Slider

കറുത്ത സൂചികൾ I Short Story I Shefeer Parappath

0
 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അലോഷ്യസ് ഈ നഗരത്തിലുണ്ട്. താൽക്കാലിക താമസസ്ഥലമായ ലോഡ്ജിനും തിരക്കൊഴിഞ്ഞ ആ ചെറിയ റെസ്റ്റോറന്റിനും ഇടയിലെ അയാളുടെ യാത്രകളിൽ ഇടത്താവളങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഒരു ചായക്ക് മാത്രം അവിടെ എത്തിയിരുന്നതുകൊണ്ട് റെസ്റ്റോറന്റിനു പോലും അലോഷ്യസിനോടൊരു മുഷിപ്പു തോന്നാൻ തുടങ്ങിയിരുന്നു.. ആകാശത്തെ ചുംബിച്ചു നിൽക്കുന്ന ക്ലോക്ക് ടവർ, അക്കങ്ങൾക്ക് പകരം പുള്ളിക്കുത്തുകൾ നിറഞ്ഞ അതിലെ ഡയൽ, വലിയ വെളുത്ത ഡയലിൽ കറങ്ങുന്ന കറുത്ത സൂചികൾ, ടവറിന് മുകളിൽ തമ്പടിച്ചിരുന്ന പ്രാവിൻ കൂട്ടങ്ങൾ, വഴിയരികിലെ മഹാഗണി മരത്തിലെ എണ്ണം പറഞ്ഞ കാക്കകൾ, എന്നിങ്ങനെ അയാളുടെ റെസ്‌റ്റോറന്റ് സന്ദർശനത്തിന് സ്ഥിരം കാഴ്ചക്കാരുണ്ടായിരുന്നു.
പതിവ് പോലെ വൈകുന്നേരം അലോഷ്യസ് മുറിയിൽ നിന്നും റെസ്റ്റോറന്റ് ലക്ഷ്യമാക്കി നീങ്ങി. പക്ഷേ ഇത്തവണ ഇരയുടെ മരണക്കുറിപ്പുമായാണ് അയാൾ മുറി വിട്ടിറങ്ങിയത്. പടിഞ്ഞാറ് തല താഴ്ത്താൻ തുടങ്ങിയ സൂര്യൻ ആ വൈകുന്നേരത്തിന് ചുവന്ന ചായം തേച്ചുകൊണ്ടിരുന്നു. നീളൻ ജുബ്ബയുടെ വീർത്തു തൂങ്ങിയ പോക്കറ്റിൽ ഇടക്കിടക്ക് കൈയ്യമർത്തിക്കൊണ്ടയാൾ മുന്നോട്ട് നടന്നു. ചുവന്ന തൊപ്പിയിട്ട ഒരു വൈറ്റ് ബോർഡ് മാർക്കർ പേന, അയാളുടെ പോക്കറ്റിൽ നിന്നും തല ഉയർത്തി നോക്കി. എണ്ണമയം തൊട്ടു തീണ്ടാത്ത ഉള്ളു കുറഞ്ഞ മുടിയിഴകൾ സായന്തനക്കാറ്റിന്റെ ദിശ അറിയിച്ചുകൊണ്ടിരുന്നു.
റെസ്റ്റോറന്റ് എത്തിയതും എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അലോഷ്യസ് അതിനകത്തേക്ക് കയറി. തല കുനിച്ചു കൊണ്ട് തന്റെ സ്ഥിരം ഇരിപ്പിടത്തിനടുത്തേക്ക് നീങ്ങി. റെസ്റ്റോറന്റിനകത്തെ പലഹാരത്തട്ടിൽ കുടുങ്ങിയ ഈച്ചകൾ പുറത്തു കടക്കാൻ വെപ്രാളപ്പെടുന്നത് കണ്ടപ്പോൾ അയാൾ ഉള്ളിൽ സന്തോഷിച്ചു.
ഇരിപ്പിടത്തിൽ ഇരുന്നതും അലോഷ്യസിന്റെ കണ്ണുകൾ ഇരയെ തിരഞ്ഞു.
" പതിവ് തെറ്റാതെ റെസ്റ്റോറൻ്റിൽ അവനെത്തിയെന്ന് അയാൾ ഉറപ്പു വരുത്തി. മണിക്കൂറുകൾ മാത്രം ദൈർഘമുള്ള അവൻ്റെ ആയുസ്സിനെയോർത്ത് അയാൾ ഊറിച്ചിരിച്ചു. എന്തു വിധേനയും തന്റെ ജോലിയിന്ന് കൃത്യമായിത്തന്നെ നിറവേറ്റണമെന്ന് അലോഷ്യസ് മനസ്സിൽ ഉറപ്പിച്ചു.
അയാൾ ജുബ്ബയുടെ പോക്കറ്റിൽ നിന്നും ന്യൂസ് പേപ്പർ കൊണ്ട് ചുറ്റിയ പൊതി പുറത്തെടുത്തു. അതിലെ മൂർച്ചയുള്ള കത്തി തിരിച്ചും മറിച്ചും നോക്കിയിട്ട് വീണ്ടുമതിനെ പൊതിഞ്ഞുവച്ചു.
കുറച്ചു സമയം കഴിഞ്ഞതും വെയ്റ്റർ ചായയുമായി എത്തി. മേശപ്പുറത്തെ തൊപ്പിയില്ലാത്ത മാർക്കർ പേനയെ നോക്കി വെയ്റ്റർ ചായ വച്ചു. ഇരയെ കിട്ടിയ സന്തോഷത്തിൽ മൂന്നാലീച്ചകൾ ആ ചായ ഗ്ലാസ്സിനു മുകളിൽ വട്ടമിട്ട് പറക്കാൻ തുടങ്ങി.
പക്ഷേ അലോഷ്യസ് അവനെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. അവനുവേണ്ടി എഴുതിയ മരണക്കുറിപ്പിനെയോർത്തപ്പോൾ അയാൾക്ക് സന്തോഷമടക്കാനായില്ല. ചിരിക്കിടയിൽ ചുണ്ടുകൾക്കിടയിൽ നിന്നും ചായ പുറത്തേക്ക് തെറിച്ചു.
"അല്ലെങ്കിലും ഈ ഭൂമിയിൽ ജീവിക്കാൻ അവനെന്തവകാശമുണ്ട്? നീളൻ കണ്ണുകളുള്ള ഭാര്യയെ ഉപേക്ഷിച്ച് വേറൊരുത്തിയുടെ കൂടെ പോയവനല്ലേ അവൻ. കെട്ടുകഴിഞ്ഞ് പെൺകുഞ്ഞിനെ ഉണ്ടാക്കാൻ കാട്ടിയ തിടുക്കവും മനസ്സും അവളെ പോറ്റാൻ കാണിക്കാതിരുന്നവൻ. ഭാര്യയേക്കാൾ തൊലി വെളുപ്പും ശരീരവടിവും കൂടുതലുള്ള വേറൊരുത്തിയെ കണ്ടപ്പോൾ സ്വന്തം ചോരയെ മറന്ന നാറി. ഒടുവിൽ കൂടെ പൊറുപ്പിച്ച മൊതല് തനിനിറം കാണിച്ച് പോയപ്പോൾ കാലം അവനെ നോക്കി കൊഞ്ഞനം കുത്തിയെന്നത് ശരി. ഒടുവിൽ തിരിച്ചറിവിന്റെ പാഠങ്ങൾ പഠിച്ചു എന്നതും മറ്റൊരു സത്യം.. പക്ഷേ ഒത്തിരി വൈകിയില്ലേ.?മിന്നുകെട്ടിയവളെ അവൻ്റെ മുന്നിലെ കുമ്പസാരക്കൂട്ടിലിരുത്താൻ വിടാതെ കർത്താവ് നേരത്തെ വിളിച്ചു. വളർച്ചയുടെ വഴികളിൽ ഒരിക്കൽ പോലും ഒരച്ഛന്റെ സ്നേഹം നൽകിയില്ലെങ്കിലും ഇന്നാ മകളാണ് അവൻ്റെ തുണ.അവന്റെ ചികിൽസക്കായി എത്രയോ പണമവൾ ചെലവിടുന്നു.. പക്ഷേ എന്തിന്..? തീരണം. അല്ല.. തീർക്കണം. അത് കൊണ്ടാണ് തീർക്കാൻ സന്തോഷത്തോടെ ആയുധമെടുത്തത്. ഇങ്ങനെയുള്ളവർ ഭൂമിക്ക് ഭാരമായി ഇവിടെ ഉണ്ടാവാത്തത് തന്നെയാണ് നല്ലത്."
അലോഷ്യസ് അയാളെ നോക്കിക്കൊണ്ട് പിറുപിറുത്തു.
ആയുധപ്പൊതി വീണ്ടും പോക്കറ്റിലാക്കി ഗ്ലാസിലെ ചൂടാറിത്തുടങ്ങിയ ചായ അലോഷ്യസ് ഒറ്റവലിക്ക് കുടിച്ചു. എന്നിട്ട് ദൗത്യം നിറവേറ്റാനുള്ള തിടുക്കത്തിൽ അയാളാ കസേരയിൽ നിന്നെഴുന്നേറ്റു. ആ കണ്ണുകൾ പതിവിലും ചുവന്നിരുന്നു. തന്റെ നീക്കങ്ങൾക്കൊപ്പം ഇരയും നീങ്ങുന്നതയാൾ ശ്രദ്ധിച്ചു.
കുറച്ചു കാലമായി സമയം നോക്കാൻ താൽപര്യം കാണിക്കാതിരുന്ന അയാൾ,പക്ഷേ റെസ്റ്റോറന്റിൽ നിന്നും മടങ്ങുമ്പോഴെല്ലാം ഇരയുടെ മുഖത്തിനൊപ്പം ക്ലോക്ക് ടവറിലെ സമയവും ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ അയാളതാവർത്തിക്കുകയും സമയം ഉറപ്പ് വരുത്തുകയും ചെയ്തു.
"സമയം 0630. കൃത്യം നടത്താൻ മുൻകൂട്ടി നിശ്ചയിച്ച സമയം."
എന്നത്തേയും മടക്കത്തിന്റെ സമയം ഇന്നവന്റെ ഒടുക്കത്തെ സമയമാക്കണമെന്നുറപ്പിച്ച് അലോഷ്യസ് ക്ലോക്ക് ടവറിനു നേരേ നടന്നു.
--------------------------------------------------------------------
രണ്ടുനാൾക്കു ശേഷം ക്ലോക്ക് ടവറിന്റെ മുറ്റത്ത് കൂടിയിരുന്ന ആൾക്കൂട്ടത്തിനിടയിലേക്ക് ഇൻസ്പെക്ടർ ബെന്നിയും സംഘവുമെത്തി. ആളുകളോട് പുറത്തേക്ക് നീങ്ങി നിൽക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കൂടെയുള്ള പോലീസുകാർ പ്രവേശന കവാടത്തിന് കുറുകെയായി ചുവപ്പ് റിബണുകൾ വലിച്ചുകെട്ടി. പൊതുവെ ആരും കടന്നു ചെല്ലാത്ത രണ്ടാം നിലയിലേക്കവർ തെളിവെടുപ്പിനായി നീങ്ങി. ദുർഗന്ധം വമിക്കാൻ തുടങ്ങിയ ശവശരീരത്തിന് മുൻപിലെത്തിയ ബെന്നിയും സംഘവും മൂക്കുപൊത്തിക്കൊണ്ട് തങ്ങളുടെ തൊപ്പിയൂരി.
"ഇയാളെ അവസാനമായി കണ്ടവരുണ്ടോ. എന്തെങ്കിലും വിവരം ലഭിച്ചോ?"
"ഉവ്വ് സർ..രണ്ട് ദിവസം മുൻപ് വൈകുന്നേരം, റോഡിനപ്പുറത്തെ റെസ്റ്റോറന്റിലെ ജീവനക്കാർ ഇയാളെ കണ്ടിരുന്നു. "
ബെന്നിയുടെ ചോദ്യത്തിന് എ.എസ്.ഐ മറുപടി നൽകി.
കുത്തേറ്റ് കിടന്ന ശവശരീരത്തിൽ നിന്നും വാർന്ന ചോര, അൽപം ദൂരെവരെ ചാലിട്ടിരുന്നു. ഉണങ്ങിപ്പിടിച്ച ചോരപ്പാടിൽ അൽപനേരമിരുന്നിട്ട് ഈച്ചകൾ വട്ടമിട്ടു പറന്നുകൊണ്ടിരുന്നു .
കൈയ്യുറ ധരിച്ച പോലീസുകാർ ശവശരീരത്തിലെ കത്തിയൂരിയിട്ട് ചെരിഞ്ഞു കിടന്ന ശവത്തെ നിവർത്തിക്കിടത്തി. ഓക്കാനം വരുത്തുന്ന അസഹ്യമായ ഗന്ധമപ്പോൾ ടവറിന്റെ ആ നിലയാകെ പരന്നു. മനുഷ്യമാംസം കൊത്തിപ്പറിക്കുന്ന കഴുകൻമാരെ ഓർമ്മിപ്പിച്ച, ഈച്ചകൾ പാതി തുറന്ന വായ് ഭാഗത്തും കണ്ണിൻ്റെ മുകളിലും അരിച്ചുകൊണ്ടിരുന്നു.
ഡെഡ്ബോഡിയുടെ പോക്കറ്റിൽ നിന്നും പാതി പുറത്ത് ചാടിയിരുന്ന പേഴ്സ് എ.എസ്.ഐ പുറത്തെടുത്തു. തുറന്നു പരിശോധിക്കുമ്പോൾ ഒരു വെളുത്ത പേപ്പർ അവരുടെ ശ്രദ്ധയിൽ പെട്ടു .
"സർ.. ഈ പേപ്പറൊന്നു നോക്കൂ. ഇതിലൊരു മൊബൈൽ ഫോൺ നമ്പർ കുറിച്ചിട്ടുണ്ട്. ഒരു പക്ഷേ ഈ നമ്പർ...?"
എ.എസ്.ഐ. കൈമാറിയ പേപ്പറിൽ നോക്കിക്കൊണ്ട് ബെന്നി തന്റെ മൊബൈൽ ഡയൽ ചെയ്തു.
" നമ്പർ സ്വിച്ച്ട് ഓഫ് ആണ്! തിരിച്ചറിയൽ രേഖകൾ എന്തെങ്കിലും? "
"ഉവ്വ് സർ. പേഴ്സിൽ നിന്നും പുതുക്കാത്തൊരു ലൈസൻസ് കിട്ടിയിട്ടുണ്ട്. "
"ഓക്കേ. അതിലെ അഡ്രസ്സ് ട്രാക്ക് ചെയ്യണം. പിന്നെ ഈ നമ്പർ ട്രൈ ചെയ്തു കൊണ്ടിരിക്കണം. നമ്പറിനെ കുറിച്ചുള്ള ഡീറ്റൈൽ എടുപ്പിക്കണം. ഫോറൻസിക് പരിശോനകൾക്ക് ശേഷം ബോഡി പോസ്റ്റ്മാർട്ടത്തിനയക്ക്. കത്തിയും ഫോറൻസിക് ലാബിൽ അയക്കണം. പിന്നെ അവസാനം അയാളെ കണ്ടെന്ന് പറയുന്ന റെസ്റ്റോറന്റിലെ ജീവനക്കാരോട് സ്റ്റേഷൻ വരെ വരാൻ പറയണം. റെസ്റ്റോറന്റിൽ പ്രാഥമിക തെളിവെടുപ്പ് നടത്തിയേക്ക്."
"ഓക്കേ സർ."
ബെന്നിയുടെ ഓർഡറുകൾക്ക് എ.എസ്.ഐ. മറുപടി നൽകി.
------------------- ------------------------------------------- - - - - -
അടുത്ത ദിവസം വൈകുന്നേരം,സ്റ്റേഷനിൽ വിളിച്ച് വരുത്തിയ യുവതിക്കും ഡോക്ടർക്കുമൊപ്പം ബെന്നിയും സംഘവും റെസ്റ്റോറന്റിലെത്തി.
"എത്ര നാളായി അയാൾ ഇവിടെ വരാൻ തുടങ്ങിയിട്ട്?''
"ഒരാഴ്ച്ചയായി സർ."
ബെന്നിയുടെ ചോദ്യത്തിന് റെസ്റ്റോറന്റ് ജീവനക്കാരൻ മറുപടി നൽകി.
"സർ.. ദേ ആ കാണുന്ന സീറ്റിലാണ് പുള്ളി സ്ഥിരമായി ഇരിക്കാറുണ്ടായിരുന്നെതെന്നാണ് ഇവർ പറയുന്നത്."
എ.എസ്.ഐ. ഇടക്കു കയറി പറഞ്ഞു.
"ഓക്കേ. "
"പിന്നെ. എല്ലാ ദിവസവും 0530 നു തന്നെ ഇവിടെ നിന്നും മടങ്ങിയിരുന്നെന്നും പറയുന്നു."
എ. എസ്. ഐ. പറഞ്ഞു തീർന്നതും ബെന്നി ജീവനക്കാരനോട് ചോദിച്ചു.
"അതെങ്ങനെ തനിക്കിത്ര കൃത്യമായി സമയം മനസ്സിലായി?"
" അത് സർ..ഇവിടെ കാഷ് കൗണ്ടറിലിരുന്നാൽ, ദേ ആ പാതി കെട്ടിയ ചുമരിനിടയിൽ കൂടി ക്ലോക്ക് ടവറിലെ സമയം വ്യക്തമായിക്കാണാം. ഒന്നു രണ്ടു ദിവസമായി അയാൾ ഏകദേശം ഒരേ സമയത്ത് പോകുന്നത് കണ്ടപ്പോഴാണ് ഞാൻ സമയം ശ്രദ്ധിക്കാൻ തുടങ്ങിയത്. അതെ സർ; എല്ലാ ദിവസവും അയാൾ അഞ്ചര മണിക്കു തന്നെയാണ് മടങ്ങിയിരുന്നത്."
ചെറിയ ഭയം കൊണ്ട്, ജീവനക്കാരന്റെ ശബ്ദം അൽപം ഇടറിയിരുന്നു.
ബെന്നി അയാൾ സ്ഥിരമായി ഇരിക്കാറുണ്ടായിരുന്ന കസേരക്കടുത്തേക്ക് നടന്നു.
റെസ്റ്റോറന്റിന്റെ വടക്കുഭാഗത്തെ പാതി തുറന്ന ചുമരിന്റെ നടുഭാഗം അൽപം പുറകിലോട്ട് തള്ളിക്കെട്ടിയിരുന്നു. അതിന് മുൻപിലെ വീതി കൂടിയ തൂണിന് പുറകിലായി ഇട്ടിരുന്ന ആ ഒറ്റ കസേര ലക്ഷ്യമാക്കിയാണ് ബെന്നി നീങ്ങിയത്. എന്തോ രസഹ്യം സൂക്ഷിച്ചിരുന്ന കസേരയിൽ ഇരുന്നിട്ട് ബെന്നി റെസ്റ്റോറന്റിന്റെ മറ്റു ഭാഗങ്ങളിലേക്ക് നോക്കി.
അപ്പോഴാണ് അയാളത് ശ്രദ്ധിച്ചത്. ആ കസേരയിൽ ഇരുന്നാൽ റെസ്റ്റോറന്റിലെ മറ്റാരേയും കാണാൻ സാധിക്കില്ല. എന്നു മാത്രമല്ല, മറ്റു ഭാഗങ്ങളിൽ നിന്ന് ആ കസേരയിലേക്ക് നോട്ടവുമെത്തില്ല. തൂണിന്റെ മുകളറ്റം വരെ കണ്ണാടിച്ചില്ല് പൊതിഞ്ഞിരുന്നു. കസേരക്ക് പുറകിലെ ഒരാൾ പൊക്കമുള്ള ചുമരിനിടയിലെ വിടവിൽക്കൂടി ക്ലോക്കിന്റെ പ്രതിബിംബം കണ്ണാടിയുടെ മുകളിൽ വ്യക്തമായിക്കാണുകയും ചെയ്യാം.
ഏകാന്തത ആസ്വദിച്ച് ആ കസേരയിലിരുന്ന് ചൂടു ചായ കുടിച്ചിരുന്ന അയാളുടെ മുഖം ബെന്നി മനസ്സിൽ കണ്ടു.
അപ്പോഴാണ് കസേരക്ക് മുൻപിലെ കണ്ണാടിയുടെ താഴ്ഭാഗത്തായി ചുവന്ന മാർക്കർ പേന കൊണ്ടുള്ള എഴുത്തയാൾ ശ്രദ്ധിച്ചത്. "വിധി സമയം 0630." എന്നെഴുതിയ ചെറിയ അക്ഷരങ്ങൾ.
ബെന്നി കസേരയിൽ നിന്നെഴുന്നേറ്റ് കാഷ് കൗണ്ടറിനടുത്തു നിന്ന യുവതിയെ വിളിച്ചു. മനോരോഗ വിദഗ്ധൻ ഡോ:റെജിയുടെ അരികിൽ നിന്ന ആ യുവതി ബെന്നിക്കരികിലേക്ക് വന്നു.
" നോക്കൂ മേഡം. ഞങ്ങൾക്ക് കിട്ടിയ ഫോൺ നമ്പറിൽ നിന്നും നിങ്ങളെ വിളിച്ചുവരുത്തിയപ്പോൾ തന്നെ ഏകദേശ ചിത്രം ലഭിച്ചിരുന്നു. ബട്ട്, ഈ കൈയ്യക്ഷരങ്ങൾ നിങ്ങളുടെ പപ്പയുടേത് തന്നെയാണോ എന്നു നോക്ക്."
കണ്ണാടിയിലെ എഴുത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ബെന്നി പറഞ്ഞു.
"അതെ സർ.. ഇത് പപ്പ എഴുതിയത് തന്നെയാണ്. "
ഇതു പറഞ്ഞു തീരുമ്പോൾ അവരുടെ ശബ്ദം വല്ലാതെ ഇടറുകയും, കൺമഷിയിട്ട ആ നീളൻ കണ്ണുകളിൽ നിന്നും കണ്ണീർ ചാലിടാനും തുടങ്ങിയിരുന്നു.
ബെന്നി, ഡോക്ടർ റെജിയേയും തന്റെയടുക്കലേക്ക് വിളിച്ചു.
" നോക്കൂ ഡോ: റെജി. നിങ്ങളുടെ പേഷ്യന്റ് അലോഷ്യസിന്റെ പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ മരണസമയം 0530 നും 0545 നും ഇടയിൽ ആണ്. കത്തിയിലെ വിരലടയാള പരിശോധനാ ഫലം മറിച്ചൊരു സംശയത്തിനും ഇട നൽകുന്നില്ല. നിങ്ങൾ ആ മനുഷ്യന്റെ പേഴ്സിൽ മടക്കിവച്ചിരുന്ന മകളുടെ ഫോൺ നമ്പറിനും അയാളെ രക്ഷിക്കാനായില്ല. ബട്ട് .അത് ഞങ്ങളെ നിങ്ങളിലേക്കെത്താൻ സഹായിച്ചു. പഴയ ലൈസൻസ് അഡ്രസ്സിന് പുറകേ പോയിരുന്നെങ്കിൽ കേസ് കോംപ്ലിക്കേറ്റഡ് ആയേനേ. മേഡം. ഐ ആം റിയലി സോറി. ഐ തിങ്ക്, നൗ എവരി തിംഗ് ഈസ് ക്ലിയർ."
ഡോക്ടറേയും യുവതിയേയും മാറി മാറി നോക്കിയിട്ട് കസേരയിൽ നിന്നും എഴുന്നേൽക്കുമ്പോൾ കണ്ണാടിയിലെ ക്ലോക്കിൻ്റെ പ്രതിബിംബത്തിൽ ബെന്നിയുടെ കണ്ണുകളുടക്കി. പ്രതിബിംബത്തിലപ്പോൾ സമയം ആറ് മണി ആയിരുന്നു. കസേരയിൽ നിന്നും എഴുന്നേറ്റ് പുറകിലെ പാതി തുറന്ന ചുമരിനിടയിൽക്കൂടി അയാൾ ക്ലോക്ക് ടവറിലെ സമയവും നോക്കി. പ്രതിബിംബത്തിലേയും ക്ലോക്ക് ഡയലിലേയും " 6 മണി സമയം " മാറി മാറി നോക്കിയിട്ട് അയാളൊന്ന് പുഞ്ചിരിച്ചു.
യുവതിയെ ആശ്വസിപ്പിച്ച് റെസ്റ്റോറന്റിൽ നിന്നും പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ പലഹാരത്തിന്റെ ചില്ലുകൂട്ടിൽ ഒരു ഈച്ച ചത്തു കിടക്കുന്നത് ബെന്നി ശ്രദ്ധിച്ചു. അതേ സമയം ഡോ:റെജി, യുവതിയുടെ കാതിൽ എന്തോ സംസാരിക്കുന്നതയാൾ കണ്ടു. ജീപ്പ് നഗരവീഥിയിലൂടെ മുന്നോട്ട് നീങ്ങുമ്പോൾ, റിയർവ്യൂ മിറർ തന്റെ നേരെ തിരിച്ചുവച്ചു കൊണ്ട് കാഴ്ച മറയും വരെ ബെന്നി അവരെ സാകൂതം വീക്ഷിച്ചു. യുവതിയുടെ മനോഹരമായ നീളൻ കണ്ണുകളിലെ ആർദ്രതയും, ഡോക്ടറുടെ കറുത്ത ചുണ്ടുകളിൽ വിരിഞ്ഞ മന്ദസ്മിതവും തമ്മിൽ ചേരുംപടി ചേർക്കാനാകാത്തത് അയാളുടെ നോട്ടത്തിൽ നിന്നും വായിച്ചെടുക്കാമായിരുന്നു.
(അവസാനിച്ചു..)
###ഷെഫീർ പരപ്പത്ത്.###
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo