
സംഭവം നടക്കുന്നത് കുറേ കുറേ വർഷം മുന്നേയാണ്.കൃത്യമായി പറഞ്ഞാൽ ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം.
ശരിക്കും ഞാൻ അന്ന് വെറും പാവമായിരുന്നു. മുറ്റത്തിരുന്നു കളിക്കുന്നതിന്റെ ഇടയിൽ റോഡിലൂടെ പോവുന്നവരെ ഒളിച്ചിരുന്നു വിളിക്കും, അവർ അവിടെ നിന്നു വിളിച്ചവരെ തിരയുമ്പോൾ ഒന്നും അറിയാത്ത ഭാവത്തിൽ അനിയത്തിയോടൊപ്പം കളിക്കും. അങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾ. സത്യായിട്ടും ഞാൻ കുരുത്തക്കേട് കളിക്കാറെ ഇല്ല.
അന്നൊക്കെ സ്കൂൾ വിട്ടു വന്നാൽ വീട്ടിൽ എന്നെ കണി കാണാൻ കിട്ടാറില്ലായിരുന്നു. ആ ഏരിയയിലെ എല്ലാ കുട്ടിപട്ടാളത്തെയും ഓരോ കളിയുടെ പേരും പറഞ്ഞു പ്രലോഭിപ്പിച്ചു പുറത്തു ചാടിച്ചു കളിച്ചു മദിക്കും. കൂടടങ്ങുന്നത് സന്ധ്യാവിളക്ക് വെക്കാൻ നേരം. പിന്നെ നാമം ചൊല്ലി പഠിക്കാൻ ഇരിക്കും. അതിനിടയിൽ അനിയത്തിയുമായി യുദ്ധം വേറെയും.
അങ്ങനെ അന്നും ഈ പരിപാടികൾ ഒക്കെ കഴിഞ്ഞു ചോറുണ്ണാൻ ഇരുന്നു. അമ്മ,മാമൻ ഇളയമ്മ, അമ്മമ്മ (അമ്മയുടെ രണ്ടാനമ്മ ആയിരുന്നു.അതു കൊണ്ട് ഒരു ഇത്തിരി ദേഷ്യം കൂടുതലാണ് ആൾക്ക്) പിന്നെ ഞാൻ അനിയത്തി. അന്ന് വീട്ടിൽ എല്ലാരും അടുക്കളയിൽ നിലത്തു ഇരുന്നായിരുന്നു ഭക്ഷണം കഴിക്കാറു. ഈ അമ്മമ്മ ആണ് വിളമ്പുക.
ഇരുന്നിടത്തു നിന്നും എഴുന്നേറ്റു പോകാതെ ഇരിക്കുന്ന പലകയിൽ നിന്നും മെല്ലെ ഉയർന്നു ചോറും കറിയും ഓരോന്ന് എടുത്തു വെക്കും വീണ്ടും പലകയിൽ ഇരിക്കും..
ഈ സമയത്ത് എന്റെ മാമൻ അമ്മമ്മ മെല്ലെ നീങ്ങുമ്പോൾ പലക വലിക്കും, ഇരിക്കാറായി എന്നു തോന്നുമ്പോൾ പലക നീക്കി യാഥാസ്ഥാനത്ത് വെക്കും.ഞാനതു കൗതുകത്തോടെ നോക്കിയിരിക്കും.
അന്ന് രാത്രി ഭക്ഷണ സമയത്തു മാമൻ ഇരിക്കുന്ന സ്ഥാനത്ത് ഞാനായിരുന്നു ഇരുന്നത്.അമ്മമ്മ വിളമ്പി തുടങ്ങി.ഇടക്കു കറി ചട്ടി എടുക്കാൻ ഉയർന്നതും ഞാൻ പലക മെല്ലെ വലിച്ചു. തിരിച്ചു വെച്ചുകൊടുക്കുന്നതിന്റെ ടൈമിംഗ് തെറ്റിയതും അമ്മമ്മ മലർന്നടിച്ചു നിലത്തേക്കു വീണു..
ചട്ടിയിലെ മീൻകറി മുഴുവൻ തലയിലും മുഖത്തും, ആകെ ഒരു മഞ്ഞൾപ്രസാദം
ഫ്രണ്ട്സ് മൂവിയിലെ ജനാർദനൻ അഭിനയിച്ച കഥാപാത്രം കുമ്മായപ്പൊടിയിൽ മുങ്ങിക്കുളിച്ചുകിടക്കുന്ന സീൻകണ്ടിട്ടില്ലേ..
ഏതാണ്ട് അതുപോലെതന്നെ.
ഏതാണ്ട് അതുപോലെതന്നെ.
എല്ലാരും ഞെട്ടി ചാടി എഴുന്നേറ്റു അമ്മമ്മയെ പിടിച്ചു എഴുന്നേൽപ്പിച്ചു. മഞ്ഞകറിയിൽ കുളിച്ചു നിൽക്കുന്ന ആ രൂപം കണ്ടു എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല ,തലതല്ലി ചിരിക്കുന്ന എന്നെ കണ്ടപ്പോൾ അമ്മയുടെ ബിപി കൂടി കൂടി അതു എന്നെ തല്ലുന്നതിലേക്കും, ഒടുവിൽ കലി തീരാതെ കണ്ണിൽ മുളക് തേക്കുന്നതിലും കൊണ്ടെത്തിച്ചു.
അടിയും കിട്ടി മുളകിന്റെ എരിവും കൊണ്ട് വലിയ വായിൽ നില വിളിക്കുന്നതിനിടയിലും കറിയിൽ മുങ്ങി കുളിച്ചു നിൽക്കുന്ന ആ രൂപത്തെ ഓർത്തു എനിക്കു ചിരിയടക്കാനായില്ല.
ഞാൻ വേറെ ഒന്നും ചെയ്തില്ല...
അതിനാ അവരെന്നെ കണ്ണിൽ മുളക് തേച്ചത്
അതിനാ അവരെന്നെ കണ്ണിൽ മുളക് തേച്ചത്
By Sini Sreejith
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക