Showing posts with label RajithaKrishnan. Show all posts
Showing posts with label RajithaKrishnan. Show all posts

തമിഴത്തിപ്പെണ്ണ്............


തമിഴത്തിപ്പെണ്ണ്............
അനന്തുവിന്റെ അനിയത്തി അനുവിന്റെ കല്യാണ നിശ്ചയ ദിവസമാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്... കണ്ടതും ആ മുഖത്തു നിന്നും കണ്ണെടുക്കാൻ തോന്നിയില്ല.. മുമ്പെവിടെയോ കണ്ടതു പോലെ... ഇരുനിറത്തിൽ ഒരു സുന്ദരി... വരച്ചു വച്ചതു പോലെയുള്ള മുഖം... ഒതുങ്ങിയ ശരീരം ...
കണ്ണിമ വെട്ടാതെയുള്ള എന്റെ നോട്ടം കണ്ട് അനന്തു എന്നോടു പറഞ്ഞു ...
"എടാ... നിനക്കിവളെ അറിയില്ലേ.. കാർത്തിക... നമ്മുടെ കൂടെ ചെറുപ്പത്തിൽ കളിക്കാനൊക്കെ വന്നിരുന്ന തമിഴത്തി.. കോയമ്പത്തൂരുള്ള അമ്മായീടെ..."
'' ഓ...അവളാണോ..."
ഇവളിത്രയ്ക്കു സുന്ദരിയായോ? പെണ്ണാകെ മാറിപ്പോയിരിക്കുന്നു..
കാർത്തിക ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു... കല്യാണാലോചനകൾ നടക്കുന്നുണ്ട്.. ഒന്നും ശരിയായിട്ടില്ല..എന്റെ മനസ്സിലൊരു ലഡു പൊട്ടി..
എനിക്കും പെണ്ണു നോക്കി പെണ്ണു നോക്കി ഒന്നും ശരിയായിട്ടില്ല.. അനന്തുവിന്റെ സഹായത്തോടെ കാർത്തികയോട് ഒന്നു സംസാരിക്കണം..
അനന്തുവിന്റെ കയ്യും കാലും പിടിച്ച് കാർത്തികയോട് സംസാരിക്കാനുള്ള അവസരമുണ്ടാക്കി..
പഴയ കളിക്കൂട്ടുകാരനെ കണ്ടപ്പോൾ കാർത്തികയുടെ മുഖത്ത് ആഹ്ലാദം കത്തി..
വിശേഷങ്ങളൊക്കെ ചോദിച്ച് അവസാനം ഞാനെന്റെ മനസ്സിലുള്ളത് തുറന്നു പറഞ്ഞു...
''അതിന് നിങ്ങൾക്ക് വെളുത്ത പെൺകുട്ടികളെയല്ലേ ഇഷ്ടപ്പെടൂ... കറുത്തവരെ ഇഷ്ടമല്ലല്ലോ.. " അവൾ പരിഹാസരൂപേണ പറഞ്ഞു..
...........................................................................
ഒരു വേനലവധിക്കാലത്ത് മാവിൻ തോട്ടത്തിൽ കളിക്കാൻ പോവാൻ അനന്തുവിനെ വിളിക്കാൻ അവന്റെ വീട്ടിൽ പോയപ്പോഴാണ് അവിടൊരു ബഹളം...
''വന്തേ .. ണ്ട. പാല്ക്കാറേ... അടടാ...
പസ്... ആട്ടക്കത്തി ആടപ്പോറേൻ... "
പഴയൊരു ഹിറ്റ് തമിഴ് സിനിമാപാട്ടിനൊപ്പം ഡാൻസു കളിക്കുന്ന ഒരു പത്തു വയസ്സുകാരി... കൂടെ അവളെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്ന പരിവാരങ്ങളും... എന്റെ അമ്മയും ചേച്ചിയുമെല്ലാം അക്കൂട്ടത്തിലുണ്ട്..... അനന്തുവും വായും പൊളിച്ചു നിൽക്കുന്നുണ്ട്.. എന്നെ കണ്ടതു കൊണ്ടായിരിക്കും പിടിച്ചു നിർത്തിയതു പോലെ അവൾ ഡാൻസ് നിർത്തി നാണിച്ച് അവിടെ നിന്നും മാറി... ഒരു എണ്ണക്കറുമ്പി... പക്ഷേ അവളുടെ മിഴികൾക്കും പുരികക്കൊടികൾക്കും എന്തൊരഴക്......
ഞാൻ അനന്തുവിനെയും വിളിച്ചു കൊണ്ട് കളിക്കാൻ പോയി..
സ്കൂൾ പൂട്ടിയതുകൊണ്ട് അനന്തുവിന്റെ വീട്ടിൽ അവധിക്കാലം ചിലവഴിക്കാനെത്തിയതാണ് അവൾ.. പേരു കാർത്തിക..അനന്തുവിന്റെ അമ്മായിയുടെ മകളാണ് അവൾ.. കോയമ്പത്തൂരാണ് അമ്മായിയെ കെട്ടിച്ചയച്ചിരിക്കുന്നത്.. ഒരു മകളേയുള്ളൂ.. എപ്പോഴെങ്കിലുമൊക്കെയേ അമ്മായി നാട്ടിൽ വരാറുള്ളൂ.. ഇപ്പോഴാണ് ഞാൻ ആദ്യമായി കാർത്തികയെ കാണുന്നത്...
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞങ്ങളുടെ കുട്ടി വാനരപ്പടയുടെ ഇടയിലേക്ക് അനന്തു കാർത്തികയെയും കൊണ്ടുവന്നു.. ഞാനും അഷ്റഫും അമീനും കൂടെ അവളെ കാര്യമായിട്ടു തന്നെ റാഗ് ചെയ്തു... അവൾക്ക് മലയാളം ഒട്ടും തന്നെ അറിയില്ല എന്ന് മനസ്സിലായി... എന്തായാലും കാർത്തികയെക്കൂടെ ഞങ്ങളുടെ കൂടെ കൂട്ടി...
മരത്തിൽ കയറാനും ഊഞ്ഞാലിടാനും കുട്ടിയും കോലും കളിക്കാനും സേപ്പി കളിക്കാനും എല്ലാം ഞങ്ങളവളെ പഠിപ്പിച്ചു.. വൈകുന്നേരങ്ങളിൽ വീട്ടുകാരെല്ലാവരും ചേർന്ന് കാർത്തികയെക്കൊണ്ട് ഓരോ തമിഴ് പാട്ടിനും ചുവടു വയ്പ്പിക്കും...ഞങ്ങൾ നാലു പേരെയും കവച്ചു കൊണ്ട് അവൾ എല്ലാ കളികളിലും മുന്നിട്ടു നിന്നു.. വെക്കേഷൻ കഴിയുന്നതിന് മുമ്പ് മലയാളം അക്ഷരങ്ങളും വാക്കുകളുമൊക്കെ ഞങ്ങളവളെ പഠിപ്പിച്ചു.. തട്ടിമുട്ടി മലയാളം പറയാൻ പാകത്തിൽ ഞാനവളെയാക്കിയെടുത്തു..
തമിഴും മലയാളവും ഇടകലർത്തി എന്നോടു കൂടുതൽ സമയവും സംസാരിക്കാൻ അവൾ ശ്രമിക്കുന്നതു കാണാറുള്ളതുകൊണ്ട് എന്റെ വീട്ടുകാരും കൂട്ടുകാരും ഒക്കെ എന്നെ കളിയാക്കാറുണ്ട്..
"എടാ, കാർത്തൂന് നിന്നെ ഭയങ്കര ഇഷ്ടമാടാ..." അനന്തു പലപ്പോഴും പറഞ്ഞിട്ടുണ്ട്..
"വലുതാകുമ്പോൾ നമുക്ക് സന്ദീപിനെക്കൊണ്ട് കാർത്തികയെ കെട്ടിക്കാം... "
ഒരു ദിവസം എല്ലാവരുടെയും മുന്നിൽ വച്ച് അനന്തുവിന്റെ അമ്മ ചിരിച്ചു കൊണ്ടു പറഞ്ഞു...
"അയ്യേ... എനിക്കെങ്ങും വേണ്ട... ഈ കാക്കക്കറുമ്പിയെ... എനിക്ക് വെളുത്ത പെൺപിള്ളേരെ മതി... കറുത്തവരെ എനിക്കിഷ്ടമല്ല.. "
എന്റെ മറുപടി പെട്ടെന്നു കേട്ടതും കാർത്തികയുടെ വലിയ കണ്ണുകളിൽ വെള്ളം നിറഞ്ഞു..
പിന്നീട് അവൾ എന്നിൽ നിന്നും അകലാൻ തുടങ്ങി.. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കാർത്തിക കോയമ്പത്തൂരേക്കു തിരിച്ചു പോയി എന്നറിയാൻ കഴിഞ്ഞു...
ഓരോ വർഷം കഴിയുമ്പോഴും വെക്കേഷൻ സമയത്ത് കാർത്തിക വരുമെന്ന് ഞാൻ പ്രതീക്ഷിച്ചെങ്കിലും അവളെ പിന്നീടു കാണാൻ കഴിഞ്ഞില്ല... അവൾ ഇവിടെ എത്തുന്ന സമയങ്ങളിൽ ഞാൻ ചിലപ്പോൾ മറ്റു പലയിടത്തുമായിരിക്കും.. പിന്നീട് കാർത്തിക മറവിയിലേക്കു മാറി...
.......................................................................
" ഞാൻ പണ്ടെങ്ങോ തമാശയ്ക്കു പറഞ്ഞത് മനസ്സിൽ വച്ചു കൊണ്ടിരിക്കുകയാണോ? വിവരമില്ലാത്ത പ്രായത്തിൽ എന്തെങ്കിലും പറഞ്ഞെന്നും വച്ച്.."എന്റെ വാക്കുകൾ കേട്ട് അവൾ പൊട്ടിച്ചിരിച്ചു..
" ഞാൻ ചുമ്മാ പറഞ്ഞതാ... എനിക്ക് വിരോധമൊന്നുമില്ല.. വീട്ടിൽ ചോദിച്ചോളൂ.. എന്നെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചയാളല്ലേ.. "
അവൾ എനിക്കു നേരെ പ്രേമവായ്പോടെ കണ്ണെറിഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു.. ഞാനും തിരികെ അടുത്ത ഘട്ടങ്ങളിലേക്ക്...
രജിത കൃഷ്ണൻ

പെണ്ണുകാണൽ ഇൻറർവ്യൂ............


പെണ്ണുകാണൽ ഇൻറർവ്യൂ............
"ഏതു സ്കെയിൽ മാനേജരാണ് ബ്രാഞ്ച് ഹെഡ് ചെയ്യുന്നത്?"
ആദ്യമായി എന്നെ പെണ്ണുകാണാൻ വന്ന സുമുഖനും സുന്ദരനും സർവോപരി വിനീതനുമായ എസ്.ബി.ഐ. അസിസ്റ്റൻറ് മാനേജറിൽ നിന്നും ഉയർന്ന ആദ്യത്തെ ചോദ്യം തന്നെ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു.... എന്താ പേര്? എവിടെയാ പഠിച്ചത് ?എന്നിങ്ങനെയുള്ള സാധാ ചോദ്യങ്ങൾ പ്രതീക്ഷിച്ചു നിന്ന, നമ്രമുഖിയായ് കാൽ നഖം കൊണ്ട് ചിത്രം വരച്ചു കൊണ്ടു നിന്ന ഞാൻ ഇമ്മാതിരി കൊസ്രാക്കൊള്ളി ചോദ്യം കേട്ടു വിളറി വിയർത്തു..
വെപ്രാളത്തിൽ ശബ്ദം പരമാവധി ചെറുതാക്കി ഞാൻ മൊഴിഞ്ഞു.
"ലാർജ് "
ഗൗരവഭാവം വിടാതെ തന്നെ വീണ്ടും അയാൾ ചോദ്യം വ്യക്തമാക്കി...
"അതല്ല കൊച്ചേ ചോദിച്ചത് ....മാനേജർ ഏതു സ്കെയിലാണ് എന്നാണ്...."
ലൈഫ് ലൈൻ കിട്ടിയ സന്തോഷത്തിൽ ഞാൻ വിളിച്ചുകൂവി....
"സ്കെയിൽ 2"
ഉടൻ വന്നു അടുത്ത ചോദ്യം....
" ബ്രാഞ്ചിന്റെ ബിസിനസ് എത്രയാ?"
"80 കോടി " (കശ്മലനു ചോദിക്കാൻ വേറൊന്നുമില്ലേ??????? ഇതൊന്നുമല്ലാതെ എന്തൊക്കെ ചോദിക്കാം ഇയാൾക്ക്?)
എന്റെ മനസ്സിൽ അടുത്തതായി ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളുടെ പെരുമഴ ചറുപറാ എന്ന് വന്നു... NPA (Non Performing Assets- കിട്ടാക്കടം), CASA(Cash Accounts and Savings Accounts), Target, Loans and Advances, കാർഷിക വായ്പ... ഇത്യാദി... കർത്താവേ..... ഒന്നിന്റെയും ഉത്തരവും ഓർമ്മയില്ല.... കാണാപാഠം പഠിച്ചു വയ്ക്കേണ്ടതായിരുന്നു... മൊത്തത്തിൽ ജനറൽ മാനേജരുടെ റിവ്യൂ മീറ്റിംഗിൽ പങ്കെടുത്ത ഒരു പ്രതീതി...
ഭാഗ്യത്തിന് പിന്നീട് ചോദ്യങ്ങളൊന്നും തന്നെ ചെറുക്കന്റെ ഭാഗത്തു നിന്നുണ്ടായില്ല..
അടുത്ത ചോദ്യം ചെറുക്കന്റെ മമ്മിയുടെ വക " തൃശൂരിൽ കനറാ ബാങ്കിന് എത്ര ബ്രാഞ്ചുകളുണ്ട്?"
" ഞാൻ എണ്ണി നോക്കിയിട്ടില്ല" എന്ന ഉത്തരമാണ് പെട്ടെന്ന് വായിൽ വന്നതെങ്കിലും പെണ്ണു തറുതല പറയുന്നവൾ എന്ന പേരുദോഷം വരുത്തേണ്ടല്ലോ എന്നാലോചിച്ച് "അറിയില്ല " എന്ന ഒറ്റ വാക്കിൽ ഞാനെന്റെ അമർഷം കടിച്ചു പിടിച്ചൊതുക്കി (Feeling ഒരു ലോഡ് പുച്ഛം)
ചെറുക്കന്റെ ഡാഡിയുടെ ചോദ്യം
"എത്ര സെന്റിലാണ് വീട് നിൽക്കുന്നത്? "
" ഇവിടെ സെന്റിനെന്താണ് വില?"
''ഈ കാണുന്നതിനൊക്കെ പെൺകൊച്ച് മാത്രമാണോ അവകാശി?"
ഇതെല്ലാം കേട്ട ഞാൻ എന്റെ അപ്പച്ചന്റെയും അമ്മച്ചിയുടേയും മുഖങ്ങളിലേക്ക് പാളി നോക്കി... മറുപടി പറയുന്ന രണ്ടു പേരുടെയും മുഖത്ത് കഷായം കുടിച്ച ഭാവം... എനിക്കതു കണ്ടപ്പോൾ പൊട്ടിച്ചിരിക്കാൻ തോന്നി... അവർക്ക് അങ്ങനെ തന്നെ വേണം... ഇപ്പോൾ കല്യാണമൊന്നും വേണ്ടെന്ന് ഞാൻ നൂറു തവണ പറഞ്ഞതാ... വീക്കെൻഡിൽ വീട്ടിലെത്തിയ എന്നെ പിടിച്ച് നിർബന്ധിച്ച് പെണ്ണുകാണലിന് നിർത്തിയതല്ലേ? ഇതറിഞ്ഞിരുന്നെങ്കിൽ ഈയാഴ്ച ഞാൻ വീട്ടിലേക്ക് വരില്ലായിരുന്നല്ലോ... കനറാ ബാങ്കിൽ ജോലി കിട്ടിയിട്ട് ആറു മാസമായതേയുള്ളൂ... ഒരു രണ്ടു വർഷമെങ്കിലും കഴിഞ്ഞു മതി കല്യാണം ,അതുവരെ ഒന്നു സ്വസ്ഥമായിരിക്കട്ടെ എന്നു വിചാരിച്ചിരിക്കുമ്പോഴാ ഒടുക്കത്തെ ഒരാലോചനയും കൊണ്ടുവന്നിരിക്കുന്നത്..
സ്ക്രീനിംഗ് ടെസ്റ്റിൽ ഞാൻ അതീവ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു എന്ന് സന്തോഷത്തോടെ ഞാൻ മനസ്സിലാക്കി... ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂവിൽ പരാജയപ്പെടുന്നത് എന്നെ ഇത്രയേറെ സന്തോഷിപ്പിക്കുന്നത്..
ഏതായാലും ഇന്റർവ്യൂ കഴിഞ്ഞ് "വിളിക്കാം" എന്നും പറഞ്ഞ് ആ കുടുംബം ഇറങ്ങിയതും അപ്പച്ചന്റെയും അമ്മച്ചിയുടെയും മട്ടു മാറി.. "എന്തു ജാതി പത്രാസുകാരാ.... " അമ്മച്ചി അരിശത്തോടെ പറഞ്ഞു... അവർ വരുന്നതിനു മുമ്പ് പറഞ്ഞതു പോലെയല്ല അവരു പോയിക്കഴിഞ്ഞപ്പോൾ അമ്മച്ചി പറഞ്ഞത്.. അപ്പച്ചന്റെയും താൽപര്യം നശിച്ചിരുന്നു..
അന്ന് ഫോൺ വിളിയൊന്നും കാണാത്തതോടു കൂടി ഞാൻ കർത്താവിന് മനസ്സിൽ നന്ദി പറഞ്ഞു.. തൽക്കാലം ബാധയൊഴിഞ്ഞു പോയല്ലോ..
എന്നാൽ രണ്ടു ദിവസം കഴിഞ്ഞ് റോയിയുടെ ഡാഡിയുടെ ഫോൺ കോൾ പ്രകാരം അപ്പച്ചൻ പുത്തൻ പള്ളിയിലെത്തി..
"റോയിക്ക് ആൻ മേരിയെ ഒരു പാടിഷ്ടമായി.. ഇത് തന്നെ മതി എന്നാ അവൻ പറയുന്നത്... അവന്റെ സങ്കൽപത്തിലുള്ള അതേ പെങ്കൊച്ച്... നല്ല ഉയരവും നിറവും വിദ്യാഭ്യാസവും ഉയർന്ന ജോലിയും വേണമെന്നായിരുന്നു അവന്റെ നിബന്ധന.. ഒരു പാട് പെൺകുട്ടികളെ കണ്ടെങ്കിലും അവനിതാണ് ഇഷ്ടപ്പെട്ടത്.. മാതാവിന്റെ മുന്നിൽ കൊന്ത ചൊല്ലിയതിനു ശേഷം മാത്രം ഇക്കാര്യം ആൻ മേരിയുടെ അപ്പച്ചനോടു പറഞ്ഞാൽ മതിയെന്നാ അവൻ പറഞ്ഞത്... വലിയ ദൈവ വിശ്വാസിയാ അവൻ... എന്നും പള്ളിയിൽ പോകും... എല്ലാ ചൊവ്വയും വെള്ളിയും അവൻ ഉപവാസമെടുക്കും... എല്ലാ നോമ്പുകളുമെടുക്കും... ഒരു കെട്ട് പ്രാർത്ഥനാ പുസ്തകമുണ്ട് അവന്റെ കയ്യിൽ.. എന്റെ മോനായതു കൊണ്ടു പറയുകയല്ല.. കുടിയോ വലിയോ വേറെ യാതൊരു ദുശ്ശീലമോ ഇല്ല..."
മോനെ കുറിച്ച് പറയാൻ അയാൾക്ക് നൂറു നാവ്..
"പിന്നെ നിങ്ങൾക്കറിയാമല്ലോ? എന്റെ ഒറ്റ മോനാ അവൻ... മൂന്നു മാസം കഴിഞ്ഞാൽ അവൻ ബാങ്ക് മാനേജരാവും... അതു കൊണ്ട് സ്ത്രീധനമായി ഒന്നര കോടിയെങ്കിലും വേണം.... പിന്നെയൊരു കാറും.... ബിസിനസ്സുകാരനായ നിങ്ങൾക്ക് അതു വലിയ വിഷയമല്ല എന്നെനിക്കറിയാം.. "

അപ്പച്ചൻ എല്ലാം സവിനയം കേട്ട് തലകുലുക്കിയതിനു ശേഷം "മോളോടും കുടുംബക്കാരോടും ചോദിച്ചിട്ട് അറിയിക്കാം" എന്നു മാത്രം പറഞ്ഞ് വീട്ടിലേക്കു മടങ്ങി... അമ്മച്ചിയോടും എന്നോടും ഇക്കാര്യം ചർച്ച ചെയ്തു.. എന്റെ അനിഷ്ടം ഞാൻ നേരത്തേ പ്രകടമാക്കിയിരുന്നെങ്കിലും അമ്മച്ചിയുടെ എതിർപ്പിന്റെ ശക്തി കുറഞ്ഞത് എന്നെ വീണ്ടും ആശങ്കയിലാഴ്ത്തി...
അന്ന് വൈകുന്നേരം റോയിയുടെ ഡാഡിയുടെ ഫോൺ കോൾ വന്നു... അപ്പച്ചനാണ് ഫോണെടുത്തത്...
"നിങ്ങളെന്തു തീരുമാനിച്ചു?"
" വില പറഞ്ഞു വിൽക്കാൻ എന്റെ വീട്ടിൽ കന്നുകാലികളെയൊന്നും വളർത്തുന്നില്ല... എന്റെ മോളെ ഞാൻ നല്ല ദൈവഭയത്തോടെയാണ് വളർത്തുന്നത്... അവൾക്ക് ഞാൻ നല്ല വിദ്യാഭ്യാസം നൽകിയിട്ടുണ്ട്... ഭാഗ്യത്തിന് അവൾക്ക് ഒരു ജോലിയുമുണ്ട്.. ഒന്നരക്കോടിയും കാറും കൊടുത്ത് വില പേശി എന്റെ മോൾക്ക് ഒരു ഭർത്താവുദ്യോഗസ്ഥനെ വാങ്ങാൻ അവൾക്കോ ഞങ്ങൾക്കോ തീരെ താൽപര്യമില്ല... നിങ്ങളുടെ യോഗ്യനായ മോനെ എന്റെ മോൾക്കു വേണ്ട.... " ഇതും പറഞ്ഞ് അപ്പച്ചൻ ഫോൺ വച്ചു...
അപ്പച്ചന്റെ ഈ ഡയലോഗു കേട്ടതും വിസിലടിക്കാൻ തോന്നിയെനിക്ക്... അതു വരെ ആശങ്കാഭരിതമായ എന്റെ മനസ്സ് മഴക്കാറു കണ്ട മയിലിനെ പോലെയായി അപ്പോൾ...
രജിത കൃഷ്ണൻ

പാവം പുരുഷപ്രജ...

പാവം പുരുഷപ്രജ...
പെൺപിള്ളേരേ... നിങ്ങളെ നോക്കി ഞങ്ങളൊന്നു ചിരിച്ചു പോയാൽ എല്ലാവരും വായ് നോക്കികളാണെന്നോ വഷളന്മാരാണെന്നോ ആണോ ഉടൻ തന്നെ പുച്ഛത്തോടെ മുഖം തിരിച്ചു കൊണ്ടുള്ള നിങ്ങളുടെ വിചാരം....
നിങ്ങളുടെ ഏതെങ്കിലും ഒരു പ്രത്യേകതയായിരിക്കാം നിങ്ങളെ ശ്രദ്ധിക്കാനുള്ള കാരണം... അതു ചിലപ്പോൾ നിങ്ങളുടെ സൗന്ദര്യമാകാം.... അല്ലെങ്കിൽ സ്വഭാവസവിശേഷതകളാകാം.... അതുമല്ലെങ്കിൽ നിങ്ങളെ നന്നായി അറിയാവുന്നതുകൊണ്ടാകാം...
നിങ്ങൾ ഞങ്ങളോട് മാന്യമായി പെരുമാറുകയാണെങ്കിൽ അതിനേക്കാൾ മാന്യമായിട്ടായിരിക്കും നിങ്ങളോടുള്ള ഞങ്ങളുടെ പെരുമാറ്റം...
നിങ്ങളുടെ വീട്ടുകാരിൽ നിന്നോ കൂട്ടുകാരികളിൽ നിന്നോ നിങ്ങൾക്ക് കിട്ടിയിട്ടുള്ളതിനേക്കാൾ വിശ്വാസ്യത ചിലപ്പോൾ ഞങ്ങളിൽ നിന്നും കിട്ടിയെന്നിരിക്കും....
നിങ്ങൾ ഒരു വിഷമഘട്ടത്തിൽ പെടുമ്പോൾ നിങ്ങളുടെ അടുക്കലേക്ക് ആദ്യം ഓടിയെത്തുന്നത് ചിലപ്പോൾ ഞങ്ങളിൽ ചിലരായിരിക്കും...
ഇഷ്ടപ്പെടുന്ന പെൺകുട്ടിയെയും കാത്ത് വഴിയരികിൽ മണിക്കൂറുകളോളം കാത്തു നിൽക്കുമ്പോഴോ എങ്ങനെയെങ്കിലും ഫോൺ നമ്പർ സംഘടിപ്പിച്ച് വിളിക്കാൻ ശ്രമിക്കുമ്പോഴോ ഏതു വിധേനയും അവളുടെ മനസ്സിലിടം കണ്ടു പിടിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുമ്പോഴോ നിങ്ങൾ കരുതുന്നുവോ വേലയും കൂലിയുമില്ലാതെ വെറുതെ സമയം കളയാനായി മാത്രം ഓരോന്ന് ചെയ്യുകയാണെന്ന്...
ആ പെൺകുട്ടിയെ അത്രത്തോളം ഇഷ്ടമായതുകൊണ്ട് മാത്രമാണ് അവൾക്ക് ഇഷ്ടമില്ലെങ്കിലും അവളെ മാത്രമായി ഫോളോ ചെയ്യുന്നത്...
ഒരു പ്രണയത്തിലകപ്പെട്ടാൽ ഭൂരിഭാഗം സമയവും അവൾക്കു വേണ്ടി മാത്രം മാറ്റിവെക്കുമ്പോൾ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും എത്രയെത്ര കുത്തുവാക്കുകൾ കേൾക്കുന്നു? എന്നു വച്ച് പ്രണയത്തിൽ നിന്നും ഞങ്ങൾ പിന്തിരിയാറുണ്ടോ?
വീട്ടുകാരെ വെറുപ്പിച്ചും ശണ്ഠകൂടിയും പ്രണയിനിയുമായുളള വിവാഹത്തിന് എല്ലാവരെയും മനസ്സില്ലാമനസ്സോടെ സമ്മതിപ്പിച്ചും അവളുടെ കഴുത്തിൽ താലികെട്ടുമ്പോൾ ജയിച്ചു എന്ന തോന്നലിനൊപ്പം തന്നെ എത്രയെത്ര ഉത്തരവാദിത്തങ്ങളാണ് ഞങ്ങളെ കാത്തിരിക്കുന്നത്? ഭാര്യയെയും മാതാപിതാക്കളെയും ഒരേ നുകത്തിൽ കെട്ടിക്കൊണ്ടു പോകണ്ടേ? അവൾക്കു വേണ്ടി അവരെയോ, അവർക്കു വേണ്ടി അവളെയോ തള്ളിക്കളയാൻ വയ്യ.......... ഭാര്യയുടെ പക്ഷം പിടിച്ചാൽ "അച്ചിക്കോന്തനെ "ന്നും അമ്മയുടെ പക്ഷം പിടിച്ചാൽ "അമ്മക്കുട്ടി "യെന്ന പേരും സ്വന്തം... രണ്ടു പേരെയും ഒരു മയത്തിൽ കൊണ്ടുപോവാൻ ഞങ്ങളു പെടുന്ന പാട് ഞങ്ങൾക്കേ അറിയൂ.. ഒരു ലോകമഹായുദ്ധം ഒഴിവാക്കാൻ ഇത്രയും ബുദ്ധിമുട്ടില്ല...
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വേണ്ടി പരക്കം പായുമ്പോൾ സ്നേഹം പ്രകടിപ്പിക്കുന്നതിൽ എന്തെങ്കിലും കുറവു വന്നാൽ "നിങ്ങൾക്കിപ്പോ പണ്ടത്തെപ്പോലെ എന്നോടു സ്നേഹമൊന്നുമില്ല... പ്രേമിച്ചു നടക്കുന്ന കാലത്ത് എന്തൊക്കെ വാഗ്ദാനങ്ങളായിരുന്നു ... ചക്കരേ, തേനേ, പാലേ.... വിളിയുമായി എപ്പോഴും കൂടെ തന്നെയുണ്ടാവുമായിരുന്നു.... ഇപ്പോ എന്നോടു സംസാരിക്കാൻ വരെ സമയമില്ല.... ആളാകെ മാറി... ശരിക്കും ഒരു മുരടൻ ...." എന്ന ഭാര്യയുടെ പരിദേവനങ്ങൾ കേൾക്കുമ്പോളും "പെണ്ണുകെട്ടിയപ്പോ അവന് അച്ഛനെയും അമ്മയെയും വേണ്ടാതായി...." എന്ന അമ്മയുടെ ആക്ഷേപം കേൾക്കുമ്പോളും ഒരു പൊട്ടൻ ചിരിയും ചിരിച്ച് സ്ഥലം കാലിയാക്കാനേ ഞങ്ങൾ നോക്കൂ...
ഭാര്യയെയും മക്കളെയും മാതാപിതാക്കളെയും ഒരു കുറവും അറിയിക്കാതെ നോക്കാൻ അഹോരാത്രം കഷ്ടപ്പെടുമ്പോഴും ഉള്ള ശമ്പളം മിച്ചം പിടിച്ച് തനിക്കായൊന്നും മാറ്റി വക്കാതെ വീട്ടുകാർക്കു വേണ്ടി ചിലവഴിച്ചാലും "ഈ അച്ഛനൊരു പിശുക്കനാ..." എന്നൊരു പരാതി മാത്രമായിരിക്കും പിന്നെയും ബാക്കി.... ങാ... എന്തു ചെയ്യാൻ??????
രജിത കൃഷ്ണൻ

പ്രകാശം പരത്തുന്നവൾ.......

പ്രകാശം പരത്തുന്നവൾ.......
"ദൈവമേ, ഈ തേങ്ങ ചിരകുന്ന സാധനം ഇവളിതെവിടെ വച്ചു... മോനേ... കിച്ചൂ... നീ തേങ്ങാ ചിരവ കണ്ടോടാ...." അടുക്കള മുഴുവൻ പരതുന്നതിനിടയിൽ രഘു മകനോട് തിരക്കി...
"അതെവിടെയെങ്കിലും കാണും അച്ഛാ..." ഉറക്കപ്പിച്ചിനിടയിൽ കിച്ചു വിളിച്ചു പറഞ്ഞു...
"മതി ഉറങ്ങിയത്.... നീ അച്ചുവിനെയും കൂടി വിളിച്ചുണർത്തി പല്ലു തേപ്പിക്ക്... സ്കൂളിൽ പോവണ്ടേ?"
"കുറച്ചു കൂടി ഉറങ്ങട്ടെ അച്ഛാ.... "കിച്ചു വീണ്ടും തലവഴി പുതപ്പ് മൂടി കണ്ണടച്ച് കിടന്നു... അവരു കിടക്കുന്നത് കാണുമ്പോൾ വീണ്ടും പോയി കട്ടിലിൽ കിടന്നുറങ്ങാൻ ഒരാഗ്രഹം... സാധാരണ എഴുന്നേൽക്കുന്ന സമയം ആയിട്ടില്ല... നല്ല തണുപ്പും...പക്ഷേ ഉറങ്ങിയാൽ പണി പാളും... ഇന്ന് അച്ഛനും മക്കൾക്കും കൃത്യ സമയത്ത് വീട്ടിൽ നിന്നിറങ്ങാൻ സാധിക്കുമെന്ന് തോന്നുന്നില്ല.....ഇനി എന്തൊക്കെ ചെയ്യണം? അടുക്കള ഭാഗം പരിചിതമല്ലാത്തതു കൊണ്ട് ഓരോന്നും പരതി പരതി കണ്ടു പിടിക്കണം...
മൂന്നു ദിവസമായി വീട്ടിലെ കാര്യങ്ങളെല്ലാം ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുന്നു... വീടൊക്കെ ആകെ മുഷിഞ്ഞു കിടക്കുന്നു.. അലക്കാനുള്ള ഡ്രസ്സുകൾ കുന്നുകൂടി കിടക്കുന്നു... ലതിക ട്രെയിനിംഗ് കഴിഞ്ഞ് വീട്ടിലെത്തിയാലേ ഇനി കാര്യങ്ങളൊക്കെ പഴയ പോലെയാവൂ... അവൾ തിരിച്ചു വരണമെങ്കിൽ ഇനിയും രണ്ടു ദിവസം കഴിയണം...
"നീയില്ലെങ്കിലും ഞങ്ങളുടെ കാര്യങ്ങളൊക്കെ ഞങ്ങളു തന്നെ നോക്കു "മെന്ന് അവളോടു വലിയ വീരവാദം മുഴക്കിയെങ്കിലും മൂന്നു ദിവസമായി വീടു നോക്കലും ജോലിക്കു പോകലും കുട്ടികളുടെ കാര്യം നോക്കലും കൂടി ആയപ്പോൾ ആകെ വശം കെട്ടു പോയിട്ടുണ്ട്... രണ്ടു ദിവസവും വൈകുന്നേരം മക്കളെയും കൊണ്ട് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു... മൂന്നിലും യു.കെ.ജി.യിലും പഠിക്കുന്ന കുട്ടികളല്ലേ... ഉച്ചഭക്ഷണമെങ്കിലും ആക്കിക്കൊടുക്കണ്ടേ... കുട്ടികൾക്ക് അമ്മയെ കാണാത്തതിന്റെ വിഷമം വേറേ...
ലതിക വീട്ടിലുള്ളപ്പോൾ ഒരു കാര്യവും അറിയേണ്ടിയിരുന്നില്ല. കുളിക്കാൻ നേരത്ത് ചൂടുവെള്ളം...കൃത്യ സമയത്ത് ഡൈനിംഗ് ടേബിളിന് മുന്നിൽ ചെന്നിരുന്നാൽ ഭക്ഷണം റെഡി... സ്കൂളിൽ പോവാൻ സമയമാവുമ്പോഴേക്കും ഡ്രസ് തേച്ച് മുന്നിൽ കൊണ്ടുവന്നു വയ്ക്കും... മക്കളെ കുളിപ്പിച്ചൊരുക്കി അവരുടെ ബാഗ് റെഡിയാക്കി ഭക്ഷണം കഴിപ്പിച്ച് അവരെ സ്കൂട്ടറിൽ സ്കൂളിൽ കൊണ്ടാക്കിയിട്ടാണ് അവൾ ഓഫീസിൽ പോവുന്നത്.. എത്ര തവണ അവൾ കെഞ്ചി പറഞ്ഞിരിക്കുന്നു.... "ഈ പിള്ളേരെയെങ്കിലും സ്കൂളിൽ കൊണ്ടുചെന്നാക്കൂ രഘുവേട്ടാ.... നേരമില്ലാത്ത നേരത്ത് ഞാൻ ഓടിപ്പാഞ്ഞു നടക്കണ്ടേ... ഞാൻ ഓഫീസിലെത്തുമ്പോൾ എന്നും വൈകും... "
"നിനക്കെന്താ ഇപ്പോ ഇത്ര വലിയ ജോലി? വീട്ടിലെ ജോലി ചെയ്യുന്നത് ഇത്ര വലിയ ആനക്കാര്യമാണോ?പിള്ളേരേ സ്കൂളിൽ കൊണ്ടാക്കാൻ നിന്നാൽ ഞാൻ സ്കൂളെത്താൻ വൈകും.. എനിക്ക് ഒന്നാമത്തെ പീരിയഡ് ക്ലാസുള്ളതാ... നീ കൊണ്ടാക്കിയാൽ മതി... "
" രഘുവേട്ടാ.... നിങ്ങളെപ്പോലെ തന്നെ എനിക്കും സമയത്തിന് ജോലിക്കു പോവണ്ടേ... രാവിലെ എഴുന്നേറ്റ് കുളിച്ചു ഡ്രസ് മാറി പോയാൽ മതിയോ... എന്തൊക്കെ പണികൾ തീർക്കണം? എത്ര മണിക്ക് എഴുന്നേൽക്കുന്നതാ ഞാൻ... അച്ഛനും മക്കൾക്കും ഇഷ്ടത്തിനനുസരിച്ച് ഭക്ഷണമുണ്ടാക്കിത്തരണം... ഒരാൾക്ക് ദോശയെങ്കിൽ ഒരാൾക്ക് പുട്ട്... ഒരാൾക്ക് ചായയെങ്കിൽ മറ്റേയാൾക്ക് കാപ്പി... വീടു വൃത്തിയാക്കണം... അലക്കണം.... തുടയ്ക്കണം...വൈകിട്ട് വന്നാലോ.... ബാക്കി എന്തൊക്കെ പണികളാ..... കുട്ടികൾക്ക് രണ്ടക്ഷരം പറഞ്ഞു കൊടുക്കാൻ പോലും നിങ്ങൾ തയ്യാറല്ലല്ലോ.... അധ്യാപകനാണു പോലും ... അധ്യാപകൻ... മക്കളെ പഠിപ്പിക്കണമെങ്കിലും ഞാൻ തന്നെ ചെയ്യണം... ഒരു കൈ എന്നെ സഹായിക്കാറുണ്ടോ? നിങ്ങളുടെ ടൈം ടേബിൾ കുറച്ചെങ്കിലും തെറ്റിയാൽ എന്നെ വഴക്കു പറയുന്നതിന് ഒരു മടിയുമില്ലല്ലോ....ഞാനെഴുന്നേൽക്കുന്ന സമയമോ ഞാനുറങ്ങുന്ന സമയമോ നിങ്ങൾ കണ്ടിട്ടുണ്ടോ? എന്റെ ഇഷ്ടമെന്താണെന്ന് എന്നെങ്കിലും നിങ്ങൾ ചോദിച്ചിട്ടുണ്ടോ? ഇങ്ങോട്ടു കൽപിക്കുകയല്ലാതെ.... കുറ്റം കണ്ടു പിടിക്കുകയല്ലാതെ..... കുറച്ചു ദിവസം ഞാനില്ലാതിരിക്കുമ്പോൾ നിങ്ങളൊക്കെ പഠിച്ചോളും..."മുറുമുറുത്തു കൊണ്ട് അവൾ താനേ പിൻവലിയും..
അവൾ പറഞ്ഞതു പോലെ തന്നെ രണ്ടു ദിവസമായി പഠിച്ചു കൊണ്ടിരിക്കുന്നു... അപ്രതീക്ഷിതമായി തിരുവനന്തപുരത്ത് വച്ചുള്ള ട്രെയിനിംഗ്... അവൾ എത്ര ഒഴിവാക്കാൻ ശ്രമിച്ചിട്ടും ട്രെയിനിംഗിന് പോകേണ്ടി വന്നു......
ഇപ്പോൾ മനസിലാവുന്നു.... ഭാര്യ വീട്ടിൽ നിന്നും മാറി നിന്നാലുള്ള അവസ്ഥ... ഉള്ള ഇരുപത്തിനാലു മണിക്കൂർ കൊണ്ട് അവൾ എന്തൊക്കെ ചെയ്യുന്നു? ഒരിക്കൽ പോലും അവളുടെ ഇഷ്ടമെന്താണെന്ന് ചോദിച്ചിട്ടില്ല... എന്ത് ചെയ്താലും ഒരു അഭിനന്ദനം പോലും നൽകിയിട്ടില്ല.. കുറ്റപ്പെടുത്തലുകളല്ലാതെ... സത്യത്തിൽ അവൾ എഴുന്നേൽക്കുന്നത് എപ്പോഴാണെന്നു പോലും തനിക്കറിയില്ല... ശരിക്കു ഭക്ഷണം കഴിക്കുന്നുണ്ടോ എന്നും ഇതുവരെ അന്വേഷിച്ചിട്ടില്ല.. ഒരു കാര്യത്തിലും ഒരു സഹായം പോലും ചെയ്തു കൊടുത്തിട്ടില്ല.. എന്നാലും ഇടയ്ക്കൊക്കെ ചെറിയ പരിഭവവുമായി ഒരു മിനിട്ടു പോലും വിശ്രമിക്കാതെ ,സ്വന്തം കാര്യം ശ്രദ്ധിക്കാതെ, ഭർത്താവിന്റെയും മക്കളുടെയും എല്ലാ കാര്യങ്ങളും ചെയ്യുന്ന അവളെയൊന്നും സമ്മതിക്കാതെ തരമില്ല...... അവളു വന്നാൽ മാത്രമേ വീട്ടിൽ വെളിച്ചമുള്ളൂ...
ആ തിരിച്ചറിവോടെ ലതികയുടെ വരവിനായി അയാൾ അക്ഷമയോടെ കാത്തിരുന്നു.....
രജിത കൃഷ്ണൻ

വേനൽ മഴ


"ഹലോ, രവിയേട്ടാ... നിങ്ങളിതെവിടെയാ?"
" ഞാൻ പാർട്ടിയാഫീസിലാ... ഒരർജന്റ് മീറ്റിംഗ്..."
"നിങ്ങളുടെ ഒരു മീറ്റിംഗ്... ഇന്ന് മോളുടെ പിറന്നാളാണെന്നുള്ള കാര്യം മറന്നു പോയോ? എല്ലാരും ഊണു കഴിക്കാൻ നിങ്ങളെ വെയിറ്റ് ചെയ്യുന്നു.. "
"അയ്യോ, എനിക്കെത്താൻ പറ്റില്ലല്ലോ... ഒരു കാര്യം ചെയ്യ്... നിങ്ങളു കഴിച്ചോ... എന്നെ വെയിറ്റ് ചെയ്യേണ്ട..."
" ഒരു കാര്യത്തിനും നിങ്ങളിവിടെയുണ്ടാവില്ല.... എന്നുമൊരു പാർട്ടിയും ജനങ്ങളും... കുടുംബത്തിലെ ഒരു കാര്യവും നോക്കാൻ സമയമില്ല.... " വീണ കത്തിക്കയറുകയാണ്....
ഇനിയും കൂടുതൽ സംസാരിച്ചാൽ അതൊരു വഴക്കിലേക്കെത്തുമെന്ന് കണ്ട് രവി ചന്ദ്രൻ ഫോൺ കട്ടാക്കി...
വീണ്ടും വീണ്ടും വീണ ഡയൽ ചെയ്തെങ്കിലും രവി ചന്ദ്രന്റെ ഫോൺ സ്വിച്ച് ഓഫ്.... തികട്ടി വന്ന ദേഷ്യം അവൾ പണിപ്പെട്ടടക്കി... ബന്ധുക്കൾ ശ്രദ്ധിക്കുന്നു.... മുഖത്തൊരു ചിരി വരുത്തി അവൾ ബന്ധുക്കൾക്കിടയിലേക്കു ചെന്നു....
"രവിയേട്ടന് എത്താൻ പറ്റില്ല... ഊണു കഴിച്ചോളാൻ പറഞ്ഞു... "
"ങാ... അവന് തിരക്കായിരിക്കും ... നമുക്ക് തുടങ്ങാം മോളേ.." രവിചന്ദ്രന്റെ അമ്മ പറഞ്ഞു...
യാന്ത്രികമായി അവൾ അടുക്കളയിലേക്കു ചെന്നു .... ഭക്ഷണം വിളമ്പുന്നതിലും മറ്റു പണിയെടുക്കുന്നതിലും വ്യാപൃതയായി...
സ്ഥിരം പരിപാടിയാണ് ഇത്... വീട്ടിലെ ആഘോഷങ്ങൾക്കൊന്നും തന്നെ രവിയേട്ടനുണ്ടാവില്ല... ഒരത്യാവശ്യ കാര്യത്തിനും ആളുടെ പൊടി പോലും കാണില്ല...മോളുടെ ആദ്യത്തെ പിറന്നാളിനും ആളിവിടെയില്ല.. രണ്ടാമത്തെ പിറന്നാളിനുമില്ല..... എന്തിന് ?മോളു ജനിച്ച സമയത്തു പോലും ഹോസ്പിറ്റലിലെത്താൻ രവിയേട്ടനായിട്ടില്ല...പരാതി പറഞ്ഞാൽ ഒറ്റ മറുപടിയിൽ തന്റെ വായടപ്പിക്കും....
"ഒരു രാഷ്ട്രീയക്കാരന്റെ ഭാര്യ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ സഹിക്കാൻ പഠിക്കണം... ഞാൻ മുമ്പുതന്നെ പറഞ്ഞതാണല്ലോ... "വാചകക്കസർത്തു കൊണ്ട് വായടപ്പിക്കാൻ വിരുതനാണ് ആൾ... ആ വാഗ്ധോരണിയിൽ ആകൃഷ്ടയായിട്ടാണല്ലോ കോളിളക്കങ്ങൾ ഏറെ സൃഷ്ടിച്ചുകൊണ്ട് രവി ചന്ദ്രനൊപ്പം വീട്ടിൽ നിന്നും ഇറങ്ങിപ്പോന്നത്.
കോളേജിലെ തീപ്പൊരി പ്രാസംഗികനായിരുന്നു രവിചന്ദ്രൻ.. യൂണിവേഴ്സിറ്റി ഇലക്ഷൻ സമയങ്ങളിലൊക്കെ എസ്.എഫ്.ഐ യുടെ തുറുപ്പുചീട്ട്. കോളേജ് യൂണിയൻ ചെയർമാൻ....കാറൽ മാർക്സിന്റെയും ചെഗുവേരയുടെയും ആശയങ്ങളിലൂടെ വിപ്ലവം പടർത്തിയിരുന്നയാൾ..... ആ മുഖത്തു നിന്നും പ്രണയത്തിൽ ചാലിച്ച ഒരു നോട്ടമോ ചിരിയോ ലഭിക്കാൻ വേണ്ടി കോളേജിലെ പെൺകുട്ടികൾ ഭൂരിഭാഗവും നോക്കിയിരുന്നിരുന്നു. എന്തു കൊണ്ടോ രവി ചന്ദ്രന്റെ കണ്ണുകളുടക്കിയത് വീണയുടെ നിഷ്കളങ്കമായ മുഖത്ത്... രവി ചന്ദ്രന്റെ കട്ട ആരാധകരിലൊരാളായിരുന്ന വീണയ്ക്ക് പിന്നീടൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അച്ഛന്റെ വർഗശത്രുവിന്റെ മകനാണെന്നറിഞ്ഞിട്ടും പ്രണയിച്ചു.അച്ഛന്റെ സമ്മതമില്ലാതെ രജിസ്റ്റർ മാര്യേജ് കഴിച്ചു.... അതു കൊണ്ടു തന്നെ വീണയുടെ വീട്ടിൽ നിന്നും അധികം സപ്പോർട്ടില്ല... രവി ചന്ദ്രൻ ഇപ്പോൾ പാർട്ടിയുടെ ഏരിയാ സെക്രട്ടറിയാണ്.....
"എന്താണ് പ്രിയ ഭാര്യേ, ആലോചിച്ചു നിൽക്കുന്നത്?" പിന്നിലൂടെ വന്ന് രവി ചന്ദ്രൻ അവളുടെ ചുമലിൽ കൈവച്ചു .... ഒന്നും മിണ്ടാതെ അവൾ കൈയെടുത്ത് മാറ്റി ബെഡ് റൂമിലേക്കു നടന്നു...
"മുഖത്ത് കടന്നലുകുത്തിയോ? ചട്ടി പോലെയുണ്ടല്ലോ.???"വെളുക്കെ ചിരിച്ചു കൊണ്ട് രവി ചന്ദ്രൻ അവളുടെ പുറകേ ചെന്നു..
" ഒന്നും മിണ്ടണ്ട... എല്ലാ രാഷ്ട്രീയക്കാരും ഇങ്ങനെയാണോ? എന്നും പാർട്ടിയും ജനങ്ങളും മാത്രം.. സന്തോഷമുള്ള ഒരു കാര്യത്തിനും നിങ്ങളിവിടെയുണ്ടാവില്ല..."
"എടീ, അത് മനപൂർവ്വമല്ലല്ലോ... അത്യാവശ്യമായതുകൊണ്ടല്ലേ..."
"എന്ത് അത്യാവശ്യം? ഇതിപ്പോ പ്രവാസികളുടെ ഭാര്യമാരേക്കാൾ കഷ്ടമാണല്ലോ? ഗൾഫുകാർ ലീവിനു വന്നാലെങ്കിലും ഭാര്യമാരുടെ കൂടെ തന്നെയുണ്ടാവുമെന്നെങ്കിലും പറയാം... നിങ്ങൾക്ക് എന്നും കമ്മിറ്റ്മെന്റ് പാർട്ടിയോടും ജനങ്ങളോടുമാ.... എന്നിട്ടേയുള്ളൂ ഞാനും മോളുമൊക്കെ...." അവളുടെ ശബ്ദം ഇടറി..
"എടീ, അങ്ങനെയൊന്നുമല്ല.... എനിക്കു നീയും മോളും തന്നെയാ വലുത്... ചില അത്യാവശ്യങ്ങൾ വരുമ്പോൾ നമ്മുടെ സ്വന്തം കാര്യങ്ങൾ നമ്മൾ മാറ്റി വയ്ക്കേണ്ടി വരും.... സ്വന്തം ആൾക്കാരുടെ കാര്യങ്ങളല്ലേ നമുക്ക് പിന്നീടേക്ക് മാറ്റി വയ്ക്കാനാവൂ.... അവർക്കല്ലേ നമ്മളെ മനസിലാക്കാൻ
പറ്റൂ... നീയും മോളും വേഗം റെഡിയായിക്കേ.... നമുക്കൊന്നു പുറത്തു പോകാം..... ഈ വൈകുന്നേരവും നാളെ മുഴുവനും നിന്റെയും മോളുടെയും കാര്യം മാത്രമേ നോക്കുന്നുള്ളൂ... "
" ശരിക്കും "
" ഉം..... ശരിക്കും...... "
പതിനാലാം രാവുദിച്ചതു പോലെ വീണയുടെ മുഖം തിളങ്ങി. അവളുടെ പരിഭവങ്ങളും വിഷമങ്ങളുമെല്ലാം ആ ഒറ്റപ്പറച്ചിലിൽ കെട്ടടങ്ങി.
ഉത്സാഹത്തോടെയുള്ള അവളുടെ പോക്കു കണ്ടപ്പോൾ രവിചന്ദ്രൻ മനസ്സിലോർത്തു....
ഇത്രയേയുള്ളൂ ഈ സ്ത്രീകളുടെ കാര്യം... ഒരു ചെറിയ വിട്ടുവീഴ്ച ചെയ്താൽ മതി.... അവർക്കതു വലിയ കാര്യമാണ്.....
രജിത കൃഷ്ണൻ

ക്ഷമയുള്ള ദേഷ്യക്കാരൻ..............


ക്ഷമയുള്ള ദേഷ്യക്കാരൻ..............
ബൈക്ക് സ്റ്റാർട്ടാക്കിക്കൊണ്ട് ഞാൻ അകത്തേക്കു നോക്കി വീണ്ടും വിളിച്ചു.
" ദിവ്യേ.... ഒന്നു വേഗം വാ....... മുഹൂർത്തമാവുമ്പോഴേക്കും കല്യാണ വീട്ടിലെത്തണം.... " ദിവ്യയുടെ ബന്ധുവിന്റെ കല്യാണമാണ്..
''ദാ.... വന്നൂ ഉണ്ണിയേട്ടാ...... " അകത്തു നിന്നും മധുരമേറിയ ശബ്ദം......ശബ്ദത്തിനു പുറമേ മനോഹരമായ രൂപവും വാതിൽ കടന്നു പുറത്തു വന്നു. ദിവ്യയുടെ വേഷം കണ്ടതും എനിക്കു ദേഷ്യം വന്നു. ഒരു സാധാരണ ടോപ്പും ലഗിൻസും ദുപ്പട്ടയും...
"ഈ വേഷത്തിലാണോ കല്യാണത്തിനു പോവുന്നത്..... "
" ഈ വേഷത്തിനെന്താ കുഴപ്പം?"
"അപ്പോ നീയല്ലേ കല്യാണത്തിനു പോവുമ്പോ പുതിയ സാരി വേണമെന്നു പറഞ്ഞു കഴിഞ്ഞയാഴ്ച ഒരെണ്ണം വാങ്ങിയത്..."
"അതോ, അത് ബ്ലൗസ് തയ്ച്ചത് ശരിയായില്ല..."
"എന്നാ പിന്നെ വേറെ ഡ്രസ്സൊന്നുമില്ലേ....... ഈ ലഗിൻസൊന്നും എനിക്കിഷ്ടമല്ലെന്നു നിനക്കറിഞ്ഞു കൂടേ..."
"ഇതിനിപ്പോ എന്താ കുഴപ്പം? ലഗിൻസൊക്കെ ഇപ്പോൾ കോമണാ.... എനിക്കിതാ ഇഷ്ടം........"
അവൾ നിസാരമായി പറഞ്ഞു കൊണ്ട് ബൈക്കിന്റെ പുറകിൽ കയറിയിരുന്നു.. ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല.... ഒരു വഴക്കു വേണ്ട...... എന്തെങ്കിലുമൊക്കെ ചെയ്യട്ടെ....... ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യും.
ഞങ്ങളുടെ സംസാരം ശ്രദ്ധിച്ചു നിന്ന അനിയത്തിയുടെ മുഖത്ത് അർത്ഥഗർഭമായ പുഞ്ചിരി വിരിഞ്ഞു... ആ പുഞ്ചിരിയുടെ അർത്ഥം എനിക്ക് മനസിലായി....ഒരിക്കൽ അനിയത്തി ഇതുപോലെ ലഗിൻസും ധരിച്ചു വന്നപ്പോൾ "ഈ കൊറ്റിക്കാലും കൊണ്ട് എന്റെ കൂടെ ബൈക്കിൽ വരണ്ട " എന്നും പറഞ്ഞ് അവളെ തിരിച്ചയച്ചതാണ്... ഡ്രസു മാറ്റി വന്നിട്ടേ അവളെ ബൈക്കിൽ കയറാൻ ഞാനന്ന് അനുവദിച്ചുള്ളൂ......ആ ഞാനാണ്? ഇപ്പൊഴെങ്ങനെയിരിക്കുന്നൂ ....എന്ന പുച്ഛഭാവമാണ്‌ അവളുടെ ചിരിയിൽ.....എന്റെയേട്ടന് ഇങ്ങനെ മാറാനും അറിയാമല്ലേ..... അവളുടെ കണ്ണുകളിൽ ആ ചോദ്യമുണ്ടായിരുന്നു.അതു കണ്ടില്ലെന്നു നടിച്ചു അമ്മയോടും യാത്ര പറഞ്ഞ് ബൈക്ക് ഞാൻ മുന്നിലേക്കെടുത്തു. കല്യാണവും കൂടി തിരികെ വീട്ടിലെത്തി..
അനിയത്തി മാത്രമല്ല, അമ്മയും പലപ്പോഴും കളിയാക്കാറുണ്ട്... " ഞാൻ മീൻ പൊരിച്ചത് കുറച്ചു കരിഞ്ഞു പോയതുകൊണ്ട് പാത്രത്തോടെയെടുത്ത് പുറത്തേക്ക് ഒറ്റയേറു വച്ചു കൊടുത്തവനാണ് ...... ഒരു തവണ പറഞ്ഞത് പിന്നീടു ചോദിച്ചാൽ വെട്ടുപോത്തിനെ പോലെ കലി കൊണ്ടു കയർക്കുന്നവനാ....... മൂക്കത്തായിരുന്നു ശുണ്ഠി....ഇപ്പോൾ ഭാര്യ ഭക്ഷണമുണ്ടാക്കിക്കൊടുക്കുമ്പോൾ ഉപ്പു കൂടിയാലും കരിഞ്ഞു പോയാലും എരിവില്ലെങ്കിലും അവൻ കമാന്നൊരക്ഷരം മിണ്ടില്ല... എന്റെ മോന് ഇത്രക്കു ക്ഷമയുണ്ടെന്ന് ഞാനറിഞ്ഞില്ല....കല്യാണം കഴിഞ്ഞാൽ ആൺപിള്ളേരുടെ സ്വഭാവം മാറുമെന്നു പറയുന്നത് ഇങ്ങനെയാണല്ലേ...."അമ്മയുടെ വക തൊലിഞ്ഞൊരു കമന്റ്....
" അതിനമ്മേ, ഏട്ടൻ ആദ്യമായിട്ടൊരു കല്യാണം കഴിച്ചതല്ലേ.... നിധി കിട്ടിയ പോലെയാ....."
ഒന്നു ചൂടാക്കാൻ വേണ്ടി കച്ചകെട്ടിയിറങ്ങി അനിയത്തിയും അമ്മയുടെ കൂടെ ചേർന്നു.അപ്പോഴും ഞാൻ ക്ഷമയെ കൂട്ടുപിടിച്ചു.
അവർക്കിങ്ങനെയൊക്കെ പറയാം...... എത്ര കാലം പുറകെ നടന്നിട്ടാണ് ഈ കല്യാണത്തിലേക്ക് ദിവ്യയെ കൊണ്ടു ചെന്നെത്തിച്ചത്... ഇപ്പോൾ കല്യാണം കഴിഞ്ഞതല്ലേയുള്ളൂ.... കുറച്ചു കാലം തനി സ്വരൂപമൊക്കെ മാറ്റിവയ്ച്ച് ശാന്തഭാവം അണിയാം.... അതിനിപ്പോ പെൺകോന്തൻ എന്നു വിളി കേട്ടാലും സാരമില്ല......
കുറച്ചൊക്കെ കണ്ടില്ല, കേട്ടില്ല എന്നു വച്ചില്ലെങ്കിൽ പിന്നെ എന്തോന്നു ദാമ്പത്യം?
വീട്ടുകാരുടെ മുന്നിൽ പുലിയായിരിക്കുന്നവരൊക്കെ വിവാഹശേഷം ആദ്യകാലങ്ങളിലെങ്കിലും ഭാര്യയുടെ മുന്നിൽ എലിയായിരിക്കുമോ?
രജിത കൃഷ്ണൻ

പാവപ്പെട്ടവൾ.........


പാവപ്പെട്ടവൾ.........
മാർച്ചിന്റെ പൊള്ളുന്ന വെയിൽ ചൂടിലും സാമ്പത്തിക വർഷം അവസാനിക്കാറായതിനാൽ "ടാർജറ്റ് തികച്ചില്ലെങ്കിൽ അട്ടപ്പാടിയിലേക്കോ കാസർകോട്ടേക്കോ ആയിരിക്കും അടുത്ത ട്രാൻസ്ഫർ " എന്ന മേലുദ്യോഗസ്ഥന്റെ ഭീഷണിയുടെ ചൂടിലും ഒന്നുഷാറായി ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ആ സ്ത്രീ എന്റെ മുന്നിലെത്തിയത്. മാർച്ചിലെ ചൂട് സഹിക്കാൻ പറ്റുന്നില്ലെങ്കിലും മേലുദ്യോഗസ്ഥന്റെ ഭീഷണി ഞാൻ ചിരിച്ചു തള്ളി. അട്ടപ്പാടിയും കാസർകോടും പണിഷ്മെന്റ് ട്രാൻസ്ഫറിനു പേരു കേട്ട സ്ഥലങ്ങളാണെന്നാണല്ലോ വെപ്പ്.......നാട്ടിൽ നിന്നും അഞ്ചാറു ജില്ലകൾക്കപ്പുറത്ത് യാതൊരു സൗകര്യവുമില്ലാത്ത ഒരു സ്ഥലത്ത് ജോലി ചെയ്യുന്ന നമ്മളെയാണോ ഉടുക്കു കൊട്ടി പേടിപ്പിക്കുന്നത്..................
അത്തരമൊരു ട്രാൻസ്ഫർ എന്നെ സംബന്ധിച്ചിടത്തോളം "ഉർവശീശാപം ഉപകാരം " എന്ന രീതിയിലായിരിക്കും..........
ആ സ്ത്രീയെ കണ്ടതേ എനിക്കു മനസിലായി........ ബിന്ദു.... നഷ്ടപരിഹാരം അനുവദിക്കേണ്ടുന്ന '' ഇര ". വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നതാണ് കേസ്.. അവർ ദളിത് വിഭാഗത്തിൽ പെടുന്നതിനാൽ എൻക്വയറി നടത്തി റിപ്പോർട്ട് സമർപ്പിക്കുക, പോലീസുകാരുമായി സഹകരിച്ച് ബിന്ദുവിന് ആവശ്യമുള്ള നിയമസഹായം ലഭ്യമാക്കുക എന്നതൊക്കെയാണ് എന്റെ ചുമതല....
പോലീസിൽ നിന്നും ലഭിച്ച എഫ്.ഐ. ആറിന്റെയും സ്ത്രീയുടെ മൊഴിയുടെയും പകർപ്പുകൾ വായിച്ചു നോക്കിയപ്പോൾ ചില പൊരുത്തക്കേടുകൾ ഉള്ളതായി എനിക്കു തോന്നി. അതിന്റെ സത്യാവസ്ഥ അറിയുന്നതിനു വേണ്ടിയാണ് ഈ വ്യക്തിയെ ഓഫീസിൽ വിളിച്ചു വരുത്തിയത്.ചില മൊഴികൾക്ക് യാഥാർത്ഥ്യവുമായി ഒരു ബന്ധവും കാണാറില്ല..........പ്രത്യേകിച്ചും അക്ഷരാഭ്യാസമില്ലാത്തവരെ സംബന്ധിച്ച്......... എപ്പോഴും അങ്ങനെയല്ല കേട്ടോ.....അവരുടെ സംസാരത്തിൽ നിന്നും എഫ്.ഐ.ആറിൽ പറഞ്ഞതൊക്കെ സത്യമാണെന്ന് എനിക്ക് മനസിലായി.....
രണ്ടു മക്കളുടെ മാതാവാണ് ബിന്ദു. ഭർത്താവ് അവരെ ഉപേക്ഷിച്ചു വേറെ വിവാഹം കഴിച്ചു. അമ്മയോടൊപ്പമാണ് ഇവരുടെ താമസം....ചില ചില്ലറ ജോലികളൊക്കെ ചെയ്താണ് ജീവിക്കുന്നത്........ ആയിടയ്ക്കാണ് മൊബൈൽ ഫോണിൽ മിസ് കോളിലൂടെ പരിചയപ്പെട്ട ഹനീഫയുമായി അവർ അടുക്കുന്നത്. ഫോണിലൂടെയുള്ള അടുപ്പം വളർന്നു വളർന്ന് ലോഡ്ജിലേക്കും ഹോട്ടൽ മുറികളിലേക്കുമെത്തി. വിവാഹം കഴിക്കണമെന്ന് ബിന്ദു നിർബന്ധം പിടിച്ചപ്പോൾ ഹനീഫ നൈസായി കൈകഴുകി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് ശാരീരികമായി പീഡിപ്പിച്ചു എന്ന് ബിന്ദു പോലീസിൽ പരാതി നൽകി....... പീഡിപ്പിച്ചയാൾ ഉയർന്ന ജാതിയിൽപെട്ടയാളായതിനാൽ " അതിക്രമം തടയൽ നിയമം "പ്രകാരം കേസെടുത്തു.
താഴ്ന്ന ജാതിക്കാരുടെ സ്വത്തു തട്ടിയെടുക്കൽ, അടിമപ്പണി ചെയ്യിക്കൽ, ജാതിപ്പേരു വിളിച്ചപമാനിക്കൽ,പീഡനം, ബലാത്സംഗം, കൊലപാതകം എന്നിങ്ങനെയുള്ള കേസുകളിൽ അതിക്രമം തടയൽ നിയമം പാലിക്കേണ്ടതാണ്.......... ഡി.വൈ.എസ്.പി.യിൽ കുറയാത്ത റാങ്കിലുള്ള പോലീസുദ്യോഗസ്ഥനെയായിരിക്കണം ഇത്തരം കേസുകളുടെ അന്വേഷണച്ചുമതല ഏൽപിക്കേണ്ടത്. ഇത്തരം കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യം തടയുന്നു.. കോളിളക്കം സൃഷ്ടിച്ച "ജിഷ വധക്കേസിൽ " അന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ഈ നിയമം ശരിയായ രീതിയിൽ പാലിച്ചില്ല എന്നുള്ളത് ഏറെ വിമർശനങ്ങൾക്കിടവരുത്തിയിരുന്നു.
ബിന്ദുവിന്റെ കദന കഥ കേട്ട് ഞാൻ രണ്ടു മിനിട്ട് മൗനമാചരിച്ചു. നിരപരാധികളായ പെൺകുട്ടികൾക്കു തന്നെ തന്റേതല്ലാത്ത കാരണങ്ങളാൽ സമൂഹത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വരുന്ന ഇന്നത്തെ സമൂഹത്തിൽ ആരുടെയെങ്കിലും വാക്കു കേട്ട് എടുത്തു ചാടി പുറപ്പെട്ട് അവരു വിളിക്കുന്നിടത്തെല്ലാം പോയിട്ട് ഒടുവിൽ പീഡനത്തിന്റെ ഇരയെന്നു പറഞ്ഞു കരയുന്നവരോടൊക്കെ എന്തു പറയാൻ? അവരെ പറഞ്ഞയച്ചതിനു ശേഷം ഞാൻ എൻക്വയറി റിപ്പോർട്ട് മേലധികാരിക്ക് സമർപ്പിച്ചു.
സർക്കാർ നൽകുന്ന നഷ്ടപരിഹാര തുകയേക്കാൾ കൂടിയ തുക ഹനീഫ വച്ചു നീട്ടിയപ്പോൾ ബിന്ദു കേസു പിൻവലിച്ചു എന്നാണ് പിന്നീട് എനിക്കറിയാൻ കഴിഞ്ഞത്..... അങ്ങനെയും ചിലർ.....
രജിത കൃഷ്ണൻ

പിന്തുടരുന്ന കണ്ണുകൾ.................


പിന്തുടരുന്ന കണ്ണുകൾ.................
"എടാ ,നിന്നെ കാണാൻ ഒരു വിസിറ്റർ വന്നിരിക്കുന്നു. ഒരു സഞ്ജീവ്.വേഗം വാ." ജയിൽ വാർഡൻ വന്നു അഴികളിൽ തട്ടി വിളിച്ചു.ജയിലറയുടെ ഒരു മൂലയ്ക്ക് തല കുമ്പിട്ടിരിക്കുകയായിരുന്ന വിനോദ് മുഖമുയർത്തി. "നിന്നെ തേടി ആദ്യമായിട്ടാണല്ലോടാ ഒരു വിസിറ്റർ വരുന്നത്?"വാർഡൻ പുച്ഛത്തോടു കൂടി പറഞ്ഞു. "ഏതായാലും വാ."തടവറയുടെ വാതിൽ തുറന്നു കൊണ്ട് അയാൾ വിളിച്ചു.വിനോദ് പതിയെ എഴുന്നേറ്റ് വാർഡന്റെയൊപ്പം പുറത്തേക്കു നടന്നു.
വാർഡൻ പറഞ്ഞതു പോലെ ജയിലിലായി ഇത്രയും കാലമായിട്ടും വീട്ടിൽ നിന്നോ കൂട്ടുകാരാരും തന്നെയോ ഇവിടെ കാണാൻ വന്നിട്ടില്ല. ആദ്യമായിട്ടാണ് ഒരാൾ കാണാൻ വരുന്നത്.അഴികൾക്കപ്പുറത്ത് സഞ്ജീവ്.അവന്റെ മുഖത്ത് ഒരു നിസ്സംഗഭാവം.വാർഡൻ അവിടുന്ന് മാറി.
" എങ്ങനെയുണ്ട് ജയിൽ ജീവിതം? സുഖം തന്നെയല്ലേ വിനോദ്?"സഞ്ജീവ് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.വിനോദിന്റെ മുഖത്ത് നിസ്സഹായത നിറഞ്ഞു. "എടാ. ഞാൻ.... ഞാൻ..... ഒരു കുറ്റവും ചെയ്തിട്ടില്ല. ആരോ എന്നെ ചതിച്ചതാ..... ആ വീഡിയോ പുറത്തു വിട്ടത് ഞാനല്ല........."
" വീഡിയോ എടുത്തത് നീയാണല്ലോ? എല്ലാവർക്കും അയച്ചതും നീ. പിന്നെങ്ങനെ നീ കുറ്റക്കാരനല്ലാതാവും?" സഞ്ജീവ് ചോദിച്ചു.
" അനിതയുടെ വീഡിയോ എടുത്തു എന്നുള്ളത് നേരാ. പക്ഷേ ഞാൻ അതു നേരമ്പോക്കിനു വേണ്ടി എടുത്തതാ. ഞാനതാർക്കും അയച്ചു കൊടുത്തിട്ടില്ല. നെറ്റിൽ അപ് ലോഡ് ചെയ്തിട്ടുമില്ല. ഇത് വേറെയാരോ എന്നെ കരുതിക്കൂട്ടി ചതിച്ചതാ. ആരോ ചെയ്തതിന് ഞാൻ അകത്തായി.അനിതയുടെ ചേട്ടൻ കോടതിയിൽ നിന്നിറങ്ങുമ്പോൾ ഭീഷണിപ്പെടുത്തിയിട്ടാ പോയത്.ജയിലീന്നെറങ്ങുമ്പോൾ ജീവനോടെ വച്ചേക്കില്ലെന്ന് .ജയിലീന്നെറങ്ങിയാലും വീട്ടിലേക്കു വരേണ്ടെന്നാ അമ്മയും അച്ഛനും പറഞ്ഞത്. എവിടെയെങ്കിലും പോയി തുലഞ്ഞോളാൻ? ഞങ്ങൾക്കിങ്ങനെയൊരു മകനെയോ പെങ്ങൾക്ക് ഇങ്ങനെയൊരു ചേട്ടനെയോ വേണ്ടെന്ന്?" അതു പറയുമ്പോൾ അവന്റെ സ്വരം വിറച്ചു.
"നന്നായി. വളരെ നന്നായി. " സഞ്ജീവ് പതിയെ ചിരിച്ചു. "നിന്നെ ചതിച്ചതാരാണെന്നല്ലേ നിനക്കറിയേണ്ടത്? നീ ശരിക്കു കണ്ടോ? ഞാനാ ആ വീഡിയോ യൂട്യൂബിൽ ചേർത്തത്. നിന്നെ കുടുക്കാൻ . നിന്റെ ഉറ്റ കൂട്ടുകാരൻ." സഞ്ജീവിന്റെ ചിരി ഗുഹയിൽ നിന്നും മുഴങ്ങുന്നതു പോലെ വിനോദിനു തോന്നി. കൊലച്ചിരി.
"എടാ, പട്ടീ, നീ ... നീ .... കൂടെ നിന്ന് നീയെന്നെ ചതിച്ചല്ലേ?"വിനോദ് അഴികൾക്കിടയിലൂടെ അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു. " റിലാക്സ്, റിലാക്സ്. രോഷം കൊള്ളേണ്ട. നീ ജയിലിനകത്താ .അത് മറക്കണ്ട." സഞ്ജീവ് പതിയെ വിനോദിന്റെ കൈകൾ ഷർട്ടിൽ നിന്നും പിടിവിടുവിച്ചു.
"നിന്റെയാ വാട്ട്സാപ്പ് കാമുകി അനിത സൂയിസൈഡിന് ശ്രമിച്ചത് നീയറിഞ്ഞില്ലല്ലോ? മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും കഴുത്തിലെ ഞരമ്പു പൊട്ടി ശരീരം തളർന്നു കിടപ്പുണ്ട്. അവളു ചെയ്ത തെമ്മാടിത്തരങ്ങൾക്ക് ദൈവം നൽകിയ ശിക്ഷയാ.അത്തരം അസുര ജന്മങ്ങളൊക്കെ ചാവുന്നതാ നല്ലത്. നിന്റെ ചക്കരവാക്കില് മതി മയങ്ങി അവളെന്തൊക്കെയാ ചെയ്തത്? ഹോസ്റ്റൽ ബാത്റൂമിൽ മൊബൈൽക്യാമറാ വച്ച് അവള് റൂം മേറ്റ്സിന്റെ മുഴുവൻ രഹസ്യ ചിത്രങ്ങളും വീഡിയോകളും നിനക്കയച്ചു തന്നു. നീ അതൊക്കെ ഇന്റർനെറ്റിൽ അപ് ലോഡ് ചെയ്യുന്നവർക്ക് എത്തിച്ചു കൊടുത്തു. നിനക്കറിയോ അതു മൂലം ജീവിതം തകർന്നവരിൽ എന്റെ കസിനുമുണ്ട്. ഒന്നുമറിയാത്ത ഒരു പാവം പെൺകുട്ടി. നിന്റെയാ കള്ളക്കാമുകി ബുദ്ധിമതിയാ.അവള് മറ്റുള്ളവരുടെ ജീവിതം വെച്ചാ കളിച്ചത്.നീ സൈലൻറ് പാർട്ട്ണറാണല്ലോ? അതു കൊണ്ട് കേസിന്റെ ഒരിടത്തും നീ രംഗത്തു വന്നില്ല. നഷ്ടം മുഴുവൻ ആ പാവം കുട്ടികൾക്ക് .നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്.ഇത്തരം സ്വഭാവം ഉപേക്ഷിക്കാൻ. നീ കേട്ടില്ല. നീ എവിടെയൊക്കെ ജോലി ചെയ്തോ അവിടെയൊക്കെ നീ ഷവറിലും ഡോറിലും ക്ലോക്കിലും വയറിംഗിലും മറ്റു പലയിടത്തും ഒളിക്യാമറകളും സ്ഥാപിച്ചിട്ടുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ഇതു വരെയും നീ പിടിക്കപ്പെട്ടില്ല.നിന്നെ പോലെയുള്ളവർ അകത്തു കിടക്കട്ടെ. മറ്റുള്ളവരെങ്കിലും സ്വൈര്യമായി ജീവിക്കട്ടെ. നീ ഓർക്കുന്നോ. ഒരു നാൾ നമ്മൾ രണ്ടു പേരും കൂടി മതി മയങ്ങും വരെ മദ്യപിച്ച ഒരു ഞായറാഴ്ച. അന്നു നിന്നെ മദ്യത്തിൽ കുളിപ്പിച്ചു കിടത്തിയിട്ട് നിന്റെ മൊബൈൽ ഫോൺ ഞാൻ കൈക്കലാക്കി. നിന്റെ പാസ് വേഡും യൂസർ ഐഡിയും ഇ മെയിൽ അഡ്രസും മറ്റു പലതും എനിക്കു കാണാപ്പാഠമായിരുന്നല്ലോ?നിനക്കും അനിതക്കും ഒരു പണി തരണമെന്നു കരുതിയിരുന്ന എനിക്ക് അതിനുള്ള വഴിയും ആ ഫോണിൽ തന്നെയുണ്ടായിരുന്നു. ഞാനാ നിന്നെ കുരുക്കിയതിനു പിന്നിലെ സൂത്രധാരൻ. എല്ലാ തെളിവുകളും നിനക്കെതിരാക്കി ഞാൻ കളിച്ചു.നീയല്ല ഞാനാ കുറ്റക്കാരനാണെന്ന് നിനക്കു തെളിയിക്കാൻ കഴിയുമെങ്കിൽ തെളിയിക്ക്......" സഞ്ജീവിന്റെ വാക്കുകൾ ലാവ പോലെ തിളച്ചു.
"നിന്നെ ഞാൻ കാണിച്ചു തരാമെടാ "വിനോദ് ആക്രോശിച്ചു. "അതിനു നീ ഇവിടെ നിന്നിറങ്ങിയിട്ടു വേണ്ടേ? ശിക്ഷ കഴിഞ്ഞിറങ്ങട്ടെ.അപ്പോൾ നമുക്കാലോചിക്കാം. ഇപ്പോൾ നീ ചെല്ല്. സമയം കഴിയാറായി. ബൈ. "സഞ്ജീവ് തിരിഞ്ഞു നടന്നു....
ഒളിക്യാമറകൾ നമ്മുടെ സ്വൈരജീവിതത്തെ പ്രതികൂലമായി ബാധിച്ചു കൊണ്ടിരിക്കുന്നു. ടെക്സ്റ്റൈൽ ഷോപ്പുകളിലും പബ്ലിക് ടോയ്ലറ്റുകളിലും ഹോസ്പിറ്റലിലും ഹോട്ടൽ മുറികളിലും എന്നു വേണ്ട എന്തിലും എവിടെയും ക്യാമറയുടെ രഹസ്യക്കണ്ണുകളെ ഭയക്കണമെന്ന അവസ്ഥ ഭീതിജനകമാണ്. ഇത്തരം ആശങ്കകൾ ദൂരീകരിക്കുന്നതിനാ വശ്യമായ കൃത്യമായ നിയമനിർമ്മാണം നടത്തേണ്ടിയിരിക്കുന്നു.........
രജിത കൃഷ്ണൻ

ചില പ്രണയക്കാഴ്ചകൾ................


ചില പ്രണയക്കാഴ്ചകൾ................
പ്രണയിക്കുമ്പോൾ അവനും അവൾക്കും വല്ലാത്ത ധൈര്യമാണ്. എന്തിനെയും നേരിടാനുള്ള ചങ്കൂറ്റം. തന്റെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന ഒരാൾ ഉണ്ടാവുന്നത് ഏതൊരാളുടെയും മനസിന് ഉണർവേകുന്നതാണല്ലോ?
അണിഞ്ഞൊരുങ്ങാൻ താൽപര്യമില്ലാത്ത അവൾ അവനു വേണ്ടി അണിഞ്ഞൊരുങ്ങുന്നു. പൊട്ടു തൊടുന്നു. നല്ല വേഷം ധരിക്കുന്നു. ചില ചില്ലറ ദുശ്ശീലങ്ങളൊക്കെ ( പുക വലി, ചെറിയ രീതിയിലുള്ള വെള്ളമടി, വാഹനമോടിക്കുന്നതിലെ അമിത വേഗം, ധൂർത്ത് ,ഇത്യാദി........)കയ്യിലുള്ള അവൻ അവൾ പറയുന്നതിന് അനുസരിച്ച് ഇക്കാര്യങ്ങളിലൊക്കെ നിയന്ത്രണം വരുത്തി നല്ല കുട്ടിയായി മാറുന്നു.ഇതെല്ലാം പ്രണയത്തിന്റെ അനന്തരഫലങ്ങളല്ലാതെ മറ്റെന്താണ്?
ഒരു ദിവസം ആ മുഖമൊന്നു കണ്ടില്ലെങ്കിൽ, ആ ശബ്ദമൊന്നു കേട്ടില്ലെങ്കിൽ ആദിവസം ബാക്കി എന്തൊക്കെ ഉണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല. വിലപ്പെട്ടതെന്തോ നഷ്ടപ്പെട്ടതു പോലെ. ഫോൺ ചെയ്യുന്ന സമയത്ത് എടുക്കാതിരുന്നാൽ, പരിധിക്ക് പുറത്തായാൽ ,മെസ്സേജിനു മറുപടി ഇല്ലാതായാൽ അപ്പോഴത്തെ വേവലാതി പറഞ്ഞറിയിക്കുക വയ്യ. എന്തെങ്കിലും വിഷയത്തെ ചൊല്ലി പിണങ്ങിയിരുന്നാലോ? പിന്നെ ഇരുവർക്കുമിടയിലെ മഞ്ഞുരുകുന്നതു വരെയും എങ്ങനെയൊക്കെയോ സമയം കഴിച്ചുകൂട്ടുന്നു എന്നേയുള്ളൂ.
പ്രണയം എന്നത് നിർവചിക്കുകയാണെങ്കിൽ ഒരേ സമയം വളരെ എളുപ്പവും എന്നാൽ അതുപോലെ തന്നെ സങ്കീർണ്ണവുമാണ്. ഒറ്റ വാക്കിൽ പ്രണയത്തെ അഗ്നിയോടുപമിക്കാം. പടരുന്ന അഗ്നിയെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടെന്നതു പോലെ പ്രണയത്തിലകപ്പെട്ടവരെ നിയന്ത്രിക്കുക വളരെ പ്രയാസകരമായിരിക്കും. കേട്ടിട്ടില്ലേ പ്രേമത്തിന് കണ്ണും മൂക്കുമില്ലെന്ന് ..............
രജിത കൃഷ്ണൻ

സർക്കസ്സിലെ സൂപ്പർ സ്റ്റാർ......................


സർക്കസ്സിലെ സൂപ്പർ സ്റ്റാർ......................
യൂണിവേഴ്സിറ്റി പരീക്ഷ വന്നു പടിക്കലെത്തി നിൽക്കുന്നു. ഒന്നും പഠിച്ചു തീർന്നിട്ടില്ല. സ്റ്റഡി ലീവു കഴിയാൻ ഇനി 2 ദിവസം മാത്രം.പരീക്ഷ കഴിയുന്നതുവരെ വീട്ടുജോലികളിൽ സഹായിക്കുന്നതിൽ നിന്നും അമ്മ എനിക്കവധി തന്നു. രാവും പകലും മകൾ പഠിക്കട്ടെ എന്നു വിചാരിച്ചിട്ടാവും. "സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സ് "ഒരു തരത്തിലും പിടി തരുന്നില്ല. തൽക്കാലം അതു മാറ്റി വച്ചു കുറച്ചു ഭേദമായ "ഒപ്റ്റിക്സ് " ബുക്കെടുത്തു വായിക്കാൻ തുടങ്ങി. ഇരുന്നും നടന്നുമൊക്കെയുളള പ്രഹസനം കഴിഞ്ഞപ്പോൾ പിന്നെ കിടന്നു കൊണ്ടായി വായന. ഉച്ചഭക്ഷണം കഴിച്ചതിന്റെ ഹാങ്ങോവറിലായതുകൊണ്ടാണോ അതോ വിഷയത്തിന്റെ കടുപ്പം കൊണ്ടാണോ എന്നറിയില്ല ഉറക്കം എന്റെ മസ്തിഷ്കത്തെ കടന്നാക്രമിക്കാൻ തുടങ്ങി. പുസ്തകവും മുഖത്തോടു ചേർത്തു വച്ചു ഞാൻ മയക്കത്തിലേക്കു വഴുതിവീണു.
പുറത്തൊരാരവം കേട്ടാണ് ഞാൻ ഉറക്കമുണർന്നത്. എവിടെ നിന്നാണാവോ? അമ്മയോടു ചോദിച്ചപ്പോൾ "ആ സർക്കസ്സു കൂടാരത്തിൽ നിന്നായിരിക്കും " എന്ന് മറുപടി കിട്ടി. ഓ....അതു ശരിയാ.കുറച്ചു ദിവസമായി ആ പ്രദേശത്ത് സർക്കസ് പ്രദർശിപ്പിക്കുന്നുണ്ട്. ജിങ്കോ സർക്കസ് . ഫാത്തിമയുടെ വീടിനോടു ചേർന്ന് പഞ്ചായത്ത് വക കുറച്ചു തുറസ്സായ സ്ഥലമുണ്ട്. അതിൽ കൂടാരം കെട്ടി സർക്കസ്സ് തുടങ്ങി.
രാജ് കമൽ, ജംബോ, ഗ്രാന്റ് നാഷണൽ, എംപയർ, കോഹിനൂർ, ഗ്രേറ്റ് റോയൽ, ജമിനി ...... എന്നിങ്ങനെയുള്ള
സർക്കസ്സ് കമ്പനികളെക്കുറിച്ച് കേട്ടിട്ടുണ്ട്.ഇതേതാണാവോ ഈ ജിങ്കോ സർക്കസ്? കഴിഞ്ഞയാഴ്ച ഞങ്ങളെല്ലാവരും കൂടെ സർക്കസ് കാണാൻ പോയിരുന്നു.
എന്തൊക്കെ അഭ്യാസങ്ങളാണെന്നോ കണ്ടത്? മംഗോളിയൻ മുഖമുള്ള സുന്ദരിമാരുടെ ഡാൻസ് പ്രകടനങ്ങൾ, ആഫ്രിക്കൻ കലാകാരന്മാരുടെ ഫയർ ഡാൻസ്‌,ആനയെയും കുതിരയെയും ഉപയോഗിച്ചുള്ള കുറച്ചഭ്യാസങ്ങൾ, കുള്ളന്മാരുടെ തമാശ നിറഞ്ഞ പ്രകടനങ്ങൾ, ഞാണിന്മേൽകളി, ട്രപ്പീസുകളി, നായ്ക്കുട്ടികളുടെ തീവളയത്തിലൂടെയുള്ള ചാട്ടം, പത്തോ പതിനഞ്ചോ സോഡാക്കുപ്പികൾ കൊണ്ടുള്ള അമ്മാനമാടൽ, കുരങ്ങന്മാരുടെ സൈക്കിൾ സവാരി,റഷ്യൻ സുന്ദരിമാരുടെ വളയം കൊണ്ടുള്ള ഡാൻസുകൾ,എയ്റോബിക് ഡാൻസുകൾ, ഒരു കൈയിൽ ഒരു വടിയുടെ അറ്റത്ത് ഒരു കുള്ളനെ ബാലൻസ് ചെയ്ത് നിർത്തൽഎന്നിങ്ങനെ എന്തെല്ലാം............... കൂടാരത്തിന്റെ ഒരറ്റത്തു നിന്ന് ഊഞ്ഞാലിലാടി വായുവിലൂടെ അടുത്ത ഊഞ്ഞാലിലേക്കെത്തുന്നത് നെഞ്ചിടിപ്പോടെയാണ് കണ്ടത്.
അതിൽ ഒരാൾ എന്റെ പ്രത്യേകം ശ്രദ്ധയാകർഷിച്ചു.അറപ്പും വെറുപ്പും തോന്നിക്കും വിധമുള്ള ഒരു ചിമ്പൻസി.ആ സർക്കസ്സിന്റെ പ്രധാന ആകർഷണം തന്നെ ആ ചിമ്പൻസിയാണ്. സാധാരണ സർക്കസ്സുകളിൽ ബുള്ളറ്റും കാറും പറപ്പിച്ചു ലാന്റു ചെയ്യുന്നത് മനുഷ്യരാണെങ്കിൽ ഇവിടെ അത് ചെയ്യുന്നത് ഈ ചിമ്പൻസിയാണ്. കണ്ണു കെട്ടി കത്തിയേറു നടത്തുന്നതും ചിമ്പൻസി തന്നെ.ആരോ പറയുന്നത് കേട്ടു.മനുഷ്യന്റെ തലച്ചോറു വച്ചുപിടിപ്പിച്ചതാണത്രേ അതിന്.... മനുഷ്യന്റെ വിശേഷബുദ്ധി അത് പ്രകടിപ്പിക്കുന്നുണ്ട്. സംസാരിക്കാൻ പറ്റുന്നില്ലെന്നേയുള്ളൂ. ആംഗ്യത്തിലൂടെ അത് എല്ലാറ്റിനും മറുപടി കൊടുക്കുന്നുണ്ട്.( വന്യ ജീവി സംരക്ഷണ നിയമവും സർക്കസിൽ വന്യമൃഗങ്ങളെ ഉപയോഗിക്കുന്നതിലുള്ള സുപ്രീം കോടതി നിരോധനവും ഇവിടെ നോക്കരുത് കേട്ടോ )
സർക്കസ് കൂടാരത്തിന്റെ ഇടതുവശത്തുള്ള വഴിയിലൂടെ വേണം എനിക്ക് വീട്ടിലേക്ക് വരാനും പോകാനും .ചിലപ്പോഴൊക്കെ ഷോ ഇല്ലാത്ത സമയങ്ങളിൽ ചിമ്പൻസി അതിന്റെ കൂട്ടിൽ നിന്നുമിറങ്ങി കൂടാരത്തിൽ നടക്കുന്നത് കാണാം. മറ്റുള്ള മൃഗങ്ങളെയൊക്കെ അതാതിന്റെ കൂട്ടിലിട്ട ടച്ചിട്ടുണ്ടാവും. കുതിരയെയും ആനയെയും ഒരു വശത്ത് കെട്ടിയിട്ടിരിക്കുന്നത് കാണാം. വഴിയിലൂടെ നടന്നു പോകുന്നവർ അതിനോടു ഹായ് പറഞ്ഞാൽ തിരിച്ചു അത് കൈകൂപ്പി നമസ്കാരം ആംഗ്യത്തിലൂടെ കാണിക്കും.ദിവസങ്ങൾ പോകെ എനിക്ക് ഒരു കാര്യം മനസ്സിലായി.ആ ജീവിക്ക് എന്നോടെന്തോ ഒരു വൈരാഗ്യം ഉണ്ട്.പൊതുവേ ശാന്തശീലനാണെങ്കിലും എന്നെ കാണുമ്പോൾ അതിന്റെ മുഖത്ത് ഒരു തരം ഭീകരത തെളിയുന്നു. ആദ്യം എനിക്കത് മനസിലായില്ല. മറ്റുള്ളവരുടെയൊപ്പം ആ വഴിയിലൂടെ ഞാൻ പോയാൽ ഒരു പ്രശ്നവുമില്ല. ഒറ്റക്ക് പോവുന്നതാണ് കുഴപ്പം. ഒരു ദിവസം ഞാൻ ആ വഴിയേ പോയപ്പോൾ അത് ഓടി വന്നു.ഞാൻ "ഹായ് " എന്നു പറഞ്ഞപ്പോൾ തിരിച്ചു അത് കൈകൂപ്പി .പിന്നീട് നാലുപാടും നോക്കി ആരുമില്ലെന്നു കണ്ടപ്പോൾ പെട്ടെന്ന് എന്റെ കഴുത്തിൽ പിടികൂടി. അപ്പോഴാണ് അതിന്റെ നഖങ്ങൾ ഞാൻ കാണുന്നത്.നീണ്ടു വളഞ്ഞ കൂർത്ത നഖങ്ങൾ.പേടിച്ചുള്ള എന്റെ നിലവിളി കേട്ടു കൂടാരത്തിൽ ഉണ്ടായിരുന്നവർ എല്ലാവരും കൂടെ ഓടി വന്നു. ആൾക്കൂട്ടത്തെ കണ്ടപ്പോൾ അത് കഴുത്തിൽ നിന്നും കയ്യെടുത്ത് ശാന്തനായി കൂട്ടിലേക്കു പോയി കിടന്നു.റിംഗ് മാസ്റ്റർ അതിനെ കുറേ വഴക്കു പറയുകയും അടിക്കുകയുമൊക്കെ ചെയ്തു. എന്നിട്ട് എന്നോടു ചോദിച്ചു.'' അവനങ്ങനെ കുഴപ്പക്കാരനല്ല. അവനെ ഉപദ്രവിക്കുകയോ കളിയാക്കുകയോ കല്ലെടുത്തെറിയുകയോ മറ്റോ ചെയ്തോ?""ഏയ്, ഇല്ല." ഞാൻ മറുപടി പറഞ്ഞു.
അതിനു ശേഷം ഞാൻ ഒറ്റക്കാണെങ്കിൽ ആ വഴിയേ പോകുന്നതിനു പകരം ചുറ്റി വളഞ്ഞു പോകും. ഈ ജീവിയെന്തേ എന്നോടു മുൻ വൈരാഗ്യമുള്ളതുപോലെ കാണിക്കുന്നു? ജീവിതത്തിലാദ്യമായിട്ടാണ് ഞാൻ ചിമ്പൻസിയെ നേരിട്ടു കാണുന്നത്. അങ്ങനെയിരിക്കെ വീണ്ടുമൊരിക്കൽ കൂടി എനിക്ക് അത്യാവശ്യമായി ആ വഴിയേ വരേണ്ടിവന്നു.ഞാൻ അവിടെയെത്തിയതും അങ്ങോട്ടേക്കൊന്നു പാളി നോക്കി.ഭാഗ്യം. പുള്ളിക്കാരൻ താടിക്കു കയ്യും കൊടുത്ത് താഴോട്ടു നോക്കിയിരിപ്പുണ്ട്.ഞാൻ പാദപതന ശബ്ദം പോലും കേൾപ്പിക്കാതെ മെല്ലെ മുമ്പോട്ടു നടന്നു.രണ്ടടി വച്ചില്ല.അതാ നിൽക്കുന്നു തൊട്ടു മുന്നിൽ തന്നെ.ചിമ്പൻ സിയെ കണ്ടതേ ഞാൻ നിലവിളിച്ചു. നിലവിളി കേട്ട് ആൾക്കാർ ഓടിക്കൂടി. അതിന്റെ കൂർത്ത നഖങ്ങൾ എന്റെ കഴുത്തിലേക്കു നീണ്ടു. ഇക്കുറി ജനക്കൂട്ടത്തെ കണ്ടിട്ടൊന്നും അത് ശാന്തനായില്ല. എന്നെ കൊന്നേ തീരൂ എന്ന മട്ടാണ്. എങ്ങനെയൊക്കെയോ അതിന്റെ കൈ തട്ടിത്തെറിപ്പിച്ച് ഞാൻ ഓടാൻ തുടങ്ങി. പെട്ടെന്ന് എവിടെ നിന്നോ അതിന്റെ കൈയിൽ ഒരു കത്തി പ്രത്യക്ഷപ്പെട്ടു.സർക്കസ്സിൽ കത്തിയേറു ശീലമുള്ളതല്ലേ? തിരിഞ്ഞു നോക്കിയ എന്റെ നേർക്ക് കത്തി വീശിയടുത്തുവന്നു. "അമ്മേ" ഞാൻ അലറിക്കരഞ്ഞു.
"എന്താടീ കിടന്നു കാറുന്നത്?" കയ്യിൽ ചായയുമായി അമ്മ.'' ആ ചിമ്പൻസി " ഞാൻ കിതച്ചു കൊണ്ടു പറഞ്ഞു.'' ചിമ്പൻ സിയോ? നീയെന്താ വല്ല സ്വപ്നവും കണ്ടു പേടിച്ചോ? " " സർക്കസ്സുകാരു പോയോ?" "ഏത് സർക്കസ്സുകാര്? ഇവിടെങ്ങും ഒരു സർക്കസ്സുമില്ല." ഞാൻ വേഗം കട്ടിലിൽ നിന്നെണീറ്റ് ചായ കുടിക്കാതെ ഫാത്തിമയുടെ വീട്ടിലേക്കു നടന്നു. തുറസ്സായ മൈതാനം എന്നെ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്നു. സർക്കസ്സുമില്ല. കൂടാരവുമില്ല. ചിമ്പൻസിയുമില്ല..
ഇളിഭ്യയായ് ഞാൻ, വിഷണ്ണയായ് ഞാൻ, വീണ്ടും ശശിയായി നിന്നൂ...............................
രജിത കൃഷ്ണൻ

കോഴിക്കോടൻ ഹൽവ

Image may contain: 1 person, sky, outdoor and nature
സാധാരണ പോവുന്ന വഴിയിൽ നിന്നും ഓട്ടോറിക്ഷയുടെ ഗതി മറ്റൊരു റൂട്ടിലേക്കു തിരിഞ്ഞപ്പോൾ ഞാൻ ആന്തലോടെ ഡ്രൈവറെ നോക്കി. കല്യാൺ കേന്ദ്രയുടെ മുമ്പിലൂടെ ചെന്നു പാളയം വഴി റെയിൽവേ സ്റ്റേഷനിലെത്തുകയാണ് പതിവ്. തിരിച്ചാണെങ്കിൽ ചിലപ്പോൾ എസ്.എം. സ്ട്രീറ്റ്‌ വഴിയും വന്നിട്ടുണ്ട്. ഇതേതുവഴി? ഇതുവരെ ഈ വഴി കണ്ടിട്ടില്ലല്ലോ?
''ഇതെന്താ ഈ വഴിക്ക്? ഇതിലേയല്ലല്ലോ പോവേണ്ടത്?"
"മറ്റേ വഴി ബ്ലോക്കാക്കിയിരിക്കുകയാ. പൂന്താനം ജംഗ്ഷനിൽ വച്ച് ഒരാക്സിഡൻറ്. ബസും കാറുമാ.കുറച്ചു സമയം കഴിയും ബ്ലോക്ക് മാറാൻ." ഞാൻ പുറകിലേക്കൊന്നു നോക്കി. "അതു വഴി അങ്ങോട്ടുമിങ്ങോട്ടും വണ്ടികൾ പോവുന്നുണ്ടല്ലോ?" ഞാൻ സംശയത്തോടെ ചോദിച്ചു."അതിന് ആക്സിഡന്റ് നടന്നിട്ട് പത്തു മിനിട്ടായതേയുള്ളൂ. പോയ വണ്ടികളു തിരിച്ചുവന്നതായിരിക്കും." എനിക്കതു വിശ്വസിക്കാൻ പ്രയാസമായി തോന്നി. ഓട്ടോ ഏതൊക്കെയോ വഴികളിലൂടെ പൊയ്ക്കൊണ്ടിരുന്നു. ഇയാളെങ്ങോട്ടാണ് എന്നെ കൊണ്ടു പോവുന്നത്? മുന്നിലെ കണ്ണാടിയിലൂടെ അയാൾ ഇടക്കിടക്ക് ശ്രദ്ധിക്കുന്നുണ്ട്. മുപ്പത് വയസ്സിൽ കൂടില്ല അയാൾക്ക്. ഇരു നിറം. അരോഗദൃഢഗാത്രൻ.പോവുന്ന വഴിയിൽ അധികം വാഹനങ്ങളോ തിരക്കോ കാണുന്നില്ല. ഉള്ളിലൊരു പെരുമ്പറ കൊട്ടൽ. ഞാൻ ഓട്ടോയുടെ ഇറങ്ങുന്ന വശത്തേക്കു മെല്ലെ ചേർന്നിരുന്നു മൊബൈൽ ഫോൺ എടുത്തു കയ്യിൽ പിടിച്ചു. ഏതു നിമിഷവും പോലീസിനെ വിളിക്കാൻ പാകത്തിന് .ഓട്ടോയുടെ പേര് ഉള്ളിൽ നിന്നും നോക്കുമ്പോൾ മനസിലാവുന്നില്ല. മൊബൈൽ നമ്പർ ചില വണ്ടികളിൽ എഴുതിക്കാണാറുണ്ട്.ഇതിൽ കാണുന്നില്ല. വണ്ടി നമ്പർ ?ങ്ഹാ കിട്ടി. ഡ്രൈവറുടെ സീറ്റിന്റെ ബാക്കിൽ കാണാനുണ്ട്. KL 11 പിന്നീടുള്ള അക്ഷരം കാണാനില്ല. കുറച്ചു പെയിന്റ് ഇളകിയിട്ടുണ്ട്. നമ്പർ 7693.
പഴയ KSRTC സ്റ്റാന്റിൽ നിന്നും ലഗേജുമായി ഇറങ്ങിയപ്പോൾ അവിടെ നിർത്തിയിരുന്ന ഓട്ടോയിൽ വേഗം കയറിയിരുന്നു പോയി. വണ്ടിയുടെ പേരോ നമ്പറോ ശ്രദ്ധിച്ചുമില്ല.ഓട്ടോയിൽ കയറിയപ്പോഴാണ് കണ്ടത്. ഉള്ളിൽ ഗ്യാസ് സിലിണ്ടർ കിടപ്പുണ്ട്. ലഗേജെടുത്ത് സൈഡിൽ വച്ചു.കാല് ശരിക്കു വയ്ക്കാൻ സ്ഥലമില്ല." റെയിൽവേ സ്റ്റേഷൻ " ഡ്രൈവറോടായി പറഞ്ഞു. " അയ്യോ. ബാക്കിൽ ഗ്യാസ് കുറ്റിയുണ്ടല്ലോ. ബുദ്ധിമുട്ടാവുമോ?" ഇല്ല. കുഴപ്പമില്ല."വേറെ വണ്ടികളൊന്നും കാണുന്നുമില്ല. വരുന്നതിലൊക്കെ ആളുമുണ്ട്. അധികം വൈകിയാൽ ട്രെയിൻ കിട്ടില്ലെന്നുറപ്പാണ്.എങ്ങനെയെങ്കിലും സ്റ്റേഷനിൽ ഒന്നെത്തിച്ചേർന്നാൽ മതി. അങ്ങനെ കയറിയതാണ്. ഓട്ടോ പോവുന്നതിനനുസരിച്ച് ഗ്യാസ് സിലിണ്ടർ അങ്ങോട്ടുമിങ്ങോട്ടും ഉരുണ്ടുകൊണ്ടിരുന്നു. കാൽ ശരിക്കു വയ്ക്കാൻ പറ്റാത്തതു കൊണ്ട് ഇരിക്കാനും ഭയങ്കര ബുദ്ധിമുട്ട്.
വിജനമായ ഒരു സ്ഥലത്ത് എത്തിയതും അയാൾ ഓട്ടോ സഡൻ ബ്രേക്കിട്ടു. ഡ്രൈവർ പുറത്തിറങ്ങി.ആ സെക്കന്റിൽ തന്നെ ഞാനും പുറത്തു ചാടി.
"എന്താ? വണ്ടി നിർത്തിയത്?" ഞാൻ വിഹ്വലതയോടെ ചോദിച്ചു. " കുറച്ചു നേരമായി നിങ്ങൾ സീറ്റിലിരിക്കാൻ കഷ്ടപ്പെടുന്നതു കാണുന്നു. ഒരു തുണിയെടുത്ത് ഗ്യാസ് കുറ്റിയുടെ അടിയിൽ വയ്ക്കട്ടെ? അപ്പോ അങ്ങോട്ടുമിങ്ങോട്ടും ഉരുളില്ല."എന്റെ ശ്വാസം നേരേ വീണു. ''അതൊന്നും വേണ്ട. വേഗം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു തന്നാൽ മതി."നിങ്ങൾക്ക് എപ്പോഴാ ട്രെയിൻ?" " 3.20 ന് " " 3.15 ആവുമ്പോഴേക്കും നിങ്ങളവിടെ എത്തിയിരിക്കും " അയാൾ ഒരു തുണിയെടുത്ത് സിലിണ്ടറിന്റെ അടിയിൽ മടക്കി വച്ചു. വീണ്ടും വണ്ടി സ്റ്റാർട്ടു ചെയ്തു.
" പേടിച്ചു പോയല്ലേ? " അയാൾ എന്റെ മനസ്സു വായിച്ചതു പോലെ പറഞ്ഞു. "ഈ റൂട്ടിലേക്ക് തിരിഞ്ഞപ്പോൾ തൊട്ട് നിങ്ങളുടെ മുഖത്തുള്ള പരിഭ്രമം ഞാൻ കാണുന്നു.പെങ്ങളേ, നിങ്ങളുടെ പ്രായത്തിലുള്ള ഒരാൾ എന്റെ വീട്ടിലുമുണ്ട്." അയാൾ ചിരിയോടെ പറഞ്ഞു. ഞാൻ ജാള്യതയോടെ മുഖം താഴ്ത്തി.
ഓട്ടോ റെയിൽവേ സ്റ്റേഷനിലെത്തിയതും ഇന്റർസിറ്റി എക്സ്പ്രസിന്റെ അനൗൺസ്മെൻറ് കേട്ടു. ധൃതി പിടിച്ച് ഓട്ടോ ചാർജു മുപ്പതു രൂപ കൊടുത്ത് ബാക്കി ചാർജു പോലും തിരിച്ചു വാങ്ങാൻ നിൽക്കാതെ ഞാൻ ബാഗും ലഗേജുമെടുത്ത് ടിക്കറ്റ് കൗണ്ടറിലേക്കോടി. ടിക്കറ്റ് വാങ്ങാൻ നീണ്ട ക്യൂ. വെന്റിംഗ് മഷീനിന്റെ അടുത്ത് അതിലും വലിയ ക്യൂ.എങ്കിലും ക്യൂ നിന്ന്‌ ഒരു വിധത്തിൽ ടിക്കറ്റ് കിട്ടി. ഫ്ലൈ ഓവർ കയറി മൂന്നാമത്തെ പ്ലാറ്റ്ഫോമിലെത്തിയതും ട്രെയിനെത്തിയതും ഒപ്പം .
ലേഡീസ് കംപാർട്ടുമെന്റിന്റെ നേർക്ക് ഏന്തിയും വലിഞ്ഞും നടന്ന് കംപാർട്ട് മെന്റ് എത്താറായപ്പോഴാണ് ശ്രദ്ധിച്ചത്. ഹാന്റ് ബാഗ് കൂടാതെ കൈയിൽ ഒരു ബാഗേയുള്ളൂ.ചുവന്ന ബാഗ് കാണുന്നില്ല. "എന്റെ ഗുരുവായൂരപ്പാ. അതെവിടെ പോയി? " ടിക്കറ്റ് കൗണ്ടറിലെങ്ങാൻ വച്ചിട്ടുണ്ടാവുമോ? ഭഗവാനേ.....എല്ലാ സർട്ടിഫിക്കറ്റുകളും അടങ്ങിയ ഫയൽ അതിലാണ്. എസ്.എസ്.എൽ.സി.ബുക്ക്, പ്ലസ് ടു, ഡിഗ്രി, പി.ജി സർട്ടിഫിക്കറ്റുകൾ. മാത്രമോ എ.ടി.എം.കാർഡ്, പാൻ കാർഡ്, ഐഡന്റിറ്റി കാർഡ്‌ ,ആധാർ കാർഡ്,ബാങ്ക് പാസ് ബുക്ക് അങ്ങനെ എല്ലാം .തിങ്കളാഴ്ച തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സർവീസ് റെഗുലറൈസേഷനുള്ള പി.എസ്.സി. സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് വേണ്ടി കൊണ്ടു പോവാൻ എല്ലാം കൂടെ ഭദ്രമായി ഫയലിൽ വച്ചതാണ്. പി. എഫിൽ നിന്നെടുത്ത അറുപതിനായിരം രൂപ. ദൈവമേ, അതും ആ ഫയലിൽ തന്നെയാണുള്ളത്. ഒരു കവറിലാക്കി ഡോക്യുമെൻറുകളുടെ കൂടെ സുരക്ഷിതമായി വച്ചതാണ്. എനിക്കാകെ തല കറങ്ങുന്നതു പോലെ തോന്നി.തലയ്ക്കകത്തൊരു മൂളൽ. വയറ്റിനുള്ളിൽ നിന്ന് ഒരു തീഗോളം ഉരുണ്ടു കയറി വരുന്നതുപോലെ. മുന്നിലുള്ള ഒരു കാഴ്ചയും കാണുന്നില്ല. അടുത്തു കണ്ട സീറ്റിൽ പരവേശത്തോടെ ഞാനിരുന്നു. മംഗലാപുരം - കോയമ്പത്തൂർ ഇന്റർ സിറ്റി എക്സ്പ്രസ് എന്റെ മുമ്പിലൂടെ കൂകിപ്പാഞ്ഞു കൊണ്ട് കടന്നു പോയി. ബാഗിനകത്തു നിന്നും ഞാൻ വെള്ളമെടുത്ത് മടുമടാന്ന് കുടിച്ചു. ബുദ്ധി ശരിക്കു പ്രവർത്തിക്കുന്നില്ല. ഒന്നുകൂടി ആലോചിച്ചു നോക്കി. ടിക്കറ്റ് കൗണ്ടറിൽ ക്യൂ നിന്നപ്പോൾ തന്റെ കയ്യിൽ ചുവന്ന ബാഗ് ഉണ്ടായിരുന്നോ? അത് താനെവിടെയെങ്കിലും വച്ചോ? അതാലോചിച്ചപ്പോൾ ഒരു ശൂന്യതയാണ്. കൃത്യമായി ഓർമ്മയില്ല.
ഇവിടെ തളർന്നിരുന്നിട്ട് കാര്യമില്ല. എഴുന്നേറ്റ് ഫ്ളൈ ഓവറിലൂടെ നടന്ന് ടിക്കറ്റ് കൗണ്ടറിലെത്തി. അവിടെ മുഴുവൻ തിരഞ്ഞു. അവിടെയിരിക്കുന്നവരോടും അന്വേഷിച്ചു.ക്യൂ നിൽക്കുന്നവരോടും. എല്ലാവരും കൈമലർത്തി. പൊട്ടിക്കരയുമെന്നായപ്പോൾ അവിടെ നിന്നും മാറി. ഒന്നു കൂടി ആലോചിച്ചു നോക്കി. പഴയ KSRTC ബസ് സ്റ്റാന്റിൽ നിന്നും വരുമ്പോൾ തന്റെ കയ്യിൽ രണ്ടു ബാഗുണ്ടായിരുന്നോ? അതെ. ഉണ്ടായിരുന്നു. ചുവന്ന ബാഗാണ് താൻ ഓട്ടോയിലേക്ക് ആദ്യം ഇട്ടത്. ഓട്ടോയിൽ നിന്നും ഇറങ്ങിയപ്പോഴോ? ട്രെയിനെത്തിയ ധൃതിയിൽ വെപ്രാളപ്പെട്ട് ഇറങ്ങിയതുകൊണ്ട് ആ രംഗത്തിന് അത്ര വ്യക്തതയില്ല. സ്റ്റേഷൻ വളപ്പിലെ ഓട്ടോകൾ നിൽക്കുന്ന കൗണ്ടറിൽ ചെന്നു നോക്കാം.ഓട്ടോ നമ്പർ അറിയാമല്ലോ? അവിടെ ചെന്നപ്പോൾ കൗണ്ടറിലാളില്ല . ഇപ്പോൾ പോയതേയുള്ളത്രേ.... അവിടെയുള്ള ഓട്ടോക്കാരോട് വണ്ടി നമ്പറും ആളിന്റെ രൂപവും പറഞ്ഞു.റെയിൽവേ സ്റ്റേഷൻ പരിധിയിലുള്ളയാളല്ല. അപ്പുറത്തെ ഓട്ടോ സ്റ്റാന്റിലും കൂടെ ഒന്നന്വേഷിക്കാൻ പറഞ്ഞു. ഞാൻ ലഗേജുമെടുത്ത് ഓട്ടോ സ്റ്റാന്റിലേക്കു നടന്നു.
സ്റ്റാന്റെത്താറായപ്പോഴാണ് എന്റെ ഫോൺ ബെല്ലടിച്ചത്.വീട്ടിൽ നിന്നായിരിക്കും. നോക്കിയപ്പോൾ നമ്പർ മാത്രം. ഫോണെടുത്തു." ഞാൻ നസീമാണ്. ഇപ്പോൾ നിങ്ങൾ കയറിയ ഓട്ടോയിലെ ഡ്രൈവർ."എന്റെയുള്ളിൽ ഒരു കുളിരു വീണു. ഞാൻ അങ്ങോട്ടു ചോദിക്കും മുമ്പേ അയാൾ ഇങ്ങോട്ടുപറഞ്ഞു. "നിങ്ങളുടെ ബാഗ് എന്റെ ഓട്ടോയിൽ വച്ച് മറന്നു പോയി. ഞാൻ വീട്ടിൽ വന്ന് ഗ്യാസ് സിലിണ്ടർ ഇറക്കി വക്കാൻ നോക്കുമ്പോഴാണ് നിങ്ങളുടെ ബാഗ് സീറ്റിന്റെ അങ്ങേയറ്റത്ത് ഇരിക്കുന്നത് കണ്ടത്. നിങ്ങളുടെ ഫയലിനുള്ളിലുണ്ടായിരുന്ന ബയോഡേറ്റയിൽ നിന്നാണ് ഈ നമ്പർ കിട്ടിയത്.കൂടെ പൈസയും ഉണ്ട്. നിങ്ങൾ റെയിൽവേ സ്റ്റേഷനിൽ തന്നെ നിന്നോളൂ. പത്ത് മിനിറ്റിനുള്ളിൽ ഞാനെത്താം." ഞാൻ ആശ്വാസത്തോടെ ഗുരുവായൂരപ്പനെ മനസ്സിൽ നമിച്ചു. ഭഗവാനേ,നാളെ തന്നെ ഞാൻ അങ്ങയെ വന്നു കണ്ടോളാമേ........
പറഞ്ഞ സമയത്തിനുള്ളിൽ നസീം വന്നു.ബാഗ് എന്നെയേൽപിച്ചു. " തുറന്നു നോക്കിക്കോളൂ. എന്തെങ്കിലും പോയിട്ടുണ്ടോ എന്ന്. " ഞാൻ തുറന്നു നോക്കാൻ വിസമ്മതിച്ചെങ്കിലും അയാൾ നിർബന്ധിച്ചു തുറന്നു നോക്കിപ്പിച്ചു. എല്ലാം നോക്കിയ ശേഷം ഞാൻ അയാളോടു നന്ദി പറഞ്ഞു പിരിഞ്ഞു.പോകുമ്പോൾ അയാൾ പറഞ്ഞു.'' തിരിച്ചു പോകുമ്പോൾ വേറാരും ഓട്ടോയിൽ കയറാതിരുന്നത് നിങ്ങളുടെ ഭാഗ്യം."
കോഴിക്കോടല്ലാതെ വേറെ ഏതെങ്കിലും സ്ഥലത്തു വച്ചാണ് ഇത് സംഭവിച്ചതെങ്കിൽ ഇതിന്റെ പര്യവസാനം ഇങ്ങനെയായിരിക്കുമോ എന്ന കാര്യത്തിൽ എനിക്കു സംശയമുണ്ട്. സിനിമകളിലൂടെയും പത്രവാർത്തകളിലൂടെ
യും കണ്ടു പരിചയിച്ച കോഴിക്കോടൻ ഓട്ടോ ചേട്ടന്മാരിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതായി ഈ സംഭവം.ഞാനൊരു കോഴിക്കോട്ടുകാരി അല്ലെങ്കിലും ഇതിനു മുമ്പും കോഴിക്കോട്ടുകാരുടെ നന്മ എനിക്കു മനസിലായിട്ടുണ്ട്. മുമ്പൊരുതവണ എനിക്ക് റോഡ് സൈഡിലിറക്കിയ ലഗേജുകൾ ബസ് സ്റ്റാന്റിന്റെ അങ്ങേ വശത്ത് അങ്ങേയറ്റത്തെ ബസിനുള്ളിലെത്തിക്കാൻ
ബുദ്ധിമുട്ടിയപ്പോൾ ഓട്ടോ ഡ്രൈവർ തന്നെ പോർട്ടറായും വന്നു സഹായിച്ചിട്ടുണ്ട്.മീറ്ററിൽ കാണുന്ന തുക മാത്രം ഈടാക്കുന്നവർ.50 പൈസയാണ് ബാക്കി വരുന്നതെങ്കിൽ പോലും അതും കൂടി തന്നിട്ടേ അവർ പോകൂ.............
രജിത കൃഷ്ണൻ

പ്രവാചകൻ


പ്രവാചകൻ.................................................
ട്രെയിനിൽ നല്ല തിരക്ക്.ജനറൽ കമ്പാർട്ടുമെന്റുകളിൽ സൂചി കുത്താനിടമില്ല. എന്തോ ഭാഗ്യത്തിന് രാവിലെ ടിക്കറ്റ് കൺഫേം ആയി.റിസർവേഷൻ കമ്പാർട്ടുമെന്റിലെ എന്റെ നമ്പറുള്ള സീറ്റിൽ ഇരുന്നിരുന്ന വ്യക്തി സീറ്റിന്റെ ഉടമസ്ഥൻ വന്നപ്പോൾ എഴുന്നേറ്റ് അടുത്ത കമ്പാർട്ടുമെൻറിലേക്ക് പോയി. ബാഗും മറ്റും മുകളിലെ ബെർത്തിലേക്കു വച്ചു ഞാൻ സീറ്റിലിരുന്നു. എതിരെയിരിക്കുന്നവർ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നു തോന്നുന്നു. ഭർത്താവും ഭാര്യയും രണ്ട് കുട്ടികളും. എന്റെ വലതു വശത്തിരിക്കുന്നത് രണ്ടു പയ്യന്മാരാണ്. അവരു രണ്ടു പേരും പരസ്പരം സംസാരിക്കുകയും മൊബൈൽ ഫോൺ നോക്കിയിരിക്കുന്നതുമല്ലാതെ മറ്റുള്ളവരെ ശ്രദ്ധിക്കുന്നു പോലുമില്ല. കന്നഡയാണെന്നു തോന്നുന്നു. പകലായതിനാൽ അധികമാരും ബെർത്തിൽ കിടക്കുന്നത് കാണാനില്ല. മറാഠികളാണ് ബോഗിയിൽ ഭൂരിഭാഗവും.എതിരെയിരിക്കുന്ന ആൾക്ക് ഒരു മലയാളി ഛായയുണ്ടോ? ഇല്ല. അയാളുടെ സംസാരവും കന്നഡ തന്നെ.ഈ ബോഗിയിൽ ഏതെങ്കിലുമൊരു മലയാളി ഇല്ലാതിരിക്കുമോ? കേരളത്തിലെത്തുന്നതു വരെ രണ്ടു ദിവസം ബോറടിച്ചിരിക്കണ്ടേ? മൊബൈൽ ഫോണിനെ എത്ര ആശ്രയിക്കും?വരട്ടെ. കുറച്ചു കഴിഞ്ഞൊന്ന് കറങ്ങിയിട്ട് വരാം. ട്രെയിൻ പുറപ്പെട്ടു തുടങ്ങി. സീറ്റിൽ ചാരി ഞാൻ വെറുതേ കാഴ്ചകൾ കണ്ടിരുന്നു.
" സുധിയേട്ടാ " സുജയുടെ വളകിലുക്കം പോലെയുള്ള ചിരി കാതുകളിൽ. എന്നെ കളിയാക്കാൻ കിട്ടുന്ന ഒരു സാഹചര്യവും അവൾ വിട്ടു കളയില്ല. ഇതും അങ്ങനെ തന്നെയാവും. കല്യാണം കഴിഞ്ഞു മറ്റൊരു വീട്ടിലായിട്ടും ആ സ്വഭാവത്തിനു മാറ്റമൊന്നുമില്ല. അച്ഛനുമമ്മയും ഭാര്യയും കുറച്ചു ദുഃഖമാചരിക്കുമായിരിക്കും. കുട്ടികൾക്ക് ഇതു രണ്ടിനുമുള്ള പ്രായമാവാത്തതു കൊണ്ട് അവരെ കൊണ്ട് പ്രശ്നമില്ല.നാട്ടുകാർ ചിലപ്പോൾ പുച്ഛിച്ചെന്നിരിക്കും. കൊട്ടിഘോഷിച്ചു വന്നതല്ലേ?എന്റെ മനോഗതം മനസിലാക്കിയിട്ടാണോ എതിരെയുള്ള വ്യക്തി ഇടയ്ക്കിടയ്ക്ക് തറപ്പിച്ചു നോക്കുന്നത്?
1993-94 കാലഘട്ടം. ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന കാലം. പഠിക്കുന്ന കാര്യത്തിൽ ഞാൻ വളരെ മിടുക്കനായതു കൊണ്ട് ബാക്ക് ബെഞ്ചിലാണ് എന്റെ സ്ഥാനം. പിന്നെ എന്റെ ജൂനിയറായി പഠിച്ചവരുടെ കൂടെയാണ് ഞാൻ പത്താം ക്ലാസിൽ പഠിച്ചത്. എട്ടാം ക്ലാസിൽ ഞാൻ വീണ്ടും രണ്ടു തവണ ഇരുന്നതു കൊണ്ടാണ് അവർക്ക് ആ ഭാഗ്യമുണ്ടായത്‌. ആ പ്രദേശത്ത് പത്താം ക്ലാസ് പരീക്ഷ എഴുതാൻ തയ്യാറായി നിൽക്കുന്ന മറ്റു നാലു പേർ കൂടിയുണ്ടായിരുന്നു. അവരൊക്കെ പരീക്ഷ പാസാവാൻ വേണ്ടി കഠിനമായി പരിശ്രമിക്കുമ്പോൾ ഞാൻ വളരേ ലാഘവത്തോടു കൂടി പരീക്ഷയെ സമീപിച്ചു.അച്ഛനുമമ്മയും "പഠിക്കെടാ, പഠിക്കെടാ "എന്നു പറഞ്ഞു നിർബന്ധിച്ചിട്ടെന്തു കാര്യം? നമുക്കു പുസ്തകം കണ്ടാൽ ചെകുത്താൻ കുരിശു കാണുന്നതുപോലെയാ......................പരീക്ഷ വളരെ മനോഹരമായി തന്നെ കടന്നു പോയി. എന്തൊക്കെയോ കുത്തിക്കുറിച്ചു കൊണ്ട് ഞാനും എന്റെ കടമ നിറവേറ്റി.
ഇന്നത്തെപ്പോലെ അണ്ടനും അടകോടനും പരീക്ഷ എഴുതാത്തവനും കൂട്ടിനു പോയ അച്ഛനുമൊന്നും അന്ന് പത്ത് പാസാവില്ല. ഇന്ന് തോൽക്കാൻ ഭഗീരഥപ്രയത്നം ചെയ്യണമെന്നതു പോലെ അന്ന് ജയിക്കണമെങ്കിൽ കഠിനമായി പരിശ്രമിക്കണം. ജസ്റ്റ് പാസാവുന്നവൻ പോലും രാജാവായി വിലസി നടക്കുന്ന കാലം.
ആയിടയ്ക്കാണ് വീട്ടിൽ ഒരു കോടങ്കി (കൈനോട്ടക്കാരൻ എന്നു മലയാളം) വന്നത്.പെണ്ണുങ്ങളുടെയൊക്കെ കൈ നോക്കി അയാൾ ഭാവി പറയുന്നുണ്ട്. അമ്മയും ജാനകിച്ചേച്ചിയും അജിത്തേട്ടനും സുജയുമൊക്കെ അതു കേട്ടു രസിച്ചിരിപ്പുണ്ട്. അക്കൂട്ടത്തിൽ വെറുതേ ഒരു രസത്തിന് ഞാനും എന്റെ കൈ നീട്ടി. ജയിക്കില്ല എന്ന് നൂറ്റമ്പത് ശതമാനം ഉറപ്പാണെങ്കിലും വെറുതേനെ ഞാനും ചോദിച്ചു " പത്താം ക്ലാസ് പരീക്ഷ പാസാകുമോ"ന്ന്.കോടങ്കി എന്റെ കൈ പിടിച്ചു മാറ്റിയിട്ട് കാലൊന്നു നീട്ടാൻ പറഞ്ഞു. ഞാൻ വലതുകാൽ നീട്ടി. കാലിന്റെ ഉപ്പൂറ്റി പിടിച്ചു മലർത്തി കാലിനടി വശം അയാൾ കുറേ നേരം നോക്കിയിരുന്നു.എന്നിട്ട് ഒരു ബോധോദയം ഉണ്ടായതുപോലെ തമിഴും മലയാളവും കൂട്ടിക്കലർത്തി പറഞ്ഞു.
"നീങ്ക എത്ര ഉളപ്പിയാലും പത്താം ക്ലാസ് പാസ്സായിറിക്കും ....."
ഇതു കേട്ടതും അമ്മയും സുജയും ചീറ്റപ്പുലികളെപ്പോലെ എഴുന്നേറ്റു.
"എഴുന്നേറ്റേ അവിടുന്ന്? രാവിലെ ഓരോ തട്ടിപ്പുമായിട്ട് ഇറങ്ങിക്കോളും, മനുഷ്യന്മാരെ പറ്റിക്കാനായിട്ട്.കല്ലുവച്ച നുണ പറയുന്നതിനും ഒരതിരില്ലേ? "
"അല്ല അമ്മാ........നാൻ പേസണത് നിജം താനേ........ കാൽ രേഖയിൽ അത് പറയുന്നുണ്ട്. " അയാൾ എഴുന്നേറ്റ് വിക്കി വിക്കി പറഞ്ഞു.
"ഒരു കാൽ രേഖയും കൈരേഖയും. പൊക്കോണം ഇവിടുന്ന്...... " അമ്മ വേലിപ്പടിക്കലേക്ക് കൈ ചൂണ്ടി.
'' കാലു മടക്കി രണ്ടെണ്ണം തന്നാലുണ്ടല്ലോ?" അജിത്തേട്ടന്റെ വക. ജാനകിച്ചേച്ചിയുടെ മകനാണ് അജിത്തേ ട്ടൻ.തേരാ പാരാ നടപ്പാണു പുള്ളിക്ക്
പണി.എന്തായാലും മറ്റുള്ളവരുടെ കൈ നോക്കിയ കാശു പോലും കൊടുക്കാതെ എല്ലാവരും കൂടി അയാളെ അവിടുന്നോടിച്ചു. പോകുന്ന പോക്കിൽ അയാൾ പറയുന്നുണ്ടായിരുന്നു."നാൻ സൊല്ലണത് സത്തിയമാ." അയാളെ ഓടിക്കാനും ഞാൻ തന്നെ മുൻപന്തിയിലുണ്ടായിരുന്നു.
"കാക്ക ചിലപ്പോ മലർന്നു പറക്കുമായിരിക്കും. എന്നാലും ഇത് നടക്കില്ല." അനിയത്തിയുടെ കമന്റ്. അവളെ കുറ്റം പറയാനും പറ്റില്ല.എനിക്കും അക്കാര്യത്തിൽ ഉറപ്പായിരുന്നു.
അങ്ങനെ പരീക്ഷയുടെ റിസൽറ്റ് വന്നു. താൽപര്യമില്ലാതെ അന്നത്തെ പത്രം നോക്കിയ എന്റെ കണ്ണു തള്ളിപ്പോയി. ജയിച്ച കുട്ടികളുടെ കൂട്ടത്തിൽ എന്റെ നമ്പറും. ഒന്നുകൂടി നമ്പറെടുത്തു കൊണ്ടുവന്നു ചെക്കു ചെയ്തു നോക്കി. മാറ്റമില്ല.മഹാത്ഭുതം. മഹാത്ഭുതം. ഞാൻ ഓടിച്ചെന്ന് അച്ഛനെയും അമ്മയെയും സുജയെയും വിളിച്ചു കൊണ്ടുവന്ന് കാണിച്ചു കൊടുത്തു.. അച്ഛന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.അമ്മയുടെ മുഖത്തും ഒരു അഭിമാനഭാവം.അനിയത്തിയുടെ മുഖത്തു മാത്രം സംശയം
" ഇനിയെങ്ങാനും പത്രമടിച്ചിറക്കുമ്പോൾ തെറ്റിയതായിരിക്കുമോ? അല്ലാതെ ഇങ്ങനെയൊക്കെ സംഭവിക്കുമോ?"
"നീ പോടീ കുരങ്ങി... "ഞാൻ അവൾക്കു നേരെ ചീറി. പിന്നല്ലാതെ? ഒരാള് ജയിച്ചതിന്റെ അസൂയ കണ്ടില്ലേ?
" അമ്മേ ഏട്ടൻ കോപ്പിയടിച്ചിട്ടുണ്ടാവും. അല്ലെങ്കിൽ ഏട്ടന്റെ പേപ്പർ സാറന്മാര് ശരിക്കും നോക്കിയിട്ടുണ്ടാവില്ല." അവൾ അംഗീകരിക്കുന്ന ഭാവമില്ല. അവളുടെ ജല്പനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ ഞാൻ തള്ളിക്കളഞ്ഞു.
അന്വേഷിച്ചപ്പോൾ എന്റെ കൂടെ പരീക്ഷയെഴുതിയ എന്റെ നാട്ടുകാരായ മറ്റു നാലുപേരും തോറ്റിരിക്കുന്നു. ഇരുനൂറ്റി പതിനെട്ട് മാർക്കേ കിട്ടിയുള്ളൂവെങ്കിലും ഡിസ്റ്റിംഗ്ഷൻ കിട്ടിയ ഭാവമായിരുന്നു എനിക്ക്.സ്വീറ്റ്സ് മറ്റു വീടുകളിൽ കൊടുക്കാൻ പോയപ്പോൾ അവരൊക്കെ എന്നോടു കൂടുതൽ സംസാരിക്കുന്നു. രണ്ട് വീടിനപ്പുറമുള്ള വീട്ടിലെ ജ്യോതി എന്നെ ആരാധനയോടെ നോക്കുന്നു.അതു വരെ തിരിഞ്ഞു പോലും നോക്കാത്തവളാണ്. അനീഷിന്റെ വീട്ടിലെത്തിയപ്പോൾ ഭയങ്കര മ്ലാനത. അവൻ തോൽക്കുമെന്നാരും വിചാരിച്ചതല്ല. എന്റെ അമ്മ എപ്പോഴും "അവനെ കണ്ടു പഠിക്ക്. അവനെ കണ്ടു പഠിക്ക് " എന്നു പറയാറുണ്ടായിരുന്നു. ഇനി അതു പറയില്ലല്ലോ?.അതുവരെ ഒന്നുമല്ലാത്തതായിരുന്ന ഞാൻ പിന്നെ ഹീറോയായി. എന്നെ പുച്ഛിച്ചവരൊക്കെ എന്നോടു ചിരിക്കാനും സംസാരിക്കാനും തുടങ്ങി.
"ശ്യൊ? ആ കോടങ്കി പറഞ്ഞത് സത്യമായിരുന്നു. വെറുതേ അയാളെ ഓടിച്ചു വിട്ടു." താടിക്ക് കൈയ്യും കൊടുത്ത് അമ്മ പറഞ്ഞു. എല്ലാവരും അത് ശരിവച്ചു.
റെഗുലർ കോളേജിൽ അഡ്മിഷൻ കിട്ടാത്തതു കൊണ്ട് ഞാൻ പാരലൽ കോളേജിൽ തേഡ് ഗ്രൂപ്പെടുത്ത് പ്രീഡിഗ്രിക്ക് ചേർന്നു.പ്രീഡിഗ്രി വമ്പിച്ച ഭൂരിപക്ഷത്തോടു കൂടി തോറ്റപ്പോൾ പിന്നീട് പഠനം എന്ന പ്രക്രിയക്ക് വിരാമമിട്ടു കൊണ്ട് ഞാൻ ഇലക്ട്രീഷ്യൻ പണി പഠിക്കാൻ പോയി.കാലങ്ങൾ കഴിഞ്ഞു പോയി. വിനീതയെ കല്യാണം കഴിച്ചു.രണ്ടു കുഞ്ഞുങ്ങളായി.രണ്ട് പെൺകുട്ടികൾ. ഇലക്ട്രിക്കൽ വർക്കും അൽപസ്വല്പം ചിട്ടിയും കുറച്ചു കൃഷിയുമൊക്കെയായി ജീവിച്ചു പോന്നു.
അങ്ങനെയിരിക്കെ അമ്പലത്തിലെ ഉത്സവപ്പറമ്പിൽ വച്ചു വീണ്ടും ഞാനാ കോടങ്കിയെ കണ്ടു. വയസ്സായതിന്റെ
കുറച്ചു മാറ്റങ്ങളൊക്കെയുണ്ടെങ്കിലും അയാളുടെ കൊമ്പൻ മീശ കണ്ടപ്പോഴേ എനിക്കാളെ മനസിലായി. ദൈവത്തിന്റെ പ്രതിപുരുഷനല്ലേ? അടുത്തുചെന്ന് പരിചയം പുതുക്കി. അയാൾക്കെന്നെ ഓർമ്മയേയില്ല. വീണ്ടും കൈനോക്കിച്ചു. അടുത്ത പ്രവചനം "കടലു കടക്കാനുള്ള യോഗമുണ്ട്. പാസ്പോർട്ടും വിസയുമൊക്കെ ശരിയാക്കി വയ്ക്കുക." ഇക്കുറി ശുദ്ധമായ മലയാളത്തിൽ അയാൾ പറഞ്ഞു.അയാളോടു നന്ദി പറഞ്ഞ് കൂടുതൽ കാശും കൊടുത്ത് സന്തോഷത്തോടെ ഞാനവിടം വിട്ടു.
അതു വരെ ഗൾഫിനെ കുറിച്ചു ചിന്തിക്കാത്ത ഞാൻ പിറ്റേ ദിവസം മുതൽ ഗൾഫിൽ പോവാനുള്ള ശ്രമം തുടങ്ങി. മാതാപിതാക്കളും ഭാര്യയും നിരുത്സാഹപ്പെടുത്തിക്കൊണ്ടിരുന്നെങ്കിലും എനിക്കു നല്ല ആത്മവിശ്വാസമായിരുന്നു. ഗൾഫിൽ പോയി പത്ത് കാശുണ്ടാക്കുന്നതും പുതിയ വീടുവെക്കുന്നതും കാർ വാങ്ങുന്നതും എല്ലാം ദിവസവും സ്വപ്നം കണ്ടു. എന്റെ നിർബന്ധത്തിനു വഴങ്ങി ഭാര്യയുടെ സ്വർണ്ണം പണയം വച്ചും അച്ഛന്റെ പേരിലുള്ള ചിട്ടി പിടിച്ചും ഇല്ലാത്ത പണമുണ്ടാക്കി ഏജന്റിനെ ഏൽപ്പിച്ചു ബോംബെയിലേക്ക് വണ്ടി കയറി. ബോംബെയിലെത്തിയപ്പോളാണ് ഏജന്റിന്റെ ചതി മനസിലായത്.ഇപ്പോൾ അബുദാബിയിലേക്ക് പോകാൻ പറ്റില്ല. ഇല്ലാത്ത കമ്പനിയിലേക്കാണ് അയാൾ ആളെ കയറ്റി വിടുന്നത്. അയാളുടെ ചതിയിൽ പെട്ട് എത്ര പേരാണ് ബോംബെയിൽ വന്നിരിക്കുന്നത്? ഇത്രയും പേരെ തട്ടിച്ച പണവുമായി അയാൾ മുങ്ങിയിരിക്കുകയാണ്. അയാളെ എവിടെച്ചെന്നു കണ്ടു പിടിക്കും? പണത്തിന്റെ കാര്യത്തിൽ ഇനി എന്തു ചെയ്യും?ഇവിടെ ഇനി നിൽക്കാൻ പറ്റില്ല. നാട്ടിലേക്കു തിരികെ പോവുക തന്നെ............................

ചിലരങ്ങനെയാ....... ഒരു ചക്ക വീണു മുയലു ചത്തു എന്നു കരുതി വീണ്ടും ചക്ക വീഴ്ത്തി ചാക്കുമായി ചെന്നു മുയലിനെ നോക്കുന്നവർ.അത്തരക്കാർ അനുഭവത്തിലൂടെയേ പഠിക്കൂ....................

രജിത കൃഷ്ണൻ

വിവാഹം സ്വർഗത്തിൽ.......................


വിവാഹം സ്വർഗത്തിൽ.......................
രാത്രി മക്കൾക്ക് ഭക്ഷണം കൊടുത്ത് ഉറക്കിയതിനു ശേഷം കഴിക്കാനിരുന്നപ്പോൾ ഉമ ഓർത്തു.ഈ വീട്ടിലെ അവസാനത്തെ ദിവസം. നാലുവർഷമായി ഇവിടെ വാടകക്ക് താമസിക്കുന്നു. നാളെ അപ്പാ വരും .അപ്പായോടൊപ്പം പുതിയ വീട്ടിലേക്ക്. അമ്മ....അമ്മയെ കുറിച്ചോർത്തപ്പോൾ ഭക്ഷണം താഴോട്ടിറങ്ങാതായി. താനല്ലേ അമ്മയെ ഈ നിലയിലാക്കിയത്.? അമ്മ മാത്രമോ? ഉഗ്രപ്രതാപിയായിരുന്ന അപ്പായുടെ ഇപ്പോഴത്തെ രൂപം കാണുമ്പോൾ ആത്മ നിന്ദ തോന്നുന്നു. ഹരിയേട്ടൻ? ഹരിയേട്ടന്റെ മരണത്തിനും ഒരു വിധത്തിൽ പറഞ്ഞാൽ താൻ തന്നെയല്ലേ കാരണക്കാരി? ഹരിയേട്ടന്റെ മരണത്തോടെ അമ്മ തളർന്നു വീണതാണ്.ഹരിയേട്ടന്റെ ബോഡി കാണാൻ പോലും തന്നെ സമ്മതിച്ചില്ല. ഇരിക്ക പിണ്ഡം വച്ച് പുറന്തള്ളിയതല്ലേ തന്നെ? തന്റെ നിഴൽ പോലും വീട്ടിലോ അഗ്രഹാരത്തിലോ കണ്ടു കൂടാ......... തന്നെ വീണ്ടും കുടുംബത്തിലേക്ക് ഏറ്റെടുത്തതിന്റെ പേരിൽ അപ്പായെയും അമ്മായെയും സമുദായത്തിൽ നിന്നും ഭ്രഷ്ട് കൽപിച്ചിരിക്കുകയാണ്.
ഓർമ്മയുടെ താളുകൾ പുറകോട്ടു മറിയുമ്പോൾ ഫൈസലിക്കയുടെ കൂടെ ഇറങ്ങിപ്പോന്ന ദിനം മിഴിവോടെ നിൽക്കുന്നു. ഫൈസലിക്കയുമായിട്ടുള്ള അടുപ്പത്തിന്റെ സൂചന കിട്ടിയപ്പോഴേ അപ്പായും ഹരിയേട്ടനും തിരക്കിട്ട് കല്യാണാലോചനകൾ കൊണ്ടുവന്നു. ഡിഗ്രി രണ്ടാം വർഷം പഠിച്ചു കൊണ്ടിരുന്ന തന്റെ പഠിത്തം അവസാനിപ്പിച്ചു. പി.ജി.ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ഫൈസലിക്ക അന്ന്. തന്നോടുള്ള ഇഷ്ടം കൊണ്ടു മാത്രമാണ് ആ കോളേജിൽ തന്നെ എം.എസ്സിക്ക് ഫൈസലിക്ക അഡ്മിഷൻ വാങ്ങിയത്.തന്റെ സമ്മതമില്ലാതെ തന്നെ അപ്പായും ഹരിയേട്ടനും അമ്മാവന്മാരും കല്യാണമുറപ്പിച്ചു. തന്നെ വീട്ടുതടങ്കലിലുമാക്കി. കല്യാണത്തലേന്ന് കോളേജിൽ നിന്നും വന്ന ഫൈസലിക്കയുടെ സുഹൃത്തുക്കളുടെ സഹായത്തോടെ രാത്രി ഫൈസലിക്കയുടെ കൂടെ പോരുകയായിരുന്നു. പിറ്റേന്നു തന്നെ സുഹൃത്തുക്കളുടെ സഹായത്തോടെ രജിസ്റ്റർ വിവാഹം നടന്നു. അതിനുള്ള കരുക്കളൊക്കെ ഫൈസലിക്ക മുമ്പേ തന്നെ നീക്കിയിരുന്നു. താമസിക്കാനുളള വാടക വീടും സുഹൃത്തുക്കൾ റെഡിയാക്കി തന്നു.
പോലീസിന്റെ സഹായത്തോടെ തന്നെ കൊണ്ടു പോകാൻ വന്ന അപ്പായുടെയും ഹരിയേട്ടന്റെയും മുഖത്തെ യാചനാ ഭാവം. കല്യാണത്തിനു കൂടിയ നാട്ടുകാരുടെയും വീട്ടുകാരുടെയും മുമ്പിൽ അപഹാസ്യരായി തല കുനിച്ചു നിൽക്കുമ്പോഴുള്ള അപമാനഭാരം.അതിന്റെ ശാപമല്ലേ ആറു വർഷം പോലും തികച്ചിട്ടില്ലാത്ത തന്റെ ദാമ്പത്യ ജീവിതത്തിനു സംഭവിച്ചത്?
ബ്രാഹ്മണ സമുദായത്തിൽ പെട്ട പെൺകുട്ടിയെ മരുമകളായി സ്വീകരിക്കാൻ സുലൈമാൻ ഹാജിയാരും ഹാജിറാ ബീവിയും മറ്റു കുടുംബാംഗങ്ങളും ഒരുക്കമായിരുന്നില്ല. "ഉമയെ ഉപേക്ഷിച്ചാൽ മാത്രം വീട്ടിലേക്കു കയറിയാൽ മതി"യെന്നു സുലൈമാൻ ഹാജിയാരുടെ അന്ത്യശാസനം. "ഉമയ്ക്കു പ്രവേശനമില്ലെങ്കിൽ എനിക്കും ഈ വീട്ടിൽ താമസിക്കണ്ട" വാശിക്കു ഫൈസലും ഒട്ടും പുറകിലല്ല. അന്യമതസ്ഥന്റെ കൂടെ ഇറങ്ങിപ്പോയ ഉമാ പാർവതിയെ വീട്ടുകാർ പടിയടച്ച് പിണ്ഡം വച്ചു ക്രിയകളെല്ലാം ചെയ്തു.ഇരു വീട്ടുകാരുടെയും സഹകരണമില്ലാതെ ഉമയും ഫൈസലും ആ വാടക വീട്ടിൽ താമസം തുടങ്ങി. പി.ജി. പൂർത്തിയാക്കാതെ ഫൈസൽ മെഡിക്കൽ റെപ്രസന്റേറ്റീവ് ആയി ജോലിക്കു പോയി തുടങ്ങി.സുഖ സൗകര്യങ്ങളുടെ നടുവിൽ ജീവിച്ചു വന്ന രണ്ടു പേരും സാഹചര്യങ്ങൾക്കനുസരിച്ച് പരിമിതമായ സൗകര്യങ്ങളിൽ അന്യോന്യം സ്റ്റേഹിച്ച് ഇണപ്രാവുകളെ പോലെ കഴിഞ്ഞു. മകൾക്കു പിന്നാലെ ഒരു മകൻ കൂടി പി റന്നു. മകനു മൂന്നു വയസായതിനു ശേഷം ഒരു ദിവസം രാത്രി ജോലി കഴിഞ്ഞു തിരികെ വരുമ്പോൾ ഉണ്ടായ ബൈക്ക് ആക്സിഡന്റിൽ പെട്ടു ഫൈസലിന് മാരകമായി പരിക്കേറ്റു. പിറ്റേ ദിവസം പറക്കമുറ്റാത്ത രണ്ടു കുട്ടികളെയും ഉമയെ ഏൽപിച്ച് ഫൈസൽ മരണത്തിനു കീഴടങ്ങി.
ഫൈസലിന്റെ മരണശേഷം ഉമയുടെയും കുട്ടികളുടെയും ജീവിതം ദുരിതപൂർണമായി. ഫൈസലിന്റെ വീട്ടുകാർ മരിച്ചു പോയ മകന്റെ മക്കളെ തിരിഞ്ഞു നോക്കിയില്ല. ആദ്യമാദ്യം ഫൈസലിന്റെ സുഹൃത്തുക്കളുടെ സഹായമുണ്ടായിരുന്നു. പിന്നീടതും നിലച്ചു. ഡിഗ്രി പോലും പൂർത്തിയാക്കാത്തതിനാൽ ജോലി സാധ്യതയും ഇല്ല. താമസിക്കുന്ന വീടിന്റെ വാടക കൊടുക്കാനും കുട്ടികളെ സ്കൂളിൽ വിടാനും ഒന്നും നിവൃത്തിയില്ലാതായപ്പോൾ ഉമ ഫൈസലിന്റെ സുഹൃത്തിന്റെ ശുപാർശയിൽ ടൗണിലെ നിളാ ടെക്സ്റ്റയിൽസിൽ സെയിൽസ് ഗേളായി ജോലിക്കു പോയി തുടങ്ങി.
ഹരിഹരനു വന്ന കല്യാണ ആലോചനകളെല്ലാം തന്നെ സഹോദരി അന്യമതസ്ഥന്റെ കൂടെ ഒളിച്ചോടിപ്പോയി എന്ന ഒറ്റക്കാരണത്താൽ തന്നെ തടസ്സപ്പെട്ടു. ഒടുവിൽ നിരാശനായി അയാൾ കല്യാണമേ വേണ്ടെന്നു വച്ചു . അമിതമായ മദ്യപാനം അയാളെ സിറോസിസ് രോഗിയാക്കി മാറ്റി. ഏറെ നാൾ ചികിത്സ ചെയ്തിട്ടും ഫലമുണ്ടായില്ല. ആറു മാസം മുമ്പ് അയാൾ മരിച്ചു. മകൻ നഷ്ടപ്പെട്ടതും മകൾക്കുണ്ടാ യ ദുരന്തവും ഭാര്യയുടെ അസുഖവും ശിവശങ്കര അയ്യരെ മാനസികമായി ആകെ തളർത്തി.
അങ്ങനെ ഇരിക്കെയാണ് നിളാ ടെക്സ്റ്റയിൽസിൽ വച്ച് ശിവശങ്കര അയ്യർ ഉമയെ കാണുന്നത്.ടെക്സ്റ്റൈൽ ഷോപ്പുകൾ തന്നെ സ്വന്തമായിട്ടുള്ള തന്റെ മകളുടെ ദയനീയാവസ്ഥ മുമ്പേ മനസ്സിലാക്കിയ അയാൾ അവളെ കൂടെ കൂട്ടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പക്ഷേ അയാളുടെ ആഗ്രഹങ്ങൾക്ക് സമുദായം വിലക്കു കൽപിച്ചു. മകൻ നഷ്ടപ്പെട്ട വേദനയോടൊപ്പം മകൾ കൺമുന്നിൽ നരകിക്കുന്ന കാഴ്ച കൂടി സഹിക്കാനാവാതെ അയാൾ തളർന്നു കിടക്കുന്ന ഭാര്യയുടെ സമ്മതം മാത്രം നോക്കി ഉമയെയും മക്കളെയും ഏറ്റെടുക്കാൻ തയ്യാറായി.അഗ്രഹാരത്തിൽ താമസിക്കാൻ സമുദായം സമ്മതിക്കില്ല എന്നതിനാൽ പുറത്ത് ഒരു വീടു വാങ്ങിച്ച് താമസം അങ്ങോട്ടു മാറ്റി.ഉമയെയും കുഞ്ഞുങ്ങളെയും ആ വീട്ടിലേക്കു മാറ്റി പാർപ്പിച്ചു.........
NB : വിവാഹം രണ്ടു വ്യക്തികൾ മാത്രം തമ്മിലുള്ള ഉടമ്പടിയല്ല. ഇരുകൂട്ടരുടെയും ബന്ധുക്കളുടെയും ആശീർവാദവും അനുഗ്രഹാശിസ്സും ആ ചടങ്ങിന് അത്യന്താപേക്ഷിതമാണ്. ആയിരമോ ആയിരത്തി അഞ്ഞൂറോ ക്ഷണിക്കപ്പെട്ട അതിഥികൾക്കു ഭക്ഷണം കൊടുക്കുക എന്നതല്ല വിവാഹം കൊണ്ടുദ്ദേശിക്കുന്ന ത്,അവരുടെയെല്ലാം പ്രാർത്ഥനയും ആശീർവാദവും നവദമ്പതികൾക്കുണ്ടാകട്ടെ എന്നതാണ്. മറ്റുള്ളവരുടെ ശാപം വാങ്ങിച്ചു കൊണ്ടാവരുത് ഒരു പുതു ജീവിതത്തിലേക്കു പ്രവേശിക്കുന്നത്.പ്രത്യേകിച്ചും നമുക്ക് ഉയിർ തന്ന അച്ഛനുമമ്മയുടെയും .നമ്മുടെ മക്കൾ അതേ രീതിയിൽ പ്രവർത്തിക്കുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് എത്രത്തോളമാണെന്നറിയുക. പ്രണയത്തിനോ പ്രണയ വിവാഹത്തിനോ ഞാനെതിരല്ല. പക്ഷേ നമ്മുടെ വീട്ടുകാരെ അപമാനത്തിലും തീരാ ദു:ഖത്തിലുമാഴ്ത്തിക്കൊണ്ടുള്ള പ്രണയസാഫല്യത്തിലൂടെ നാമെന്താണു നേടുന്നത്? മാതാപിതാക്കളോട് രണ്ടു വാക്ക്: നിങ്ങൾക്ക് മക്കളോടുള്ള സ്നേഹവും കരുതലും അവരെ വളർത്താൻ നിങ്ങൾ എടുക്കുന്ന ബുദ്ധിമുട്ടുകളും ത്യാഗവും കുട്ടികളെ മനസിലാക്കിച്ചു തന്നെ വളർത്തുന്നവരുടെ മക്കൾ തന്റെ ജീവിതം തിരഞ്ഞെടുക്കുന്നതിൽ ആദ്യത്തെ ചോയ്സ് അച്ഛനുമമ്മയ്ക്കുമേ നൽകൂ......അത്തരം മക്കൾ നിങ്ങൾക്കിഷ്ടമില്ലാത്ത രീതിയിൽ പ്രവർത്തിക്കില്ല......
രജിത കൃഷ്ണൻ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo