ഞാൻ അടുക്കള ജോലിയൊക്കെ തീർത്തു പുറത്തേക്കു വരുമ്പോൾ അച്ഛൻ എന്തോ ഓർത്തുകൊണ്ട് സോഫയിൽ ഇരിക്കുകയായിരുന്നു .ആ മുഖത്തേക്കു സൂക്ഷിച്ചുനോക്കിയപ്പോൾ കണ്ണുകൾ നനഞ്ഞതു പോലെ എനിക്ക് തോന്നി .ഇന്നു അച്ഛൻറെ പിറന്നാൾ ആയിരുന്നു .'അമ്മ പോയതിന് ശേഷം ഉള്ള ആദ്യത്തെ പിറന്നാൾ .ഊണിനു കാര്യമായി ഒന്നും ഉണ്ടാക്കിയില്ല .സാമ്പാറും കേബേജ് തോരനും പിന്നെ അച്ഛന് ഏറെ ഇഷ്ടപ്പെട്ട പാവക്കപച്ചടിയും .അമ്പലത്തിൽ പുഷ്പാഞ്ജലി കഴിപ്പിച്ചു കൊണ്ടുവന്ന പായസം സ്പൂണിൽ എടുത്തു കൊടുത്തപ്പോൾ അച്ഛൻ ഒന്നു പുഞ്ചിരിച്ചതായി തോന്നി .എന്നും അച്ഛൻറെ പിറന്നാളിന് അമ്പലത്തിൽ പോവുക അമ്മയായിരിക്കും .അമ്മ എത്തുമ്പോഴേക്കും അച്ഛൻ കുളിച്ചു റെഡിയായി ഉമ്മറത്ത് പോയി ഇരിക്കും .'എന്താ നിങ്ങൾക്കു എന്റെ കൂടെ ഒന്നു അമ്പലത്തിൽ വന്നാൽ?''അമ്മ പരിഭവം പറയുമ്പോൾ അച്ഛൻ ചിരിച്ചുകൊണ്ട് ഉത്തരം പറയും .''എനിക്കു വേണ്ടി പ്രാർത്ഥിക്കാനല്ലേ നിന്നെ കൂടെ കൂട്ടിയത് ?''വീട്ടിൽ ഞങ്ങൾ രണ്ടു പെൺമക്കൾ ആണ് .ഞാനും ചേച്ചിയും .ഞങ്ങൾ രണ്ടുപേരും വിവാഹം കഴിഞ്ഞു പോയതോടെ വീട്ടിൽ അച്ഛനും അമ്മയും തനിച്ചായി .എന്നാലും ഓരോമാസം ഇട വിട്ടു എടുക്കാവുന്ന അത്രയും സാധനങ്ങളുമായി ട്രെയിൻ കയറി അച്ഛനും അമ്മയും ഞങ്ങളെ കാണാൻ എത്തും .ഞങ്ങൾ ഒരേ സിറ്റിയിൽ
താമസിക്കുന്നതു കൊണ്ട് അവർക്കു വരാൻ എളുപ്പമായിരുന്നു .കാഴ്ചയിൽ അച്ഛൻ ഒരു ഗൗരവക്കാരൻ ആണെങ്കിലും ആ ഉള്ളു നിറയെ സ്‌നേഹമാണെന്ന് പല തവണ തെളിയിച്ചിരിക്കുന്നു .''അച്ഛൻ മോളേ എന്നു വിളിക്കുന്നതു കേൾക്കണമെങ്കിൽ അസുഖം വല്ലതും വരണം ''ചേച്ചി എപ്പോഴും കളിയായി പറയുമായിരുന്നു.ഞാൻ വിവാഹം കഴിഞ്ഞു പോവുമ്പോൾ അമ്മയും ഞാനും കെട്ടിപിടിച്ചു കരഞ്ഞു .പക്ഷേ അച്ഛൻ പുഞ്ചിരിച്ചു കൊണ്ടു നെഞ്ചോടു ചേർത്തു നിർത്തിയപ്പോൾ ആ സ്നേഹം മുഴുവൻ എന്നിലേക്കു പ്രവഹിക്കുകയായിരുന്നു. ഓഫീസ് ജോലിക്കിടയിലും ജീവിതത്തിൻറെ തിരക്കുകൾക്കിടയിലും ഞങ്ങൾക്കു കുറഞ്ഞുപോയ ലാളനകൾ അച്ഛൻ ഒട്ടും കുറക്കാതെ ആണ് ഞങ്ങളുടെ മക്കൾക്കു നൽകിയത് .ചെറിയ കാര്യത്തിന് പോലും അമ്മയോട് ദേഷ്യപ്പെടുമെങ്കിലും അച്ഛൻറെ ശ്വാസം തന്നെ ആയിരുന്നു അമ്മ .അച്ഛൻറെ പലകാര്യങ്ങളും കൃത്യമായി ഓർത്തുവച്ചു ചെയ്യുന്നതു അമ്മ ആയിരുന്നു .കഴിക്കുന്ന ഭക്ഷണത്തിൻറെ അളവ് പോലും അച്ഛനെക്കാളും നന്നായി അറിയുക അമ്മക്കാണല്ലോ എന്നു തമാശയായി പറയാറുണ്ട് .അമ്മയില്ലാതെ അച്ഛന് ജീവിക്കാൻ കഴിയുന്നതു തന്നെ ഒരു അത്ഭുതമാണ് .വീട്ടിൽ ഞങ്ങളിൽ ആർക്കെങ്കിലും അസുഖം വന്നാൽ അച്ഛൻറെ ഗൗരവമൊക്കെ അലിയും .പിന്നെ ഡോക്ടറുടെ മരുന്നിനു പുറമെ അച്ഛൻറെ ഉപദേശവും ഉണ്ടാവും .''അതുചെയ്യരുതു് ഇതു കഴിക്കരുത് ''ഇങ്ങിനെ സ്നേഹവും കരുതലും നിറഞ്ഞ ഉപദേശങ്ങൾ .പക്ഷേ അന്നു അമ്മക്കു ക്യാൻസർ ആണ് എന്നുള്ള ലാബ് റിസൾട്ട് കിട്ടിയ ദിവസം അച്ഛൻ ആകെ തളർന്നു .മുറിയിൽ പോയി പൊട്ടിക്കരഞ്ഞു .പിന്നെ മണിക്കൂറുകൾക്കു ശേഷം മുറിയിൽ നിന്നിറങ്ങിയതു സങ്കടം മുഴുവൻ മനസ്സിലൊതുക്കി പഴയ ഗൗരവക്കാരനായിട്ടു തന്നെ ആയിരുന്നു .പിന്നെ അമ്മക്കു മരുന്നുകൾ നൽകാനും ശുശ്രുഷിക്കാനും അച്ഛൻ ഞങ്ങളുടെ കൂടെത്തന്നെ ഉണ്ടായിരുന്നു .അവസാനം അമ്മ ഇനി രണ്ടോമൂന്നോ ദിവസങ്ങൾ മാത്രമേ ഞങ്ങൾക്കൊപ്പം ഉണ്ടാവൂ എന്നു ഡോക്ടർ അറിയിച്ചപ്പോഴും പൊട്ടിക്കരയുന്ന ഞങ്ങളെ സമാധാനിപ്പിച്ചു കൊണ്ടു ഉള്ളിലെ സങ്കടം പുറത്തു കാണിക്കാതെ പതറാതെ അച്ഛൻ നിന്നു .ഒടുവിൽ കത്തിച്ചു വച്ച നിലവിളക്കിൻറെ അരികിൽനിന്നും സിന്ദൂരപൊട്ടു തൊട്ടു സുമംഗലിയായി അമ്മ യാത്ര പോയപ്പോഴും അച്ഛൻ കരഞ്ഞതു മനസ്സിൽ മാത്രമായിരുന്നു .ആശ്വസിപ്പിക്കാൻ വരുന്നവരോട് കൈ കൂപ്പി നന്ദി പറയുന്ന അച്ഛൻറെ രൂപം ഇന്നും എൻറെ മനസ്സിൽ മായാതെ ഉണ്ട് .അമ്മയുടെ മരണത്തിനു ശേഷം വീട് വിട്ടു ഞങ്ങളുടെ കൂടെ വരാൻ അച്ഛന് താല്പര്യമില്ലായിരുന്നു .പക്ഷേ സിറ്റിയിൽ തിരിച്ചെത്തിയ ഞാൻ ആകെ തകർന്നിരുന്നു .രാത്രിയിൽ തീരെ ഉറക്കം ഇല്ലാതായി വിശപ്പു തോന്നാതെയായി .പിന്നെ കടുത്ത തലവേദനയും .ഇതറിഞ്ഞ അച്ഛൻ ഉടനെ തന്നെ എൻറെ അടുത്തേക്ക് വന്നു .''നീ വിഷമിച്ചു വല്ല രോഗവും വരുത്തിവെക്കരുത് .കുട്ടികളെയും വിവേകിനേയും ഓർക്കണം .അമ്മ ഒരു പാടു പുണ്യം ചെയ്തതുകൊണ്ട് നേരത്തെ പോയി .അതു മാത്രം നീ മനസിലാക്കിയാൽ മതി ".അച്ഛൻറെ ഉപദേശങ്ങളും സാമീപ്യവും എനിക്കു തന്ന ആശ്വാസം വളരെ വലുതായിരുന്നു .അതായിരുന്നിരിക്കാം ആ സാഹചര്യത്തിൽ നിന്നു മുന്നോട്ടു വരാൻ എനിക്കു സാധിച്ചത് .പക്ഷേ അമ്മയെ ഇത്രയും സ്നേഹിച്ച അച്ഛൻ എങ്ങിനെ സഹിക്കുന്നു എന്നു അതിശയത്തോടെ ഞാൻ ഓർക്കാറുണ്ട് .എന്നാൽ അച്ഛനോടൊപ്പം ഒരാഴ്ച നാട്ടിൽ താമസിക്കാൻ ചേച്ചി പോയിരുന്നു അപ്പോഴാണ് ചേച്ചി ആ വിവരം എന്നെ ഫോൺ ചെയ്‌തു അറിയിച്ചത് .''മോളേ രാത്രിയിൽ ഒരുപാടു താമസിച്ചിട്ടും വെളിച്ചം കണ്ടപ്പോൾ ഞാൻ പോയി നോക്കി .അപ്പോൾ അച്ഛൻ കട്ടിലിൽ ഇരുന്നു പൊട്ടിക്കരയുന്നു .എനിക്കു ഇതു കാണാൻ പറ്റില്ല ഇന്ദു .നമുക്ക് അച്ഛനെ എങ്ങിനെ എങ്കിലും അങ്ങോട്ടു കൂട്ടണം ''.അങ്ങിനെ ഞങ്ങൾ നിർബന്ധിച്ചു അച്ഛനെ ഇങ്ങോട്ടു കൊണ്ടുവന്നു .ഇപ്പോൾ അച്ഛൻ ഞങ്ങളുടെ രണ്ടുപേരുടെ കൂടെയും മാറിമാറി താമസിക്കുന്നു .ഞങ്ങൾക്കു ആ സാമീപ്യം ഒരു ആശ്വാസവും അതിലുപരി ഒരു തണലും ആണ് .പെട്ടന്നാണ് ഞാൻ സോഫയിലേക്ക് നോക്കിയത് .അച്ഛൻ അവിടെ ഇല്ല .ഞാനീ ആലോചിച്ചു കുട്ടുന്നതിനിടയിൽ അച്ഛൻ പോയി കിടന്നുവെന്നു തോന്നുന്നു .ഞാൻ അച്ഛൻറെ മുറിയിലേക്കു നടന്നു .ബെഡ്റൂമിലെ മങ്ങിയ വെളിച്ചത്തിൽ അച്ഛൻ കട്ടിലിൽ കിടക്കുന്നതു ഞാൻ കണ്ടു .കട്ടിലിൻറെ അറ്റത്തു മടക്കി വച്ച പുതപ്പെടുത്തു ഞാൻ അച്ഛനെ പുതപ്പിച്ചു .
പിന്നെ ഉറങ്ങിയോ എന്നറിയാനായി കുനിഞ്ഞു ആ കണ്ണുകളിലേക്കു നോക്കി .ആ കൺകോണിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ .'അച്ഛാ ' ഞാൻ ഇടറിയ സ്വരത്തിൽ വിളിച്ചു .'എന്തോ ,എനിക്കിന്നു അവളെ ഒന്നു കാണാൻ വല്ലാത്ത കൊതി തോന്നുന്നു മോളെ '.കണ്ണുകൾ തുറക്കാതെ അച്ഛൻ പറഞ്ഞു .ഒന്ന് സമാധാനിപ്പിക്കാൻ പോലും ആവാതെ നിന്ന എന്റെ കണ്ണിൽ നിന്നും കണ്ണുനീർത്തുളികൾ അച്ഛന്റെ മുഖത്തേക്കു വീണു .പിന്നെ അടുത്ത നിമിഷം അച്ഛൻ ആ പഴയ ഗൗരവക്കാരനായി .'നേരം വൈകി നീ പോയി കിടന്നോളു .ഗ്രിൽസ് ഒക്കെ അടച്ചില്ലേ ?പിന്നെ നാളത്തേക്കുള്ള പാലിന്റെ കൂപ്പൺ പുറത്തെ കവറിൽ വയ്ക്കാൻ മറക്കണ്ട .'അച്ഛനോടു മറുപടി ഒന്നും പറയാതെ ഞാൻ മുറിയിൽ നിന്ന് പുറത്തേക്കു വന്നു .കാരണം ആ ആർദ്രമായ മനസ്സ് നിറയെ അമ്മ നിറഞ്ഞു നില്കുകയാണെന്നു എനിക്കറിയാമായിരുന്നു .
Written by Jalaja Narayanan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക