Showing posts with label DivyaPrasad. Show all posts
Showing posts with label DivyaPrasad. Show all posts

ശൂ..

Image may contain: 3 people, closeup
വലുപ്പം കൂട്ടിയും
കുറച്ചും
ചുട്ടെടുക്കാൻ കഴിയുന്നവർ
അമ്മിക്കല്ലിൽ അരച്ച്
പരുവപ്പെടുത്തുമ്പോഴേ
ദോശമാവെന്ന്
വിളിക്കുന്നതിനാൽ
ദോശയാവാനുള്ള
നിയോഗത്തെ ഞങ്ങളും
സംശയിക്കാറില്ല
പിന്നെ നിന്റെ
കറുത്ത നിയമങ്ങളുടെ,
ദുശ്ശാഠ്യങ്ങളുടെ,
കോപത്തിന്റെ
ചുട്ടുപഴുത്ത
കല്ലിലേക്ക്
ഒരിറക്കിവിടലാണ്.
" ശൂ ..... "
രൂപവും ഗന്ധവും
മാറിവരുമ്പോഴും
ഒരു ദോശയാകുകയെന്ന
ആത്യന്തിക -
ലക്ഷ്യത്തെക്കുറിച്ചോർത്ത്
സമാധാനിക്കും.
പാകത്തിന് നെയ് ചേർത്ത്
നീ ചുട്ടെടുക്കുന്ന
കുലീനകളായ ദോശകളാകാൻ
ആഗ്രഹിക്കാറുണ്ടെങ്കിലും
പലപ്പോഴും
പൊള്ളുന്ന നേരുകളുമായി
ചേർന്നിരിക്കുന്നതിനാൽ
അരികു കരിഞ്ഞ
സാദാദോശകളാവാനേ
കഴിയാറുള്ളൂ.
എരിവും നീറ്റലും ഇത്തിരി
സഹിച്ചിട്ടാണെങ്കിലും
ഒരു മസാലദോശയാവുക
എന്നാൽ നിന്റെ
രുചിഭാവനകൾക്കൊത്ത്
ഉയരുക എന്നാണെന്ന്
പണ്ടേ പഠിപ്പിച്ച് തന്നിട്ടുണ്ടല്ലോ
എങ്കിലും നിന്നേയും കാത്ത്
പാത്രത്തിലിരിക്കുമ്പോൾ
പലപ്പോഴും ഞങ്ങൾ
ഉഴുന്നുപാടങ്ങളായും
കാറ്റിലാടുന്ന നെൽക്കതിരുകളായും
വിഘടിക്കാൻ കൊതിക്കാറുണ്ട്.
By- Divya Prasad

ഡോറയുടെ പ്രയാണം


ഡോറയുടെ പ്രയാണം
******************
മലഞ്ചെരുവിലെ
മഞ്ഞച്ചായമടിച്ച
വീട്ടിൽനിന്നും 
ഡോറ പ്രയാണം
തുടങ്ങുന്നു.
വള്ളിപൊട്ടിയ
വയലറ്റ് ബാഗിൽ
കരുതാൻ
ചോരക്കറയില്ലാത്തൊരു-
ടുപ്പ് പോലുമില്ലല്ലോ
എന്നാകുലപ്പെടുന്നു.
മഴ നനഞ്ഞു, മലയിറങ്ങി
പുഴ കടക്കുമ്പോൾ
പൂക്കൾ ചിരിക്കുന്ന
പൂന്തോട്ടമുണ്ടെന്ന്
നരച്ചു ചിതലരിച്ചൊരു
ഭൂപടം
അടയാളം പറയുന്നു.
കറുത്ത നിഴലുകൾ
ആഴമളന്ന
രാത്രികളിലെ
കൂട്ടിരുപ്പുകാരായ
മിന്നാമിന്നികളോടവൾ
കൂടെപ്പോരുന്നോ
എന്നന്വേഷിക്കുന്നു
ഒളിച്ചിരിക്കുന്ന കുറുനരിയെ
കണ്ടുപിടിച്ച്
തന്റെ അവസാന ബലൂണും
മോഷ്ടിക്കരുതെന്ന്
കണ്ണിൽനോക്കിപ്പറയുന്നു.
ഉത്തരം താങ്ങുന്ന
എട്ടുകാലിവലകൾ
തകരുമ്പോൾ
കുഞ്ഞുറുമ്പുകളെപ്പോലെ
ഒരായിരം ഡോറമാർ
കുന്നിറങ്ങി വരുന്നു
ഒന്നേ രണ്ടേ മൂന്നേയെന്ന്
കൂടെയെണ്ണാനാളില്ലാതിരുന്നിട്ടും
കാലിൽ തറച്ച കുപ്പിച്ചില്ലുകൾ
ഒന്നൊന്നായൂരിയെറിയുന്നു.
******************

Divya

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo