നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദൈവത്തിന്റെ ദാനം I Short Story I Ammu Santhosh


 "ആ കാളിംഗ് ബെൽ അടിക്കുന്നുണ്ട്. അച്ചായോ എവിടെയാ..?വാതിൽ തുറന്നു കൊടുക്ക് "
അന്നയുടെ ഒച്ചയെക്കാൾ ഉറക്കെ കാളിംഗ് ബെൽ വീണ്ടും മുഴങ്ങിയപ്പോൾ ആന്റണി പോയി വാതിൽ തുറന്നു.
ഒരാളെ അയാൾക്ക് മനസിലായി
സൽപുത്രൻ
മറ്റേത് ഒരു പെണ്ണാണ്
ഇതിന് മുന്നേ കണ്ടിട്ടില്ല. ഇവൻ രാവിലെ ജോഗിങ് ന് പോയതല്ലേ?
"പപ്പാ ഇത്.. മഹാലക്ഷ്മി .. ഞങ്ങള്.. അത് പിന്നെ."
'അന്നേ.. എടിയേ ഇങ്ങോട്ട് വാടി ദേ മഹാലക്ഷ്മി വീട്ടിൽ "
അടുക്കളയിൽ കരിമീനിനോട് യുദ്ധം ചെയ്യുകയായിരുന്ന അന്ന അത് കേട്ട് മീനിനെ വെള്ളത്തിലിട്ടു.
മഹാലക്ഷ്മി വീട്ടിലൊക്കെ വരും എന്നൊക്കെ ഹിന്ദു കൂട്ടുകാരികൾ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ നസ്രാണിയായ തന്റെ വീട്ടിൽ ഒക്കെ മഹാലക്ഷ്മി വരുമോ? കൊള്ളാല്ലോ..
ചെന്നപ്പോൾ ദേ നിൽക്കുന്നു മഹാലക്ഷ്മി കൂടെ ഒരു....ങേ ഇത് തന്റെ മോനല്ലേ? ഇവൻ എന്താ ഇവളുടെ കൂടെ?
"മമ്മി അത്.. ഇവളെ ഞാൻ വിളിച്ചോണ്ട് പോരുന്നു വേറെ നിവൃത്തിയില്ലാഞ്ഞിട്ടാ. ഇവളുടെ കല്യാണം നിശ്ചയിച്ചു "
അപ്പൊ ഇത് മഹാലക്ഷ്മി പ്രേമം വേർഷൻ ആണല്ലേ?
അവർ താടിക്ക് കൈ കൊടുത്തു
"ഒരു സൂചന?"
ആന്റണി അന്നയോട്
"തരൂല്ല.സ്വാഭാവികം.ഇതല്ലിയോ ട്രെൻഡ്? സർപ്രൈസ് ആവും അല്ലിയോടാ?"
"മമ്മി ഞാൻ നടക്കാൻ പോയതാ. അപ്പൊ ദേ ഇവൾ വിളിച്ചു പറയുന്നു തൂങ്ങി ചാകാൻ പോവാ. ലൈവ് ഇടും ന്നൊക്കെ.എന്നെ പോലീസ് പിടിക്കൂലേ? അതാ "
അന്ന മഹാലക്ഷ്മി യെ ഒന്ന് നോക്കി
"ഈ പറഞ്ഞത് മുഴുവൻ കള്ളമാ അല്ലിയോ കൊച്ചേ? "
"കുറച്ച്.ഞാൻ വിളിച്ചോന്നുമില്ല എന്നെയാ വിളിച്ചേ.. എന്നെ കൊണ്ട് പോയില്ലെങ്കിൽ ഞാൻ ചാകും ന്നു പറഞ്ഞു. അത് സത്യാ.പക്ഷെ ലൈവ് ഇടുമെന്നു ഒന്നും പറഞ്ഞില്ല. അത് അഖിലേട്ടൻ കയ്യിന്നിട്ടതാ സത്യം."
"ഹോ എന്റെ കർത്താവെ ഇവൻ എന്റെ മാനം കളയും.. ടാ ഒള്ളത് പറ "
"അകത്തോട്ടു
കേറിക്കോട്ടെ? "അഖിൽ പപ്പയെ നോക്കി
"ആ കേറിക്കോ എന്നിട്ട് ഈ സെറ്റിയിൽ ഇരുന്നോ. സംഭവം convince ആയിട്ട് വീടിന്റെ അകത്തോട്ടു കേറാം ഇല്ലെങ്കിൽ ഇതിനെ കൊണ്ട് വിട്ടേച് വരണം "
ആന്റണി ഗൗരവത്തിൽ പറഞ്ഞു
'കുറച്ചു നാൾ മുന്നേ കണ്ടതാണ്. ഓഫീസിൽ ട്രെയിനി ആയിട്ട് വന്നതാണ്. ഇഷ്ടായി. അവൾക്കും ഇഷ്ടം. അത് അവൾ വീട്ടിൽ പറഞ്ഞപ്പോൾ സ്വാഭാവികമായും അവളുടെ കല്യാണം നിശ്ചയിച്ചു. അച്ഛൻ ആണ് പ്രോബ്ലം. പുള്ളി ഇപ്പൊ നമ്മുടെ ടൗണിലേക്ക് ട്രാൻസ്ഫർ ആയി വന്നിട്ടുണ്ട് മുട്ടൻ ഉടക്കാ.വേറെ വഴിയില്ല.അത് കൊണ്ടാ "
"കാര്യങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചു. അല്ലെങ്കിലും പ്രസന്റേഷൻ പാർട്ടിൽ നീ മിടുക്കനാ. നമ്മൾ convinced ആയി അല്ലെ അച്ചായാ?"
അന്ന ചിരിയോടെ ചോദിച്ചു ആന്റണി രൂക്ഷമായി അവളെ ഒന്ന് നോക്കി എന്നിട്ട് അവർക്ക് നേരേ തിരിഞ്ഞു..
"കൊച്ചേ ഞങ്ങൾക്ക് മതമൊക്കെ കുറച്ചു പ്രശ്നം ഉള്ള കൂട്ടത്തിലാ. ഇതിപ്പോ പള്ളിക്കാരോടൊക്കെ സമാധാനം പറയണം. നീ ഹിന്ദുവാ. നിന്റെ വീട്ടുകാർക്കും വിഷമം കാണും. എടാ നീ ഇവളെ അങ്ങ് കൊണ്ട് വിട്ടേക്ക്. "
ആന്റണി ഗൗരവത്തിൽ പറഞ്ഞു. പിന്നെ മുറിയിലേക്ക് പോയി
"നിന്റെ പപ്പാ സമ്മതിക്കുകേല മോനെ.. അറിയാല്ലോ മോള് ചെല്ല് "അന്ന വിഷമത്തോടെ പറഞ്ഞു
"ഞാൻ പോവൂല്ല "
അവൾ പെട്ടെന്ന് പറഞ്ഞു
"ങേ?"
"ഇനി ചെന്നാൽ അച്ഛനും ഏട്ടനും എന്നെ തല്ലിക്കൊല്ലും. ഞാൻ പോവൂല്ല "
"തല്ലു കൊള്ളാത്തതിന്റ കുഴപ്പമാ ഇതൊക്കെ. എനിക്ക് ഒത്തിരി പണിയുണ്ട്. മോള്
ചെല്ല്.."
അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടെങ്കിലും അവർ മുഖം തിരിച്ചു കളഞ്ഞു
മുറ്റത്തൊരു കാർ വന്നു നിന്നപ്പോൾ അവർ സംശയത്തോടെ അവരെ നോക്കി
"എന്റെ അച്ഛനാ.സർക്കിൾ ഇൻസ്‌പെക്ടർ ആണ്.എന്നെ കൊണ്ട് പോവാനാ.. എന്നെ പറഞ്ഞു വിടല്ലേ അമ്മേ "
അവൾ കൈ കൂപ്പി
"അമ്മ "
അവരുടെ ഉള്ളിൽ ഒരു മഴതുള്ളി ഇറ്റ പോലെയൊരു തണുപ്പ് നിറഞ്ഞു.
"അച്ചായോ ഇതൊന്ന് ഹാൻഡിൽ ചെയ്തേരെ "അവർ അയാളുടെ മുറിയുടെ വാതിലിൽ തട്ടി പറഞ്ഞിട്ട് അടുക്കളയിലേക്ക് പോയി.
വാതിൽ തുറന്നു പുറത്തേക്ക് വന്ന ആന്റണിയും കണ്ടു അയാളെ.
"എന്റെ പേര് മോഹനൻ.സർക്കിളാ.എന്റെ മോൾ ഇവിടുണ്ട്. മര്യാദക്ക് അവളെ ഇറക്കി വിട്ടാൽ നിങ്ങൾക്ക് ജീവിക്കാം. ഇല്ലെങ്കിൽ അപ്പനെയും മോനെയും പിടിച്ചു അകത്തിടും."
ആന്റണി അയാളെ ഒന്ന് നോക്കി
കാക്കിയിട്ട ഒരു തെമ്മാടി.
"ഇങ്ങോട്ട് വാടി "അയാൾ അലറി കൊണ്ട് വീടിനകത്തേക്ക് നടക്കാനാഞ്ഞു.
"വീട്ടിൽ കേറാൻ വാറന്റ് വേണം."ആന്റണി ഒരു ചിരിയോടെ അയാളുടെ കയ്യിൽ പിടിച്ചു നിർത്തി.
"എന്റെ മോളെ കൊണ്ട് പോകാൻ എനിക്കൊരുത്തന്റെയും അനുവാദം വേണ്ടെടാ "
അകത്തേക്ക് വന്നു അവളുടെ ചെകിട്ടത്ത് ഒന്ന് കൊടുത്തു അയാൾ.
"കൊല്ലുമെടി നിന്നേ "
അയാൾ ഒരു മൃഗമാണെന്ന് ആന്റണിക്ക് തോന്നി. അവൾ കൊല്ലാൻ കൊണ്ട് പോകുന്ന മൃഗത്തിന്റ ദയനീയതയോടെ അയാളെ നോക്കി.
"അതിപ്പോ സാറെ.. ഇതെന്റെ വീടാ.അതിനെ അങ്ങ് വിട്ടേക്ക്. സാർ ഫീൽഡ് അറിയാതെയാ ഈ കളി മുഴുവൻ കളിക്കുന്നെ. ഇവിടെ സി സി ടി വിയൊക്കെ ഉള്ളതാ.. വെറുതെ പ്രശ്നം ഉണ്ടാക്കേണ്ട "
"അതൊക്കെ എനിക്ക് @#₹& .നിന്റെ മോനുണ്ടല്ലോ? ദേ ഇവൻ.. ഇവന് ഇനി അധികം ആയുസ്സില്ല..
നോക്കിക്കോടാ..എന്നെ ശരിക്കും നിനക്ക് അറിയുകേലടാ...."അയാൾ വീണ്ടും ഒരു തെറി വാക്ക് പറഞ്ഞു
"എന്നാ പിന്നെ സി സി ടി വി കണക്ഷൻ ഊരിയെക്കടാ ഉവ്വേ "
ആന്റണി മുൻവാതിൽ അടച്ചു കൊണ്ട് മകനോട് പറഞ്ഞു
"നിന്റെ പെണ്ണിനെ വിളിച്ചോണ്ട് നീ അകത്തോട്ടു പൊയ്ക്കോ. "
അവർ പോയി കഴിഞ്ഞു എന്നുറപ്പ് വരുത്തി അയാൾ.
ഒറ്റ നിമിഷം
സർക്കിളിന്റ മൂക്കിൽ നിന്നു പൈപ്പ് പൊട്ടി വെള്ളം ഒഴുകും പോലെ ചോര.
ആന്റണി കൈ ഒന്ന് കുടഞ്ഞു
"എന്റെ മോന്റെ ആയുസ്സിനു വില പറയുന്നോടാ?"
മോഹനൻ മുഖം പൊത്തി കുനിഞ്ഞിരുന്നു പോയി.അയാളെ മെല്ലെ പിടിച്ചെഴുനേൽപ്പിച്ചു ആന്റണി.
"ഇതാണ്.. ഒന്നു തന്നാൽ അപ്പൊ താഴെ പോകും. എന്നിട്ടാണ് തട്ടും,കൊല്ലും.
മോഹനാ അപ്പൊ ഞാൻ പറയുന്നത് എന്താ എന്ന് വെച്ചാൽ... നിന്റെ മോള് എന്റെ മോന്റെ കൂടെ ഇറങ്ങി പോരുന്നു. സത്യത്തിൽ എനിക്കൊട്ടും ഇഷ്ടമുണ്ടായിട്ടല്ല. പക്ഷെ ഞാൻ ഈ ടൈപ്പ് ഷോ ഒന്നും കാണിക്കുകേല.. അതും പെണ്ണുങ്ങളുടെ മുന്നിൽ.അത് സംസ്കാരം അല്ല.പക്ഷെ എന്റെ മോന്റെ ആയുസ്സിന്റെ കാര്യം നീ പറഞ്ഞില്ലേ?അതെനിക്ക് പൊള്ളി.. അവനോരെണ്ണമെയുള്ളു എനിക്ക്. ആ ഒറ്റ ഒന്നേയുള്ളൂ... എന്നെ പോലല്ല കേട്ടോ.മിടുക്കനാ ...വിദ്യാഭ്യാസം ഉണ്ട്. ജോലിയുണ്ട്.എന്നെ പോലെ കള്ളുകുടിയില്ല,വലിയില്ല, പൊളിറ്റിക്സ് ഇല്ല, ഗുണ്ടായിസം ഇല്ല.."
മോഹനന്റെ മുഖം ഒന്ന് തുടച്ചു. ചോര നിൽക്കുന്നില്ല.
"മട്ടാഞ്ചേരിയില്, ഹാർബറില് പോയി വെറുതെ ഒന്ന് ചോദിച്ചു നോക്ക്.. കുന്നുമ്മേൽ ആന്റണി. പേര് പറഞ്ഞാ മതി.. പോലീസ് റെക്കോർഡ് ക്‌ളീനാ.. ഒറ്റ കേസില്ല.. പക്ഷെ...അല്ലെ വേണ്ട.. നീ ചോദിച്ചു നോക്കി ഉറപ്പാക്കിട്ട് വാ.. നിന്റെ മോള് ഇവിടെ തന്നെ കാണും.. തല്ലി കൂട്ടിക്കൊണ്ട് പോകാൻ പറ്റുകേല. അവൾ ആന്റണിയുടെ മോന്റെ പെണ്ണാ.. ഇഷ്ടം ഉണ്ടെങ്കിൽ കൂട്ടി കൊണ്ട് പൊ..പിന്നെ എന്റെ മോനെ ഇനി എന്നെങ്കിലും എന്തെങ്കിലും പറഞ്ഞാൽ.... "
ആന്റണി കൈ ഒന്നുടെ കുടഞ്ഞു.
"നിലത്ത് വീണ ചോര തുടച്ചിട്ട് വേണം പോകാൻ.."
ആന്റണി ചിരിച്ചു. അടുത്ത ഞൊടി ആ മുഖം ഇരുളുകയും ചെയ്തു.
ഹാർബർ
"ആന്റണി,
കുന്നുമ്മേൽ ആന്റണി
148കേസുകൾ,
അതിൽ പോലീസ് ഉണ്ട്, രാഷ്ട്രീയക്കാരുണ്ട്, സാധാരണ ജനങ്ങളുമുണ്ട്. പക്ഷെ തെളിവില്ല. അത് കൊണ്ട് തന്നെ പോലീസ് റെക്കോർഡിൽ പേരില്ല. ആന്റണിയെ തൊടാൻ കഴിയുകേല, കാരണം അയാൾ എന്നും പാവങ്ങൾക്കൊപ്പമാ.അവർക്ക് വേണ്ടിയാ അയാൾ നടത്തിയ ക്രൈം മുഴുവനും.ഈ ഹാർബർ അയാളുടേതാ.അന്നും ഇന്നും.. രാഷ്ട്രീയക്കാരും അയാളുടെ കൂടെത്തന്നെ. വോട്ട് ബാങ്കാ സാറെ അയാള്. സാർ അയാളോട് മുട്ടാൻ നിൽക്കണ്ട. തോറ്റു പോകും. ചത്തു മലച്ച് ഏതെങ്കിലും റെയിൽവേ ട്രാക്കിൽ കിടക്കും. ആരും സാക്ഷി പറയുകേല.. പിന്നെ ആ കൊച്ച് സ്വന്തം മോളൊന്നുമല്ലല്ലോ.. സാറിന്റെ ഭാര്യയുടെ മോളല്ലേ.. പോട്ടെന്ന്. ആന്റണിയുടെ ചെക്കൻ മിടുക്കനാ.അയാളെ പോലെയല്ല. അത് കൊണ്ട് തന്നെ സാർ പേടിക്കണ്ട. ആ കൊച്ചു സന്തോഷമായിരിക്കും."
അയാൾ എസ് ഐ ജോണിനെ നോക്കി.
"ഹാർബറിലെ തണുത്ത കാറ്റിന് മരണത്തിന്റെ ഗന്ധം കൂടിയുണ്ട് സാറെ. വീട്ടിൽ കേറി കളിച്ചിട്ടും സാറിന്ന് ആയുസ്സോടെ ഇരിക്കുന്നെങ്കിൽ അത് ആ പെൺകുട്ടി കാരണമാ. അവൾ അവിടെ ഉള്ളിടത്തോളം സാറ് സേഫ് ആണ് "
അയാൾ ഒന്നും മിണ്ടിയില്ല
* * * * * * * * * * * * * * * *
"മോൾക്ക് കരിമീൻ കറി ഇഷ്ടായോ?"അന്ന ചോദിച്ചു
"ഉം നല്ല രുചിയുണ്ട്. അച്ഛൻ ഉള്ളപ്പോൾ കഴിച്ചതാ.പിന്നെ ഇപ്പോഴാ "
അവൾ നിറകണ്ണുകളോടെ പറഞ്ഞു
ആന്റണി അവളെ കുറച്ചു നേരം നോക്കിയിരുന്നു
ശരിക്കും മഹാലക്ഷ്മി പോലൊരു പെൺകുട്ടി
ഒരു മകൾ ഇല്ലാത്തതോർത്ത് പണ്ട് കുറെ വിഷമിച്ചിട്ടുണ്ട്..
"പപ്പാ കുറച്ചേ കഴിച്ചുള്ളല്ലോ?"
അയാൾ പെട്ടെന്ന് ഒന്ന് ഞെട്ടി നോക്കി
പുഞ്ചിരിക്കുന്ന മുഖം. നിഷ്കളങ്കത നിഴലിക്കുന്ന കണ്ണുകൾ. അലിവാർന്ന നേർത്ത ചിരി.
പപ്പാ എന്ന വിളി
അയാൾ കുറച്ചു കൂടി ചോറ് വിളമ്പി കറിയൊഴിച്ചു കഴിക്കാൻ തുടങ്ങി.
"ഞാൻ ഇവിടെ നിൽക്കുന്നത് നിങ്ങൾക്കൊക്കെ വിഷമം ആണെന്നറിയാം... പക്ഷെ അഖിലേട്ടനെ എനിക്ക് അത്രക്ക് ഇഷ്ടാ..അഖിലേട്ടനില്ലെങ്കിൽ ചത്ത്‌ കളയും ന്നൊക്കെ ഞാൻ തമാശ പറഞ്ഞതല്ല. സത്യാ.ഞാൻ കൂടി ഇവിടെ നിന്നോട്ടെ?അവര് വന്നാൽ ഇനിയെന്നെ കൊടുക്കല്ലേ.."
അവൾ അയാളോട് പറഞ്ഞു
അയാൾ ഇല്ല എന്ന് തലയാട്ടി
പിന്നെ നിറഞ്ഞ കണ്ണുകൾ അവൾ കാണാതിരിക്കാൻ മുഖം താഴ്ത്തി.
തങ്ങൾക്ക് ഒരു മകൾ ജനിച്ചിരിക്കുന്നു..
ദൈവത്തിന് നന്ദി
Written by Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot