നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിരലുകൾ സംസാരിക്കുമ്പോൾ I Short Story I Binitha Sain

 

ഇരുട്ടിലെരിയുന്ന കനൽച്ചീളുകൾ പോലെ മിന്നാമിനുങ്ങുകൾ മുറ്റത്തെ അയിനിമരത്തിനുചുറ്റും പാറിപ്പറക്കുന്നു. സ്വർണ്ണവർണ്ണം മിന്നിമറയുന്ന കാഴ്ച്ചയ്ക്കുവേണ്ടി കാർത്തിക് ജനവാതിൽ തുറന്നു തന്നെയിട്ടു. അവ കൂട്ടംകൂട്ടമായാണ് മരച്ചില്ലകളിലേക്ക് അരിച്ചുകയറുന്നത്.
കഴിഞ്ഞ കുറച്ച് രാത്രികളിലായി നടക്കുന്ന സ്ഥിരക്കാഴ്ച്ച. അവൻ എണ്ണിനോക്കി.
ആറ്റച്ചൻ മരിച്ചിട്ട് ഇന്ന് പതിനാലാമത്തെ രാത്രി. രാത്രിയുടെ നിശബ്ദതയിലും ചിതറിവീഴുന്ന കൊച്ചുകൊച്ചു ശബ്ദങ്ങളെ തിരയാൻ തുടങ്ങിയിട്ടും അത്രതന്നെയായി. അയിനിമരത്തിന് കുറച്ചുമാറിയുള്ള ആറ്റച്ചന്റെ ചിതയെരിഞ്ഞയിടത്തേക്ക് മിഴികളെറിഞ്ഞ് അവൻ നിന്നു.
'മോനേ, അമ്പു...ഉറങ്ങുന്നില്ലേ?' എന്ന ചോദ്യത്തിനായി ഇരുട്ടിലേക്ക് അവൻ ചെവി കൂർപ്പിച്ചു. ഇരുട്ട് അതിന്റെ താളങ്ങൾക്കൊപ്പം മൂകമാണ്.
ചീവീടുകളുടെ നിർത്താതെയുള്ള മൂളക്കവും, പുറത്തെ പ്രാവിൻകൂട്ടിൽ നിന്നുള്ള കുറുകലും, മുറിക്കുള്ളിലെ ഫാനിന്റെ കറക്കവും എല്ലാം അതേ താളത്തിൽ തന്നെ തുടരുന്നു. ഇതുവരെയും ശ്രദ്ധിക്കാത്തയീ ശബ്ദശകലങ്ങളെല്ലാം
ഉറക്കം നഷ്ടപ്പെട്ട രാത്രികളിലെ അവന്റെ കണ്ടെത്തലുകളാണ് .
ആറ്റച്ചന്റെ നെഞ്ചിലെ നരച്ച രോമപ്പുറ്റുകളുടെ ചൂടേറ്റുകൊണ്ടല്ലാത്ത ഉറക്കം, ഇനി ശീലിക്കേണ്ടിയിരിക്കുന്നു. നനഞ്ഞ പച്ചമരത്തിന്റെ ഗന്ധമുള്ള ആറ്റച്ചന്റെ ദേഹത്ത് അള്ളിപ്പിടിച്ചു കിടക്കുമ്പോളൊക്കെ അവനിലെ പതിനേഴുകാരൻ, വെറും ഒരുവയസ്സുകാരൻ അമ്പുവാകുമായിരുന്നു. ആറ്റച്ചന്റെ മാത്രം അമ്പു.
ശബ്ദമൊഴിഞ്ഞ വീട്ടിലേക്ക് കുഞ്ഞിക്കലമ്പലുമായി കാർത്തിക് ജനിച്ചുവീണപ്പോൾ, മകനെപ്പോലെ തന്നെ, തന്റെ കൊച്ചുമകനും മിണ്ടാട്ടവും, കേൾവിയും തഴയപ്പെട്ടവനാണോ എന്നാണ് രാരുപ്പണിക്കർ ആദ്യമേ ശ്രദ്ധിച്ചത്. നിശബ്ദതയുടെ ലോകത്തുനിന്ന് കണ്ണുചിമ്മി തുറന്നതുപോലെയായിരുന്നു 'അമ്പുക്കുട്ടാ' എന്നുള്ള രാരുപ്പണിക്കരുടെ വിളിക്ക് കുഞ്ഞുകാർത്തിക് മിഴി തിരിച്ചത്.
ശബ്ദമുള്ളയിടത്തെല്ലാം അവന്റെ ശ്രദ്ധയെത്തുന്നത് രാരു കൈകൾകൊട്ടി ആഘോഷിച്ചു. അയാൾ മാത്രമല്ല ആംഗ്യങ്ങളുടെ ലോകത്തെ മിണ്ടാപ്രാണികളായ മകൻ രമേശനും മരുമകൾ ലതികയും തങ്ങളുടെ മകന്റെ കേൾവിയിൽ അതിരറ്റു സന്തോഷിച്ചു.
പിച്ചവച്ചു തുടങ്ങും മുൻപേ, 'മ്മ ' യെന്നും 'ത്ത' യെന്നും അമ്പുവിന്റെ നാവിൽ തത്തിക്കളിക്കാനെത്തിയ വാക്കുകളെ ആദ്യം കേട്ടതും രാരു മാത്രമായിരുന്നു. വാക്കുകളുടെ മാധുര്യം ചൊരിഞ്ഞുകൊണ്ട് അവനെ സംസാരലോകത്തേക്ക് കൈപിടിച്ച് നടത്തിയ 'അച്ഛച്ചൻ ' അങ്ങനെ ഒരുനാളിൽ 'ആറ്റച്ചനായി ' മാറി.
'സ് സ്സ് സ്..' എന്ന പതിഞ്ഞ ശബ്ദത്തിൽ തട്ടിത്തടയുന്ന അമ്മയുടെ വാക്കുകൾക്കും
'ബ ബ ബ്ബ ബ്ബ 'എന്ന് ഉച്ചത്തിൽ അലറുന്ന അച്ഛന്റെ സ്വരത്തോടുമൊക്കെ അവൻ കാതുകൾ പൊത്തിപ്പിടിച്ച് അനിഷ്ടം കാണിച്ചിരുന്നു.
മുറിഞ്ഞുവീഴുന്ന ആ ശബ്ദങ്ങളെക്കാൾ അവനെ കേൾക്കുന്ന, 'അമ്പു' എന്ന ആറ്റച്ചന്റെ വിളിയിലെ സ്നേഹച്ചൂടായിരുന്നു അവന് പ്രിയം.
മകൻ അവന്റെ ആറ്റച്ചനെക്കണ്ട്, ആറ്റച്ചനെപ്പോലെ വളരുന്നതിൽ അഭിമാനം പൂണ്ട രമേശനും ലതികയും സ്വമേധയാ അവരുടെയിടയിൽ നിന്നും ഒഴിഞ്ഞു മാറിനിന്നു. വളർച്ചയ്ക്കൊപ്പം ജന്മദാതാക്കളുമായുള്ള അവന്റെ അകലവും കൂടിവന്നു.
അച്ഛന്റെയും അമ്മയുടെയും ആംഗ്യങ്ങൾക്കും , ചേഷ്ടകൾക്കും എതിരെ അവൻ എന്നും മുഖം തിരിച്ചു നടന്നു. അവരുടെ മൗനസങ്കടങ്ങൾക്കെതിരെ കണ്ണടച്ചു കൊണ്ട് രാരുവും ' അവന് ആറ്റച്ചനെ മതി ' എന്ന സ്വകാര്യ അഹങ്കാരത്തോടെയും കഴിഞ്ഞു.
ആ ആറ്റച്ചനാണ്, ശബ്ദങ്ങളുടെ അതിരില്ലാ ലോകത്ത് അവനെ തനിച്ചാക്കിക്കൊണ്ട് ഇന്നാ മണ്ണിന്റെ നിശബ്ദതയിൽ അന്തിയുറങ്ങുന്നത്.
ചുമരുകൾക്കപ്പുറത്ത് 'സ്.. സ്സ്.., ബ ബ്ബ ' ശബ്ദങ്ങൾ അവന്റെ ഉറക്കമില്ലായ്‌മയെ വീണ്ടും അലോസരപ്പെടുത്തി. ഇനിയങ്ങോട്ട് ആ ശബ്ദങ്ങൾ മാത്രമാവും കാതുകൾക്ക് കൂട്ടുകാർ എന്നത് അവനിൽ അകാരണമായ ഭയമുണ്ടാക്കി. വാക്കുകൾ മരിച്ച വീട് അവന്റെ ചുറ്റും കൈമുദ്രകളുടെ നിഴൽദൃശ്യങ്ങൾ തീർത്തു. ആ ദൃശ്യങ്ങൾക്കൊപ്പം ജോസേട്ടൻ രാവിലെ ഉന്നയിച്ച സംശയവും അവനു ചുറ്റിലും നിരന്നു.
"അമ്പു മോനേ, ഇത് അറിയാതല്ല, അറിഞ്ഞോണ്ട് തന്നെയാന്നാ നിക്ക് തോന്നണേ. അവൻ കഴുക്കോൽ എണക്കാനറിയാത്ത മൂത്താശാരിയല്ല. ഇന്നുമിന്നലേം തൊടങ്ങ്യതല്ല ഞങ്ങള്ടെ ആശാരിപ്പണി മോനറിയാല്ലോ?"
നാട്ടുകാർക്ക് ഏറെ മതിപ്പുള്ള ആശാരിമാരാണ് ആറ്റച്ചനും, ജോസേട്ടനും. ഉറ്റ സുഹൃത്തുക്കളും. പാരമ്പര്യമായി കിട്ടിയ ആശാരിപ്പണി ഒന്നിച്ചു അഭ്യസിച്ചു തുടങ്ങിയവർ. വീടിനോട് ചേർന്നുള്ള പണിപ്പുരയിൽ അവരൊന്നിച്ചാണ് പണിയുന്നതും. അവരോടൊപ്പം ആ പണിപ്പുരയിൽ നേരം കളയാനും കുഞ്ഞുന്നാളിലെന്നപോലെ അമ്പുവിന് ഇപ്പോളും ഇഷ്ടമാണ്. ആറ്റച്ചൻ ഉണ്ടാക്കികൊടുക്കുന്ന മരപ്പാവകൾ കൊണ്ട് കളിച്ചും, ചിന്തേര്പൊടിയിൽ കുത്തിമറിഞ്ഞും, വളർന്ന ബാല്യം.
അമ്പുവിന്റെ ഭാവി മരപ്പൊടികൾക്കുള്ളിൽ കുതിർത്തിടാൻ ആഗ്രഹമില്ലാത്തതിനാൽ കുലത്തൊഴിലിൽ ഏറിവരുന്ന അവന്റെ താല്പര്യത്തെ ആറ്റച്ചൻ പലപ്പോഴായി തച്ചുടച്ചിരുന്നു. എങ്കിലും ആ പണിശാല അവന് പ്രിയപ്പെട്ട ഇടം തന്നെയായിരുന്നു. അതേ പണിപ്പുര തന്നെ ആറ്റച്ചന്റെ അന്ത്യനിമിഷങ്ങൾക്ക് സാക്ഷിയായിരിക്കുന്നു.
"പണിപ്പൊരേടെ കഴുക്കോലിന് ഒരു കൊഴപ്പോമില്ലാരുന്നു. അവനാണ് അന്ന് ചുമ്മാ അത്‌ ഇളകിയിരിക്കുന്നു ന്ന് പറഞ്ഞ്, കേറി വീണ്ടും ഇളക്കിയെടുത്ത് ശര്യാക്കീത്. എന്നെ മനഃപൂർവം തടി നോക്കാൻ പറഞ്ഞുവിട്ടതുമൊക്കെ അതിന് വേണ്ടിയാവും. "
ജീവനൊടുക്കാനൊരു കാരണത്തിനായി മനഃപൂർവം കഴുക്കോൽ ഇളക്കിയെടുക്കുന്ന ആറ്റച്ചനെ അവന്റെ ചിന്തകൾ പോലും ഉൾക്കൊള്ളാൻ തയ്യാറല്ലായിരുന്നു. ജോസേട്ടൻ കൂട്ടിച്ചേർത്ത കാര്യങ്ങൾ ആ ചിന്തകൾക്ക് ചിന്തേരിടുന്നവയായിരുന്നു.
"കുറച്ചീസായിട്ട് അവൻ വല്ലാണ്ട് ആലോചന തന്നെയാർന്ന്. ശരിക്കും പറഞ്ഞാ, തലകറക്കം വന്ന് ആശൂത്രീൽ പോയിവന്ന അന്ന് തുടങ്ങീതാ. ചോയ്ച്ചാ മുണ്ടൂല. പിന്നെ ഒരൂസം അവൻ എന്നോട് കാര്യം പറഞ്ഞ്. അവന് ഇയർ ബാലൻസ് പോകണ അസുകാണ്. അവന്റെ കേൾവി കുറേശ്ശേ കുറേശ്ശേയായി പൊയ്ക്കൊണ്ടിരിക്കുവാണെന്ന്. അതിന്റെ നല്ല സങ്കടോം ണ്ടായിരുന്നു മൂപ്പർക്ക്. നിന്റെ അച്ഛനേം അമ്മേം പോലെ അവനും ആംഗ്യം കൊണ്ടേ ഇനി നിന്നോട് സംസാരിക്കാൻ പറ്റുള്ളോ ന്ന് അവന് നല്ല പേടി ണ്ടാരുന്നു. അയ്‌നെന്താ സംസാരിക്കാൻ പറ്റുല്ലോ ന്നൊക്കെ ഞാൻ ചോദിച്ചതാ.നിന്നെ കേക്കാൻ പറ്റാണ്ടാവുക ന്ന് പറഞ്ഞാല് അവന് മരിച്ചത് പോലാ ന്നാ പറഞ്ഞത്. അതൊക്കെ വച്ച് നോക്കുമ്പോ എനിക്കങ്ങനെ തോന്നാണ് മോനേ ".
ആശുപത്രിയിൽ പോയി വന്നതിന് ശേഷം ആറ്റച്ചൻ പലപ്പോഴും തന്നിൽ നിന്നകന്നു മാറാൻ ശ്രമിച്ചിരുന്നത് എന്തുകൊണ്ടാണെന്ന് അമ്പുവിന് ബോധ്യമായത് അപ്പോൾ മാത്രമാണ്. അധികസമയവും പണിപ്പുരയിൽ ചെലവഴിക്കുകയും, ചോദ്യങ്ങൾക്ക് മൂളലിൽ മാത്രം മറുപടി ഒതുക്കുകയും ചെയ്തത് ഒരുപക്ഷേ അതുകൊണ്ടാവും എന്ന് തന്നെ അവനുറപ്പിച്ചു.
താഴെ വീണു കിടന്നിരുന്ന കഴുക്കോലും കൂട്ടിനുള്ള അസുഖവും മരണത്തിനുള്ള സാക്ഷികളാക്കി കരുതി വച്ച്, സ്വന്തമായി മെനഞ്ഞെടുത്ത ഏകാങ്കനാടകം ഭംഗിയായി ആടിത്തിമിർത്ത ആറ്റച്ചൻ.
മൗനം തിങ്ങുന്ന മുറിക്കകത്ത് വിങ്ങുന്ന നെഞ്ചകവുമായി അയിനിമരച്ചുവട്ടിലേക്ക് നോക്കിയതും അവന്റെ മിഴികൾ നനവൂറികുതിർന്നിരുന്നു. അന്നേരം ജാലകവാതിൽ താണ്ടി
ഒഴുകിയെത്തിയ ഇളംകാറ്റ് അവന്റെ തലമുടിയിൽ തഴുകി കടന്നുപോയി.
ശിരസ്സിൽ ആരുടെയോ തലോടലേറ്റപ്പോൾ അവനല്പം ആശ്വാസമായി. അതിനൊപ്പം പുറകിൽ നിന്ന് 'സ്... സ്സ്.. 'എന്ന ശബ്ദം കേട്ടതും ആ കൈ തട്ടിമാറ്റി അവൻ ചാടിയെഴുന്നേറ്റു.
ഉറങ്ങാതെ കാവൽ നിൽക്കുന്ന അമ്മയും അച്ഛനും. അവന്റെ പെട്ടെന്നുള്ള ചെയ്തിയിൽ അവരും ഭയപ്പെട്ടു.
ആറ്റച്ചന്റെ മരണം, ഒരുപക്ഷേ അമ്പുവിനെക്കാൾ അവരെയാണ് വിഷമത്തിലാക്കിയത്. അവനും അവർക്കുമിടയിലെ സ്നേഹത്തിന്റെ ശബ്ദവാഹകനാണ് ഇല്ലാതായിരിക്കുന്നത്. അവന്റെ ഇഷ്ടാനിഷ്ടങ്ങളെല്ലാം ആറ്റച്ചനിലൂടെ നിറവേറ്റിക്കൊടുത്ത് മൗനത്തിന്റെ ഇരുട്ടിൽ ഒതുങ്ങിക്കൂടിയവർ.
ആറ്റച്ചനില്ലാത്ത അവന്റെ ദിനരാത്രങ്ങളെ മാറിനിന്ന് കണ്ടുകൊണ്ട്, കൂടെയുണ്ടെന്നറിയിക്കാതെ കൂടെനിന്ന് രണ്ടുജന്മങ്ങൾ. ആ മുറിയിലേക്ക് അവർക്ക് പ്രവേശനം നിഷേധിച്ചിരുന്നെങ്കിലും അവനെ തനിച്ചാക്കാൻ ആ മിണ്ടാക്കോലങ്ങൾക്ക് കഴിയുമായിരുന്നില്ല.
ഭീതിയോടെ നോക്കിനിൽക്കുന്ന രണ്ടു മുഖങ്ങളെയും നീരസത്തോടെ നോക്കിക്കൊണ്ട്, അവൻ ആ മുറിവിട്ടു പുറത്തേക്ക് പോയി.
വീടിനു വെളിയിലിറങ്ങിയിട്ടും അയിനിമരച്ചുവട്ടിൽ നിന്നും വിട്ടുപോരാനാവാത്ത മനസ്സ്‌ അവന്റെ നോട്ടം അവിടെത്തന്നെ പ്രതിഷ്ഠിച്ചു. വട്ടംചുറ്റി നിന്നിരുന്ന മിന്നാമിനുങ്ങുകൾ അവിടെനിന്നും ഒഴുകിയിറങ്ങി മെല്ലെ എതിർവശത്തുള്ള പണിപ്പുരയ്ക്കകത്തേക്ക് കടന്നു. അവർക്കൊപ്പം അവനും ആ ഓടിട്ട പുരയിലേക്ക് തിരിച്ചു. അകത്തു കയറി ലൈറ്റ് ഇട്ടതും മിന്നാമിനുങ്ങുകൾ ആ വെള്ളിവെളിച്ചത്തിൽ അലിഞ്ഞുചേർന്ന് അപ്രത്യക്ഷമായി.
മരക്കഷ്ണങ്ങളും, പണിതീർന്നതും തീരാത്തതുമായ വീട്ടുപകരണങ്ങൾ കൊണ്ട് നിറഞ്ഞ പണിപ്പുര. പണിയൊഴിഞ്ഞ പണിപ്പുര അനാഥമായതുപോലെ.
ഉണക്ക മരത്തടികളുടെയും നനഞ്ഞ മരക്കഷ്ണങ്ങളുടെയും ഗന്ധങ്ങൾക്കിടയിൽ നിന്നും വിയർപ്പിൽ കുതിർന്ന പച്ചമരത്തിന്റെ ഗന്ധം അവൻ വേർതിരിച്ചെടുത്തു.
തറയിലെ മരപ്പൊടികളെ ഞെരിച്ചമർത്തി മുന്നോട്ട് നടക്കുമ്പോൾ ആറ്റച്ചന്റെ സാമീപ്യം അവൻ അനുഭവിച്ചറിഞ്ഞു.
"ജോസേ മറ്റേ അറ്റം പിടിയെടാ "
"മ്മ് പിടിച്ചോ... മുറുക്കിക്കോ "
"തച്ചൊള്ളത്തേക്കുള്ള കട്ല നാളത്തേക്ക് ശര്യാക്കണം "
ആറ്റച്ചന്റെ ശബ്ദം ഇപ്പോളും ആ ചുമരുകൾക്കുള്ളിൽ തങ്ങിനിൽക്കുന്നുണ്ട്. 'അർക്കവാള് കൊണ്ട് മരത്തിൽ ഉരച്ചാൽ എങ്ങനാ അതുപോലാ ആറ്റച്ചന്റെ സൗണ്ട്. എന്ത് സൗണ്ടാ ആറ്റച്ചാ ഇത് ' അവൻ പലപ്പോഴായി അങ്ങനെയാണ് ആ ശബ്ദത്തെ കളിയാക്കാറുണ്ടായിരുന്നത്.
ശബ്ദങ്ങൾക്കും ആറ്റച്ചന്റെ ഗന്ധമുണ്ട്. മൂലയ്ക്ക് അനാഥമായി കിടക്കുന്ന പണിയായുധങ്ങൾ ആറ്റച്ചന്റെ കൈത്തഴമ്പിൽ ജീവനുള്ള ശബ്ദങ്ങൾ ഉണ്ടാക്കുന്നത് അവൻ ഓർത്തെടുത്തു.
"നിന്നെ കേൾക്കാണ്ടാവുക എന്നാൽ അവന് മരിച്ചതിനു തുല്യാ "
കേൾവിയില്ലാത്ത ജീവിതത്തെക്കുറിച്ചുള്ള ചിന്തകൾ ആദ്യമായി അവന്റെയുള്ളിൽ നിഴലുകൾ വീഴ്ത്തി. അവൻ ചുറ്റുപാടും കണ്ണെത്തിച്ചു.
പണിതീർത്ത അലങ്കരണങ്ങൾ സൂക്ഷിച്ചിരുന്ന ഭാഗത്തായുള്ള കൊച്ചു മേശയും അതിന് മുകളിലായി കൊത്തുപണി ചെയ്ത ശില്പങ്ങളും പിന്നീടാണ് അവന്റെ കണ്ണിലകപ്പെട്ടത്.
കൈകളുടെ ആകൃതിയിലുള്ള പത്തോളം ദാരുശില്പങ്ങൾ നിരത്തിവച്ചിരിക്കുന്നു. ഓരോന്നിലും വിരലുകളുടെ അവസ്ഥയ്ക്ക് വ്യത്യാസമുണ്ട്. മുഷ്ടി ചുരുട്ടിയത്, ചൂണ്ടുവിരൽ മാത്രം ഉയർത്തിയത്, തള്ളവിരൽ ഉയർത്തിയത്, നടുവിരലും ചൂണ്ടുവിരലും പ്രത്യേക ദിശയിലേക്ക് തിരിച്ചു പിടിച്ചത്. അങ്ങനെ പണിതീർന്നതും, തീരാത്തതുമായ വിരൽശില്പങ്ങൾ.
ആ ശില്പങ്ങളിലേക്ക് വളരെനേരം നോക്കി നിന്നപ്പോൾ അവയൊരോന്നും അവനുമുന്നിൽ ഓരോ ഭാവങ്ങൾ തീർക്കുന്ന മുദ്രകളായി തീർന്നു. അച്ഛൻ, അമ്മ എന്ന മൂകശിലകൾ അവനു മുന്നിൽ പലപ്പോഴായി കാണിച്ചു പരാജയപ്പെട്ട മുദ്രകൾ. മനസ്സിലാക്കലുകളുടെ അതിർവരമ്പുകൾക്കിടയിൽ അകപ്പെട്ടു പോയ ശിൽപങ്ങൾ. അതിൽ
ശബ്ദമില്ലാതെ ചലിക്കുന്ന വിരലുകൾ. കേൾവിയകന്നുപോകുന്ന ആറ്റച്ചന്റെ മനസ്സ് അവനിപ്പോ സുതാര്യമായിത്തുടങ്ങിയിരുന്നു. ഈ മുദ്രകൾ കൊണ്ട് മാത്രമേ ഇനി കൊച്ചുമകനെ കേൾക്കാനാവുള്ളു എന്ന ചിന്തയിൽ അവനുവേണ്ടി തയ്യാറാക്കിയ ശില്പങ്ങൾ!
ശ്രവിക്കാനാവില്ല എന്ന വ്യഥയോടൊപ്പം മൗനമെന്ന തിരശ്ശീലയ്ക്കു പിന്നിലേക്ക് സ്വയം ഒഴിഞ്ഞുനിന്ന ആറ്റച്ചനോട് അവനാദ്യമായി അരിശം തോന്നി. ആ മനസ്സിലെ സംഘർഷങ്ങളെ അടുത്തുണ്ടായിട്ടും തിരിച്ചറിയാനാവാതെ പോയതിൽ അമർഷവും.
ആ വിരൽശില്പങ്ങളെ വാരിപ്പുണർന്ന് മേശമേൽ തലചായ്‌ച്ച് സ്വയംപഴിച്ച് അവനിരുന്നു. ആറ്റച്ചനുമൊത്തുണ്ടായിരുന്ന ഓരോ നിമിഷങ്ങളുടേയും നിശബ്ദചിത്രം തീർത്തുകൊണ്ട് കൺതടങ്ങൾ അന്നേരം കുതിർന്നു തുടങ്ങിയിരുന്നു.
ഓർമ്മചിത്രങ്ങൾക്കൊപ്പം എപ്പോളോ കണ്ണുകളിൽ ഇരുട്ട് പടർന്നത് അവനറിഞ്ഞിരുന്നില്ല. കണ്മുന്നിൽ ഇരുട്ടിന്റെ നിറം മാത്രം. പോകെപ്പോകേ ആ ഇരുളിനുള്ളിൽ വെളിച്ചമേകിക്കൊണ്ട് എവിടേനിന്നോ ഒരു മിന്നാമിനുങ്ങ് ആ മുറിക്കുള്ളിലേക്ക് പറന്നടുത്തു. അത്‌ മുകളിലേക്ക് ഉയർന്ന് ഓട്മേഞ്ഞ മേൽക്കൂരയുടെ ഒരു കഴുക്കോലിൽ പറ്റിച്ചേർന്നിരുന്നു. ജോസേട്ടനും കൂട്ടരും കഴിഞ്ഞ ദിവസം കുറ്റമറ്റതാക്കി തീർത്ത അതേ കഴുക്കോൽ. ഒരാളുടെ ജീവനെടുക്കാനും മാത്രം ശക്തിയുണ്ടോ അതിന് എന്ന ചിന്ത അവനെ അലട്ടാതിരുന്നില്ല. കൃത്യമായ കണക്കുകൂട്ടലുകളിൽ പാളിച്ച വരാതിരുന്നാൽ മരണവും സാധ്യമായത് തന്നെയെന്നവൻ തിരുത്തി. ആ കഴുക്കോലിന് തൊട്ടു താഴെയായി അവ്യക്തമായ ഒരു നിശ്ചലരൂപം അവൻ ഇരുട്ടിലും കണ്ടു.
ഇരുട്ടിനും പകർന്നുതരാൻ കഴിയുന്ന വെളിച്ചത്തിന്റെ ചില തരികളുണ്ട്. ആ പകർന്നാട്ടത്തിന് ആറ്റച്ചന്റെ രൂപമാണ്. പെട്ടെന്ന് മുകളിലായി ചില ഞെരങ്ങലുകൾ അവൻ കേട്ടു. 'ഉത്തരത്തെ' താങ്ങി നിർത്തുന്ന ആ മരക്കഷ്ണങ്ങൾ പരസ്പരം ഉരസുന്ന ശബ്ദമാണ്. തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന ബന്ധനങ്ങളിൽ നിന്നും സ്വയം അകന്നുവീഴാനൊരുങ്ങി നിൽക്കുന്ന കഴുക്കോൽ.
അവനൊരു ഉൾവിളിയോടെ ചാടിപ്പിടഞ്ഞെഴുന്നേറ്റു. ആ കഴുക്കോലിന് നേരെ തൊട്ടുതാഴെയായി ഇപ്പൊ ഒന്നല്ല രണ്ടുരൂപങ്ങളുണ്ട്. നേരത്തെ കണ്ട അവ്യക്തമായ നിശ്ചലരൂപത്തിന് പകരം ചലിക്കുന്ന രണ്ടു നിശബ്ദ നിഴലുകൾ. അവർ രണ്ടാളും അവനുനേരെ കൈകൾ നീട്ടി നിൽക്കുകയാണ്. കണ്ണുനീർച്ചാലുകൾ തീർത്ത അവരുടെ കവിൾത്തടങ്ങൾ ഇരുട്ടിലും തിളങ്ങി. അവ പതിനേഴുവർഷത്തെ അവഗണനയുടെ കഥകൾ പറയുന്നുണ്ടെന്ന് അവന് തോന്നി. ഇളകിക്കൊണ്ടിരിക്കുന്ന കഴുക്കോലിലേക്കും അവരിലേക്കും മാറിമാറി നോക്കിക്കൊണ്ട് അവിടെ നിന്ന് മാറിനിൽക്കാൻ അവരോട് പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവനത് സാധിക്കുന്നില്ലായിരുന്നു. കണ്ഠനാളത്തിൽ നിന്നും കുതിച്ചൊഴുകാനാവാതെ മരണമടയുന്ന വാക്കുകൾ. കൈകാലുകൾ ചലിപ്പിക്കാനാവത്ത വിധം അവനെയാരോ വരിഞ്ഞു മുറുക്കിയത് പോലെ. 'ആറ്റച്ചാ' 'അച്ഛാ ' 'അമ്മേ' എന്നുള്ള മനസ്സുരുക്കങ്ങളിൽ ഒന്നും പുറത്തേക്കു വരുന്നില്ല. ശബ്ദങ്ങൾക്കുവേണ്ടി അവൻ നാലുപാടും പരതി. സ്വന്തം ഹൃദയമിടിപ്പ് പോലും അവനെ തോൽപ്പിച്ചിരിക്കുന്നു.
'സ് സ്സ് '
'ബ ബ്ബ ' ശബ്ദങ്ങളില്ലാതെ മുന്നിൽ നിൽക്കുന്നവരുടെ ചുണ്ടുകൾ അനങ്ങുന്നത് മാത്രം അവന് കാണാം. അവർക്കു മുകളിലുള്ള 'മേൽക്കൂര താങ്ങി' അതിന്റെ രണ്ടഗ്രവും ഭേദിച്ച് താഴോട്ടു പതിക്കുന്നത് കണ്ടതും ഇറുക്കെ കണ്ണുകളടച്ച് അവൻ നിലവിളിച്ചു.
പണിശാലയിലെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് പുറത്തേക്ക് ഒഴുകിയൊലിച്ച നിലവിളിയുടെ ചീളുകൾ അവന്റെ കാതുകളിലും തറച്ചു. ഹൃദയത്തുടിപ്പുകൾക്കൊപ്പം
ആവലാതി പൂണ്ട ശബ്ദം വ്യക്തമായപ്പോൾ അവൻ കണ്ണുകൾ തുറന്നു. നെഞ്ചോട് ചേർത്തുവച്ചിരുന്ന ശില്പങ്ങളിൽ ചിലത് ഊർന്നു താഴെ വീണിരിക്കുന്നു.
'ബ ബ്ബാ ബ്ബാ…..'
ഇരുളകന്ന കണ്ണുകളുയർത്തി അവൻ ശബ്ദം കേട്ടയിടത്തേക്ക് നോക്കി.
തൊടാൻ പോലും ഭയപ്പെട്ടുകൊണ്ട് അവനെ നോക്കി നിൽക്കുന്ന കരഞ്ഞുകലങ്ങിയ കണ്ണുകൾ.
"അച്ഛാ, അമ്മേ "... എന്ന അവന്റെ വിളികൾക്ക് ഇന്ന് ജീവൻ വച്ചു.
ആംഗ്യങ്ങളും ശുഷ്കമായ ശബ്ദങ്ങളും കൊണ്ട് തന്റെ മുന്നിൽ വേവലാതിപ്പെട്ടു നിൽക്കുന്ന ആ രണ്ടുരൂപങ്ങൾക്കു നേരെ ഓടിയടുത്ത് അവനവരെ ഇരുകൈകളാലും വാരിപ്പുണർന്നു. ആ ജീവാംശങ്ങളുടെ ഹൃദയസ്പന്ദനങ്ങൾ തൊട്ടറിഞ്ഞപ്പോൾ അവനാദ്യമായി അവരെ കേൾക്കുകയായിരുന്നു. ആ മൂന്നു ശബ്ദങ്ങളും ഒന്നിച്ചു ചേർന്ന് ഒറ്റ നിഴലായി തീർന്ന നേരം ആ ദാരുശില്പങ്ങളിൽ നിന്ന് അനേകായിരം മിന്നാമിനുങ്ങുകൾ മുകളിലേക്ക് ഉയർന്നുപാറുന്നത് അവരാരുംതന്നെ കണ്ടിരുന്നില്ല.
(അവസാനിച്ചു)
Binitha Sain

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot