നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിരുന്നുകാർ I Short Story I Abin Mathew Koothattukulam


 ഒന്ന്
ഇന്നത്തെ ഈ ദിവസം മുതൽ പിന്നോട്ട് കണക്കുക്കൂട്ടിയെടുത്താൽ കൃത്യം അൻപത്തിയൊൻപതു ദിവസങ്ങൾക്കു മുൻപാണ് തികച്ചും അവശ്വസനീയമെന്നു തോന്നിയേക്കാവുന്ന ചില സംഭവങ്ങൾക്കു തുടക്കം കുറിയ്ക്കുന്നത്. എന്റെ പേര് വിഘ്‌നേശ് .കോട്ടയം ജില്ലയിലെ മോനപ്പിള്ളി എന്ന സ്ഥലത്തുള്ള മരിയൻ മെന്റൽ കെയർ സെന്ററിലെ സൈക്കിയാട്രിക് സോഷ്യൽ വർക്കറാണ് . ഒരുപക്ഷെ ഇത്തരം ഒരു ഉദ്യോഗപ്പേര് നിങ്ങൾ കേട്ടിട്ടുണ്ടാവില്ല . മാനസികാരോഗ്യ പ്രശ്നവുമായി ഹോസ്പിറ്റലിൽ എത്തുന്ന ഒരു വ്യക്തി ആദ്യം വരിക എന്നെ പോലുള്ള ആളുകളുടെ അടുത്തേക്കാണ് . ഞങ്ങൾ അവരിൽ നിന്നും വിശദമായി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും കേസ് ഫയൽ തയ്യാറാക്കുകയും ഏകദേശമൊരു ഡയഗ്നോസിസ് നടത്തുകയും ചെയ്യുന്നു . പിന്നീടാണ് ക്ലയന്റ് ഡോക്ടറെ നേരിട്ട് കാണുക . ഒരു കാര്യം പറയട്ടെ കഴിഞ്ഞ പതിനാറു വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ഒരു തവണ പോലും എന്റെ ഡയഗ്നോസിസ് തെറ്റി പോയിട്ടില്ല . അതുകൊണ്ടാണ് ചീഫ് ഡോക്ടർ സിറിയക് എന്നെ വിടാതെ പിടിച്ചിരിയ്ക്കുന്നത്. രോഗികളുടെ കണ്ണുകളിൽ നിന്നും ശരീര ചലനങ്ങളിൽ നിന്നും വളരെ പെട്ടെന്നു തന്നെ രോഗനിർണയം നടത്തുന്നതിന് ആവശ്യമായ വിവരങ്ങൾ ശേഖരിയ്ക്കുവാനും ഒരു ഫൈനൽ ഡയഗ്നോസിസിലേക്കു എത്തുവാനും എനിക്ക് കഴിഞ്ഞിരുന്നു .
മൂന്നു ദിവസങ്ങൾക്കു മുൻപ് വളരെ വ്യത്യസ്തമായ രോഗ ലക്ഷണങ്ങൾ കാണിക്കുന്ന ഒരു രോഗിയുമായി ഞാൻ പരിചയത്തിലായി . മുൻപ് ഒരിയ്ക്കലും ഞാൻ ഒരു രോഗിയുമായി ഇത്രയും അടത്തു ഇടപെഴുകുവോ സംസാരിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് സത്യം . അയാളുടെ പേര് വിത്സൺ എന്നായിരുന്നു . വിത്സൺ ഒറ്റയ്ക്കാണ് ഡോക്ടറെ കാണാൻ വന്നത് . അയാളുടെ പ്രശ്നം വളരെ അപൂർവവും രസകരവുമായിരുന്നു . മരണപ്പെട്ട ചിലർ അയാളെ സ്വപ്നങ്ങളിലൂടെ കാണാൻ വരികയും അവരുടെ ചില കാര്യങ്ങൾ പൂർത്തീകരിക്കാൻ അയാളുടെ സഹായം ചോദിക്കുകയും ചെയ്യുന്നു എന്നാണ് അയാൾ പറയുന്നത് . സ്കിസോഫീനിയ എന്ന രോഗത്തിന്റെ പല വശങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇത് വളരെ കൗതുകകരമായാണ് എനിക്ക് തോന്നിയത് . വളരെ ശക്തമായ പെർസിസ്റ്റന്റ് ഹാലൂസിനേഷൻസും ഇലൂഷൻസും കൊണ്ട് അത്രമേൽ കോംപ്ലക്സ് ആയൊരു കേസ് .മൂന്നു ദിവസം വിത്സന്റെ കൂടെ തന്നെ ആയിരുന്നു എന്ന് വേണം പറയാൻ . അയാളിൽ എവിടെയൊക്കെയോ എനിക്ക് നല്ല പരിചയമുള്ള ഏതോ ഒരു വ്യക്തിയുടെ മാനറിസം ഉള്ളതായി എനിക്ക് തോന്നിയിരുന്നു .മൂന്നു ദിവസത്തെ തുടർച്ചയായ ഡ്യൂട്ടിയ്ക്കു ശേഷം കിട്ടിയൊരു രാത്രി നന്നായൊന്നു ഉറങ്ങി തീർക്കാൻ തീരുമാനിച്ചാണ് അന്ന് ഞാൻ കിടന്നത്. നിർത്താതെ പെയ്ത മഴയുടെ കുളിരിൽ മൂടി പൊതിച്ചു സുഖമായി ഉറങ്ങി വരുമ്പോഴാണ് വളരെ പെട്ടെന്ന്, ഒരു നിമിഷത്തിന്റെ നാലിലൊന്നിന്റെ വേഗത്തിൽ അല്ലെങ്കിൽ രണ്ടിലകൾ ഒരുമിച്ചു ചേർത്ത് വെച്ച് ഒരു സൂചികൊണ്ട് കുത്തിയാൽ അതിൽ ആദ്യത്തെ ഇല മുറിയാൻ എടുക്കുന്ന അത്രയും സമയം കൊണ്ട് അവർ എന്റെ മുറിയിലേക്ക് കടന്നു വന്നത്.
'നിങ്ങൾക്കെന്നെ സഹായിക്കാൻ കഴിയുമോ ... " ഹൃദയം പിളർക്കുന്ന ഒരു നോട്ടം എന്റെ മുഖത്തേക്കെറിഞ്ഞിട്ടാണ് അവരതു ചോദിച്ചത് . അത്രയ്ക്ക് ദയനീയമായൊരു മുഖം ഞാൻ മുൻപെങ്ങും കണ്ടിട്ടില്ലായിരുന്നു . അവരുടെ തലമുടി നാരുകൾക്കു പഞ്ഞിക്കെട്ടിനെക്കാൾ വെളുപ്പ് നിറമായിരുന്നു . വെളുത്തു വിളറിയ മുഖത്ത് വലിയ കറുത്ത ഫ്രെമിട്ട കണ്ണടയ്ക്കുള്ളിൽ പിടയ്ക്കുന്ന രണ്ടു കണ്ണുകൾ എന്റെ മുഖത്തേയ്ക്കു ആഴത്തിൽ നോക്കി. ഞാനെന്റെ കണ്ണുകൾ വളരെ വേഗത്തിൽ അടയ്ക്കുകയും തുറയ്ക്കുകയും ചെയ്തു നോക്കി. അപ്പോഴും അവർ എന്റെ മുഖത്തേയ്ക്കു കുമ്പിട്ടു നോക്കിക്കൊണ്ടു ഞാൻ കിടന്നിരുന്ന കട്ടിലിന്റെ വലതു വശത്തോടു ചേർന്ന് നിന്നിരുന്നു. സംസാരിക്കുമ്പോഴും അല്ലാത്തപ്പോഴും അവരുടെ ശരീരം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു എന്ന കാര്യം എന്നിലെ മനഃശാസ്ത്ര വിദഗ്ദ്ധൻ കണ്ടു പിടിച്ചിരുന്നു.
" എന്റെ കുഞ്ഞുങ്ങൾ വിശപ്പ് കൊണ്ട് മരിച്ചു വീഴുന്നു ... എന്റെ കുഞ്ഞുങ്ങൾ വീടില്ലാതെ അലയുകയാണ് . പ്രാണഭയത്താലുള്ള അവരുടെ കരച്ചിൽ എന്റെ ഹൃദയം പിളർക്കുകയാണ് .. അവരെ രക്ഷിക്കാൻ ..എന്നെ സഹായിക്കാൻ നിങ്ങൾക്കാവുമോ .."
കണ്ണുകൾ ഞാൻ നന്നായൊന്നു ഇറുക്കിയടയ്ക്കുകയും മനസ്സിൽ തെറ്റാതെ പത്തുവരെ എണ്ണുകയും ചെയ്തു . കണ്ണുതുറന്നപ്പോൾ ഇന്നലെ ഉറങ്ങും മുൻപ് കിടന്ന അതേ മുറിയിൽ മാറ്റമൊന്നുമില്ലാതെ അകത്തു നിന്നും വാതിൽ കൊളുത്തിട്ട അതേ സ്ഥിതിയിൽ അപ്പോഴും ഞാൻ ഒറ്റയ്ക്കായിരുന്നു.നേരം വെളുത്തു തുടങ്ങിയെന്ന തിരിച്ചറിവിൽ കഴിഞ്ഞു പോയതൊക്കെയും വെറും സ്വപ്നമാണെന്ന ബോധ്യത്തിന്റെ പുറത്തു ഞാൻ മെല്ലെ എഴുന്നേറ്റിരുന്നു .പ്രഭാത കർമ്മങ്ങൾക്ക് ശേഷം കൈയിൽ ഒരു ചൂടുകാപ്പിയുമായി പത്രവുമായുള്ള സ്ഥിരം മല്പിടിത്തത്തിലേയ്ക്ക് കടന്നു .
" അമ്മാളുയമ്മാൾ ഓർമ്മയായിട്ട് ഒരു വർഷം " ഉൾപ്പേജിലെ ആ വാർത്തയിൽ എന്റെ കണ്ണുകൾ ഉടക്കി വലിച്ചു . നരച്ച പഞ്ഞി പോലത്തെ തലമുടിയും കറുത്ത വട്ടക്കണ്ണടയും മൂർച്ചയേറിയ കണ്ണുകളുമുള്ള മുഖം എന്റെ നേരെ നോക്കി പതിയെ പുഞ്ചിരിച്ചു . അവരുടെ നോട്ടം എന്റെ മുഖത്തേയ്ക്കു തന്നെയാണെന്ന തിരിച്ചറിവിൽ ഞാൻ വിറയ്ക്കാനും വിയർക്കാനും തുടങ്ങി .തലേ രാത്രിയിൽ കണ്ട സ്വപ്നമെന്റെ തലച്ചോറിലേക്ക് വീണ്ടും ഇരമ്പിക്കേറി വന്നു . അതെ അതു ഇവർ തന്നെയാണെന്ന് എനിക്ക് ഉറപ്പായിരുന്നു . മഴ പെയ്തു തോർന്ന മുറ്റത്തേയ്ക്ക് വെയിൽ വെട്ടം അപ്പോൾ ഒളിഞ്ഞു നോക്കാൻ തുടങ്ങിയിരുന്നു . ഇലകളിൽ തട്ടി പലതായിട്ടവർ ഭൂമിയെ തൊട്ടു വിളിച്ചുകൊണ്ടിരുന്നു .
അതേയിരുപ്പു എത്രനേരം തുടർന്നുവെന്നു എനിക്കോർമ്മയില്ല . എങ്കിലും അവിടെ നിന്നും എഴുന്നേൽക്കുമ്പോൾ ഒന്ന് ഞാൻ ഉറപ്പിച്ചിരുന്നു . അമ്മാളുയമ്മാൾ ആരാണെന്നു വെറുതെ എങ്കിലും ഒന്നറിയണം. ഇതിനു മുൻപ് ഒരിയ്ക്കൽ പോലും കണ്ടിട്ടില്ലാത്ത എന്റെ സ്വപ്നത്തിലേക്ക് അവർ കടന്നു വരണമെങ്കിൽ ഒരു കാരണമുണ്ടാകുമെന്നു എനിക്ക് വെറുതെ തോന്നി. വിത്സൺ എന്ന രോഗിയുടെ സാമീപ്യമാണോ എന്നെ ആ അവസ്ഥയിൽ എത്തിച്ചതെന്ന് എനിക്കുറപ്പില്ലായിരുന്നു . ഒരുപക്ഷെ എല്ലാം ഒരു തോന്നൽ മാത്രമായിരിക്കാം . വെറുമൊരു സാധാരണ സ്വപ്നത്തിനപ്പുറം മറ്റൊന്നും സംഭവിക്കാതെ അമ്മാളുയമ്മാൾ മാഞ്ഞു പോകാം. പക്ഷെ നാടോ വീടോ അറിയാത്ത എവിടെയോ കേട്ടുമാത്രം പരിചയമുള്ള അമ്മാളുയമ്മാൾ എന്ന എഴുത്തുകാരി എങ്ങനെയാണു ഇവിടെ എന്നെത്തിരഞ്ഞു എന്റെ സ്വപ്നത്തിലൂടെ ഈ മുറിയിൽ എത്തിയതെന്ന് അറിയാൻ വല്ലാത്തൊരാഗ്രഹം.
രണ്ട്.
ഉള്ളിലൊരു ചൂണ്ടക്കൊളുത്തു കൊത്തി വലിക്കുന്ന പോലെയുള്ള ചില ചോദ്യങ്ങൾക്കു ഉത്തരം തേടിയാണ് ഡോക്ടർ സിറിയക്കിനെ കാണാൻ തീരുമാനിച്ചത് . സൈക്കിയാട്രിക് മെഡിസിനിൽ ബിരുദാനന്ത ബിരുദം ഉണ്ടെങ്കിലും ആളിപ്പോൾ പാരാസൈക്കോളജിയിൽ എന്തോ ഗവേഷണം കൂടി ചെയ്യുന്നുണ്ടെന്ന് ഇടയ്ക്കു എപ്പോഴോ പറഞ്ഞിരുന്നു . ആളൊരു അരകിറുക്കനാണെങ്കിലും ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാൻ പറ്റിയ വ്യക്തിയാണ് .
വിഘ്‌നേശ് .. നിങ്ങൾ കരുതും പോലെ അത്യപൂർമായ ഒരു കാര്യമല്ല ഇപ്പോൾ നിങ്ങൾക്ക് സംഭവിച്ചിരിക്കുന്നത് . നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ അബോധ മനസ്സ് ശ്രദ്ധിച്ചു വെച്ചിരിക്കുന്ന ചില കാര്യങ്ങൾ സ്വപ്നങ്ങളിലൂടെ ഇങ്ങനെ പുറത്തേയ്ക്കു വരാറുണ്ടെന്നു നിങ്ങൾക്കറിയാമല്ലോ . അത് നമ്മുടെയൊക്കെ മനസ്സിന്റെ ഒരു വല്ലാത്ത കളിയാണ് . നിങ്ങളുടെ ബോധമനസ്സ് ശ്രദ്ധിക്കാത്ത പലതും അബോധമനസ്സ് ശ്രദ്ധിക്കുന്നുണ്ട് .ചിലപ്പോഴൊക്കെ ഇത്തരം സ്വപ്‌നങ്ങൾ ഭയങ്കര ഉപകാരിയാണ് , ആനപ്പുറത്തു കേറാൻ പേടിയുള്ളവരെ ആനപ്പുറത്തു കയറ്റി കിലോമീറ്ററുകൾ കൊണ്ടുപോകും , വിമാനത്തിൽ കയറാൻ പേടിയുള്ളവരെ വിമാനത്തിൽ കയറ്റും , കപ്പൽ പേടിക്കുന്നവരെ കടൽ യാത്രയ്ക്ക് കൂട്ടിക്കൊണ്ടു പോകും .അങ്ങനെ നടക്കില്ല എന്ന് നമ്മൾ ധരിച്ചു വെച്ചിരിക്കുന്ന പലതും സ്വപ്നങ്ങളിലൂടെ സാക്ഷാത്കരിച്ചു തരും ഈ അബോധമനസ്സ് .. നമ്മൾ ബോധമനസ്സിൽ കാണാത്തതും ചിന്തിക്കാത്തതും വരെ അബോധമനസ്സിനു അറിയാനും മനസ്സിലാക്കാനും സാധിക്കുന്നു.ഇതൊന്നും നിങ്ങളോടു ഞാൻ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ വിഘ്‌നേശ് .
ഒന്നെങ്കിൽ നിങ്ങൾ എവിടെയോ വായിച്ചതു അല്ലെങ്കിൽ കേട്ടത് ...അന്നൊരുപക്ഷെ ശ്രദ്ധിക്കാതെ പോയ ഒന്നാകാം ..ഈ അമ്മാളുയമ്മാൾ ...."
സിറിയിക്കിന്റെ കണ്ണുകൾ എന്റെ മുഖത്ത് നിന്നും തെന്നി നീങ്ങി നീല വിരിയിട്ട ജനാലയുടെ പുറംകാഴ്ചകളിലേക്കു സഞ്ചരിക്കാൻ തുടങ്ങി .
"ഡോക്ടർ ഇതെല്ലാം എനിക്കും അറിയാവുന്ന കാര്യങ്ങളാണ് പക്ഷെ എനിക്കറിയേണ്ടത് ഇത്തരം കാര്യങ്ങൾക്കു നമ്മൾ പഠിച്ച ശാസ്ത്രത്തിനു അപ്പുറം മറ്റൊരു പക്ഷം ഉണ്ടോ എന്നാണ്? '
പ്രൊഫസറുടെ മുഖഭാവം മാറുന്നതും പതിവിനു വ്യത്യസ്തമായി ഒരു ഗൗരവ സ്വഭാവം കൈവരുന്നതും ഞാൻ മനസ്സിലാക്കി ...
"അതല്ല എങ്കിൽ , അമ്മാളുയമ്മാളുടെ ആത്മാവ് , നിങ്ങളോടു എന്തോ പറയാൻ ആഗ്രഹിക്കുന്നു ..."
എനിക്ക് എന്തോ അത്തരമൊരു വാദത്തെ അംഗീകരിക്കാൻ അപ്പോൾ തോന്നിയില്ല.
" ഒരു വർഷം മുൻപ് മരണപ്പെട്ട ഒരു വ്യക്തി അവരുമായി യാതൊരു ബന്ധവുമില്ലാത്ത എന്നോട് എന്ത് പറയാനാണ് ...." ഞാൻ കൈകൾ കൂട്ടി തിരുമ്മകയും തല വെട്ടിക്കുകയും ചെയ്തു .
"വിഘ്‌നേശ് .. ആത്മാക്കൾ എല്ലായിടത്തുമുണ്ട് , നമുക്കിടയിൽ പോലുമിപ്പോൾ ഉണ്ടാകാം . എന്നാൽ അവർക്കു എല്ലാവരോടും കമ്മ്യൂണികേറ്റ് ചെയ്യാൻ കഴിയില്ല എന്ന് മാത്രം . ഒരേ ഫ്രീക്വൻസിയിൽ വരുന്നവരോട് അവർക്കു സംസാരിക്കാൻ കഴിയും . ഒരുപക്ഷെ നിങ്ങളുമായി അത് ഒത്തു വന്നതാകാം ...."
സിറിയക് പറഞ്ഞു നിർത്തി .
"അമ്മാളുയമ്മാൾ ചില്ലറ ആളല്ല .. ഒരു നാടിന്റെ മുഴുവൻ സ്വകാര്യ അഭിമാനമാണ് . പാലക്കാട് പട്ടാമ്പിയുടെ അപ്പുറത്തു കുമാരമംഗലത്തു നിന്നും നിങ്ങളെ അന്വേഷിച്ചു ഈ കോട്ടയം വരെ അവരെത്തിയെങ്കിൽ ... എന്തോ ഒന്ന് പ്രതീക്ഷിച്ചു തന്നെയാകാം . "
പുറത്തേയ്ക്കു ഇറങ്ങും മുൻപേ ഞാൻ ഒന്ന് തിരിഞ്ഞു നിന്നു.
"സർ വിത്സന്റെ കാര്യം ..." ഡോക്ടറിന്റെ കണ്ണുകൾ ചെറുതാകുന്നതും നെറ്റിയിൽ ചുളിവുകൾ വീഴുന്നതും ഞാൻ കണ്ടു .
"കുറച്ചു പ്രശ്നമാണ് .. എങ്കിലും നമുക്ക് ശരിയാക്കാം ... താൻ ചെല്ലൂ .."
തലയാട്ടിക്കൊണ്ടു പുറത്തേയ്ക്കു ഇറങ്ങുമ്പോൾ വിത്സനെ ഒന്ന് കാണാം എന്ന് മനസ്സ് പറഞ്ഞെങ്കിലും അതു പാടെ അവഗണിച്ചു കൊണ്ട് ഞാൻ പുറത്തേയ്ക്കിറങ്ങി .
മൂന്ന്
തിരിച്ചു റൂമിലേയ്ക്ക് പോരും മുൻപേ പോകാൻ തോന്നിയത് ടൗണിലെ വായനശാലയിലേക്കാണ് . വർഷങ്ങൾക്കു മുൻപേ എടുത്ത മെമ്പർഷിപ്പു അതുവരെയുള്ള മാസവരി കുടിശിക അടച്ചു പുതുക്കി . അമ്മാളുയമ്മാളുടെ രണ്ടു പുസ്തകങ്ങളുമായാണ് അവിടെന്നു ഇറങ്ങിയത് . ഒരു കവിതാസമാഹാരവും ഒരു കഥാസമാഹാരവും . അവകാശികൾ എന്നാണ് ഒന്നിന്റെ തലക്കെട്ട് മറ്റൊന്ന് വിലാപഗീതം . തിരികെ റൂമിലെത്തി ലാപ്ടോപ് ഓൺ ചെയ്തു . ഗൂഗിൾ സേർച്ച് എൻജിനിൽ അമ്മാളുയമ്മാൾ എന്ന് ഇംഗ്ളീഷിൽ ടൈപ്പ് ചെയ്തു കാത്തിരുന്നു . വിക്കിപീഡിയയിൽ തെളിഞ്ഞു വന്ന ജീവ ചരിത്രത്തിലേക്ക് കണ്ണും മനസ്സും തുറന്നു വെച്ചു.
അമ്മാളുയമ്മാൾ വെറുമൊരു കവയത്രി മാത്രമല്ലെന്ന് വളരെ കുറച്ചു സമയത്തിനുള്ളിൽ തന്നെ ഞാൻ മനസ്സിലാക്കി . കുമാരമംഗലം എന്ന കൊച്ചു ഗ്രാമത്തിന്റെ സാംസ്ക്കാരിക വളർച്ചയ്ക്ക് നേതൃത്വം കൊടുത്ത ഒരു ഒരു ധീരവനിത കൂടെയായിരുന്നു അമ്മാളുയമ്മാൾ . കുമാരമംഗലത്തു നിന്നും ആദ്യമായി വിദേശത്തു പോയി പഠിച്ച അമ്മാളുയമ്മാൾ തിരികെയെത്തിയത് മറ്റൊരു വ്യക്തിയായിട്ടായിരുന്നു . വിദേശത്തെ ഏകദേശം പത്തു വർഷത്തെ ജീവിതം അവരെ മറ്റൊരു വ്യക്തിയാക്കിയിരുന്നു . സ്വന്തം അച്ഛന്റെയും അമ്മയുടെയും മരണ സമയത്തു പോലും വരാൻ കഴിയാത്തത്ര തിരക്കിലായിപ്പോയ മകളെ ആദ്യകാലങ്ങളിൽ നാട്ടുകാർ പോലും വെറുത്തിരുന്നു . ആ വെറുപ്പിൽ നിന്നും അവരെങ്ങനെയാണ് ആ നാട്ടുകാരുടെ സ്വന്തം അമ്മാളുയമ്മയായതു .എന്നത് സിനിമയെ പോലും വെല്ലുന്ന കഥയായിരുന്നു .
നാട്ടിലെ പ്രമാണിയായ രാധാകൃഷ്ണ കൈമളുടെ ഒരേയൊരു മകൾ . യഥാർത്ഥ പേര് സുജാത . വീട്ടിൽ വിളിച്ചിരുന്ന പേരാണ് അമ്മാളു എന്നത്. ഇരുപത്തിരണ്ടാം വയസ്സിൽ അലോപ്പതിയിൽ ഡോക്ടറേറ്റ് എടുക്കാൻ അച്ഛനാണ് മകളെ അമേരിക്കയിലേക്ക് പറഞ്ഞയച്ചത് . പിന്നെ അവർ നാട്ടിലെത്തുന്നത് പത്തുവർഷങ്ങൾക്കു ശേഷം അവരുടെ മുപ്പത്തിരണ്ടാം വയസ്സിലാണ് . അവിടെ കുറച്ചുനാൾ ജയിലിൽ കിടന്നിട്ടുണ്ട് എന്ന് ചില വാർത്തകൾ ഉണ്ടെങ്കിലും അമ്മാളുയമ്മാൾ അതു നിഷേധിച്ചിട്ടോ സമ്മതിച്ചിട്ടോയില്ല. നീണ്ട കറുത്ത മുടി വെട്ടി കഴുത്തോളമാക്കി . വലിയ കണ്ണട വെച്ചു . നീളൻ കൈയുള്ള ബ്ലൗസും കോട്ടൺ സാരിയുമുടുത്തു പ്രൗഢിയോടെ നടന്നു വരുന്ന അവരെക്കണ്ടാൽ ഏതൊരാൾക്കും ബഹുമാനം തോന്നിപ്പോകും. .നാട്ടിലെത്തിയതിൽ പിന്നെ അവർ മറ്റൊരു സ്ത്രീയാകുകയായിരുന്നു. രാവിലെയും വൈകുന്നേരവും അവർ ഒറ്റയ്ക്ക് കിലോമീറ്ററോളം നടന്നു . കുമാരമംഗലത്തിന്റെ നാലതിരുകൾക്കുള്ളിൽ അമ്മാളുയമ്മാളുടെ കാലടി പതിയാത്ത ഒരിഞ്ചു സ്ഥലം പോലുമില്ല എന്നതായിരുന്നു സത്യം . ഓരോ നടപ്പിലും അവർ നാടിനെയും നാട് അവരേയുമറിഞ്ഞു. ജാതിയോ മതമോ പദവിയോ നോക്കാതെ അവർ എല്ലാവരോടും സംസാരിച്ചു . ആലിംഗനം ചെയ്തു . കവിളുകളിൽ ചുംബിച്ചു . സഹായം അഭ്യർത്ഥിച്ചു വരുന്നവരെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു . വൈകുന്നേരങ്ങളിൽ അങ്ങാടിയിലെ ചായക്കടകളിൽ മാറി മാറി കയറി വെടിവട്ടങ്ങളിൽ പങ്കു ചേർന്നു. അങ്ങനെ കുമാരമംഗലത്തെ അവർ സ്വന്തമാക്കി മാറ്റുകയായിരുന്നു . കുമാരമംഗലത്തെ ഓരോരുത്തർക്കും അവർ അവരുടെ സ്വന്തം അമ്മാളുയമ്മയായി . കുമാരമംഗലത്തെ വിശേഷങ്ങൾ കഥകളും കവിതകളുമായി . ചായക്കടക്കാരൻ കുട്ടൻ പിള്ള മുതൽ തെങ്ങു കയറ്റക്കാരൻ സതീശനും റേഷൻ കട ബാലനും താറാവ് ജോയിയും കള്ളുകച്ചവടക്കാൻ ഷാജിയും മുറുക്കാൻകട നാണിയും റംലത്തും സുഹറയും മേരിയും ലക്ഷ്മിയുമൊക്കെ അമ്മാളുയമ്മാളുടെ കഥകളിലെ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളായി . കുമാരമംഗലത്തെ കുടിവെള്ള പ്രശ്നങ്ങളും ചില അനധികൃത അധിനിവേശങ്ങളും അവരുടെ കഥകളിലൂടെ പുറംലോകം അറിയുകയും അതിനൊക്കെയും പരിഹാരം കാണുകയും ചെയ്തു. സ്ത്രീകൾക്ക് വേണ്ടി അവർ തുടങ്ങിയ തയ്യൽ യൂണിറ്റും അച്ചാറ് കമ്പനിയുമൊക്കെ നാട്ടിലെ സ്ത്രീകളെ സ്വയംപര്യാപ്തരാക്കാൻ പോന്നവയായിരുന്നു . അങ്ങനെ അമ്മാളുയമ്മാൾ അന്നാട്ടിലെ ആളുകളുടെ മനസ്സിൽ ഒരു വലിയ വൃക്ഷമായി വേര് പിടിച്ചു കിടന്നു. .
ആരോ വഴിയിൽ ഉപേക്ഷിച്ചു പോയ നാല് നായ്ക്കുട്ടികളെ ഏറ്റെടുത്തതോടെയാണ് അമ്മാളുയമ്മാൾ വീണ്ടും ജനശ്രദ്ധ പിടിച്ചു പറ്റുന്നത് . നാല് നായ്ക്കുട്ടികളിൽ നിന്നും അവരുടെ വീട് പൂച്ചക്കുട്ടികളുടെയും അണ്ണാറക്കണ്ണന്മാരുടെയും എണ്ണമില്ലാത്ത അത്രയും പക്ഷികളുടെയും ഗൃഹമായി മാറുകയായിരുന്നു . വീടിനു ചുറ്റും വളർന്നു നിന്നിരുന്ന വൃക്ഷങ്ങളിൽ അവർ കിളികൾക്കായി കൂടും ഭക്ഷണവും വെള്ളവും ഒരുക്കി വെച്ചു. അങ്ങനെ അവർ സകല ജീവജാലങ്ങളുടെയും അമ്മയായി .
വായനക്കിടയിൽ തന്നെ ഞാൻ ഉറങ്ങി പോയി എന്നു തന്നെയാണ് എന്റെ ഓർമ്മ . ഗാഢമായ നിദ്രയിൽ നിന്നും വീണ്ടും ആ ശബ്ദം എന്നെ വിളിച്ചുണർത്തി .
" എന്റെ ഭൂമി അവർ ഭാഗം വെയ്ക്കുകയാണ് . എന്റെ മക്കളെ അവർ ഇറക്കി വിടും . അവർ അനാഥരാകും . മോനെ .. ഞാൻ എല്ലാ എഴുതി വെച്ചിട്ടുണ്ട് .. മോനത് കോടതിയിൽ എത്തിക്കണം ... " അവർ കരയുകയായിരുന്നു .."
അന്നും ഞാൻ നേരത്തെ എഴുന്നേറ്റു . മനസ്സും ചിന്തയും അമ്മാളുയമ്മാളുടെ ജീവചരിത്രത്തിൽ ഉടക്കി കിടന്നിരുന്നു . അത്രമേൽ പ്രൗഢമായ ആ മുഖത്തെ ദൈന്യഭാവം എന്നെ ആകെ ഉലച്ചു കളഞ്ഞിരുന്നു എന്നതാണ് സത്യം. ഒരാളുടെ മരണ ശേഷം എത്രപെട്ടെന്നാണ് കാര്യങ്ങൾ മാറി മറിയുന്നതെന്നു ഞാൻ പിന്നെയും ആലോചിച്ചു കൊണ്ടിരുന്നു . ജീവിച്ചിരുന്നപ്പോൾ ഓരോരുത്തരും പൊന്നുപോലെ സൂക്ഷിച്ചിരുന്ന പലതും മരണശേഷം ആരൊക്കയോ കൈവശമാക്കുന്നു . മുറികൾ അലമാരകൾ പെരുമാറിയിരുന്ന വസ്തുക്കൾ എല്ലാം ആരെല്ലാമോ ഉപയോഗിക്കുന്നു .സ്ഥിരമായി നനയ്ക്കാറുണ്ടായിരുന്ന പൂച്ചെടികൾ നനയ്ക്കാൻ ആളില്ലാതെയാകുന്നു . ഓമനിച്ചു വളർത്തിയ വളർത്തു മൃഗങ്ങളെ ഒരുപക്ഷെ പടിയിറക്കി വിടാം . അടുക്കി വെച്ചിരുന്ന പുസ്തകങ്ങളും അലമാരകളും ആകെ അലങ്കോലമാകാം . മരണമെന്നത് മനസ്സിനെയാകെ അസ്വസ്ഥമാക്കുന്ന ഒരു അവസ്ഥയാണെന്ന് ഞാൻ മനസ്സിലാക്കി . മരണമെന്നാൽ സ്വയമൊരു നഷ്ടപ്പെടലാണ് , സ്വയം ഇല്ലാതെയാകുന്നതിനൊപ്പം പ്രിയപ്പെട്ടതും സ്നേഹിച്ചതും കാത്തു വെച്ചതും സൂക്ഷിച്ചതുമൊക്കെ അനാഥമാക്കുന്ന അലങ്കോലമാക്കുന്ന ഒരു വല്ലാത്ത കുഴപ്പം പിടിച്ച അവസ്ഥ . ഒരുപക്ഷെ ഇത്തരം ചിന്തകളാകാം വിത്സന്റെ രോഗത്തിന് കാരണമെന്നും എനിക്ക് തോന്നി. എനിക്ക് അമ്മാളുയമ്മാളോട് വല്ലാത്ത സഹതാപം തോന്നുകയും ഞാൻ കുമാരമംഗലത്തേയ്ക്കു യാത്ര തിരിയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു .
നാല്.
ഒരു ഗ്രാമത്തിന്റെ എല്ലാ വിശുദ്ധിയും നിറഞ്ഞു നിൽക്കുന്ന ഒരു കൊച്ചു നാട് , അതായിരുന്നു കുമാരമംഗലം . നഗരത്തിന്റെ ബഹളങ്ങളോ വലിയ തിരക്കുകളോ ഇല്ലാതെ മഞ്ഞിലും മഴയിലും പുഴയിലുമൊക്കെ മുങ്ങി കിടക്കുന്നത് പോലെ ഒരിടം . അമ്മാളുയമ്മാളെ അറിയാത്ത ഒരാള് പോലും ആ ഗ്രാമത്തിൽ ഇല്ലായിരുന്നു. കൊച്ചുകുട്ടികളും വൃദ്ധരും യുവാക്കളും സഹിതം എല്ലാവരും ഒരേപോലെ സ്നേഹിച്ചിരുന്ന ബഹുമാനിച്ചിരുന്ന ഒരു വ്യക്തിത്വം അതായിരുന്നു അമ്മാളുയമ്മാൾ. മരണത്തിനു ശേഷവും ബഹുമാനിക്കപ്പെടുക സ്നേഹിക്കപ്പെടുക എന്ന് പറയുന്നത് ഒരു വലിയ ബഹുമതി തന്നെയാണ് .
കേട്ടറിഞ്ഞതും അന്വേഷിച്ചറിഞ്ഞതും സ്വപ്നത്തിൽ കണ്ടതുമൊക്കെ അവശ്വസനീയങ്ങളായ സത്യങ്ങളായിരുന്നു . അമ്മാളുയമ്മാളുടെ മരണശേഷം അവരുടെ അകന്ന ബന്ധത്തിൽ പെട്ട ആരൊക്കയോ ചേർന്ന് വീട് കൈയ്യടക്കി വെച്ചിരിക്കുന്നു . വീടിന്റെ ചുറ്റുമുള്ള മരങ്ങൾ മുറിയ്ക്കുന്നതിനുള്ള ലേലം നടക്കുന്നു. അനാഥമാക്കപ്പെട്ട അനേകം പക്ഷി മൃഗാദികൾ വീടിനു ചുറ്റും അസ്വസ്ഥതയോടെ കരഞ്ഞു കൊണ്ട് നടക്കുന്നു . നാട്ടുകാരിൽ ഒരു വലിയ ഭാഗം ആളുകൾ അകലെ നിന്നും മൂക്കത്തു വിരൽ വെച്ചുകൊണ്ട് ഈ കാഴ്ച കാണുന്നു . അനാഥമാക്കപ്പെട്ട സ്വപ്നങ്ങളും പ്രതീക്ഷകളും കൂടിയാണ് മരണമെന്നെനിക്കു അപ്പോൾ തോന്നി . .
പിന്നീട് പലപ്പോഴായി അമ്മാളുയമ്മാൾ എന്റെ സ്വപ്നത്തിൽ വരുകയും അവരുടെ നിർദേശങ്ങൾ അനുസരിച്ചു ഞാൻ കോടതിയെ സമീപിക്കുകയും അവർ എഴുതി വെച്ച വിൽപത്ര പ്രകാരം അവരുടെ സ്വത്തുകൾ ഏഴു പേരടങ്ങുന്ന ഒരു ട്രസ്റ്റിന് കൈമാറുകയും യാതൊരു വിധത്തിലുമുള്ള മാറ്റങ്ങളും വരുത്താതെ അമ്മാളുയമ്മാളുടെ പേരിലുള്ള ഒരു സ്മാരകമായി അവരുടെ വീടും ചുറ്റുപാടുകളും മാറുകയും ചെയ്തു .അവരുടെ മക്കളെ പോലെ അവർ സ്നേഹിച്ചിരുന്ന എല്ലാ പക്ഷികൾക്കും മൃഗങ്ങൾക്കും അവരുടെ ആവാസസ്ഥലം തിരിച്ചു കിട്ടി . ഇപ്പോൾ അമ്മാളുയമ്മാൾ എന്നെ തിരക്കി വരാറില്ല . അവസാനമായി വന്നപ്പോൾ നെറുകയിൽ നൽകിയ ചുംബനത്തിന്റെ ചൂട് ഇപ്പോഴും അതുപോലെ തന്നെ നിൽക്കുന്നുണ്ട് .
രണ്ടു മാസത്തെ നിരന്തരമായ യാത്രകളും തിരക്ക് പിടിച്ച ജോലിയും കാരണം ശരീരവും മനസ്സും വല്ലാതെ ക്ഷീണിച്ചിരിക്കുന്നു . ഇന്നെങ്കിലും സ്വസ്ഥമായൊന്നുറങ്ങണം .
വിഘ്‌നേശ്.
ഡോക്ടർ എന്തിനാണ് എന്നോട് ഇത്തരം ഒരു കുറിപ്പ് തയ്യാറാക്കാൻ പറഞ്ഞതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല . കുറിപ്പിന്റെ താഴെ പലവട്ടം വെട്ടിയെഴുതിയ പേര് വിത്സൺ എന്നാണെന്നു മനസ്സിലായപ്പോൾ എനിക്കെന്തോ വല്ലാത്ത പേടി തോന്നി . നാല് തവണ വിത്സൺ എന്നെഴുതി വെട്ടിക്കളഞ്ഞതിനു ശേഷമാണു ഞാൻ വിഘ്‌നേശ് എന്ന് എഴുതിയിരിക്കുന്നത് . സ്വന്തം പേര് വരെ മാറ്റിയെഴുതാൻ തക്ക മാനസിക അടുപ്പം ഞാനും വിത്സണും തമ്മിലുണ്ടോ എന്നെനിക്കു അതിശയം തോന്നി . തനിക്കും വിത്സണും ഇടയിൽ ഒരു റിവേഴ്‌സ് റിപ്പോർട് ബിൽഡ് ചെയ്യുന്നുണ്ടെന്നും ഇനി വിൽസണുമായി അധികം സംസാരത്തിനു പോകരുതെന്നും എന്റെ മനസ്സ് വിലക്കി . എല്ലാ ആശയക്കുഴപ്പങ്ങൾക്കും ഒരു തീരുമാനമാകുന്നതിനു മുൻപേ ഡോക്ടർ സിറിയക് റൂമിലേയ്ക്ക് കയറി വന്നു .
എന്ത് പറയുന്നു വിഘ്‌നേശ് സുഖമല്ലേ ... ? തന്റെ തിരക്കുകളെല്ലാം കഴിഞ്ഞോ ..? ഡോക്ടറുടെ മുഖത്ത് പതിവ് ചിരിയ്ക്ക് എന്തോ ഒരു അസ്വാഭാവികത ഉള്ളത് പോലെ എനിക്ക് തോന്നി.
" കഴിഞ്ഞു ഡോക്ടർ ..പക്ഷെ ഒരു ദിവസം ലീവ് വേണം . വല്ലാത്ത തലവേദനയും ക്ഷീണവും ..നന്നായി ഒന്നുറങ്ങണം ... "
അതിനെന്താ താൻ ലീവെടുത്തോടോ ... " ഡോക്ടർ എന്റെ തോളത്തു മൃദുവായി തട്ടി.
"വിത്സനോട് ഞാൻ ഒരു കുറിപ്പെഴുതാൻ പറഞ്ഞിരുന്നു , "
കൈയ്യിലിരുന്ന എഴുതി തീർത്ത കുറിപ്പ് ഞാൻ ഡോക്ടർ സിറിയക്കിനു കൈമാറി . ഒട്ടും ധൃതി കൂട്ടാതെ സാവകാശം ഡോക്ടർ ആ കുറിപ്പ് വായിക്കാൻ തുടങ്ങി . എന്റെ കണ്ണുകളപ്പോൾ ഡോക്ടറുടെ നീല കുമ്മായത്തിൽ ഉടക്കി കിടക്കുകയും പോക്കറ്റിൽ ചെറിയ നീല അക്ഷരങ്ങൾ തുന്നി പിടിപ്പിച്ച ഡോക്ടർ സിറിയക്ക് ചീഫ് സൈക്കിയാട്രിസ്റ് എന്ന ലേബൽ പലവട്ടം വായിക്കുകയും ചെയ്തു . വായനയ്ക്ക് ശേഷം ഡോക്ടർ അത്ഭുതത്തോടെ എന്നെ നോക്കി .
"വിത്സന്റെ രോഗം മാറുമോ ഡോക്ടർ ... എനിക്കെന്തോ അയാളോട് വല്ലാത്തൊരുടപ്പം തോന്നുന്നു . "
ഞാൻ ഡോക്ടറെ പ്രതീക്ഷയോടെ നോക്കി .
മാറ്റാം വിഘ്‌നേശ് .. പക്ഷെ വിത്സൺ ഇപ്പോൾ മറ്റൊരു വ്യക്തിയുടെ മുഖം മൂടിയ്ക്കുള്ളിൽ മറഞ്ഞിരിക്കുകയാണ് . അതായതു രോഗവും രോഗിയും ഇവിടെ രണ്ടായി നിൽക്കുകയാണ് . അത് മാറിയാലേ നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റൂ ...
"മനസ്സിലായില്ല ഡോക്ടർ .. എൻ്റെ അറിവിൽ വിൽസൺ തൻ്റെ രോഗത്തെ പറ്റി പൂർണ ബോധ്യവാനാണ് ."..ഞാൻ സംശയത്തോടെ ഡോക്ടറെ നോക്കി .
ഡോക്ടർ എന്റെ അടുത്തേയ്ക്കു കൂടുതൽ ചേർന്നു നിൽക്കുകയും വളരെ സാവകാശമുള്ള ശരീര ചലനങ്ങളോടെ എന്റെ കണ്ണുകളിലേക്കു ചാട്ടുളി പോലെ നോട്ടമെറിയുകയും ചെയ്തു .
"അതെ വിഘ്‌നേശ് ..വിത്സണ് തന്റെ രോഗത്തെ പറ്റി വ്യക്തമായ ധാരണയുണ്ട് .. പക്ഷെ ആ വിൽസൺ ....നീ തന്നെയാണ് വിഘ്‌നേശ് . വിൽസൺ എന്നൊരു രോഗി എന്നെ കാണാൻ വന്നു എന്നുള്ളത് നേരാണ് . പക്ഷെ ഒരു ചെറിയ കൗൺസിലിംഗിലൂടെ അയാളുടെ രോഗം മാറുകയും ചെയ്തു . ഇപ്പോൾ വിൽസൺ എന്ന പേരിൽ താൻ കാണുന്നതും താൻ എക്സ്പീരിയൻസ് ചെയ്യുന്നതും എല്ലാം തന്റെ അനുഭവങ്ങളാണ് . ഇവിടെ എനിക്ക് വിൽസൺ എന്നൊരു രോഗിയില്ല . എന്റെ സ്റ്റാഫ് ആയിരുന്ന താൻ തന്നെയാണ് ഇപ്പോൾ ആ അവസ്ഥയിലുള്ളത് ..."
എനിക്കെന്തോ ഡോക്ടർ തമാശ പറയുന്നത് പോലെയാണ് തോന്നിയത്. ഡോക്ടർ സിറിയക് പലപ്പോഴും പറയുന്ന കാര്യങ്ങൾ തമാശയാണോ സീരിയസാണോ എന്ന് വേർതിരിച്ചെടുക്കാൻ തന്നെ പ്രയാസമാണ് . ഞങ്ങൾ രഹസ്യമായി അദ്ദേഹത്തെ സൈക്കോ ഡോകട്ർ എന്നും വിളിക്കാറുണ്ട് .
"വിഘ്‌നേശ് ..താൻ വിശ്രമിക്കൂ .. ഞാൻ നാളെ വരാം . "
ഡോക്ടർ പുറത്തേയ്ക്കു ഇറങ്ങിയപ്പോഴാണ് വിൽസൺ കിടന്നിരുന്ന അതേ മുറിയിലാണ് താനിപ്പോൾ ഉള്ളതെന്ന് എനിക്ക് മനസ്സിലായത് . എന്റെ വസ്ത്രം കടുത്ത നീല നിറത്തിലുള്ള പാന്റ്സും ഷർട്ടുമായിരുന്നു . അത് ഞങ്ങളുടെ ആശുപത്രിയിലെ ഇന്മേറ്സിന്റെ യൂണിഫോമായിരുന്നു . തലയ്ക്കുള്ളിൽ വല്ലാത്തൊരു സ്ഫോടനം നടക്കുന്നത് പോലെ എനിക്ക് തോന്നി . എനിക്കറിയാം മനസ്സിന്റെ തുലനാവസ്ഥ എന്ന് പറയുന്നത് നേർത്തൊരു നൂലിനേക്കാൾ ലോലമാണെന്ന് .വളരെ ചുരുങ്ങിയ സമയം മതി താളം തെറ്റാൻ .
ചിതറി കിടന്നിരുന്ന പുസ്തകങ്ങൾക്കിടയിലൂടെ ഞാൻ പിന്നോട്ട് നടന്നു . പതുക്കെ കട്ടിലിലേക്ക് വീഴുമ്പോൾ നരച്ച തലമുടിയുള്ള അമ്മാളുയമ്മാളുടെ മുഖം എന്റെ ഓർമ്മകളിൽ നിന്നും മായുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു . പകരം വിത്സൺ കയറി വരുന്നു . അയാൾ എന്റെ നേരെ വിരൽ ചൂണ്ടി എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു . അയാൾക്ക് പിന്നിലായി അവ്യക്തമായ കുറേ രൂപങ്ങൾ എന്റെ നേരെ അലറിക്കൊണ്ടു ' പാഞ്ഞു വന്നു . ഏറ്റവും മുന്നിൽ വിത്സൺ ..പിന്നാലെ അമ്മാളുയമ്മാൾ ..അതിനും പിന്നിലായി കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത കുറെയേറെ മുഖങ്ങൾ . ഞാൻ തലയിളക്കിയും കൈകാലിട്ടടിച്ചും അവരിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചു കൊണ്ടേയിരുന്നു . പക്ഷെ ദേഹം വെറുമൊരു തടിക്കഷണം പോലെ നിശ്ചലമായി ഒരേ കിടപ്പു തന്നെ കിടന്നു . കണ്ണ് തുറയ്ക്കാനുള്ള എന്റെ വെപ്രാളത്തിനിടയിൽ ഞാൻ വ്യക്തമായി കണ്ടു , വിത്സണ് എന്റെ മുഖമായിരുന്നു . അയാളുടെ പിന്നിൽ നിര നിരയായി മരിച്ചവരുടെ ഒരു നീണ്ട വരി തന്നെയുണ്ടായിരുന്നു . ഒരുപക്ഷെ എന്റെ പുതിയ വിരുന്നുകാർ . ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു .
( അവസാനിച്ചു )
എബിൻ മാത്യു കൂത്താട്ടുകുളം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot