴുതി നിർത്തുമ്പോൾ പെട്ടെന്ന് പൊട്ടിമുളച്ചപോലെയൊരു ചാറ്റൽ മഴ പെയ്യുന്നുണ്ട്. ചൂട് പക്ഷെ കട്ടയ്ക്കങ്ങനെ നിൽപ്പാണ്. ഞാൻ വേഗം ടെറസിലേക്കു ചെല്ലട്ടെ, വെറുതെ വെറും വെറുതെ ആ മഴയൊന്നു നനയാൻ. ശെരിക്കും ഈ മഴയും മനുഷ്യന്റെ മനസ്സും തമ്മിലെന്തൊ ഉണ്ടുട്ടോ....

By Anjali Kini

101 ഡിഗ്രി



ഇത്തവണ 101 ഡിഗ്രി പനിയുമായാണ് ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് ട്രെയിൻ കയറിയത്. നാട്ടിൽ പോകുന്ന ഉത്സാഹത്തിൽ എന്തുട്ട് പനി.
റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ശരീരത്തിന് നല്ല ചൂടും പിന്നെ വിറയലും. സ്റ്റേഷനകത്തുള്ള എമർജൻസി കെയറിൽ കാണിച്ചു, യാത്ര വേണ്ട എന്ന് വെക്കുന്നതാണ് നല്ലത് എന്ന് ഡോക്ടർ, എനിക്ക് എങ്ങനേലും നാട്ടിൽ പോയെ പറ്റൂന്നു ഞാനും, ഈ പനിയും കൊണ്ട് ഫ്ലാറ്റിൽ ഒറ്റയ്ക്ക് ഇരിക്കുന്ന കാര്യം ആലോചിക്കാനേ വയ്യ, എങ്ങനേലും നാട്ടിൽ എത്തിപ്പറ്റിയാൽ മതി, പനി മാറണ വരെ അമ്മേടെ അടുത്ത് നിക്കാം. കട്ടിലിൽ ചുരുണ്ടു കൂടി കിടക്കുമ്പോ ഇടയ്ക്കിടയ്ക്ക് ചൂട് നോക്കാൻ 'അമ്മ നെറ്റിയിൽ കൈതൊട്ടുവെയ്ക്കുന്നതും, നിർബന്ധിച്ചു കഞ്ഞി കുടിപ്പിക്കുന്നതുമൊക്കെ ഓർത്താ പിന്നെ പോവാണ്ട് ഇരിക്കാൻ പറ്റുവോ. അങ്ങനെ ഇഞ്ചക്ഷനും എടുത്തു, കഴിക്കാനുള്ള മരുന്നും തന്നു ഡോക്ടർ എന്നെ യാത്രയാക്കി. ബാഗും സാമാനങ്ങളും പെറുക്കി ഞാൻ ട്രെയിൻ ലക്ഷ്യമാക്കി നടന്നു.
സമ്മർ വെക്കേഷന് പ്രമാണിച്ചു ട്രെയിനുകൾ എല്ലാം ഫുൾ ആണ്. ഒരു മാസം മുന്നേ ബുക്ക് ചെയ്തിട്ടും എനിക്ക് കിട്ടിയത് ആർഎസി ടിക്കറ്റ് ആണ്, ആർസി ടിക്കറ്റ് ഒക്കെ അങ്ങ് കൺഫേം ആയിക്കോളുംന്ന ധാരണയിൽ ഞാൻ ട്രെയിൻ ലക്ഷ്യമാക്കി നടന്നു(അങ്ങനെ കൺഫേം ആയ ചരിത്രമിണ്ടേ) . സാമാനങ്ങൾ ഒക്കെ ഒതുക്കി വെച്ച് ഞാൻ സീറ്റിലേക്കിരുന്നു അല്ല വീണുന്നു പറയുന്നതാവും ശരി. ക്ഷീണവും മേലുവേദനയുമൊക്കെ കൊണ്ട് ശരീരം തളരുന്നപോലെ തോന്നി. കാലു നീട്ടിയൊന്നു കിടന്നാൽ കൊള്ളാമെന്നുണ്ട്, എതിർ സീറ്റിന്റെ അവകാശി ഇനിയും വന്നിട്ടില്ല. അതൊരു സ്ത്രീയാകണമേ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.
കാലൊന്നു നീട്ടി കണ്ണടച്ച് അധിക നേരമായില്ല ഒരു എസ്ക്യൂസ്‌ മി വിളി കേട്ടാണ് ഞാൻ കണ്ണ് തുറന്നത്, എതിർ സീറ്റിന്റെ അവകാശി ആണ്, ഒരു വനിതാ രത്‌നം തന്നെ, കാലു നീട്ടി പരസ്പരം അഡ്ജസ്റ്റ് ചെയ്തു ഇരിക്കാമല്ലോ എന്ന സന്തോഷത്തിൽ അങ്ങനെ നിൽക്കുമ്പോളാണ് അവർ സീറ്റ് നേരെയിട്ടു ഇരിക്കാമെന്നു പറഞ്ഞത്. മനസ്സിൽ അല്പം മുൻപ് പൊട്ടിയ ലഡ്ഡു ധാന്നു പറയണ നേരം കൊണ്ട് തവിടുപൊടിയായ വിഷമത്തിൽ ഇരുന്നുറങ്ങാൻ ഞാനൊരു ശ്രമം നടത്തി. നിദ്രാദേവത കടാക്ഷിക്കുന്നില്ലായെന്നു കണ്ടപ്പോൾ ബാഗിൽ നിന്ന് മാധവിക്കുട്ടിയുടെ നീർമാതളം പൂത്തകാലം എന്ന ബുക്കെടുത്തു വായന തുടങ്ങി.
അങ്ങനെ പനിയുടെ ക്ഷീണം മറന്നു നാലപ്പാട്ടു തറവാട്ടിലങ്ങനെ സ്വച്ഛന്ദം വിഹരിച്ചു പൂത്ത നീര്മാതളത്തിന്റെ ഭംഗിയും നുകർന്ന് നിൽക്കുമ്പോളാണ് എതിർവശത്തിരിക്കുന്ന വനിതാരത്നം ഒന്ന് മുരടനയ്ക്കിയത്.
വനിതാരത്നം : വായിക്കുവാണോ?
അല്ല തിരുവാതിര കളിക്കുവാണ് ന്നു പറയാൻ തോന്നിയെങ്കിലും അതേയെന്ന മറുപടി നൽകി ഞാൻ പതിയെ ബുക്കിൽ തല പൂഴ്ത്തി.
വര(വനിതാരത്നം): നല്ല പോലെ വായിക്കുന്ന കൂട്ടത്തിൽ ആണല്ലേ ?
ഞാൻ: ആം
വര : എഴുതുവോ ഇയാൾ ?
ഞാൻ : ആം കുറച്ചു വല്ലപ്പോഴും ഒക്കെ
വര : എന്ത് കഥയൊക്കെയാ എഴുതുന്നത്
ഞാൻ : അങ്ങനെ ഒന്നുമില്ല എനിക്ക് ചുറ്റുമുള്ളവരുടെ എന്റെ അങ്ങനെ ഒക്കെ
വര : എഴുതിയത് വല്ലതുമുണ്ടോ ഒന്ന് വായിക്കാൻ ?
ഓൺലൈൻ ഗ്രുപ്പുകളിൽ പോസ്റ്റ് ചെയ്ത ചിലതൊക്കെ ഞാനവർക്ക് വായിക്കാൻ കൊടുത്തു.
വര : ഇയാൾ നല്ലോണം എഴുതുന്നുണ്ടല്ലോ
ഞാൻ ശകലം ഒന്ന് പൊങ്ങുന്നു
വര : ഞാൻ ഒരു കഥ പറഞ്ഞ എഴുതുവോ?
ഇതെന്തുട്ടൂ വട്ടാണുന്നുള്ള ഭാവത്തിൽ ഞനവരെയൊന്നു നോക്കി,
വര : എന്തെ പറയട്ടെ, ഇത് വേറെ ആരുടേം കഥയല്ല എന്റെ തന്നെ കഥയാ പറയട്ടെ ?
എന്റെ മറുപടി കേൾക്കാൻ നിൽക്കാതെ അവർ പറഞ്ഞു തുടങ്ങി. ഇനിയുള്ളത് അവർ എന്നോട് പറഞ്ഞ കാര്യങ്ങളാണ്,
" എനിക്ക് ഒരു വയസ്സുള്ളപ്പോളാണ് എന്റെ അച്ഛൻ മരിക്കുന്നത്. അമ്മയും അച്ഛനും പ്രേമിച്ചു കല്യാണം കഴിച്ചതാണ്. അമ്മയ്ക്ക് ആകെ കൂടിയുള്ളത് പ്രായം ചെന്ന അമ്മമ്മയായിരുന്നു, അമ്മേടെ അച്ഛനും അമ്മയും ചെറുതിലെ മരിച്ചു. അച്ഛന്റെ കുടുംബം സാമാന്യം ഭേദപ്പെട്ട ഒന്നാരുന്നു. അമ്മയെ കല്യാണം കഴിച്ചെപ്പിന്നെ വീട്ടിൽ കേറ്റിയില്ല. അച്ഛൻ മരിച്ചെപ്പിന്നെ 'അമ്മ ഒരുപാട് ബുദ്ധിമുട്ടി , പല വീട്ടിലും രാവോളം പണിയെടുത്തു ഉണ്ണാതേം ഉറങ്ങാതെയുമാണ് എന്നെ വളർത്തിയത്. ഒന്നിനും ഒരു കുറവുമില്ലാരുന്നു.
പക്ഷെ വളരുന്നതിനിടയിൽ എപ്പോഴോ ഞാൻ അമ്മയെ വെറുത്തു തുടങ്ങി, ഒന്നിനും കൊള്ളാത്ത കണ്ട വീടുകളിൽ പണിയെടുക്കുന്ന അമ്മയെ കാണുന്നതേ ദേഷ്യമായി തുടങ്ങി. 'അമ്മ ഉണ്ണാതെ എനിക്കായി മാറ്റിവെച്ച ചോറ് അരിശം മൂത്തു ഞാനെറിഞ്ഞു കളഞ്ഞപ്പോഴും, മുഷിഞ്ഞു പിഞ്ഞി തുടങ്ങിയ സാരീ മാറ്റി പുതിയതൊന്ന് വാങ്ങുവാൻ മിനക്കെടാതെ എനിക്കായി വാങ്ങിയ പുതിയകുപ്പായം ഞാൻ വെട്ടിമുറിച്ചുകളഞ്ഞപ്പോളും ഒക്കെ 'അമ്മ നിശബ്ദം പറഞ്ഞതല്ലാതെ എന്നെ ഒന്ന് നുള്ളി നോവിച്ചില്ല.
അങ്ങനെ ഇരിക്കുമ്പോളാ അച്ഛന്റെ ചേച്ചി ഒരു ദിവസം അന്വേഷിച്ചു വരുന്നത്. മക്കളില്ലാത്ത അവർ എന്നോട് സ്നേഹം കാണിച്ചു തുടങ്ങി. അമ്മയെക്കുറിച്ചു വേണ്ടാത്ത പലതും എന്നോട് പറഞ്ഞു, അമ്മയെ അങ്ങനെ ഞാൻ വല്ലാതെ വെറുത്തു തുടങ്ങി. ഒരിക്കൽ എന്തോ പറഞ്ഞു വന്ന അമ്മയെ ദേഷ്യം മൂത്തു ഞാൻ തള്ളിയിട്ടു അമ്മയുടെ നെറ്റി പൊട്ടി ചോരയൊഴുകിയുട്ടു പോലും ഞാൻ തിരിഞ്ഞു നോക്കിയില്ല. അവസാനം അമ്മയെ വേണ്ടായെന്നു പറഞ്ഞു അച്ഛന്റെ ചേച്ചിക്കൊപ്പം ഞാൻ ഇറങ്ങിപ്പോയപ്പോൾ 'അമ്മ വാവിട്ടു കരഞ്ഞു. ഒടുവിൽ എന്നെ വിട്ടുകിട്ടാൻ 'അമ്മ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. അമ്മയോടൊപ്പം പോവാൻ എന്നെ ഉപദേശിച്ച പോലീസുകാരനോട് അമ്മയൊരു വേശ്യയാണ് ദുഷിച്ച സ്ത്രീയാണ്‌യെന്നു ഒരു മനസ്സലിവും ഇല്ലാതെ ഞാൻ വിളിച്ചു കൂവിയപ്പോഴും 'അമ്മ നിശബ്ദം കണ്ണീർവാർത്തു. ഒടുവിൽ എന്റെ മോൾ ഇഷ്ടമുള്ളവരുടെ കൂടെ പോയി ജീവിച്ചോ എന്ന് പറഞ്ഞു വിതുമ്പിക്കരഞ്ഞപ്പോളും എന്റെ മനസ്സലിഞ്ഞില്ല. അന്ന് കണ്ടതാണ്
പിന്നെ ഞാൻ അമ്മയെ കണ്ടിട്ടില്ല അച്ഛന്റെ ചേച്ചിടെ കൂടെ അവരുടെ ആർഭാടം നിറഞ്ഞ വീട്ടിലെ ജീവിതത്തിൽ അമ്മയെനിക്കൊരു ആവശ്യമായി തോന്നിയില്ല "
അവരതു പറഞ്ഞു നിർത്തിയപ്പോൾ എന്റെ നെഞ്ചിനൊരു ഭാരം അനുഭവപ്പെട്ടു. എന്റെ അമ്മയെ ഒന്നുകാണാൻ മനസ്സ് കൊതിച്ചു. മുന്നിലിരിക്കുന്ന സ്ത്രീയെ ഞാൻ വല്ലാണ്ട് വെറുത്തു.
" പക്ഷെ അമ്മയുടെ ദുഃഖം എത്രമാത്രമായിരുന്നുന്നു കാലം എനിക്ക് കാണിച്ചു തന്നു," അവർ പിന്നെയും സംസാരിച്ചു തുടങ്ങി
"പ്രസവിച്ചു മൂന്നാം മാസത്തിൽ എന്റെ മോനെ ഈശ്വരൻ തിരിച്ചു വിളിച്ചു, മൂന്നുമാസത്തെ ബന്ധം മാത്രമുണ്ടായിരുന്ന എന്റെ മോൻ പോയപ്പോഴുള്ള സങ്കടം എനിക്ക് ഇന്നും സഹിക്കാൻ പറ്റുന്നില്ല, അപ്പൊ അത്ര കഷ്ട്ടപ്പെട്ടു എന്നെ വളർത്തി വലുതാക്കിയ എന്റെ 'അമ്മ എത്ര വേദന തിന്നു കണ്ണും ഞാൻ എല്ലാം ഇട്ടെറിഞ്ഞു പോയപ്പോൾ ?? 'അമ്മ ഇപ്പോ ഉണ്ടോന്നു പോലും അറിയില്ല ഒന്ന് കാണണം അമ്മയെ ഒന്ന് കെട്ടിപ്പിടിച്ചു കരയണം എനിക്ക് "
വല്ലാതെ കിതച്ചാണവർ പറഞ്ഞു നിർത്തിയത്.
" നിങ്ങളുടെ കുഞ്ഞിന് അങ്ങനെ ഒരു അവസ്ഥ വന്നില്ലാരുന്നുവെങ്കിൽ, കുഞ്ഞു ഇപ്പോളും ജീവനോടെയുണ്ടായിരുന്നെങ്കിൽ നിങ്ങൾ ആ അമ്മയെ ഒന്ന് ഓർക്കുമായിരുന്നോ ?" എനിക്കിതവരോട് ചോദിക്കാതെയിരിക്കുവാൻ കഴിഞ്ഞില്ല.
" ആ 'അമ്മ ഇപ്പൊ ജീവനോടെയില്ലെങ്കിലോ നിങ്ങൾക്ക് ജീവിതത്തിൽ മനസ്സമാധാനത്തോടെ ഉറങ്ങാൻ പറ്റുവോ ?"
തലയും കുമ്പിട്ടിരുന്ന അവർ അതിനു മറുപടിയൊന്നും പറഞ്ഞില്ല. എനിക്ക് എന്തോ പിന്നീടവരുടെ മുഖത്ത് നോക്കാൻ തോന്നിയില്ല. നോക്കുമ്പോഴൊക്കെ മകളാൽ വേശ്യയെന്ന് വിളിക്കപ്പെട്ട ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ആ അമ്മയുടെ കരച്ചിൽ ചെവിയിൽ മുഴങ്ങുന്നത് പോലെ തോന്നി.
ഇരുന്നെപ്പോഴോ ഉറങ്ങിപ്പോയി. ട്രെയിൻ എറണാകുളം സ്റ്റേഷൻ വിട്ടപ്പോളാണ് പിന്നെ ഞാൻ എഴുന്നേറ്റത്. എതിർവശത്തു സീറ്റ് ശൂന്യമായിരുന്നു. അവരെപ്പോഴോ ഇറങ്ങി. അവർ അമ്മയെ കാണുമോ എന്നറിയില്ല, പക്ഷെ കണ്ടാൽ അവർ ആ മകളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ് കാരണം അവരൊരു അമ്മയാണ്.....
ഇതൊരു കഥയല്ല ഒരു യഥാർത്ഥ ജീവിതമാണ്, ഒരല്പം മാറ്റം വരുത്തി എഴുതിയെന്നു മാത്രം

By: Anjali Kini

അമ്മ മകൾ ബന്ധത്തിന്റെ പൂർണ്ണത

"നേരം ഉച്ചയാവാറായി എന്നിട്ടും അവൾക്കു എഴുന്നേൽക്കാൻ വല്ല ഉദ്ദേശവും ഉണ്ടോന്നു നോക്കിയേ, എഴുന്നേൽക്കു പെണ്ണെ അങ്ങോട്ട്"
ആകെ കിട്ടിയ ഒരു ഞായാറാഴ്ച മതിയാവോളം ഉറങ്ങാൻ 'അമ്മ സമ്മതിക്കില്ല, സ്ത്രീകൾ വീടിന്റെ വിളക്കാണത്രേ!! ആ വിളക്ക് അതിരാവിലെ മുതൽ കത്തിജ്വലിച്ചു നിന്നാലേ വീട്ടില് ഐശ്വര്യം വരുള്ളൂന്നു. എന്റെ വീടാണെൽ കൂട്ടുകുടുംബം ആണ്, വല്യമ്മവിളക്കു,ചെറിയമ്മവിളക്കു,അമ്മൂമ്മ വിളക്ക് തുടങ്ങി വിളക്കുകൾ കുറെ ഏറെ ഉണ്ടെങ്കിലും എന്നെ കുത്തിപ്പൊക്കി നിർത്തിയാലേ അമ്മയ്ക്ക് സമാധാനം കിട്ടുള്ളു.
ബെഡിൽ നിന്നെഴുന്നേൽക്കാതെ ക്ലോക്കിലേക്കു ഞാനൊന്നു പാളി നോക്കി, സമയം എട്ടാവുന്നതേ ഉള്ളു , അമ്മയ്ക്ക് ഉച്ചയായി. നമുക്കുചയാകുമ്പോൾ അമ്മയ്ക്ക് വൈകുന്നേരമാവും, അമ്മയുടെ ക്ലോക്ക് സൂപ്പർഫാസ്റ്റ് ആണ്. ഞാൻ എഴുന്നേൽക്കാനുള്ള ലക്ഷണം ഇല്ലായെന്ന് കണ്ടപ്പോൾ അമ്മയ്ക്ക് ദേഷ്യം പിടിച്ചു.
"കണ്ടോ കണ്ടോ വിളിച്ചിട്ട് വല്ല കുലുക്കവും ഉണ്ടോന്നു നോക്കിയേ, നീ നാട്ടുകാരെ കൊണ്ട് എന്നെ പറയിപ്പിക്കും, പെണ്കുഞ്ഞു വേണം ന്നു ഭഗവാനോട് കരഞ്ഞു പറഞ്ഞിട്ട് കിട്ടിയതാ എന്നിട്ടെന്താ അതിങ്ങനെ തല തിരിഞ്ഞുപോയല്ലോ ന്റെ ദേവീ"
അമ്മയുടെ കണ്ണുനീർ ഗ്രന്ഥി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
"ഇതിങ്ങനെ വരുന്നൂ ഞാൻ അന്നേ പറഞ്ഞതാ, 'അവരടെ' പള്ളിക്കൂടത്തിലെ പഠിപ്പല്ലേ, ഇവിടെ എങ്ങും വിടാണ്ട് അവിടേക്കു തന്നെ അയച്ചേക്കുവല്ലേ അനുഭവിച്ചോ" ഉമ്മറത്ത് നിന്നും അമ്മൂമ്മയുടെ വകയാണ്.
വീടിനടുത്തുള്ള ഗവണ്മെന്റ് സ്കൂളിൽ വിടാതെ എന്നെ ടൗണിലുള്ള കോൺവെന്റ് സ്കൂളിൽ നിർത്തി പഠിപ്പിക്കുന്നത് അമ്മയൊരാളുടെ നിർബന്ധം കൊണ്ടാണ്. അമ്മയ്ക്ക് ചെറുപ്പത്തിലേ ഉള്ള ആഗ്രഹമായിരുന്നത്രെ ഒരു കോൺവെന്റ് സ്കൂളിൽ ചേർന്ന് പഠിക്കണം എന്നുള്ളത്. നടക്കാതെ പോയ അമ്മയുടെ ആഗ്രഹം ഈ മകളിലൂടെ നിറവേറ്റാൻ 'അമ്മ കുറെ ഏറെ ബുദ്ധിമുട്ടി. വീട്ടിലെ മറ്റുള്ള കുട്ടികളെല്ലാം തന്നെ അടുത്തുള്ള സർക്കാർ സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് മാത്രം എന്താണ് പ്രേത്യേകത എന്ന് കുടുംബത്തിലെ മറ്റ് അംഗങ്ങൾ ഒരേ താളത്തിൽ ചോദിച്ചു.
ഒടുവിൽ അച്ഛനെ എങ്ങനെയോ സമ്മതിപ്പിച്ചു (ആ സമ്മതം നേടിയെടുക്കാൻ ഞാൻ നേരത്തെ പറഞ്ഞ കണ്ണീർ ഗ്രന്ഥി വല്ലാണ്ട് പ്രവർത്തിപ്പിച്ചിരിക്കണം). എന്നെ സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയ അമ്മയുടെ മുഖം ഒരു വലിയേ യുദ്ധം ജയിച്ച പോരാളിയുടേതായിരുന്നു. 'അമ്മ ഒളിംപിക്സിൽ ഇന്ത്യക്കു വേണ്ടി ഓട്ടത്തിനോ ചാട്ടത്തിനോ ഒരു മെഡല് വാങ്ങണം ന്നു ആഗ്രഹിക്കാഞ്ഞത് ന്റെ ഭാഗ്യം.
"പോയി വരുമ്പോൾ പെണ്ണ് അവരുടെ ആളായില്ലേൽ കൊള്ളാം" വീട്ടിലെ മറ്റ൦ഗങ്ങങ്ങൾ വീണ്ടും ഒരേ സ്വരത്തിൽ പറഞ്ഞു.
"അമ്മടെ ഒറ്റ നിർബന്ധം കൊണ്ട നിന്നെ അവിടെ പഠിപ്പിക്കണേ, നീ പഠിക്കണ കാര്യം മാത്രം നോക്കിയാ മതിട്ടോ വേറെ ഒന്നിനും നിക്കണ്ട " ഓരോ തവണ അവധി കഴിഞ്ഞു പോവുമ്പോളും 'അമ്മ ആവർത്തിക്കാറുള്ള വാക്കുകളാണിവ.
അമ്മയുടെയും അമ്മൂമ്മയുടെയും പരാതികൾ കേൾക്കാൻ ഒരു ചെവി ഡെഡിക്കേറ്റ് ചെയ്തു മറ്റേ ചെവിക്കു റെസ്റ്റും കൊടുത്തു മുകളിൽ ഫാൻ കറങ്ങുന്നതിന്റെ ഭംഗി ആസ്വദിച്ചു കിടക്കുമ്പോളാണ് ഒരു കാര്യം ഓര്മ വന്നത്. തലേന്ന് പോകുവാൻ നേരം നിത സമ്മാനിച്ച ബൈബിൾ ബാഗിലുണ്ട്. വായനയോടുള്ള എന്റെ ഇഷ്ടം കണ്ട് അവൾ സമ്മാനിച്ചതാണ്. ഇനി അതെങ്ങാനും കണ്ടാൽ അടുത്ത യുദ്ധം ഇപ്പൊ തുടങ്ങും. വന്നു കേറിയാലുടനെ അമ്മയുടെ വക ബാഗ് പരിശോധന പതിവാണ്. ഇന്നലെ എന്തോ അത് നടന്നില്ല.
എഴുന്നേൽക്കാൻ പോകുന്നുവെന്ന ഭാവത്തിൽ ഞാൻ പതുക്കെ എഴുന്നേറ്റപ്പോളാണ് ജനാലയ്ക്കൽ ഒരു വളകിലുക്കം കേൾക്കുന്നത്.
"നിങ്ങളൊക്കെ കൂടി ആ കുട്ടിനെ ഇങ്ങനെ വഴക്കു പറയല്ലേ, ഈ പ്രായത്തിലല്ലേ അതിനു ഇഷ്ടമുള്ളത്ര ഒറങ്ങാൻ പറ്റൂ"
എന്റെ പക്ഷം ചേർന്ന് സംസാരിച്ച ആ ശബ്ദത്തെ ഞാൻ എത്തിക്കുത്തി നോക്കി, മുഖം നിറഞ്ഞു നിൽക്കുന്ന ചിരിയുമായി ജാനോമ്മ ജനാലയ്ക്കൽ ഹാജർ വെച്ചു.
"അല്ലാ ഇതെപ്പോള വന്നേ, ഇനീപ്പോ രണ്ടു മാസത്തെ വല്യ വെക്കേഷന് ആണുല്ലേ?"
ജാനോമ്മയ്ക്കുള്ള മറുപടി ഒരു ചിരിയിലൊതുക്കി ഞാൻ അവരെ തന്നെ നോക്കിയിരുന്നു. രണ്ടു കയ്യും നിറഞ്ഞു കിടക്കുന്ന കുപ്പിവളകൾ, ജാനോമ്മ വർത്താനം പറയുമ്പോ,ചിരിക്കുമ്പോ ഒക്കെ ആ കുപ്പിവളകളും കൂടെക്കൂടും. കവിളത്തു ഉണക്കമുന്തിരിയുടെ വലുപ്പത്തിൽ ഒരു മറുക് അത് ജാനോമ്മയുടെ ഭംഗി ഡബിളാക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്.
ഞങ്ങളുടെ ആ ചുറ്റുവട്ടത്തൊക്കെ പാൽ സപ്ലൈ ചെയ്യുന്നത് ജാനോമ്മയാണ്. വീട്ടിൽ പൊന്നുപോലെ നോക്കിവളർത്തുന്ന എണ്ണമിലാത്ത ആടുകളുടെയും പശുക്കളുടേയുമൊക്കെ പാൽ ഒരിറ്റു വെള്ളം ചേർക്കാതെ കുപ്പിയിലാക്കി വീടുകൾ തോറും കയറിയിറങ്ങി കൊടുക്കും. എനിക്കോർമ്മ വെച്ച കാലം മുതൽക്കു വീട്ടിലെ പാൽ സപ്ലൈ ജാനോമ്മയ്ക്കാണ്. എൽകെജി ക്ലാസ്സിലോ മറ്റോ പാൽ തരുന്ന മൃഗത്തിന്റെ പേര് ടീച്ചർ ചോദിച്ചപ്പോൾ 'ജാനോമ്മ' എന്ന് ഒറ്റയടിക്ക് ഞാൻ ഉത്തരം പറഞ്ഞുവത്രേ. പാൽ എന്നാൽ ഞങ്ങൾക്ക് ജാനോമ്മയാണ്.
ജാനോമ്മയുടെ സംസാരത്തിനു മറുപടികൊടുക്കുവാൻ നിൽക്കാണ്ട് 'അമ്മ നേരെ അടുക്കളയിലേക്കു വെച്ച് പിടിച്ചു. ജാനോമ്മയോടു വാദിച്ചു ജയിക്കാൻ ഒരിത്തിരി പ്രയാസമാണ്.
"അവൾക്കു വായിതോന്നിത് കോതയ്ക്ക് പാട്ടാ, എന്നൊച്ചു നമുക്ക് അങ്ങനെ വർത്താനം പറയാൻ പറ്റ്വോ ?" ജനോമ്മയോട് വാദിച്ചു തോൽക്കുന്ന സന്ദർഭങ്ങളിൽ അമ്മൂമ്മ സ്ഥിരം പാസ്സാക്കാറുള്ള ഡയലോഗ് ആണിത്.
കിഴക്കേ അതിരിലുള്ള പാടത്തിന്റെ അരികെ ആണ് ജാനോമ്മയുടെ വീട്. ജനോമ്മയും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത അത്ര എണ്ണം കോഴികളും, ആടുകളും, പശുക്കളും ആണ് ആ വീട്ടിലെ അന്തേവാസികൾ. ജാനോമ്മയുടെ സ്വകാര്യജീവിതത്തിനെ കുറിച്ച് പല കഥകളും നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്നു.
ആരും രണ്ടാമതൊന്നു നോക്കിപ്പോകുന്ന സൗന്ദര്യമായിരുന്നു ജനോമ്മയ്ക്കു. ജനോമ്മയുടെ ഒരു നോട്ടം, ചിരി ഒക്കെ പ്രതീക്ഷിച്ചു പുറകെ നടന്ന നാട്ടുകാരായ യുവാക്കളെ നിഷ്കരുണം തള്ളി വടക്കെങ്ങോ നിന്ന് കച്ചവടത്തിന് വന്ന ഒരുവനെ ആണ് അവർ വിവാഹം ചെയ്തത്.
"ധാന്നു പറയണെന് മുന്നേ അവൾക്ക് വയറ്റിലും ആയി, കൊടം കമഴ്ത്തി വെച്ചത്ര വല്യ വയറായിരുന്നു , എന്നിട്ടെന്താ പെറ്റിട്ടതും കൊച്ചു ചത്തുന്നല്ലേ പറയണേ, ഇനീപ്പോ അവളെന്തെങ്കിലും ചെയ്‌തെയാണോന്നു ദൈവത്തിനറിയാ, പിറ്റേ മാസം തന്നെ കെട്ടിയോനേം ചവുട്ടി പുറത്താക്കില്ലേ, ഒക്കെ ഒരു ജാതി വകയാ, കുടുംബത്തു കേറ്റാൻ പറ്റണ വകയല്ല ഇതൊന്നും" വീട് തൂത്തു വാരാനും കൂട്ടത്തിൽ നാട്ടിലെ സകലമാന പരദൂഷണങ്ങളും മൊത്തമായും ചില്ലറയായും ഡിസ്‌ട്രിബ്യുട്ട് ചെയ്യുന്നതുമായ നാണിത്തള്ള ഒരിക്കൽ അമ്മയോട് പറഞ്ഞതാണീകഥ.
കുടംകമഴ്ത്തി വെച്ചത്ര വയറുള്ള ജനോമ്മയെ ഞാൻ സങ്കൽപ്പിച്ചു നോക്കി, പിറന്നുവീണ് അൽപ നിമിഷങ്ങൾക്കകം തിരിച്ചു മണ്ണിലലിഞ്ഞു തീരേണ്ടി വന്ന കുഞ്ഞിനെ ഓർത്തപ്പോൾ എന്റെ നെഞ്ചിലെവിടെയോ ഒരു വിങ്ങൽ അനുഭവപ്പെട്ടു. ഭർത്താവും കൂടി പോയതോടെ അവർ ഒറ്റയ്ക്കായി. ഒറ്റയ്ക്ക് താമസിക്കുന്ന കാണുവാൻ തരക്കേടില്ലാത്ത സ്ത്രീയെ അകമഴിഞ്ഞ് 'സഹായിക്കുവാൻ' നാട്ടിലെ ചില 'നല്ലവരായ' പുരുഷപ്രജകൾ ശ്രെമിച്ചുവെങ്കിലും അവരെയെല്ലാം ജാനോമ്മ ഒരാട്ടാട്ടി പുറത്താക്കി. അതിൽ മനംനൊന്ത പുരുഷപ്രജകൾ അവർക്കു നാട്ടിലെ വഴിപിഴച്ച സ്ത്രീയെന്ന പേര് ചാർത്തി നൽകി. അതല്ലെങ്കിലും ഒരു സ്ത്രീയെ മോശപെട്ടവളായി ചിത്രീകരിക്കുവാൻ എളുപ്പമാണ്, അതും ഒരാന്തുണ ഇല്ലാതെ ജീവിക്കുന്നവൾ ആണെങ്കിൽ വളരെ എളുപ്പമാണ്.
കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും മിക്ക വീടുകളിലും എന്താവശ്യത്തിനും ആദ്യം വിളിക്കുക ജാനോമ്മയെ ആണ്. അടുത്ത വീട്ടിലെ പ്രായമായ തള്ള കിടപ്പിലായ സമയം, ഒന്നും രണ്ടുമൊക്കെ കിടന്ന കിടപ്പിൽ തന്നെ. മക്കൾക്കും മരുമക്കൾക്കും നോക്കി മടുത്തപ്പോൾ എല്ലാവരും ഒരേ സ്വരത്തിൽ ജാനോമ്മയെ വിളിച്ചു. ജാനോമ്മ വന്നു പലതിലും മുങ്ങിക്കുളിച്ചു കിടന്ന വൃദ്ധയെ പതുക്കെ എഴുന്നേൽപ്പിച്ചു, കുളിപ്പിച്ച് കുപ്പായമിടുവിച്ചു. എല്ലാം കഴിഞ്ഞു പോകുവാൻ നേരം വൃദ്ധ കയ്യിൽ കിടന്ന മോതിരം ജാനോമ്മായക്കൂരി നൽകിയിട്ട് പറഞ്ഞുവത്രേ,
"ജാനോ നീ വന്നില്ലാരുന്നുച്ചാ ഇതിന്റൊക്കെ എടേലു കിടന്നിട്ടെന്നെ ഞാൻ ചത്തേനെ"
രണ്ടുമാസത്തെ സ്കൂൾ പൂട്ടലാണ് എങ്കിലും 'അമ്മ എനിക്കായി ഇംഗ്ലീഷ് ട്യൂഷൻ ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. പാടത്തിന്നക്കരെയുള്ള ഒരു വീട്ടിൽ. ജാനോമ്മയുടെ വീടിനു മുന്നിലൂടെയായിരുന്നു എന്റെ പോക്ക് വരവ്. ചിലപ്പോഴൊക്കെ അവർ വീടിനു മുൻപിലുള്ള പറമ്പിൽ വല്ലതും കുത്തിയും കിളച്ചും നിൽപ്പുണ്ടാവും. എന്നെ കാണുമ്പോൾ ഉറക്കെ വിളിക്കും,"ചുന്ദരക്കുട്ടിയെ എങ്ങോട്ടാ പോണേ, ജാനൊമ്മടെ വീട്ടിലേക്കു ഒന്ന് കേറീട്ടു പൊക്കൊളു "
പിന്നെ വരാമെന്നു പറഞ്ഞു ഞാൻ പോകും, ജാനോമ്മയോടു മിണ്ടിയെന്നോ മറ്റോ വീട്ടിലറിഞ്ഞാൽ പിന്നത്തെ കാര്യം കുശാലായി.
ഒരിക്കൽ ട്യൂഷൻ കഴിഞ്ഞു വരുന്ന വഴി പെട്ടെന്ന് പെയ്ത മഴയിൽ നനഞ്ഞോടി വരുമ്പോളാണ് ജാനോമ്മ ഒരു കുടയുമായി പ്രത്യക്ഷപ്പെട്ടത്.
"കുട്ടിയെ മഴയത്തു നനഞ്ഞു വല്ല സൂക്കേടും വരുത്താനാ പുറപ്പാട് ? വീട്ടിലേക്കു വായോ തല തോർത്തിട്ട് ഞാൻ കൊണ്ടാക്കാ"
അവരുടെ സ്നേഹം നിറഞ്ഞ ക്ഷണം എന്തോ എനിക്ക് നിരസിക്കുവാൻ തോന്നിയില്ല. ചെറുതെങ്കിലും വൃത്തിയുള്ള വീട്, വീടിനുള്ളിലേക്ക് കയറിയതും അവർ ഒരു തോര്തെടുത്തു എന്റെ തല തോർത്തി, തലയിൽ രാസ്നാദി പൊടി തേച്ചു.
"അമ്മിണീടെ പാലാ ഇപ്പോ കറന്നെയുള്ളു അങ്ങോട്ട് കുടിച്ചോ കുട്ടിയേ"
പാൽ ഒറ്റവലിക്ക് ഞാൻ കുടിച്ചു തീർത്തു. അവരെന്നെ ഒരു കുടയിൽ വീട്ടിലും കൊണ്ടാക്കി. അന്ന് തൊട്ട് ഞാൻ അവരുടെ വീട്ടിലെ ഒരു നിത്യ സന്ദര്ശകയായി മാറി. ട്യൂഷൻ കഴിഞ്ഞു വരുന്ന വഴി അവർ വേലിക്കൽ കാത്തു നിൽക്കും "ചുന്ദരക്കുട്ടിയെ" എന്ന വിളിയുമായി. ചൂടുള്ള ഒരു കോപ്പ പാലും എന്തെങ്കിലും പലഹാരവും അവർ എനിക്കായി കരുതും.
"കുട്ടിയെ ഈ മുടി ഇങ്ങനെ ചീകാണ്ട് ഇരുന്ന എങ്ങനെയാ വളരുക, നാലായിട്ട് മെടഞ്ഞിട്ട നല്ല ഭംഗിയുണ്ടാവും" എണ്ണ തേക്കാതെ ചപ്പ്രശാന്ന് കിടക്കുന്ന മുടിയിൽ എണ്ണ തേച്ചു ചീകിയൊതുക്കി അത് പിന്നിക്കെട്ടി തരുമ്പോൾ സന്തോഷം കൊണ്ടവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പും. അങ്ങനെ ഉള്ള ദിവസങ്ങളിൽ എപ്പോളോ ഒരിക്കൽ ഞാൻ അവരോട് ചോദിച്ചു,
"ജാനോമ്മേ, അത് ആൺകുട്ടിയായിരുന്നോ അതോ പെൺകുട്ടിയായിരുന്നോ?" എന്റെ ചോദ്യം മനസിലാവാത്ത പോലെ ഒരു നിമിഷം അവർ നിശബ്ധയായി.
"പെൺകുട്ടിയായിരുന്നു കുട്ടിയേ, നിറച്ചു മുടി൦ ഒണ്ടാരുന്നു, ഒരു തുള്ളി പാലും കൂടി കൊടക്കാൻ പറ്റീല്ല, പെറ്റിട്ടപ്പോളെ ജീവനില്ലാരുന്നു, ഇപ്പോ ഉണ്ടാരുന്നേൽ കുട്ടീടെ അത്രോം ആയേനേം"
ആ കുഞ്ഞിന്റെ വായിലേക്ക് ചുരത്തുവാൻ കഴിയാണ്ട് പോയ മുലപ്പാൽ ഇപ്പോളും അവരുടെ നെഞ്ചകത്തൊരു വിങ്ങലുണ്ടാക്കുന്നുണ്ട് എന്നെനിക്കു തോന്നി.
"അവളുണ്ടാരുന്നുച്ചാ ഞാനിപ്പോ തനിച്ചാവുല്ലാരുന്നു കുട്ടിയെ, ഇതിപ്പോ ഒന്ന് വയ്യാതെ കിടന്ന നോക്കാനും കൂടി ആരും കാണില്ല"
"ജാനോമ്മ ഭർത്താവിനെ എന്തിനാ പറഞ്ഞുവിട്ടേ?" അവരോട് ഇതൊക്കെ ചോദിക്കാനുള്ള ധൈര്യം എങ്ങനെ കിട്ടി എന്ന് ഇപ്പോളും എനിക്കറിയില്ല, നിർവികാരത നിറഞ്ഞ മുഖത്തോടെയാണവർ അതിനു മറുപടി പറഞ്ഞത്
"അയാള് വടക്കൻ നാട്ടുകാരനാരുന്നു, ഒരീസം നാട്ടിന് അയാളെ അന്വേഷിച്ചു ഒരു പെണ്ണും ഇച്ചിരി ഇല്ലാത്ത രണ്ടു പിള്ളേരു൦ വന്നു , ചോയ്ച്ചപ്പോളാ പറയുന്നേ അയാളുടെ കെട്ടിയോളും കൊച്ചുങ്ങളുമാന്നു. കണ്ടിട്ട് കഷ്ടം തോന്നി കുട്ടിയെ കൊറച്ചു കാശും കൊടുത്തു അയാളെ അവരുടെ കൂടെ പറഞ്ഞുവിട്ടു"
തന്നെക്കുറിച്ചു മോശം കഥകൾ നാട്ടിൽ പരന്നിട്ടും ഇതൊന്നുമവർ ആരോടും പറഞ്ഞില്ല. അങ്ങനെ പലപ്പോഴും നമ്മളറിയാതെ പോകുന്ന എത്രയോ സത്യങ്ങൾ.
പന്ത്രണ്ടു വർഷങ്ങൾ ജീവിതത്തിലേക്ക് എത്രയെത്ര മാറ്റങ്ങൾ സമ്മാനിച്ചു. സ്കൂളിലെ ടീച്ചർ പദവി കിട്ടിയതിനു ശേഷം ആദ്യമായി നാട്ടിലേക്ക് പോവുകയാണ്. കാർ ഒരു ചെറിയ വീടിനു മുന്നിൽ ബ്രേക്കിട്ടു നിന്നു. വീടിന്റെ മുറ്റത്തു എന്നെയും പ്രതീക്ഷിച്ചു പ്രായമായ ഒരു സ്ത്രീ നിൽപ്പുണ്ട്. എന്നെ കണ്ടതും അവരുടെ കണ്ണുകൾ പ്രകാശിച്ചു.
"ജാനോമ്മയുടെ ചുന്ദരക്കുട്ടി വന്ന്വോ, വലിയ മാഷായി അല്ലേ "
പന്ത്രണ്ടു വര്ഷങ്ങള്ക്കു മുൻപ് അവരോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഞാനവർക്കൊരു വാക്കു നൽകിയിരുന്നു എനിക്ക് ജീവനുള്ളിടത്തോളം കാലം അവർ തനിച്ചാക്കിലെന്നു. അന്നുതൊട്ട് അവർ എനിക്കൊരു മകളുടെ സ്നേഹവും ഞാനവർക്കൊരു അമ്മയുടെ സ്നേഹവും നൽകിപ്പോന്നു. തിരിച്ചു പോകുമ്പോൾ കൂടെ ജാനോമ്മയും ഉണ്ടാകും, എന്റെ വീട്ടിൽ എന്നോടൊപ്പം താമസിക്കുവാൻ. ജന്മം കൊണ്ടല്ലെങ്കിലും കർമത്തിൽ പൂവിട്ട ഞങ്ങളുടെ 'അമ്മ മകൾ ബന്ധത്തിന്റെ പൂർണ്ണതയ്ക്കു.....

Anjali

സ്നേഹത്തണൽ

ഈ അടുത്തിടയ്ക്കു ഒരു സുഹൃത്തിനോട് സംസാരിക്കുന്നതിനിടയ്ക്കാണ് അവരെന്നോട് ഒരു ചോദ്യം ചോദിക്കുന്നത് എനിക്ക് മരണാനന്തര ജീവിതത്തിൽ വിശ്വാസമുണ്ടോ എന്ന്, പറ്റിയാൽ അതിനെക്കുറിച്ചു എന്തെങ്കിലും എഴുതണമെന്നു.
മരണം ഒരു വേദനിപ്പിക്കുന്ന സത്യമാണല്ലോ. ഇന്നും ആരെങ്കിലും മരിച്ചു എന്നറിഞ്ഞാൽ അത് ഞാനുമായി ഒരടുപ്പവും ഇല്ലാത്തവരാണെങ്കിൽ കൂടെ എന്റെ ഹൃദയത്തിനൊരു വിങ്ങൽ അനുഭവപ്പെടും. ആദ്യമായി ഒരു മരണം കാണുന്നത് ഞാൻ രണ്ടിലോ മറ്റോ പഠിക്കുമ്പോളാണ് അമ്മയുടെ 'അമ്മ എന്റെ അമ്മമ്മ ആയിരുന്നു അത്. സ്കൂളിൽ നിന്നും എന്നെ വിളിച്ചുകൊണ്ട് വന്നത് അച്ഛനായിരുന്നു ആരുടെയോ കാറും പിടിച്ചു കൊല്ലത്തു പോകുന്ന വഴി നീളെ 'അമ്മ കരയുന്നുണ്ടായിരുന്നു. ഈ അമ്മയ്ക്കിന്നിത് എന്താ പറ്റിയത് എന്ന ഭാവത്തിൽ ഞാൻ ഇരുന്നു സാധാരണ 'അമ്മ എന്നെ ആണ് കരയിക്കാറ്.
ഒരു നീണ്ട ഉറക്കത്തിലെന്ന പോലെ കിടന്ന അമ്മമ്മയെ ഒരു നോക്ക് കണ്ടു ഞാൻ നേരെ പുറത്തേക്കോടി അവിടെ ബന്ധത്തിൽപ്പെട്ട കുട്ടികളുടെ കൂടെ കളിക്കാൻ കൂടുന്നതിലായിരുന്നു എനിക്ക് ധൃതി. കുറച്ചു ദിവസം സ്കൂളിൽ പോകാതെ കളിച്ചു ചിരിച്ചു സുഖമായി പോയി, ഇനിയും ആരെങ്കിലുമൊക്കെ മരിക്കണേയെന്നു ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.
പിന്നെ വർഷങ്ങൾക്കിപ്പുറം എന്റെ ആബു(അച്ഛന്റെ അച്ഛൻ) മരിച്ചപ്പോളും എനിക്കെന്തോ അതൊരു വലിയ നഷ്ടമായി തോന്നിയില്ല. മരണത്തിനു ഒരു കയ്‌പേറിയ രുചിയുണ്ടെന്നു ഞാൻ മനസിലാക്കിയത് എന്റെ അച്ഛനെ നഷ്ട്ടമായപ്പോളാണ്.
ഏതു നിമിഷവും വന്നെത്താവുന്ന ഒരു അതിഥിയായിരുന്നു അച്ഛന്റെ കാര്യത്തിൽ മരണം. ഡോക്ടർമാർ വിധിച്ച ആറുമാസത്തെ ആയുസിന്റെ പകുതി പോലും അച്ഛൻ ജീവിച്ചില്ല. വേദനയിൽ നിസ്സഹായനായി കരയുന്ന അച്ഛൻ എന്നെങ്കിലും സുഖപ്പെട്ടു തിരിച്ചു വരുമെന്ന് ഞാൻ വെറുതെ ആശിച്ചു. സുഖായിട്ട് അച്ഛനേം കൊണ്ട് ഇഷ്ടമുള്ളിടത്തൊക്കെ കറങ്ങാൻ പോകുന്നത് വെറുതെ സ്വപ്നം കണ്ടു. അവസാന നാളുകളിൽ ഇടയ്ക്കിടെ അച്ഛന് മറവി ഉണ്ടാകുമായിരുന്നു അങ്ങനെ ഉള്ള ഒരു ദിവസം എന്നോട് നീ ആരായെന്നു ചോദിച്ചപ്പോൾ ഞാൻ നിലതെറ്റി കരഞ്ഞു.
അച്ഛന്റെ മരണം ജീവിതത്തിൽ വലിയൊരു ശൂന്യത ആണ് സൃഷ്ട്ടിച്ചത്.രാവിലെ ഉണർന്നു വരുമ്പോൾ തിണ്ണയിലിരുന്നു പത്രം വായിക്കുന്ന അച്ഛനോട് അതെനിക്ക് വായിക്കാൻ തായെന്നു പറഞ്ഞു എത്ര വഴക്കാണ് ഉണ്ടാക്കിയിരുന്നത് അവസാനം ഈ വാഴക്കാളിയോട് മുട്ടാൻ എനിക്ക് വയ്യെന്ന് പറഞ്ഞു വാത്സല്യത്തോടെ തലക്കൊരു കിഴുക്കും വെച്ച് തന്നു പത്രം എന്റെ കയ്യിലേക്ക് വെച്ച് തരുമായിരുന്നു അച്ഛൻ. അച്ഛൻ പോയിക്കഴിഞ്ഞു തിണ്ണയിൽ അനാഥമായി കിടക്കുന്ന പത്രം പിന്നെ വായിക്കാനീ എനിക്ക് തോന്നിയിട്ടില്ല.
എവിടെയോ ഒരിക്കൽ വായിച്ചതോർക്കുന്നു അച്ഛനുമമ്മയും ജീവിച്ചിരിക്കുന്ന കാലഘട്ടമാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം എന്ന്. അവരിൽ ഒരാളെങ്കിലുമില്ലാത്ത ജീവിതത്തിനു പിന്നെ ഒരു സുഖവുമുണ്ടാകില്ല. അച്ഛനില്ലായ്മ ഒരു സങ്കടം പിടിച്ച അവസ്ഥയാണ്. അതിനു ശേഷമാണ് ഞാൻ തനിയെ ജീവിതം ശീലിച്ചത് 'അമ്മ ശീലിപ്പിച്ചത്. എന്തിനും ഏതിനും കൂടെ ആള് വേണമെന്ന രീതി മാറി എല്ലാം തനിയെ ചെയ്യാൻ അമ്മയെന്നെ പഠിപ്പിച്ചു. ഒറ്റയ്ക്ക് യാത്ര ചെയ്യാനും മറ്റുമൊക്കെ. "
തനിച്ചായി പോയാലും ഞാൻ ജീവിക്കും എന്ന ധൈര്യം വേണം അഞ്ചു" 'അമ്മ എപ്പോളും പറയുന്ന കാര്യമാണത്.
ഇന്നും ചെന്നൈയിൽ നിന്ന് ചിലപ്പോഴൊക്കെ തനിച്ചു നാട്ടിൽ വരുമ്പോ ചിലർ ചോദിക്കും ഒരു പെണ്ണ് അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്തു വരുന്നത് ശരിയാണോയെന്ന് അവർക്കൊക്കെ ഒരു ചിരി മറുപടിയായി കൊടുക്കാറാണു പതിവ്.
ഒരു ചെറിയ അനുഭവം പറയട്ടെ, അച്ഛൻ മരിച്ച ദിവസം ചടങ്ങുകൾ എല്ലാം കഴിഞ്ഞു കരഞ്ഞു തളർന്നു കിടക്കുന്ന അമ്മയ്ക്കരികിൽ ഹാളിൽ ഞാൻ ഇരിക്കുകയാണ് അവിടെ ഇരുന്നാൽ അച്ഛന്റെ മുറി കാണാം. എപ്പോഴോ മുറിയിലേക്ക് നോക്കിയപ്പോൾ കണ്ടത് അച്ഛൻ മുറിയിലേക്ക് കയറിപ്പോകുന്നതായാണ്. അച്ഛന്റെ പ്രിയ്യപ്പെട്ട നീല ഷർട്ടും ഇട്ടു. ഞാൻ നേരെ അച്ഛന്റെ മുറിയിലേക്കോടി കണ്ട കാഴ്ച സത്യമാവണേയെന്നു ഞാൻ വെറുതെ ആഗ്രഹിച്ചു. മുറിയിൽ ആരുമുണ്ടായിരുന്നില്ല, അച്ഛന്റെ കിടക്കയിലെ തലയിണയിൽ നോക്കിയപ്പോളാണ് ഒരു പച്ചക്കുതിര ഇരിക്കുന്നത് കണ്ടത്. അതിനെ പറപ്പിച്ചു വിടാൻ എത്ര നോക്കിയിട്ടും അത് പിന്നെയും അച്ഛന്റെ തലയിണയിൽ വന്നിരുന്നു.
പിന്നീടുള്ള ഒരാഴ്ചക്കാലം ആ പച്ചക്കുതിര അവിടെ തന്നെ ഉണ്ടായിരുന്നു. അച്ഛന്റെ പതിമൂന്നാം ദിവസത്തെ ചടങ്ങുകൾ കഴിഞ്ഞ ദിവസം തന്നെ അതെങ്ങോട്ടോ പോയി. അതെന്റെ അച്ഛൻ ആയിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഞാനെങ്ങും പോയിട്ടില്ല നിങ്ങൾക്കരികിൽ തന്നെയുണ്ടെന്ന് അച്ഛൻ കാണിച്ചു തന്നതാവുംന്നു എന്നും ഞാൻ വിശ്വസിക്കുന്നു.
നമുക്ക് പ്രിയ്യപ്പെട്ട നമ്മെ വിട്ടു പിരിഞ്ഞവർ ഒരു പൂവായോ പൂമ്പാറ്റയായോ കാറ്റായോ മഴയായൊ ഒക്കെ ഇന്നും നമ്മുടെ കാണാമറയാതെവിടെയോ ഉണ്ടെന്ന വിശ്വാസമാണല്ലോ നമ്മെ പിന്നീട് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.
എന്തെങ്കിലും ചീത്ത സ്വപ്നങ്ങളൊക്കെ കണ്ടു ഉറക്കം നഷ്ട്ടപ്പെടുന്ന രാത്രികളിൽ ചിലപ്പോൾ ഞാൻ റൂമിനോടുള്ള ബാല്കണിയിൽ പോയി നിൽക്കാറുണ്ട്. അപ്പോളൊക്കെ ഒരു തണുത്ത കാറ്റ് എന്നെ തഴുകിപ്പോവുന്ന പോലെ തോന്നും. "അഞ്ചു വിഷമിക്കണ്ട ഞാൻ ഇവിടൊക്കെ തന്നെയുണ്ടെന്ന് പറയാൻ അച്ഛൻ ഒരു കാറ്റായി വരുന്നതാണോയെന്നു എനിക്കപ്പോൾ തോന്നും.
അതേ എങ്ങും പോയിട്ടില്ല എവിടെപ്പോയാലും ആ സ്നേഹത്തണൽ എന്നോട് ചേർന്നുണ്ടാകും.

Anjali

വീടുമാറ്റം

വീടുമാറ്റം എപ്പോളും ഒരു തലവേദന പിടിച്ച പണിയാണ്. എല്ലാ സാമാനങ്ങളും പെറുക്കിക്കെട്ടി മറ്റൊരു വീട്ടിലേക്കു ഷിഫ്റ്റ് ചെയ്തു അവിടവുമായി ഒന്ന് ഇണങ്ങി വരുവാൻ അങ്ങനെ. താമസിക്കുന്ന അപ്പാർട്മെന്റിലെ താഴത്തെ നിലയിലേക്കാണ് ഞങ്ങൾക്ക് പെട്ടെന്ന് താമസം മാറ്റേണ്ടി വന്നത്.
ഫ്രിഡ്ജ് ടി വി തുടങ്ങി സാമാനങ്ങൾ ആളിനെ വിളിച്ചു മാറ്റി, ഇനിയുള്ളത് അടുക്കള ഐറ്റംസ് ഒക്കെ ആണ്, അത് ചെയ്യാനുള്ള ഡ്യൂട്ടി ഞാൻ ഏറ്റെടുത്തു, സഹായത്തിനു ഒരാളെ വിടാമെന്ന് ഫ്ലാറ്റിന്റെ ഓണർ അറിയിച്ചു. അങ്ങനെ സാധനങ്ങൾ പതിയെ താഴത്തേക്കു കൊണ്ടുപോകുന്ന ഗ്യാപ്പിലാണ് ഒരു പതിനാറു വയസ്സു പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി കയറിവന്നത്.
"അക്കാ ഉങ്കളുക്ക് ഹെൽപ്ക്ക് ആൾ വേണമെന്ന് സാർ സൊന്നാർ"
അത് ശരി എന്നെ സഹായിക്കാൻ അയച്ചിരിക്കുവാണ്. മെലിഞ്ഞുണങ്ങി അസ്ഥിപഞ്ജരം കണക്കെ ഇരിക്കുന്ന ഈ പെണ്ണ് എന്ത് ഹെല്പ് ചെയ്യാനെന്ന ഭാവത്തിൽ ഞാൻ അവളെ നോക്കി. അകത്തേക്ക് കടന്നു സാധനങ്ങൾ വാരിക്കെട്ടി അവൾ താഴേക്കു കുതിച്ചു. ഞാൻ ഒരുതവണ സ്റ്റെപ് ഇറങ്ങുന്ന സമയത്തു അവൾ നാല് തവണ കയറിയിറങ്ങി കാണും. ഇങ്ങനെ കുതിക്കാൻ ഇവളുടെ കാലിൽ ഇനിയെങ്ങാനും വല്ല യന്ത്രവും???
ദാന്ന് പറയണ സമയം കൊണ്ട് ബാക്കിയുള്ള എല്ലാ സാധനങ്ങളും അവൾ താഴെയെത്തിച്ചു. ഒരു മണിക്കൂർ ജോലി ചെയ്താൽ പിന്നെയൊരു രണ്ടു മണിക്കൂർ റെസ്റ്റെടുക്കുന്ന ഞാൻ അവളുടെ എനർജി കണ്ടു അന്തംവിട്ടു.
"അക്ക എല്ലാമേ ഇങ്ക അറേഞ്ച് പന്നാലാം"
ഈ പെണ്ണ് എന്തോന്നിതു, സ്റ്റെപ് കയറിയ ക്ഷീണം തീർക്കാൻ എത്ര മണിക്കൂർ ഉറങ്ങണം ന്നു ആലോചിച്ചു നിന്ന എന്നോട് ഇനി കൊണ്ടുവന്നതെല്ലാം ഒതുക്കിപ്പെറുക്കി വെക്കാംന്നു. ഒറ്റ സെക്കൻഡിൽ അവൾ അടുക്കളയിലേക്ക് ചാടി, കൊണ്ടുവന്ന ബോക്സിലെ പാത്രങ്ങൾ തരം തിരിച്ചു പുറത്തെടുത്തു വെക്കുന്നു, പാതിമനസ്സോടെ ഞാനും കൂടി.
കുപ്പിയിൽ നിന്നും പുറത്തുചാടിയ ഭൂതം കണക്കെ അവൾ ജോലിയിലാണ്, ഞാൻ ഒറ്റയ്ക്കായിരുന്നെങ്കിൽ രണ്ടു ദിവസം എടുത്താൽ തീർക്കാൻ പറ്റാത്ത പണിയവൾ ഒറ്റദിവസം കൊണ്ട് തീർത്തു തന്നു. എല്ലാം കഴിഞ്ഞപ്പോൾ കാര്യമായ അദ്ധ്വാനം ചെയ്യാത്ത ഞാൻ ഒടിഞ്ഞുതൂങ്ങി വീഴുന്ന അവസ്ഥയിൽ ആയി, അവൾ പക്ഷെ ഇനിം വല്ലോം ഉണ്ടേൽ കൊണ്ടുവാ എന്ന ഭാവത്തിലും. ഇനി നിർത്തിയാ ആ ഫ്ളാറ്റിടിച്ചു നിരപ്പാക്കി പുതിയതൊന്ന് വെക്കാൻ പറയും പെണ്ണ്.
"റേറ്റ് യെവളോ ?" ലോകത്തില്ലാത്ത ചാർജ് വാങ്ങും ന്നു മനസ്സിലുറപ്പിച്ചു ഞാൻ ചോദിച്ചു.
"ഏതാവത് കൊടുങ്കോ അക്കാ " എന്തേലും കൊടുക്കാൻ
നൂറിന്റെ രണ്ടു നോട്ടുകൾ ഞാൻ അവൾക്കു നേരെ നീട്ടി ഒന്നും മിണ്ടാതെ പൈസയും വാങ്ങിയവൾ ഇറങ്ങി നടന്നു. വെറുതെ അവൾ എന്ത് പറയുമെന്നറിയാനാണ് ഇരുന്നൂറു രൂപ കൊടുത്തതു, അവൾ ചെയ്ത അധ്വാനത്തിന് അതൊന്നും പോരാ, നടന്നു നീങ്ങുന്ന അവളെ നോക്കി ചെയ്തത് തെറ്റായിപ്പോയി എന്ന തോന്നലിൽ ഞാൻ നിന്നു.
കുറച്ചു ദിവസം കഴിഞ്ഞു അറഞ്ചം പുറഞ്ചം മഴ പെയ്തുകൊണ്ടിരിക്കുന്ന ഒരു ദിവസം, ഒരിടത്തു പോവാൻ ഒരുങ്ങിക്കെട്ടി പുറത്തിറങ്ങിയപ്പോളാണ് കണ്ടത് റോഡ് തോടായി കിടക്കുവാണ് ഓട്ടോ പിടിക്കുക തന്നെ വഴി. വന്ന ഓട്ടോകളെല്ലാം ഫുൾ ലോഡ് ആണ് കാത്തിരുന്നു ഒടുവിൽ ഒരെണ്ണം നിർത്തി. കയറി ഇരുന്നു ഡ്രൈവിംഗ് സീറ്റിലേക്ക് നോക്കിയ ഞാൻ ഞെട്ടി. അവൾ !! അന്ന് വീട്ടിൽ എന്നെ സഹായിക്കാൻ വന്ന അതെ പെണ്ണ്.
അവൾ എന്നെ നോക്കി ചിരിച്ചു, എന്തായിരിക്കും അവളുടെ മനസ്സിൽ വീട്ടിലിട്ടു പണിയെടുത്തു പഞ്ചറാക്കി മര്യാദക്ക് കാശു പോലും തരാത്ത പെണ്ണുംപിള്ള പിന്നേം വന്നോ എന്നോ മറ്റോ ആയിരിക്കുമോ, ചിരിക്കണോ വേണ്ടായോ എന്ന ഭാവത്തിൽ ഞാൻ ഇരുന്നു.
"അക്ക എപ്പടി ഇരുക്കു സൗഖ്യമാ " അവൾ ചോദിക്കുന്നു, ഫോൺ കയ്യിലെടുത്തു അതിൽ തോണ്ടുന്നതായി ഭാവിച്ചു സംസാരിക്കാൻ വലിയ താല്പര്യം ഇല്ല എന്ന മട്ടിൽ അലസമായി ഞാനെന്തോ മറുപടി കൊടുത്തു. ഇറങ്ങേണ്ട സ്ഥലം ആയപ്പോൾ നൂറിന്റെ നോട്ട് അവൾക്കു കൊടുത്തിട്ട് ഞാനിറങ്ങി നടന്നു. സാധാരണ നാല്പതോ അമ്പതോ മറ്റോ ആണ് കൊടുക്കാറ് . നടന്നു നീങ്ങിയ എന്റെ അരികിലേക്കവൾ എത്തി, കുറച്ചു നോട്ടുകൾ എനിക്ക് നേരെ നീട്ടിയവൾ പറഞ്ഞു,
"അക്ക ബാലൻസ് "
നോട്ടുകൾ കയ്യിലേക്ക് വെച്ചുതന്നവൾ വണ്ടി വിട്ടുപോയി. അങ്ങനെ വീണ്ടും അവൾ എന്നെ ഞെട്ടിച്ചു.
പിന്നെ ഞാനവളെ കാണുന്നത് അപർട്മെന്റ് ബിൽഡിങ്ങിൽ വെച്ചാണ് നാട്ടിൽ പോയി തിരിച്ചു വന്ന ദിവസം . നേരം വെളുത്തുവരുന്നതേ ഉള്ളു അപ്പാർട്മെന്റും പരിസരവും അടിച്ചു വാരുന്ന ജോലിയിലാണവൾ. എന്നെക്കണ്ടതും അവൾ ഒരു ചിരി പാസ്സാക്കി,
"അക്കാ ഊരുക്ക്‌ പോയി തിരുമ്പി വര്ക്കിരയാ "
അതെയെന്ന് ഞാൻ തല കുലുക്കി
"'അമ്മ അപ്പാ എല്ലാം നല്ലാ ഇറുക്കാ ?" ഇവൾക്കിതെന്തൊക്കെ അറിയണം. സുഖമെന്ന് ഞാൻ മറുപടി കൊടുത്തു. ഫ്ലാറ്റിലേക്ക് കയറുന്നതിനിടയിൽ ഞാൻ അവളോട് ചോദിച്ചു,
"ഫ്രീ ആകുംബോത് എന്നോടാ ഫ്ലാറ്റ് വര മുടിയുമാ ?"
"ഇതോ വരേൻ അക്ക"
ഒരു കുളിയും പാസ്സാക്കി കഴിയുന്ന സമയം കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു. ഡോർ തുറന്നതും അവൾ അകത്തേക്ക് കയറി.
"ഏതാവത് വേലയിറുക്കാ അക്കാ?"
ഞാനൊന്നും പറയാതെ അഞ്ഞൂറിന്റെ ഒരു നോട്ട് അവൾക്കു നേരെ നീട്ടി,
"അന്നേയ്ക്കു നീ നിറയെ വേല എല്ലാം പന്നിയാച് അതുക്കു "
"നീങ്ക അന്നേയ്ക്കെ പണം കൊടുത്താർ അക്കാ അത് പോതും"
"അത് പറവായില്ലേ ഇതു വെച്ചുകൊ " ഞാൻ പണം വീണ്ടും അവൾക്കു നേരെ നീട്ടി.
"പണം തേവയില്ലായ് അക്കാ"
അവൾ വാങ്ങില്ല.
"കേരളം ചിപ്സ് ശാപ്പിടുവാ ?" ഞാൻ ചോദിച്ചു
ഒരു പ്ലേറ്റിൽ നിറയെ ചിപ്സുമായി ഞാനും അവളും നിലത്തു ചമ്രം പടിഞ്ഞിരുന്നു. അവൾ അവളുടെ കഥ പറഞ്ഞു.
ദേവി എന്നാണു പേര്, തമിഴ്നാട്ടിലെ ഏതോ കുഗ്രാമത്തിൽ ജനിച്ചു വളർന്നവളാണ്. കൃഷിയും മറ്റുമായി കഴിഞ്ഞു കൂടിയിരുന്ന കുടുംബം അച്ഛനും അവളും അനുജത്തിയും അടങ്ങുന്ന കുടുംബം. കൃഷി നഷ്ടത്തിലായപ്പോൾ ആരോടോ കടം വാങ്ങി, പലിശ പെരുകി നിൽക്കക്കള്ളിയില്ലാതായപ്പോൾ അവളുടെ അച്ഛൻ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു.
ബാധ്യതകൾ തീർക്കാൻ പണം പലിശയ്ക്ക് കൊടുത്ത ആളിന്റെ മകനെ ദേവിക്ക് വിവാഹം ചെയ്തു നൽകാൻ നാട്ടുക്കൂട്ടം തീരുമാനിച്ചു(ഇത്തരം ഗ്രാമങ്ങളിൽ ഇപ്പോളും നാട്ടുകൂട്ടം ഒക്കെ കൂടിയാണ് പല പ്രശ്നങ്ങളും പരിഹരിക്കാര് ). പഠനം പാതിവഴിയിൽ നിർത്തി ഇതു വരെ നേരിൽ കാണാത്ത ആർക്കോ താലികെട്ടാൻ ദേവി തല കുനിച്ചു കൊടുത്തു.
പിന്നീടാണ് അറിയുന്നത് ഭർത്താവിന് മാനസികമായി ചില പ്രശ്നങ്ങൾ ഉണ്ടെന്നു. അയാളുടെ പീഡനം സഹിക്ക വയ്യാതെ ആയപ്പോൾ അവൾ വീട്ടിലേക്കു മടങ്ങി. തിരിച്ചു ചെല്ലാൻ ഭർത്താവിന്റെ വീട്ടിൽ നിന്ന് ഭീഷണി ശക്തമായപ്പോൾ ഉള്ളതെല്ലാം വാരിക്കെട്ടി അവർ നാട് വിട്ടു. ചെന്നൈയിൽ വന്നു താമസമാക്കി.
അന്ന് തൊട്ടു തുടങ്ങിയ അധ്വാനമാണ്. അനുജത്തിയെ അടുത്തുള്ള സ്കൂളിൽ ചേർത്ത് അമ്മയെ വീട്ടുഭരണവും ഏൽപ്പിച്ചു അവൾ ജോലിക്കിറങ്ങി വൈകുന്നേരം വരെ വീട്ടുജോലിയെടുക്കും, അത് കഴിഞ്ഞാൽ പിന്നെ ഓട്ടോ ഓടിക്കും. അവൾക്കു പഠിക്കണ്ടേ എന്ന് ഞാൻ അവളോട് ചോദിച്ചു.
"ഞാൻ വേല പണ്ണിയാ താൻ അവൾക്കു പടിക്ക മുടിയും "
മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവിതം മറന്നു ഇങ്ങനേയും കഷ്ടപ്പെടുന്നവർ. ചിലർ അങ്ങനെയാണ് അടുത്ത് അറിഞ്ഞു കഴിയുമ്പോൾ വല്ലാത്തൊരു ബഹുമാനം തോന്നും. എനിക്ക് അവളോട് ഒരു അനുജത്തിയോടെന്ന പോലെ സ്നേഹം തോന്നി.
"അക്കാ എനിക്ക് ഉന്ഗങ്ങളെ നല്ല പുടിച്ചിരുക്കു "
പോകുവാൻ നേരം അവൾ പറഞ്ഞു. ഇറങ്ങാൻ നേരം വീണ്ടും ഞാൻ അവൾക്കു നേരെ പണം നീട്ടി.
"വെച്ചുകൊ ദേവി"
അവൾ വാങ്ങാൻ കൂട്ടാക്കിയില്ല. ഒടുവിൽ എപ്പോഴെങ്കിലും വന്നു വീടൊക്കെ തൂത്തു താ എന്ന് പറഞ്ഞപ്പോൾ അവൾ ആ പണം വാങ്ങി.
പിറ്റേന്ന് കാലത്തു പണിയൊക്കെ ഒതുക്കി വെറുതെ ഇരിക്കുന്ന സമയത്തു അവൾ പ്രത്യക്ഷപ്പെട്ടു തൂത്തു തുടയ്ക്കാൻ. അങ്ങനെ വീണ്ടും അവൾ എന്നെ തോൽപ്പിച്ചു. ഇന്നിപ്പോ ചെന്നൈ നഗരം വിട്ടു പോവാനുള്ള സമയം ആയപ്പോൾ പിരിയാൻ ഇഷ്ടമില്ലാത്തവരുടെ കൂട്ടത്തിൽ ഇനി അവളുമുണ്ടാകും എന്റെ കുഞ്ഞനുജത്തി.

Anjali Kini

ഫ്ലാറ്റ്

Image may contain: 1 person, smiling, selfie and closeup

ചെന്നൈയിലെ അടച്ചിട്ട ഫ്ലാറ്റ് മുറികളിൽ ഇരിക്കുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ മിസ് ചെയുന്നത് നാട്ടിലെ എന്റെ വീടിനെയാണ്.വീടെന്നു പറഞ്ഞ അതൊരു കൂട്ട് കുടുംബം ആണ്.ബഹളങ്ങളിൽ മുങ്ങിയ വീട് പല സൈസ് ബഹളങ്ങൾ. അയൽ വീടുകളിൽ ഒക്കെ താമസിക്കുന്നത് ബന്ധുക്കൾ തന്നെ,വീടുകളെ തമ്മിൽ വേ൪ തിരിക്കാൻ മതിലും വേലിയും ഒന്നൂല്ല.
ചെറുപ്പത്തിലൊക്കെ വല്യ സങ്കടാരുന്നു വീട്ടിൽ ആളുംബഹളവും ഒഴിഞ്ഞ നേരം കാണില്ല. രഹസ്യം എന്നൊന്നില്ല എല്ലാം എല്ലാവര്ക്കും അറിയാം, ഒരാൾ എത്ര മണിക്ക് എഴുന്നേറ്റു, എപ്പോ കുളിച്ചു, എത്ര ദോശ തിന്നു തുടങ്ങി എല്ലാവരുടെയും എല്ലാ കാര്യങ്ങളും എല്ലാവര്ക്കും അറിയാം. പക്ഷെ എന്ത് കാര്യത്തിന് എപ്പോ വിളിച്ചാലും ഓടി വരാൻ ആൾക്കാർ കാണും.
വൈകുംനേരങ്ങളിൽ എല്ലാ വീട്ടിലെയും വനിതാരത്നങ്ങൾ ഒരുമിച്ചു കൂടും. ഓരോരുത്തർക്കും ഓരോ കഥകൾ പറയാൻ ഉണ്ടാകും. അമ്മായിഅമ്മ മരുമകൾ പോര്, പുതിയ സാരി,സ്വർണം ഇത്യാദി എണ്ണിയാൽ ഒടുങ്ങാത്രത്ര വിശേഷങ്ങൾ അവർക്കു പങ്കു വെയ്ക്കുവാൻ കാണും . ചെറിയമ്മ കല്യാണം കഴിഞ്ഞ ഉടനെ ചെറിയച്ഛന്റെ കൂടെ ഗുരുവായൂർ പോയതും, ഒരു സാരീ വാങ്ങിപ്പിക്കാൻ ഒരു ദിവസം മുഴുവൻ വല്യച്ചനോട് വലിയമ്മ മിണ്ടാതിരുന്നതും ഒക്കെയായി എത്ര എത്ര ഒക്കെ കഥകൾ .
ഈ വർത്തമാനങ്ങൾ കേൾക്കാൻ എങ്ങാനും അവർ സംസാരിക്കുന്നിടത്തു പോയ അപ്പൊ ഓടിച്ചു വിടും, ഇതൊന്നും ചെറിയ കുട്ടികൾ കേൾക്കണ്ടാന്നു പറഞ്ഞു. അതുകൊണ്ട് പാത്തും പതുങ്ങിയും അവരുടെ വർത്തമാനം കേൾക്കാൻ എനിക്ക് പെരുത്തിഷ്ടമായിരുന്നു.
അന്നും പതിവ് പോലെ വനിതാരത്നങ്ങൾ സഭ കൂടിയിരിക്കുകയാണ്,അവരുടെ സംസാരം കേൾക്കാൻ ഒരു ടെസ്റ്റു ബുക്കും കയ്യിൽ തുറന്നു പിടിച്ചു രണ്ടു ചെവിയും അവരുടെ വർത്തമാനം കേൾക്കുന്നതിന് മാത്രം ഡെഡിക്കേറ്റ് ചെയ്തു ഞാനങ്ങനെ ഇരിക്കുവാണ്.അപ്പോഴാണ് ഒരു വനിതാരത്നത്തിന്റെ ശ്രദ്ധ അടുത്ത വീട്ടിലെ ഒരു ചേച്ചിയിൽ പതിഞ്ഞത്.
വനിതാരതനം 1: അപ്പുറത്തെ ആ കൊച്ചിന്റെ പ്രസവം ഈ മാസം ആണുല്ലേ, ആൺകുട്ടി ആരിക്കും സംശയം വേണ്ട
വനിതാരതനം 2 : അതെ അതെ വയറു കണ്ടാലേ അറിയാം ആൺ കുട്ടി തന്നെ
സഭയിലെ എല്ലാ അംഗങ്ങളും ശെരി വെച്ചു.
പിന്നെ വയറു കണ്ട ഉടനെ അങ്ങ് മനസിലാവല്ലേ കുട്ടി ആണോ പെണ്ണോ എന്ന് ശുദ്ധ അസംബന്ധം. അതൊക്കെ ഡോക്ടറിന് സ്കാൻ ചെയ്തു നോക്കിയാല് മനസ്സിലാവൂ, ഇന്ത്യയിൽ സ്കാനിങ്ങിലൂടെ ആണോ പെണ്ണൊന്നു അറിയുന്നതേ കുറ്റകരമാ, തലേന്ന് സുവോളജി ക്ലാസ്സിൽ റീപ്രൊഡക്ഷൻ ചാപ്ടറിൽ പഠിച്ചതൊക്കെ വെച്ചു ഞാനൊരലക്കലാക്കി. അങ്ങനെ പറഞ്ഞു പറഞ്ഞു ഞാനു൦ അവരും ഒടുക്കത്തെ അടി

വനിതാരതനം 1 : മോളെ ആ വയറു കണ്ടിട്ട് ഞങ്ങൾ പറയുവാ കുട്ടി ആണ് തന്നെ പന്തയം വെച്ചോ
അങ്ങനെ ഈ ഗർഭ കേസുകളിൽ ഒരു മുന്പരിചയവും ഇല്ലാത്ത ഞാൻ 1 ഉം 2 ഉം പിള്ളേരെ നല്ല സ്റ്റൈൽ ആയി പെറ്റ അവരോട് പന്തയം വെച്ചു. 2 ആഴ്ച കഴിഞ്ഞു ഞാൻ ഒരു ബുക്കും വായിച്ചു പുറത്തു സിറ്ഔട്ടിൽ ഇരിക്കാണ്,അപ്പൊ അതാ വരാണ് വനിതാരതനം 1 " മോളെ അഞ്ചു അപ്പുറത്തെ ആ കൊച്ചു പ്രസവിച്ചുട്ടോ ആൺകുട്ടിയാ,ഞങ്ങൾ അന്നേ പറഞ്ഞില്ലേ അത് ആൺകുട്ടീ ആവുമെന്ന്" ഞാൻ ഒന്ന് ഞെട്ടി വനിതരത്‍നത്തിന്റെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി ഇനി ഇവരുടെ കണ്ണുകളിൽ വല്ല യന്ത്രവും ഫിറ്റ് ചെയ്തിട്ടുണ്ടോ ?

By ANjali Kini

കൂട്ട് കുടുംബം


ചെന്നൈയിലെ അടച്ചിട്ട ഫ്ലാറ്റ് മുറികളിൽ ഇരിക്കുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ മിസ് ചെയുന്നത് നാട്ടിലെ എന്റെ വീടിനെയാണ്.വീടെന്നു പറഞ്ഞ അതൊരു കൂട്ട് കുടുംബം ആണ്.ബഹളങ്ങളിൽ മുങ്ങിയ വീട് പല സൈസ് ബഹളങ്ങൾ. അയൽ വീടുകളിൽ ഒക്കെ താമസിക്കുന്നത് ബന്ധുക്കൾ തന്നെ,വീടുകളെ തമ്മിൽ വേ൪ തിരിക്കാൻ മതിലും വേലിയും ഒന്നൂല്ല.
ചെറുപ്പത്തിലൊക്കെ വല്യ സങ്കടാരുന്നു വീട്ടിൽ ആളുംബഹളവും ഒഴിഞ്ഞ നേരം കാണില്ല. രഹസ്യം എന്നൊന്നില്ല എല്ലാം എല്ലാവര്ക്കും അറിയാം, ഒരാൾ എത്ര മണിക്ക് എഴുന്നേറ്റു, എപ്പോ കുളിച്ചു, എത്ര ദോശ തിന്നു തുടങ്ങി എല്ലാവരുടെയും എല്ലാ കാര്യങ്ങളും എല്ലാവര്ക്കും അറിയാം. പക്ഷെ എന്ത് കാര്യത്തിന് എപ്പോ വിളിച്ചാലും ഓടി വരാൻ ആൾക്കാർ കാണും.
വൈകുംനേരങ്ങളിൽ എല്ലാ വീട്ടിലെയും വനിതാരത്നങ്ങൾ ഒരുമിച്ചു കൂടും. ഓരോരുത്തർക്കും ഓരോ കഥകൾ പറയാൻ ഉണ്ടാകും. അമ്മായിഅമ്മ മരുമകൾ പോര്, പുതിയ സാരി,സ്വർണം ഇത്യാദി എണ്ണിയാൽ ഒടുങ്ങാത്രത്ര വിശേഷങ്ങൾ അവർക്കു പങ്കു വെയ്ക്കുവാൻ കാണും . ചെറിയമ്മ കല്യാണം കഴിഞ്ഞ ഉടനെ ചെറിയച്ഛന്റെ കൂടെ ഗുരുവായൂർ പോയതും, ഒരു സാരീ വാങ്ങിപ്പിക്കാൻ ഒരു ദിവസം മുഴുവൻ വല്യച്ചനോട് വലിയമ്മ മിണ്ടാതിരുന്നതും ഒക്കെയായി എത്ര എത്ര ഒക്കെ കഥകൾ .
ഈ വർത്തമാനങ്ങൾ കേൾക്കാൻ എങ്ങാനും അവർ സംസാരിക്കുന്നിടത്തു പോയ അപ്പൊ ഓടിച്ചു വിടും, ഇതൊന്നും ചെറിയ കുട്ടികൾ കേൾക്കണ്ടാന്നു പറഞ്ഞു. അതുകൊണ്ട് പാത്തും പതുങ്ങിയും അവരുടെ വർത്തമാനം കേൾക്കാൻ എനിക്ക് പെരുത്തിഷ്ടമായിരുന്നു.
അന്നും പതിവ് പോലെ വനിതാരത്നങ്ങൾ സഭ കൂടിയിരിക്കുകയാണ്,അവരുടെ സംസാരം കേൾക്കാൻ ഒരു ടെസ്റ്റു ബുക്കും കയ്യിൽ തുറന്നു പിടിച്ചു രണ്ടു ചെവിയും അവരുടെ വർത്തമാനം കേൾക്കുന്നതിന് മാത്രം ഡെഡിക്കേറ്റ് ചെയ്തു ഞാനങ്ങനെ ഇരിക്കുവാണ്.അപ്പോഴാണ് ഒരു വനിതാരത്നത്തിന്റെ ശ്രദ്ധ അടുത്ത വീട്ടിലെ ഒരു ചേച്ചിയിൽ പതിഞ്ഞത്.
വനിതാരതനം 1: അപ്പുറത്തെ ആ കൊച്ചിന്റെ പ്രസവം ഈ മാസം ആണുല്ലേ, ആൺകുട്ടി ആരിക്കും സംശയം വേണ്ട
വനിതാരതനം 2 : അതെ അതെ വയറു കണ്ടാലേ അറിയാം ആൺ കുട്ടി തന്നെ
സഭയിലെ എല്ലാ അംഗങ്ങളും ശെരി വെച്ചു.
പിന്നെ വയറു കണ്ട ഉടനെ അങ്ങ് മനസിലാവല്ലേ കുട്ടി ആണോ പെണ്ണോ എന്ന് ശുദ്ധ അസംബന്ധം. അതൊക്കെ ഡോക്ടറിന് സ്കാൻ ചെയ്തു നോക്കിയാല് മനസ്സിലാവൂ, ഇന്ത്യയിൽ സ്കാനിങ്ങിലൂടെ ആണോ പെണ്ണൊന്നു അറിയുന്നതേ കുറ്റകരമാ, തലേന്ന് സുവോളജി ക്ലാസ്സിൽ റീപ്രൊഡക്ഷൻ ചാപ്ടറിൽ പഠിച്ചതൊക്കെ വെച്ചു ഞാനൊരലക്കലാക്കി. അങ്ങനെ പറഞ്ഞു പറഞ്ഞു ഞാനു൦ അവരും ഒടുക്കത്തെ അടി

വനിതാരതനം 1 : മോളെ ആ വയറു കണ്ടിട്ട് ഞങ്ങൾ പറയുവാ കുട്ടി ആണ് തന്നെ പന്തയം വെച്ചോ
അങ്ങനെ ഈ ഗർഭ കേസുകളിൽ ഒരു മുന്പരിചയവും ഇല്ലാത്ത ഞാൻ 1 ഉം 2 ഉം പിള്ളേരെ നല്ല സ്റ്റൈൽ ആയി പെറ്റ അവരോട് പന്തയം വെച്ചു. 2 ആഴ്ച കഴിഞ്ഞു ഞാൻ ഒരു ബുക്കും വായിച്ചു പുറത്തു സിറ്ഔട്ടിൽ ഇരിക്കാണ്,അപ്പൊ അതാ വരാണ് വനിതാരതനം 1 " മോളെ അഞ്ചു അപ്പുറത്തെ ആ കൊച്ചു പ്രസവിച്ചുട്ടോ ആൺകുട്ടിയാ,ഞങ്ങൾ അന്നേ പറഞ്ഞില്ലേ അത് ആൺകുട്ടീ ആവുമെന്ന്" ഞാൻ ഒന്ന് ഞെട്ടി വനിതരത്‍നത്തിന്റെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി ഇനി ഇവരുടെ കണ്ണുകളിൽ വല്ല യന്ത്രവും ഫിറ്റ് ചെയ്തിട്ടുണ്ടോ ?
By Anjali Kini

ചികിത്സ

Image may contain: 1 person, smiling, selfie and closeup


ഇത്തവണ നാട്ടിൽ വന്നപ്പോളാണ് കേരളത്തിലുള്ള ഒരു പ്രശസ്തമായ ആയുർവേദ ചികിത്സ നടത്തുന്ന ആശുപത്രിയിൽ പോകാൻ പ്ലാൻ ഇട്ടത്. ഞാനും അമ്മയും പോകാമെന്നു തീരുമാനിച്ചു. അങ്ങനെ ട്രെയിനിലും പിന്നെ ബസിലുമൊക്കെ വലിഞ്ഞു കയറി ഞങ്ങൾ സ്ഥലത്തെത്തി.
ഒരു ആശുപത്രിയുടേതായ ഒരു ലക്ഷണവുമില്ലാത്ത സ്ഥലം. പ്രകൃതിരമണീയമായ ചുറ്റുപാട്, അടുത്തുതന്നെ അമ്പലം അങ്ങനെ മനസ്സൊന്നു സ്വസ്ഥമാക്കാൻ പറ്റിയ ഇടം. പല നാടുകളിൽ നിന്നും വന്നവർ ഉണ്ട് അവിടെ, പല ഭാഷകൾ സംസാരിക്കുന്നവർ. ഡോക്ടറിനെ കാണുവാൻ വൈകും എന്നറിഞ്ഞപ്പോൾ ചുറ്റുപാടൊക്കെ ഒന്ന് നിരീക്ഷിക്കാൻ ഞാനും അമ്മയും ഇറങ്ങിപ്പുറപ്പെട്ടു.
അങ്ങനെ അവിടേം ഇവിടേം ഒക്കെ നടന്ന ക്ഷീണത്തിൽ അവിടെ സജ്ജീകരിച്ചിരിക്കുന്ന ചെറിയൊരു പാർക്കിലെ ആല്മരത്തണലിൽ ഞങ്ങളിരുന്നു.പതിയെ വന്നു നമ്മളെ തഴുകിപ്പോകുന്ന ഇളം കാറ്റ്, ഞങ്ങളിരിക്കുന്നതിന്റെ കുറച്ചുമാറി മറ്റൊരു സ്ത്രീയും ഇരിപ്പുണ്ടായിരുന്നു. സമയം കൊല്ലാൻ വെറുതെ കുത്തിയിരിക്കുന്ന മൂന്ന് സ്ത്രീകൾ അങ്ങനെ ഒത്തുചേരുന്നു. പിന്നെ പരിചയപ്പെടലായി അന്വേഷങ്ങളായി അങ്ങനെ അങ്ങനെ....
കാനഡയിൽ നിന്നും ചികിത്സക്കായി നാട്ടിലേക്ക് വന്നതാണവർ.ചികിത്സാന്നു പറഞ്ഞാൽ ആദ്യപ്രസവം കഴിഞ്ഞതിന്റെ ക്ഷീണം മാറ്റാനുള്ള ഒരു സുഖചികിത്സ. കുഞ്ഞിനെ വീട്ടിൽ അമ്മയുടെ അടുത്തേൽപ്പിച്ചാണവർ വന്നിരിക്കുന്നത്. സംസാരത്തിനിടയിൽ മുഴുവൻ അവർ കാനഡയെ വല്ലാണ്ട് പുകഴ്ത്തുന്നുണ്ട്. അവരുടെ അഭിപ്രായത്തിൽ ഇന്ത്യ തനി കൺട്രി പ്ലേസ് ആണ്, ഗുഡ് ഫോർ നത്തിങ് കൺട്രി .
അങ്ങനെ സംസാരമൊക്കെ തുടരുന്ന കൂട്ടത്തിൽ 'അമ്മ അവരോട് ചോദിച്ചു,
"അല്ല അപ്പൊ പ്രസവമൊക്കെ നാട്ടിലായിരുന്നു?"
കാനഡ: ഏയ് അതൊക്കെ കാനഡേലാരുന്നു, അതാ സേഫ് അവിടെ ഇവിടത്തെപ്പോലെ അല്ല ഡെലിവറിന്നൊക്കെ പറഞ്ഞാൽ സൊ സിമ്പിൾ ആണ്.
'അമ്മ:അവിടപ്പോ പത്തു മാസമല്ലേ?
കാനഡ : യ്യോ അതല്ല ഇവിടുത്തെ പോലെ അല്ല, ഹോസ്പിറ്റലിലൊക്കെ ഭയങ്കര ഫെസിലിറ്റീസ് ആണ്, അവിടൊക്കെ പ്രസവത്തിന്റെ തലേന്ന് വരെ കൂളായിട്ട് നടക്കും, ഇവിടെ ബെഡ് റസ്റ്റ്, ചുമ്മാ കൊറേ ടാബ്ലറ്റ്സ് ഹോ ഇറ്റ്ഈസ് ടൂ കോംപ്ലിക്കേറ്റഡ്
'അമ്മ: ആഹ് ആരാ പറഞ്ഞെ ദെയ് ഈ ഇരിക്കുന്നതെ എന്റെ മോളാ ഇവള് വയറ്റിലുള്ള സമയത്തു വീട്ടിലെ എല്ലാ ജോലിയും ഞാൻ തനിച്ച ചെയ്തോണ്ടിരുന്നേ, ഒരു ദിവസം തുണി അലക്കിക്കൊണ്ടിരുന്നപ്പോ ഒരു ചെറിയ വേദന തോന്നി ഉടുത്തിരുന്ന സാരിയിലാ ചെന്നപ്പോളാ പറയുന്നേ പ്രസവവേദനേടെ തുടക്കമാണ് ന്നു, പിന്നെ ദാന്നു പറയുന്ന സമയത്തിനുള്ളിൽ ഒക്കെ കഴിഞ്ഞു.
ഹോ എന്നെ സൂപർ കൂൾ ആയി പെറ്റ കഥ പറയുകയാണ് 'അമ്മ. കൂൾ പ്രസവം അങ്ങ് കാനഡേല് മാത്രല്ല ഇങ്ങു ഇൻഡിയേലും നടക്കും . കാനഡ എന്ത് പറയുമെന്ന് ഓർത്തു ഇരിക്കുവാണ്.
കാനഡ : പിന്നെ ബേബി ബോയ് ആണോ ഗേൾ ആണൊന്നൊക്കെ അവിടെ നേരത്തെ അറിയാൻ പറ്റും, ഇവിടെ അത് ലീഗലി അറിയാൻ പറ്റില്ലല്ലോ ഗേൾ ആണെന്ന് അറിഞ്ഞാൽ അബോർട് ചെയ്തു കളയുന്നവർ ആണല്ലോ ഇവിടെ കൂടുതലും,
'അമ്മ വിടാൻ ഭാവമില്ല,
'അമ്മ: അതൊക്കെ തലക്കുവിവരമില്ലാത്ത ചിലര് ചെയ്യുന്ന പണിയല്ലേ, കേൾക്കണോ രണ്ടാമത് ഗര്ഭിണിയായപ്പോ ബുദ്ധിമുട്ടുകൾ കാരണം വേണ്ടാന്നു വെയ്ക്കണോന്നു വിചാരിച്ചു ഇരുന്നപ്പോ എന്റെ ഭർത്താവ് പറഞ്ഞത് ഇതൊരു പെങ്കൊച്ചായിരിക്കും, പെങ്കൊച്ചിനെ വളർത്തുന്ന സുഖം ഒന്ന് വേറെയാണ്ന്നു. അങ്ങനെ ഉണ്ടായത ധാ ഇവൾ,
അത് ശരി എന്റെ പിറവിക്കു പിന്നിലെ കഥകൾ ഓരോന്നായിങ്ങനെ ചുരുളഴിയുകയാണ്.
"എങ്ങനെ പ്രസവിച്ചാലും മക്കളെ നല്ലത് പോലെ വളർത്തണം അതിലാ കാര്യം, അതിപ്പോ കൂളായിട്ട് പ്രസവിച്ചാലും അല്ലേലും ശരി"
ഇത് പിടിച്ചിടത്തു നിക്കില്ലന്നു മനസിലായ കാനഡ പതിയെ സ്കൂട്ടായി. സംസാരിച്ചു വേസ്റ്റാക്കിയ എനർജി റീഫിൽ ചെയാൻ ഒരു ബൂസ്റ്റ് കുടുക്കാൻ ഞങ്ങൾ നേരെ ക്യാന്റീനിലേക്കും വച്ചുപിടിച്ചു.

by: Anjali Kini

ചിരി

Image may contain: 1 person, smiling, selfie and closeup

ഞാൻ 10 ലോ മറ്റോ പഠിക്കുമ്പോൾ ആണ് അയാളെ ആദ്യായിട്ട് കാണണേ.പല്ലു മുഴുവൻ പുറത്തു കാണിച്ചു കൊണ്ടുള്ള ചിരി ആണ് അയാളുടെ ഹൈലൈറ്റ്.ക്ലോസപ്പ്കാർ കണ്ട അപ്പൊ പിടിച്ചു പരസ്യത്തിൽ നിർത്തും അജാതി ചിരി. സ്കൂളിൽ പോകുന്ന വഴി ഒരു മാർക്കറ്റ് ഉണ്ട് അവിടെ എവിടെയോ ആണ് അയാൾക്ക്‌ ജോലി.ചിലപ്പോ കാണാം വല്യ ചാക്ക് സൈക്കിളിലിൽ വെച്ച് പോകുന്നത് ,എത്ര കഷ്ട്ടപാട് ആണേലും എന്നെ കാണുമ്പോ പതിവുള്ള ക്ലോസപ്പ് ചിരി പാസ്സാക്കും . പറയാൻ ആണേൽ എനിക്ക് ഇയാളെ ഒരു പരിചയവും ഇല്ലാ പിന്നെ എനിക്ക് മാത്രം എന്താ ഈ സ്പെഷ്യൽ ചിരി? അയാളോട് നേരിട്ട് ചോയ്ക്കാൻ എന്തോ അന്ന് ധൈര്യം കിട്ടീല്ല.
കാലം കടന്നു പോയി ഇടയ്ക്കു എപ്പോളോ ഒക്കെ അയാളെ കാണാറുണ്ടായിരുന്നു , അയാളുടെ ആ ചിരിക്കു മാത്രം ഒരു മാറ്റവും ഇല്ലാ,പ്രായത്തിന്റെ അവശതകൾ ഒട്ടുള്ള ആ മുഖത്തെ ചിരി ഇപ്പോളും 916 ആണ്. പിന്നെ നാട് വിട്ടു പല സ്ഥലത്തും പോകേണ്ടി വന്നു.നാട്ടിൽ വല്ലപ്പോഴും വരും പോകും.. അങ്ങനെ ഇരിക്കെ ഇന്നു ഞാൻ അയാളെ വീണ്ടും കണ്ടു,അയാൾ ഒരുപാട് ക്ഷീണിച്ചു,നടക്കാൻ ഒക്കെ ബുദ്ധിമുട്ടു പക്ഷെ ആ അവസ്ഥയിലും എന്നെ കണ്ടപ്പോൾ പഴയ ചിരി പാസ് ആക്കാൻ മറന്നില്ല ചിരിയുടെ മാറ്റ് ഒട്ടൊന്നു കുറഞ്ഞു മുൻവരിയിലെ 2 പല്ലുകൾ പോയിട്ടുണ്ട്, ഒരു കുഞ്ഞിനെ പോലെ നിഷ്കളങ്കമായ ചിരി.
ഇന്നു 'അമ്മ കൂടെ ഉള്ള ധൈര്യത്തിൽ അയാളോട് ഒന്ന് മിണ്ടാൻ തീരുമാനിച്ചു. എന്നെ അറിയുമോ എന്നു ഞാൻ അയാളോട് ചോദിച്ചു പലപ്പോഴും നോക്കി ചിരിക്കുന്നത് കണ്ടിട്ടുണ്ടെലും എനിക്ക് ഒരു പരിചയവും തോന്നുന്നില്ല എന്ന്‌ ഞാൻ അയാളോട് പറഞ്ഞു. ഒരു ചിരിയോടെ ആണ് അയാൾ മറുപടി പറഞ്ഞത് "മോൾ എന്നെ മറന്നിട്ടുണ്ടാവും പണ്ട് മോൾ സ്കൂളിൽ പഠിക്കുന്ന സമയത്തു നടന്നു പോവുമ്പോ ബോയ്സ് സ്കൂളിന്റെ മുന്നിൽ വെച്ച് കാലിൽ കുപ്പി ചില്ലു കേറിയത്‌ ഓർക്കണുണ്ടോ? അന്ന് ഞാനാ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടോയി ഡ്രസ്സ് ചെയ്യിപ്പിച്ചേ,മോൾ അന്ന് ചെറിയ കുട്ടി അല്ലെ ഒക്കെ മറന്നു പോയിട്ടുണ്ടാവും" അയാൾ പറഞ്ഞു നിർത്തി.
എന്റെ മനസ്സിൽ പഴയ ആ കുപ്പിച്ചില്ലു കഥ തെളിഞ്ഞു വന്നു. സൈക്കിൾ വാങ്ങി തരാത്ത വാശിയിൽ അച്ഛനോട് പിണങ്ങി അന്ന് സ്ഥിരം പോകുന്ന വാനിൽ പോകാൻ കൂട്ടാക്കാതെ നടന്നു പോയതാരുന്നു ഞാൻ.കുപ്പിച്ചില്ലു നന്നായി കാലിൽ തറഞ്ഞു കയറിയിരുന്നു. അത് വലിച്ചൂരാൻ പോലും സമ്മതിക്കാതെ വലിയവായിൽ നിലവിളിച്ചു നിന്ന എന്നെ നോക്കി ആളുകൾ കൂട്ടം കൂടി നിന്നു. അപ്പോളാണയാൾ കടന്നു വന്നത് . എന്റെ എതിർപ്പ് വക വെയ്ക്കാതെ തറഞ്ഞു നിന്ന കുപ്പിച്ചില്ലു പതിയെ വലിച്ചൂരി , ചീന്തി ഒഴുകിയ ചോര അയാളുടെ കയ്യിലുണ്ടായിരുന്ന തോർത്തുകൊണ്ട് തുടച്ചു മാറ്റി എന്നെ ആശുപത്രിയിൽ കൊണ്ടുപോയി വീട്ടിലും വിളിച്ചറിയിച്ചു. വീട്ടുകാർ വരുന്നത് വരെ ആ മനുഷ്യൻ ആശുപത്രിയിൽ എനിക്ക് കാവൽ നിന്നിരുന്നു. കാലിലെ മുറിവ് ഉണങ്ങിയപ്പോൾ എനിക്ക് സൈക്കിളും കിട്ടി. അന്ന് എന്നെ പൊക്കി ആശുപത്രിയിൽ കൊണ്ടോയ ആ ചേട്ടനെ ഞാൻ നിഷ്കരുണം മറന്നല്ലോ.
ഇനി എവിടെ വെച്ച് കണ്ടാലും ചിരിക്കാം ന്നു ഞാൻ വാക്കും നൽകി.പോകും മുൻപ് ചേട്ടന് ഞാൻ എന്തേലും തരട്ടെ ന്നു ചോദിച്ചപ്പോൾ അതേ ചിരി മുഖത്ത് " തരണം ന്നു നിർബന്ധം ആണേൽ മോൾ ദാ അവിടുന്നു എനിക്ക് കപ്പലണ്ടി വാങ്ങി തന്ന മതി എനിക്കതു ഒരുപാടിഷ്ട്ടാ" ചൂടുള്ള കപ്പലണ്ടി കയ്യിൽ വെച്ച് കൊടുത്തു ഞാൻ പോകാൻ തുടങ്ങിയപ്പോൾ അയാൾ പറഞ്ഞു ഇനി എന്നെ കാണുമ്പോ ഒന്ന് ചിരിക്കണേന്നു ,മറന്നു പോകല്ലേന്ന്. ഇല്ല മറക്കില്ല ഞാൻ ഓർക്കാൻ ഇഷ്ടപ്പെടുന്ന മുഖങ്ങളുടെ കൂട്ടത്തിൽ ഇനി ഈ മുഖവും ഉണ്ടാവും.
ചിലർക്ക് ദാ ഇത്രയും മതി. ഒരു ചെറിയ ചിരി അല്ലെങ്കിൽ കുശലം പറച്ചിൽ അതിലവർ തൃപ്തരാണ്. അതിൽ കവിഞ്ഞു കൂടുതലൊന്നും അവർ പ്രതീക്ഷിക്കുന്നില്ല .

By: Anjali Kini

എന്റെ ചെന്നൈ ജീവിതത്തിൽ ..............

എന്റെ ചെന്നൈ ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു വൈകുന്നേരങ്ങളിലുള്ള നടത്തം. വീടിനു ഒരു കിലോമീറ്റർ മാറിയുള്ള ഒരു പാർക്കിലാണ് വൈകുന്നേരങ്ങളിൽ ഞാൻ പോകാറ്. സാമാന്യം വലിയൊരു പാർക്ക് ആണത്. കുട്ടികൾക്ക് ചാടിമറിയാൻ തക്ക സൗകര്യമുള്ള ചില കളിക്കോപ്പുകൾ, നടക്കുവാൻ വരുന്നവരുടെ സൗകര്യത്തിനായി ക്രമീകരിച്ചിരിക്കുന്ന വാക്വെയ് ഇരിക്കാൻ സിമന്റ് ബെഞ്ചുകൾ ഇവയൊക്കെ ചേർന്നതാണ് പാർക്ക്.
അരമണിക്കൂർ നേരത്തെ നടത്തം കഴിഞ്ഞാൽ പിന്നെ സിമന്റ് ബെഞ്ചിലെ വിശ്രമം പതിവുള്ളതാണ്. അവിടെയങ്ങനെ ഇരുന്നു കൊണ്ട് ചുറ്റുപാട് നിരീക്ഷിക്കാൻ എനിക്ക് പെരുത്തിഷ്ടമാണ്. കളിക്കോപ്പുകളിൽ ചാടിമറിയുന്ന ചുറുചുറുക്കുള്ള കുട്ടികുറുമ്പന്മാർ. ഇടയ്ക്കു പരസ്പരം തല്ലു കൂടിയും കെട്ടിപ്പിടിച്ചും ഒക്കെയുള്ള അവരുടെ കളി കാണുന്നതേ ഒരു സുഖമാണ്. പിന്നെ ചേച്ചിമാരുടെ ഒരു സംഘം കലപില വർത്തമാനം തന്നെ. ഇടയ്ക്കു അവിടേം ഇവിടെം ഒക്കെ ആയിട്ട് കാമുകികാമുകന്മാർ അവരുടെ ലോകത്തു.
പാർക്കിലെ എന്റെ സന്ദര്ശനത്തിനിടയ്ക്കാണ് ഞാൻ അവരെ കാണുന്നത്. ഒരു ഭാര്യയും ഭർത്താവും. ആംഗ്യ ഭാഷയിലൂടെയാണ് അവർ പരസ്പരം സംസാരിക്കുന്നത്. പതിവായി കാണാറുള്ളത് കൊണ്ട് എനിക്കവർ ഒരു പുഞ്ചിരി സമ്മാനിക്കുക പതിവായിരുന്നു.
ആംഗ്യ ഭാഷയിലൂടെയുള്ള അവരുടെ വർത്തമാനം കാണാൻ തന്നെ ഒരു ഭംഗിയാണ്. ഒരിക്കൽ പാർക്കിൽ വെച്ച് എന്റെ മലയാളത്തിലുള്ള ഫോൺ സംസാരം കേട്ടാണ് അയാൾ എന്നോട് സംസാരിക്കുവാൻ വന്നത്. അവരും മലയാളികൾ തന്നെ . രണ്ടു പേരും അയൽക്കാരായിരുന്നു സംസാരശേഷിയില്ലാത്ത ആ പെൺകുട്ടിയെ അയാൾ ജീവിതത്തിലേക്ക് കൂട്ടാൻ തുനിഞ്ഞപ്പോൾ വീട്ടുകാരെതിർത്തു അവരുടെ എതിർപ്പ് വകവെയ്ക്കാതെ അയാൾ അവളെ വിവാഹം ചെയ്തു. ഇപ്പോൾ ചെന്നൈയിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു. ഭാര്യക്ക് വേണ്ടി ഭർത്താവാണ് സംസാരിക്കുക അവൾ ആംഗ്യ ഭാഷയിൽ പറയുന്നത് അയാൾ എനിക്ക് വിശദീകരിച്ചു തരും. അവൾ മൂന്നുമാസം ഗർഭിണിയാണ്. അങ്ങനെ ഞാൻ അവരുമായി കൂട്ടായി.
മൂന്നാഴ്ചയോളം നീണ്ട എന്റെ നാട്ടിൽപ്പോക്കു കഴിഞ്ഞു അന്ന് ഞാൻ പതിവുപോലെ പാർക്കിൽ നടക്കാൻ പോയതാണ്. നടത്തം കഴിഞ്ഞു ബെഞ്ചിൽ ഇരിപ്പുറപ്പിച്ചപ്പോളാണ് ഞാൻ അയാളെ കാണുന്നത്. ഇന്നയാൾ ഒറ്റയ്ക്കാണ്. മൂന്നാഴ്ച കൊണ്ട് അയാൾക്ക്‌ എന്തൊക്കെയോ മാറ്റം പോലെ, തളർച്ച ബാധിച്ചവനെ പോലെ.
"ഇന്ന് ചേച്ചി വന്നില്ലേ ?" ഞാൻ അയാളോട് ചോദിച്ചു.
"അവൾക്കു എന്തോ ഒരു വയ്യായ്ക പോലെ, വരണില്ലാന്ന് പറഞ്ഞു"
അതും പറഞ്ഞു അയാൾ ദീർഘനിശ്വാസം എടുത്തു.
"അല്ലേലും ഇനി ഈ നടപ്പൊക്കെ എത്ര നാളത്തേക്കാ"
ഒന്നും മനസ്സിലാവാത്ത പോലെ ഞാൻ അയാളെ നോക്കി.
"എന്റെ ജീവിതത്തിന്റെ എക്സ്പിയറി ഡേറ്റ് ആവാറായി കുട്ടി, ഇടയ്ക്കിടയ്ക്ക് പനിയും ചുമയും വിട്ടുമാറാതെ വന്നപ്പോളാ ഞാൻ ഒരു ഡോക്ടറിനെ കണ്ടത്. കൊറേ ടെസ്റ്റും കൂട്ടവും ഒക്കെ ചെയ്തു റിസൾട്ട് വന്നപ്പോളാ പറയുന്നത് എനിക്ക് ലാങ് കാൻസർ ആണെന്ന്, ഇനി അധിക കാലമൊന്നും നോക്കണ്ടാന്ന ഡോക്ടർ പറയുന്നത് "
ഒരല്പം കിതച്ചാണ് അയാൾ അത്രയും പറഞ്ഞു നിർത്തിയത്. എന്താ പറയേണ്ടത് എന്നറിയാത്ത ഞാൻ നിലത്തു നോട്ടമുറപ്പിച്ചിരുന്നു.
"എന്റെ കുഞ്ഞു ജനിക്കണതിനു മുന്നേ അങ്ങ് പോണം അത്രയേ ഉള്ളു, കുഞ്ഞിന്റെ കളിചിരിയും കൊഞ്ചലും ഒക്കെ കണ്ടാ പിന്നെ എനിക്ക്...."
അയാൾ ആ വാചകം മുഴുമിപ്പിച്ചില്ല. എന്നോട് യാത്ര പറഞ്ഞു പതുക്കെ നടന്നകന്നു. ഞാൻ എത്ര നേരം പിന്നീട ബെഞ്ചിൽ അങ്ങനെ ഇരുന്നു എന്നെനിക്കറിയില്ല. എങ്ങനെയൊക്കെയോ നടന്നു തിരികെ ഞാൻ വീട്ടിലെത്തി. മനസ്സു നിറയെ ആ ഭാര്യയുടെയും ഭർത്താവിന്റെയും മുഖമായിരുന്നു. ഭാര്യക്ക് വേണ്ടി സംസാരിക്കുന്ന ഭർത്താവ്.
പിന്നീട് കുറച്ചു നാളത്തേക്ക് ഞാൻ പാർക്കിലേക്ക് പോയില്ല. അയാളുടെ മുഖം കാണാൻ എനിക്കെന്തോ ധൈര്യമില്ലാത്ത പോലെ. അതെന്നെ കാൻസർ ടെസ്റ്റിന്റെ റിസൾട്ടും വാങ്ങി തിരികെ വന്ന എന്റെ അച്ഛന്റെ മുഖം ഓർമിപ്പിച്ചു.
കണ്ണിൽ നിന്നും വെളിച്ചം മറയാൻ തുടങ്ങുന്നു എന്നറിഞ്ഞ ആളിന് ചുറ്റുമുള്ള കാഴ്ചകൾക്ക് അതുവരെ ഇല്ലാത്ത ഒരു സൗന്ദര്യം അനുഭവപ്പെടും. ഒരു കുഞ്ഞിനെ പെറ്റുപോറ്റുവാൻ കഴിയില്ലായെന്നറിയുന്ന സ്ത്രീക്ക് ഒരു കുഞ്ഞിന്റെ പുഞ്ചിരി കൂടുതൽ വശ്യമായി തോന്നും. അവസാന നാളുകൾ എണ്ണി കഴിയുന്ന ഒരു മനുഷ്യന് ദൈവം തന്ന ഈ ജീവിതം ഒരു സൗഭാഗമായി തോന്നും. ചിലതു നഷ്ടപ്പെടുമ്പോളാണല്ലോ അതിന്റെ മൂല്യം നാം കൂടുതൽ അറിയുക.
സ്വത്തും പണവും പകുത്തു കൊടുക്കുന്നപോലെ നമ്മുടെ ആയുസ്സും പങ്കു വെയ്ക്കുവാൻ സാധിച്ചിരുന്നെങ്കിൽ നമുക്ക് പ്രിയ്യപ്പെട്ട ചിലർ ഇന്നും നമ്മളോടൊപ്പം ഉണ്ടായേനെ. അവിടെയാണല്ലോ നമ്മൾ മനുഷ്യർ തീർത്തും നിസ്സഹായരാവുക.

Anjali Kini

നൊമ്പരം

സൂപ്പർ മാർക്കറ്റിലെ പാക്ക് ചെയ്തു വെച്ച പച്ചക്കറി കിറ്റുകൾ ബാസ്കറ്റിൽ നിക്ഷേപിച്ചു ബില്ലിംഗ് സെക്ഷനിലേക്കു നടക്കുമ്പോൾ എതിരെ വന്ന ആളിനെ കണ്ടു അനുപമ ബ്രേക്ക് ഇട്ടതു പോലെ നിന്നു. അക്ഷയ ചേച്ചി, രണ്ടു പേരും മുഖത്തോടു മുഖം നോക്കി നിന്നു. നീണ്ട പതിനഞ്ചു വര്ഷങ്ങള്ക്കു ശേഷം കാണുകയാണവർ. അനുവും അച്ചുവും.
ഒരു പറമ്പു രണ്ടായി വീതിച്ചു രണ്ടു വീടുകൾ. ഒന്നിൽ അനുവും കുടുംബവും മറ്റേതിൽ അച്ചുവും കുടുംബവും ആണ് താമസിച്ചു പോന്നിരുന്നത്. അനുവിന്റെ അമ്മയുടെ ചേച്ചിയുടെ മകളായിരുന്നു അനുവിനേക്കാൾ രണ്ടു വയസ്സിനു മൂത്ത അച്ചു.
പതിവുപോലെ സ്കൂൾ വിട്ടു വന്നു ബാഗ് എങ്ങോട്ടോ വലിച്ചെറിഞ്ഞു അച്ചുവിന്റെ വീട്ടിലേക്കു ഓടാൻ നിൽക്കുവാരുന്നു അനു.
"എങ്ങോട്ടാ ചാടി തുള്ളി ?"
"ഞാൻ വല്യമ്മടെ അവിടേക്കു, ഇന്ന് വലിയമ്മ ഇലയട ഉണ്ടാക്കും അമ്മാ"
"അവളുടെ ഒരു ഇലയട നാണമില്ലെടി അവിടേം ഇവടേം പോയി തെണ്ടി തിന്നാൻ, മര്യാദക്ക് ഇവിടെ എവിടെങ്കിലും അടങ്ങി ഒതുങ്ങി ഇരുന്നോ"
അനുവിന് സങ്കടം വന്നു ഈ അമ്മയ്ക്കിതെന്തു പറ്റി, സ്കൂൾ വിട്ടു വന്നാൽ വല്യമ്മടെ അവിടേക്കുള്ള പോക്ക് സ്ഥിരമുള്ളതാണ്.'അമ്മ ചായയുടെ കൂടെ ബ്രേഡോ ബിസ്‌ക്യൂയിട്ടോ കൊണ്ട് ഒപ്പിക്കുമ്പോൾ വല്യമ്മടെ അവിടെ കുശാലാണ് ചിലപ്പോ ഉള്ളി മൂപ്പിച്ച ചോറാവും അല്ലെങ്കിൽ നല്ല കാച്ചിലോ മരച്ചീനിയോ പുഴുങ്ങിയതും കൂടെ കാന്താരിയും തേങ്ങയും ഉപ്പും ചേർത്തരച്ച ചമ്മന്തിയും. ഇന്ന് ഇലയട ആണെന്ന് അച്ചുചേച്ചി പറയുകേം ചെയ്തതാ. ഇലയടെടെ സ്വാദ് നാവിന്തുമ്പിലങ്ങനെ നിൽക്കുമ്പോളാണ് 'അമ്മ പോവണ്ടാന്ന് പറഞ്ഞത്. പെട്ടെന്നാണ് അനുവിന് വേറെ ഒരു കാര്യം ഓര്മ വന്നത്. സ്കൂൾ വിട്ടു വരുന്ന വഴി നിറയെ തല്ലിപ്പൊട്ടി തേങ്ങാ കിട്ടിയതായിരുന്നു തന്റെ പങ്കും കൂടി ചേർത്ത് എല്ലാം അച്ചുചേച്ചിയുടെ കയ്യിലാണുള്ളത് വൈകിട്ട് ചെല്ലുമ്പോൾ പങ്കു വെയ്ക്കണമെന്ന് പ്ലാൻ ചെയ്തിരിക്കുകയായിരുന്നു.
അനു പതുക്കെ അടുക്കളയിലേക്കു വച്ചുപിടിച്ചു. 'അമ്മ തിരക്കിട്ട പണിയിലാണ്. രണ്ടുമൂന്നു തവണ വെള്ളമെടുക്കാനെന്ന നാട്യത്തിലവൾ അമ്മയെ ചുറ്റിപ്പറ്റി നിന്നു, 'അമ്മ ഗൗനിക്കുന്നില്ലായെന്നു കണ്ടപ്പോൾ അവൾ പതിയെ ചോദിച്ചു,
"'അമ്മ ന്ന ഞാൻ അച്ചുചേച്ചിടെ കൂടെ കളിക്കാൻ പോവട്ടെ ?"
"ഈ വീടിനു പുറത്തിറങ്ങിയാൽ മുട്ടുകാല് ഞാൻ തല്ലിയൊടിക്കും പറഞ്ഞേക്കാം "
'അമ്മ രണ്ടും കൽപ്പിച്ചാണ്, ഈ 'അമ്മ ഇന്ന് വല്ലാത്തൊരമ്മയാണ്. ഇലയട, തല്ലിപൊട്ടിത്തേങ്ങ മോഹങ്ങൾ ഒക്കെ തവിടുപൊടിയായി. അനുവിന് വലിയ വായിൽ കരയാൻ തോന്നി.
പിറ്റേന്നു സ്കൂളിൽ പോവാൻ ഒരുങ്ങി ഇറങ്ങിയപ്പോളാണ് 'അമ്മ പറഞ്ഞത് ഇനി മുതൽ അച്ഛൻ സ്കൂളിൽ കൊണ്ട് വിടുമത്രേ. സാധാരണ അച്ചുചേച്ചിയോടൊപ്പമാണ് യാത്ര. സ്കൂളിൽ എത്തിയ ഉടനെ അച്ചുചേച്ചിയുടെ ക്ലാസ്സിലേക്ക് ഓടി.
"നിന്നോട് മിണ്ടാനോ അങ്ങോട്ട് വരാനോ പാടില്ലാന്നു എന്നോടും പറഞ്ഞു 'അമ്മ "
അച്ചു സങ്കടത്തോട് പറഞ്ഞു നിർത്തി. രണ്ടു അമ്മമാർക്കും എന്താ പറ്റിയെതെന്നോർത്തു ആ രണ്ടുപെൺകുട്ടികളും കണ്ണീർവാർത്തു.
വീടിനടുത്തുള്ള പറമ്പു ഭാഗം വെയ്ക്കുന്നത് സംബന്ധിച്ചാണ് ഇരു വീട്ടുകാരും തമ്മിൽ തെറ്റിയത്. അതിനെ ചൊല്ലി വഴക്കുകൾ സ്ഥിരമായി. ഇരുവീട്ടുകാർക്കും അങ്ങോട്ടും ഇങ്ങോട്ടും കണ്ടുകൂടാതെയായി. ഇരുവീടുകളെയും വേർതിരിച്ചുകൊണ്ടു ഒരു മതിൽ ഉയർന്നുവന്നു, വീടുകളെയെന്നപോലെ വീട്ടുകാരുടെ മനസ്സിലും ആ മതിലുയർന്നു. പക്ഷെ നിഷ്കളങ്കരായ ആ ബാലികമാരെ മുതിർന്നവർ തമ്മിലുള്ള വഴക്കു ബാധിച്ചില്ല സ്കൂളിൽ അവർ ഒന്നായി കയ്യ് കോർത്ത് നടന്നു.
അങ്ങനെ ഇരിക്കുമ്പോളാണ് അച്ചുവിന്റെ കുടുംബം വീടും സ്ഥലവും വിൽക്കുന്നത്. അച്ചുവിന്റെ അച്ഛൻ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് പോകുകയാണത്രെ അവർ. സ്കൂളിൽ വെച്ച് കണ്ടപ്പോൾ അച്ചു അനുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ടാണ് യാത്ര ചോദിച്ചത്. അന്ന് അവസാനമായി കണ്ടതാണ്.
പ്രായം ഒട്ടേറെ മാറ്റങ്ങൾ വരുത്തിയെങ്കിലും ഇരുവരുടെയും മനസ്സിലെ സ്നേഹം ഹൃദയത്തിന്റെ ഒരു കോണിൽ മായാതെ ബാക്കി നിൽപ്പുണ്ടായിരുന്നു. അനു അച്ചുവിനെ വീട്ടിലേക്കു ക്ഷണിച്ചു. പറഞ്ഞു തീർക്കാൻ ഒട്ടേറെ വിശേഷങ്ങൾ ഉണ്ടവർക്കു. മുതിർന്നവരുടെ വാശിയിലും വഴക്കിലും പെട്ടകന്നു പോയ അനുവും അച്ചുവും കയ്യ് കോർത്ത് പിടിച്ചു പതുക്കെ നടന്നകന്നു.
പ്രിയ എഴുത്തുകാരൻ തകഴി ഒരിക്കൽ എഴുതിയതോർക്കുന്നു,
"ഗർഭപാത്രം വഴിയമ്പലമാണ്! ഒരാൾ വന്നു കിടന്നുപോയി . പിന്നൊരാൾ വന്നു കിടന്നുപോയി. ആ വഴിയമ്പലത്തിനു ഒരു രജിസ്റ്റർ ഉണ്ട്. ആ രജിസ്റ്റർ സഹോദരത്വം എന്ന പേരിൽ അറിയപ്പെടുന്നു"
എല്ലാം മറന്നു സ്വത്തിന്റെയും പണത്തിന്റെയും കണക്കു പറഞ്ഞു മുതിർന്നവർ തമ്മിലടിച്ചു പിരിയുമ്പോൾ കാണാതെപോകുന്ന ഒന്നുണ്ട് നിഷ്കളങ്കരായ കുട്ടികളുടെ മനസ്സിലേ നൊമ്പരം. അതുവരെ കൂടെ കളിച്ചു ചിരിച്ചു നടന്ന കൂട്ടുകാരി പെട്ടെന്ന് ആരുമല്ലാതായി തീരുമ്പോഴുള്ള ആ നൊമ്പരം.

Anjali

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo