കഥയിലേക്ക് കടക്കുന്നതിന് മുന്നേ എന്റെ ആരോഗ്യത്തിനും, അതിലുപരി മാടപ്രാവിനെ പോലെ വെണ്മയാർന്ന സ്വഭാവത്തെ സംശയിക്കാതിരിക്കാനുമായി ഒരു മുൻകുറിപ്പ് വായനക്കാരുടെ മുന്നിലേക്ക് തുറന്നു വയ്ക്കേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു. അതായത്, ഇതിലെ കഥയും കഥാപാത്രങ്ങളും സങ്കല്പികമല്ല എങ്കിലും ആ കൂട്ടത്തിൽ എന്നെയും ഒരു കഥാപാത്രമായി അവതരിപ്പിക്കുന്നത് കഥ പറയാനുള്ള ഒരു സുഖത്തിനു വേണ്ടി മാത്രമാണ്. സത്യം!
സംഭവം കുറച്ചു വർഷങ്ങൾക്ക് മുൻപാണ്. കൃത്യമായി പറഞ്ഞാൽ 2007 ന്യൂഇയർ പിറന്ന രാത്രി .
ഡോക്ടർ അർജ്ജുനും മംഗലാപുരത്തെ ഒരു സ്വകാര്യബാങ്കിലെ മാനേജർ ആയിരുന്ന രഞ്ജിത്തും താമസിക്കുന്ന ഫ്ലാറ്റിന്റെ ടെറസ്സ് ആണ് സംഭവസ്ഥലം. നഗരമധ്യത്തിൽ നിന്നും അധികം അകലയല്ലാതെ തലയുയർത്തി നിൽക്കുന്ന ആ കെട്ടിടത്തിന്റെ റൂഫ് ടോപ്പിലാണ് അന്നത്തെ നവവത്സര ആഘോഷങ്ങൾ അരങ്ങേറിയത്.
അർജ്ജുനെപ്പറ്റി ഒന്നുരണ്ട് വാക്കു പറയാം. മദ്യപനമൊന്നുമില്ലാത്ത, തികച്ചും മാന്യനായ ഒരു ചെറുപ്പക്കാരനാണ് അദ്ദേഹം. മറിച്ച്, വിവിധ തരത്തിലുള്ള മയക്കുമരുന്നുകളിലും മദിരാക്ഷിയിലും ആയിരുന്നു ടിയാൻ ശ്രദ്ധകേന്ദ്രികരിച്ചിരുന്നത്. ഇത്തരം സൽപ്രവർത്തികക്കിടയിൽ വീണുകിട്ടുന്ന ഇടവേളകളിലാകട്ടെ, ഞാൻ ജോലിചെയ്യുന്ന ഹോസ്പിറ്റലിൽ ഓർത്തോ ഡി എൻ ബിയ്ക്ക് പഠിക്കാനും ശ്രമിച്ചിരുന്ന, എല്ലാവർക്കും മാതൃക ആക്കാൻ പറ്റുന്ന ഒരു ഉത്തമ യുവാവായിരുന്നു അദ്ദേഹം .
ഓസിന് രണ്ടു ബിയർ അടിക്കാമെന്ന ചെറുതല്ലാത്ത ഓഫറിലും അർജ്ജുന്റെ നിർബന്ധത്തിലും മയങ്ങിയാണ് ഞാൻ പാർട്ടി നടക്കുന്ന റൂഫ് ടോപ്പിൽ എത്തിയത് . ഞാൻ ചെല്ലുമ്പോൾ കാതടപ്പിക്കുന്ന ശബ്ദത്തിൽ പാട്ടുവച്ചിട്ടുണ്ട്. മൊത്തത്തിൽ ആണും പെണ്ണും അടക്കം എട്ടുപത്ത് പേരുണ്ടാകും. എല്ലാവരും അത്യാവശ്യം നല്ല ഫോമിലാണ് .
ഒരാൾ മാത്രം ചെവിയിൽ വലിയ ഹെഡ്ഫോണും വച്ച് ഉറക്കെ പാട്ടിനൊപ്പം പാടുകയും മുന്നിലിരിക്കുന്ന ഉപകരണത്തിൽ തിരിക്കുകയും ചെയ്യുന്നത് കണ്ടു.
മിഥുൻ.
ഡി ജെ ആണ് കക്ഷിയെന്നും ഇടക്കിടെ ദോശമറിച്ചിടുന്ന പോലെ തിരിക്കുന്നത് ഡിജെ ബോക്സ് ആണെന്നും അർജ്ജുൻ പറഞ്ഞപ്പോൾ, ഇതൊക്കെ നമ്മളെത്ര കണ്ടതാണ് മിസ്റ്റർ എന്ന പുച്ഛഭാവത്തിൽ ഞാനിരുന്നു.
ഉച്ചത്തിലുള്ള സംസാരവും ഡാൻസും ഒക്കെ അരങ്ങുതകർക്കുന്നുണ്ട്. ഒക്കെ ഇംഗ്ലീഷ് എന്ന പ്രാകൃത ഭാഷയിലായത് കൊണ്ടും തീരെ സംസ്കാരമില്ലാതെ ഡാൻസ് ചെയ്യുന്നത് കണ്ടിരിക്കാനുള്ള മനക്കട്ടി ഇല്ലാത്ത കൊണ്ടും ഞാനത്രയ്ക്ക് ശ്രദ്ധിക്കാതെ, തിരിഞ്ഞിരുന്ന് അർജ്ജുൻ കാണിച്ചുതന്ന മൂന്നാല് കേസ് ബീറിനോട് ഏറ്റുമുട്ടിക്കൊണ്ടിരുന്നു.
രണ്ട് ബീയർ കഴിഞ്ഞപ്പോൾ എന്തുകൊണ്ടോ, വെറും വെറുതേ, എനിക്ക് പ്രസ്തുത ഡാൻസ് നടക്കുന്ന ഇടത്തേക്ക് തിരിഞ്ഞു നോക്കണം എന്നു തോന്നി.
ഏതോ തീരെ നിലവാരമില്ലാത്ത ബീയർ ആവണം ഇവർ എനിക്ക് കഴിക്കാൻ തന്നത്! അല്ലങ്കിൽ ഇടയ്ക്കിടയ്ക്ക് എനിക്ക് പോലും അസൂയ തോന്നുന്ന വിധത്തിൽ മാന്യനായ എനിക്കങ്ങനെ തോന്നാൻ ഒരുവിധത്തിലും യാതൊരു ന്യായവും ഞാൻ കണ്ടില്ല.
ചുണ്ടിൽ ചുമവന്ന ചായം പൂശിയ ഒരു ചെമ്പൻ മുടിക്കാരി സിഗരറ്റും വലിച്ച് അർജ്ജുനെ കെട്ടിപ്പിടിച്ച് ഡാൻസ് ചെയുന്നു.
അന്നേരം കാച്ചെണ്ണ തേച്ച് കുളിച്ച്, രാസ്നാദി പൊടിയും ഇട്ട് മുടിയിൽ തുളസിക്കതിരും ചൂടി നടക്കുന്ന നമ്മടെ മലയാളി പെണ്ണുങ്ങളെ ഓർത്തെനിക്ക് അസാരം അഭിമാനം തോന്നി. മൂന്നാമത്തെ ബീയർ തീർന്നപ്പോൾ ഞാനറിയാതെ തന്നെ അഭിമാനം അസൂയക്ക് വഴിമാറുന്നത് ഞാൻ തിരിച്ചറിഞ്ഞു..
ആഷിഖ് ബനായാ അപ്‌നെ..
ഹിമേഷ് രേഷമിയ അലറിവിളിക്കുകയാണ്..
ഞാൻ മിഥുനെ നോക്കി. കക്ഷി വേറേയേതോ ലോകത്താണ്.. ഇടക്കിടെ ഹിമേഷിനൊപ്പം അലറിവിളിക്കുന്നുണ്ട്. അവിടെയുള്ള എല്ലാത്തരം ലഹരി വസ്തുക്കളും മിഥുൻ നിർദാക്ഷിണ്യം വലിച്ചുകേറ്റിയിരിക്കുന്നത് പോരാതെ അവൻ ഒരു അവധൂതനെ പോലെ അലറിവിളിച്ചുകൊണ്ട് സിഗരറ്റ് വലിച്ച് തലയ്ക്കു ചുറ്റും പുകപടലം തീർത്തുകൊണ്ടിരുന്നു.
ചെമ്പൻ മുടിയുള്ള പെണ്ണിന്റെ ഡാൻസ് കണ്ട് മലയാളി പെണ്ണുങ്ങളെ എല്ലാം വെറുത്ത സമയത്താണ് എനിക്കൊരു സിഗരറ്റ് വലിക്കാൻ തോന്നിയത്. സിഗരറ്റ് വലിക്കുന്ന ആളായതുകൊണ്ട് അല്ല കേട്ടോ, ഞാനായിട്ട് വലിച്ചില്ലെങ്കിലും നാനാ ദിക്കുകളിൽ നിന്നും ഇവന്മാർ വലിച്ചു വിടുന്ന പുകയൊക്കെ വലിച്ചു കേറ്റുന്നതും വായടച്ചിരുന്ന് ഒരേയൊരെണ്ണം വലിക്കുന്നതും തമ്മിൽ തട്ടിച്ചു നോക്കി ഞാനെടുത്ത യുക്തമായ തീരുമാനമായിരുന്നു അത്. കാരണം മേൽപ്പറഞ്ഞതുപോലെ ഞാൻ ഒരു മാന്യനാണല്ലോ.
ഞാൻ മിഥുന്റെ അടുത്ത് ചെന്ന് ഒരു സിഗരറ്റ് വാങ്ങി. അതിനിടയിൽ അയാളോട് തുടർച്ചയായി കേൾക്കുന്ന ആഷിഖ് ബനായാ എന്ന പാട്ടൊന്നു മാറ്റാൻ അർജ്ജുൻ പറഞ്ഞു .
"നോ ബ്രോ ഇറ്റ്‌സ് മൈ ഫേവയറിറ്റ്" എന്നയാൾ റാപ് സ്റ്റൈലിൽ പറഞ്ഞു .
മിഥുൻ തന്ന സിഗരറ്റ് നാല് പുകയെടുത്തു കഴിഞ്ഞപ്പോൾ എനിക്ക് എന്തൊക്കെയോ പന്തികേടുകൾ തോന്നാൻ തുടങ്ങി . അതുവരെ ഫ്ലാറ്റിനു താഴെ വരെ മാത്രം ഉയരമുണ്ടായിരുന്ന തെങ്ങുകൾ മാനം മുട്ടെ വളർന്നു . ടെറസ് തെങ്ങുംതോപ്പിന് നടുവിലുള്ള ഒരു പൂന്തോട്ടമായി മാറി. ഞാൻ തറയിൽ മലർന്നു കിടന്നു ആകാശത്തേക്ക് നോക്കി. അവിടിവിടെയായി നക്ഷത്രങ്ങൾ ഉണ്ടെങ്കിലും പതിവിലും തീരെ കുറവായി തോന്നിയപ്പോൾ ഞാൻ വിരൽ ഉയർത്തി തൊട്ടിടത്തൊക്കെ പുതിയ നക്ഷത്രങ്ങൾ ജന്മം കൊണ്ടു.
വൗ ജോബി ദി ആൾ മൈറ്റി!!
ഞാൻ മെല്ലെ എണീറ്റു, ചെമ്പൻ മുടിയുള്ളവൾ എന്നെ തന്നെ നോക്കുന്നു, ആ കണ്ണുകളിൽ തിരയടിക്കുന്ന വികാരം എന്താണെന്ന് എനിക്ക് മനസ്സിലായില്ല.
ആഷിഖ് ബനായാ അപ്‌നെ..
ഞാൻ നോക്കി നിൽക്കെ, ഇറുകിയ ജീൻസും ടോപ്പും പട്ടുപാവാടയ്ക്കും ബ്ലൗസിനും വഴിമാറി, ചെമ്പൻ മുടി പെട്ടെന്ന് കാച്ചെണ്ണ തേച്ച് തുളസികതിരും ചൂടി.
അവൾ എന്റെ നേരെ സ്ലോമോഷനിൽ ഓടിവരാൻ തുടങ്ങി , ഞാൻ തിരിച്ചും.
എത്ര ഓടിയിട്ടും അടുത്തെത്താത്ത പോലെ...
അപ്പോൾ അകലെയെവിടെയോ നിന്നെന്നവണ്ണം രഞ്ജിത്തിന്റെ ശബ്ദം എന്റെ ചെവിയിൽ പതിച്ചു..
"ഓ ഗോഡ് മിഥുൻ എണീക്കുന്നില്ല"
എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി. തെങ്ങും തോപ്പും പൂത്ന്തോട്ടവും എല്ലാം നിറം മങ്ങി.
എല്ലാവരും മാറി മാറി മിഥുനെ വിളിച്ച് നോക്കി. ആരോ അവിടിരുന്ന ബീയർ എടുത്ത് മിഥുന്റെ മുഖത്തൊഴിച്ചു. ഞാനവനെ ഒന്നു രൂക്ഷമായി നോക്കി . ബീയർ വേസ്റ്റ് ആക്കി അലവലാതി!
ബീയർ മുഖത്തു വീണിട്ടും മിഥുന് അനക്കമില്ല. അർജ്ജുൻ അടുത്തിരുന്നു പൾസ്‌പിടിച്ചു നോക്കിയിട്ട് എന്തോ ഇംഗ്ലീഷിൽ പറഞ്ഞത് സാഹചര്യത്തെളിവുകൾ വെച്ച് ഞാൻ ഇങ്ങനെ മനസ്സിലാക്കി...
സുഹൃത്തുക്കളെ, നമ്മുടെ മിഥുൻ ഇനിയില്ല. അവൻ മരിച്ചു!
പൂന്തോട്ടവും തോപ്പും അപ്രത്യക്ഷമായി. തെങ്ങിന് പകരം ചുറ്റും ഇരുമ്പ് കമ്പികൾ കൊണ്ടുള്ള അഴികൾ പ്രത്യക്ഷപ്പെട്ടു. കാച്ചെണ്ണ തേച്ചവൾ വീണ്ടും ചെമ്പൻമുടിക്കാരിയായി മാറി .
എല്ലാവരുടെയും മുഖത്തു മാക്കാനെ കണ്ടതുപോലെ പേടിനിറഞ്ഞു. അപ്പോഴും ആഷിഖ് ബനായാ നിർത്താതെ പാടുന്നുണ്ട്.
അർജ്ജുൻ ആശങ്കയോടെ പറഞ്ഞു..
"ഇത് പ്രശ്‌നമാവും അവൻ ഓവറായിട്ട് ഡ്രഗ് എടുത്തതാണ് പ്രശനമായത്, പുറത്തറിഞ്ഞാൽ നമ്മളൊക്കെ അകത്തുപോകും ."
ഞാൻ പെട്ടെന്ന് വന്നൊരു ആവേശത്തിൽ കാലൊക്കെ പറിച്ചെടുത്ത് ഓടാനുള്ള വഴി നോക്കി, ഇല്ല ചുറ്റും ഇരുമ്പ് കമ്പികൾ കൊണ്ടുള്ള കൂടാണ്.
"ഞാനൊരു ഐഡിയ പറയട്ടെ"
രഞ്ജിത്താണ്. എല്ലാവരുടെയും ഉറയ്ക്കാത്ത ദൃഷ്ടി രഞ്ജിത്തിൽ പതിച്ചു. ഒരു രഞ്ജിത്തിന് പകരം നാലെണ്ണം! എല്ലാംകൂടി പറയുന്നത് ഒരേ വാചകം. എനിക്ക് പെട്ടെന്ന് ചിരിക്കണമെന്ന് തോന്നി. എങ്കിലും ഒരാൾ മരിച്ചു കിടക്കുമ്പോളല്ലല്ലോ ചിരിക്കേണ്ടത്. അഞ്ചു മിനിറ്റ് കഴിഞ്ഞു ചിരിക്കാം. ഞാൻ മാന്യത കൈവിട്ടില്ല. പേടി വീണ്ടും മടങ്ങി വന്നു.
"എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചു. ഇനിയിപ്പോ നമ്മക്ക് രക്ഷപെടാനുള്ള പണി നോക്കണം. മിഥുന്റെ ബോഡി നമ്മുക്ക് എടുത്ത് താഴെയിടാം. താഴെ വീണു മരിച്ചതാണെന്നു പറയാം. പോസ്റ്റ് മോർട്ടം നടക്കുമ്പോ അർജ്ജുന്റെ പപ്പ വിചാരിച്ചാൽ ഡ്രഗ്സ് വിഷയം മറച്ചു വയ്ക്കാം"
രഞ്ജിത്ത് പറഞ്ഞു നിർത്തി.
എല്ലാവടെയും നോട്ടം അർജുന്റെ മുഖത്തായി.
അവൻ ഇത്തിരി ആലോചിച്ചിട്ട് പറഞ്ഞു .
"അങ്ങനെ ചെയ്യാം വേറെ മാർഗമില്ല , ബാക്കി പിന്നെ നോക്കാം"
എടുത്ത് താഴെയിടാൻ എല്ലാവരും മനസ്സ് കൊണ്ടു തയ്യാറായി. മൂന്നു നാല് പേര് മിഥുന്റെ ബോഡി തൂക്കിയെടുത്ത് , ടെറസിന്റെ അറ്റത്തേക്ക് നടന്നു, അറ്റത്തെത്തി പൊക്കി അരഭിത്തിയുടെ മുകളിലൂടെ താഴേയ്ക്കിടാനായി ഭാരമുള്ള ബോഡി മെല്ലെ ഉയർത്താൻ തുടങ്ങി . അപ്പോഴും കേട്ടു കൊണ്ടിരുന്ന ആഷിഖ് ബനായാ എന്ന അലർച്ച എന്നെ വല്ലാതെ ചൊടിപ്പിച്ചു. ഒരൊറ്റ നിമിഷം ഹിമേഷ് രേഷമിയാ എന്റെ ശത്രുവായി മാറി. ആ സമയത്ത് ഞാൻ മിഥുന്റെ ഡിജെ ബോക്സിന്റെ കണ്ണിൽകണ്ട സ്വിച്ചിലൊക്കെ പിടിച്ച് ഞെക്കി പാട്ട് നിർത്തി .
പാട്ടുന്നിന്നതും എവിടെയോ നിന്നൊരു അശരീരി!
" ...ck, who stopped the music? Switch it back on, man"
എല്ലാവരും ചുറ്റും നോക്കി. ചത്തുപോയ മിഥുന്റെ ബോഡിയാണ് സംസാരിക്കുന്നത്. താഴേയ്ക്കിടണോ വേണ്ടയോ എന്ന് എല്ലാവർക്കും ആശയക്കുഴപ്പവും അതോടൊപ്പം പേടിയുമായി.
ആദ്യ നിമിഷങ്ങളിലെ വിറങ്ങലിപ്പ് കഴിഞ്ഞപ്പോൾ ആശ്വാസത്തിന്റേതായ ഒരു ദീർഘ നിശ്വാസം! ചെമ്പൻ മുടിയത്തിയും മറ്റുള്ളവരും വിടുമ്പോഴേക്കും നാലുപേരുടെയും കൈകൾ വിടുവിച്ച് മിഥുൻ എഴുന്നേറ്റു പോയി വീണ്ടും ഏതൊക്കെയോ ബട്ടണുകൾ പിടിച്ച് ഞെക്കി വീണ്ടും ടെറസ്സിൽ മലർന്നു കിടന്നു.
അതോടെ മുമ്പത്തേക്കാൾ ഉഷാറായി ഹിമേഷ് രേഷമിയ വീണ്ടും പാടിത്തുടങ്ങി...
ആഷിക് ബനായാ....
--------
അന്നാ സമയത്ത് ആ പാട്ട് നിർത്തിയില്ലായിരുന്നുവെങ്കിൽ എന്റെ ഓർമ്മക്കുറിപ്പുകൾക്ക് 'ജയിലിലെ ഓർമ്മകൾ' എന്നു പേരിടേണ്ടി വന്നേനെ.
-------
ഓർമ്മക്കുറിപ്പുകൾ എഴുതിയാലോ എന്നൊരു ആലോചന തുടങ്ങിയിട്ട് കുറെയായി. അനേകം വികാരങ്ങൾ, ചിരിയും തമാശകളും, ഭയവും അമ്പരപ്പും, അറിയാതെ പോയിപ്പെട്ട അസാധാരണ സംഭവത്തിന്റെ ഓർമ്മകളും ചേർന്ന് എത്തിച്ച മംഗലാപുരത്തെ ഫ്ലാറ്റിന്റെ മുകളിൽ നിന്നും കട്ടപ്പനയിലെ കാടിനും കുന്നിനുമിടയിലൂടെ. ചിലപ്പോൾ മുള്ളുകളിൽ നിന്നും ചോരപൊടിഞ്ഞും നല്ലോർമ്മകളിൽ പൊട്ടിച്ചിരിച്ചുമൊക്കെ ഇടക്കിടെ ഇതുപോലെയുള്ള 'ഹൈ' റേഞ്ച് കഥകളും ഒക്കെയായി ഓർമ്മകളിലേക്ക് ഒരു ഊർന്നിറക്കം....
BY Joby George Mukkadan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക