ആർദ്രം I Short Story I Jalaja Narayanan


 ഞാൻ അടുക്കള ജോലിയൊക്കെ തീർത്തു പുറത്തേക്കു വരുമ്പോൾ അച്ഛൻ എന്തോ ഓർത്തുകൊണ്ട് സോഫയിൽ ഇരിക്കുകയായിരുന്നു .ആ മുഖത്തേക്കു സൂക്ഷിച്ചുനോക്കിയപ്പോൾ കണ്ണുകൾ നനഞ്ഞതു പോലെ എനിക്ക് തോന്നി .ഇന്നു അച്ഛൻറെ പിറന്നാൾ ആയിരുന്നു .'അമ്മ പോയതിന് ശേഷം ഉള്ള ആദ്യത്തെ പിറന്നാൾ .ഊണിനു കാര്യമായി ഒന്നും ഉണ്ടാക്കിയില്ല .സാമ്പാറും കേബേജ് തോരനും പിന്നെ അച്ഛന് ഏറെ ഇഷ്ടപ്പെട്ട പാവക്കപച്ചടിയും .അമ്പലത്തിൽ പുഷ്പാഞ്ജലി കഴിപ്പിച്ചു കൊണ്ടുവന്ന പായസം സ്പൂണിൽ എടുത്തു കൊടുത്തപ്പോൾ അച്ഛൻ ഒന്നു പുഞ്ചിരിച്ചതായി തോന്നി .എന്നും അച്ഛൻറെ പിറന്നാളിന് അമ്പലത്തിൽ പോവുക അമ്മയായിരിക്കും .അമ്മ എത്തുമ്പോഴേക്കും അച്ഛൻ കുളിച്ചു റെഡിയായി ഉമ്മറത്ത് പോയി ഇരിക്കും .'എന്താ നിങ്ങൾക്കു എന്റെ കൂടെ ഒന്നു അമ്പലത്തിൽ വന്നാൽ?''അമ്മ പരിഭവം പറയുമ്പോൾ അച്ഛൻ ചിരിച്ചുകൊണ്ട് ഉത്തരം പറയും .''എനിക്കു വേണ്ടി പ്രാർത്ഥിക്കാനല്ലേ നിന്നെ കൂടെ കൂട്ടിയത് ?''വീട്ടിൽ ഞങ്ങൾ രണ്ടു പെൺമക്കൾ ആണ് .ഞാനും ചേച്ചിയും .ഞങ്ങൾ രണ്ടുപേരും വിവാഹം കഴിഞ്ഞു പോയതോടെ വീട്ടിൽ അച്ഛനും അമ്മയും തനിച്ചായി .എന്നാലും ഓരോമാസം ഇട വിട്ടു എടുക്കാവുന്ന അത്രയും സാധനങ്ങളുമായി ട്രെയിൻ കയറി അച്ഛനും അമ്മയും ഞങ്ങളെ കാണാൻ എത്തും .ഞങ്ങൾ ഒരേ സിറ്റിയിൽ
താമസിക്കുന്നതു കൊണ്ട് അവർക്കു വരാൻ എളുപ്പമായിരുന്നു .കാഴ്ചയിൽ അച്ഛൻ ഒരു ഗൗരവക്കാരൻ ആണെങ്കിലും ആ ഉള്ളു നിറയെ സ്‌നേഹമാണെന്ന് പല തവണ തെളിയിച്ചിരിക്കുന്നു .''അച്ഛൻ മോളേ എന്നു വിളിക്കുന്നതു കേൾക്കണമെങ്കിൽ അസുഖം വല്ലതും വരണം ''ചേച്ചി എപ്പോഴും കളിയായി പറയുമായിരുന്നു.ഞാൻ വിവാഹം കഴിഞ്ഞു പോവുമ്പോൾ അമ്മയും ഞാനും കെട്ടിപിടിച്ചു കരഞ്ഞു .പക്ഷേ അച്ഛൻ പുഞ്ചിരിച്ചു കൊണ്ടു നെഞ്ചോടു ചേർത്തു നിർത്തിയപ്പോൾ ആ സ്നേഹം മുഴുവൻ എന്നിലേക്കു പ്രവഹിക്കുകയായിരുന്നു. ഓഫീസ് ജോലിക്കിടയിലും ജീവിതത്തിൻറെ തിരക്കുകൾക്കിടയിലും ഞങ്ങൾക്കു കുറഞ്ഞുപോയ ലാളനകൾ അച്ഛൻ ഒട്ടും കുറക്കാതെ ആണ് ഞങ്ങളുടെ മക്കൾക്കു നൽകിയത് .ചെറിയ കാര്യത്തിന് പോലും അമ്മയോട് ദേഷ്യപ്പെടുമെങ്കിലും അച്ഛൻറെ ശ്വാസം തന്നെ ആയിരുന്നു അമ്മ .അച്ഛൻറെ പലകാര്യങ്ങളും കൃത്യമായി ഓർത്തുവച്ചു ചെയ്യുന്നതു അമ്മ ആയിരുന്നു .കഴിക്കുന്ന ഭക്ഷണത്തിൻറെ അളവ് പോലും അച്ഛനെക്കാളും നന്നായി അറിയുക അമ്മക്കാണല്ലോ എന്നു തമാശയായി പറയാറുണ്ട് .അമ്മയില്ലാതെ അച്ഛന് ജീവിക്കാൻ കഴിയുന്നതു തന്നെ ഒരു അത്ഭുതമാണ് .വീട്ടിൽ ഞങ്ങളിൽ ആർക്കെങ്കിലും അസുഖം വന്നാൽ അച്ഛൻറെ ഗൗരവമൊക്കെ അലിയും .പിന്നെ ഡോക്ടറുടെ മരുന്നിനു പുറമെ അച്ഛൻറെ ഉപദേശവും ഉണ്ടാവും .''അതുചെയ്യരുതു് ഇതു കഴിക്കരുത് ''ഇങ്ങിനെ സ്നേഹവും കരുതലും നിറഞ്ഞ ഉപദേശങ്ങൾ .പക്ഷേ അന്നു അമ്മക്കു ക്യാൻസർ ആണ് എന്നുള്ള ലാബ് റിസൾട്ട് കിട്ടിയ ദിവസം അച്ഛൻ ആകെ തളർന്നു .മുറിയിൽ പോയി പൊട്ടിക്കരഞ്ഞു .പിന്നെ മണിക്കൂറുകൾക്കു ശേഷം മുറിയിൽ നിന്നിറങ്ങിയതു സങ്കടം മുഴുവൻ മനസ്സിലൊതുക്കി പഴയ ഗൗരവക്കാരനായിട്ടു തന്നെ ആയിരുന്നു .പിന്നെ അമ്മക്കു മരുന്നുകൾ നൽകാനും ശുശ്രുഷിക്കാനും അച്ഛൻ ഞങ്ങളുടെ കൂടെത്തന്നെ ഉണ്ടായിരുന്നു .അവസാനം അമ്മ ഇനി രണ്ടോമൂന്നോ ദിവസങ്ങൾ മാത്രമേ ഞങ്ങൾക്കൊപ്പം ഉണ്ടാവൂ എന്നു ഡോക്ടർ അറിയിച്ചപ്പോഴും പൊട്ടിക്കരയുന്ന ഞങ്ങളെ സമാധാനിപ്പിച്ചു കൊണ്ടു ഉള്ളിലെ സങ്കടം പുറത്തു കാണിക്കാതെ പതറാതെ അച്ഛൻ നിന്നു .ഒടുവിൽ കത്തിച്ചു വച്ച നിലവിളക്കിൻറെ അരികിൽനിന്നും സിന്ദൂരപൊട്ടു തൊട്ടു സുമംഗലിയായി അമ്മ യാത്ര പോയപ്പോഴും അച്ഛൻ കരഞ്ഞതു മനസ്സിൽ മാത്രമായിരുന്നു .ആശ്വസിപ്പിക്കാൻ വരുന്നവരോട് കൈ കൂപ്പി നന്ദി പറയുന്ന അച്ഛൻറെ രൂപം ഇന്നും എൻറെ മനസ്സിൽ മായാതെ ഉണ്ട് .അമ്മയുടെ മരണത്തിനു ശേഷം വീട് വിട്ടു ഞങ്ങളുടെ കൂടെ വരാൻ അച്ഛന് താല്പര്യമില്ലായിരുന്നു .പക്ഷേ സിറ്റിയിൽ തിരിച്ചെത്തിയ ഞാൻ ആകെ തകർന്നിരുന്നു .രാത്രിയിൽ തീരെ ഉറക്കം ഇല്ലാതായി വിശപ്പു തോന്നാതെയായി .പിന്നെ കടുത്ത തലവേദനയും .ഇതറിഞ്ഞ അച്ഛൻ ഉടനെ തന്നെ എൻറെ അടുത്തേക്ക് വന്നു .''നീ വിഷമിച്ചു വല്ല രോഗവും വരുത്തിവെക്കരുത് .കുട്ടികളെയും വിവേകിനേയും ഓർക്കണം .അമ്മ ഒരു പാടു പുണ്യം ചെയ്തതുകൊണ്ട് നേരത്തെ പോയി .അതു മാത്രം നീ മനസിലാക്കിയാൽ മതി ".അച്ഛൻറെ ഉപദേശങ്ങളും സാമീപ്യവും എനിക്കു തന്ന ആശ്വാസം വളരെ വലുതായിരുന്നു .അതായിരുന്നിരിക്കാം ആ സാഹചര്യത്തിൽ നിന്നു മുന്നോട്ടു വരാൻ എനിക്കു സാധിച്ചത് .പക്ഷേ അമ്മയെ ഇത്രയും സ്നേഹിച്ച അച്ഛൻ എങ്ങിനെ സഹിക്കുന്നു എന്നു അതിശയത്തോടെ ഞാൻ ഓർക്കാറുണ്ട് .എന്നാൽ അച്ഛനോടൊപ്പം ഒരാഴ്ച നാട്ടിൽ താമസിക്കാൻ ചേച്ചി പോയിരുന്നു അപ്പോഴാണ് ചേച്ചി ആ വിവരം എന്നെ ഫോൺ ചെയ്‌തു അറിയിച്ചത് .''മോളേ രാത്രിയിൽ ഒരുപാടു താമസിച്ചിട്ടും വെളിച്ചം കണ്ടപ്പോൾ ഞാൻ പോയി നോക്കി .അപ്പോൾ അച്ഛൻ കട്ടിലിൽ ഇരുന്നു പൊട്ടിക്കരയുന്നു .എനിക്കു ഇതു കാണാൻ പറ്റില്ല ഇന്ദു .നമുക്ക് അച്ഛനെ എങ്ങിനെ എങ്കിലും അങ്ങോട്ടു കൂട്ടണം ''.അങ്ങിനെ ഞങ്ങൾ നിർബന്ധിച്ചു അച്ഛനെ ഇങ്ങോട്ടു കൊണ്ടുവന്നു .ഇപ്പോൾ അച്ഛൻ ഞങ്ങളുടെ രണ്ടുപേരുടെ കൂടെയും മാറിമാറി താമസിക്കുന്നു .ഞങ്ങൾക്കു ആ സാമീപ്യം ഒരു ആശ്വാസവും അതിലുപരി ഒരു തണലും ആണ് .പെട്ടന്നാണ് ഞാൻ സോഫയിലേക്ക് നോക്കിയത് .അച്ഛൻ അവിടെ ഇല്ല .ഞാനീ ആലോചിച്ചു കുട്ടുന്നതിനിടയിൽ അച്ഛൻ പോയി കിടന്നുവെന്നു തോന്നുന്നു .ഞാൻ അച്ഛൻറെ മുറിയിലേക്കു നടന്നു .ബെഡ്റൂമിലെ മങ്ങിയ വെളിച്ചത്തിൽ അച്ഛൻ കട്ടിലിൽ കിടക്കുന്നതു ഞാൻ കണ്ടു .കട്ടിലിൻറെ അറ്റത്തു മടക്കി വച്ച പുതപ്പെടുത്തു ഞാൻ അച്ഛനെ പുതപ്പിച്ചു .
പിന്നെ ഉറങ്ങിയോ എന്നറിയാനായി കുനിഞ്ഞു ആ കണ്ണുകളിലേക്കു നോക്കി .ആ കൺകോണിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ .'അച്ഛാ ' ഞാൻ ഇടറിയ സ്വരത്തിൽ വിളിച്ചു .'എന്തോ ,എനിക്കിന്നു അവളെ ഒന്നു കാണാൻ വല്ലാത്ത കൊതി തോന്നുന്നു മോളെ '.കണ്ണുകൾ തുറക്കാതെ അച്ഛൻ പറഞ്ഞു .ഒന്ന് സമാധാനിപ്പിക്കാൻ പോലും ആവാതെ നിന്ന എന്റെ കണ്ണിൽ നിന്നും കണ്ണുനീർത്തുളികൾ അച്ഛന്റെ മുഖത്തേക്കു വീണു .പിന്നെ അടുത്ത നിമിഷം അച്ഛൻ ആ പഴയ ഗൗരവക്കാരനായി .'നേരം വൈകി നീ പോയി കിടന്നോളു .ഗ്രിൽസ് ഒക്കെ അടച്ചില്ലേ ?പിന്നെ നാളത്തേക്കുള്ള പാലിന്റെ കൂപ്പൺ പുറത്തെ കവറിൽ വയ്ക്കാൻ മറക്കണ്ട .'അച്ഛനോടു മറുപടി ഒന്നും പറയാതെ ഞാൻ മുറിയിൽ നിന്ന് പുറത്തേക്കു വന്നു .കാരണം ആ ആർദ്രമായ മനസ്സ് നിറയെ അമ്മ നിറഞ്ഞു നില്കുകയാണെന്നു എനിക്കറിയാമായിരുന്നു .

Written by Jalaja Narayanan

വീട് I Non Literature Article I Manoj Kumar Kappad

എട്ടു കൊല്ലം കൊണ്ടാണ് വീട് പണി പൂർത്തീകരിച്ചത് . ശരിക്ക് പറഞ്ഞാൽ ആ നീണ്ട കാലയളവിൽ പലതും പഠിപ്പിച്ചു . ഒരു പക്ഷെ നിങ്ങളിൽ പലരും വീടെന്ന സ്വപ്നത്തിലേക്ക് കാലൂന്നുന്നവരാകാം . അത് കൊണ്ട് തന്നെ എനിക്ക് പറ്റിയ ശരി / തെറ്റുകൾ അറിഞ്ഞിരിക്കുന്നത് നിങ്ങൾക്ക് ഉപകരപ്രദമായേക്കാം . നീട്ടി പറഞ്ഞാലും ,മുഴുവൻ പറഞ്ഞാലും നിങ്ങൾ വായിക്കില്ല എന്നറിയാവുന്നത് കൊണ്ട് കുറുക്കിപ്പറയാം .

1 . വില കുറഞ്ഞ വയൽ പോലുള്ള സ്ഥലങ്ങൾ വാങ്ങിയാൽ വീട് വെക്കുമ്പോൾ ആ കുറവ്/ ലാഭം , മണ്ണടിച്ചും , ഫൗണ്ടേഷനുള്ള അധിക ചെലവിലും ഒലി ച്ചു പോയേക്കാം . ചുരുക്കത്തിൽ, സ്ഥലം വാങ്ങുമ്പോൾ ഉണ്ടാവുന്ന ആശ്വാസം നിർമാണം തുടങ്ങിയാൽ ദീര്ഘനിശ്വാസമാവുമെന്ന് സാരം .

2 . സാമ്പത്തികം എത്ര കുറവാണെങ്കിലും താഴ്ന്ന സ്ഥലങ്ങളിൽ തറയുടെ ഉയരം കുറയ്ക്കരുത് . ഇരു പുറത്തുള്ള സ്ഥലങ്ങൾ മണ്ണിട്ട് ഉയർത്തിയാൽ നമ്മുടെ വീട് സ്വിമിങ് പൂൾ ആവും . കണ്ണീർ കടൽ ആവും

3. അടിത്തറ ഇടുന്ന പ്രവർത്തി, കുഴികുത്തി മണ്ണിൽ കല്ല് കുഴിച്ചിടുന്ന വെറുമൊരു കലാ പരിപാടിയല്ല . എന്നാൽ ഉടമസ്ഥർ ഏറ്റവും ലാഘവത്തോട് കാണുന്നൊരു ഘട്ടവും ഇത് തന്നെ . അടിത്തറ ഇടുന്നതിൽ വരുന്ന ചിലവ് ലഭിക്കാൻ ശ്രമിക്കരുത് . പണി പാളി ..പാലും വെള്ളത്തിൽ കിട്ടും .

4 . വരച്ചു കിട്ടിയ പ്ലാൻ നോക്കിയാൽ പലപ്പോഴും ഒന്നും സാധാരണക്കാരന് മനസിലാവില്ല. എന്തിന് റൂമിന്റെ വലുപ്പം പോലും പിടികിട്ടില്ല ( പ്രത്യേകിച്ച് സ്ത്രീകൾക്ക് ) . പണി പൂർത്തിയായാലാണ് പലപ്പോഴും ഇതെന്തു "പ്ലാൻ" എന്ന് ചിന്തിച്ചു.... അന്തിക്കുക !!.

5 . പ്ലാനിനെ മാത്രം ആശ്രയിക്കാതെ , കുടുബത്തിലോ , സൗഹൃദ വലയത്തിലോ ഉള്ള വീടുകൾ നേരിട്ട് കണ്ടു , നമ്മുടെ ആവശ്യകതകൾ കൂടെ പരിഗണിച്ചു നിർമിച്ചാൽ, തിരിയാത്ത പ്ലാനിൽ കെട്ടിപൊക്കുന്നതിനേക്കാൾ നല്ലതാവും . ഒപ്പം ആ വീടുകളിൽ താമസിക്കുന്നവരുടെ അഭിപ്രയങ്ങൾ തേടുക .താമസിച്ചതിനു ശേഷമുള്ള അവരുടെ അഭിപ്രയങ്ങൾ നമുക്ക് പറ്റിയേക്കാവുന്ന തെറ്റുകുറ്റങ്ങൾ ഏറെ ഒഴിവാക്കാൻ സഹായിക്കും . അനുഭവം ഗുരു എന്നാണല്ലോ !!

6 . സിറ്റ് ഔട്ടിലെ ( കോലായിലെ ) സൺഷേഡ്, സ്റ്റെപ്പുകൾ നനയാത്ത വിധം പുറത്തക്ക് നീട്ടി നൽകാൻ ശ്രമിക്കുക . അല്ലാത്ത പക്ഷം മഴക്കാലത്ത് സ്റ്റെപ്പുകൾ കരഞ്ഞൊലിക്കും, കാൽ വഴുതി വീണ് നമ്മളും ചേരും !! .

7 . ഏത് മോഡൽ പണിതാലും സൺ ഷെഡ് ആവശ്യമായ ഇടങ്ങളിൽ ഒഴിവാക്കരുത് . ഒഴിവാക്കിയാൽ ചുവര് നനഞ്ഞു വെള്ളം അകത്തും, നമ്മൾ പുറത്തും നിൽക്കേണ്ടി വരും . ഒപ്പം ഇലക്ട്രിക് വയറുകൾ നനഞ്ഞു കറണ്ട് ബില്ല് കണ്ടു കണ്ണ് തള്ളും . വീടിന്റെ പുറത്തുള്ളവർക്ക് "സുന്ദര കാഴ്‌ച" ഒരുക്കാൻ അകത്തുള്ളവർ അനുഭവിക്കണോ ആവോ ? നിങ്ങൾ തീരുമാനിക്കുക .

8 . നിലത്ത് വിരിക്കുന്ന ടൈൽസും , മാർബിളും പൊട്ടി വിണ്ടു കീറിയാൽ നമ്മുക്ക് അത് വിരിച്ചവരുടെയോ , അല്ലെങ്കിൽ ആ പ്രൊഡക്ടിന്റെ കുഴപ്പമായി തോന്നാം . എന്നാൽ പലപ്പോഴും വില്ലൻ ഒളിച്ചിരിക്കുന്നിടം നിലം കോൺക്രീറ്റ് യാതൊരു കരുതലും, ഉറപ്പും ഇല്ലാതെ ചെയ്യുന്നിടത്താണ് . ലക്ഷക്കണക്കിന് രൂപയാണ് ഫ്ലോർ ഫിനിഷിങ്നായി ചിലവഴിക്കേണ്ടി വരുന്നത്!! അപ്പോൾ വിലകൂടിയ ടൈലുകൾ വിരിക്കുന്ന നിലം ഗൗരവത്തിൽ എടുക്കേണ്ടതല്ലെ ? ആരോട് പറയാൻ !!!

9 . ഫ്ലോറിങ്ങിനെ കുറിച്ച് പറഞ്ഞപ്പോഴാണ് പ്രധാനപ്പെട്ട ഒരു കാര്യം ഓർമ്മ വന്നത് . ഏതൊരു വീട്പണിയുടെ അവസാന "അടി വലിവിന്റെ " ഘട്ടത്തിലാണ് ഫ്ലോർ വർക്ക് തുടങ്ങുക .അത് കൊണ്ട് തന്നെ അഡ്ജസ്റ്റ്‌ മെന്റിന് കീഴടങ്ങേണ്ടി കോളിറ്റി കുറയ്‌ക്കേണ്ടി വരുന്നതും അതിൽ തന്നെയാവും . വീടിന്റെ നിലം നന്നായാൽ പാതി നന്നായി എന്നാണ് . അതിനാൽ പിന്നീട് ചെയ്യാൻ മാറ്റിവെക്കേണ്ടി വന്നാലും നിലത്ത് വിരിക്കുന്നതിന്റെ ഗുണ നിലവാരത്തിൽ കോംപ്രമൈസിന് നിൽക്കരുത് .

10 . തുടച്ചു വൃത്തിയാക്കാൻ മടിയില്ലെങ്കിൽ നിലത്തിന് വൈറ്റ് ഷേഡിലുള്ള ഫ്ളോറിങ് പോലെ ചേരുന്ന മറ്റൊന്നില്ല . അവ വെളിച്ചം നിലനിർത്തും എന്ന് മാത്രമല്ല , ഒരു പോസറ്റീവ് എനർജി നൽകും . അനുഭവം ഗുരു !. ( ചേറായാൽ പെട്ടന്ന് അറിയും എന്നാണ് വാദം എങ്കിൽ , നിങ്ങളുടെ കൊച്ചു ,കുഞ്ഞുങ്ങൾ ആ കനത്ത ചേറിലാണ് ഇഴഞ്ഞു നടക്കുക, നമ്മൾ കാണുന്നില്ല എന്നത് കൊണ്ട് ആ അഴുക്ക് അവിടെ ഇല്ലയെന്നല്ലല്ലോ അർത്ഥം! )

11 . കോമൺ ബാത്ത്റൂമും , വാഷ് ബേസിനും ഡൈനിങ് ടേബിളിന് സമീപം നൽകരുത് . പണ്ട് ഭക്ഷണത്തിന് അകത്തേക്കും , "തൂറാൻ" പുറത്തേക്കും പോയിരുന്ന നമ്മൾ , ഇന്നിൽ നേരെ തിരിച്ചാണ് . തീട്ടവും, ഫുഡും അടുത്ത് വരുന്നത്, ടോയിലറ്റ് എന്തൊക്കിയിട്ട് വൃത്തിയാക്കി എന്ന് പറഞ്ഞാലും ഇറിറ്റേഷൻ ആയി അനുഭവപ്പെടും .

12 . റൂമുകൾ , സിറ്റിംഗ് ഹാൾ , അടുക്കള തുടങ്ങിയവയ്ക്ക് ഇരുവശങ്ങളിലും ജനലുകൾ വരുന്നുണ്ടെന്നു പ്ലാൻ വരക്കുമ്പോഴേ ഉറപ്പാക്കണം .

13 . ജനൽ പാളികൾ ഉണ്ടാക്കുബോൾ , മുകൾ ഭാഗം തുറന്ന് ഇടാൻ കഴിയുന്ന രീതിയിൽ ഒരു പൊളി ചെറുത് ഉണ്ടാക്കിയാൽ , കറണ്ട് ഇല്ലാത്ത അവസരങ്ങളിൽ ഉപകാരമാവും .

14 . മുൻവാതിലിൽ പന്ത്രണ്ട് താഴുള്ള പൂട്ടു ഫിറ്റ് ചെയുന്ന നമ്മൾ അടുക്കള വാതിൽ ഒരു നട്ടും ബോൾട്ടിലും ഒതുക്കും . കള്ളന് സുഖവും , സുരക്ഷിതവുമായ എൻട്രൻസ്‌, അടുക്കള വാതിൽ ആയിരിക്കെ മാറി ചിന്തക്കേണ്ട സമയം അതിക്രമിച്ചില്ലേ ? . അതേപോലെ ഉള്ളിൽ നിന്നും ബലപ്പെടുത്തേണ്ട വാതിൽ ആണ് സ്റ്റെയര്കേസിനു മുകളിലെ വാതിൽ . നിർബദ്ധമായും പട്ടയും കമ്പിയും അടിച്ചു ബലപ്പെത്തുക തന്നെ വേണം .

15 . അടുക്കള എപ്പോഴും വലിയ വലുപ്പം ഉണ്ടാവാത്തതാണ് നല്ലത് . വീതിയെക്കാൾ നീളം അല്പം കൂടിയാൽ കിച്ചനിലെ ടേബിളുകൾക്കിടയിലുള്ള നടത്തത്തിന്റെ ദൈർഘ്യം കുറയും .

16 . എത്ര ചെറിയ വീടാണെങ്കിലും ഉള്ളിൽ കയറിയാൽ ഒരു കുടുങ്ങിയ അവസ്ഥ ഫീൽ ചെയ്യരുത് . പാസേജുകൾക്കായി ഒരുപാട് സ്ഥലം നീക്കി വെക്കുന്നത് വലിയ വീടുകളിലും കുറഞ്ഞ സൗകര്യവും സൃഷ്ടിക്കും .

ഇലക്ക്‌ട്രിക്ക് പ്ലാൻ , പ്ലബിംങ് പ്ലാൻ ( ഇത് ആരും ചെയ്യാൻ പോവുന്നില്ല എനിക്കറിയാം .. പക്ഷെ പറയാതെ വയ്യ )

നമ്മുക്ക് അധികവും രണ്ടു പ്ളേനെ കാണു എങ്ങിനെയെങ്കിലും വീട് വെക്കാനുള്ള "തത്രപ്പാട് പ്ലാനും" , എൻജിനീയർ വരച്ചു തരുന്ന സ്ട്രക്റ്ററൽ പ്ലാനും . അത് കൊണ്ട് തന്നെ മേൽപ്പറഞ്ഞ രണ്ടു പ്ലാനുകളും നമ്മുടെ ചിന്തകൾക്ക് പുറത്താണ് .

ഇലക്ക്‌ട്രിക്ക് പ്ലാൻ

ഇത് നമ്മുടെ ആവശ്യങ്ങൾ പറഞ്ഞു വരപ്പിച്ചു വയറിങ് ചെയുന്നവർക്ക് കൊടുക്കണം . അല്ലാത്ത പക്ഷമുള്ള "കോട്ടങ്ങൾ" താഴെപ്പ റയാം

1 . വീട്ടിനകത്ത് വള്ളിപ്പടർപ്പ് പോലെ എക്സ് സ്‌റ്റെൻഷൻ വയർ തലങ്ങും വിലങ്ങും പടർന്നു പന്തലിക്കും .

2 . ഫ്രിഡ്ജ് വെക്കാൻ ഉദ്ദേശിച്ചിടത്ത്, മോട്ടറും , മോട്ടർ ഉദ്ദേശിച്ചിടത്ത് മിക്സിയും വരും .

3 . കിടക്കുന്ന കട്ടിലിൽ തന്നെ ഇസ്തിരിപ്പെട്ടിയുമായി ശരണം പ്രാപിക്കേണ്ടി വരും

4 . ബാത്‌റൂമിൽ കടന്നതിനു ശേഷം ഇരുട്ടിൽ സ്വിച്ച് തപ്പി കുഴങ്ങേണ്ടി വരും .

5 . പണിക്കാർ അവരുടെ എളുപ്പത്തിന് അനുസരിച്ചു വയർ വിലിച്ചും , സാധനങ്ങൾ വാങ്ങി കൂട്ടിയും ബഡ്‌ജറ്റ്‌ കൂട്ടും .

പ്ലബിംങ് പ്ലാൻ

ഇതില്ലെങ്കിൽ പണി പാളുന്നത് കുളിമുറിയിലും, അടുക്കളയിലുമാത്രമായിരിക്കില്ല , കാൽ കഴുകാൻ പുറത്ത് വെക്കുന്ന പൈപ്പ് പോലും അസ്ഥാനത്താവാം !

1 .വലിയ ടോയിലറ്റ് പണിത് , അതിലെ യൂറോപ്യൻ ക്ളോസ്റ്റ് അടക്കം, എല്ലാ ഫൈറ്റിങ്ങ്ങ്സുകളും ഒട്ടും അകലമില്ലാതെ വെച്ചാൽ , കുളിക്കുമ്പോൾ വെള്ളം ക്ളോസറ്റിൻമേൽ വീണ് നമ്മുടെ ദേഹത്തേക്ക് തെറിക്കും . അതൊരു വല്ലാത്ത ഈർഷ്യയാണ്.

2 . വേസ്റ്റ് വെള്ളം പുറത്തേക്ക് പോവാനുള്ള കുഴി , കുളിക്കാനുള്ള പൈപ്പിനടുത്ത് തന്നെ സ്ഥാപിച്ചാൽ വഴുക്കൽ കൂടും എന്ന് മാത്രമല്ല, അതിൽ വീഴുന്ന വെള്ളം നമ്മുടെ ശരീരത്തിലേക്ക് തെറിക്കുന്നതിലൂടെ കുളിച്ച ഫീൽ അങ്ങ് പോയിക്കിട്ടും!! .

പ്ലമ്പിങ് പ്ലാൻ നമ്മുടെ ഉപയോഗത്തിനും സൗകര്യത്തിനും അനുസരിച്ചു ചർച്ച ചെയ്ത് വരപ്പിച്ചാൽ , ലക്ഷകണക്കിന് രൂപ ചെലവഴിച്ച കംഫർട്ട് റൂമ് കംഫർട്ടായി തന്നെ ഉപയോഗിക്കാം ..അതായത് ഒരുതരം അസ്വസ്ഥത അനുഭവിക്കേണ്ടി വരില്ലയെന്ന് സാരം .

ബാത്റൂമുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് നമ്മുടെ ബഡ്ജറ്റ് കുത്തനെ ഉയരും . ആളെണ്ണം ബാത്രൂം വേണോ എന്ന് ചിന്തക്കുക .

ഇനി കുറച്ചു പൊതുവിൽ ഉള്ള കാര്യങ്ങൾ പറയാം

വലിയ വീടുകൾ എന്നാൽ സൗകര്യങ്ങൾ കൂടിയ വീടാവണമെന്നില്ല . ആ ധാരണ മാറ്റിയെ തീരു .
ആവശ്യമുണ്ടെങ്കിൽ മാത്രം ഇരു നില വീടുകൾ വെയ്ക്കുക . മുകൾ തട്ട് ആവശ്യമില്ലാത്ത പക്ഷം വവ്വാലുകൾ വാടക തരാതെ താമസിക്കും .

വീട് പണി തുടങ്ങുമ്പോൾ തന്നെ ലോൺ എടുക്കാതിരിക്കുന്നതാണ് നല്ലത് കാരണം , അടവും , വീട്ട് ചിലവും പലപ്പോഴും അടവ് മുടക്കി , തടവറയിലാക്കും . അതോടെ പണി പകുതിക്ക് നിലയ്ക്കും .

മെറ്റീരിയലുകൾ കഴിവതും സംഭരിച്ചു വെച്ചതിന് ശേഷം വീട് പണി തുടങ്ങാൻ കഴിഞ്ഞാൽ , അടിക്കടി ഉണ്ടാകുന്ന വിലക്കയറ്റത്തിൽ നിന്നും രക്ഷപ്പെടാം . ഒപ്പം, ലേബർ ചാര്ജും, മെറ്റീരിയൽ ചാർജ്ജും ഒരുമിച്ച് വഹിക്കേണ്ടി വരുമ്പോൾ നേരിടുന്ന "ശ്വാസതടസം" ഒഴിവാകുകയും ചെയ്യാം .

ഒരു വീട് എങ്ങിനെ ഉള്ളതാവണം എന്ന് ചോദിച്ചാൽ . ഏതൊരു വീടും സുരക്ഷിതത്ത്വത്തിന്റെ മടിത്തട്ടിലേക്ക് സ്നേഹത്തോടെ നമ്മെ മാടി വിളിക്കുന്നതാവണം . ആ തണലിലേക്ക് കയറിന്നാൽ, അതിന്റെ മടിത്തട്ടിൽ തലചായ്ക്കാൻ കൊതിക്കുന്നതാവണം ...

കറന്റ് പോയാൽ ജനിലൂടെ അടുത്ത വീട്ടിലേക്ക് നോക്കി അവിടെയും ഇല്ലായെന്ന് സമാധാനിക്കുന്ന ഞാൻ അടക്കമുള്ള മലയാളി അടുത്ത വീടിനേക്കാൾ വലുപ്പമുള്ളത് വെക്കുന്നതിൽ നിർവൃതി കൊള്ളാതെ . സ്വന്തം ആവശ്യങ്ങളും , നീക്കിയിരിപ്പും തിരിച്ചറിഞ്ഞു വീട് പണിതാൽ ....

കിടപ്പാടത്ത് കടമില്ലാതെ സ്വസ്ഥമായി കിടന്നുറങ്ങാം എന്നതാണ് ഞാൻ പഠിച്ച വലിയ പാഠം .

മനോജ് കുമാർ കാപ്പാട് - കുവൈറ്റ്

ടേപ്പ് പെട്ടി I Short Story I Lekha Madhavan

 

വൈകിട്ട് കുട്ടികൾ കളിക്കുന്നത് നോക്കി ബാൽക്കണിയിൽ നിൽക്കുമ്പോൾ അമ്മാളു പണിയൊതുക്കി വീട്ടിലേക്ക് പോകാൻ തയ്യാറാകുന്നു. ഞങ്ങളുടെ ബിൽഡിംഗിലെ തേപ്പുകാരിയാണ് അമ്മാളു. എത്ര ശ്രമിച്ചിട്ടും തീരാത്ത തുണിക്കൂമ്പാരങ്ങളിൽ നിന്നും ബിൽഡിംഗിലെ പെണ്ണുങ്ങൾക്ക് മോചനം നൽകുന്ന ദേവതയാണ്.
പുതിയ ബിൽഡിംഗ് പണി കഴിഞ്ഞു താമസിച്ചു തുടങ്ങിയപ്പോൾ ആണ് കുമിഞ്ഞു കൂടി കിടക്കുന്ന തുണികൾ എല്ലാവരും വെറുത്തു തുടങ്ങിയത്. കൃത്യ സമയത്താണ് തേപ്പ് വണ്ടി നിർത്തിക്കോട്ടെ എന്ന ചോദ്യവുമായി അമ്മാളു എത്തിയത്. വെറുതെയല്ല, ബിൽഡിംഗിൽ ഉള്ളവർക്ക് ഒരു ചെറിയ ഡിസ്കൗണ്ട് ഓഫർ കൂടി കൂട്ടിച്ചേർത്തു അമ്മാളു.
കിടക്കയുടെ അരികിൽ കൂട്ടിവെച്ച കുന്നിന്റെ ഉയരം കൂടന്നത് കണ്ട് ഭാര്യമാരും, ചീത്ത വിളി ഒഴിവാക്കാൻ ഭാര്യമാർ നടത്തുന്ന മണിയടി കേട്ട് ഇനി അവിടെ പള്ളിയോ അമ്പലമോ കൂടി വരുമോ എന്ന് ഭയന്ന് ഭർത്താക്കന്മാരും കഴിഞ്ഞിരുന്ന കാലത്താണ് അമ്മാളുവിന്റെ വരവ്.
ബിൽഡിംഗ് കമ്മിറ്റി അമ്മാളുവിന് സ്ഥലം കൊടുത്തു കൊണ്ടുള്ള പ്രമേയം എഴുന്നേറ്റു നിന്നു കൈയടിച്ചു പാസ്സാക്കി.
വണ്ടിയും തള്ളി കയറ്റി വന്ന് പത്ത് മിനിട്ടിനുള്ളിൽ മുപ്പതോളം കുന്നുകൾ അമ്മാളുവിന്റെ ചുറ്റും മുളച്ചു. വന്ന ദിവസം തന്നെ സംഗതിയുടെ കിടപ്പ് വശം അവർക്ക് മനസ്സിലായി.
വൃത്തിയായി തേച്ചു മടക്കിയ തുണികൾ അലമാരയിൽ നിറയാനും കിടക്കയുടെ ഓരം ഒഴിഞ്ഞും കണ്ടു തുടങ്ങിയതോടെ ഭാര്യ പിണങ്ങി പോയാലും അമ്മാളു ഇവിടെ നിന്നും പോവില്ല എന്ന് വരെ എത്തി കാര്യങ്ങളുടെ കിടപ്പ്.
അമ്മാളുവിന് ഒരു നാൽപ്പതു വയസ്സ് പ്രായം വരും. കറുത്ത നിറവും നെറ്റിയിലെ വട്ടപ്പൊട്ടും തടിച്ച പ്രകൃതവും കണ്ടാൽ തമിഴത്തി ആണെന്ന് തോന്നും. ആദ്യത്തെ കുന്നുകൾ അപ്രത്യക്ഷമായതോടെ തുണിയെടുക്കാൻ പോകുമ്പോൾ കുറച്ചു നേരം വാചകമടിക്കാൻ കൂടെ നിന്ന് തുടങ്ങി അമ്മാളു.
കൊടുത്ത തുണികൾ വേഗം കിട്ടാൻ വേണ്ടി അല്പസ്വല്പം കൈക്കൂലികളും അമ്മാളുവിന് കിട്ടിത്തുടങ്ങി. അതിലൊന്നാണ് ഉച്ചയ്ക്ക് കിട്ടുന്ന കറികൾ. ചോറ് ചോദിക്കുന്നത് അപമാനം ആയത് കൊണ്ട് അമ്മാളു ചോറുമായിട്ടാണ് വരുക. ബിൽഡിംഗിൽ ആരുടെയെങ്കിലും കറികൾ വാങ്ങി കാല് നീട്ടിയിരുന്ന് ഒരു ഊണുണ്ട്.
ഒന്നാമത്തെ ഫ്ലോറിൽ ആയത് കൊണ്ട്, ഇടക്കിടെ വെള്ളം കുടിക്കാനും സൊറ പറയാനും അമ്മാളു പോകുന്നത് അമ്മിണിചേച്ചിയുടെ അടുത്താണ്. കൂട്ടത്തിൽ തലേന്ന് കഴിച്ച കറികളുടെ ഗുണഗണങ്ങൾ പാടാനും മറക്കില്ല.
കാല് നീട്ടി ഉരുള പിടിക്കുന്നത് കണ്ടാൽ കൊടുത്തയാൾ സ്വയം മാസ്റ്റർ ഷെഫ് ആണെന്ന് കരുതുമെങ്കിലും അമ്മിണി ചേച്ചി കേൾക്കുന്നത്,
"എന്നാലും എന്റെ ചേച്ചി, വായിൽ വെക്കാൻ കൊള്ളില്ല" അല്ലെങ്കിൽ
" പാവം ആ സാറിതൊക്കെ എങ്ങനെ കഴിക്കുന്നാവോ" എന്നൊക്കെ ആവും.
ആരെന്തു കൊടുത്താലും രണ്ടു കുറ്റം പറഞ്ഞില്ലെങ്കിൽ അമ്മാളുവിന് സമാധാനം കിട്ടില്ല. എല്ലാവരെയും തേച്ചു ഒട്ടിക്കുന്നത് കൊണ്ട് അമ്മിണി ചേച്ചിയുടെ വീട്ടിൽ അമ്മാളുവിന് തേപ്പ്പെട്ടി എന്നാണ് വിളിപ്പേര്.
ആയിടെ ഒരു ദിവസം ബാൽക്കണിയിൽ ഉണങ്ങാനിട്ട തുണികളെടുക്കാൻ പോയപ്പോഴാണ് താഴെ നിന്ന് അമ്മാളു വിളിക്കുന്നത്.
"ചേച്ചി ഇത്തിരി കറി വേണം, ഇന്ന് ഒന്നും വെയ്ക്കാൻ നേരം കിട്ടിയില്ല" അല്ലെങ്കിൽ എല്ലാ ദിവസവും കൊണ്ട് വരുന്ന പോലെ…
തലയ്ക്ക് അടിയേറ്റത് പോലെയായി അമ്മിണി ചേച്ചി. മോരൊഴിച്ച കൂട്ടാനും ചേന മിഴുക്ക് പെരട്ടിയതും ആണ് ഉച്ചയ്ക്കലേക്ക്. ഇനി അതിന്റെ റിവ്യൂ ബിൽഡിംഗിൽ പാട്ടാകുമല്ലൊ ദൈവമെ എന്ന് തലയിൽ കൈവച്ച് നേരത്താണ് ഐഡിയ ബൾബ് മിന്നിയത്.
വേഗം അടുക്കളയിൽ ചെന്ന് പച്ച മോര് കടുക് വറുത്തു പപ്പടവും കാച്ചി. ഇതിനെന്ത് കുറ്റം പറയും എന്ന് കാണാമല്ലോ.
ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നത് അമേരിക്കയിൽ നിന്നും വെക്കേഷന് വന്ന അഞ്ച് വയസുള്ള കൊച്ചു മോനാണ്.
"അമ്മൂമ്മെ, ടേപ്പ് പെട്ടി"
ചെക്കൻ പറഞ്ഞത് കേട്ട് അമ്മിണി ചേച്ചിയും അമ്മാളുവും ഒരുമിച്ച് ഞെട്ടി. കുട്ടി ടിവിയിൽ എന്തോ കാണുന്ന കാര്യം പറഞ്ഞതാണ് എന്ന് പറഞ്ഞു തൽക്കാലം തടി തപ്പിയെങ്കിലും അമ്മാളു അത് വിഴുങ്ങി എന്ന് തോന്നിയില്ല.
"ഇന്ന് പച്ചമോരും പപ്പടവുമെ ഉള്ളു അമ്മാളു. കുട്ടി ന്യൂഡിൽസ് കഴിച്ചു. കുട്ടികൾക്ക് ഭക്ഷണം പുറത്താണ്" ഒരു സംശയവും തോന്നാത്ത രീതിയിൽ അമ്മിണി ചേച്ചി പറഞ്ഞൊപ്പിച്ചു.
എന്തോ, അധികനേരം നിൽക്കാതെ ടേപ്പ് പെട്ടി പുറത്തിറങ്ങിയപ്പോൾ അമ്മിണി ചേച്ചി സമാധാനത്തോടെ വാതിലടച്ചു.
പിറ്റേന്ന് പാല് വാങ്ങാൻ താഴെ ചെന്നപ്പോൾ മുകളിലെ ഫ്ലാറ്റിൽ താമസിക്കുന്ന റോസമ്മയുടെ ചോദ്യം…
"എന്നാലും പച്ച മോരിനൊക്കെ നാറ്റം വരുക എന്ന് വെച്ചാൽ എന്താ ചെയ്യുക അല്ലെ? പാൽക്കാരനെ മാറ്റേണ്ടി വരുമോ ചേച്ചി?"
മാറ്റേണ്ടത് ടേപ്പ് പെട്ടിയെയാണ് എന്ന് മനസ്സിൽ ഓർത്തു അടുപ്പിൽ വെയ്ക്കാത്ത കുക്കർ ഓഫ് ചെയ്യാൻ ഓടി അമ്മിണി ചേച്ചി.
ലേഖ മാധവൻ

ഉറങ്ങുന്ന പാവകൾ I Short Story I Nizar VH

 

ഉത്സവംകഴിഞ്ഞെങ്കിലും,കരിമരുന്നിന്റെയും, ആനപിണ്ഡത്തിന്റെയും സമ്മിശ്രഗന്ധം
ഇടയ്ക്ക് വീശുന്ന കാറ്റിലേറി കഴിഞ്ഞ ദിവസങ്ങളെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.
ഫാൻസി കടകളും, ബലൂൺ കച്ചവടക്കാരും അടുത്ത ഉത്സവപറമ്പിലേക്കുള്ള യാത്രയ്ക്ക് തിരക്കിട്ടു ഒരുങ്ങുന്നു..
പൊട്ടിയ ബലൂണിന്റെയും, ഉടഞ്ഞവളപ്പൊട്ടുകളും തിരഞ്ഞു ബാല്ല്യങ്ങൾ മണ്ണിൽ നോക്കി നടക്കുന്നുണ്ട്..
ഇനിയും പൊളിക്കാത്ത കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുവാൻ ചെറിയ ചെറിയ സംഘങ്ങൾ വന്നു പോയിക്കൊണ്ടിരുന്നു.. വിലപേശി വാങ്ങുന്ന സാധനങ്ങൾ എന്തോ സാധിച്ച മട്ടിൽ കൊണ്ട് പോകുന്നവരുടെ മുഖത്ത് വിരിയുന്ന നിഗൂഢഭാവം കാണുമ്പോൾ കച്ചവടക്കാരുടെ ഉള്ള് പിടയുന്നത് കുടുബത്തിലുള്ളവരെ ഓർത്താവും.
തന്റെ കട എട്ടാംനാൾ കൊടിയിറക്കം കഴിഞ്ഞേ പൊളിക്കാറുള്ളു.വർഷങ്ങൾ ആയി തുടരുന്ന രീതിആണ്.
"ചേട്ടാ "
ചിന്തകളിൽ നിന്നുണർത്തിയ ശബ്ദം തിരഞ്ഞു മുന്നിൽ നിൽക്കുന്ന കൊച്ചു പയ്യനിൽ കണ്ണുകൾ ഉടക്കി നിന്നു. പാറിക്കളിക്കുന്ന മുടികൾക്കിടയിൽ ആഴത്തിലേക്ക് എത്തി നോക്കുന്ന കണ്ണുകളിലെ ദയനീയ ഭാവം..അഴുക്ക് പിടിച്ച വസ്ത്രങ്ങൾ, സേഫ്റ്റി പിന്നിനാൽ അലക്ഷ്യമായി ചേർത്ത് വച്ചിരിക്കുന്നു.
"എന്താടാ..?"..
തന്റെ ചോദ്യം അവനിൽ ഞെട്ടലുളവാക്കിയെന്ന് തോന്നി.
പിന്നിൽ മറച്ചു വെച്ചിരുന്ന കരടിപാവ അവൻ മുന്നിലേക്ക് വെച്ചു..
"ഇത്.."
അവന്റെ വാക്കുകൾ പാതിയിൽ മുറിഞ്ഞു.
"ഇതിന് എന്ത് പറ്റി.. കേട് ആയോ?"
പാവ എടുത്ത് നോക്കികൊണ്ട് ചോദിച്ചു.
തന്റെ കടയിൽ നിന്ന് വിറ്റുപോകാതെ കാണാതെ ആയത് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞു..
"കേട് ആയതല്ല.."അവൻ മുഖം കുനിച്ചു.
"പിന്നെ,ഇതിന്റെ പൈസ തിരിച്ചു വേണോ..?"
തന്റെ ചോദ്യം കേട്ട് അവൻ മുഖമുയർത്തി.. പേടിച്ചരണ്ട ആ കണ്ണുകളിൽ പൊടിച്ചു തുടങ്ങിയ കണ്ണുനീർ തുള്ളികൾ കണ്ടു...
"ഇത്, ഞാൻ വാങ്ങിയതല്ല.. "
അവൻ പിന്നെയും മുഖം താഴ്ത്തി.
"ഇത് ഞാൻ ഇന്നലെ ഇവിടെ നിന്ന് മോഷ്ടിച്ചതാണ് ചേട്ടാ.."
അവന്റെ കണ്ണുനീർ കവിൾത്തടങ്ങളിലൂടെ ഒഴുകി ഇറങ്ങി..
"ആഹാ.. കൊള്ളാല്ലോ..! പിന്നെ നീ എന്തിനാ തിരിച്ചുകൊണ്ട് വന്നേ?"
തന്റെ ശബ്ദം മയപ്പെടുത്തി ചോദിച്ചു. "അത്.. ചക്കി മോൾ എന്നെ ഒത്തിരി വഴക്ക് പറഞ്ഞു..തിരിച്ചു കൊടുക്കാതെ എന്നോട് മിണ്ടില്ലെന്ന് പറഞ്ഞു.."
ചക്കി മോൾ പിണങ്ങിയതിന്റെ വേദന അവന്റെ മുഖത്തു നിന്നും വായിച്ചു.
"അല്ല.. നീ എന്തിനാ ഇത് എടുത്തത്? മോഷ്ടിക്കുന്നത് തെറ്റ് ആണെന്ന് നിനക്കറിയാമായിരുന്നില്ലേ?" അവന്റെ തോളിൽ കയ്യിട്ടു കൊണ്ട് ചോദിച്ചു..
"അറിയാംചേട്ടാ.. ചക്കിമോൾക്ക് പാവ വേണമെന്ന് അമ്മയോട് പറയുന്നത് കേട്ടപ്പോൾ ..!"പതിയിൽ നിർത്തി,
അവൻ കടയുടെ തൂണിൽ കൈ വിരലിലെ നഖം കൊണ്ട് കോറി..
"ചക്കിമോൾ തളർന്ന് കിടക്കുവാ ചേട്ടാ,
എഴുന്നേൽക്കില്ല.അമ്മയോട് എന്തെങ്കിലും വാങ്ങണം എന്ന് പറഞ്ഞാൽ അപ്പോൾ എന്നെ പിടിച്ചു തല്ലും..വേദനിക്കുന്നത് എനിക്കാണെങ്കിലും അമ്മയാവും ആദ്യം കരയുക.." അവന്റെ മുഖത്തുതെളിഞ്ഞു
മായുന്ന ഭാവങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ഇടയ്ക്ക് കയറി..
"അപ്പോൾ നിന്റെ അച്ഛനോ?" ഇടയിൽ കയറിചോദിച്ചു.
"അച്ഛൻ മരിച്ചു പോയെന്ന് അമ്മ പറയുന്നു. പക്ഷെ എല്ലാരും പറയണത് അച്ഛൻ ഞങ്ങളെ ഇട്ടേച്ചു വേറെ ഏതോ പെണ്ണിനോപ്പം പോയെന്ന്.."
അവൻ പ്രതീക്ഷിച്ചപോലെ തന്റെ ഭാഗത്തുനിന്നും പ്രതികരണം ഇല്ലാതെ വന്നപ്പോൾ അവന്റെ ഭയം തെല്ലു കുറഞ്ഞ പോലെ തോന്നി.
"നമ്മളെ പോലെ മക്കൾ ചേട്ടനും കാണും,ഈ പാവതിരിച്ചു കൊടുത്ത് ചേട്ടനോട് മാപ്പ് ചോദിക്കണം എന്നാണ് ചക്കിമോൾ പറഞ്ഞത്.. ഇനി ഒരിക്കലും ഞാൻ മോഷ്ടിക്കില്ല ചേട്ടാ..സത്യം "
അവന്റെ വാക്കുകൾ ഉറച്ചതായിരുന്നു. പാറി പറന്ന ആ മുടിയിഴകളിൽ വാത്സല്ല്യ ത്തോടെ തലോടികൊണ്ട് പറഞ്ഞു.
"മോനെ.. മോഷ്ടിക്കുന്നതൊന്നും ഒരിക്കലും നിലനിൽക്കില്ല..നേർ വഴിയിൽ നേടുന്നത് മാത്രമേ എന്നും നമുക്ക് സ്വന്തമാവൂ... കൂടാതെ കള്ളൻ എന്ന് പേര് ഒരിക്കൽ വീണു കഴിഞ്ഞാൽ പിന്നെ എത്ര നല്ലത് ചെയ്താലും, കള്ളൻ എന്ന പേരിലെ അറിയപ്പെടുകയുള്ളു."
അവൻ അത് കേട്ട് മനസ്സിലായില്ലെങ്കിലും വെറുതെ തലയാട്ടി.
"നേരം വൈകി ചേട്ടാ.. ഞാൻ
പൊയ്ക്കോട്ടെ?" അവൻ തന്റെ മുഖത്തു നോക്കി.
കൊണ്ട് വന്ന പാവയെ ഒന്ന്കൂടി നോക്കിയശേഷം അവൻ തിരിഞ്ഞു നടന്നു.
നടന്നകലുന്ന അവനെ തിരിച്ചു വിളിച്ചു. അവൻ കൊണ്ട് വന്ന പാവ അവന്റെ കയ്യിൽ വച്ചു കൊടുത്തു.
"ഇത് നിന്റെ ചക്കിമോൾക്ക് കൊടുത്തേക്ക്. ചേട്ടന്റെ സമ്മാനം ആണെന്ന് പറഞ്ഞാൽ മതി.."
അവൻ ആശ്ചര്യത്തോടെ തന്റെ മുഖത്ത് കണ്ണുകൾ ഉറപ്പിച്ചു.
"ചക്കിമോൾ പിണങ്ങും ചേട്ടാ.. "അവൻ മനസ്സില്ലാ മനസ്സോടെ പറഞ്ഞു.
“ഇല്ലെടാ.. ചക്കിമോൾ പിണങ്ങില്ല.ഇത് അവൾക്ക് വേണ്ടി ദൈവം പണിതതാണ്"
അവൻ സന്തോഷത്തോടെ തുള്ളി ചാടി നടന്നു പോകുമ്പോൾ പണ്ട് വിശപ്പ് സഹിക്കാൻ കഴിയാതെ അടുത്ത വീട്ടിലേ കപ്പതോട്ടത്തിൽ നിന്നും ഒരു ചുവട് കപ്പപറിച്ചതിന് മത്തായിമുതലാളി ബെൽറ്റിന് തല്ലിചതച്ച തന്റെ കാലിലെ ഇനിയും മായാത്ത വടുക്കളിൽ അറിയാതെ വിരലോടിച്ചുകൊണ്ടിരുന്നു.
ശുഭം.

ഭ്രാന്തൻ I ShortStory I Anil Konattu


"ഞങ്ങൾക്ക് ഡിമാൻഡ് ഒന്നും തന്നെയില്ല. പിന്നെ ഇവന്റെ പെങ്ങൾക്ക് നൂറുപവനും പത്തുലക്ഷം രൂപയും ഞങ്ങൾ കൊടുത്തതാണ് നമുക്കുമില്ലേ അന്തസ്സും അഭിമാനവുമൊക്കെ"
കിഷോറിന്റെ അച്ഛനാണ് അത്‌ പറഞ്ഞത്…..അത്‌ കേട്ട് നാരായണൻ മാഷ് പൊട്ടിച്ചിരിച്ചു.
എല്ലാവരും ഒരു നിമിഷം മാഷിനെ നോക്കി...
ശ്യാമയെ പെണ്ണ് കാണാൻ വന്നതാണ് കിഷോർ....അവർ പരസ്പരം ഇഷ്ടപ്പെട്ടു പൂമുഖത്തു നിന്ന് പ്രേമിക്കുവാൻ തുടങ്ങിയിരിക്കുന്നു!!!
ശ്യാമയുടെ അമ്മ രാഗിണി തന്റെ ഭർത്താവിനെ അകത്തേക്ക് വിളിച്ചു.
"ഈ മാഷിനെ ഇപ്പോൾ ആരാണ് ഇങ്ങോട്ട് ക്ഷണിച്ചത്? "അവൾ സോമനെ കുറ്റപ്പെടുത്തുന്ന രീതിയിൽ നോക്കി…
"ഞാൻ ക്ഷണിച്ചതല്ല...അയല്പക്കമല്ലേ രാഗിണി? വീട്ടിൽ കയറി വരരുതെന്ന് എനിക്ക് പറയുവാൻ പറ്റുമോ?"
"അവോരോട് ഈ ഭ്രാന്തൻ നെഗറ്റീവ് വല്ലതും പറയുമോ എന്നാണ് എന്റെ ഭയം…
"ഏയ്‌….മാഷ് ഒന്നും പറയില്ല...വെറുതെ ചിരിക്കും അത്രമാത്രം...
"ആട്ടെ എന്താണ് നിങ്ങൾ ഒന്നും പറയാത്തത് ? അവർ നല്ല ആൾക്കാരാണ് ഇതുപോലെയുള്ള ഒരാലോചന നമ്മുക്ക് സ്വപ്‌നം കാണുവാൻ സാധിക്കുമോ? അവർക്ക് ഡിമാൻഡ് ഒന്നും ഇല്ലെന്നല്ലേ പറഞ്ഞത്...പക്ഷെ നമ്മൾ ഒട്ടും കുറക്കരുത് "
രാഗിണി പറഞ്ഞു.
"നീ പറയുന്നത് ശരിയാണ്….നമുക്ക് വേണ്ടത് ചെയ്യാം…."അത്‌ പറഞ്ഞതിന് ശേഷം അയാൾ എന്തോ ചിന്തിച്ചു...
രാഗിണി പൂമുഖത്തേക്ക് ചെന്നു….അരപ്ലേസിൽ ഇരുന്നിരുന്ന നാരായണൻ മാഷ് സ്ഥലം വിട്ടിരിക്കുന്നു!!! അവൾക്കാശ്വാസം തോന്നി…..അതിഥികളെ നോക്കി അവൾ ചിരിച്ചു.
"ഞങ്ങളും അന്തസ്സിന് ഒട്ടും കുറവ് വരുത്തുന്ന ആളുകൾ അല്ല കേട്ടോ ഞങ്ങൾക്കും ഉണ്ട് ഒരു നിലയും വിലയുമൊക്കെ"
ശ്യാമയും കിഷോറും പൊട്ടിച്ചിരിച്ചുകൊണ്ട് അകത്തേക്ക് പ്രവേശിച്ചപ്പോൾ രാഗിണിയുടെ മനസ്സിൽ സന്തോഷം നിറഞ്ഞു കവിഞ്ഞു.
തന്റെ മകൾക്ക് അനൂരപനായ ഒരു വരനെ തന്നെ ലഭിച്ചിരിക്കുന്നു…!!!
രാഗിണിയുടെ മനസ്സിലെ ആനന്ദം കണ്ണുനീരായി പുറത്തേക്ക് വന്നു…
തന്റെ കണ്ണുകളിൽ അനുഭവപ്പെട്ട മൂടൽ മാറ്റുവാൻ അവൾ സാരിത്തലപ്പുകൊണ്ട് കണ്ണുകൾ ആരും കാണാതെ അമർത്തി തുടച്ചെങ്കിലും അവളുടെ കണ്ണിന്റെ മൂടൽ പൂർണ്ണമായും മാറിയിട്ടില്ലെന്നാണ് സോമന് തോന്നിയത്….
സോമൻ തന്റെ കമ്പിനിയിൽ നിന്നും റിട്ടയർ ചെയ്തപ്പോൾ ലഭിച്ച പണം കൊണ്ട് അവരുടെ വീടുപണി ആരംഭിച്ചതാണ്…
"നല്ല ഒരു വീടുണ്ടെങ്കിലേ മോൾക്ക് നല്ല വിവാഹാലോചന വരുകയുള്ളൂ.."
പലരും സോമനോട് പറഞ്ഞു...
"കൂനറിയാതെ ഞെളിഞ്ഞാൽ നമ്മുടെ നടു ഒടിഞ്ഞു പോകും…"
ഇങ്ങിനെ പറഞ്ഞ നാരായണൻ മാഷിനോട് ശ്യാമക്കും രാഗിണിക്കും കഠിനമായ വെറുപ്പ് തോന്നി…
എന്തിനും നെഗറ്റീവ് പറയുന്ന നാരായണൻ മാഷിന്റെ തന്റെ വീട്ടിലെ സന്ദർശനം സോമനും വെറുത്തു തുടങ്ങിയിരുന്നു..
വീട് പണി തീർന്നപ്പോൾ അവർ ഉദ്ദേശിച്ച തുകയുടെ ഇരട്ടി ചിലവായി…..
"നമ്മൾക്ക് ആകെയുള്ള ഒരു മോളല്ലേ? അവളുടെ വിവാഹം നമുക്ക് ഏറ്റവും ഭംഗിയായി നടത്തണം…"
നിങ്ങൾ വിഷമിക്കാതെ...ഈശ്വരൻ എല്ലാത്തിനും ഒരു വഴി നമുക്ക് പറഞ്ഞു തരും"
രാഗിണി സോമനെ സമാധാനിപ്പിച്ചു.
ചെറുക്കന്റെ ആളുകളുടെ അന്തസ്സ് അനുസരിച്ചു തന്നെ ആർഭാടമായി കല്യാണ നിശ്ചയം കഴിഞ്ഞു. പാണന്മാർ സോമനെയും രാഗിണിയെയും പാടിപ്പുകഴ്ത്തി. പറവകൾ സന്ദേശവുമായി നാലുപാടും പറന്നു നടന്നു...
അയൽപക്കത്തുള്ള ഭ്രാന്തനായ നാരായണൻ മാഷ് മാത്രം സോമനോട് ചോദിച്ചു.
"എന്തിനാ സോമാ പണം ഇങ്ങനെ പൊടിച്ചു കളയുന്നത്? മകളുടെ വിവാഹം കഴിഞ്ഞും നിങ്ങൾക്ക് ജീവിക്കേണ്ടേ?" പക്ഷെ ഒരു ഭ്രാന്തന്റെ ജല്പനങ്ങൾ ആരു കേൾക്കുവാൻ?
ശ്യാമ തന്റെ ബന്ധുക്കളോടൊപ്പം സ്വർണ്ണക്കടയിൽ പോയത് ഒരു ബന്ധുവിന്റെ തന്നെ വിലകൂടിയ കാറിലാണ്….കേശഭാരം ഭംഗിയായി പ്രദർശിപ്പിച്ച പരിഷ്കാരികളായ പെൺകുട്ടികളും കൂണിന്റെ ആകൃതിയിൽ തലമുടി അലങ്കരിച്ച ആൺകുട്ടികളും സാർ…. മാഡം...എന്നിങ്ങനെ സംബോധന ചെയ്തു ചിരിച്ചു നിന്നപ്പോൾ പണിക്കുറവും പണിക്കൂലിയുമായുമെല്ലാം സോമനും കുടുംബവും അത്ര കാര്യമാക്കിയില്ല..
അവിടെ ഇടക്ക് വിതരണം ചെയ്ത ബ്രൂ കോഫി അത്ര നന്നായില്ലെന്നാണ് അവരോടൊപ്പം വന്ന ഒരു കാർന്നോത്തി അഭിപ്രായം പറഞ്ഞത്..
തുണിക്കടയിൽപോയപ്പോൾ അവരെ കൂടുതൽ ബന്ധുക്കൾ അനുഗമിച്ചു...
എല്ലാവർക്കും വിലകൂടിതു തന്നെ ആയിക്കോട്ടെ....നമ്മൾ ഒട്ടും കുറക്കേണ്ട.....അത് പറഞ്ഞ കാരണവരെ സോമൻ രൂക്ഷമായി നോക്കിയപ്പോൾ രാഗിണി ഭർത്താവിനെ തന്റെ കണ്ണുകൾ കൊണ്ട് ശാസിച്ചു...
എല്ലാവരുടെയും അഭിപ്രായമനുസരിച്ച് കല്യാണ സദ്യ ഗംഭീരമാക്കണം എന്ന് തീരുമാനിച്ചു. സദ്യക്കാരനും, ഫോട്ടോഗ്രാഫറും, ഓഡിറ്റോറിയം ഉടമസ്ഥരും, നാദസ്വരക്കാരും, വിവാഹത്തിന്റ തലേദിവസം വീട്ടിലെത്തിചേർന്ന ബന്ധുക്കളും സുഹൃത്തുക്കളും സോമനോട്‌ ഒട്ടും ദയ കാട്ടിയില്ല......കാരണം മകൾ പണക്കാരുടെ വീട്ടിലേക്കല്ലേ പോകുന്നത്?
വീണ്ടും പാണന്മാർ സോമനെ പാടി പുകഴ്ത്തി...
പറവകൾ സന്ദേശങ്ങളുമായി എങ്ങും പാറി പറന്നു നടന്നു……
നാരായണൻ മാഷിനെ മാത്രം രണ്ടു ദിവസത്തേക്ക് ആരും കണ്ടില്ല…
"നന്നായി….അല്ലെങ്കിൽ അയാൾ ഈ കല്യാണം കുളമാക്കിയേനെ…ഭ്രാന്താണെങ്കിലും അയാളുടെ കുശുമ്പിന് ഒരു കുറവും ഇല്ല "
രാഗിണി തന്റെ നാത്തൂനോട് അടക്കം പറഞ്ഞു...
കല്യാണ ദിവസം തന്നെ വിലകൂടിയ കുറെ ഫർണീച്ചറുകളുമായി ഒരു വാഹനം ചെറുക്കന്റെ വീട്ടിലേക്ക് പാഞ്ഞു പോയി……
കല്യാണപ്പിറ്റേന്ന് രാഗിണി പറഞ്ഞു.
"അതെ ചെറുക്കനും പെണ്ണിനും ഹണിമൂണിന് പോകുവാൻ പണം കൊടുക്കണം….അവർ മലേഷ്യയിലേക്കാണ് പോകുന്നത്…"
"എന്താ അവന്റെ കൈയ്യിൽ പണം ഒന്നും ഇല്ലേ?"സോമൻ ഈർഷ്യയോടെ ചോദിച്ചു.
"അവന്റെ കൈയ്യിൽ ഉണ്ടോ എന്ന് നമ്മൾ നോക്കണ്ട....നമുക്കൊരു അന്തസ് വേണ്ടേ?"
സോമൻ ഒന്നും പറഞ്ഞില്ല….അന്ന് പുറത്ത് പോയി തിരിച്ചു വന്ന അയാളെ മദ്യത്തിന്റെ നേരിയ ഗന്ധമുണ്ടായിരുന്നു……
മകളുടെ വിവാഹം കഴിഞ്ഞു ഒരുമാസം കഴിഞ്ഞപ്പോൾ സോമൻ ഒരു ചിട്ടി കമ്പനിയിൽ കണക്കെഴുതുവാൻ പോയി…..
'ചേട്ടൻ വെറുതെ ഇരുന്നു മുഷിഞ്ഞു...അല്ലെങ്കിലും വെറുതെയിരുന്നാൽ മനുഷ്യന്റെ ആരോഗ്യം നശിക്കും …"
സോമനെ അന്വേഷിച്ചെത്തിയ മാഷിനോട് രാഗിണി പറഞ്ഞു.
അപ്പോഴും മാഷ് പൊട്ടിചിരിച്ചു…
"ഇന്നത്തെ കാലത്ത് ജീവിക്കുവാൻ വളരെ പ്രയാസമാണ്"
ഒരു ദിവസം സോമൻ മാഷിനോട് പറഞ്ഞു.
"ജീവിക്കുവാൻ ഒരു പ്രയാസവുമില്ല...പക്ഷെ ആന വാ പൊളിക്കുന്നതു കണ്ട് അതുപോലെ വാ പൊളിക്കുവാൻ അണ്ണാറക്കണ്ണൻ ശ്രമിക്കുമ്പോഴാണ് പ്രശ്നം"
മാഷ് പറഞ്ഞതിന്റെ പൊരുൾ പൂർണ്ണമായും സോമന് മനസ്സിലായില്ല...
മകളുടെ വിവാഹം കഴിഞ്ഞ് കൃത്യം ഏഴുമാസം കഴിഞ്ഞപ്പോൾ രാഗിണി ഭർത്താവിനോട്‌ പറഞ്ഞു.
"മകളുടെ വയറുകാണുവാൻ നമുക്ക് പോകണം"
"നീ തനിച്ചു പോയാൽ മതി ....എന്റെ കൈവശം പണമില്ല….സോമൻ പറഞ്ഞു...
പോരാ പോരാ അതിനൊക്കെ ചില ചടങ്ങുകൾ ഉണ്ട്......
എന്ത് ചടങ്ങുകൾ?......സോമൻ ചോദിച്ചു.
"ഇത്രയും ഭംഗിയായി കാര്യങ്ങൾ നടത്തിയിട്ട് ഇനിയൊരു കുറവ് വന്നാൽ നമുക്ക് അപമാനമാണ്" രാഗിണി പറഞ്ഞു.
വീണ്ടും പണം വേണം.....ആരോട് ചോദിക്കാൻ? സോമനോട് ആളുകൾക്ക് ഇപ്പോൾ പഴയതു പോലെ സ്നേഹമില്ല...സോമൻ സാവധാനം നാരായണൻ മാഷിന്റെ വീട്ടിലേക്ക് നടന്നു..
മാഷ് ഒരു നിമിഷം സോമനെ സൂക്ഷിച്ചു നോക്കി….
പിന്നീട് അയാൾ വീടിനുള്ളിലേക്ക് ള്ളിലേക്ക് നടന്നു.
അയാൾ തിരിച്ചു വന്നത് ഒരു പൊതിയുമായിട്ടാണ്….
"ഇതിൽ കുറച്ചു രൂപയുണ്ട്….എന്റെ ആകെയുള്ള സമ്പാദ്യമാണ്… സൂക്ഷിച്ചു ചിലവാക്കുക…...പണത്തിന് ഇനിയും ആവശ്യം വരും….മകളുടെ പ്രസവം...പിന്നീട് കൊച്ചിന്റെ ഇരുപത്തിയെട്ട് കെട്ട്...പറ്റുമെങ്കിൽ പേരക്കുട്ടിയുടെ ഒന്നാം പിറന്നാളും അന്തസ്സായിട്ട് നടത്തണം…"
അത്‌ പറഞ്ഞതിന് ശേഷം മാഷ് സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ചു.
സോമൻ ദയനീയമായി മാഷിനെ നോക്കി…...മാഷ് തുടർന്നു…
"വിഷമിക്കേണ്ട….ഞാൻ ഭ്രാന്തനല്ലേ?ഭ്രാന്തന് എന്തിനാണ് പണം? മാത്രമല്ല മറ്റുള്ളവർ എന്തോർക്കുമെന്നോർത്ത് തലപുണ്ണാക്കേണ്ട ആവശ്യവും എനിക്കില്ല….പിന്നെ നിന്റെ മരുമകന്റെ വീടുപണി കഴിയുമ്പോൾ ഞാൻ നൂറു രൂപാകൂടി നിനക്ക് തരും…."
"എന്തിന്?...സോമൻ അമ്പരപ്പോടെ ചോദിച്ചു…
"നിനക്ക് ഒരു മുഴം കയറു വാങ്ങിക്കുവാൻ…"
ഇത്തവണ മാഷിന്റെ മുഖത്ത് ഗൗരവം നിറഞ്ഞു….
ഭ്രാന്തമായ ആർഭാടവും പൊങ്ങച്ചവും പ്രദർശിപ്പിക്കുവാനായി സ്വന്തം പണം നശിപ്പിച്ച ഒരു ഭ്രാന്തൻ മറ്റൊരു ഭ്രാന്തനിൽ നിന്നും വായ്പ വാങ്ങിയിരിക്കുന്നു!!!
നാരായണൻ മാഷിന് ചിരി നിയന്ത്രിക്കുവാൻ സാധിചില്ല…
ഒന്നുകിൽ എനിക്കാണ് ഭ്രാന്ത്‌ അല്ലെങ്കിൽ ഈ സമൂഹത്തിനു മുഴുവൻ ഭ്രാന്താണ്...
നാരായണൻ മാഷ് ഉറക്കെ പറഞ്ഞു…
അനിൽ കോനാട്ട്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo