എൻ്റെ ഭർത്താവിനെ ഞാൻ കേടാക്കുന്നതിൽ ആർക്കാ ഇവിടെ ഇത്ര വിഷമം?
പല്ലു ഞെരിച്ചുള്ള ചോദ്യത്തോടൊപ്പം അവളുടെ മിഴികൾ ഡൈനിങ്ങ് ടേബിളിനു ചുറ്റും ഇരിക്കുന്ന
ഏടത്തിമാരിലേക്ക് നീണ്ടു.
പൊടുന്നനെയുള്ള അവളുടെ ചോദ്യം
കളിചിരിയിലാറാടിയിരുന്ന ആ പെൺസദസ്സിൽ മൂകത പടർത്തി.
ആരും ദീപയുടെ ചോദ്യത്തിന് ഉത്തരം പറയുന്നില്ലായെന്ന് കണ്ട അവളുടെ നോട്ടം കറങ്ങി തിരിഞ്ഞ് ദേവു ഏടത്തിയിൽ എത്തി.
" ദേവുഏടത്തി, ആണുങ്ങൾ ആകുമ്പോൾ ഇത്തിരി കുടിക്കും. അതിന് ഇങ്ങിന്നെ സന്തോഷത്തോടെ കൂടിയ സദസ്സിൽ വെച്ച്, പരിഹാസത്തിൻ്റെ മേമ്പൊടിയോടെ വിശകലനം ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ല"
"അതിന് ദേവുഏടത്തി എന്താ പറഞ്ഞത് ദീപേ, ഓണത്തിനു സന്തോഷത്തോടെ കൂടുന്നതിനിടയിലേക്ക് കള്ളും കുടിച്ചു വന്നതിനെ പറ്റിയല്ലേ ഏടത്തി പറഞ്ഞത്! അതും കാൽ ഉറയ്ക്കാതെ വന്നതിന്"
രേഷ്മ ഒരു പരിഹാസചിരിയോടെ പൂമുഖത്തിരിക്കുന്ന സതീശനെയൊന്നു
പാളിനോക്കി ഏടത്തിക്ക് സപ്പോർട്ട് ചെയ്തപ്പോൾ ദീപയ്ക്ക് കലികയറി.
"നിങ്ങളുടെ ഭർത്താക്കൻമാരൊന്നും കുടിക്കലില്ലേ?"
" കുടിക്കുമല്ലോ? പക്ഷെ ഇങ്ങിനെ സതീശൻ്റെ പോലെ വഴുതി വീഴാൻ പോകുന്ന തരത്തിലുള്ള കുടിയൊന്നുമല്ല "
മൃദുല അതും പറഞ്ഞ് ദീപയ്ക്ക് "ചെക്ക് "കൊടുത്ത അഭിമാനത്തോടെ ഏടത്തിമാരെ നോക്കി.
" ഡെയ്ലി കുടിക്കുന്നവർക്ക് അതൊരു ശീലമായി കാണും. പക്ഷേ വല്ലപ്പോഴും കുടിക്കുന്നവർ ഇങ്ങിനെ കാൽ കുഴയുന്നത് സാധാരണമാ അതിന് ഇങ്ങിനെ കൈകൊട്ടി ചിരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല "
ദീപ അതും പറഞ്ഞ് ഒരു കസേര വലിച്ചിട്ട് അവർക്കരികിൽ ഇരുന്നു.
"വെറുതെയല്ല സതീശൻ കുടിച്ചിട്ട് ഇങ്ങിനെ ഒരു കൂസലുമില്ലാതെ പെണ്ണും വീട്ടിലേക്ക് കയറി വരുന്നത്. അതും ആദ്യമായിട്ട് വരുന്നതെന്ന് ഓർക്കണം. അല്ലെങ്കിലും ഇത്രയും സപ്പോർട്ട് കിട്ടുമ്പോൾ കുടിക്കാത്തവനും കുടിച്ചു പോകും"
മൃദുല അതും പറഞ്ഞ് ദേവുവിനെ നോക്കി തുടർന്നു.
"ഏടത്തിക്ക് ഇതിൻ്റെ വല്ല ആവശ്യമുണ്ടോ? വീട്ടിലേക്ക് വരുന്നവർ
കള്ള്കുടിച്ച് കാൽ കുഴയുകയോ, വഴിയിൽ കിടക്കുകയോ, വാളു വെക്കുകയോ ചെയ്തോട്ടെ. അതിന് ഏടത്തിക്ക് എന്തിനാ ഇത്ര സങ്കടം?"
മൃദുലയുടെ സംസാരം കേട്ടപ്പോൾ, ദീപ അവളെ കൂർപ്പിച്ചു നോക്കി.
"മോളെ മുദുലേ, കവുങ്ങിന് ഇടുന്ന തളപ്പ് കൊണ്ടു തെങ്ങിൽ കേറാൻ നോക്കല്ലേ?''
ദീപയുടെ സംസാരം കേട്ടപ്പോൾ ഒന്നും മനസ്സിലാവാതെ, മൃദുല ഏടത്തിമാരെ നോക്കി.
"ഏടത്തിമാർക്കിടുന്ന തളപ്പുകൊണ്ട് എനിക്ക് ഇടരുതെന്ന് "
അതും പറഞ്ഞ് അവൾ ഡൈനിങ്ങ് ടേബിളിൽ വെച്ചിരുന്ന ജഗ്ഗിൽ നിന്നും ഗ്ലാസ്സിലേക്ക് വെള്ളം പകർത്തി.
"ഞാൻ പറഞ്ഞതിൻ്റെ അർത്ഥം മോൾക്ക് മനസ്സിലായില്ലെന്നു തോന്നുന്നു.
ദേവുഏടത്തിയെയും, രേഷ്മ ഏടത്തിയെയും കുരങ്ങ് കളിപ്പിക്കാൻ കിട്ടുന്നതു പോലെ എന്നെ കിട്ടില്ലായെന്ന് "
" ദീപ എന്തൊക്കെയാണീ പറയുന്നത്?"
സംശയഭാവത്തോടെ മുദുല, രേഷ്മയെയും, ദേവുവിനെയും നോക്കി.
"പച്ച മലയാളത്തിൽ പറഞ്ഞാൽ ദേവു വേടത്തിയെയും, രേഷ്മ ഏടത്തിയെയും ഓരോന്നും പറഞ്ഞ് തല്ലുകൂടിപ്പിക്കുന്ന ഐഡിയ എന്നോടു എടുക്കണ്ടായെന്ന് "
ദീപയുടെ സംസാരം കേട്ടപ്പോൾ, മൃദുലയുടെ മുഖം രക്തം വാർന്നതു eപാലെയായി തീർന്നു.
"പിന്നെ ഈ വീട്ടിലേക്ക് വലിഞ്ഞു കേറി വന്നതല്ല ഞാൻ. ഈ വീട്ടിൽ ഓടിക്കളിച്ചു വളർന്നവളാ! എന്ത് പറയുമ്പോഴും അതൊന്ന് ഓർക്കുന്നത് നന്നായിരിക്കും "
ദീപയുടെ ആ,ഒറ്റ ഡയലോഗിലൂടെ മൂന്നുപേരുടെയും, തലകുനിഞ്ഞു.
പരിഹാസം നിറഞ്ഞിരുന്ന ചുണ്ടുകളിൽ പരിദേവനത്തിൻ്റെ നിഴൽ പടർന്നു.
കസേരയിൽ നിന്നെഴുന്നേറ്റ ദീപ ഏടത്തിമാരെ നോക്കി ഒന്നു പുഞ്ചിരിച്ചു.
"എന്നെ തരംതാഴ്ത്താൻ കിട്ടിയ അവസരം നന്നായി വിനിയോഗിച്ച മൂന്നു പേരുടെയും സന്തോഷം എന്നും ഉണ്ടാകണം. ഞാൻ പോയി കഴിഞ്ഞാൽ കീരിയും, പാമ്പും പോലെ കൊത്തു കൂടരുത് "
അതും പറഞ്ഞ് തിരിഞ്ഞു നടക്കാനൊരുങ്ങിയ ദീപ, മുന്നിൽ വല്യേട്ടനെ കണ്ട് പരുങ്ങി.
" സതീശനെ ന്യായീകരിക്കാൻ വേണ്ടി നീ പറഞ്ഞ എല്ലാം ഞാൻ അവിടെ നിന്നും കേൾക്കുന്നുണ്ടായിരുന്നു "
ഒരു നിമിഷം ദീപയുടെ കണ്ണിലേക്ക് പരിഹാസത്തോടെ നോക്കി ബാലചന്ദ്രൻ തുടർന്നു.
"ഏടത്തിമാർക്ക് ക്ലാസ് എടുക്കുന്നതിൻ്റെ നൂറിലൊരു അംശം മതിയല്ലേ സതീശനെ നന്നാക്കൻ?"
വല്യേട്ടൻ്റെ വാക്കുതിർന്നപ്പോൾ ചുറ്റും താഴ്ന്നു കിടന്നിരുന്ന പത്തികൾ ഉയർന്നത് അവൾ കൺകോണിലൂടെ കണ്ടു.
അവയിൽ നിന്ന് പരിഹാസത്തിൻ്റെ വിഷം ചീറ്റുന്നതും !
" നന്നാക്കാനുള്ള ഉപദേശം കൊടുക്കാൻ മാത്രം സതീശേട്ടൻ അത്ര തരം താഴ്‌ന്നിട്ടില്ല വല്യേട്ടാ "
ആ ഒരൊറ്റ മറുപടിയിൽ ബാലചന്ദ്രൻ എന്തു പറയണമെന്നറിയാതെ ഒരൊറ്റ നിമിഷം നിശ്ചലനായി.
"നിന്നോടൊന്നും ഒന്നും ഉപദേശിച്ചിട്ടു കാര്യമില്ലായെന്ന്, ഞങ്ങളുടെ വാക്ക് എതിർത്ത് സതീശൻ്റെ ഒപ്പം പോയപ്പോൾ മനസ്സിലായതാ! എന്നിട്ടും നിന്നെയും, സതീശനെയും ഈ ഓണസദ്യ ഉണ്ണാൻ വിളിച്ചത് അച്ഛൻ്റെ ഒരൊറ്റ വാക്കിൻ്റെ ബലത്തിലാണ്.
അതു മറക്കരുത് നീ"
വല്യേട്ടൻ്റെ ആ വാക്കിൽ അവളൊന്നു പതറി.
നീരണിഞ്ഞ കണ്ണുകളോടെ അവൾ തലയാട്ടി.
ചുറ്റുമിരിക്കുന്നവരിൽ നിന്നുയർന്ന നോട്ടത്തിലെ പരിഹാസം അവളുടെ മാനാഭിമാനത്തിനു മേൽ വൃത്തികെട്ട വഴുവഴുപ്പായി പടർന്നു.
അവളുടെ നോട്ടം ഒരു നിമിഷം ചുമരിൽ തൂക്കിയിട്ടിരിക്കുന്ന അമ്മയുടെ ഫോട്ടോയിലേക്ക് നീണ്ടു.
ഓർമ്മകൾ തിരതള്ളൽ പോലെ മനസ്സിലേക്ക് ഇരച്ചു കയറിയപ്പോൾ അവൾ മിഴികൾ അടച്ചുപിടിച്ചെങ്കിലും, ആ തടയിണകൾ തകർത്ത് രണ്ടിറ്റ് ചുടുകണ്ണീർ നിലത്ത് വീണ് ചിതറി.
"അമ്മയില്ലെങ്കിൽ, പെൺമക്കൾ എത്ര വളർന്നാലും സ്വന്തം വീട്ടിൽ അനാഥരെ പോലെ കഴിയേണ്ടി വരുമെന്ന് പറയുന്നത് എത്ര ശരിയാണ് അല്ലേ വല്യേട്ടാ!?"
കണ്ണീരോടെയുള്ള അനിയത്തിയുടെ ചോദ്യം ഒരു നിമിഷം ബാലചന്ദ്രൻ്റെ ഹൃദയത്തിൽ കാരമുള്ള് പോലെ തുളച്ചു കയറി.
" അട്ടയെ പിടിച്ച് മെത്തയിലിട്ടാലും, അത് വീണ്ടും പൊട്ടക്കുളം തേടി പോകുമെന്ന് പറയുന്നത് എത്ര അച്ചട്ടാണ് ബാലേട്ടാ!
അതല്ലേ ഇവിടെ ഇപ്പോൾ കാണുന്നത്?"
ദേവു ,ബാലചന്ദ്രൻ്റെ അരികത്തേക്ക് ചേർന്നു നിന്നു പരിഹാസത്തോടെ ദീപയെ നോക്കി.
"നിങ്ങടെ സ്ഥാനത്ത് കൃഷ്ണനും, ദേവനും ആണ് ഈ കോലത്തിൽ സതീശനെ കണ്ടതെങ്കിൽ ആ നിമിഷം പുറത്താക്കി ഗേറ്റ് അടച്ചേനെ! എന്തു ചെയ്യാം നിങ്ങൾ ഒരു നന്മ മരം ആയിപോയില്ലേ?"
ബാലനെ എരിവ് കേറ്റുന്ന ദേവുവിൻ്റെ അടുത്തേക്ക് ദീപ പതിയെ ചെന്നു.
" അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയെന്നു പറയാൻ, ഏടത്തിയുടെ വീട്ടിൽ നിന്നല്ല ഞാൻ ഇങ്ങോട്ടേയ്ക്ക് വന്നത്!"
ദീപയുടെ വാക്ക് കേട്ട് പതറിപ്പോയ ദേവു ഒരു ആശ്രയത്തിനായ് ബാലചന്ദ്രനെ നോക്കി.
"പിന്നെ ഒരു കാര്യം, സതീശേട്ടനെ പുറത്താക്കി ഗേറ്റടക്കും മുൻപെ ഞാൻ വെളിയിലെത്തിയിട്ടുണ്ടാവും. കാരണം സതീശേട്ടൻ എൻ്റെ ഭർത്താവ് ആണ്. അല്ലാതെ എനിക്ക് കൂട്ടു വന്ന വേലക്കാരനല്ല "
ദീപയുടെ സംസാരം കേട്ട് വിളറിയ മുഖത്തോടെ ദേവു, ബാലചന്ദ്രനെ നോക്കിയപ്പോൾ, അയാളുടെ നോട്ടം ചിരിയൊതുക്കാൻ പാടുപെടുന്ന രേഷ്മയിലേക്കും, മൃദുലയിലേക്കും ആയിരുന്നു.
" അപ്പോൾ വല്യേട്ടാ ഈ അട്ട പൊട്ടക്കുളത്തിലേക്ക് പോകാൻ നിക്കാണ്.ഒരു നാഴികുത്തരി ചോറ് മതി ഞങ്ങൾക്ക് പൊട്ടക്കുളത്തിൽ സന്തോഷത്തോടെ ഓണം ആഘോഷിക്കുവാൻ "
അതും പറഞ്ഞ് കണ്ണീർ തുടച്ച് ദീപ അച്ഛൻ്റെ മുറിയിലേക്കു നടന്നതും, ബാലചന്ദ്രൻ്റെ കൈത്തലം പൊടുന്നനെ ദേവുവിൻ്റെ കവിളിൽ ശക്തിയോടെ ആഞ്ഞു പതിച്ചു..
" ആരാടീ കുടിച്ചു ലക്കുകെട്ടു വന്നത്? "
അടിയുടെ ശബ്ദം കേട്ട് കാത് പൊത്തിയിരുന്ന രേഷ്മയും, മൃദുലയും ബാലചന്ദ്രനെ പേടിയോടെ നോക്കി.
" അവൻ കുടിച്ചിട്ടുണ്ട്. പക്ഷേ അത് ബോധം മറയാൻ പാകത്തിലൊന്നുമല്ല. അഥവാ ഇനി അങ്ങിനെ കുടിച്ച് ബോധം മറഞ്ഞാലും അതിനെ പറ്റി സംസാരിക്കാൻ നിങ്ങൾക്ക് ആരാണ് അവകാശം തന്നത്?"
ബാലചന്ദ്രൻ കവിൾ വിറച്ചുകൊണ്ട് ചോദിക്കുമ്പോൾ, രേഷ്മയും, മൃദുലയും അറിയാതെ സീറ്റിൽ
നിന്നുയർന്നു.
"ഞങ്ങളല്ല തുടക്കമിട്ടത്. ഏടത്തി തന്നെയാ "
ദേവുവിനെ ചൂണ്ടി കാണിച്ചു മൃദുല അങ്ങിനെ പറഞ്ഞപ്പോൾ ചിരിയൊതുക്കാൻ പാടുപെടുകയായിരുന്നു രേഷ്മ.
അടി കിട്ടിയ കവിളും പൊത്തിപ്പിടിച്ച് ദേവു, മൃദുലയെ തന്നെ ഒരു നിമിഷം നോക്കി നിന്നു.
കവിളിലെ വേദനയെക്കാൾ ദേവു വിനെ നൊമ്പരപ്പെടുത്തിയത് കൂടെ നിന്നവളുടെ ചിരിയായിരുന്നു.
" ഒരു കുപ്പി മദ്യം അകത്താക്കിയിട്ടാണല്ലോ കൃഷ്ണനും, ദേവനും പുറത്തേക്ക് പോയിട്ടുള്ളത്. അപ്പോൾ ഉയരാത്ത നാവ് ഇപ്പോൾ ഉയർന്നതിൻ്റെ കാരണം എന്താണെന്നറിയാം"
ബാലചന്ദ്രൻ മൂന്നു പേരെയും മാറി മാറി നോക്കി.
" അവൾ വലിഞ്ഞുകയറി വന്നവളല്ല. ഈ വീട്ടിൽ ഞങ്ങളുടെ ഓമന പെങ്ങൾ ആയി വളർന്നവളാണ്. ഞങ്ങളുടെ വാക്ക് കേൾക്കാതെ ഇഷ്ടപ്പെട്ട ചെറുക്കൻ്റെ ഒപ്പം പോയതിൻ്റെ ദേഷ്യമുണ്ട് ഞങ്ങൾ എല്ലാവരുടെയും മനസ്സിൽ. പക്ഷേ അതുകൊണ്ട് അവളെ പടിയടച്ച് പിണ്ഡം വെച്ചെന്ന് ആരും കരുതണ്ട "
ബാലചന്ദ്രൻ പറയുന്നത് കേട്ട് അവർ മൂന്നുപേരും നിശ്ചലം നിന്നു.
"വല്യളിയാ ഞങ്ങൾ പോകുകയാണ് ട്ടോ "
പിന്നിലെത്തിയ സതീശൻ്റെ വാക്കു കേട്ടതും, ബാലചന്ദ്രൻ അമ്പരപ്പോടെ തിരിഞ്ഞു.
" ഊണുകഴിക്കാതെയോ?"
ബാലചന്ദ്രൻ്റെ ചോദ്യം കേട്ടപ്പോൾ സതീശൻ പുഞ്ചിരിച്ചു.
"ഏഴ് ഓണം നമ്മൾ ഒരുമിച്ച് ഊണുകഴിക്കാതെയല്ലേ പോയത്? അതിൻ്റെ കൂടെ ഈ ഒരു ഓണം കൂടി ചേർക്കാ! അടുത്ത ഓണത്തിന് അടിപൊളിയായിട്ട് നമ്മൾക്ക് കൂടാം വല്യളിയാ"
സതീശൻ്റെ വാക്ക് കേട്ടതോടെ ബാലചന്ദ്രൻ ദേഷ്യത്തോടെ ഭാര്യയെ നോക്കി.
"ദീപയ്ക്ക് വല്ലാത്ത അസ്വസ്ഥത. എന്താണെന്നറിയില്ല. പിന്നെ അവൾ പോകുമ്പോൾ ഞാൻ ഇവിടെ നിൽക്കുന്നത് ശരിയല്ലല്ലോ?"
പൊടുന്നനെ പോർച്ചിൽ കിടന്ന കാർ സ്റ്റാർട്ട് ആയ ശബ്ദം കേട്ടപ്പോൾ, രണ്ടു മക്കളെയും തോളത്തിട്ട് സതീശൻ അങ്ങോട്ടേയ്ക്ക് നടക്കുന്നതിനിടയിൽ തിരിഞ്ഞു നിന്നു.
" അവൾക്ക് മൂക്കത്താണ് ശുണ്ഠി. നിങ്ങൾ ആങ്ങളമാർ ഓമനിച്ചു വളർത്തിയതിൻ്റെ ദോഷം
ആ ഒരു വാചകം സതീശനിൽ നിന്നുതിർന്നപ്പോൾ, ബാലചന്ദ്രൻ്റെ മനസ്സ് ഒന്നിടറി.
തറയിൽ നീന്തിക്കളിക്കുന്ന ഒരു കുഞ്ഞിൻ്റെ പൂമുഖം അയാളിൽ വല്ലാത്ത നൊമ്പരമുണർത്തി.
ആ കുഞ്ഞിനെ തോളിലിട്ടു താരാട്ടുപാടിയുറക്കാൻ മത്സരിക്കുന്ന മൂന്ന് ആങ്ങളമാരുടെ ചിത്രം അയാളുടെ മനസ്സിലൂടെ മിന്നിമാഞ്ഞു.
സങ്കടം ചുവപ്പിച്ച കണ്ണുകളോടെ അയാൾ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത് അനിയൻമാർക്കു വിളിക്കുമ്പോഴെയ്ക്കും, സതീശനെയും, മക്കളെയും കയറ്റി ദീപ ഓടിച്ചിരുന്ന കാർ ആ ഗേറ്റും കടന്ന് കുതിച്ചിരുന്നു.
" സന്തോഷമായില്ലേ ബാലാ നിനക്ക്? "
പൊടുന്നനെ കയറി വന്ന അച്ഛൻ്റെ ചോദ്യം കേട്ട്, ഒന്നും പറയാൻ കഴിയാതെ തലയും കുനിച്ചു നിന്നു ബാലചന്ദ്രൻ.
"ഈ വീട്ടിൽ പണ്ടത്തെ പോലെ അവളെ കഴിയാൻ അനുവദിക്കുകയില്ലായെന്ന് നിങ്ങൾ പറഞ്ഞപ്പോഴും ഞാൻ എതിരു നിന്നില്ല! അത് നിങ്ങളുടെ മനസ്സിലെ വിഷമം കൊണ്ടാണ് എന്നെനിക്കറിയാമായിരുന്നു "
ശ്വാസം കിട്ടാതെ വിതുമ്പുന്ന അച്ഛനെ ഒരു നിമിഷം വിഷമത്തോടെ നോക്കി നിന്നു ബാലചന്ദ്രൻ.
" പക്ഷേ അതിനു പകരം ഒന്നേ ഞാൻ ആവശ്യപ്പെട്ടുള്ളൂ. മരിക്കുന്നതിനു മുൻപ് എൻ്റെ മകളും, അവളുടെ ഭർത്താവുമായി ഒരു ഓണസദ്യ കഴിക്കൽ. അതും കൂടി നിഷേധിച്ചപ്പോൾ സമാധാനമായില്ലേ?"
അച്ഛൻ്റെ വിഷമത്തോടെയുള്ള ചോദ്യം കേട്ട് ബാലചന്ദ്രൻ ദേവുവിനെയും, രേഷ്മയെയും, മൃദുലയെയും ദേഷ്യത്തോടെ നോക്കി നിന്നു.
ഡ്രൈവ് ചെയ്യുന്ന ദീപയെ ഒന്നും മനസ്സിലാകാത്ത പോലെ നോക്കി ഇരിക്കുകയായിരുന്നു സതീശൻ.
ഇത്രയും മുഖം വീർപ്പിച്ചിരിക്കാൻ തക്കവണ്ണം അവിടെ എന്താണ് സംഭവിച്ചതെന്ന് ഓർത്ത് അവൻ
തലപുകച്ചു.
അച്ഛൻ ഓണസദ്യയുണ്ണാൻ വിളിച്ചിട്ടുണ്ടെന്നും പറഞ്ഞ് നല്ല സന്തോഷത്തിൽ ഇരുന്നവൾ!
ഏഴുവർഷത്തിനു ശേഷം എൻ്റെ വീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞ് സന്തോഷത്തോടെ തന്നെ ശ്വാസം മുട്ടുമാറ് ആലിംഗനം ചെയ്തവൾ!
ദിവസേനയുള്ള ക്വാട്ടയിൽ നിന്ന് രണ്ടു പെഗ്ഗ് സന്തോഷത്തോടെ കൂട്ടി തന്നവൾ!
വീട്ടിലേക്കുള്ള പടികൾ കയറുമ്പോൾ, ആ രണ്ട് പെഗ്ഗ് ആണ് തന്നെ ചതിച്ചതെന്നും അവൻ ഓർത്തു.
പടിയിൽ വഴുക്കി പോയ തന്നെ പൂമുഖത്തിരുന്ന,അളിയൻ ഒരു ചിരിയോടെ നോക്കുന്നതും കണ്ടിരുന്നു.
സന്തോഷത്തോടെ മക്കളെയും കൊണ്ട് അകത്തേക്ക് കയറിയ ദീപയ്ക്ക് പിന്നെ എന്താണ് സംഭവിച്ചത്?
ചോദ്യഭാവത്തോടെ കുറച്ചു നേരം അവൾ ദീപ യെ നോക്കിയിരുന്നു.
"അവിടെ എന്താണ് സംഭവിച്ചത് ദീപാ ? നിന്നെ ഏടത്തിമാർ ഇൻസൾറ്റ് ചെയ്തോ?"
അവൻ്റെ ചോദ്യത്തിന്, അവൾ അവനെ ഒരു നിമിഷം നോക്കിയിരുന്നു.
"ഈ ഓണം നമ്മുടെ വീട്ടിൽ ആഘോഷിച്ചാൽ മതി"
അതും പറഞ്ഞ് അവൾ കാറിൻ്റെ ആക്സിലേറ്ററിൽ ശക്തിയോടെ കാലമർത്തി.
കാർ വീടിൻ്റെ പോർച്ചിലേക്കു കയറി നിന്നതും, ദീപ ഓടി ചെന്ന് വീടിൻ്റെ വാതിൽ തുറന്നു.
ഫ്രിഡ്‌ജിൽ നിന്ന് കുറച്ചേറെ പച്ചക്കറികൾ എടുത്ത് അവൾ ഡൈനിങ്ങ് ടേബിളിൽ നിരത്തി.
" അച്ഛനും, മക്കളും കൂടി ഇത് പെട്ടെന്ന് അരിയൂ"
അതും പറഞ്ഞ് ദീപ സാരിതുമ്പ് എളിയിൽ കുത്തി കിച്ചനിലേക്ക് നടക്കുമ്പോൾ, അവൻ ഒന്നുമറിയാതെ ടേബിളിലേക്കു നോക്കി.
നാലുപേർക്ക് ഇത്രയും പച്ചക്കറി,വേണമോ എന്ന ചിന്ത അവനിൽ ഉയർന്നെങ്കിലും, ചോദിക്കാൻ ധൈര്യമില്ലാത്തതിനാൽ അവൻ കത്തിയെടുത്ത് നുറുക്കാൻ തുടങ്ങി.
ഇടയ്ക്കിടെ അവൻ വാലിനു തീപിടിച്ചതു പോലെ അടുക്കളയിൽ പരക്കം പായുന്ന ദീപയെ ഒളികണ്ണിട്ടു നോക്കി.
ഒരു മാത്ര ഓടിവെന്ന് ടേബിളിൽ നിന്ന്, നുറുക്കി വെച്ചിരിക്കുന്ന പച്ചക്കറി കഷ്ണങ്ങളുമെടുത്ത് ഓടുമ്പോൾ, അവളൊന്നു വഴുതി വീഴാൻ പോകുന്നതും കണ്ട് സതീശൻ പേടിയോടെ കസേരയിൽ നിന്നെഴുന്നേറ്റു.
ഇവൾക്കിതെന്തു പറ്റിയെന്ന ചിന്തയോടെ സതീശൻ ടി.വി.യിലേക്ക് കണ്ണയച്ചു.
മണിക്കൂർ ഒന്ന് കഴിഞ്ഞപ്പോൾ അടപ്രഥമൻ്റെ കൊതിപ്പിക്കുന്ന ഗന്ധം അടുക്കളയിൽ നിന്ന് വന്നപ്പോൾ സതീശൻ ടി.വി.ഓഫ് ചെയ്ത് കസേരയിൽ നിന്നുയർന്നു നോക്കുമ്പോൾ, മക്കൾ രണ്ടു പേരും വറുത്ത പപ്പടത്തോട് മല്ലിടുന്നതാണ് കണ്ടത്.
അടുക്കളയിലെ തീ പുകയേറ്റ് വിയർത്തു നിന്ന ദീപയെ പിന്നിലൂടെ ചെന്ന സതീശൻ വട്ടംചുറ്റി പിടിച്ചു.
"ഏലക്കായുടെ സുഗന്ധം ഇവിടെ നിന്നാണല്ലോ ഉയർന്നത്! നീ പായസം വെച്ചെന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചു "
അവളുടെ ദേഹത്തേക്ക് ചാരി നിന്ന അവനെ അവൾ ചിരിയോടെ തട്ടി മാറ്റി.
" ശൃംഗരിക്കാൻ നിൽക്കാതെ, തൊടിയിൽ പോയി മൂന്നാല് വാഴയില വെട്ടി കൊണ്ടു വാ "
അവൾ പറഞ്ഞതും കേട്ട് അവൻ അന്തം വിട്ടു നിന്നു.
" പോയി വാ മനുഷ്വാ "
സതീശനെ ഉന്തി തളളി പുറത്തേക്ക് നടക്കുമ്പോഴാണ്, ദീപ പോർച്ചിൽ വന്നു നിന്ന കാർ കണ്ടതും, അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഊറിയതും.
വാതിൽ കടന്നു വരുന്ന ഭാര്യ വീട്ടുക്കാരെ കണ്ട് സതീശൻ ഒരു നിമിഷം അത്ഭുതത്തോടെ ദീപയെ നോക്കി.
"ഈ ഓണം എൻ്റെ മോൾടെ വീട്ടിൽ നിന്ന് ഉണ്ണാമെന്നു വിചാരിച്ചു "
അതും പറഞ്ഞ് അച്ഛൻ വീടിനകത്തേക്ക് കടന്നതും ബാലചന്ദ്രൻ സതീശൻ്റെ കൈ പിടിച്ചു.
" ക്ഷമിക്കണം അളിയാ! പെണ്ണുങ്ങൾ എന്തോ പറഞ്ഞ കാരണത്താലാണ് ദീപ പിണങ്ങി അവിടെ നിന്ന് പോന്നത് "
ബാലചന്ദ്രൻ്റെ വാക്ക് കേട്ടതോടെ സതീശൻ ഒരു നിമിഷം ദീപയെ നോക്കി.
അവൾ അതെയെന്നു തലയാട്ടി പറഞ്ഞു.
" പെണ്ണുങ്ങൾ ഒരു ബോധ മില്ലാത്തവരാ അളിയാ!അവർ പറയുന്നത് കേട്ട് പിണങ്ങാൻ നിന്നാൽ അതിനേ നേരമുണ്ടാവൂ"
കൃഷ്ണനും, ദേവനും വന്ന് കൈ പിടിച്ചപ്പോൾ ഏതോ ഒരു സ്വർഗ്ഗം കിട്ടിയതുപോലെയായി സതീശന്!
പിണക്കത്തിൻ്റെ മഞ്ഞുരുക്കം തൊട്ടു മുന്നിൽ കണ്ട് അവൻ നിർവൃതി പൂണ്ടു.
"ഏടത്തിമാരും, ഏട്ടൻമാരും അച്ഛൻ്റെ അടുത്തേക്ക് ഇരിക്ക്.
ഓണസദ്യ -ഇപ്പോൾ വിളമ്പാം "
ദീപയുടെ സംസാരം കേട്ട് ഡൈനിങ്ങ് ടേബിളിനരികെയുള്ള കസേരയിൽ അവർ ഇരിപ്പുറപ്പിച്ചു.
വാഴയില വെട്ടാൻ
സതീശൻ ഓടിയതും, ബാലചന്ദ്രൻ്റെ കത്തുന്ന കണ്ണുകൾ ദേവുവിലേക്ക് നീണ്ടതും, അവൾ കുനിഞ്ഞിരുന്നു.
ടേബിളിൽ നിരന്ന തൂശനിലയുടെ വശങ്ങളിലേക്ക് -വന്നു വീഴുന്ന വിഭവങ്ങളെ അവർ അത്ഭുതത്തോടെ നോക്കിയിരുന്നു.
ഉeപ്പരി,ശർക്കരവരട്ടി, നാരങ്ങ അച്ചാർ, മാങ്ങ അച്ചാർ..... .
എലിശ്ശേരി, പുളിശ്ശേരി, കാളൻ, പച്ചടി,
ചേന മെഴുക്കുവരട്ടി, ഇഞ്ചിക്കറി, അവിയൽ...
തൂശനിലയിൽ നിരന്ന വിഭവങ്ങൾ കണ്ട് അത്ഭുതത്തോടെ ആങ്ങളമാർ ദീപയെ നോക്കിയപ്പോൾ, അവൾ പുഞ്ചിരിയോടെ തലയാട്ടി.
വാഴയിലയുടെ നടുക്കായി പൂ പോലെയുള്ള ചോറ് വിളമ്പുന്ന അനിയത്തിയെ ഒരു നിമിഷം സന്തോഷ കണ്ണീരോടെ ബാലചന്ദ്രൻ നോക്കി.
ഒരു കട്ടൻ ചായ പോലും ഉണ്ടാക്കാനറിയാത്ത, എപ്പോഴും നില കണ്ണാടിക്കു മുന്നിൽ നിന്ന് അണിഞ്ഞൊരുങ്ങാൻ താൽപ്പര്യം കാണിക്കുന്ന അനിയത്തി എത്ര മാറിയിരിക്കുന്നു.
കൃഷ്ണൻ്റെയും, ദേവൻ്റെയും കണ്ണുകളിൽ ഈറൻ പടർന്നിരുന്നു.
"സതീശാ- ഇനി എപ്പോഴും എൻ്റെ വീട്ടിലേക്ക് വരണം. നിൻ്റെ ഭാര്യവീടാ അത് "
അച്ചൻ പറയുന്നതും കേട്ട് ഒരു നിമിഷം ദീപയിൽ നിന്ന് ഒരു പൊട്ടിക്കരച്ചിലിൻ്റെ ചീളുയർന്നെങ്കിലും അവൾ അത് തൊണ്ട കുഴിയിൽ അമർത്തി.
ഏഴ് വർഷം!
പ്രവേശനം നിഷേധിച്ച ആ വീട്ടിലേക്ക് അച്ഛൻ ക്ഷണിച്ചതു കേട്ടപ്പോൾ, അവൾ ചുറ്റുമിരിക്കുന്ന ഏടത്തിമാരെ നോക്കി സന്തോഷത്തോടെ തലയാട്ടി.
പൊടുന്നനെ ദേവു ,കഴിക്കുന്നത് നിർത്തി അടുക്കളയിലേക്ക് പോയപ്പോൾ, രേഷ്മയും, മുദുലയും ദീപയെ നോക്കി തലയാട്ടി.
ഒരു നിമിഷം, കഴിക്കുന്നത് നിർത്തി ദീപ എല്ലാവരെയും നോക്കി ഇലയുമെടുത്ത് അടുക്കളയിലേക്ക് ഓടി!
ഓടി ചെന്ന അവൾ കൈ പോലും കഴുകാതെ ദേവു ഏടത്തിയെ കെട്ടിപിടിച്ച് കരഞ്ഞപ്പോൾ, ദേവു അവളുടെ നെറുകയിൽ ചുണ്ടമർത്തി.
"എത്ര പറഞ്ഞാലും തീരാത്ത ഈ പിണക്കം മാറ്റാൻ ഏടത്തി ഈ വഴിയേ കണ്ടുള്ളൂ"
ദേവുവിൻ്റെ സന്തോഷ കണ്ണീർ ദീപയുടെ ശിരസ്സിൽ ഉതിർന്നുവീണു കൊണ്ടിരുന്നു.
"കൊല്ലാനുള്ള ദേഷ്യമുണ്ടെങ്കിലും, തൻ്റെ കൂടപ്പിറപ്പിനെ ആരും ചീത്ത പറയുന്നത് ആങ്ങളമാർ സഹിക്കില്ല. അത് കെട്ടി കൊണ്ടുവന്ന പെണ്ണായാൽ പോലും "
ദേവുവേടത്തി കണ്ണീർ നിറഞ്ഞ പുഞ്ചിരിയോടെ ദീപയെ നോക്കി.
" അങ്ങിനെ ചീത്ത പറയുന്നത് നിർവികാരതയോടെ കേൾക്കുന്നവരാണെങ്കിൽ അവരുടെ സ്നേഹം ഒരിക്കലും ശാശ്വതമാവില്ല;
ഞങ്ങളോടു പോലും "
പൊടുന്നനെ രേഷ്മയും, മൃദുലയും ഓടി വന്ന്
ദേവുവേടത്തിയുടെ ചാരെ ചേർന്നു നിന്നു.
" ഏടത്തിയുടെ ഐഡിയ അഡാർ. എങ്കിലും ഏടത്തിയുടെ കവിളിൽ "
മൃദുല സങ്കടത്തോടെ ദേവു ഏടത്തിയുടെ കവിളിൽ പതിയെ തലോടി.
" അതു സാരല്യ മോളെ.. ഒരു സന്തോഷ ചടങ്ങിനു മുൻപ് പടക്കം പൊട്ടിക്കാറില്ലേ?അതാണെന്നു വിചാരിച്ചാൽ മതി"
രേഷ്മയെയും, മൃദുലയെയും, ദീപയെയും വട്ടം പിടിച്ച് ദേവു പതിയെ തുടർന്നു.
"ഒരു വീട്ടിൽ പ്രകാശം നിറയ്ക്കുന്നതും, ഇരുട്ടു നിറയ്ക്കുന്നതും നാം തന്നെയാണ് .ഇന്നിപ്പോൾ ഈ വീട്ടിൽ ഓണനിലാവ് പരന്നതും, നമ്മുടെ ഐക്യം കൊണ്ടാണ് "
മുറ്റത്തെ ചെറിയ പൂക്കളത്തിലേക്ക് നോക്കി ദേവു തുടർന്നു.
"ഏടത്തിയെന്ന പദം പൂർണ്ണമാകണമെങ്കിൽ, നിങ്ങൾ മൂന്നു പേരെയും ഇങ്ങിനെ ചേർത്തു വെച്ചേ മതിയാവൂ"
ഒരു തള്ളകോഴിയുടെ ചിറകിനടിയിൽ ഒളിക്കുന്ന കോഴികുഞ്ഞുങ്ങളെ പോലെയുള്ള അവരുടെ നിൽപ്പ് കണ്ടപ്പോൾ ദേവുവിൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
നിർവൃതിയുടെ പുഞ്ചിരി !!!
By Santhosh Appukuttan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക