Slider

ചിതയെരിയുമ്പോൾ.

0
Image may contain: 2 people, text

വലിയൊരു ഇരമ്പലോടുകൂടെ വിമാനം നിലത്തു നിന്നു മുകളിലേക്കുയർന്നപ്പോൾ
ഇടതുവശത്തെ ജനലിലൂടെ പുറത്തേക്കുള്ള കാഴ്ചയിൽ അതുവരെ കണ്ടിരുന്ന പച്ചപ്പുകളും കെട്ടിടങ്ങളും വഴികളുമെല്ലാം
നിമിഷനേരം കൊണ്ട് പിന്നിലേക്ക് മാഞ്ഞു പോയിരുന്നു...
ഇപ്പോൾ താഴെ നീലനിറത്തിൽ കടൽ മാത്രമായി കാഴ്ച.
കാറ്റിനോടൊപ്പം തത്തിക്കളിക്കുന്ന നീലനിറത്തിലെ ജലത്തിലേക്ക് സൂക്ഷിച്ചു നോക്കുമ്പോൾ
ചുവന്ന പട്ടിൽ പൊതിഞ്ഞ ഒരു മൺകുടം ഒഴുകി നടക്കുന്നുണ്ടോ...
അതിൽ നിന്നു രണ്ടു മിഴികൾ തന്നെ നോക്കി "മകനെ.. പൊയ്ക്കൊള്ളുക ഇനി എൻ രോഗാവസ്ഥ തൻ വേദനയോർത്ത് സങ്കടപ്പെടേണ്ടതില്ല നീ.... "
എന്ന് യാത്ര ചൊല്ലുന്നുണ്ടാകുമോ..
തന്റെ കണ്ണുകൾ പതിയെ അടയ്ക്കുമ്പോഴേക്കും മനസ്സ് ഓർമ്മകളിലേക്ക് പോകുകയായിരുന്നു...
" ഇനി ആരെങ്കിലും കാണുവാൻ ഉണ്ടോ "
കർമ്മിയുടെ ശബ്ദം...
മുൻപൊരിക്കൽ ഇതു കേട്ടപ്പോൾ അടച്ചിരുന്ന കണ്ണുകൾ പെട്ടെന്ന് തുറന്ന് നോക്കിയതാണ്... അല്ലെങ്കിൽ കുറച്ച് നിമിഷങ്ങൾക്കകം ആ മുഖം വെള്ളത്തുണികൊണ്ട് മൂടപ്പെടും...
പിന്നൊരിക്കലും കാണുവാൻ കഴിയില്ലല്ലോ എന്നോർത്ത് ഇമവെട്ടാതെ നോക്കി നിൽക്കുകയായിരുന്നു...
മിഴിനീർ നിറഞ്ഞ കാഴ്ചയിലൂടെ....
ശ്മശാനത്തിലെ ആ ചെറിയ മുറിയിലെ ചുമരുകളെല്ലാം കരി കൊണ്ട് മൂടിയും ചിലയിടത്തെല്ലാം ചുമരിലെ സിമന്റ് ചൂട് കാരണം പൊട്ടിയടർന്ന് താഴെ വീണും കിടക്കുന്നുണ്ട്...
അഗർബത്തിയുടേയും അരളിയും പിച്ചിയും പൂക്കളുടേയുമെല്ലാം കലർന്നൊരു ഗന്ധമായിരുന്നതിനകത്ത്...
ആകെ രണ്ടു പേർക്കുള്ള ചിതയൊരുക്കാനുള്ള സൗകര്യമേ അതിനകത്തുള്ളു...
അതിലൊന്നിൽ തലേന്നു കഴിഞ്ഞ ഒരു ചിതയിൽ കുറെ ചാമ്പലും അതിൽ നിന്നുള്ള ചെറിയ പുകയും മുകൾവശത്ത് നടുക്കായുള്ള പുക കുഴലിലൂടെ പുറത്തേക്ക് പോകുന്നത് അവിടെ നിന്ന് സൂര്യപ്രകാശം താഴേക്ക് വരുന്നത് കാരണം കാണാൻ കഴിയുന്നുണ്ട്....
എത്രയോ ആൾക്കാരുടെ ജീവിതയാത്ര അവസാനിച്ചത് ഇവിടെയായിരിക്കാം....
ജീവിച്ച് കൊതി തീർന്നവർ...
അകാലത്തിൽ പൊലിഞ്ഞു പോയവർ.... അങ്ങനെയങ്ങനെ...
നേടിയെടുത്തതും വെട്ടിപിടിച്ചതും എല്ലാം ഉപേക്ഷിച്ചു കുറെ ഓർമ്മകൾ മാത്രം കൈവശമെടുത്തു കൊണ്ട് വെറും പുകച്ചുരുളുകളായി ആ യാത്ര അവസാനിക്കുന്നു....
നാളെ എന്റെയും യാത്ര ഇതുവരെ തന്നെയാണ് അല്ലേ.....
ഒരുപാട് ആളുകൾ ചുറ്റും കൂടി നിൽക്കുന്നുണ്ട് പക്ഷേ ആരും ഒന്നും സംസാരിക്കുന്നില്ല വല്ലാത്തൊരു നിശബ്ദതയാണവിടെ...
കാറ്റു വീശുന്ന നേർത്തൊരു ശബ്ദം വ്യക്തമായി അറിയാൻ കഴിയുന്നുണ്ട്....
ആ നിശബ്ദതയെ മുറിച്ച് കൊണ്ട് അടുത്തുള്ള പാളം വഴിഏതോ ട്രെയിൻ വളരെ പതിയെ കടന്നു പോകുമ്പോഴേക്കും...
ആ മുഖം വെള്ളത്തുണിയാൽ മൂടപ്പെട്ടു കഴിഞ്ഞിരുന്നു....
അതിനു മുകളിലായി ചെറുതും വലുതുമായി ഒരോ വിറകു കഷണങ്ങൾ അടുക്കി തുടങ്ങി....
ആ ശരീരത്തിന് വേദനിക്കുന്നുണ്ടാകുമോ... അറിയില്ല...
കണ്ടു നിൽക്കാൻ കഴിയുന്നില്ല...
എന്തു ചെയ്യാനാണ്...
ഒരു മകന്റെ കടമയാണ് ഇത്....
മകളെക്കാൾ മകനായിരിക്കണം മനസ്സിന് ധൈര്യമുണ്ടാകുക എന്നു കരുതി ആകുമോ പൂർവ്വികർ ഈയൊരു കർമ്മം മകനെ ഏൽപ്പിച്ചത്....
അതൊ മാതാപിതാക്കളെ മകളെപ്പോലെ അവസാന കാലത്ത് ശുശ്രൂഷിക്കാൻ മകന് കഴിയില്ല എന്നുള്ള തിരിച്ചറിവിന്റെ ശാപമോ...
അവസാനത്തെ വിറക് കഷണവും മുഖത്തിന് മുകളിലായി അടുക്കി കഴിഞ്ഞു...
ആ ശരീരം ഒരു വിറകുക്കൂമ്പാരത്തിനുള്ളിലായി മറഞ്ഞു...
ഇനി ഒരിക്കലും ആ മുഖം ഒന്നു കാണുവാൻ കഴിയുകയില്ല....
ആ കൈകൾ സ്നേഹത്തോടെ തന്നെ തലോടുകയില്ല....
മോനെ...എന്നുള്ള വിളി ഇനി ആ ശബ്ദത്തിലൂടെ കേൾക്കുകയില്ല....
തന്റെ തെറ്റുകൾക്ക് ഇനി അച്ഛന്റെ ശാസനയില്ല.....
ആ കൈകളിൽ നിന്നു കൊണ്ട തല്ലിനോടും ശാസനയോടും ഒരു കാലത്ത് തിരിച്ച് ദേഷ്യം തോന്നിയിരുന്നതിൽ ഒരായിരം മാപ്പ് ചോദിക്കുന്നു ഞാൻ....
അച്ഛന്റെ വഴക്കൊന്ന് കേൾക്കാൻ ആ തല്ലൊന്നു കൊള്ളാൻ ഇനി ഓർമ്മയിൽ മാത്രം......
ആരോ കൈകളിലേക്ക് വച്ചുതന്ന കൊതുമ്പിലെ ആഗ്രത്തിലെ തീ നാളം....
ആ ചിതയിലേക്ക് പകർന്നിട്ട് തന്റെ മക്കളെ മാറോട് ചേർത്ത് പിടിച്ച് അതിലേക്ക് നോക്കി നിൽക്കുമ്പോൾ....
തന്നെയും തന്റെ അച്ഛൻ ഒരിക്കൽ ഇതുപോലെ ചേർത്തു പിടിച്ചിരുന്ന സുരക്ഷിതമായ ആ കൈകൾ....
ഞാൻ പിടിച്ചു നടന്ന ആ വിരലുകൾ....
ചേർന്നു നിന്നിരുന്ന ആ ശരീരം....
തീയിൽ ഉരുകി ചേരുന്നത് കണ്ടു നിൽക്കേണ്ടി വരുന്ന മകന്റെ കടമ...
സംശയമില്ല... മകനായി പൂർവ്വികർ കാത്തു വച്ചത് ശാപം തന്നെയാകും....
തീയ് ആളിപ്പടർന്നിരുന്നു....
ആരൊക്കെയോ പിടിച്ച് ആംബുലൻസിലേക്ക് കയറി തിരികെ പോകാൻ തുടങ്ങുമ്പോൾ...
ശരീരം മാത്രമായിരുന്നെങ്കിൽ പോലും
ഇവിടേക്ക് വന്നപ്പോൾ കൂടെ ഉണ്ടായിരുന്നതിൽ ഒരാൾ ഇപ്പോൾ കൂടെ ഇല്ലല്ലോ...
"അയ്യോ... ദൈവമേ... അച്ഛൻ എവിടെ... അച്ഛനെ ഇവിടെ ഉപേക്ഷിച്ച് നമ്മൾ പോവുകയാണോ... അച്ഛൻ ഒറ്റയ്ക്കായി പോവുകയില്ലേ..." അതുവരെ പിടിച്ചു നിർത്തിയിരുന്ന ധൈര്യമെല്ലാം ചോർന്നു പോയി...
നമ്മൾ പോവുകയാണ് എന്നു പറഞ്ഞു വാവിട്ട് കരയുമ്പോഴേക്കും....
ചിതയെരിയുന്ന കാഴ്ച കണ്ണിൽ നിന്നും അകലുകയായിരുന്നു....
ഇന്നും ആ ശരീരത്തിന്റെ ശേഷിപ്പുകൾ അലിഞ്ഞു ചേർന്ന ആ സമുദ്രത്തിനിപ്പുറം
യാത്ര അവസാനിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും ഒന്നു കണ്ണടയ്ക്കുന്ന നിമിഷങ്ങളിൽ
ഈ മിഴികൾക്കുള്ളിലിരുന്ന് ആ..
'ചിതയെരിയുമ്പോൾ.....'
വിഷമം വേണ്ട....
ആത്മാക്കൾക്കായി ഒരു ലോകം ഉണ്ടെങ്കിൽ അച്ഛൻ അവിടെ കാത്തിരിക്കുന്നുണ്ടാകും നമ്മളൊക്കെ കാത്തിരുന്നത് പോലെ മരണത്തിനായി.....
ഇനി ഭയപ്പെടേണ്ടതില്ല എന്ന് മനസ്സ് മന്ത്രിക്കുന്നു....
ജെ.....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo