രവി അത് കേട്ട് പോലുമില്ല. ലാപ്ടോപ്പിൽ നോക്കിയിരിക്കുകയാണ്. ലോക്ക്ഡൗൺ കാരണം കുറച്ചു കാലങ്ങളായി രവിയും ദേവികയും വർക്ക് ഫ്രം ഹോം ആണ്.
രണ്ടു മക്കൾക്ക് ഓൺലൈൻ ക്ലാസുണ്ട്.
ഓഫീസിൽ പോയി ജോലി ചെയ്യുന്നതാണ് ഭേദം എന്ന് ദേവികയ്ക്ക് എപ്പോഴും തോന്നും.
വർക്ക് ഫ്രം ഹോം ആവുമ്പോൾ വീട്ടുജോലിയും, പിള്ളേരുടെ കാര്യങ്ങളും, ഒപ്പം ഓഫീസ് ജോലിയും ! എല്ലാം കൂടി അവിയൽ പരുവം ആവും.
ശനിയും ഞായറും ഒഴിവാണ്. അന്ന് ഭർത്താവും മക്കളും സന്തോഷത്തോടെ ഇരിക്കുമ്പോൾ ദേവിക ഓഫീസിലെ പെന്റിങ് ആയ ജോലികൾ ഇരുന്ന് ചെയ്യുകയാവും.
വർക്കുള്ള ദിവസങ്ങളിൽ,രവി കൃത്യമായി 9 മണിക്ക് ലാപ്ടോപിന്റെ മുൻപിൽ വർക്ക് തുടങ്ങിയ പിന്നെ ഇടയ്ക്ക് വിശ്രമിക്കാനും ആഹാരം കഴിക്കാനും മാത്രമേ എഴുന്നേൽക്കു.
ചില ദിവസം ദേവികയ്ക്ക് അരിശം വരും. തനിക്ക് കമ്പനിയിൽ നിന്നും മാസം കിട്ടുന്നത് കപ്പലണ്ടി പിണ്ണാക്കല്ല എന്നവൾ പറയും..
ആര് കേൾക്കാൻ ആരോടു പറയാൻ!
ഏട്ടാ, എനിക്ക് തല വേദനിച്ചിട്ട് വയ്യ. പിള്ളേരുടെ ക്ലാസ്സ് തുടങ്ങാനായി. ഒന്ന് ഒപ്പം ചെല്ലുമോ.
രവി കേൾക്കാത്ത മട്ടിലിരുന്നു ജോലി തുടർന്നു.
ദേവികയ്ക്ക് കലി കയറി. അവൾ സ്വന്തം ലാപ്ടോപ് അടച്ചു കൊണ്ട് പിള്ളേർക്കൊപ്പം മുറിയിൽ പോയി.
പിള്ളേരുടെ ക്ലാസ്സ് കഴിഞ്ഞ് ദേവിക രവിയുടെ അടുത്ത് ചെന്ന് അവളുടെ കൈ അയാളുടെ മൂക്കിന് നേരെ വച്ച്.
"നീ എന്താ കാണിക്കുന്നേ.." രവി അവളുടെ കൈ തട്ടി മാറ്റി. "ഇതെന്താ വിക്സിന്റെ മണം?" അയാൾ ചോദിച്ചു.
"ഏട്ടന് മണം വന്നോ. അയ്യോ എനിക്ക് മണം കിട്ടുന്നില്ല.ഉച്ചക്ക് ഞാൻ മുളകച്ചാർ തിന്നപ്പോ എരിഞ്ഞേ ഇല്ല. അയ്യോ..പോരാത്തതിന് തല വേദനയും."
രവി അന്തം വിട്ടിരിക്കവേ, ദേവിക മുറിയിൽ ചെന്ന് ഒരു ബാഗ് എടുത്ത് അതിൽ അത്യാവശ്യ സാധനങ്ങൾ കുത്തിനിറച്ചു കൊണ്ട് മുകളിലെ മുറിയിലേക്ക് പോകുന്നതിനിടെ ഉറക്കെ വിളിച്ചു പറഞ്ഞു.
"ഞാൻ സെൽഫ് ഐസൊലേഷൻ ചെയ്യാൻ പോവാട്ടോ ഏട്ടാ. എനിക്ക് കോറോണയാണോ എന്തോ. പിള്ളേർക്കുള്ള പാല് തിളപ്പിച്ച് രണ്ടു ടീസ്പൂൺ ബൂസ്റ്റ് ഇട്ട് നന്നായിട്ട് കലക്കി കൊടുക്കണേ."
അവൾ വാതിൽ അടച്ചു കിടക്കയിൽ കിടന്നു.
ഹാവൂ, ഒന്ന് നടു നീർത്തിയപ്പോൾ എന്തൊരാശ്വാസം!!!
ബാഗിൽ വച്ചിരുന്ന ചോക്ലേറ്റെടുത്തു വായിലിട്ടു നുണഞ്ഞു കൊണ്ടവൾ സമാധാനത്തോടെ വിശ്രമിച്ചു. ആഹാ, നല്ല മധുരം!
അപ്പുറത്തെ വീട്ടിൽ ഇന്ന് ഉണക്ക മീനാന്ന് തോന്നുന്നു. നല്ല മണം!!! കൊതി മൂത്ത് അവൾക്ക് വായിൽ വെള്ളം വന്നു.!!
അതേ സമയം ഒരാഴ്ച്ചക്ക് ഓഫീസിൽ ലീവ് പറഞ്ഞു കൊണ്ട് രവി, അടുക്കളയിൽ പിള്ളേർക്കുള്ള ബൂസ്റ്റ് കലക്കുന്ന തിരക്കിലായിരുന്നു.
-----------------------------------------------
Written by Aisha Jaice
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക