ദ്വിതീയ സമവാക്യങ്ങൾ I Short Story I Joby George Mukkadan
യെമണ്ടൻ
ഇടതുകൈയ്യിൽ വലിയ പാൽപ്പാത്രവും തൂക്കിപ്പിടിച്ച്, ഭൂമിയുടെ അച്ചുതണ്ടുപോലെ നാല്പത്തഞ്ച് ഡിഗ്രി വലത്തേക്ക് ചരിഞ്ഞ് പുല്ലുനിറഞ്ഞ മൺപാതയിൽ ജീപ്പോടി വീണ ചാലിലെ ചെളിയിലൂടെ ചെരിപ്പിടാതെ പ്രത്യേക താളത്തിൽ വേഗതയിൽ നടക്കുകയാണ് കുട്ടനെന്നു വിളിക്കപ്പെടുന്ന വേണുക്കുട്ടൻ.
എണ്ണതേച്ച് പുറകോട്ട് ചീകിവച്ച നീളമുള്ള മുടിയും, ടോയ്‌ലെറ്റ് ബ്രെഷ് പോലെയെന്ന് പുകഴ്‌പെറ്റ മീശയും വെട്ടിയൊതുക്കാത്ത നീണ്ട താടിയും, മുഖത്തെപ്പോളും ലോകത്തോടുമൊത്തമുള്ള പകയുമാണ് കുട്ടന്റെ സ്ഥായിയായ ഭാവം. അയാളങ്ങനെ ചരിഞ്ഞുനടക്കുമ്പോൾ ഉയർന്നുതാഴുന്ന പാൽപ്പാത്രം, ഇപ്പോൾ തറയിൽ മുട്ടും മുട്ടില്ല എന്നമട്ടിൽ മൺറോഡിൽ വളർന്നുനിൽക്കുന്ന പുൽനാമ്പുകളിൽ ഉമ്മവയ്ക്കുന്ന പതിവ് ഇന്നും തെറ്റിയില്ല.
പൊൻകുന്നംകാരുടെ സ്ഥലം തുടങ്ങുന്ന വളവിന് ചേർന്നുള്ള തോളത്തിനു നടുവിലൂടെയുള്ള ചെറിയ പാറക്കൂട്ടത്തിൽ നിന്നും ഉറവയെടുത്ത ചെറിയ ഓലിയുടെ അടുത്തെത്തിയപ്പോൾ അയാൾ റോഡരുകിൽ നിന്ന് ഓലിയിലേയ്ക്കുള്ള ഇടുങ്ങിയ നടവഴിയിലെ വഴുവഴുത്ത പാറയിലൂടെ താഴേക്കിറങ്ങി.
പാറക്കൂട്ടത്തിനിടയിൽ നിന്നും ഉറവപൊട്ടി പായലിലൂടെ പനച്ചിറങ്ങുന്ന ചെറുതുള്ളികൾ ചേർന്ന് ഒഴുകിയെത്തുന്ന, കണ്ണീരിനെ തോൽപ്പിക്കുന്നത്ര തെളിമയുള്ള തണുത്ത വെള്ളത്തിൽ മുഖവും കയ്യും, ചെളിപിടിച്ച കാലും കഴുകി, മീശയും താടിയും വെള്ളം തേച്ചൊതുക്കിയിട്ട് കുട്ടൻ പാൽപ്പാത്രം നന്നായി കഴുകി അതിൽ കുറച്ചു വെള്ളവും നിറച്ചു കരക്ക് കയറി. വീണ്ടും കിറുകൃത്യം നാല്പത്തഞ്ച് ഡിഗ്രി വലത്തേക്ക് ചെരിഞ്ഞയാൾ ചെളിയിലൂടെ മുന്നോട്ട് നടക്കാൻ തുടങ്ങി.
അയാൾ ചെരിപ്പിട്ട് ആരും കണ്ടിട്ടേയില്ല .....മനുഷ്യൻ മണ്ണിനെ അറിഞ്ഞുനടക്കണം എന്നാണ് കുട്ടന്റെ ശാസ്ത്രം മണ്ണിനെ തൊടാതെ, അറിയാതെ ജീവിക്കുന്നത് കൊണ്ടാണത്രേ മനുഷ്യർക്ക് ഇക്കണ്ട അസുഖങ്ങളെല്ലാം വരുന്നത്.
മണ്ണിനോടുള്ള സ്നേഹം തന്നെ ആയിരുന്നു കുട്ടന് സ്വന്തം അച്ഛൻ നാണു പിള്ളേച്ചനോട് ശത്രുത വരാൻ കാരണം.. ഒട്ടേറെ ഭൂസ്വത്ത് ഉണ്ടായിരുന്ന , ആദ്യകാല കുടിയേറ്റ കർഷകനായിരുന്ന അച്ഛൻ അതെല്ലാം നശിപ്പിച്ചതു കൂടാതെ ആകപ്പാടെയുള്ള സ്ഥലം നാല് ആണ്മക്കൾക്കുമായി വീതം വച്ചപ്പോൾ മണ്ണിനെ കണ്ടമാനം സ്നേഹിക്കുന്ന കുട്ടന് കിട്ടിയത് പതിനേഴ് സെന്റിൽ യെമണ്ടനൊരു പാറക്കെട്ട്!
കുട്ടന് വലിയതെല്ലാം യെമണ്ടനാണ്! പക്ഷേ, ഓടിട്ട വീടിന്റെ പുറകിലത്തെ ഉയർന്ന തിട്ടിലിന്റെ മുകളിൽ നിന്നിരുന്ന വലിയ മാവ് മാത്രം അക്കൂട്ടത്തിൽ പെടില്ല. കുട്ടനോപ്പം വളർന്നതാണാ മാവ്, ഒരു പക്ഷെ അയാൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്ന്. ആ മാവിന്റെ കിഴക്കോട്ട് പോകുന്ന വലിയ ശിഖരമാണ് അയാളുടെ പ്രധാന താവളം. വല്ലാതെ സങ്കടവും സന്തോഷവും വന്നാലയാൾ അവിടെ കയറി ഇരിപ്പുറപ്പിക്കും. അവന്റെ സങ്കടങ്ങളും സന്തോഷവും എല്ലാം അവിടെയിരുന്ന് ആ മാവിനോടാണ് അവൻ പറയുക...മുകളിൽനിന്നും നോക്കുമ്പോൾ താഴെഭൂമിയിൽ എല്ലാവരും ഒരേ ഉയരമുള്ളവരും നിസാരരുമാണന്നതാണ് അയാളുടെ മറ്റൊരു കണ്ടെത്തൽ.
കുന്നിനക്കരെയുള്ള ശിവദാസന്റെ മകൾ പ്രസന്നയെ കാണാനാണ് കുട്ടൻ ആ മാവിന്റെ അതേ കൊമ്പിൽ തന്നെ കയറുന്നതെന്നൊരു ജനസംസാരമുണ്ട്... പക്ഷേ അയാളുടെ കേൾക്കെ പറയില്ലന്ന് മാത്രം...
ഒരിക്കൽ മാത്രം കുട്ടൻ അതിന്റെ മുകളിൽ നിന്ന് വീണു, നാലഞ്ചുവർഷങ്ങൾക്ക് മുന്നെയൊരു ചിങ്ങമാസത്തിൽ.
അടുത്തകാലം വരെ അന്നത്തെ വീഴ്ചയെപ്പറ്റി കുട്ടനോട് ചോദിച്ചാൽ അയാൾ സ്വതവേ ഉരുണ്ട കണ്ണുകൾ ഒന്നുകൂടി ഉരുട്ടി ഇങ്ങനെ പറയുമായിരുന്നു: "ആ മാവുവെട്ടാൻ സമ്മതിക്കാത്തതിന് കൂടോത്രം വച്ചതാരാണെന്നൊക്കെ എനിക്കറിയാം. മാവിൽ നിന്നും താഴോട്ട് വീഴുന്നേരം നോക്കിയപ്പോ യെമണ്ടനൊരു കല്ലുണ്ട് അവിടെ. തലകുത്തി അതുമ്മേക്ക് വീണാ കൂടോത്രം വെച്ചോരടെ ഉദ്ദേശം നടക്കുമെന്ന് മനസ്സിലായ ഞാൻ പെട്ടെന്ന് ഒറ്റ തിരിയൽ വെച്ച് കൊടുത്തു! അതുകൊണ്ടു കാലടിച്ചാ വീണത്."
കുട്ടൻ മരത്തിൽനിന്നും വീണെന്ന് കേട്ടപ്പോൾ, മരംവീണാൽ പോലും കുട്ടൻ വീഴില്ലെന്നു വിശ്വസിച്ച നാട്ടുകാർ അത്ഭുതം കൂറി. വീണ് ബോധംകെട്ട അയാളെയും കൊണ്ട് ജീപ്പ് ഹെഡ്‍ലൈറ്റിട്ട് ആസ്പത്രിയിലേക്ക് പാഞ്ഞു പോയപ്പോൾ, ജംഗ്ഷനിൽ വച്ച് മറികടന്ന, നീല റിബ്ബണും എവെഗ്രീൻ ഇലകളും കൊണ്ട് അലങ്കരിച്ച അംബാസിഡർ കാറിന്റെ പിന്നിൽ പ്രസന്ന വെഡ്‌സ് സതീശൻ എന്ന് തിളങ്ങുന്ന അക്ഷരങ്ങളിൽ എഴുതിയിട്ടുണ്ടായിരുന്നത് ജീപ്പിനുള്ളിൽ ഇരുന്ന ആരും ശ്രദ്ധിച്ചതേയില്ല.
അന്നത്തെ വീഴ്ചക്ക് കാലിൽ നടന്ന സർജറിക്ക് ശേഷം അലോപ്പതി ചികിത്സ നല്ലതല്ലെന്നും പറഞ്ഞു നിർബന്ധിച്ചു ഡിസ്ചാർജ് വാങ്ങി, ഉശിലാംപെട്ടിയിൽ പോയി തിരുമ്മുചികിത്സ നടത്തി വന്നതിനു ശേഷമാണു കുട്ടന് അച്ചുതണ്ടിൽ നിന്നും മൊത്തത്തിൽ നാൽപ്പത്തിയഞ്ച് ഡിഗ്രി ചരിവുണ്ടായത്.
പ്രദേശത്തെ ഏറ്റവും വലിയ ഭൂവുടമകളാണ് പൊൻകുന്നംകാരെന്നു വിളിക്കുന്ന കുടുംബക്കാർ. അവരുടെ സ്ഥലം പാട്ടത്തിനെടുത്താണ് കുട്ടൻ കൃഷി ചെയ്യുന്നത് .
തലയില്ലാതെ, ശരശയ്യയിലെ അസ്ത്രങ്ങൾ കണക്ക് നിരനിരയായി നിൽക്കുന്ന തെങ്ങുകൾ കഴിഞ്ഞുള്ള കുന്നിൻചെരുവിലെ തന്റെ കൃഷിസ്ഥലത്ത് എത്തിയപ്പോൾ അയാൾ വഴിയരികിൽ പാൽപ്പാത്രം വച്ച്, പോക്കറ്റിൽ നിന്നും ഒരു ബീഡിയെടുത്ത് ചുണ്ടിൽ വച്ചു കത്തിച്ച്, തിളങ്ങുന്ന കണ്ണുകളോടെ കുന്നിൻ ചെരുവിൽ വളർന്നുനിൽക്കുന്ന കപ്പകളെ നോക്കി നിന്നു.
അരയിൽ ലുങ്കിക്ക് ചുറ്റും കെട്ടിയിരുന്ന മങ്ങിയ ചുവപ്പ് നിറമുള്ള ഒരു തോർത്തെടുത്ത് തലക്ക് ചുറ്റും കെട്ടി അയാൾ കപ്പത്തോട്ടത്തിലേയ്ക്ക് ഇറങ്ങി. കരിയിലകിളികൾ ചിലച്ചുകൊണ്ട് കൂട്ടത്തോടെ പറന്നുയർന്നു. കപ്പയിലകളുടെ തുമ്പത്ത് വീഴാനാഞ്ഞു നിന്ന മഞ്ഞുകണങ്ങൾ അവന്റെ തോളിലുരഞ്ഞ്, നെഞ്ചിലും പുറത്തുമായി താളത്തിൽ ഉതിർന്നുകൊണ്ടേയിരുന്നു.
കപ്പത്തോട്ടത്തിനിടയിൽ നട്ടിട്ടുള്ള ഏത്തവാഴയിൽ നിന്നൊരെണ്ണം, അരയിൽ നിന്ന് കത്തിയെടുത്തു വെട്ടി കുല മുറിച്ചെടുത്ത് അയാൾ വീണ്ടും പാൽപ്പാത്രം കൈയിലെടുത്ത് കുട്ടന്റെ മലയാളം മാഷായിരുന്ന സോമൻസാറിന്റെ വീട്ടിലേയ്ക്ക് നടന്നു.
സോമൻ സാറിന്റെ വീടിന്റെമുറ്റത്തെത്തിയപ്പോൾ സാറവിടെ കോലായിൽ പത്രം വായിച്ചിരിപ്പുണ്ടായിരുന്നു.
"സാറേ പറഞ്ഞ കുല കൊണ്ടുവന്നിട്ടുണ്ട്"
"ആ കുട്ടനോ കേറി വാടാ, എത്രയാടാ കുലയ്ക്ക് വില'
പത്രം മടക്കി വച്ച് സോമൻ സാർ എണീറ്റു.
"കേറുന്നില്ല സാറേ, അങ്ങ് ചെന്നിട്ട് വേണം പശൂന് വല്ലതും കൊടുക്കാൻ, സാറ് വിലയൊന്നും നോക്കണ്ട. എന്തേലും താ, ഉള്ളതിൽ യെമണ്ടൻ കുലനോക്കിയാ വെട്ടിയത്"
കുട്ടൻ കുല താഴെ വച്ചുകൊണ്ടു പറഞ്ഞു.
"അല്ല കുട്ടാ നീ എപ്പളും പറയുന്ന ഈ യെമണ്ടൻ എന്ന വാക്കിന്റെ അർഥം നിനക്ക് അറിയാവോ?"
സോമൻ സാർ ക്ലാസ്സെടുക്കാനുള്ള മൂഡിലാണ്
അയാളൊന്നും മിണ്ടിയില്ല ,ആ നാട്ടിൽ കുട്ടൻ മറുവാക്ക് പറയാതെ അനുസരിക്കുന്ന ഏകയാൾ സോമൻ സാറാണ്.
"രണ്ടാം ലോകമഹായുദ്ധകാലത്ത് മദ്രാസ് കടൽ തീരത്ത് വീണ് പൊട്ടാതെ പോയ ഒരു ബോംബിന്റെ പേരാണ് എം ടെൻ, അതിൽനിന്നും ഉരുത്തിരിഞ്ഞു വന്നതാണ് യെമണ്ടൻ എന്ന പ്രയോഗം "
സോമൻസറിന്റെ പഠിപ്പീരിൽ പണ്ടേ താല്പര്യമില്ലാത്ത കുട്ടൻ പൈസയും വാങ്ങി പെട്ടെന്നുതന്നെ അവിടുന്നിറങ്ങി.
അഞ്ചെട്ടു മാസം മുന്നേ സഹകരണബാങ്കിലെ ലോൺ കുടിശിക അടക്കാൻ വൈകി ജപ്തിനോട്ടീസ് വന്നപ്പോൾ, കുട്ടൻ വീട്ടിലില്ലാഞ്ഞ സമയം നോക്കി, പിള്ളേച്ചനും തറവാട് വീതം കിട്ടിയ ഇളയമകൻ മണിയും കൂടി ആ മാവുവെട്ടി വിൽക്കാൻ ശ്രമിച്ചു.മരംവെട്ടുകാർ കയറിട്ട് ശിഖരങ്ങൾ ഒന്നുരണ്ടെണ്ണം വെട്ടിയിറക്കിയതിനു ശേഷം കിഴക്കോട്ടുള്ള, കുട്ടനിരിക്കാറുള്ള വലിയ കൊമ്പിൽ വെട്ടിത്തുടങ്ങിയപ്പോളാണ് മാനത്ത് നിന്നും പൊട്ടിവീണ പോലെ കുട്ടൻ ഒരു നിലവിളിയോടെ പാഞ്ഞെത്തിയത്. മാവിൽ ഓടിക്കയറിയ അയാൾ നിലവിളിയുടെയൊപ്പം നാടുമൊത്തം കേൾക്കെ മരംവെട്ടാൻ വന്നവരെയും വീട്ടുകാരെയുമെല്ലാം തെറിവിളിച്ചു. വെട്ടിത്തുടങ്ങിയിരുന്ന ആ കൊമ്പിലിരിപ്പു തുടങ്ങിയ കുട്ടനന്ന് ആരുപറഞ്ഞിട്ടും ഇറങ്ങാൻ കൂട്ടാക്കിയില്ല. മാവിൽ മഴുവീണാൽ ആ നിമിഷം ഞാൻ ചാടുമെന്നു അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചുള്ള ആ ഇരുപ്പവസാനിച്ചത് സോമൻ സാറിന്റെ ഇടപെടൽ കൊണ്ടായിരുന്നു.
അന്നയാൾ കരഞ്ഞുകൊണ്ട് സോമൻ സാറിനോട് പറഞ്ഞു
"മനുഷ്യനെപ്പോലല്ല, മണ്ണും മരവും സ്നേഹിക്കുന്നവരെ ചതിക്കില്ല സാറേ"
മാവിനി വെട്ടില്ലെന്ന ഉറപ്പിൽ സഹകരണബാങ്കിലെ പലിശയടക്കാൻ കുട്ടനന്ന് അയാളുടെ കയ്യിലുണ്ടായിരുന്ന ചില്ലറപ്പൈസ വരെ പെറുക്കിയെടുത്ത് കൊടുത്തിട്ട് അച്ഛനോട് പറഞ്ഞു.
"എനിക്ക് യെമണ്ടനൊരു പാറക്കെട്ട് വീതം തന്നതൊക്കെ നിങ്ങളുടെ ഇഷ്ടം, പക്ഷെ എനിക്ക് ജീവനുള്ളപ്പോൾ ആ മാവ് വെട്ടാൻ ഞാൻ സമ്മതിക്കില്ല"
അന്നാണ് അവസാനമായി കുട്ടൻ അച്ഛനോട് മിണ്ടിയത്.
സോമൻസാറിന്റെ വീട്ടിൽ നിന്നിറങ്ങി ഒന്ന് തിരിഞ്ഞു സാർ നോക്കുന്നുണ്ടോ എന്നുറപ്പു വരുത്തിയതിനു ശേഷം കുട്ടനൊരു ബീഡി കത്തിച്ചു.
ഒരു പുകയെടുത്ത് തലയുയർത്തി നോക്കിയപ്പോൾ അകലെ നിന്നും അയാളുടെ അനിയൻ മണിയും കൂട്ടുകാരൻ മനോഹരനും നടന്നു വരുന്നത് കണ്ടു. അവരെ ദൂരെ കണ്ടപ്പോൾ തന്നെ കുട്ടന്റെ പുരികം വളഞ്ഞു, മീശ എഴുന്നു നിന്നു, മുഖത്ത് ലോകത്തോടുമൊത്തമുള്ള പക വന്നു നിറഞ്ഞു.
നാലുമാസങ്ങൾക്ക് മുന്നേ അച്ഛന്റെ മുറിയിലെ കുഴമ്പ് ഗന്ധത്തെ മരണത്തിന്റെ രൂക്ഷഗന്ധം തോൽപ്പിച്ചപ്പോളാണ് ശത്രു സ്ഥാനത്തു നിന്നും അച്ഛനെ കുട്ടൻ പടിയിറക്കിയത്. കോലായിൽ അച്ഛൻ വെള്ളപുതച്ചുകിടക്കുന്ന സമയത്ത്, അകത്തിരുന്നു ഒന്നിനു പുറകെ ഒന്നായി അയാൾ ബീഡി വലിച്ചു തള്ളിക്കൊണ്ടിരുന്നു...
അപ്പോൾ കുട്ടന്റെ അടുത്തേയ്ക്ക് മണിയും മറ്റു സഹോദരങ്ങളും എത്തി. അച്ഛനെവിടെ ചിതയൊരുക്കും എന്നതായിരുന്നു വിഷയം. ഒരാൾക്ക് കിട്ടിയ വീതം അതിനകം വിറ്റിരുന്നു, മറ്റൊരാൾക്ക് വീടുവയ്ക്കണം ആ സ്ഥലത്ത്. പിന്നീട് വിൽക്കാൻ നോക്കുമ്പോൾ ചിതയൊരുക്കിയ സ്ഥലമാണെങ്കിൽ അത് നടക്കാതെ വരുമത്രെ.
തറവാട് വീതം കിട്ടിയ മണിക്കാണെങ്കിൽ , വീടൊഴിച്ചാൽ പിന്നെ മുറ്റം മാത്രമേ ബാക്കിയുള്ളു എന്നാണ് പരാതി. തറവാടിന് ചേർന്നാണ് ചിതയൊരുക്കേണ്ടതെന്നും അതിനുള്ളസ്ഥലമുണ്ടെന്നും മൂത്ത സഹോദരങ്ങൾ പരസ്പരം വാദിച്ചു.
വാദം തർക്കത്തിന് വഴിമാറിയപ്പോൾ ഒന്നും മിണ്ടാതെ കയ്യിലിരുന്ന ബീഡിയും വലിച്ചെറിഞ്ഞു കുട്ടൻ ഇറങ്ങിപ്പോയി. ഒരു തൂമ്പയും കൈയിലെടുത്ത്, തനിക്ക് കിട്ടിയ പാറക്കെട്ട് കഴിഞ്ഞു ബാക്കിയുള്ള ചെറിയ സ്ഥലത്തു ചിതയൊരുക്കാനുള്ള നിലമൊരുക്കാൻ തുടങ്ങി, ആരോടും പകയില്ലാതെ.
ചിത കത്തുന്നേരം നോക്കിനിന്നവരിൽ സോമൻ സാറിന്റെ മുഖം കണ്ടപ്പോൾ തല ഉയർത്തി കുട്ടൻ പറഞ്ഞു.
"സാറേ മനുഷ്യനെ കുഴിച്ചിടാനുള്ളതാ മണ്ണ്, അതിനു കണക്ക് പറഞ്ഞാ മണ്ണ് പൊറുക്കൂല'
അന്ന് കുട്ടൻ കരഞ്ഞില്ല പക്ഷെ സോമൻസാറിന്റെ കണ്ണുനിറഞ്ഞു.
അന്നത്തോടെ ശത്രുസ്ഥാനത്തേക്ക് അച്ഛന് പകരം മണിയും കൂട്ടുകാരും കയറിയെത്തി...
മണിയും മനോഹരനും നടന്ന് അടുത്തെത്തിയപ്പോൾ മനോഹരൻ കുട്ടനോട് പറഞ്ഞു...
"ഡാ അക്കരേലെ പ്രസന്നയെ കൊണ്ടു വന്നിട്ടുണ്ട് കേട്ടോ, ദേഹം മൊത്തം പൊള്ളിയത്രെ! കെട്ടിയോൻ തീ കത്തിച്ചതാ, നീ അറിഞ്ഞാരുന്നോ?"
കുട്ടൻ ഞെട്ടലോടെ തലയുയർത്തി. മനോഹരന്റെ മുഖത്ത് ഒരു പരിഹാസച്ചിരിയുണ്ടായിരുന്നു
അടുത്തുണ്ടായിരുന്ന മണി ഇടംകണ്ണിട്ട് കുട്ടനെ ശ്രദ്ധിച്ചു.
ഒരുനിമിഷം നഷ്ടപെട്ട നടപ്പിന്റെ താളം വീണ്ടെടുത്ത് അയാൾ നാല്പത്തഞ്ചു ഡിഗ്രി ചരിഞ്ഞു വീണ്ടും നടത്തം തുടർന്നു.
വീട്ടിലെത്തിയയുടൻ അയാൾ പാൽപ്പാത്രം കോലായിൽ വച്ച്, പശുത്തൊഴുത്തിൽ ചെന്ന് അവയ്ക്ക് പുല്ലുവാരിയിട്ട് കൊടുത്ത ശേഷം വീടിന് പിന്നാമ്പുറത്തേയ്ക്ക് നടന്നു...
മുകളിലേയ്ക്ക് കയറാനുള്ള നടവഴിയിലൂടെ കയറി തിട്ടിലിന്റെ മുകളിൽ എത്തി, പിന്നെ വലിക്കാൻ മറന്നു കെട്ടുപോയ ബീഡിയും ചുണ്ടിൽ കടിച്ചു പിടിച്ചു ഉണങ്ങിത്തുടങ്ങിയിരുന്ന വലിയൊരു മാവിൻകുറ്റിയിൽ ഇരിപ്പുറപ്പിച്ചു.
അന്നേരം മാവിൻ കുറ്റിയുടെ കിഴക്കു ഭാഗത്തു നിന്നും പൊട്ടിമുളച്ചു വളർന്ന നാലുമാസത്തോളം പ്രായമുള്ള ഒരു പുതുനാമ്പ് അയാളുടെ യെമണ്ടൻ താടിരോമങ്ങളിൽ അങ്ങനെ പതിയെ, തൊട്ടുരുമ്മി നിന്നു. എവിടെനിന്നോ വഴിതെറ്റി വന്ന ഒരു കാറ്റ് ദിശയറിയാതെ ഒരുനിമിഷം പകച്ചു നിന്നശേഷം എന്തോ മനസിലാക്കിയപോലെ ,കുട്ടനെയൊന്ന് വട്ടം ചുറ്റി പറയപ്പെടാത്ത ഏതോ സന്ദേശവും പേറി കിഴക്കേ മലയിലേക്ക് യാത്രയായി.
**
ജോബി ജോർജ്ജ് മുക്കാടൻ
04-11-2020
കട്ടപ്പനക്കഥകൾ - ആഷിഖ് ബനായാ ആപ്നെ.
കഥയിലേക്ക് കടക്കുന്നതിന് മുന്നേ എന്റെ ആരോഗ്യത്തിനും, അതിലുപരി മാടപ്രാവിനെ പോലെ വെണ്മയാർന്ന സ്വഭാവത്തെ സംശയിക്കാതിരിക്കാനുമായി ഒരു മുൻകുറിപ്പ് വായനക്കാരുടെ മുന്നിലേക്ക് തുറന്നു വയ്ക്കേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു. അതായത്, ഇതിലെ കഥയും കഥാപാത്രങ്ങളും സങ്കല്പികമല്ല എങ്കിലും ആ കൂട്ടത്തിൽ എന്നെയും ഒരു കഥാപാത്രമായി അവതരിപ്പിക്കുന്നത് കഥ പറയാനുള്ള ഒരു സുഖത്തിനു വേണ്ടി മാത്രമാണ്. സത്യം!
സംഭവം കുറച്ചു വർഷങ്ങൾക്ക് മുൻപാണ്. കൃത്യമായി പറഞ്ഞാൽ 2007 ന്യൂഇയർ പിറന്ന രാത്രി .
ഡോക്ടർ അർജ്ജുനും മംഗലാപുരത്തെ ഒരു സ്വകാര്യബാങ്കിലെ മാനേജർ ആയിരുന്ന രഞ്ജിത്തും താമസിക്കുന്ന ഫ്ലാറ്റിന്റെ ടെറസ്സ് ആണ് സംഭവസ്ഥലം. നഗരമധ്യത്തിൽ നിന്നും അധികം അകലയല്ലാതെ തലയുയർത്തി നിൽക്കുന്ന ആ കെട്ടിടത്തിന്റെ റൂഫ് ടോപ്പിലാണ് അന്നത്തെ നവവത്സര ആഘോഷങ്ങൾ അരങ്ങേറിയത്.
അർജ്ജുനെപ്പറ്റി ഒന്നുരണ്ട് വാക്കു പറയാം. മദ്യപനമൊന്നുമില്ലാത്ത, തികച്ചും മാന്യനായ ഒരു ചെറുപ്പക്കാരനാണ് അദ്ദേഹം. മറിച്ച്, വിവിധ തരത്തിലുള്ള മയക്കുമരുന്നുകളിലും മദിരാക്ഷിയിലും ആയിരുന്നു ടിയാൻ ശ്രദ്ധകേന്ദ്രികരിച്ചിരുന്നത്. ഇത്തരം സൽപ്രവർത്തികക്കിടയിൽ വീണുകിട്ടുന്ന ഇടവേളകളിലാകട്ടെ, ഞാൻ ജോലിചെയ്യുന്ന ഹോസ്പിറ്റലിൽ ഓർത്തോ ഡി എൻ ബിയ്ക്ക് പഠിക്കാനും ശ്രമിച്ചിരുന്ന, എല്ലാവർക്കും മാതൃക ആക്കാൻ പറ്റുന്ന ഒരു ഉത്തമ യുവാവായിരുന്നു അദ്ദേഹം .
ഓസിന് രണ്ടു ബിയർ അടിക്കാമെന്ന ചെറുതല്ലാത്ത ഓഫറിലും അർജ്ജുന്റെ നിർബന്ധത്തിലും മയങ്ങിയാണ് ഞാൻ പാർട്ടി നടക്കുന്ന റൂഫ് ടോപ്പിൽ എത്തിയത് . ഞാൻ ചെല്ലുമ്പോൾ കാതടപ്പിക്കുന്ന ശബ്ദത്തിൽ പാട്ടുവച്ചിട്ടുണ്ട്. മൊത്തത്തിൽ ആണും പെണ്ണും അടക്കം എട്ടുപത്ത് പേരുണ്ടാകും. എല്ലാവരും അത്യാവശ്യം നല്ല ഫോമിലാണ് .
ഒരാൾ മാത്രം ചെവിയിൽ വലിയ ഹെഡ്ഫോണും വച്ച് ഉറക്കെ പാട്ടിനൊപ്പം പാടുകയും മുന്നിലിരിക്കുന്ന ഉപകരണത്തിൽ തിരിക്കുകയും ചെയ്യുന്നത് കണ്ടു.
മിഥുൻ.
ഡി ജെ ആണ് കക്ഷിയെന്നും ഇടക്കിടെ ദോശമറിച്ചിടുന്ന പോലെ തിരിക്കുന്നത് ഡിജെ ബോക്സ് ആണെന്നും അർജ്ജുൻ പറഞ്ഞപ്പോൾ, ഇതൊക്കെ നമ്മളെത്ര കണ്ടതാണ് മിസ്റ്റർ എന്ന പുച്ഛഭാവത്തിൽ ഞാനിരുന്നു.
ഉച്ചത്തിലുള്ള സംസാരവും ഡാൻസും ഒക്കെ അരങ്ങുതകർക്കുന്നുണ്ട്. ഒക്കെ ഇംഗ്ലീഷ് എന്ന പ്രാകൃത ഭാഷയിലായത് കൊണ്ടും തീരെ സംസ്കാരമില്ലാതെ ഡാൻസ് ചെയ്യുന്നത് കണ്ടിരിക്കാനുള്ള മനക്കട്ടി ഇല്ലാത്ത കൊണ്ടും ഞാനത്രയ്ക്ക് ശ്രദ്ധിക്കാതെ, തിരിഞ്ഞിരുന്ന് അർജ്ജുൻ കാണിച്ചുതന്ന മൂന്നാല് കേസ് ബീറിനോട് ഏറ്റുമുട്ടിക്കൊണ്ടിരുന്നു.
രണ്ട് ബീയർ കഴിഞ്ഞപ്പോൾ എന്തുകൊണ്ടോ, വെറും വെറുതേ, എനിക്ക് പ്രസ്തുത ഡാൻസ് നടക്കുന്ന ഇടത്തേക്ക് തിരിഞ്ഞു നോക്കണം എന്നു തോന്നി.
ഏതോ തീരെ നിലവാരമില്ലാത്ത ബീയർ ആവണം ഇവർ എനിക്ക് കഴിക്കാൻ തന്നത്! അല്ലങ്കിൽ ഇടയ്ക്കിടയ്ക്ക് എനിക്ക് പോലും അസൂയ തോന്നുന്ന വിധത്തിൽ മാന്യനായ എനിക്കങ്ങനെ തോന്നാൻ ഒരുവിധത്തിലും യാതൊരു ന്യായവും ഞാൻ കണ്ടില്ല.
ചുണ്ടിൽ ചുമവന്ന ചായം പൂശിയ ഒരു ചെമ്പൻ മുടിക്കാരി സിഗരറ്റും വലിച്ച് അർജ്ജുനെ കെട്ടിപ്പിടിച്ച് ഡാൻസ് ചെയുന്നു.
അന്നേരം കാച്ചെണ്ണ തേച്ച് കുളിച്ച്, രാസ്നാദി പൊടിയും ഇട്ട് മുടിയിൽ തുളസിക്കതിരും ചൂടി നടക്കുന്ന നമ്മടെ മലയാളി പെണ്ണുങ്ങളെ ഓർത്തെനിക്ക് അസാരം അഭിമാനം തോന്നി. മൂന്നാമത്തെ ബീയർ തീർന്നപ്പോൾ ഞാനറിയാതെ തന്നെ അഭിമാനം അസൂയക്ക് വഴിമാറുന്നത് ഞാൻ തിരിച്ചറിഞ്ഞു..
ആഷിഖ് ബനായാ അപ്‌നെ..
ഹിമേഷ് രേഷമിയ അലറിവിളിക്കുകയാണ്..
ഞാൻ മിഥുനെ നോക്കി. കക്ഷി വേറേയേതോ ലോകത്താണ്.. ഇടക്കിടെ ഹിമേഷിനൊപ്പം അലറിവിളിക്കുന്നുണ്ട്. അവിടെയുള്ള എല്ലാത്തരം ലഹരി വസ്തുക്കളും മിഥുൻ നിർദാക്ഷിണ്യം വലിച്ചുകേറ്റിയിരിക്കുന്നത് പോരാതെ അവൻ ഒരു അവധൂതനെ പോലെ അലറിവിളിച്ചുകൊണ്ട് സിഗരറ്റ് വലിച്ച് തലയ്ക്കു ചുറ്റും പുകപടലം തീർത്തുകൊണ്ടിരുന്നു.
ചെമ്പൻ മുടിയുള്ള പെണ്ണിന്റെ ഡാൻസ് കണ്ട് മലയാളി പെണ്ണുങ്ങളെ എല്ലാം വെറുത്ത സമയത്താണ് എനിക്കൊരു സിഗരറ്റ് വലിക്കാൻ തോന്നിയത്. സിഗരറ്റ് വലിക്കുന്ന ആളായതുകൊണ്ട് അല്ല കേട്ടോ, ഞാനായിട്ട് വലിച്ചില്ലെങ്കിലും നാനാ ദിക്കുകളിൽ നിന്നും ഇവന്മാർ വലിച്ചു വിടുന്ന പുകയൊക്കെ വലിച്ചു കേറ്റുന്നതും വായടച്ചിരുന്ന് ഒരേയൊരെണ്ണം വലിക്കുന്നതും തമ്മിൽ തട്ടിച്ചു നോക്കി ഞാനെടുത്ത യുക്തമായ തീരുമാനമായിരുന്നു അത്. കാരണം മേൽപ്പറഞ്ഞതുപോലെ ഞാൻ ഒരു മാന്യനാണല്ലോ.
ഞാൻ മിഥുന്റെ അടുത്ത് ചെന്ന് ഒരു സിഗരറ്റ് വാങ്ങി. അതിനിടയിൽ അയാളോട് തുടർച്ചയായി കേൾക്കുന്ന ആഷിഖ് ബനായാ എന്ന പാട്ടൊന്നു മാറ്റാൻ അർജ്ജുൻ പറഞ്ഞു .
"നോ ബ്രോ ഇറ്റ്‌സ് മൈ ഫേവയറിറ്റ്" എന്നയാൾ റാപ് സ്റ്റൈലിൽ പറഞ്ഞു .
മിഥുൻ തന്ന സിഗരറ്റ് നാല് പുകയെടുത്തു കഴിഞ്ഞപ്പോൾ എനിക്ക് എന്തൊക്കെയോ പന്തികേടുകൾ തോന്നാൻ തുടങ്ങി . അതുവരെ ഫ്ലാറ്റിനു താഴെ വരെ മാത്രം ഉയരമുണ്ടായിരുന്ന തെങ്ങുകൾ മാനം മുട്ടെ വളർന്നു . ടെറസ് തെങ്ങുംതോപ്പിന് നടുവിലുള്ള ഒരു പൂന്തോട്ടമായി മാറി. ഞാൻ തറയിൽ മലർന്നു കിടന്നു ആകാശത്തേക്ക് നോക്കി. അവിടിവിടെയായി നക്ഷത്രങ്ങൾ ഉണ്ടെങ്കിലും പതിവിലും തീരെ കുറവായി തോന്നിയപ്പോൾ ഞാൻ വിരൽ ഉയർത്തി തൊട്ടിടത്തൊക്കെ പുതിയ നക്ഷത്രങ്ങൾ ജന്മം കൊണ്ടു.
വൗ ജോബി ദി ആൾ മൈറ്റി!!
ഞാൻ മെല്ലെ എണീറ്റു, ചെമ്പൻ മുടിയുള്ളവൾ എന്നെ തന്നെ നോക്കുന്നു, ആ കണ്ണുകളിൽ തിരയടിക്കുന്ന വികാരം എന്താണെന്ന് എനിക്ക് മനസ്സിലായില്ല.
ആഷിഖ് ബനായാ അപ്‌നെ..
ഞാൻ നോക്കി നിൽക്കെ, ഇറുകിയ ജീൻസും ടോപ്പും പട്ടുപാവാടയ്ക്കും ബ്ലൗസിനും വഴിമാറി, ചെമ്പൻ മുടി പെട്ടെന്ന് കാച്ചെണ്ണ തേച്ച് തുളസികതിരും ചൂടി.
അവൾ എന്റെ നേരെ സ്ലോമോഷനിൽ ഓടിവരാൻ തുടങ്ങി , ഞാൻ തിരിച്ചും.
എത്ര ഓടിയിട്ടും അടുത്തെത്താത്ത പോലെ...
അപ്പോൾ അകലെയെവിടെയോ നിന്നെന്നവണ്ണം രഞ്ജിത്തിന്റെ ശബ്ദം എന്റെ ചെവിയിൽ പതിച്ചു..
"ഓ ഗോഡ് മിഥുൻ എണീക്കുന്നില്ല"
എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി. തെങ്ങും തോപ്പും പൂത്ന്തോട്ടവും എല്ലാം നിറം മങ്ങി.
എല്ലാവരും മാറി മാറി മിഥുനെ വിളിച്ച് നോക്കി. ആരോ അവിടിരുന്ന ബീയർ എടുത്ത് മിഥുന്റെ മുഖത്തൊഴിച്ചു. ഞാനവനെ ഒന്നു രൂക്ഷമായി നോക്കി . ബീയർ വേസ്റ്റ് ആക്കി അലവലാതി!
ബീയർ മുഖത്തു വീണിട്ടും മിഥുന് അനക്കമില്ല. അർജ്ജുൻ അടുത്തിരുന്നു പൾസ്‌പിടിച്ചു നോക്കിയിട്ട് എന്തോ ഇംഗ്ലീഷിൽ പറഞ്ഞത് സാഹചര്യത്തെളിവുകൾ വെച്ച് ഞാൻ ഇങ്ങനെ മനസ്സിലാക്കി...
സുഹൃത്തുക്കളെ, നമ്മുടെ മിഥുൻ ഇനിയില്ല. അവൻ മരിച്ചു!
പൂന്തോട്ടവും തോപ്പും അപ്രത്യക്ഷമായി. തെങ്ങിന് പകരം ചുറ്റും ഇരുമ്പ് കമ്പികൾ കൊണ്ടുള്ള അഴികൾ പ്രത്യക്ഷപ്പെട്ടു. കാച്ചെണ്ണ തേച്ചവൾ വീണ്ടും ചെമ്പൻമുടിക്കാരിയായി മാറി .
എല്ലാവരുടെയും മുഖത്തു മാക്കാനെ കണ്ടതുപോലെ പേടിനിറഞ്ഞു. അപ്പോഴും ആഷിഖ് ബനായാ നിർത്താതെ പാടുന്നുണ്ട്.
അർജ്ജുൻ ആശങ്കയോടെ പറഞ്ഞു..
"ഇത് പ്രശ്‌നമാവും അവൻ ഓവറായിട്ട് ഡ്രഗ് എടുത്തതാണ് പ്രശനമായത്, പുറത്തറിഞ്ഞാൽ നമ്മളൊക്കെ അകത്തുപോകും ."
ഞാൻ പെട്ടെന്ന് വന്നൊരു ആവേശത്തിൽ കാലൊക്കെ പറിച്ചെടുത്ത് ഓടാനുള്ള വഴി നോക്കി, ഇല്ല ചുറ്റും ഇരുമ്പ് കമ്പികൾ കൊണ്ടുള്ള കൂടാണ്.
"ഞാനൊരു ഐഡിയ പറയട്ടെ"
രഞ്ജിത്താണ്. എല്ലാവരുടെയും ഉറയ്ക്കാത്ത ദൃഷ്ടി രഞ്ജിത്തിൽ പതിച്ചു. ഒരു രഞ്ജിത്തിന് പകരം നാലെണ്ണം! എല്ലാംകൂടി പറയുന്നത് ഒരേ വാചകം. എനിക്ക് പെട്ടെന്ന് ചിരിക്കണമെന്ന് തോന്നി. എങ്കിലും ഒരാൾ മരിച്ചു കിടക്കുമ്പോളല്ലല്ലോ ചിരിക്കേണ്ടത്. അഞ്ചു മിനിറ്റ് കഴിഞ്ഞു ചിരിക്കാം. ഞാൻ മാന്യത കൈവിട്ടില്ല. പേടി വീണ്ടും മടങ്ങി വന്നു.
"എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചു. ഇനിയിപ്പോ നമ്മക്ക് രക്ഷപെടാനുള്ള പണി നോക്കണം. മിഥുന്റെ ബോഡി നമ്മുക്ക് എടുത്ത് താഴെയിടാം. താഴെ വീണു മരിച്ചതാണെന്നു പറയാം. പോസ്റ്റ് മോർട്ടം നടക്കുമ്പോ അർജ്ജുന്റെ പപ്പ വിചാരിച്ചാൽ ഡ്രഗ്സ് വിഷയം മറച്ചു വയ്ക്കാം"
രഞ്ജിത്ത് പറഞ്ഞു നിർത്തി.
എല്ലാവടെയും നോട്ടം അർജുന്റെ മുഖത്തായി.
അവൻ ഇത്തിരി ആലോചിച്ചിട്ട് പറഞ്ഞു .
"അങ്ങനെ ചെയ്യാം വേറെ മാർഗമില്ല , ബാക്കി പിന്നെ നോക്കാം"
എടുത്ത് താഴെയിടാൻ എല്ലാവരും മനസ്സ് കൊണ്ടു തയ്യാറായി. മൂന്നു നാല് പേര് മിഥുന്റെ ബോഡി തൂക്കിയെടുത്ത് , ടെറസിന്റെ അറ്റത്തേക്ക് നടന്നു, അറ്റത്തെത്തി പൊക്കി അരഭിത്തിയുടെ മുകളിലൂടെ താഴേയ്ക്കിടാനായി ഭാരമുള്ള ബോഡി മെല്ലെ ഉയർത്താൻ തുടങ്ങി . അപ്പോഴും കേട്ടു കൊണ്ടിരുന്ന ആഷിഖ് ബനായാ എന്ന അലർച്ച എന്നെ വല്ലാതെ ചൊടിപ്പിച്ചു. ഒരൊറ്റ നിമിഷം ഹിമേഷ് രേഷമിയാ എന്റെ ശത്രുവായി മാറി. ആ സമയത്ത് ഞാൻ മിഥുന്റെ ഡിജെ ബോക്സിന്റെ കണ്ണിൽകണ്ട സ്വിച്ചിലൊക്കെ പിടിച്ച് ഞെക്കി പാട്ട് നിർത്തി .
പാട്ടുന്നിന്നതും എവിടെയോ നിന്നൊരു അശരീരി!
" ...ck, who stopped the music? Switch it back on, man"
എല്ലാവരും ചുറ്റും നോക്കി. ചത്തുപോയ മിഥുന്റെ ബോഡിയാണ് സംസാരിക്കുന്നത്. താഴേയ്ക്കിടണോ വേണ്ടയോ എന്ന് എല്ലാവർക്കും ആശയക്കുഴപ്പവും അതോടൊപ്പം പേടിയുമായി.
ആദ്യ നിമിഷങ്ങളിലെ വിറങ്ങലിപ്പ് കഴിഞ്ഞപ്പോൾ ആശ്വാസത്തിന്റേതായ ഒരു ദീർഘ നിശ്വാസം! ചെമ്പൻ മുടിയത്തിയും മറ്റുള്ളവരും വിടുമ്പോഴേക്കും നാലുപേരുടെയും കൈകൾ വിടുവിച്ച് മിഥുൻ എഴുന്നേറ്റു പോയി വീണ്ടും ഏതൊക്കെയോ ബട്ടണുകൾ പിടിച്ച് ഞെക്കി വീണ്ടും ടെറസ്സിൽ മലർന്നു കിടന്നു.
അതോടെ മുമ്പത്തേക്കാൾ ഉഷാറായി ഹിമേഷ് രേഷമിയ വീണ്ടും പാടിത്തുടങ്ങി...
ആഷിക് ബനായാ....
--------
അന്നാ സമയത്ത് ആ പാട്ട് നിർത്തിയില്ലായിരുന്നുവെങ്കിൽ എന്റെ ഓർമ്മക്കുറിപ്പുകൾക്ക് 'ജയിലിലെ ഓർമ്മകൾ' എന്നു പേരിടേണ്ടി വന്നേനെ.
-------
ഓർമ്മക്കുറിപ്പുകൾ എഴുതിയാലോ എന്നൊരു ആലോചന തുടങ്ങിയിട്ട് കുറെയായി. അനേകം വികാരങ്ങൾ, ചിരിയും തമാശകളും, ഭയവും അമ്പരപ്പും, അറിയാതെ പോയിപ്പെട്ട അസാധാരണ സംഭവത്തിന്റെ ഓർമ്മകളും ചേർന്ന് എത്തിച്ച മംഗലാപുരത്തെ ഫ്ലാറ്റിന്റെ മുകളിൽ നിന്നും കട്ടപ്പനയിലെ കാടിനും കുന്നിനുമിടയിലൂടെ. ചിലപ്പോൾ മുള്ളുകളിൽ നിന്നും ചോരപൊടിഞ്ഞും നല്ലോർമ്മകളിൽ പൊട്ടിച്ചിരിച്ചുമൊക്കെ ഇടക്കിടെ ഇതുപോലെയുള്ള 'ഹൈ' റേഞ്ച് കഥകളും ഒക്കെയായി ഓർമ്മകളിലേക്ക് ഒരു ഊർന്നിറക്കം....
BY Joby George Mukkadan
പാരഡോക്സ് (കഥ)
ഇൻഫന്റ് ജീസസിന്റെ കപ്പേളയുടെ വലതുവശത്തുകൂടെ പിന്നിലുള്ള പുൽമേടയിലേയ്ക്ക് ഇറങ്ങാനുള്ള കല്പടവുകളിൽ ഇരിക്കുകയായിരുന്നു ഞാൻ . ഒഴുകിനീങ്ങുന്ന നേരിയ കോടമഞ്ഞിനിടയിലൂടെ തെളിഞ്ഞു വരുന്ന നഗരത്തിന്റെ ദൃശ്യം അതിമനോഹരമായിരുന്നു. തലയുയർത്തി നിൽക്കുന്ന അംബരചുംബികൾക്കിടയിൽ അവിടിവിടെയായി കാണപ്പെട്ട ഇനിയും നഷ്ടപെട്ടില്ലാത്ത പച്ചപ്പിന്റെ തുരുത്തുകൾ നഗരത്തിനൊരു കാല്പനിക സൗന്ദര്യം നൽകുന്നുണ്ടായിരുന്നു. കുന്നിൻചരിവിൽ പുതിയ ബഹുനിലകെട്ടിടത്തിന്റെ നിർമ്മാണത്തിന് വേണ്ടി മണ്ണുമാറ്റികൊണ്ടിരിക്കുന്ന ഭാഗം മാത്രം രക്തമൊഴുകുന്ന ഒരു മുറിവ് പോലെ തോന്നിപ്പിച്ചു.
രൂപം
കാറിനുള്ളിൽ നേരിയ ശബ്ദത്തിൽ തൈക്കുടം ബ്രിഡ്ജിന്റെ അനുരാഗിണി എന്ന പാട്ടിന്റെ അൺപ്ലഗ്ഗ്ഡ് വേർഷൻ പാടുന്നുണ്ട്.
ആ വഴി കുറച്ചു മുന്നോട്ട് പോയപ്പോൾ വഴി വിളക്കുകൾ ഇല്ലാത്ത ഒരു ഇടുങ്ങിയ റോഡിൽ എത്തി, എങ്കിലും മങ്ങിയ വെളിച്ചം ഉണ്ട്. ഗൾഫിൽ അല്ലെങ്കിലും നാട്ടിലെപോലെ കൂരിരുട്ട് കണ്ടിട്ടില്ല. ചെറിയ ഒരു വളവു തിരിഞ്ഞു മുന്നോട്ട് ചെന്നപ്പോൾ പെട്ടെന്ന് റോഡിനരുകിൽ ഒരു വെളുത്ത രൂപം. നാട്ടിലാണെങ്കിൽ പേടിച്ചു പോകും ഇവിടെ അറബികൾ എല്ലാം വെളുത്ത തോപ് ഇടുന്നതിനാൽ അസ്വാഭാവികമായൊന്നും തോന്നിയില്ല. പക്ഷെ അടുത്ത നോട്ടത്തിൽ അതൊരു പെണ്ണാണെന്ന് മനസിലായി. ഹെഡ്‍ലൈറ്റിന്റെ വെളിച്ചത്തിൽ ആ മുഖം വ്യകതമായി കണ്ടു . നല്ല മലയാളിത്തം തുളുമ്പുന്ന സുന്ദരിയായ ഒരു സ്ത്രീ . കരഞ്ഞുകൊണ്ടാണ് കൈ നീട്ടുന്നത്. ഒരു നിമിഷം നിർത്തണോ എന്ന് ഞാൻ ചിന്തിച്ചു. സൗദിയാണ് എന്തെങ്കിലും കുരിശ് ആണെങ്കിൽ പിന്നെ പുറം ലോകം കാണില്ല. സഹായം ചോദിക്കുമ്പോൾ ഉപേക്ഷിച്ചു പോകാനും മനസ് അനുവദിച്ചില്ല.
.
.
.
.
.
.
.
.
.
