നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദ്വിതീയ സമവാക്യങ്ങൾ I Short Story I Joby George Mukkadan


 "ഇതെപ്പോ വന്നു, എന്താ വിളിക്കാതിരുന്നത്?"
രാവിലെ ഡോർ തുറന്നു പുറത്തേയ്ക്ക് വന്നപ്പോൾ വരാന്തയിൽ ഇരുന്ന് പത്രം വായിക്കുന്ന ആനന്ദിനെ കണ്ട് തെല്ല് ആശ്ചര്യത്തോടെ തനൂജ ചോദിച്ചു.
"ഞാൻ ബെല്ലടിച്ചിരുന്നു തുറക്കാഞ്ഞപ്പോൾ കരുതി എണീറ്റിട്ടുണ്ടാവില്ല എന്ന്. നിന്റെ ഇന്നത്തെ കണി മനോഹരമായി ല്ലേ "
അയാൾ പത്രം മടക്കി കൊണ്ട് പറഞ്ഞു.
"ഫോൺ വിളിക്കാമായിരുന്നില്ലേ. കാളിംഗ് ബെൽ ഈസ് നോട്ട് വർക്കിംഗ്. അകത്തേയ്ക്ക് വരൂ. ഇതെന്താ ഷർട്ട് ഒക്കെ നനഞ്ഞിരിക്കുന്നത്? മഴ ഉണ്ടായിരുന്നോ വരുമ്പോൾ?"
അവളെ പിന്തുടർന്ന് അകത്തേയ്ക്ക് കടക്കുന്നതിനിടയിൽ ഡോർ ബെൽ ഒന്ന് കൂടി അമർത്തി നോക്കിക്കൊണ്ട് അയാൾ മറുപടി പറഞ്ഞു.
"എണീറ്റിട്ടില്ലെന്ന് തോന്നിയത് കൊണ്ട് ഞാൻ വാഴയൊക്കെ ഒന്ന് നോക്കി. കുറച്ച് ചാണകപ്പൊടി കൊണ്ട് വന്നിരുന്നു, അതിട്ടു കൊടുത്തപ്പോൾ നനഞ്ഞതാണ്. രാത്രി മഴയുണ്ടായിരുന്നു"
"എന്തിന്? ഞാനാ വാഴയൊക്കെ വെട്ടിക്കളയാൻ ഒരു ജോലിക്കാരനെ ഏർപ്പാടാക്കിയിരിക്കുകയാണ്. അല്ലെങ്കിലുമിപ്പോ ആ വാഴകുലച്ചിട്ട് വേണ്ടേ പഴം തിന്നാൻ"
തനൂജ അല്പം പുച്ഛത്തോടെ തുടർന്നു ...
"ആകപ്പാടെ ഇത്തിരി സ്ഥലമേയുള്ളൂ. കുറച്ച് ആന്തൂറിയം കൂടി വയ്ക്കാൻ നോക്കിയിട്ട് സ്ഥലമില്ല".
"അതൊക്കെ നിന്റെ ഇഷ്ടം. വെട്ടിക്കളയുന്നത് വരെ അവ മാന്യമായി ജീവിക്കട്ടെ. സംരക്ഷിക്കപ്പെടുമെന്ന് ചുമ്മാ വിചാരിച്ചോട്ടെ, അവയ്ക്കുമുണ്ടല്ലോ വിശപ്പും ദാഹവുമൊക്കെ "
തനൂജ രൂക്ഷമായി അയാളെ നോക്കി.
"അച്ഛനുമമ്മയും എവിടെ എണീറ്റില്ലേ?"
"അവരിവിടെയില്ല. ഇന്നലെ സുധിയുടെ വീട്ടിൽപോയി. വൈകിട്ട് തിരിച്ചെത്തും" തനൂജ പറഞ്ഞു.
മോളുണ്ടായ കാലത്ത് തനൂജക്ക് ഡൽഹിയിലായിരുന്നു ജോലി. ആനന്ദിന് അവിടെയൊരു ആർട്ട്‌ ഗാലറിയിൽ താൽക്കാലിക ജോലിയും. വലിയ ശമ്പളം ഉണ്ടായിരുന്നില്ലെങ്കിലും വളരെ ഇഷ്ടപ്പെട്ടിരുന്ന ആ ജോലി രാജിവച്ചത് മോളെ നോക്കാനായിരുന്നു .അതിന് ശേഷവും അയാൾ ചിത്രങ്ങൾ വരച്ച് മോശമല്ലാത്ത വരുമാനം ഉണ്ടാക്കിയിരുന്നു.
മോൾക്ക് നാല് വയസായപ്പോളാണ് തനൂജക്ക് നാട്ടിലേക്ക്‌ സ്ഥലമാറ്റം കിട്ടിയത്. ജോലി രാജിവച്ച് മക്കളെ നോക്കിയത് ഒരിക്കലും അയാൾക്ക് നഷ്ടമായി തോന്നിയിരുന്നില്ല എന്നുമാത്രമല്ല തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം മക്കൾക്ക് വേണ്ടി ഉറക്കിളച്ച രാത്രികളാണെന്ന് അയാൾ ഉറച്ചു വിശ്വസിച്ചിരുന്നു.
ആദ്യമൊക്കെ തനൂജക്ക്, അയാൾ ജോലി രാജിവച്ചത് കുടുംബത്തിന് വേണ്ടിയാണെന്ന തോന്നലുണ്ടായിരുന്നു . സ്വന്തം ഇഷ്ടങ്ങൾ മാറ്റിവച്ച് നിൽക്കുന്നതിന്റെ വിലയും തിരിച്ചറിഞ്ഞിരുന്നു. പിന്നെപിന്നെ ഭർത്താക്കന്മാരെ നിയന്ത്രിച്ചു നിർത്തണം എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടതിലേയ്ക്ക് അവളും മാറി. സ്വാതന്ത്ര്യത്തിന് മറ്റെന്തിലും വിലകല്പിച്ചിരുന്നെങ്കിലും, ആനന്ദ് വഴക്കുകൾ ഒഴിവാക്കി മനഃസമാധാനത്തോടെ ജീവിക്കണം എന്നനിലപാടുകാരനായിരുന്നു. അതും അയാളുടെ കഴിവുകേടായി തോന്നിയിട്ടുണ്ടാവണം. തോറ്റുകൊടുക്കുന്നത് സ്നേഹമാണെന്നും സ്നേഹിക്കുന്നവർക്കിടയിൽ അതിലും വലിയ ജയം ഇല്ലെന്നും ആനന്ദ് തിരിച്ചറിഞ്ഞിരുന്നു എന്ന് പറയുന്നതാവും കൂടുതൽ നല്ലത്.
ആദ്യമൊക്കെ അനാവശ്യ വഴക്കുകളുണ്ടാവുമ്പോളും , ഹോർമോൺ റഷ് എന്ന ന്യായത്തിൽ ഒതുക്കാനാവാത്ത വാചകങ്ങൾ ഉപയോഗിക്കുമ്പോളും ഒക്കെ ആനന്ദ് പറയുമായിരുന്നു തന്റെ തെറ്റെന്താണെന്നു പറയൂ, തിരുത്താൻ ശ്രമിക്കാമെന്ന്. എവിടെയോ വച്ച് തനൂജക്ക് ആനന്ദിന്റെ വ്യക്തിത്വത്തെ അംഗീകരിക്കാനുള്ള മനസ്സ് നഷ്ടമായിരുന്നു. വെറുപ്പോ കാര്യമായ വഴക്കുകളോ ഉണ്ടായിരുന്നില്ലെങ്കിലും തമ്മിൽ അകലം കൂടിവരുന്നത് അവരറിഞ്ഞില്ലെന്ന് നടിച്ചു. മെല്ലെ ആനന്ദ് അത്തരം കാര്യങ്ങളുമായി പൊരുത്തപ്പെട്ടു. അയാൾ ചുറ്റുമൊരു അദൃശ്യമായ വേലികെട്ടി അതിനുള്ളിൽ ജീവിക്കാൻ പഠിച്ചു. ചിത്രംവര തീരെ ഇല്ലാതായി.
ആനന്ദിന്റെ അമ്മ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത് , അവരാകട്ടെ ഭർത്താവിന്റെ ഓർമ്മകളുള്ള വീട്ടിൽ നിന്നും മാറിനിൽക്കില്ല എന്ന വാശിയിലും. അമ്മയുമായി തനൂജയ്ക്ക് വലിയ അകൽച്ച ഉണ്ടായിരുന്നില്ല. ശാരീരികമായ അകലം തീർക്കുന്ന അടുപ്പമാണതെന്നുള്ള തിരിച്ചറിവിൽ അമ്മയെ കൂടെ നിർത്താനുള്ള ആഗ്രഹം അയാൾ മനസ്സിൽ കുഴിച്ചുമൂടി, അമ്മയുടെ വാശിയുടെ ന്യായം കൂട്ടുപിടിച്ച്.
വീക്കെന്റുകളിൽ മാത്രം അമ്മയോടൊപ്പം പൊയി തങ്ങിയിരുന്ന ആനന്ദ്, തനൂജയുടെ അച്ഛനുമമ്മയും വീട്ടിൽ വന്നതിന് ശേഷം
താമസം മിക്കവാറും അമ്മയോടൊപ്പമാക്കി. ഏറെത്താമസിയാതെ ചിത്രം വരയും പുനരാരംഭിച്ചു.
"മക്കൾ എണീറ്റില്ലേ? അവരെയും ഒന്ന് കണ്ടു പോകാൻ ആണ് ഞാൻ വന്നത് "
ബെഡ്റൂമിലേക്ക് നടക്കുന്നതിടയിൽ അയാൾ ചോദിച്ചു ..
"ഉറക്കമാണ്. ഇന്നലെ രാത്രി ലേറ്റ് ആയാണ് കിടന്നത് .. ധൃതിയില്ലെങ്കിൽ വിളിക്കണ്ട, കുറച്ച് നേരം കൂടി ഉറങ്ങിക്കോട്ടെ"
അയാൾ ബെഡ്റൂമിന്റെ വാതിക്കൽ ചെന്ന് കുറച്ച് നേരം അകത്തേയ്ക്ക് നോക്കി നിന്നതിനു ശേഷം മറ്റൊരു മുറിയിലേയ്ക്ക് പോയി അവിടൊരു അലമാരയിൽ നിന്നും ഒരു സ്ക്രൂഡ്രൈവർ എടുത്ത് പുറത്തു വന്ന് ഡോർബെല്ലിന്റെ സ്വിച്ച് ബോർഡ് അഴിച്ച് പണിയാൻ തുടങ്ങി ..
"ദാ കട്ടൻ കാപ്പി .. കാപ്പിപ്പൊടി മൊത്തം അവിടിരുന്നു വേസ്റ്റ് ആവുന്നു. ഞാൻ ഉണ്ടാക്കാറില്ല, മക്കളേം ആ ദുശീലം മാറ്റിച്ചു .."
അയാൾക്ക് കട്ടൻ കാപ്പി കൊടുത്തു കൊണ്ട് തനൂജ പറഞ്ഞു.
"ഈ കട്ടൻ ഒക്കെ ഞങ്ങൾ കൺട്രികളുടെ പാനീയം അല്ലേ.. കാപ്പിപ്പൊടി പോകുമ്പോൾ പൊതിഞ്ഞു തന്നോളൂ ... രാവിലത്തെ വരവ് നഷ്ടം ആവണ്ട"
അയാൾ ബെൽ അടിച്ച് നോക്കി കൊണ്ട് പറഞ്ഞു ..അകത്ത് ബെൽ ശബ്ദം മുഴങ്ങി ..
"ഓ ശരി ആയോ .. ഇനീപ്പോ പെണ്ണ് എണീറ്റ് വരും . ചെറിയ ശബ്ദം കേട്ടാൽ പോലും പിന്നവൾ കിടക്കില്ല ..വന്നു വന്നു ഒട്ടും അനുസരണ ഇല്ല അവൾക്ക് .. അതെങ്ങനാ ..."
തനൂജ അർധോക്തിയിൽ നിർത്തി ..
"വിടഡോ, എന്നോടുള്ള ഈർച്ച മക്കളോട് കാണിക്കണ്ട. ഞാൻ രാവിലെ വന്നത് മക്കളെ ഒന്ന് കണ്ടു പോകാൻ ആണ് .. അവരോടിത്തിരി സംസാരിച്ചിട്ട് ഞാൻ സ്ഥലംകാലിയാക്കും"
അയാൾ തെല്ല് അസ്വസ്ഥതയോടെ പറഞ്ഞു ..
"അമ്മാ.. സോറി, മമ്മാ..."
ബെഡ്റൂമിൽ നിന്നും അപ്പോൾ പുറത്തേക്ക് വന്ന എട്ടുവയസ്സുകാരി വിളിച്ചു...
"ആരാ വന്നത് ...അച്ഛൻ വന്നോ.. അച്ഛന്റെ സൗണ്ട് ഞാൻ കേട്ടല്ലോ"
ഡോറിനടുത്ത് അയാളെ കണ്ടതും അവൾ ഓടി അയാളുടെ അടുത്തേയ്ക്ക് വന്നു ..
അയാൾ കാപ്പിഗ്ലാസ്സ് താഴെ വച്ച് അവളെ കോരിയെടുത്ത് ഇരുകവിളിലും മാറിമാറി ഉമ്മവച്ചു ..
"അച്ഛനെപ്പോൾ ആണ് വന്നത് .. രാത്രി വന്നിരുന്നോ എന്താ തത്തക്കുട്ടിയെ വിളിക്കാതിരുന്നത് .. എത്ര ദിവസമായി അച്ഛന്റെ പുറത്തു കിടന്നുറങ്ങിയിട്ട് .. "
അവൾ കൊഞ്ചലോടെ നിർത്താതെ സംസാരിക്കുകയാണ് .. അയാളുടെ കണ്ണുകൾ നിറഞ്ഞു ..
"അച്ഛേടെ തത്തക്കുട്ടി ഒരുമ്മ തന്നേ .. ഒരു സ്പെഷ്യൽ ഉമ്മ "
അയാൾ പറഞ്ഞതും അവൾ അയാളുടെ കവിളിൽ അമർത്തി ഒരുമ്മ കൊടുത്തു
"ഉ .......മ്മ "
ചുണ്ടെടുക്കാതെ അവൾ അച്ഛന്റെ കവിളിൽ ഉ എന്ന് നീട്ടി പറഞ്ഞു ഉമ്മവച്ചുകൊണ്ടേയിരുന്നു ..
"അപൂർവ്വാ, മതി കൊഞ്ചിയത് .. ഗോ ആൻഡ് ബ്രഷ്.. സ്കൂൾ ഉള്ളതാണ് മറക്കണ്ട.. എനിക്കും ഓഫീസിൽ പോകേണ്ടതാണ് "
അവസാനവാചകം അയാളെ നോക്കിയാണ് തനൂജ പറഞ്ഞത്. എന്നിട്ടവൾ അടുക്കളയിലേയ്ക്ക് നടന്നു .
"മോൾക്കിന്ന് അച്ഛൻ ബ്രഷ് ചെയ്ത് തരാട്ടോ "
അയാളത് പറഞ്ഞപ്പോൾ അടുക്കളയിലോട്ട് നോക്കി കൊണ്ട് പതുങ്ങിയ ശബ്ദത്തിൽ അവൾ പറഞ്ഞു
"'അമ്മ വഴക്ക് പറയുമച്ഛാ"
"ഇന്നൊരു ദിവസമല്ലേ.. അച്ഛൻ പറഞ്ഞോളാം അമ്മയോട്. മോള് പേടിക്കണ്ട .. മ്മക്ക് വാവച്ചിയെ എണീപ്പിക്കണ്ടേ ?"
" ന്നെ ബ്രഷ് ചെയ്യിപ്പിച്ചിട്ട് മതിയച്ഛാ.. അല്ലേൽ പിന്നെ അവനെ എടുക്കില്ലേ അച്ഛൻ .. എനിക്കിന്ന് അച്ഛൻ വാരി തരണം കഴിക്കാൻ.. ഡ്രെസ്സും ചെയ്യിക്കണം "
വാഷ് ഏരിയയിലേക്ക് നടക്കുന്നതിനിടയിൽ അവൾ നിർത്താതെ കൊഞ്ചിക്കൊണ്ടിരുന്നു .
മോളെ ബ്രഷ് ചെയ്യിക്കുമ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
അവളെ ആദ്യമായി കയ്യിലെടുത്തതും രാപ്പകലില്ലാതെ അവളെ എടുത്തു കൊണ്ട് നടന്നതുമെല്ലാം ഇന്നലെ എന്നത് പോലെ അയാളുടെ മനസ്സിലൂടെ കടന്നു പോയി ..
"അച്ചാ വാവച്ചിയെ എണീപ്പിക്കണ്ടേ "
മോളുടെ ശബ്ദം കേട്ടാണ് അയാൾ ചിന്തയിൽ നിന്നുണർന്നത് ..
മോളെ ഹാളിൽ ഇരുത്തിയിട്ട് അടുക്കളയിലേയ്ക്ക് നോക്കി അയാൾ പറഞ്ഞു
"മോനെ എടുക്കുകയാണ് കേട്ടോ "
ബെഡ്‌റൂമിൽ കടന്നയാൾ കണ്ണടച്ചുറങ്ങുന്ന മകന്റെ അടുത്ത് കുറച്ച് നേരമിരുന്നു .. നെറ്റിയിൽ കിടന്ന അവന്റെ മുടിയിഴകൾ കോതി വച്ചിട്ട് അവന്റെ നെറ്റിയിൽ മെല്ലെയൊരു ഉമ്മ കൊടുത്തു ..
എന്നിട്ട് വിളിച്ചു
"ഡാ വാവച്ചി എണീക്കടാ"
പെട്ടെന്ന് കണ്ണുതുറന്നവൻ അച്ഛനെ കണ്ടതും എന്തിനോ ഞെട്ടി കരയാൻ തുടങ്ങി. അയാൾ അവനെ വാരിയെടുത്ത് തോളിൽ കിടത്തി ..
"അച്ഛേടെ വാവച്ചി കരയണ്ട കേട്ടോ അച്ചയുണ്ട് അടുത്ത് "
കരച്ചിൽ കേട്ട് തനൂജ അവിടേയ്ക്ക് വേഗം വന്നു
"അതെങ്ങനാ പിള്ളേരോട് ഈ കാണിക്കുന്ന സ്നേഹമുണ്ടേൽ ഇവിടെ നിൽക്കണം .. എന്നിട്ട് വെളുപ്പിനെ വന്നു മെലോഡ്രാമ .."
തനൂജ ചീറിക്കൊണ്ട് മോനെ വലിച്ചെടുക്കാൻ ശ്രമിച്ചു .. അവൻ അച്ഛന്റെ കഴുത്തിൽ അള്ളിപ്പിടിച്ചിരുന്നു ..
"തനൂജ ഞാൻ പറഞ്ഞു ഒരു സീൻ വേണ്ട ഞാനിപ്പോൾ പോകും "
അയാൾ മോനേം കൊണ്ട് നടക്കുന്നതിനിടയിൽ പറഞ്ഞു.
" നിങ്ങൾക്കിവിടെ വന്നു നിന്ന് കൂടെ... ഇത് നിങ്ങളുടേം വീടല്ലേ "
തനൂജക്ക് ദേഷ്യവും സങ്കടവും വരുന്നുണ്ടായിരുന്നു
"അധികം ദൂരെയൊന്നുമല്ലല്ലോ ഞാൻ .. എന്തുകൊണ്ട് ഇവിടെ നിൽക്കുന്നില്ലായെന്ന് നിനക്ക് വ്യക്തമായറിയാമല്ലോ .. ഒരു തർക്കത്തിന് ഞാനില്ല .. ഇവിടെ വന്നുനിൽക്കും .. സമയമുണ്ടല്ലോ നമുക്കിനിയും.. നീ പറഞ്ഞ പോലെ "ഇതെന്റെയും വീടാണല്ലോ "
ആത്മനിന്ദയോടെ അയാൾ പറഞ്ഞു.
ടോയ്‌ലെറ്റിൽ കയറി തിരിച്ച് വരുമ്പോൾ മോൻ ഉത്സാഹവാനായിരുന്നു ..
മക്കൾക്ക് ആഹാരം കൊടുക്കുന്നതിനിടയിൽ അയാൾ പറഞ്ഞു.
"ഞാനൊരു കാര്യം പറഞ്ഞിട്ട് പോകാനാണ് വന്നത്"
തനൂജ ചോദ്യഭാവത്തിൽ നോക്കി.
"ഞാനൊരു യാത്ര പോവുകയാണ് എന്ന് തിരിച്ച് വരുമെന്നറിയില്ല. നമ്മൾ പരിചയപ്പെട്ട കാലം മുതൽ ഞാൻ പറയുമായിരുന്നല്ലോ ഇങ്ങനെ ഒരുമിച്ചൊരു യാത്ര.നിറയെ ചിത്രങ്ങളൊക്കെ വരച്ച്, അന്നത്‌ നിന്റെയും സ്വപ്നമായിരുന്നു. കല്യാണശേഷം ഒരിക്കലും അതിനുള്ള സാഹചര്യം ഉണ്ടായില്ല "
"ഓ നിങ്ങൾക്ക്‌ നിങ്ങളുടെ ഇഷ്ടങ്ങളല്ലേ വലുത് "
തനൂജ ചീറി .
"ഇല്ല തനൂജ നിനക്കത് മനസിലാവില്ല, എന്നെയും. നമ്മൾ കുറെ സംസാരിച്ചതാണല്ലോ .. ഒരു പരിധി കഴിയുമ്പോൾ പ്രഷർ താങ്ങാനാവാതെ കുക്കറിന്റെ വിസിൽ അടിച്ച് നീരാവി പുറത്തേയ്ക്ക് പോകില്ലേ.. അതുപോലെ കരുതിയാ മതി .. "
അയാൾ ഒട്ടും പരിഭവമില്ലാതെ പറഞ്ഞു .
തനൂജ ഒന്നും മിണ്ടിയില്ല.യൂണിഫോം ഇട്ടു കൊടുക്കുന്നതിടയിൽ അയാൾ മോനോട് പറഞ്ഞു.
"മോനെ അമ്മയെ അനുസരിക്കണം കേട്ടോ അമ്മക്ക് നിങ്ങളല്ലെ ഉള്ളൂ "
പിന്നെ തിരിഞ്ഞ് തനൂജയോടായി ചോദിച്ചു.
"ഇന്ന് മക്കളെ ഞാൻ സ്കൂളിൽ ആക്കിക്കോട്ടെ? വേണുക്കുട്ടൻ ഓട്ടോയുമായി വരും "
"അതുവേണ്ട ഞാൻ കാറിൽ വിട്ടോളാം. നിങ്ങൾക്കും അതിൽ ഇറങ്ങാല്ലോ അങ്ങോട്ട് "
തനൂജ പറഞ്ഞതിനയാൾ മറുപടിയൊന്നും പറഞ്ഞില്ല.
തനൂജ ഡോർ ലോക്ക് ചെയ്തിറങ്ങുമ്പോൾ മക്കൾ രണ്ടുപേരും അയാളുടെ ഇരുകൈകളിലും പിടിച്ചിരുന്നു ..
അവരെ രണ്ടു പേരെയും മാറിമാറി ഉമ്മവച്ചിട്ട് അയാളവരെ കാറിൽ കയറ്റി ഇരുത്തി ..
മക്കൾ അയാളുടെ കൈവിടാതെ ചിണുങ്ങി ..
"അച്ഛൻ വാ അച്ഛാ ങ്ങടെ അടുത്തിരിക്ക് "
അയാളുടെയും കണ്ണുകൾ നിറഞ്ഞു ..
"ആനന്ദ് കയറുന്നില്ലേ ഞാൻ ഡ്രോപ്പ് ചെയ്യാം "
തനൂജ കാർ സ്റ്റാർട്ട് ചെയ്തു കൊണ്ട് പറഞ്ഞു
"ഇല്ല. പൊയ്ക്കോളൂ"
അയാൾ കുട്ടികളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ പറഞ്ഞു.
മുന്നോട്ട് എടുത്ത വണ്ടി നിർത്തിയിട്ട് തനൂജ ചോദിച്ചു ..
"അപ്പോ അമ്മ? .. യാത്ര പോകാനൊക്കെ അമ്മയെ തനിച്ചാക്കാമോ നിങ്ങൾക്ക് ?"
"ഇല്ല അമ്മയും വരുന്നുണ്ട് , നമ്മൾ ഒരുമിച്ച് പോകണമെന്ന് ആഗ്രഹിച്ചിരുന്ന യാത്രയാണ്.
ഭാര്യയുടേം കാമുകിയുടേം ഒക്കെ മാത്രേ യാത്രകൾ പാടുള്ളു എന്നൊന്നും ഇല്ലല്ലോ ... അച്ഛന്റെ മരണശേഷം അമ്മ ഈ വർഷങ്ങളത്രയും എനിക്ക് വേണ്ടി മാത്രമല്ലേ ജീവിച്ചത് .. അമ്മയ്ക്കും ഒരു ചേഞ്ച് ആവട്ടെ "
"ഓ ആയിക്കോട്ടെ.. "
തനൂജ അയാളെ രൂക്ഷമായൊന്ന് നോക്കിയശേഷം വെട്ടിത്തിരിഞ്ഞ് ധൃതിയിൽ കാർ ഓടിച്ചു മുന്നോട്ട് പോയി.
കാറിന്റെ ഗ്ലാസ്സിനപ്പുറം പിന്നിലേയ്ക്ക് അയാളെ തന്നെ ഉറ്റുനോക്കിയിരുന്ന മക്കളെ അയാൾ തുളുമ്പിയ കണ്ണുകളോടെ നോക്കിനിന്നു, കാഴ്ചയിൽനിന്നും മറയും വരെ.
**** **********
അവസാനിച്ചു ..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot