Slider

ഈയാംപാറ്റകൾ I ShortStory I Anish Kunnathu

0

 "ഇനിയെൻ്റെ അമ്മച്ചിയെ തല്ലിയാൽ ഞാൻ വെട്ടും... അപ്പനെ ഞാൻ വെട്ടും..! "
ആ ഓലഷെഡ്ഡിൻ്റെ ഇറയിൽ തിരുകി
വച്ചിരുന്ന വാക്കത്തി കൈയെത്തിച്ച് വലിച്ചൂരിയെടുത്ത് അവൻ പാഞ്ഞടുത്തു.
ഒരു പത്തുവയസുകാരൻ്റെ ധീരമായ നിലപാടിലും ദൃഢമായ ശബ്ദത്തിലും വിജനമായ ചെറിയ കപ്പത്തോട്ടവും അതിലെ ഓലമേഞ്ഞ കുഞ്ഞ് ഷെഡ്ഡും ഒരുനിമിഷമൊന്ന് വിറങ്ങലിച്ചു.
കയ്യാലയിൽ നിന്നുമെടുത്ത കല്ലുകൊണ്ട്
മൂന്നാമത്തെ ഇടിയുടെ ആഘാതത്തിൽ
ബോധം മറഞ്ഞ ആ സ്ത്രീയുടെ പുറത്ത് നിന്നും അയാൾ കവച്ചുവച്ചിരുന്ന തൻ്റെ കാലുകളിലൊന്ന് നിവർത്തിയ ശേഷം
പതിയെ എണീറ്റു.
" അത്രക്കായോടാ... കഴുവേറീ... ?
നീ എൻ്റെ ചോരയാ.. എൻ്റെ ചോറ് തിന്ന് വളർന്ന നീ എന്നെ കയ്യോങ്ങുന്നോടാ....
ചവിട്ടിയരക്കും നിന്നെ ഞാനിന്ന്..."
" എനിക്കൊന്നും കേൾക്കണ്ട...
എൻ്റമ്മച്ചീടെ മേത്തുന്നും എണീറ്റില്ലേൽ ഞാനിന്ന് വെട്ടും... "
അവൻ്റെ,,ആ കൊച്ചു ചെറുക്കൻ്റെ
നിശ്ചയദാർഢ്യത്തിനു മുന്നിൽ അയാൾ
ഒന്ന് പരുങ്ങിയെന്നത് വ്യക്തം..
അതും പോരാഞ്ഞ് അവൻ തൻ്റെ
കയ്യിലിരുന്ന വാക്കത്തി തലങ്ങും വിലങ്ങും
രണ്ട് വീശങ്ങ് വീശി..
അപ്പോഴേക്കും അവൻ്റെ അമ്മയുടെ ഇടത്കൈയിൽ ചുരുട്ടിപ്പിടിച്ച്, എണ്ണത്തിരിപോലെ ചുരുണ്ട അമ്പത് രൂപയുടെ നോട്ട് അയാൾ തൻ്റെ കൈവശപ്പെടുത്തി.
ബ്ലൗസിനകത്ത് നിന്നും പുറത്തേക്ക് നിന്ന ഒന്നു രണ്ട് നോട്ടുകളുടെ തുമ്പ് കണ്ടതും അയാളുടെ കണ്ണുകൾ തിളങ്ങി..
അതെടുക്കാനായി കുനിയാൻ തുടങ്ങിയ സമയം തന്റെ കയ്യിലിരുന്ന വാക്കത്തി നീട്ടിപ്പിടിച്ച് ഒരടി കൂടി അവൻ മുന്നോട്ട് കയറി നിന്നു.
കേട്ടാലറക്കുന്ന കുറെ തെറികൾ അവന് നേരെ ചൊരിഞ്ഞ ശേഷം അയാൾ മെല്ലെ
ആടിയാടി മുന്നോട്ട് നടക്കാൻ തുടങ്ങി..
വേച്ച് വേച്ച് നടക്കുമ്പോഴും അയാൾ എന്തൊ വിളിച്ചലറുന്നുണ്ടായിരുന്നു..
അയാൾ പോയ പുറകെ തൻ്റെ കയ്യിലിരുന്ന വാക്കത്തി താഴെയിട്ട് അവൻ തൻ്റെ അമ്മയെ കുലുക്കി വിളിക്കാൻ തുടങ്ങി...
ഇതൊക്കെ കണ്ടിട്ട് ഒന്നും മനസിലാവാത്ത
ഒരു നാലുവയസുകാരി അവൻ്റെ ബട്ടൺസ് പൊട്ടിയ ഷർട്ടിൻ്റെ മൂലക്ക് തെരുപ്പിടിച്ച് നിൽക്കുന്നുണ്ട്.. വരണ്ടുണങ്ങിയ മുഖം.
അവിടെയിവിടെയായി തുന്നലുവിട്ടു പിഞ്ചി
തുടങ്ങിയ പെറ്റിക്കോട്ടിനുള്ളിൽ അവളുടെ കഴുത്തിലെ വളയസ്ഥികൾ തെളിഞ്ഞു കാണാം...
അവളുടെ കൈവിടുവിച്ച് അവൻ തൻ്റെ
ഓലപ്പുരക്കകത്തേക്കോടി. ആകെ ചളുങ്ങി
നാശമായ ഒരു സ്റ്റീൽമൊന്തയിൽ കുറച്ച് വെള്ളം കലത്തിൽ നിന്നും മുക്കിയെടുത്ത് വേഗത്തിൽ തിരിച്ച് വന്നു..
ഇടത് കൈയിൽ പാത്രം പിടിച്ച്, തൻ്റെ വലത് കൈയുടെ കുമ്പിളിലേക്കൊഴിച്ച് അവൻ അമ്മയുടെ മുഖത്തേക്ക് തളിച്ചു. പലതവണ അവനത് തുടർന്നു.
ഏതാനും നിമിഷങ്ങൾക്കു ശേഷം അമ്മ
കണ്ണു തുറന്നു. ദേഹം മുഴുവനും മണ്ണാണ്.
തലമുടി മണ്ണിൽകുളിച്ച് ജടപിടച്ചതു പോലെ..
മേൽചുണ്ടിൻ്റെ ഇടതുഭാഗം ഇടികൊണ്ട് ചതഞ്ഞു വീർത്തിട്ടുണ്ട്.വേദന കണ്ടു നിൽക്കാനാവാതെ കരഞ്ഞുകൊണ്ട്
" എണീക്കമ്മച്ചീ.. അമ്മച്ചീ, എണീക്ക്.."എന്നും പറഞ്ഞ് കയ്യിൽ പിടിച്ച്
എഴുന്നേൽപിക്കാൻ ശ്രമിക്കുന്നുണ്ട്.
"പിടിച്ചേടി അമ്മച്ചിയെ... എണീപ്പിക്ക്.. "
അവൻ പെണ്ണിനെ നോക്കി സഹായിക്കാൻ
വിളിച്ചു.. അവളും കൂടി ഇടത്കയ്യിൽ പിടിച്ച്
വലിക്കാൻ ശ്രമിച്ചു. എങ്ങനെയോ ഒരു ആയംവന്നപ്പോൾ അമ്മയെ അവര് എഴുന്നേറ്റ് ഇരുത്തിച്ചു.കയ്യിലിരുന്ന പാത്രത്തിൽ നിന്നും കുറച്ച് വെള്ളം കൊടുത്തു..
വെള്ളം കുടിച്ചതിൻ്റെ ആശ്വാസത്തിൽ
കണ്ണു തുറന്ന് ചുറ്റും നോക്കി. സംഭവിച്ച കാര്യങ്ങളുടെ ഏകദേശരൂപം ഇപ്പോഴാണ്
ധാരണയായത്.
" അമ്മക്കൊന്നൂല്ലടാ... മക്കള് വിഷമിക്കണ്ട...കരയണ്ട ട്ടോ.."
അത്ര മാത്രം വേദനക്കിടയിലും അവർ കരയാതിരിക്കാനുംവിഷമിക്കാതെയിരിക്കാനുമായി ആ അമ്മ കിതച്ചു കൊണ്ടാണ് അങ്ങനെ അത്രയും പറഞ്ഞെത്.
വല്ലപ്പോഴുമാണ് ഒരു പണികിട്ടുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ റോഡുപണിക്ക് വേണ്ട മണ്ണ് ചുമക്കാൻ പോയതിന് കിട്ടിയ രൂപയാണ്. അത് കള്ള് കുടിക്കാൻ വേണ്ടി അയാൾക്ക് കൊടുക്കാത്തതിലുള്ള കലി തീർത്തതാണ് കണ്ടത്.
ഈ സമയം അമ്മയെ വീഴാതെ പിടിക്കാൻ
തൻ്റെ കുഞ്ഞനുജത്തിയെ ഏൽപ്പിച്ച്
അവൻ കുടിലിനകത്തേക്ക് കയറി. എവിടോ തപ്പി നടന്ന് ഒരു വിക്സ് ബാമിൻ്റെ കുപ്പി തപ്പിയെടുത്ത് പുറത്തേക്ക് വന്നു.
അമ്മയുടെ പുറത്ത് ഇടി കിട്ടിയ ഭാഗത്ത്
മെല്ലെ മെല്ലെ ബാം പുരട്ടി വച്ചു. വേദനയാൽപുളയുന്നത് കണ്ട് അവൻ കരയുന്നുണ്ട്...
കുറച്ച് നേരം കൂടി അവിടിരുന്നു.നേരം ഇരുട്ടാവാൻതുടങ്ങുന്നു.
രണ്ട് കുഞ്ഞുങ്ങളുടെയും കൈ പിടിച്ചു ഏങ്ങിവലിഞ്ഞാണ് കുടിലിനുള്ളിലേക്ക്
അവൾ കയറിയത്.
ഒരു മൂലക്ക് ചുരുട്ടിവച്ച തഴപ്പായയെടുത്ത് അവൻ നിവർത്തി, അതിലേക്ക് അമ്മയെ മെല്ലെ കിടത്തി.
കുടിലിന് പുറത്ത് അടുപ്പുകൂട്ടിയതിൽ അരി വേവിക്കാൻ വെച്ചിരുന്നു. അടുപ്പിൽ കുറച്ച്
തീക്കനലുകൾ മാത്രം. കുറച്ച് ചുള്ളിവിറക്
അതിലേക്ക് തിരുകി , ഒരു ചെറിയ തീക്കുമ്പം വച്ച് അവനതിലൂടെ ഊതാൻ തുടങ്ങി. വിറക് പതിയെ കത്താനാരംഭിച്ചു.
കലത്തിൻ്റെ മൂടി തുറന്ന് അതിലേക്ക് കുറച്ച്
വെള്ളവും ഒഴിച്ചു. അപ്പോൾ ചെറുതായി
തിളക്കാൻ തുടങ്ങി.പെറ്റിക്കോട്ടുകാരി
എവിടുന്നോ കുപ്പിവിളക്ക് തപ്പിയെടുത്ത്
കുടിലിന് പുറത്തേക്ക് വന്ന് അവനു നേരെ
നീട്ടി. അടുപ്പിൽ നിന്നും ഒരു കത്തുന്ന ചുള്ളി
എടുത്ത് വിളക്കിലേക്ക് തീ പകർന്നു കൊടുത്തു...അതുമായി ആ കുഞ്ഞിപ്പെണ്ണ് അകത്തേക്ക് കടന്നു.
പുറത്തു കിടന്ന ഒരു പ്ലാസ്റ്റിക് ബക്കറ്റിൽ നിന്ന് ചിരട്ടത്തവിയും ഒരു പിഞ്ഞാണവും എടുത്ത് അതിലേക്ക് അവൻ കഞ്ഞിയുടെ
വെള്ളം കോരിയൊഴിച്ചു. കുറച്ച് ഉപ്പുകല്ല് വാരിയിട്ട് തവി കൊണ്ട് ഇളക്കി. ശേഷം മറ്റൊരു ചെറിയ പിഞ്ഞാണിയിൽ ഒഴിച്ച് വച്ച ശേഷം..
"ചൂട്കുറഞ്ഞിട്ട് കുടിച്ചോട്ടോ.." എന്നവൻ തൻ്റെ കുഞ്ഞനുജത്തിയോട് നിർദ്ദേശിച്ചു.
മറ്റേ പാത്രവും, ഒരു സ്പൂണും എടുത്ത് അകത്ത് കടന്ന ശേഷം അമ്മയുടെ ചാരത്തിരുന്നു.
താങ്ങിയെഴുന്നേൽപിച്ച് ഇരുത്തിയ ശേഷം
ചൂടുള്ള കഞ്ഞി വെള്ളം സ്പൂണിൽ കോരികൊടുത്തു. കുറച്ച് കഴിച്ച ശേഷം മതിയെന്നും പറഞ്ഞ് അമ്മ വീണ്ടും കിടന്നു.
അവൻ പാത്രങ്ങളുമെടുത്ത് പുറത്തേക്ക് കടന്നു. ചിരട്ടത്തവി കലത്തിലിളക്കി
കുറച്ച് വറ്റുകൾ എടുത്ത് ഒന്നുരണ്ട് വറ്റ്
ഞെക്കി നോക്കി. അമ്മ അതുപോലെ ചെയ്യുന്നത് കണ്ടിട്ടുണ്ട്.. കാര്യമായി ഒന്നും
മനസിലായില്ലങ്കിലും ഒരു പഴന്തുണികൊണ്ട്
ആ കലം അടുപ്പിൽ നിന്നും വാങ്ങി
താഴെ മാറ്റിവച്ചു. ഒരു അടപ്പെടുത്ത് മൂടി...
മറ്റൊരു പ്ലേറ്റെടുത്ത് ബക്കറ്റിലെ വെള്ളത്തിൽ കഴുകി അതിലേക്ക് കുറച്ച് കഞ്ഞി കോരി ചൂടാറാൻ വച്ചു. വക്ക് പൊട്ടിയ കറിച്ചട്ടിയുടെ മൂടി മാറ്റിയപ്പോൾ ഏതാനും ഉണക്കപ്പയറിൻ്റെ മണികൾ മാത്രമാണ് കണ്ടത്.അത് തവിക്ക്
ചിരണ്ടി കോരി പ്ലേറ്റിലേക്കിട്ടശേഷം തന്റെ
കുഞ്ഞു പെങ്ങളോട് കഴിക്കാൻ പറഞ്ഞു.
ബക്കറ്റിലെ വെള്ളത്തിൽ തന്നെ കൈ കഴുകിവന്ന് ആ പ്ലേറ്റ് വാങ്ങി അവൾ കുറേശെ വാരി തിന്നാൻ തുടങ്ങി. കൂടെ ഓരോ പയറു മണിയും ഇടക്ക് പെറുക്കി തിന്നു.
തൻ്റെ കുഞ്ഞു കൈയിൽ ഒരു പിടി വാരിയ
ശേഷം അവൾ അവന് നേരെ നീട്ടി. അവൻ
തുളുമ്പി വന്ന കണ്ണുകൾ തോളിൽ തൂത്തേച്ച് വേണ്ടെന്ന മട്ടിൽ തലയാട്ടി.
അപ്പോൾ നേരിയ നിലാവെളിച്ചത്തിൽ തൻ്റെ വീട്ടിലേക്കുള്ള വയൽ വരമ്പിലൂടെ ഒരാൾ ആടിയാടി വരുന്നത് കാണാം. അപ്പനാണ്. കുടിച്ച് വീണും വേച്ചും വരുന്ന വരവാണ്.
കുഞ്ഞിപ്പെണ്ണിനെ മുറ്റത്തിന് അരികെ കിടന്ന ഒരു കല്ലിനുമേലെ ഇരുത്തിയിട്ട്, അവിടിരുന്ന് കഴിച്ചോളാൻ പറഞ്ഞ ശേഷം കുടിലിന് അകത്ത് കയറി, അവൻ നേരത്തെയെടുത്ത വാക്കത്തിയും കയ്യിൽ കരുതി.
അപ്പൻ വരുന്നതിൻ്റെ ശബ്ദം അടുത്തടുത്ത് കേൾക്കാം. കൂടെക്കൂടെ
കാറിത്തുപ്പുകയും എന്തൊക്കെയോ അസഭ്യങ്ങൾ പുലമ്പുന്നുമുണ്ട്''.
മുറ്റത്ത് കല്ലിലിരുന്ന് കഴിക്കുന്ന
കുഞ്ഞിപ്പെണ്ണിൻ്റെ നേരെ നോക്കി ഒന്നിരുത്തി മൂളിയ ശേഷം അകത്തേക്ക് കടന്നു.
അമ്മയെ വീണ്ടും ഉപദ്രവിക്കുമെന്ന ഭയം അവനെയലട്ടിയിരുന്നു.
"എൻ്റെ നേരെവാക്കത്തിയോങ്ങാറായോടാ
കള്ള *@</#... cൻ്റെ മോനേ.. " എന്നൊരു
ആക്രോശവും തൊഴിയും ഒരു സെക്കൻ്റിൽ
കഴിഞ്ഞിരുന്നു. കയ്യിലിരുന്ന വാക്കത്തി തെറിച്ച് താഴെ വീണ സമയം അവൻ ഓലകൊണ്ട് തന്നെയുള്ള മറ തുളച്ച് പുറത്തേക്ക് തെറിച്ച് പോയി..
എങ്ങനെയോ തപ്പിത്തടഞ്ഞ് എഴുന്നേറ്റ
അവൻ കുടിലിന് പിന്നിലുള്ള ഒരു മരത്തെ മറഞ്ഞ് നിന്നു. അപ്പോഴേക്കും അവനെ പിടിക്കാൻ വേണ്ടി അയാൾ കുടിലിന് പിന്നിലേക്കെത്തി.അവിടൊക്കെ തിരഞ്ഞ് നോക്കിയെങ്കിലും കാണാതെ വന്നപ്പോൾ
കലിയോടെ അയാളലറി.
"എൻ്റെ കൺമുന്നിൽ നിന്നെ കണ്ടാല് വെട്ടിക്കീറും ഞാൻ... ഓർത്തോടാ *# o @ & *%^ മോനെ..."
പേടിച്ച് ശ്വാസം വിടാൻപോലും ഭയന്ന് അവൻ അവിടത്തന്നെ നിന്നു. ഇതേസമയം
വീണ്ടും കുടിലിനകത്തേക്ക് കടന്ന അയാൾ താഴെ വീണു കിടന്നിരുന്ന വാക്കത്തി
തപ്പിയെടുത്ത്, പാതിബോധത്തിൽ കിടന്ന അവളെ നോക്കി അലറി...
" ഞാനാരാന്ന് ഇപ്പം നിനക്ക് മനസ്സിലായോടി...*.">.. #%.ളെ നിനക്ക്.?
കാശ് ചോദിച്ചാൽ തന്നോണം. ഇല്ലങ്കി
നിന്നെ കൊന്നിട്ടായാലും ഞാൻ വാങ്ങും... "
ഇതും പറഞ്ഞ് ഒന്ന് കുനിഞ്ഞ് ,കയ്യിലിരുന്ന വാക്കത്തി കൊണ്ട് കുടിലിൻ്റെ ഓലമറ
ബലപ്പെടുത്താൻ കുത്തിയുറപ്പിച്ചിരുന്ന കമ്പിലേക്ക് ഒറ്റ വെട്ടായിരുന്നു.
പേടിപ്പിക്കാൻ വേണ്ടി ചെയ്തതായിരുന്നു.
പക്ഷെ,, ആ വെട്ട് കമ്പ് മുറിഞ്ഞിട്ടും നിന്നില്ല.നിലത്ത് കിടന്നവളുടെ കഴുത്തും
തൊണ്ടയും പൊളിച്ചാണ് നിന്നത്..
അയാള് ഒന്ന് പകച്ചു.. ഉടനെ പുറത്തിറങ്ങി.
മരത്തിനുമറവിൽ ഇതെല്ലാം കണ്ടു കൊണ്ട് വിറങ്ങലിച്ച് നിന്ന അവൻ, ഓലമറയുടെ വിള്ളലിൽ കൂടി തന്നെ ഓടി അകത്ത്
കയറി. സഹിക്കാനാവാതെ അവൻ നെഞ്ച് പൊടിഞ്ഞ് കരഞ്ഞു..രക്തം വാർന്നൊഴുകി പരക്കുന്നു. അവൻ അമ്മയെ കെട്ടിപ്പിടിച്ച്
കരഞ്ഞു. അവസാനത്തെ പിടച്ചിലാണ്.
വെള്ളം വേണമെന്ന അസ്പഷ്ടമായ സ്വരം
അവന് മനസിലായി. മൊന്തയിൽ എടുത്ത
വെള്ളം അമ്മയുടെ വായിൽ അൽപാൽപം
ഒഴിച്ചു കൊടുത്തു... അതിൽ പാതിയും മുറിഞ്ഞ തൊണ്ടക്കുഴലിലൂടെ പുറത്തേക്ക്
ഒഴുകി..
അമ്മയുടെ അവസാനത്തെ ഞരക്കവും
കഴിഞ്ഞിരിക്കുന്നു. പേടിച്ച് വിളറിക്കരയുന്ന
കുഞ്ഞിപ്പെണ്ണിനെ അവൻ ചേർത്തുപിടിച്ചു.
ഇതിനോടകം പുറത്തേക്കു പോയ അയാൾ
കൈലി മടക്കിക്കുത്തി,ഇടറുന്ന കാലുകളുമായി അകത്തേക്ക് കയറി.. മരിച്ചു കിടന്ന അമ്മയുടെ ദേഹത്ത് കാലുകൊണ്ടിളക്കിക്കൊണ്ട് 'ചത്തോടി, ... നീ ചത്തോ...' എന്നൊക്കെ പുലമ്പുന്നുണ്ടായിരുന്നു.
ശേഷം താഴെക്കിടന്നിരുന്ന പ്ലാസ്റ്റിക്കിൻ്റെ കുടം തൊഴിച്ചു തെറിപ്പിച്ചു. അതു പക്ഷെ മണ്ണെണ്ണ വിളക്കിനെയും തട്ടിമറിച്ചാണ് ഉരുണ്ടത്. ഒരു നിമിഷം കൊണ്ട് തീപിടിച്ച്
ആളിക്കത്തുന്ന കുടിലാണ് കാണുന്നത്.
തീപിടിച്ച മനുഷ്യരൂപം അതിനകത്ത് വട്ടം കറങ്ങുന്നുണ്ടായിരുന്നു.എന്ത്ചെയ്യണമെന്ന്
അറിയാതെ പകച്ചുപോയ അവൻ തൻ്റെ
കുഞ്ഞനുജത്തിയുടെ കൈപിടിച്ച് ചൂടിൽ
നിന്നും അകലേക്ക് നീങ്ങിക്കൊണ്ടിരുന്നു..
എല്ലാം കത്തിവെണ്ണീറാകുമ്പോൾ,
ഇനിയെന്ത് എന്നറിയാതെ വിരൽതുമ്പിൽ
തൂങ്ങി നടക്കുന്ന കുഞ്ഞിപ്പെണ്ണിനെയും കൊണ്ട് ആ നേരിയ വെളിച്ചത്തിൽ വയൽ വരമ്പിൽ കൂടെ അവൻ നടക്കാൻ തുടങ്ങി... ദിശയറിയാതെ..

Written by Anish Kunnathu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo