നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഫോറസ്റ്റ് I Humour Story I Sivan Mannayam

 

എനിക്ക് പണ്ടൊരു മാമനുണ്ടായിരുന്നു; മധുമാമൻ. എൻ്റെ ബന്ധുവൊന്നുമല്ല, അങ്ങേർക്കു സുന്ദരിയായ ഒരു മോളുള്ളതുകൊണ്ട് മാമൻ എന്ന സ്ഥാനം നൽകി ഞാനദ്ദേഹത്തെ ആദരിച്ചിരുന്നു എന്നു മാത്രം.
എനിക്ക് പ്രായപൂത്രിയാകുമ്പോൾ 'മോളെ കെട്ടിച്ച് തര്വോ മാമാ' എന്ന് മധുമാമനോട് ചോദിക്കണമെന്ന് ഞാനുറച്ചിരുന്നു. മാമൻ അപ്പോൾ അനുകൂലസ്വരത്തിൽ മൂങ്ങയെപ്പോലെ ഉം.. എന്ന് മൂളുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ആ ഉറപ്പിൻമേൽ മനസിൽ ഞാനൊരു സ്വപ്നക്കൊട്ടാരം കെട്ടിയുയർത്തി. ആ കൊട്ടാരത്തിൽ ഞാനും മധുമാമൻ്റെ മോള് രജനിയും മാത്രം. മധുമാമന് പോലും കൊട്ടാരത്തില് പ്രവേശനമില്ലായിരുന്നു.
ഭാവിഅമ്മായിഅപ്പനായി മനസിൽ പ്രതിഷ്ഠിക്കപ്പെട്ടിരുന്നതിനാൽ മധുമാമനോട് എനിക്ക് ഭയങ്കര ബഹുമാനമായിരുന്നു.
സുഭാഷ് ചന്ദ്രബോസ് ,നെപ്പോളിയൻ, മധുമാമൻ ഇവരായിരുന്നു എൻ്റെ ഹീറോസ്.
മധുമാമൻ കടലിൽ ചാടാൻ പറഞ്ഞാൽ ഞാൻ അപ്പ ചാടുമായിരുന്നു. എൻ്റെ ദൈവമായിരുന്നു മധുമാമൻ. എൻ്റെ പൂജാമുറിയിൽ പരമശിവൻ ,കൃഷ്ണൻ, മധുമാമൻ എന്നീ മൂന്ന് ദൈവങ്ങളുടെ ചിത്രങ്ങളാണ് ഉണ്ടായിരുന്നത്.
ഞാൻ ജംഗ്ഷനിലൊക്കെ ഇരിക്കുമ്പോൾ അതുവഴി മധുമാമൻ നടന്ന് വന്നാൽ, ഞാനുടനെ ചാടി എഴുന്നേറ്റ് മുണ്ടിൻ്റ മടക്കിക്കുത്തൊക്കെ അഴിച്ചിട്ട് കൈകൂപ്പിനില്ക്കുമായിരുന്നു. ബസിൽ വച്ച് മധുമാമനെ കാണുകയാണെങ്കിൽ ഞാനുടനെ സീറ്റിൽ നിന്ന് ചാടിയെണീറ്റ് എൻ്റെ സീറ്റ് മാമന് സമ്മാനിച്ചിരുന്നു. ഒരു ദിവസം ഈ മാമൻ വരുന്നത് കണ്ട്, വലിച്ചുകൊണ്ടിരിക്കുന്ന സിഗരറ്റ് ഞാൻ വലിച്ചെറിയുകയും തത്ഭലമായി മണ്ടൻ കുന്നിലെ ഒരു റബ്ബർ എസ്റ്റേറ്റ് അപ്പാടെ കത്തിയമരുകയും ചെയ്തു. മൂന്നാഴ്ചയാണ് ഞാൻ ജയിലിൽ കിടന്നത്, എല്ലാം മാമന്റെ മരുമോനാകാൻ വേണ്ടി മാത്രം!
പക്ഷേ നടന്നത് എന്താ, പറയാം, നിങ്ങൾ കേൾക്കണം:
എനിക്ക് പ്രായപൂത്രിയായതിന്റെ അന്ന് രാവിലെ പത്ത് മണിക്ക്, മാമന്റമോളെ പെണ്ണ് ചോദിക്കുക എന്ന മഹത് ലക്ഷ്യവുമായി ഞാൻ മധുമാമന്റ ഗൃഹത്തിലെത്തി.മാമന്റ വീട് എനിക്ക് വെറുമൊരു വീടായിരുന്നില്ല, എന്റെ ദേവി വാഴുന്ന അമ്പലമായിരുന്നു. ഞാൻ ആ വീടിന് മുന്നിൽ നിന്ന് പ്രാർത്ഥനാപൂർവം തൊഴുതു നിന്നു.
മാമൻ ഇറങ്ങി വന്നു. ഞാൻ മുണ്ടൊക്കെ അഴിച്ചിട്ട് ,അതി വിനയത്തോടെ ആവശ്യമുണർത്തിച്ചു. അതുവരെ എൻ്റെ ദൈവമായിരുന്ന ,എൻ്റെ ഹീറോ ആയിരുന്ന ആ കൊരങ്ങൻ അപ്പോ പറയുകയാണ് "സർക്കാർ ഉദ്യോഗസ്ഥനേ എന്റെ മോളെ കൊടുക്കൂ " എന്ന്. എന്റെ കണ്ണ് നിറഞ്ഞു.കണ്ണുൾപ്പടെയുള്ള എന്റ ശരീരത്തിലെ ഒമ്പത് ദ്വാരങ്ങളിലൂടെയാണ് ആ അവസരത്തിൽ കണ്ണീര് പുറത്ത് ചാടിയതെന്ന് പറഞ്ഞാൽ സംഗതിയുടെ സീരിയസ്നസ് നിങ്ങൾക്ക് മനസ്സിലാക്കാമല്ലോ.
ഞാൻ വീണ്ടും താണ് കേണ് അപേക്ഷിച്ചു "സർക്കാരുദ്യോഗസ്ഥന് കൊടുത്തിട്ട് ബാക്കി വല്ലതുമുണ്ടെങ്കിൽ എനിക്ക് തര്വോ മാമാ "
പക്ഷേ ആ കല്ലൻ കഠിനഹൃദയൻ എന്നെ ആട്ടിപ്പുറത്താക്കി.അന്ന് റദ്ദ് ചെയ്തതാണ് ഞാനയാളുടെ മാമൻ സ്ഥാനം.ഇപ്പോ എനിക്കയാൾ വെറും മധു. എൻ്റെ മുന്നിൽ അങ്ങേർ വെറുമൊരു കൊതു!
പിന്നേടൊരു ദിവസം എന്നെ വഴിയിൽ വച്ചു കണ്ടപ്പോൾ അങ്ങേര് പറഞ്ഞു "എടാ രമേശാ.. മോളുടെ കല്യാണം ഉറപ്പിച്ചു.പയ്യൻ ഫോറസ്റ്റിലാ.. "
അതു കേട്ടയുടനെ ഞാനൊരു സിഗരറ്റ് കത്തിച്ചു വലിച്ചു, ഇനി ഈ വായിനോക്കിയെ ഞാനെന്തിന് ബഹുമാനിക്കണം.പിന്നെ ഞാനയാളെ കാണുമ്പോൾ മുണ്ട് കയറ്റിക്കെട്ടി നിന്ന് ചന്തി ചൊറിയും. ഒളിച്ച് നിന്ന് 'കൊതൂ' എന്ന് വിളിക്കും.
അയാളുടെ മോളുടെ കല്യാണത്തിന് ഞാൻ പോയില്ല, ആ കല്യാണമെന്നല്ല പിന്നെയൊരു കല്യാണത്തിനും ഞാൻ പോയിട്ടില്ല. കല്യാണം എന്ന് കേൾക്കുന്നതേ വെറുപ്പായിപ്പോയി.
കുറേനാൾ കഴിഞ്ഞപ്പോൾ, അങ്ങേരുടെ മരുമോനെ പോലീസ് പിടിച്ചെന്ന് കേട്ടു. വഴിയിൽ വച്ച് കണ്ടപ്പോൾ ഞാനാകാര്യം അങ്ങേരോട് ചോദിച്ചു.
' ബ്രോക്കർ പറ്റിച്ചതാടാ, അയാൾ ചെറുക്കൻഫോറസ്റ്റിലാണെന്ന് പറഞ്ഞപ്പോൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലാന്നാ ഞാൻ വിചാരിച്ചത് ..'
അപ്പോ മരുമോൻ ഫോറസ്റ്റിലല്ലേ ..? എനിക്കത്ഭുതമായി.
ഫോറസ്റ്റിൽ തന്നെ.. മാസത്തിൽ മുപ്പത് ദിവസവും ഫോറസ്റ്റിൽ തന്നെ.. അവിടെ ചാരായം വാറ്റാണ് പണി.. ! പോലീസ് പിടിച്ചപ്പോഴാ കാര്യങ്ങള് ഞങ്ങളറിഞ്ഞത്..
എനിക്ക് ഭയങ്കര സന്തോഷമായി. അങ്ങേരുടെ തോളത്ത് തട്ടി പൊട്ടിച്ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു "മാമന് കോളടിച്ചല്ലാ.. മരുമോൻ വലിയ വാറ്റുകാരനല്ലേ ഇനി ദെവസോം ചാരായം കുടിക്കാല്ലാ.... "
മാമന്റെ നവദ്വാരങ്ങളിൽ കൂടിയും കണ്ണീര് പുറത്തേക്ക് വരുന്നത് ഞാൻ കണ്ടു.😃
▪ശിവൻ മണ്ണയം▪

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot