Slider

അവളും അമ്മയുടെ വേഷം അണിഞ്ഞു തുടങ്ങിയിരിക്കുന്നു

0
അമ്മയുടെ മരണ ശേഷമാണ് പെങ്ങളെ ശ്രദ്ധിയ്ക്കാൻ തന്നെ തുടങ്ങിയത്. അതുവരെ അവളുടെ കാര്യങ്ങൾ നോക്കാൻ അമ്മയ്ക്ക് പ്രത്യോകമൊരു ഉത്സാഹമായിരുന്നു. മൂത്ത മോനായ ഞാൻ തന്നെ ആ വീട്ടിലുള്ളതല്ലേയെന്ന് പലപ്പോഴും സംശയിച്ചിട്ടുണ്ട്.
പതിനെട്ടു വയസ്സു കഴിഞ്ഞ അവൾക്ക് ചില സമയങ്ങളിൽ ചോറു വാരിക്കൊടുക്കുന്നതു വരെ അമ്മയായിരുന്നു.
ഏറ്റവും ശ്രദ്ധ അവളുടെ മുടിയുടെ കാര്യത്തിലായിരുന്നു. എവിടെ നിന്നൊക്കെയോ കുറെ ഇലകളും പച്ചമരുന്നുകളും കൊണ്ടുവന്നു വീട്ടിൽത്തന്നെ അമ്മ എണ്ണ കാച്ചുമായിരുന്നു. ഒരു മണിക്കൂറെങ്കിലും അവളുടെ തലയിൽ എണ്ണ പുരട്ടി മുടി ചീകി കൊടുക്കും.
അമ്മ അവൾക്കൊരു താങ്ങും തണലുമായിരുന്നു.
അമ്മയുടെ പെട്ടെന്നുള്ള വിയോഗം അവളെ വല്ലാതെ തളർത്തി കളഞ്ഞു. എപ്പോഴും ഈറൻ പൊടിയുന്ന മിഴികൾ. അമ്മയുണ്ടായിരുന്നപ്പോൾ ചീകി ഒതുക്കി കെട്ടിവെച്ചിരിന്ന മുടി ഇന്ന് ചെമ്പിച്ചു പറന്നു നടക്കുന്നു. ശോകമൂകമായ ആ മുഖം കാണുമ്പോൾ തന്നെ ഹൃദയം പിടഞ്ഞു പോകും. എന്തു പറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയാതേ ...
അടുക്കളയിൽ അവൾ കയറുമ്പോൾ തന്നെ അമ്മ പറയും. ന്റെ കുട്ടി അവിടെ പോയിരുന്നോ. കരിയും പുകയും ക്കൊണ്ട് ന്റെ പൊന്നിന്റെ നിറം കെടണ്ട.
ഇതുക്കേട്ട് അച്ചൻ പലപ്പോഴും പാതി കാര്യമായും പാതി കളിയായും അമ്മയെ ശകാരിക്കുമായിരുന്നു.
നാളെ വേറൊരു വീട്ടിൽ ജീവിയ്ക്കണ്ട പെണ്ണ. നല്ല ഒരു ചായ ഇടാൻ പോലും അവൾക്കറിയില്ല. ഇങ്ങനെ മോളേ പുന്നാരിച്ചു വെച്ചിരിക്കുന്നൊരമ്മ. അവിടെ എന്തെങ്കിലും തെറ്റു കാണിച്ചാൽ വളർത്തു ദോഷമാണന്നെ പറയു . അതും അമ്മയെത്തന്നെയാണ് പറയുക. അതു കേൾക്കുമ്പോൾ താനും ചിരിക്കുമായിരുന്നു.
എന്റെ കുട്ടി സമയമാകുമ്പോൾ എല്ലാം പഠിക്കും. എന്നിട്ട് അവളുടെ മൂർദ്ധാവിലൊരുമ്മയും കൊടുക്കും.
ആ സാമീപ്യമില്ലാതെ....
അവൾക്കത് പെട്ടെന്നുൾക്കൊള്ളാൻ കഴിയില്ല.
അലക്കു കല്ലിന് മുകളിലിരുന്ന് അകലേക്ക് നോക്കിയിരിക്കുന്ന അവളെ കണ്ടപ്പോൾ മനസ്സൊന്ന് പതറി.
അമ്മയുടെയും അവളുടെയും ലോകമായിരുന്നു ആ അലക്ക് കല്ല്. വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതും, മുടി പിന്നിന്നതുമെല്ലാം .ആ അലക്കു കല്ലിന് മുകളിൽ അവളുടെ ഇരുത്തവും , അതിനടുത്തായി നിൽക്കുന്ന അമ്മയെ ചുറ്റി പിടിച്ചിരിക്കുന്ന അവളെ കാണാൻ തന്നെയൊരു ചന്തമാണ്.
ആ പൊന്നുമോളാണ് അകലങ്ങളിലേക്ക് മിഴികൾ നട്ടു മൂകമായി ഇരിക്കുന്നത്.
എന്റെ കുട്ടിയൊന്ന് കരഞ്ഞെങ്കിൽ , ആ മനസ്സിന് ഒരാശ്വാസം വന്നേനേ. ആ ഇരിപ്പു കാണുമ്പോൾ തന്നെ ഹൃത്തടം വിങ്ങുന്നു.
അവളുടെ അടുത്തു ചെന്നതും അലക്കു കല്ലിന് മുകളിൽ നിന്നെഴുന്നേറ്റു. ആ മിഴികളിൽ ഒരു കാലവർഷം പെയ്യാൻ കാത്തു നിൽക്കുന്നതുപ്പോലെ തോന്നി.
എന്റെ മോള് എന്തിരിപ്പ ഈ ഇരിക്കുന്നത് ? ഒരിറ്റ് വെള്ളം കുടിച്ചിട്ട് എത്ര നാളായി. ഒന്നും കഴിക്കാതെയും , കുടിയ്ക്കാതെയുമിരുന്നാൽ പോയവർ തിരിച്ചു വരുമോ ?
ഈ ഏട്ടനാകാം അമ്മയ്ക്ക് പകരം . ന്റെ കുട്ടിയുടെ ഈ ഇരിപ്പു കാണാൻ നിക്ക് വയ്യ. അവളെ ചേർത്തു പിടിച്ചു ആ മുടിയിഴകളിൽ തഴുകിക്കൊണ്ടു പറയുമ്പോൾ മനസ്സു വിങ്ങുന്നുണ്ടായിരുന്നു. തന്റെ മിഴികൾ കൂടി നിറയുന്നത് കണ്ടാൽ അവൾക്കൊരിക്കലും താങ്ങാൻ കഴിയില്ലെന്നറിയാം.
ഏട്ടാ...
ഒരു നിലവിളിയോടെ തന്റെ നെഞ്ചിലേക്ക് അവൾ വീഴുമ്പോൾ കാലവർഷം അവളുടെ മിഴികളിൽ പെയ്തു തുടങ്ങിയിരുന്നു.
ആ മനസ്സൊന്ന് പെയ്തു തോരട്ടെ...
ന്റെ കുട്ടിയുടെ ഇത്തിരിയെങ്കിലും സങ്കടം പെയ്തു തീരുമല്ലോ...!
ആ നിൽപ്പ് എത്ര നേരം നിന്നെന്നറിയില്ല. അവളെയും ചേർത്തു പിടിച്ചു വീടിനുള്ളിലേക്ക് നടക്കുമ്പോൾ സൂര്യൻ രാവിന് വഴി മാറിയിരുന്നു ...
രാവിലെ അവളുടെ വിളി കേട്ടാണ് എഴുന്നറ്റത്.
ഏട്ടാ..
നേരം ഒരുപാടായി. ഈ ചായ കുടിയ്ക്ക് . അല്ലെങ്കിൽ ചൂടാറും.
മുഖത്തെ ശോകഭാവത്തിനിടയിൽ ഒരു ചെറിയ ചിരി വരുത്തി ചായ നീട്ടിയപ്പോൾ അമ്മയെയാണ് ഓർമ്മ വന്നത്.
അവളും അമ്മയുടെ വേഷം അണിഞ്ഞു തുടങ്ങിയിരിക്കുന്നു...
രചന: ഷെഫി സുബൈർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo