Slider

ചന്തു എന്ന കിണ്ടി എന്ന തീവണ്ടി I Humour Story I Rajeev Panicker

 

മാടമ്പിള്ളിയിലെ ആരാരും ശ്രദ്ധിക്കാതെ പോയ എന്നെപ്പോലെയുള്ള ഒരു പാവത്തിന് പിൽക്കാലത്ത് കുടുംബത്തിലെ പലരും പറഞ്ഞ കഥകൾ ഫെയ്‌സ്ബുക്കിലൂടെ വായിക്കേണ്ടി വന്നു ഇരുപത്തിയെട്ട്‌ വർഷം മുൻപ് നടന്ന കൊടും ചതിയുടെ കഥ അറിയാൻ...
വർഷങ്ങൾക്ക് ശേഷം തീവണ്ടിപ്പുക പോലെ വലിച്ച് വലിച്ച് ഒടുങ്ങാൻ വിധിക്കപ്പെട്ട ചന്തു എന്ന ചന്ദ്രമോഹൻ തമ്പിയുടെ ജീവിതം മാറ്റി മറിച്ച കഥ.
കഥകളിലെ സത്യം എത്രമാത്രമുണ്ട് എന്ന് പറയാൻ ഞാനാളല്ല. പക്ഷെ ഞാനറിഞ്ഞ സത്യങ്ങൾ... അത് ഈ വൈകിയ വേളയിലെങ്കിലും പറഞ്ഞില്ലെങ്കിൽ ഇന്നു ജനിച്ച കുട്ടികൾ പോലും കിണ്ടി എന്നു വിളിച്ചു കളിയാക്കുന്ന ഈ പാവത്തിനും കുടുംബത്തിനും സംഭവിച്ച ട്രാജഡി ആരുമറിയാതെ പോകും.
ഇന്നത്തെ കുട്ടികളുടെ പോലെ ഒന്നും അല്ലായിരുന്നു ഞങ്ങൾ. എന്റെ ചേച്ചി ശ്രീദേവിയും ഞാനും പിന്നെ, കൈക്കുഞ്ഞായിരുന്ന ജയശ്രീയും ഭാസുരമ്മായിയുടെ മകൾ അല്ലിയും. വെക്കേഷൻ കാലമായാൽ മാത്രം നാട്ടിൽ വരുന്ന ശാരദമ്മായിയുടെ മക്കളായ നകുലേട്ടനും നന്ദിനിയേച്ചിയും. പിന്നെ എല്ലാവരുടെയും ഒരു തമാശക്കഥാപാത്രമായിരുന്ന അകന്ന ബന്ധുവായ ദാസപ്പൻ കുട്ടിയും ..എല്ലാവരും കൂടി ഒരു പ്രശ്‌നവും ഇല്ലാതെ സന്തോഷമായി ഓടിക്കളിച്ചിരുന്നത് തറവാട് എന്ന് പറഞ്ഞു പഠിപ്പിച്ചിരുന്ന മാടമ്പിള്ളി മേടയിലെ വിശാലമായ മുറികളിലും ഇടനാഴികളിലുമായിരുന്നു. ഓരോ കളികൾ കളിക്കുമ്പോഴും ഞങ്ങൾ ബോധപൂർവം ഒഴിവാക്കിയിരുന്ന ഒരു മുറിയായിരുന്നു ഓർമ വെച്ച നാൾ മുതൽ കേട്ടിരുന്ന മാടമ്പിള്ളി മേടയിലെ തമിഴത്തിയുടെയും കാരണവരുടെയും തെക്കിനി... പണ്ടെങ്ങോ ദുർമരണപ്പെട്ട ആത്മാക്കളെ തളച്ചിരുന്ന നിഗൂഢമായ മുറി.
കുട്ടികൾക്ക് എന്തറിയാം.. ഒരിക്കൽ കളിക്കാനായി മേടയിൽ ചെന്ന എന്നെയും ശ്രീദേവിച്ചേച്ചിയെയും ഉണ്ണിത്താനമ്മാവൻ തന്റെ വലിയ കാലൻ കുട കൊണ്ട് തല്ലിയോടിച്ചപ്പോഴാണ് മേടയ്ക്ക് വേറെ ഉടമസ്ഥർ ഉണ്ടെന്നും അച്ഛന്റെ കൈയിൽ നിന്നും മേടയുടെ നോക്കി നടത്തിപ്പിനുള്ള അവകാശവും താക്കോലും ഉണ്ണിത്താനമ്മാവൻ കൈക്കലാക്കി എന്നും ഞങ്ങൾ മനസ്സിലാക്കിയത്. ഞങ്ങൾ പോകാതായതോടെ, അല്ലി കരച്ചിൽ തുടങ്ങി. അങ്ങനെ ഒടുക്കം ഭാസുരയമ്മായി വന്ന് അച്ഛനോട് സങ്കടം പറഞ്ഞത്രെ. എന്തിനും ഏതിനും അനിയത്തിയോട് ഒരു സോഫ്റ്റ്‌കോർണർ ഉണ്ടായിരുന്ന അച്ഛൻ ഞങ്ങളോട് വീണ്ടും മേടയിൽ പോയി കളിക്കാൻ ആവശ്യപ്പെട്ടു.
പിന്നെയെപ്പോഴോ ഞങ്ങൾ വലുതായി. ശ്രീദേവിച്ചേച്ചിയും നകുലേട്ടനും വിവാഹം കഴിക്കും എന്ന് കുടുംബത്തിൽ ആകെ സംസാരം ഉണ്ടായിരുന്നു. ശ്രീദേവിച്ചേച്ചിക്ക് ചൊവ്വാദോഷം ഉണ്ടെന്നും പക്ഷെ നകുലേട്ടനുമായി ജാതകം നന്നായി ചേരുമെന്നും ഏതൊക്കെയോ ജ്യോത്സ്യന്മാർ പറഞ്ഞു. പക്ഷേ ശാരദമ്മായി ഒട്ടും സമ്മതിച്ചില്ല. നന്ദിനിയേച്ചിയും നകുലേട്ടനും തീരെ വരാതായി. നന്ദിനിയേച്ചി ബോംബെയിൽ സെറ്റിൽ ആയി എന്നും നകുലേട്ടന്റെ വിവാഹം തീരുമാനിച്ചു എന്നും അറിഞ്ഞു. അതോടെ അച്ഛൻ ആകെ സൈക്കോ ആയി. ഒട്ടും അന്വേഷിക്കാതെ കിട്ടിയ ഒരുത്തനെക്കൊണ്ട് ചേച്ചിയെ കെട്ടിച്ചു. ചൊവ്വ കിവ്വ എന്നൊന്നും പറയാൻ പോയില്ല. കല്യാണം കഴിഞ്ഞ് പോയ പോലെ ചേച്ചി തിരിച്ചു വന്നപ്പോഴാണ് സംഗതി പാളിയ വിവരം അച്ഛൻ മനസ്സിലാക്കുന്നത്. എപ്പോഴും അക്ഷരശ്ലോകവും മണ്ടത്തരങ്ങളുമായി നടക്കുന്ന വെറും സംബന്ധക്കാരൻ ആയി മാത്രം അച്ഛൻ കണ്ട താലൂക്കാഫീസർ ഉണ്ണിത്താനമ്മാവന്റെ അടിവലിവുകൾ ആണിതെല്ലാം എന്ന് അച്ഛൻ മനസ്സിലാക്കിയപ്പോഴേക്കും ആകെ വൈകിയിരുന്നു. അന്ന് എല്ലാ കാര്യങ്ങൾക്കും അമ്മാവനെ സഹായിച്ചത് ഞങ്ങളുടെ കളിക്കൂട്ടുകാരൻ ആയിരുന്ന ദാസപ്പൻ കുട്ടിയായിരുന്നു. ഏറെക്കുറെ ഉണ്ണിത്താനമ്മാവന്റെ ഒരു വലംകൈ പോലെയായിരുന്നു ദാസപ്പൻ കുട്ടി.
ഈ ബഹളമൊക്കെ നടക്കുമ്പോഴും പഠനവുമായി നടന്നിരുന്ന എന്റെ മനസ്സിൽ എപ്പോഴോ കടന്നു കൂടിയ ഒരു സ്വപ്നം ഉണ്ടായിരുന്നു. കളിയും ചിരിയുമായി ഏറെക്കുറെ ഒരേ പ്രായവും ചാപല്യവുമായി പാർട്‌ണേഴ്‌സ് ഇൻ ക്രൈം ആയ അല്ലി. പഠനത്തിന്റെ ഏതോ ഇടനാഴികളിൽ സ്വന്തം അദ്ധ്യാപകനെ പ്രണയിച്ച അല്ലിയെ എന്റെ പൊട്ടമനസ്സിന്റെ തോന്നൽ പിന്നീടൊരിക്കലും ഞാൻ അറിയിച്ചതേയില്ല. അല്ല.. അന്നതു പറയാനുള്ള ധൈര്യവും ഉണ്ടായിരുന്നില്ല.
തെക്കിനിയിലെ കഥകൾ ഒരിക്കലും ഒരു മുത്തശ്ശിക്കഥയ്ക്കപ്പുറം ഞാൻ വിശ്വസിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ നകുലേട്ടനും ഭാര്യ ഗംഗേച്ചിയും മാടമ്പിള്ളിയിൽ രാത്രി കയറി എന്നു കേട്ടപ്പോൾ ഉണ്ണിത്താനമ്മാവനും അച്ഛനും ഭാസുരമ്മായിയും ഒക്കെ ഞെട്ടിയപ്പോഴും ഞാൻ അത്ര കെയർ ചെയ്തില്ല. തെക്കിനി തുറക്കാൻ താക്കോൽ ഉണ്ടാക്കിത്തരാൻ ഗംഗേച്ചി പറഞ്ഞപ്പോ പറ്റിയ ഒരു കൊല്ലനെ തപ്പി ഞാനും ബിജുവും പോയതും അതുകൊണ്ട് തന്നെ. വീട്ടിലെ കൊള്ളാവുന്ന ഒരു മുറി അവർ തുറന്ന് ഉപയോഗിക്കട്ടെ എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ. പക്ഷെ ഈ കുടുംബത്തിന്റെ തന്നെ അടിവേരറുക്കാൻ ഉള്ള അതിഘോരമായ ആ പ്ലാനിന്റെ ഭാഗമായി, വന്നതിന്റെ പിറ്റേന്നു തന്നെ തെക്കിനി തപ്പി പോയതിലെ കുടിലത എനിക്ക് മനസ്സിലായതേയില്ല. കേട്ടറിവു മാത്രമുള്ള ആത്മാക്കളുടെ കഥ സത്യമാണോ എന്ന് തോന്നിക്കും വിധം കൊല്ലനും ബിജുവും ചിക്കൻ പോക്‌സ് പിടിച്ച് കിടപ്പായപ്പോൾ ഞാൻ ആകെ പതറി.. ആർക്കെങ്കിലും ചിക്കൻ പോക്‌സ് ഉണ്ടായിരുന്നിരിക്കണം. ചിലപ്പോൾ കൊല്ലന്, അല്ലെങ്കിൽ ബിജുവിന്. ഏതായാലും എനിക്കല്ല.
എത്ര നാൾ കഴിഞ്ഞാലും ആദ്യമായി മനസ്സിൽ തോന്നിയ പ്രണയം ആർക്കും മറയ്ക്കാൻ പറ്റില്ല. എനിക്കത് മനസ്സിലായത് ഇഷ്ടം പോലെ പണിക്കാർ ഉണ്ടായിരുന്ന മാടമ്പിള്ളിയിൽ ഗംഗയ്ക്ക് കൂട്ട് എന്ന മട്ടിൽ ശ്രീദേവിച്ചേച്ചി താമസിക്കാൻ തീരുമാനിച്ചപ്പോഴാണ്. ആരും സംശയിക്കണ്ട എന്നോർത്താകണം ചേച്ചി എന്നെക്കൂടി ഈ കൃത്യത്തിൽ പങ്കാളിയാക്കി. യഥാർഥത്തിൽ ഒന്നുമറിയാതെ ഞങ്ങളും ഈ പ്ലാനിൽ കൊണ്ടുചെന്ന് തല വെച്ചു കൊടുക്കുകയായിരുന്നു.
ആദ്യമായി ശ്രീദേവിച്ചേച്ചിയിൽ മാനസിക രോഗ ലക്ഷണങ്ങൾ ആരോപിക്കപ്പെട്ടത് നകുലേട്ടനും ഗംഗേച്ചിക്കുമൊപ്പം ഞങ്ങൾ നിൽക്കുമ്പോൾ ആദ്യം മൺകലവും പിന്നെ പിഞ്ഞാണികളും പൊട്ടിപ്പോഴായിരുന്നു. നകുലേട്ടൻ അന്നേരമേ സംശയത്തോടെ ചേച്ചിയെ നോക്കുന്നത് ഞാൻ കണ്ടു. എനിക്കുറപ്പായിരുന്നു ചേച്ചി അല്ല എന്ന്. കാരണം അപ്പോഴൊക്കെ പേടിച്ച് ഞാൻ ചേച്ചിയുടെ കൈ മുറുകെ പിടിച്ചിരിക്കുകയായിരുന്നു. പുറത്ത് എന്താ ശബ്ദം എന്നു നോക്കാൻ ആറ് എവറെഡി ബാറ്ററി ഇടാവുന്ന മാടമ്പിള്ളിയിലെ ടോർച്ചുമായി പുറത്തു പോയ നകുലേട്ടന്റെ കൂടെ ഗംഗേച്ചിയും പോയി തിരികെ വന്നപ്പോഴാണ് ചായ്പിലെ പഴയ ഗ്രാൻഡ് ഫാദേഴ്‌സ് പെൻഡുലം ക്ലോക്കിന്റെ ചില്ല് പൊട്ടിയത്. ഉദ്ദേശം രാത്രി എത്ര മണിയായി എന്നറിയാൻ ഞാൻ ക്ലോക്കിൽ നോക്കിയ അതേ സമയമായിരുന്നു അത്. എവിടുന്നോ ഒരു കല്ല് തെറിച്ചു വന്ന് ക്ലോക്കിൽ ഇടിക്കുകയായിരുന്നു. എല്ലാവരും ശ്രീദേവിച്ചേച്ചി തന്നെയാണ് അത് ചെയ്തത് എന്ന് ഉറച്ചു വിശ്വസിച്ചു. എനിക്കല്ലേ അറിയൂ എനിക്കിട്ട് എറിഞ്ഞാൽ രണ്ടു വീട് അപ്പ്രത്തെ പാണ്ടൻ പട്ടിയ്ക്കിട്ട് കൊള്ളുന്നത്ര കറക്ട് ഉന്നമുള്ള പാർട്ടിയാ ചേച്ചി എന്ന്! പിറ്റേന്ന് ആളും അർഥവും ഒഴിഞ്ഞപ്പോ ഞാൻ കല്ല് തപ്പിയെങ്കിലും കിട്ടിയില്ല. കല്ലെന്തിന്.. പൊട്ടിയ ചില്ല് പോലും കണ്ടില്ല.
ശ്രീദേവിച്ചേച്ചിയ്ക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ട് എന്ന് നകുലേട്ടൻ അച്ഛനോട് പറഞ്ഞ നിമിഷം അച്ഛന്റെ ഇരിപ്പ് ഞാനിന്നും ഓർക്കുന്നു. പ്രതാപിയായ ചെമ്പൻ കോട്ടെ തമ്പിയങ്ങുന്ന് അല്ലായിരുന്നു അച്ഛനപ്പോൾ. ഒരു പാവം അച്ഛൻ. തോറ്റു പോയ ഒരു മനുഷ്യൻ. കരഞ്ഞില്ലെങ്കിലും ആ കണ്ണുകളിലെ തേങ്ങൽ എന്റെ മനസ്സിലുണ്ട്. എത്രയോ വർഷം നീറി നീറി ഒടുക്കം, ക്ഷയിച്ച ഒരു തറവാടിന്റെ ചായ്പിൽ കിടന്ന് അസുഖങ്ങളും വയ്യായ്കയുമായി മരിച്ച ആ മനുഷ്യന്റെ ആദ്യത്തെ തോൽവിയായിരുന്നു അത്. ഉറപ്പു വരുത്താനായി പോയ ഉണ്ണിത്താനമ്മാവനും കിട്ടിയ അവസരം നന്നായി മുതലാക്കി. നകുലൻ കുട്ടി പറഞ്ഞത് പരിച്ഛേദം അങ്ങട് ഉപേക്ഷിക്കണ്ട പോലും...
അന്നെനിക്ക് ഒട്ടും മനസ്സിലാകാതെ പോയ ഒരു കാര്യം ഉണ്ട്. ഇത്രേം പ്രശ്‌നം ഉണ്ടെങ്കിൽ ചേച്ചിയെ മാടമ്പിള്ളിയിൽ താമസിപ്പിക്കാതെ ചെമ്പൻ കോട്ടേക്ക് വിട്ടിരുന്നെങ്കിൽ നകുലേട്ടനും ഗംഗേച്ചിയ്ക്കും മാടമ്പിള്ളിയിൽ സമാധാനമായി താമസിക്കായിരുന്നില്ലേ?
ഇന്നാലോചിക്കുമ്പോൾ മാടമ്പിള്ളിയിലെ ചതി എത്ര പ്ലാൻഡ് ആയിരുന്നു എന്ന് അദ്ഭുതം തോന്നുന്നു. അമേരിക്കയിൽ നിന്നും വരെ ആളെത്തി. അതും വലിയ ബിൽഡപ്പുമായിട്ട്. ഏതെങ്കിലും ക്രിസ്ത്യാനി ശബരിമലയിൽ പോകുകയോ ശാസ്താവിന്റെ പേരിൽ ആണയിടുകയോ ചെയ്യുമോ? ചെയ്യുമായിരിക്കും. പക്ഷേ എനിക്ക് അതൊന്നും അന്നേ അത്ര ദഹിച്ചിട്ടില്ല. ചുമ ഉണ്ടെന്ന് ഡോക്ടറെ കാണിക്കാൻ, ഒന്നു ചുമച്ചു കാണിക്കുന്ന കുട്ടികളെപ്പോലെ ചിലങ്കയുമിട്ട് അല്ലിയെ മുറിയിൽ പൂട്ടി ഡോക്ടർ വെറുതെ വന്നതല്ല എന്നൊരു നാടകം അരങ്ങേറി. ഗംഗ മുകളിൽ ഉണ്ടെന്ന് ശ്രീദേവി പറഞ്ഞ കൊണ്ടാണ് മുകളിൽ പോയതെന്ന് അല്ലി! അതിലും കുറ്റം ചേച്ചിക്ക്. ശ്വാസം കിട്ടാത്ത മുറിയാണെന്നൊക്കെ നകുലേട്ടൻ കൃത്യമായിപറഞ്ഞപ്പോഴേ ചതി ഞാൻ മനസ്സിലാക്കേണ്ടതായിരുന്നു. അല്ലെങ്കിൽ ജനിച്ച അന്നു മുതൽ മേടയിൽ ഓടിക്കളിച്ച എനിക്കറിയാത്ത ഏതു മുറിയാ അവിടെയുള്ളത്?
അക്കാലഘട്ടത്തിൽ വലിയ ഹിറ്റ് ആയിരുന്ന ജെന്റിൽമാൻ എന്ന സിനിമയിലെ ഉസലാമ്പട്ടി പെൺകുട്ടി എന്ന പാട്ടും മൂളി മൂത്രമൊഴിക്കാൻ രാത്രി പുറത്തിറങ്ങിയ ഞാൻ അപ്രതീക്ഷിതമായാണ് കേട്ടു പരിചയമില്ലാത്ത മറ്റൊരു തമിഴ്പാട്ട് കേട്ടത്. ആദ്യം ഓർത്തത് മഹാദേവൻ സാറിന്റെ വീട്ടിൽ വല്ല ടേപ് റെക്കാർഡറും ഓണാക്കിയതായിരിക്കും എന്നാണ്. പുള്ളിക്ക് അൽപം കലാവാസനയും എഴുത്തും വട്ടും ഒക്കെ ഉള്ളയാളാണല്ലോ..പിന്നെ കാതോർത്തപ്പോ മുകളിൽ തെക്കു വശത്ത് എവിടെ നിന്നോ ആണെന്ന് മനസ്സിലായി. ഒന്ന് നോക്കിയേക്കാം എന്നോർത്ത് ഇരുട്ടും തപ്പി പോയപ്പോഴാ സണ്ണി ഡോക്ടറുടെ മുന്നിൽ ചെന്നു ചാടിയത്. പുള്ളി ആകെ കൺഫ്യൂഷൻ ആക്കിക്കളഞ്ഞു. ഒന്നും സംസാരിക്കാൻ പോലും സമ്മതിച്ചില്ല. മുള്ളാൻ വന്നതാ എന്ന് പറഞ്ഞപ്പോ ഇവിടെത്തന്നെ മുള്ളണം എന്നായി. അറച്ചും മടിച്ചും മുള്ളാൻ മുണ്ടു പൊക്കിയ എന്റെ സൈഡിൽ തന്നെ, എറണാകുളം കെ എസ് ആർ ടി സി സ്റ്റാൻഡിലെ മൂത്രപ്പുരയിൽ ഒരു നാണവുമില്ലാതെ വായും പൊളിച്ചു നോക്കി സൈഡിൽ നിൽക്കുന്നവന്മാരെപ്പോലെ ഡോക്ടർ നിൽപ്പു പിടിച്ചു. ഒരു ജാതി നോട്ടം നോക്കി എന്നു മാത്രമല്ല അന്നു മുതൽ എന്റെ ലൈഫിൽ തേച്ചാലും മായ്ച്ചാലും പോകാതെ എന്റെ കൂടെ കൂടിയ കിണ്ടി എന്നൊരു പേരും വിളിച്ചു.
ഛേ..ആലോചിച്ചിട്ടു തന്നെ...
പിറ്റേന്ന് ചെമ്പൻ കോട്ടെ വീടിന്റെ വടക്കോറെ ഉള്ള കുളത്തിൽ നിന്ന് പിടിച്ചു കൊണ്ടു വന്ന് ഒരു അലൂമിനിയം ബക്കറ്റിൽ ഇട്ടുവെച്ചിരുന്ന ഗപ്പിക്കുഞ്ഞുങ്ങൾക്ക് അൽപം ചോറിട്ടു കൊടുക്കാൻ തളത്തിൽ പോയ എനിക്ക്, അവിടെക്കിടന്നു കിട്ടിയ ഒരു ചിലങ്ക പോക്കറ്റിലിട്ടപ്പോഴേ സണ്ണി ഡോക്ടർ ഓടി വന്നു. തലേന്നത്തെപ്പോലെ ഒന്നു മിണ്ടാൻ പോലും സമ്മതിക്കാതെ കിണ്ടി കിണ്ടി എന്ന് തുടരെത്തുടരെ വിളിച്ചു കൊണ്ട് എന്റെ പോക്കറ്റിൽ നിന്ന് ചിലങ്ക കൈക്കലാക്കി. എന്നെ ഓടിച്ചു വിടാനായിരുന്നു ആൾക്ക് വലിയ ധൃതി.
ആളെന്തോ ആരും കേൾക്കെ എന്നെ കിണ്ടി എന്ന് വിളിച്ചില്ല. ഭാഗ്യം!
മാടമ്പിള്ളിയിലെ ഏറ്റവും സന്തോഷം അവിടത്തെ വലിയ കുളമായിരുന്നു. ചെറുപ്പത്തിൽ മുങ്ങാംകുഴിയിട്ടും മലക്കം മറിഞ്ഞും കുളിച്ചു തിമിർത്ത ആ കുളത്തിൽ ഒന്നു കുളിച്ചതായിരുന്നു അടുത്ത കുറ്റം. ആളെ ഞാൻ പേടിപ്പിച്ചത്രെ.. ഒന്നു വെള്ളത്തിൽ ചാടിയ കണ്ട് ഇത്രയും പേടിച്ചാൽ ഞങ്ങളുടെ ചെറുപ്പത്തിൽ ഒക്കെ ഞങ്ങളുടെ പ്രകടനം കണ്ടാൽ എത്ര പേടിക്കണം...
വീണ്ടും വീണ്ടും കിണ്ടി എന്ന് വിളിച്ചുള്ള ഹരാസ്മന്റ് താങ്ങാനാകാതെ അന്ന് ഞാൻ കരഞ്ഞുപോയി..കരച്ചിൽ കണ്ടതോടെ ആൾ ശാന്തനായി. പതിയെ എന്നെ ചേർത്തു പിടിച്ച് തല തുവർത്തിത്തന്നു. നേരത്തത്തെ അനുഭവം ഉള്ളതുകൊണ്ട് ഞാൻ അൽപം അകലം പാലിച്ചു. എന്നാലും ശ്രീദേവിച്ചേച്ചിയല്ല ഗംഗേച്ചിയാണ് മാടമ്പിള്ളിയിലെ യഥാർഥ മനോരോഗി എന്ന് ഡോക്ടർ പറഞ്ഞപ്പോ സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് എനിക്ക് ശരിക്കും കരച്ചിൽ വന്നു. എക്കാലത്തും വിജയിക്കുന്ന ഒരു ഫോർമുല. യഥാർഥ ഉദ്ദേശം പുറത്ത് വരാതിരിക്കാൻ ഒരു ഡമ്മിയെ അവതരിപ്പിക്കുക. പൊട്ടൻ, എനിക്കത് അന്ന് മനസ്സിലായുമില്ല. കൂടുതൽ കാര്യങ്ങൾ ഞാൻ അന്വേഷിക്കാതിരിക്കാൻ പുറത്തിറങ്ങിയാ തട്ടിപ്പോകും എന്നൊരു ഭീഷണിയും..
കാര്യം ഇപ്പഴത്തെ പിള്ളേർ ഒക്കെ സൈക്കിളിംഗ് എന്നൊക്കെ പറഞ്ഞ് അഞ്ഞൂറും ആയിരവും കിലോമീറ്ററുകൾ ഒക്കെ സൈക്കിൾ ചവിട്ടുന്നുണ്ട്. എന്നാലും പത്തിരുപത്തഞ്ച് കൊല്ലം മുൻപ് പഴയ ബി എസ് എ എസ് എൽ ആർ സൈക്കിളിൽ എഴുപത് കിലോമീറ്റർ ഒക്കെ ചവിട്ടിയേക്കാം എന്ന് അങ്ങേർ ആ സെന്റിമെന്റ്‌സ് മുതലെടുത്ത് എന്നെക്കൊണ്ട് സമ്മതിപ്പിച്ചു. ഒന്നാലോചിച്ചു നോക്കിയേ.. ബസ്സിൽ പോയാലോ ടാക്‌സി വിളിച്ചാലോ പിന്നീട് ജോർജുകുട്ടിയ്ക്ക് പറ്റിയ പോലെ ആരെങ്കിലും ടിക്കറ്റോ ബില്ലോ ഒക്കെയും കൊണ്ട് വന്നാലോ? അതല്ല നകുലേട്ടന്റെ മാരുതി എടുക്കാൻ ആണെങ്കിൽ അച്ഛനോ അമ്മാവനോ ആരെങ്കിലും അറിയുകയും ചെയ്യും. അല്ലിയുടെ സൈക്കിൾ എടുത്ത് പടിപ്പുര വരെ വന്നാ മതി ബാക്കി ഞാൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞപ്പോ ഞാൻ അറിയാതെ സമ്മതിച്ചും പോയി.
ഏവൂര് ഗംഗേച്ചിയുടെ തറവാട്ടിലും കോളേജിലും ഹോസ്റ്റലിലും എല്ലാം ഒരു വാച്ച്മാനെപ്പോലെ എന്നെ പുറത്ത് നിർത്തി അയാൾ ആരോടൊക്കെയോ എന്തൊക്കെയോ കാര്യങ്ങൾ സംസാരിച്ചു. വിശ്വാസയോഗ്യമായ ഒരു കഥ ഉണ്ടാക്കാനായിരുന്നിരിക്കണം. സത്യത്തിൽ അത്ര എഫർട്ട് ഒന്നും എടുക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. മഹാപ്രതാപിയായ തമ്പിയങ്ങുന്ന് എന്ന എന്റെ അച്ഛൻ അടക്കം പഞ്ചപാവങ്ങളായ ഞങ്ങൾക്ക് ആട്ടിൻകാട്ടം തന്ന് കൂർക്കക്കിഴങ്ങാണെന്ന് പറഞ്ഞാ വിശ്വസിക്കാനുള്ള ബോധമേ ഉണ്ടായിരുന്നുള്ളൂ..
എന്തിനും അച്ഛന് ഒരു രക്ഷ പുല്ലാറ്റുപുറം ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ആയിരുന്നു. പക്ഷെ അവിടെയും വിധി അച്ഛന് എതിരായിരുന്നു. തിരുമേനിയും ഈ കഥയിലെ ഒരു കഥാപാത്രം ആയിരുന്നു. ഡോക്ടർ സണ്ണിയുടെ നിർദേശം അനുസരിക്കലായിരുന്നു അദ്ദേഹത്തിന്റെ റോൾ. പണത്തിനു മീതെ ഒരു പുല്ലാറ്റുപുറവും പറക്കില്ലല്ലോ..
സണ്ണി പറഞ്ഞ പോലെ പ്ലാൻ അനുസരിച്ച് ദുർഗാഷ്ടമി വരെ കാക്കണം എന്ന് അങ്ങേരും അച്ഛനെ വിശ്വസിപ്പിച്ചു. എന്തൊക്കെയോ ഉച്ചാടനമോ ക്രിയയോ ഒക്കെ വേണം എന്ന് പറഞ്ഞ് തലേന്ന് തന്നെ ചാർത്തും തന്ന് ചന്തയിൽ വിട്ട് എന്നെക്കൊണ്ട് സാധനങ്ങൾ വാങ്ങിപ്പിച്ചു. എത്ര കടകളിൽ കയറിയാലും കിട്ടാൻ സാദ്ധ്യതയില്ലാത്ത കൊനഷ്ടു പിടിച്ച ഐറ്റംസ് വാങ്ങാൻ പറഞ്ഞ് എന്നെ അവിടെ നിന്ന് അകറ്റി എന്തൊക്കെയോ മരാമത്ത് പണി ചെയ്യാനുള്ള പരിപാടി ആയിരുന്നു. സാധാരണ ഒരു കളത്തിൽ ഇരുത്തി പ്രേതത്തെ ഒഴിപ്പിക്കുന്നതെല്ലാം നമ്മൾ കണ്ടിട്ടുണ്ട്. മാക്സിമം ഒരു ചൂരൽ അല്ലെ നമ്മൾ കണ്ടിട്ടുള്ളൂ... ക്രിയകൾ തുടങ്ങും നേരമാണ് പുല്ലാറ്റുപുറത്തിന്റെ കൈയിൽ ഒരു വാൾ ഞാൻ കണ്ടതു തന്നെ. പോരാത്തതിന് അല്ലിയെ ഇരുത്തി ചെറുപ്പത്തിൽ ഞാൻ വലിച്ചു കൊണ്ടു നടന്ന പലകയിൽ നകുലേട്ടനെ കിടത്തുകയും ചെയ്തിരിക്കുന്നു.
സത്യത്തിൽ എന്താ സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. പലകയുടെ ചക്രത്തിൽ അല്പം എണ്ണ കൊടുക്കേണ്ടതായിരുന്നു എന്നോർത്ത് ഞാൻ എല്ലാം ശ്രദ്ധിച്ചു നോക്കുന്നുണ്ടായിരുന്നു. അത് സണ്ണി ഡോക്ടർക്കും മനസ്സിലായി. അതുകൊണ്ടായിരിക്കണം, പുള്ളി എന്നോട് എന്തോ ചോദിയ്ക്കാൻ തുടങ്ങുന്ന പോലെ തോന്നി.
ഗംഗേച്ചിയുടെ കൈയിൽ വാൾ വന്നതും ഞങ്ങൾ ആകെ പേടിച്ചു. ഞങ്ങൾ പേടിച്ചു എന്ന് മനസ്സിലായതും ഡോക്ടർ ഒരു സിഗ്നൽ കൊടുത്തതും പുല്ലാറ്റുപുറം പൊടി എറിഞ്ഞതും വെട്ടലും ഒക്കെ കഴിഞ്ഞു.
വെടിയും പൊകയും ഒക്കെ കഴിഞ്ഞ് കള്ളബാധയെയും കാരണവരെയും തമിഴത്തിയെയും ഒക്കെ ഒഴിപ്പിച്ച് സിനിമയും പിടിച്ച് സണ്ണിയും നമ്പൂരിപ്പാടും ഒക്കെ പോയി. മൂന്നിന്റന്ന് ജെമിനി സ്റ്റുഡിയോക്കാർക്ക് മേടയും കരാറാക്കി, നകുലേട്ടനും ഗംഗേച്ചിയും കൽക്കട്ടയ്ക്കും പോയി.
അത്രയും കാലം മേടയെയും തറവാടിനെയും നോക്കി നടത്തിയ അച്ഛനും അച്ഛനെ മൂഞ്ചിച്ച് ജീവിച്ച ഉണ്ണിത്താനമ്മാവനും ഖുദാാ ഗവാ..
പിന്നീട് ഒരു വാശിയായിരുന്നു.. തറവാട് കുളത്തിന്റെ കട്ടിളയിൽ ഒളിപ്പിച്ച ദിനേശ് ബീഡിയിൽ ആയിരുന്നു തുടക്കം. മേട വിറ്റു പോയപ്പോൾ അല്ലിയിൽ നിന്ന് ഇനി കിട്ടപ്പോരൊന്നും ഇല്ല എന്ന് മനസ്സിലാക്കി ഗൾഫിൽ പോയ മഹാദേവൻ സാർ ലീവിന് വന്നപ്പോൾ കൊണ്ടു തന്ന റോത്മാൻസ് ആക്കി പിന്നീട്. അത് തീർന്നപ്പോൾ സിസേഴ്‌സ്, വിൽസ്, ചാർമിനാർ..അങ്ങനെയങ്ങനെ ചന്ദ്രമോഹൻ തമ്പി എന്ന ചന്തു എന്ന കിണ്ടി പുകഞ്ഞ് പുകഞ്ഞ് അങ്ങിനെ ഒരു തീവണ്ടിയായി....
Written by Rajeev Panicker
both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo