സൂപ്പർ മാർക്കറ്റിലെ പാക്ക് ചെയ്തു വെച്ച പച്ചക്കറി കിറ്റുകൾ ബാസ്കറ്റിൽ നിക്ഷേപിച്ചു ബില്ലിംഗ് സെക്ഷനിലേക്കു നടക്കുമ്പോൾ എതിരെ വന്ന ആളിനെ കണ്ടു അനുപമ ബ്രേക്ക് ഇട്ടതു പോലെ നിന്നു. അക്ഷയ ചേച്ചി, രണ്ടു പേരും മുഖത്തോടു മുഖം നോക്കി നിന്നു. നീണ്ട പതിനഞ്ചു വര്ഷങ്ങള്ക്കു ശേഷം കാണുകയാണവർ. അനുവും അച്ചുവും.
ഒരു പറമ്പു രണ്ടായി വീതിച്ചു രണ്ടു വീടുകൾ. ഒന്നിൽ അനുവും കുടുംബവും മറ്റേതിൽ അച്ചുവും കുടുംബവും ആണ് താമസിച്ചു പോന്നിരുന്നത്. അനുവിന്റെ അമ്മയുടെ ചേച്ചിയുടെ മകളായിരുന്നു അനുവിനേക്കാൾ രണ്ടു വയസ്സിനു മൂത്ത അച്ചു.
പതിവുപോലെ സ്കൂൾ വിട്ടു വന്നു ബാഗ് എങ്ങോട്ടോ വലിച്ചെറിഞ്ഞു അച്ചുവിന്റെ വീട്ടിലേക്കു ഓടാൻ നിൽക്കുവാരുന്നു അനു.
"എങ്ങോട്ടാ ചാടി തുള്ളി ?"
"ഞാൻ വല്യമ്മടെ അവിടേക്കു, ഇന്ന് വലിയമ്മ ഇലയട ഉണ്ടാക്കും അമ്മാ"
"അവളുടെ ഒരു ഇലയട നാണമില്ലെടി അവിടേം ഇവടേം പോയി തെണ്ടി തിന്നാൻ, മര്യാദക്ക് ഇവിടെ എവിടെങ്കിലും അടങ്ങി ഒതുങ്ങി ഇരുന്നോ"
അനുവിന് സങ്കടം വന്നു ഈ അമ്മയ്ക്കിതെന്തു പറ്റി, സ്കൂൾ വിട്ടു വന്നാൽ വല്യമ്മടെ അവിടേക്കുള്ള പോക്ക് സ്ഥിരമുള്ളതാണ്.'അമ്മ ചായയുടെ കൂടെ ബ്രേഡോ ബിസ്ക്യൂയിട്ടോ കൊണ്ട് ഒപ്പിക്കുമ്പോൾ വല്യമ്മടെ അവിടെ കുശാലാണ് ചിലപ്പോ ഉള്ളി മൂപ്പിച്ച ചോറാവും അല്ലെങ്കിൽ നല്ല കാച്ചിലോ മരച്ചീനിയോ പുഴുങ്ങിയതും കൂടെ കാന്താരിയും തേങ്ങയും ഉപ്പും ചേർത്തരച്ച ചമ്മന്തിയും. ഇന്ന് ഇലയട ആണെന്ന് അച്ചുചേച്ചി പറയുകേം ചെയ്തതാ. ഇലയടെടെ സ്വാദ് നാവിന്തുമ്പിലങ്ങനെ നിൽക്കുമ്പോളാണ് 'അമ്മ പോവണ്ടാന്ന് പറഞ്ഞത്. പെട്ടെന്നാണ് അനുവിന് വേറെ ഒരു കാര്യം ഓര്മ വന്നത്. സ്കൂൾ വിട്ടു വരുന്ന വഴി നിറയെ തല്ലിപ്പൊട്ടി തേങ്ങാ കിട്ടിയതായിരുന്നു തന്റെ പങ്കും കൂടി ചേർത്ത് എല്ലാം അച്ചുചേച്ചിയുടെ കയ്യിലാണുള്ളത് വൈകിട്ട് ചെല്ലുമ്പോൾ പങ്കു വെയ്ക്കണമെന്ന് പ്ലാൻ ചെയ്തിരിക്കുകയായിരുന്നു.
അനു പതുക്കെ അടുക്കളയിലേക്കു വച്ചുപിടിച്ചു. 'അമ്മ തിരക്കിട്ട പണിയിലാണ്. രണ്ടുമൂന്നു തവണ വെള്ളമെടുക്കാനെന്ന നാട്യത്തിലവൾ അമ്മയെ ചുറ്റിപ്പറ്റി നിന്നു, 'അമ്മ ഗൗനിക്കുന്നില്ലായെന്നു കണ്ടപ്പോൾ അവൾ പതിയെ ചോദിച്ചു,
"'അമ്മ ന്ന ഞാൻ അച്ചുചേച്ചിടെ കൂടെ കളിക്കാൻ പോവട്ടെ ?"
"ഈ വീടിനു പുറത്തിറങ്ങിയാൽ മുട്ടുകാല് ഞാൻ തല്ലിയൊടിക്കും പറഞ്ഞേക്കാം "
'അമ്മ രണ്ടും കൽപ്പിച്ചാണ്, ഈ 'അമ്മ ഇന്ന് വല്ലാത്തൊരമ്മയാണ്. ഇലയട, തല്ലിപൊട്ടിത്തേങ്ങ മോഹങ്ങൾ ഒക്കെ തവിടുപൊടിയായി. അനുവിന് വലിയ വായിൽ കരയാൻ തോന്നി.
പിറ്റേന്നു സ്കൂളിൽ പോവാൻ ഒരുങ്ങി ഇറങ്ങിയപ്പോളാണ് 'അമ്മ പറഞ്ഞത് ഇനി മുതൽ അച്ഛൻ സ്കൂളിൽ കൊണ്ട് വിടുമത്രേ. സാധാരണ അച്ചുചേച്ചിയോടൊപ്പമാണ് യാത്ര. സ്കൂളിൽ എത്തിയ ഉടനെ അച്ചുചേച്ചിയുടെ ക്ലാസ്സിലേക്ക് ഓടി.
"നിന്നോട് മിണ്ടാനോ അങ്ങോട്ട് വരാനോ പാടില്ലാന്നു എന്നോടും പറഞ്ഞു 'അമ്മ "
അച്ചു സങ്കടത്തോട് പറഞ്ഞു നിർത്തി. രണ്ടു അമ്മമാർക്കും എന്താ പറ്റിയെതെന്നോർത്തു ആ രണ്ടുപെൺകുട്ടികളും കണ്ണീർവാർത്തു.
അച്ചു സങ്കടത്തോട് പറഞ്ഞു നിർത്തി. രണ്ടു അമ്മമാർക്കും എന്താ പറ്റിയെതെന്നോർത്തു ആ രണ്ടുപെൺകുട്ടികളും കണ്ണീർവാർത്തു.
വീടിനടുത്തുള്ള പറമ്പു ഭാഗം വെയ്ക്കുന്നത് സംബന്ധിച്ചാണ് ഇരു വീട്ടുകാരും തമ്മിൽ തെറ്റിയത്. അതിനെ ചൊല്ലി വഴക്കുകൾ സ്ഥിരമായി. ഇരുവീട്ടുകാർക്കും അങ്ങോട്ടും ഇങ്ങോട്ടും കണ്ടുകൂടാതെയായി. ഇരുവീടുകളെയും വേർതിരിച്ചുകൊണ്ടു ഒരു മതിൽ ഉയർന്നുവന്നു, വീടുകളെയെന്നപോലെ വീട്ടുകാരുടെ മനസ്സിലും ആ മതിലുയർന്നു. പക്ഷെ നിഷ്കളങ്കരായ ആ ബാലികമാരെ മുതിർന്നവർ തമ്മിലുള്ള വഴക്കു ബാധിച്ചില്ല സ്കൂളിൽ അവർ ഒന്നായി കയ്യ് കോർത്ത് നടന്നു.
അങ്ങനെ ഇരിക്കുമ്പോളാണ് അച്ചുവിന്റെ കുടുംബം വീടും സ്ഥലവും വിൽക്കുന്നത്. അച്ചുവിന്റെ അച്ഛൻ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് പോകുകയാണത്രെ അവർ. സ്കൂളിൽ വെച്ച് കണ്ടപ്പോൾ അച്ചു അനുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ടാണ് യാത്ര ചോദിച്ചത്. അന്ന് അവസാനമായി കണ്ടതാണ്.
പ്രായം ഒട്ടേറെ മാറ്റങ്ങൾ വരുത്തിയെങ്കിലും ഇരുവരുടെയും മനസ്സിലെ സ്നേഹം ഹൃദയത്തിന്റെ ഒരു കോണിൽ മായാതെ ബാക്കി നിൽപ്പുണ്ടായിരുന്നു. അനു അച്ചുവിനെ വീട്ടിലേക്കു ക്ഷണിച്ചു. പറഞ്ഞു തീർക്കാൻ ഒട്ടേറെ വിശേഷങ്ങൾ ഉണ്ടവർക്കു. മുതിർന്നവരുടെ വാശിയിലും വഴക്കിലും പെട്ടകന്നു പോയ അനുവും അച്ചുവും കയ്യ് കോർത്ത് പിടിച്ചു പതുക്കെ നടന്നകന്നു.
പ്രിയ എഴുത്തുകാരൻ തകഴി ഒരിക്കൽ എഴുതിയതോർക്കുന്നു,
"ഗർഭപാത്രം വഴിയമ്പലമാണ്! ഒരാൾ വന്നു കിടന്നുപോയി . പിന്നൊരാൾ വന്നു കിടന്നുപോയി. ആ വഴിയമ്പലത്തിനു ഒരു രജിസ്റ്റർ ഉണ്ട്. ആ രജിസ്റ്റർ സഹോദരത്വം എന്ന പേരിൽ അറിയപ്പെടുന്നു"
എല്ലാം മറന്നു സ്വത്തിന്റെയും പണത്തിന്റെയും കണക്കു പറഞ്ഞു മുതിർന്നവർ തമ്മിലടിച്ചു പിരിയുമ്പോൾ കാണാതെപോകുന്ന ഒന്നുണ്ട് നിഷ്കളങ്കരായ കുട്ടികളുടെ മനസ്സിലേ നൊമ്പരം. അതുവരെ കൂടെ കളിച്ചു ചിരിച്ചു നടന്ന കൂട്ടുകാരി പെട്ടെന്ന് ആരുമല്ലാതായി തീരുമ്പോഴുള്ള ആ നൊമ്പരം.
Anjali

😍👌👌👍👍
ReplyDelete