നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എൻ്റെ മാഷ്


താഴത്തെ നിലയിലെ ബെഡ്റൂമിൽ അടുക്കി വച്ചിരിക്കുന്ന സമ്മാനപ്പൊതികളെ നോക്കി തങ്കം കുറച്ചു നേരം നിന്നു . കടുത്ത നിറത്തിൽ വിവിധ വർണങ്ങളാൽ പൊതിയപ്പെട്ട പെട്ടികളിൽ സൗഹൃദങ്ങളുടെ അടയാളങ്ങൾ ഞെളിപിരി കൊള്ളുകയാണെന്നു തങ്കത്തിനു തോന്നി. കൂട്ടം തെറ്റി കിടന്ന ചില പാക്കറ്റുകൾ എടുത്ത് കൃത്യമായി വച്ചു കഴിഞ്ഞപ്പോൾ അവക്ക് ഒരു നവോന്മേഷം കൈവന്നു . മാഷുണ്ടായിരുന്നെങ്കിൽ എല്ലാം പൊട്ടിച്ചു നോക്കുന്ന തിരക്കിലായിരിക്കും ഇപ്പോൾ . ഓരോ സാധനത്തിൻ്റെയും ഉപയോഗവും ഗുണവും വിലയുമൊക്കെ തങ്കത്തെ പറഞ്ഞു ബോധ്യപ്പെടുത്താനുള്ള തിരിക്കിലായിരുന്നേനേ. പുതിയ വീട്ടിലേക്കുള്ള ഗൃഹപ്രവേശത്തിൻ്റെ ആവേശത്തിൽ മാഷ് എന്തൊക്കെ കാട്ടിക്കൂട്ടുമായിരുന്നു.

താഴത്തെ നിലയിൽ തന്നെയായിരിക്കണം നമ്മുടെ ബെഡ്റൂം ,അത് തെക്കു പടിഞ്ഞാറേ മൂലയിലായിരിക്കണം ,ആവശ്യത്തിനു വലിപ്പവുമുണ്ടാവണം . സൗഹൃദങ്ങൾ പകർന്നു കിട്ടിയ വർണപ്പെട്ടികൾ അടുങ്ങിയിരിക്കുന്ന അതേ റൂമിലാണ് തങ്കം ഇപ്പോൾ നില്ക്കുന്നത്. മാഷ് വിചാരിച്ച അതേ രൂപത്തിൽ മുറി തയ്യാറായിരിക്കുന്നു.. മാഷ് മാത്രം ................

ജനാലയിലൂടെ തങ്കം പുറത്തേക്ക് നോക്കി. ചരൽ പാകിയ മുറ്റത്തിനുമപ്പുറം പുതിയതായി കൊണ്ടുവന്ന പൂച്ചട്ടികൾ നിരത്തി വച്ചിരിക്കുന്നു. എല്ലാം അച്ഛൻ്റെ ആഗ്രഹം പേലെ തന്നെ ദീപു ഒരുക്കി വച്ചിരിക്കുന്നു. ഗേറ്റിൽ നിന്നു വരുന്ന വെളിച്ചക്കീറുകളിൽ വിവധ നിറങ്ങളിൽ പൂക്കൾ കാറ്റിലാടി നില്ക്കുന്നു . പൂവുകൾക്കു മീതെ വീണു തുടങ്ങിയ ഡിസംബറിൻ്റെ നനുത്ത മഞ്ഞ് തുള്ളികളെ നോക്കി നിൽക്കെ ചില വിഷാദ സ്മരണകളാണ് മനസിലേക്ക് വന്നത്. ജനാലകൾ എല്ലാം അടച്ച് ലൈറ്റ് ഓഫ് ചെയ്ത് തങ്കം മുറിക്കു പുറത്തിറങ്ങി.

പതിന്നാലു വർഷം മുമ്പ് ഇതു പോലെ ഒരു ഡിസംബർ മാസത്തിലാണ് തൻ്റെ പേരിൽ അനുവദിച്ചു കിട്ടിയ ഡിപ്പാർട്ട്മെൻ്റൽ ക്വാർട്ടറിൽ താമസിക്കാനെത്തുന്നത് .
അതു വരെ താമസിച്ചിരുന്ന വാടക വീട്ടിൽ നിന്നുമുള്ള ഒരു മോചനമായിരുന്നു അത്.സാധനങ്ങൾ ക്വാർട്ടറിൽ അടുക്കി വക്കുന്ന സമയത്താണ് അന്തേവാസികളായ കുട്ടികളുടെ കരോൾ വന്നതെന്ന് ഓർക്കുന്നു.

സേതുവിൻ്റെ നോവലിൽ വായിച്ചതു പോലെ, അച്ചിൽ വാർത്തിട്ടതു പോലെ കുറേ കെട്ടിടങ്ങൾ . ഓരോന്നിലും എട്ട് വീതം താമസിക്കാനുള്ള ക്വാർട്ടറുകൾ . മൂന്നാം നിലയിലാണ് തങ്ങൾക്ക് അലോട്ട്മെൻ്റ് ലഭിച്ചത്.

എല്ലാം ,മൂന്നാം നിലയിൽ കയറ്റണമെങ്കിലും സ്വന്തം വീട് പോലെയായതിനാൽ മാഷിനും വളരെ സന്തോഷമായിരുന്നു. എതിരേ താമസിച്ചിരുന്നവർ എന്തൊക്കെ സാധന ങ്ങളുണ്ട് എന്നറിയാൻ ഒന്നെത്തി നോക്കി. വില പിടിപ്പുള്ളതൊന്നും ഇല്ലാത്തതിനാലാവും പെട്ടെന്ന് അകത്തു കയറി വാതിലടക്കുകയും ചെയ്തു .

രണ്ടു മുറിയും ചെറിയൊരു ഹാളും കിച്ചനും , ഞങ്ങൾക്ക് രണ്ടു പേർക്കും പിള്ളേർക്കും കഴിഞ്ഞു കൂടാൻ ധാരാളം. ചെറിയൊരു ബാൽക്കണിയുള്ളതിൽ നിന്നാൽ തൊട്ടടുത്തെ കായലിലൂടെ നീങ്ങുന്ന ജലയാനങ്ങളെ കാണാം. ഓളപ്പരപ്പുകളെ തഴുകിയെത്തുന്ന തണുത്ത കാറ്റ് തഴുകി കടന്നു പോകും . മാഷിലെ കവിഹൃദയത്തെ തൊട്ടുണർത്താൻ പോന്ന ശാന്തതയും കുളിർമയും ചേർന്നൊരിടം . വിവാഹ ശേഷം ആദ്യമായാണ് സ്വസ്ഥമായ ഒരു താമസ സ്ഥലം ലഭിക്കുന്നതെന്ന് തങ്കം ഓർത്തു.

ക്വാർട്ടേഴ്സിലെ ജീവിതം ആഹ്ലാദത്തോടെ തന്നെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ,തങ്കത്തിൻ്റെ അനുജത്തി നിർമലയും ഭർത്താവ് ദിവാകരനും കൂടെ താമസിക്കാനായെത്തുന്നത്. അവരോടൊപ്പം രണ്ടു കുട്ടികളും ദിവാകരൻ്റെ അമ്മയുമുണ്ടായിരുന്നു. അവരുടെ വീടുപണി തീരുന്നതു വരെ, ഏറിയാൽ ഒരു വർഷം , എന്നു പറഞ്ഞാണ് അവർ വന്നത്.

തങ്ങൾ തന്നെ തിങ്ങി ഞെരുങ്ങി കഴിയുന്നതിനിടയിൽ അവരെ കൂടി ...........
തങ്കത്തിന് അത്ര തൃപ്തിയൊന്നുമല്ലായിരുന്നു.
തങ്ങളുടെ സ്വകാര്യതയിൽ ആരെയും അനുവദിക്കാത്ത മാഷിനും അവരുടെ വരവ് ഒട്ടും പഥ്യമല്ലായിരുന്നു . ഒന്നിനോടും "നൊ " പറഞ്ഞു ശീലമില്ലാത്ത മാഷ് അതും കടിച്ചു പിടിച്ചു സഹിച്ചു .

തങ്കത്തിൻ്റെ തറവാട്ട് വീട് അനിയത്തി നിർമലക്കാണ് കൊടുത്തി രുന്നത്. അമ്മ മരിക്കും മുമ്പുള്ള ധാരണയാണ്. അവൾക്ക് ജോലിയൊന്നുമില്ലാത്തതാണല്ലോ. അമ്മയുടെ കാലശേഷം നിർമലയും ഭർത്താവ് ദിവാകരനും കുട്ടികളുമായി അവിടെ താമസം തുടങ്ങുകയായിരുന്നു. അവരോടൊപ്പം ദിവാകരൻ്റെ അമ്മയുമുണ്ടായിരുന്നു. പഴയ വീട് പൊളിച്ചു മാറ്റി അവിടെ തന്നെയാണ് പുതിയവീട് പണി തുടങ്ങിയിട്ടുള്ളത്. ഗവണ്മെൻ്റ് പ്രസ്സിലെ ഒരു ജീവനക്കാരനായിരുന്നു ദിവാകരൻ.

സ്വകാര്യമായി ഒന്നു സംസാരിക്കാനോ സ്വസ്ഥമായിട്ടൊന്ന് ഉറങ്ങാനോ പറ്റാത്ത അവസ്ഥ . ശല്യമൊന്നു മില്ലെങ്കിലും മിക്കവാറും ദിവസങ്ങളിൽ കുടിച്ചു കൊണ്ടെത്തൂന്ന ദിവാകരൻ , മദ്യ വിരോധിയായ മാഷിന് ഒരു പ്രശ്നം തന്നെയായിരുന്നു.
ശാന്തത ഇഷ്ടപ്പെടുന്ന മാഷിന് നിർമലയുടെ കുട്ടികളുടെ കലപിലയും ദിവാകരൻ്റെ അഴപുഴ വർത്തമാനവും സഹിക്കാൻ പറ്റാതെ വന്നു. ഒന്നും പുറത്തു പറഞ്ഞില്ലെങ്കിലും ,ക്രമത്തിൽ മാഷ് വീട്ടിൽ താമസിച്ചു വന്നു തുടങ്ങി.
എല്ലാം അറിയുന്നെങ്കിലും ഒന്നും ചോദിക്കാൻ വയ്യാതെ തങ്കം നീറി നീറികഴിഞ്ഞു.

ദീപു ആ വർഷമാണ് എഞ്ചിനീയറിങ്ങ് കോളേജിൽ ചേർന്നത്. ഹോസ്റ്റലിൽ നിന്ന് ആഴ്ചതോറും വീട്ടിലേക്ക് വരേണ്ടെന്നാണ് മാഷ് നിർദ്ദേശിച്ചിരുന്നത് .
" അവനും കൂടി ഇതിനിടയിൽ വീർപ്പു മുട്ടേണ്ടല്ലോ ...., " എന്നായിരുന്നു മാഷിൻ്റെ ന്യായം .

രാത്രി എല്ലാവരും ഉറങ്ങിയ ശേഷം തങ്കം അവരുടെ റൂം തുറന്നു നോക്കുമായിരുന്നു. കട്ടിലിലും തറയിലുമായി മൂന്ന് നാല് പുരുഷ ദേഹങ്ങൾ . മാഷ് എങ്ങനെ ഇതിനിടയിൽ കിടന്ന് ഉറങ്ങുന്നു.
പല്ലിറുമ്മിയാണ് തിരിച്ചു വന്നു കിടക്കാറ്.
എല്ലാ ദേഷ്യവും ചിലപ്പോളൊക്കെ കുത്തുവാക്കായി നിർമലയിൽ ചെന്നു പതിക്കും. ഒരു പ്രതികരണവുമില്ലാതെ നിർമല നിശബ്ദമായി എല്ലാം സഹിച്ചു .

ചിലപ്പോ മാഷ് പറയും
'' തങ്കം .... എപ്പോഴും ആ പാവത്തിൻ്റെ മേൽ എന്തിനാ മെക്കിട്ടു കയറുന്നത് ........."
മാഷിൻ്റെ സഹിഷ്ണുതക്കു മുന്നിൽ ജാള്യത തോന്നുമെങ്കിലും തങ്കം തൻ്റെ ദേഷ്യവും സങ്കടവും ആരോടാണു പറയുക. മറ്റൊരു സ്നേഹ പ്രകടനത്തിലൂടെയാവും പലപ്പോഴും നിർമലയെ തലോടുക .

തങ്കത്തിനോ മാഷിനോ വീടു വിട്ടു താമസി ക്കേണ്ടുന്ന ട്രെയിനിങ്ങോ ,മീറ്റിങ്ങുകളോ വരുന്നത് മാഷിന് ഇഷ്ടമുള്ള കാര്യമാണ് . ഒരാൾ ലീവെടുത്താൽ മതിയല്ലോ .
ഹോസ്റ്റൽ സൗകര്യമുണ്ടെങ്കിലും പുറത്ത് ലോഡ്ജ് എടുത്താവും താമസം . ട്രെയിനിംഗ് ക്ലാസ് കഴിഞ്ഞാൽ നഗരം ചുറ്റലും സിനിമയും മറ്റുമൊക്കെയായി എത്ര വേഗമാവും ആ കാലയളവ് തീരുക .
തിരികെ ക്വാർട്ടേഴ്സിൻ്റെ പടി കടക്കുന്നതോടെ മാഷിൻ്റെ മുഖത്തെ ഭാവം മാറിത്തടങ്ങുന്നത് തന്നിലേക്കും പടരും.

ദീപുവിൻ്റെ കോളേജിലേക്കുള്ള ഫീസും മറ്റും ബാങ്കിൽ ഇട്ടു കൊടുത്താൽ മതിയെങ്കിലും മാഷിന് നേരിട്ടു കൊണ്ടു പോയി തന്നെ കൊടുക്കണം . കൂടെ തങ്കവും ഉണ്ടാവണമെന്ന് നിർബന്ധമുണ്ട്. തലേ ദിവസം കോളേജിന് അടുത്തുള്ള ലോഡ്ജിൽ തങ്ങിയ ശേഷമാവും ദീപുവിനെ കാണുക.
ദീപുവും ഇതൊക്കെ മനസിലാക്കിയതു കൊണ്ടാവും ലോഡ്ജിൽ കൃത്യമായി മുറി ബുക്കു ചെയ്യുവാനൊക്കെ താല്പര്യം കാണിച്ചു തുടങ്ങിയത് . ആ യാത്രയും അവിടെയുള്ള താമസവുമൊക്കെ വളരെ ആസ്വാദ്യകരമായിരുന്നു മാഷിന് .. തനിക്കും. താല്ക്കാലികമെങ്കിലും ഈ അവസരങ്ങൾ ,താനാണ് കൂടുതൽ ആഗ്രഹിച്ചിരുന്നതെന്ന് പലപ്പോഴും തങ്കത്തിന് തോന്നിയിട്ടുണ്ട്.

തങ്ങളുടെ ഈ വീടു വിട്ടുള്ള താമസം നിർമലയും ഉളളുകൊണ്ട് ഇഷ്ടപ്പെട്ടിരുന്നു എന്നു വേണം കരുതുവാൻ . താല്ക്കാലികമായെങ്കിലും സ്വകാര്യത ലഭിക്കുവാൻ ആർക്കാണ് ആഗ്രഹമുണ്ടാവാതിരിക്കുക .
.
ഇളയ മോൻ അനൂപിൻ്റെ കാര്യങ്ങളൊക്കെ തങ്ങളേക്കാൾ ശ്രദ്ധയോടെ അവൾ നോക്കിയിരുന്നു.

നിർമലയുടെ വീടിൻ്റെ പണി അനന്തമായി നീണ്ടു പോയപ്പോഴാണ് മാഷ് നമുക്ക് വീട് വച്ചാലോ എന്ന് ആലോചിച്ച് തുടങ്ങുന്നത്. തങ്കവും സമ്മതം മൂളിയപ്പോൾ , വീടു പണിയുടെ പ്രാരംഭമായി .

ന്യൂ ജനറേഷൻ ബാങ്കിൽ നിന്നുള്ള ലോണായിരുന്നതിനാൽ , എല്ലാം വേഗത്തിലായിരുന്നു . നഗരത്തിൽ നിന്ന് അധികംദൂരെയല്ലാതെ സ്ഥലം വാങ്ങി. മാഷിൻ്റെ ഒരു സുഹൃത്തിനെ കൊണ്ടു തന്നെയാണ് പ്ലാൻ വരപ്പിച്ചത്. എത്ര തവണ തിരുത്തിയാണ് മാഷ് അവസാനം ഒരെണ്ണം സമ്മതിച്ചത്. എന്നിട്ടും പൂർണത മനസിൽ മാത്രമാണ് എന്ന് തന്നെ മാഷ്‌ വിശ്വസിച്ചു വന്നു.

വീട് പണി ,തട്ട് വാർക്കൽ വരെ കഴിഞ്ഞപ്പോഴുള്ള ഒരു ദിവസമാണ് ഓഫീസിലേക്ക് ഒരു ഫോൺ കാൾ വന്നത്, മാഷ് ആശുപത്രിയിലാണെന്ന് പറഞ്ഞ് .

സ്കൂളിൽ വച്ച് ഒരു നെഞ്ചു വേദനയായിരുന്നു.
ആശുപത്രിയിലെത്തുമ്പോൾ മാഷ് ഐ സി യു വി ലാ യിരുന്നു. ആരെയും കാണിക്കാൻ അനുവദിച്ചിരുന്നില്ല. എന്ത് ചെയ്യുമെന്ന് ഒരു രൂപവുമില്ലായിരുന്നു. എല്ലാത്തിനും ഓടി നടക്കാൻ ദിവാകരൻ മാത്രമുണ്ടായിരുന്നു . ആ മനുഷ്യൻ്റെ വില അന്നാണ് മനസ്സിലാവുന്നത്.

പിറ്റേ ദിവസം മാഷിന് ബോധം വന്നു. തങ്കത്തിനെ അകത്തേക്ക് വിളിപ്പിച്ചു.
"പേടിച്ചു പോയോ ..." ആ അവസ്ഥയിലും മാഷിൻ്റെ ചോദ്യത്തിൽ അല്പം കുസൃതി ഉണ്ടായിരുന്നു.
ഉതിർന്ന മിഴിനീർ മാത്രമായിരുന്നു മറുപടി.
" അങ്ങനെയൊന്നും പോവില്ലെടോ ......"
മന്ദഹാസത്തോടെ ചുണ്ടുകൾ മാത്രമനക്കി മാഷ് പറഞ്ഞു .
'' അഥവാ പോയാലും ..... തൻ്റെ ചാരെ തന്നെ ഞാനുണ്ടാവും ..... കാറ്റായും.. മാഴയായുമൊക്കെ ....."
മാഷിൻ്റെ കാവ്യഭാഷക്കു മുന്നിൽ വീണ്ടും തൻ്റെ കണ്ണുകൾ നനഞ്ഞു.

തന്ന ഉറപ്പ് മാഷിന് പാലിക്കാനായില്ല . തന്നാൽ കഴിയുന്ന ഉറപ്പ് മാത്രമല്ലേ മാഷായാലും പാലിക്കാൻ പറ്റൂ .തങ്കത്തെ തനിച്ചാക്കി ഒരു പനനീർ പുഷ്പം കൊഴിയുന്ന പോലെ അടുത്ത ദിവസം തന്നെ മാഷ് യാത്രയായി.

പെട്ടെന്ന് നടുക്കടലിൽ അകപ്പെട്ടതു പോലെയായി തങ്കത്തിന് .
ജീവിതത്തിൽ ഇങ്ങനെ ഒരൊറ്റപ്പെടൽ ഉണ്ടാവുമെന്ന് തങ്കം ഒട്ടുമേ കരുതിയിരുന്നില്ല. എന്തിനും ഏതിനും നിഴൽ പോലെയുണ്ടായിരുന്നൊരാൾ ......... എന്നെന്നേക്കു മായി പടിയിറങ്ങി പോവുന്നു.

താനറിയേണ്ടാത്ത കുറേയധികം കാര്യങ്ങൾ അറിഞ്ഞും കണ്ടും ചെയ്യേണ്ട സ്ഥിതിയിലേക്കായി ,തങ്കം .
ആറു മാസത്തോളം ഒരു മരവിപ്പോ യാന്ത്രികതയോ ഒക്കെയായിരുന്നു .

മുടങ്ങിപ്പോയ വീടു് പണി
മാഷിൻ്റെ ആഗ്രഹം പോലെ പൂർത്തിയാക്കണം. സഹായത്തിനായി ദിവാകരനുണ്ടായിരുന്നു. ഒരു പ്രായശ്ചിത്തമെന്നോണംഅവരുടെ വീട് പണി തല്ക്കാലത്തേക്ക് നിർത്തിവച്ച് ദിവാകരൻ തങ്ങളുടെ വീട് പണി പൂർത്തിയാക്കുന്നതിൽ ശ്രദ്ധിച്ചു തുടങ്ങി.
മാഷ് ഉദ്ദേശിച്ചിരുന്ന സമയത്തു തന്നെ തീർക്കാൻ പറ്റിയില്ലെങ്കിലും , മരിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ എല്ലാം പൂർത്തിയാക്കാൻ കഴിഞ്ഞു. മാഷിനുള്ള തങ്കത്തിൻ്റെ സ്നേഹോപഹാരമാണ് പണി തീർത്ത ഈ സൗധം .

പുറത്ത് താല്ക്കാലിക പന്തലിൽ ദിവാകരനും ദീപുവും ചെലവിൻ്റെ കണക്ക് ഒത്തു നോക്കുകയാണ്. ദീപുവിൻ്റെ ചില സുഹൃത്തുക്കളും കൂടെയുണ്ട്.

തങ്കം പന്തലിന് പുറത്തേക്കു നടന്നു. ആകാശത്ത് വാരി വിതറിയ പോലെ നക്ഷത്രങ്ങൾ .
മാഷ് പറയുമായിരുന്നു , മനസിന് സ്വസ്ഥതയും സമാധാനവും ഉള്ളപ്പോൾ മാത്രമേ മാനത്ത് നക്ഷത്രങ്ങളുണ്ടാവൂന്ന്. മനസിൽ കാർമേഘം നിറയുമ്പോൾ ആകാശത്തിൻ്റെ ചെരിവിൽ പോലും നക്ഷത്രമുണ്ടാവില്ലത്രേ .
മാഷിൻ്റെ വലിയ ഒരാഗ്രഹം നിറവേറ്റിയ സന്തോഷത്തിലാവും ആകാശം പൂത്തുലഞ്ഞു നിൽക്കുന്നത്.

ഒരു ചെറുകാറ്റ് തണുപ്പു മായി പറന്നു വന്നു. തങ്കം സാരിയുടെ മുന്താണി ദേഹമാകെ ചുറ്റി കുളിരകറ്റി. കാറ്റിന് മാഷിൻ്റെ മണമായിരുന്നു. അതിൽ എത്ര ലയിച്ചു നിന്നു എന്നോർമയില്ല.
" അമ്മ എന്തിനാ ഈ മഞ്ഞു കൊള്ളുന്നത് ......"
ദീപുവാണ്, മാഷിൻ്റെ സ്വഭാവം തന്നെയാണ് എന്തിനും ഏതിനുമുള്ള ശ്രദ്ധ.

തങ്കം ,താഴെ തന്നെയുള്ള രണ്ടാമത്തെ കിടപ്പു മുറിയിലേക്ക് നടന്നു.
ബെഡ് റൂമിൽ ദിവാകരൻ്റെ അമ്മ ഉറക്കമായിരിക്കുന്നു. എതിരേ ഒരു കട്ടിൽ തനിക്കായി ഒഴിച്ചിട്ടിട്ടുണ്ട്.
ഒരു പുതപ്പെടുത്ത് അമ്മയെ പുതപ്പിച്ചു.
ജനലിൻ്റെ ഒരു പാളി പതിയെ തുറന്നു. നനുത്ത കാറ്റ് മുറിയിലേക്കു കടന്നു വന്നു. ഷീറ്റ് കുടഞ്ഞ് വിരിച്ച് കിടക്കമേൽ ഒരു നിമിഷം ധ്യാനനിരതയായി ഇരുന്നു .
മാഷിൻ്റെ ഗന്ധവും പേറിയെത്തിയ തണുത്ത കുഞ്ഞിക്കാറ്റിനെ തഴുകി പുണർന്ന് തങ്കം ഉറങ്ങാൻ കിടന്നു .

.....................
എ എൻ സാബു

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot