കഴിഞ്ഞ കുറെ നാളുകളായി ഞാനൊരു പരീക്ഷണത്തിന് പുറകെയാണ്.ഞാന്‍ താമസിക്കുന്ന ലോഡ്ജിലെ മുറിയുടെ ഒരു മൂലയിലാണ് പരീക്ഷണങ്ങള്‍ നടത്തുന്നത്.പ്രേതങ്ങള്‍ക്ക് വാടകമുറി എന്തിനാണ് എന്ന് നിങ്ങള്‍ ചോദിച്ചേക്കാം.ശരിക്കും ഒരു പൊട്ടച്ചോദ്യമാണത്.ഒരു നല്ല വാടകമുറി ഇഷ്ടപെടാത്തവര്‍ ആരുണ്ട്?സത്യം പറഞ്ഞാല്‍ നിങ്ങള്‍ക്ക് ഞങ്ങളെക്കുറിച്ച്(-പ്രേതങ്ങളെക്കുറിച്ച്) പല തെറ്റിദ്ധാരണകളുമുണ്ട്.
വിജനമായ സ്ഥലങ്ങളിലാണ് പ്രേതങ്ങള്‍ സാധാരണ താമസിക്കാറുള്ളത് എന്നുള്ളത് അതില്‍ പ്രധാനപ്പെട്ട ഒരു തെറ്റിദ്ധാരണയാണ്.പ്രേതങ്ങള്‍ അപകര്‍ഷത ബോധമുള്ളവരാണ് എന്നുള്ള നിങ്ങളുടെ ധാരണ തെറ്റാണ്.ശരിയാണ് ചില പ്രേതങ്ങള്‍ വിജനമായ സ്ഥലങ്ങളില്‍ കഴിയാന്‍ താല്പര്യമുള്ളവരാണ് .അത്തരം ധാരാളം പ്രേതങ്ങളെ എനിക്ക് നേരിട്ടറിയാം.പത്താം ക്ലാസില്‍ മാര്‍ക്ക് കുറഞ്ഞതിനു തൂങ്ങി മരിച്ച ഒരു പെണ്‍കുട്ടിയുടെ ആത്മാവ് ,(അവളുടെ പേര് ഞാന്‍ മറന്നു പോയി -അതൊക്കെ ആരോര്‍ക്കുന്നു-പ്രേതങ്ങള്‍ക്ക് പേരില്ല ),അവള്‍ കഴിയുന്നത് മരിച്ച സ്ഥലത്ത് നിന്ന് അമ്പതുകിലോമീറ്റര്‍ അകലെയുള്ള തരിശു പിടിച്ചു കിടന്ന സ്ഥലത്തായിരുന്നു.അടുത്തിടെ അവള്‍ താമസിച്ച സ്ഥലത്ത് നിങ്ങള്‍ ഒരു സ്കൂള്‍ പണിയാന്‍ തീരുമാനിച്ചു.അത് അവളെ എത്രമാത്രം ദു:ഖിപ്പിച്ചുവെന്നോ .സ്കൂള്‍ മടുത്താണ് അവള്‍ മരിച്ചത് തന്നെ.സ്കൂള്‍ ഒഴിവാക്കുവാന്‍ എന്തെങ്കിലും മാര്‍ഗം തേടി അവള്‍ എന്നെ കാണാന്‍ വന്നിരുന്നു.
“ഇത്രയും അനാവശ്യമായ ഒരു സംഗതി വേറെയില്ല.”
സ്കൂളിനെക്കുറിച്ച് ആ കുട്ടി എന്നോട് പറഞ്ഞ അഭിപ്രായമാണത്.”മനുഷ്യരെ ഭയപ്പെടുത്താനുള്ള നൂറ്റിയൊന്ന് വഴികള്‍” എന്ന എന്റെ കൈപ്പുസ്തകം ഞാനവള്‍ക്ക് നല്‍കി..അവളതു പ്രയോഗിച്ചോ എന്നറിയില്ല.
ഏതായാലും ഞാന്‍ താമസിക്കുന്നത് ,നഗരത്തിലെ ഒരു ലോഡ്ജിലാണ്.നഗരത്തിന്റെ ഒത്ത നടുക്കുള്ള ഈ ലോഡ്ജിന്റെ പേര് ഓറഞ്ച് റെസിഡന്‍സി എന്നാണ്.അത് തന്നെയാണ് പേരെന്ന് തോന്നുന്നു.പ്രേതങ്ങളുടെ ഓര്‍മ്മ ഒരു തിളയ്ക്കുന്ന കടലുപോലെയാണ്.ഈ കടലില്‍ കടലാസ് തോണികളെപ്പോലെ തുഴയുകയാണ് പ്രേതങ്ങള്‍ എന്ന കാര്യം കൂടി നിങ്ങള്‍ ഓര്‍ക്കണം.മരണത്തിനുശേഷം ഞാന്‍ പല ലോഡ്ജുകളിലും താമസിചിട്ടുണ്ട്.ഓരോന്നിനും ഓരോ പേരുകളാണ് ,പക്ഷേ ഞാന്‍ അവയ്ക്കെല്ലാം ഓറഞ്ചു റെസിഡന്‍സി എന്നാണു പേരിട്ടത്.ജീവിച്ചിരുന്ന കാലത്ത് തന്നെ ഞാന്‍ പേരുകളെ വെറുത്തിരുന്നു.
ഈ നശിച്ച ഓര്‍മ്മകള്‍ക്കൂടിയില്ലായിരുന്നെങ്കില്‍ ,പ്രേതജീവിതം പോലെ സുന്ദരമായ ഒന്നുമില്ല എന്നകാര്യം നിങ്ങളെ ഞാന്‍ ഓര്‍മ്മിപ്പിക്കട്ടെ.അതിസുന്ദരമായ ഒരു ഫീല്‍ ഗുഡ് സിനിമയിലെ അവസാനിക്കാത്ത ഗാനരംഗം പോലെ ,ഓറഞ്ചു റെസിഡന്‍സിയുടെ മൂന്നാം നിലയിലെ ഏഴാമത്തെ മുറിയിലെ ജനാലപ്പടിയിലിരുന്നു ഞാന്‍ നഗരത്തെ വീക്ഷിക്കുന്നു.{ഈ ഏഴാമത്തെ മുറി പ്രേതബാധയുള്ള മുറിയാണ് എന്ന് പറഞ്ഞു ആളുകള്‍ വരാറില്ല.വളരെ നല്ല മുറിയാണ്.കഷ്ടമെന്നല്ലാതെ എന്ത് പറയാന്‍!)
പരീക്ഷണത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞു തുടങ്ങിയത്. ഈ ജീവിതം സുഖകരമാക്കാനുള്ള ഒരു മരുന്ന് കണ്ടെത്താനായിരുന്നു ഞാന്‍ പരീക്ഷണങ്ങള്‍ തുടങ്ങിയത്. ഓര്‍മ്മകള്‍ ഇല്ലാതാക്കാനുള്ള ഒരു മരുന്നിന് വേണ്ടിയാണ് ഞാന്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്നത്.മനുഷ്യര്‍ മറവി ഇല്ലാതാക്കാന്‍ മരുന്ന് കണ്ടുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രേതങ്ങള്‍ ഓര്‍മ്മകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു.നല്ല തമാശ തന്നെ.പക്ഷേ അതിനെക്കാള്‍ വലിയ തമാശ വേറൊന്നുണ്ട്.ജീവിച്ചിരുന്ന കാലത്തു തന്നെ ഞാനിതിന്റെ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു!ദ തെറാപ്പി ഫോര്‍ ഫോര്‍ഗെറ്റിംഗ് എന്നായിരുന്നു ഞാനതിനു പേരിട്ടത്.ജീവിച്ചിരുന്നപ്പോള്‍ ചീത്ത ഓര്‍മ്മകളെ ഇല്ലാതാക്കാനാണ് ഞാന്‍ ശ്രമിച്ചതെങ്കില്‍ മരിച്ചതിനുശേഷം നല്ല ഓര്‍മ്മകളെ ഇല്ലാതാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.
ആഹാ നേരം സന്ധ്യയാവുന്നു.ഇന്ന് അമാവാസി രാത്രിയാണ്.കറുത്ത കല്‍ക്കണ്ടം എന്നാണു അമാവാസി രാത്രിയെ അവള്‍ വിശേഷിപ്പിക്കുന്നത്.മരണശേഷമുള്ള ജീവിതത്തിലാണ് വലിയ റൊമാന്‍സുകള്‍ നിങ്ങളെ കാത്തിരിക്കുന്നത്.മഴക്ക് ശേഷം വിടരുന്ന മഴവില്ല് പോലെ.ദൂരെ ഒരു കടല്‍ത്തീരത്ത് ,അവള്‍ എന്നെ കാത്തിരിക്കുന്നുണ്ട്.അമാവാസി രാത്രിയില്‍ കടല്‍ത്തിരകള്‍ കറുത്തതീനാളങ്ങളെപ്പോലെയാണ്.ഞാനിപ്പോള്‍ പോകാന്‍ തുടങ്ങുന്നത് അവളെ കാണാനാണ്.അവളെ ഈ മരണാനന്തര ലോകത്ത് നിന്ന് രക്ഷപെടുത്താനാണ് ഞാന്‍ ശ്രമിക്കുന്നത്.
ഈ പെണ്‍കുട്ടിയെക്കുറിച്ച് ,ചില കാര്യങ്ങള്‍ നിങ്ങളോട് ഞാന്‍ പറയാം. എന്ത് ചെയ്യാം ചിതറിയ മേഘക്കഷണള്‍ പോലെയാണ് പ്രേതങ്ങളുടെ ചിന്തകള്‍. എല്ലാം കൃത്യമായി നിങ്ങളോട് പറയണം എന്നുണ്ട്.പക്ഷേ സാധിക്കുന്നില്ല.
ജീവിച്ചിരുന്ന കാലത്ത് ഞാനൊരു മനശ്ശാസ്ത്ജ്ഞനായിരുന്നു.ആ പെണ്‍കുട്ടിയാകട്ടെ എന്റെ രോഗിയും. പനി പിടിച്ചത് പോലെയുള്ള വിളര്‍ത്ത മുഖം.കോളേജില്‍ പോകാതെ മുറിയടച്ചു ഏറെനാള്‍ കഴിഞ്ഞപ്പോഴാണ് അവളുടെ മനസ്സിനു എന്തോ കുഴപ്പമുണ്ടെന്നു അവളുടെ അമ്മക്കു തോന്നിയത്.അവർ അവളെ എന്റെയടുത്തു കൊണ്ടുവന്നു.
“സദാ സമയവും മുറിയടച്ചിരുന്നു എന്താണ് ആലോചിക്കുന്നത് ?’
“മരിക്കാന്‍.”
“പിന്നെ എന്ത് കൊണ്ട് അത് ചെയ്യുന്നില്ല?”
‘രാവിലെ പൂന്തോട്ടത്തിലെ ചെടികളുടെ ഇലകളില്‍ സൂര്യപ്രകാശം തട്ടി മരതകക്കല്ലുകള്‍ പോലെ പ്രകാശിക്കും.മരിക്കുന്നതിനെക്കുറിച്ച് ആലോചികുമ്പോള്‍ മനസ്സില്‍ ആ മരതകക്കല്ലുകള്‍ പൊഴിയും.”
ഇങ്ങനെയൊരു സംഭാഷണം ഞാനും അവളും തമ്മില്‍ എന്റെ കണ്‍സള്‍ട്ടിംഗ് റൂമില്‍വച്ച് നടന്നിരുന്നു.അവള്‍ മരിക്കുമെന്ന് എനിക്കുറപ്പായിരുന്നു.സ്രാവിന്റെ പിടിയിലായ ചെറുമീനിനെപോലെ അവളുടെ ആത്മാവ് അന്നേ മരണത്തിന്റെ സ്വാധീനത്തിലായിരുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞതാണ്.
അവളുടെ മരണത്തിനുശേഷം അവളെ ഞാന്‍ ഒരു കല്യാണച്ചടങ്ങില്‍ വച്ച് കണ്ടുമുട്ടി.അവളുടെ ചേട്ടന്റെ കല്യാണത്തിനു.[അവള്‍ മരിച്ചതോടെ അവളുടെ കുടുംബത്തിലെ വലിയ ഒരു പ്രതിബന്ധം ഒഴിവാകുകയും മുടങ്ങിക്കിടന്നിരുന്ന ചേട്ടന്റെ കല്യാണം നടക്കയും ചെയ്തു.]
“ഡോക്ടര്‍ അന്ന് എന്നെ രക്ഷപെടുത്തിയിരുന്നെങ്കില്‍..”.ചുവന്ന റോസാപ്പൂക്കള്‍ക്കൊണ്ട് മനോഹരമായി അലങ്കരിച്ച സ്റ്റേജിലേക്ക് നോക്കി അവള്‍ പറഞ്ഞു.
“എങ്കില്‍?”
“ഞാനൊരു നീല ജോര്‍ജ്ജറ്റ് സാരിയുടുത്തു ആ സ്റ്റേജില്‍ ഉണ്ടാകുമായിരുന്നു.”
ഞാന്‍ അലസമായി അവളെ നോക്കിച്ചിരിച്ചു.
“നീ എന്ത് കൊണ്ടാണ് ഇവിടെത്തന്നെ തുടരുന്നത് ?” ഞാന്‍ അവളോട് ചോദിച്ചു.
മരണശേഷം അടുത്ത ജനനമരണ ചക്രങ്ങളിലേക്ക് ഒരു പഴുത്തയില പോലെ പാറിവീഴണ്ട പ്രാണന്‍ എന്ത് കൊണ്ട് അദൃശ്യതയുടെ കണ്ണാടിമറയ്ക്കുള്ളില്‍ ,വഴുതിവഴുതിവന്നു കൊത്തുന്ന ഓര്‍മ്മകളുടെ വിഷലോകത്ത് തുടരേണ്ടി വന്നത് ?
“പ്രാണന്‍ പോകുന്ന ആ നിമിഷം ഞാന്‍ ആ മരതകക്കല്ലുകളെക്കുറിച്ച് ആലോചിച്ചു.പ്രകാശം മാത്രമുള്ള ലോകത്തിലേക്ക് എന്റെ പ്രാണനെകൂട്ടിക്കൊണ്ട് പോകാന്‍ ഒരു വഴികാട്ടി വന്നു.പക്ഷേ ഞാന്‍ പോയില്ല.ഒരിക്കല്‍ കൂടി ആ മരതകക്കല്ലുകള്‍ കാണാന്‍ ഞാന്‍ കാത്തുനിന്നു.പക്ഷേ... "
"പക്ഷേ ?"
“ഞാന്‍ മരിച്ച ദേഷ്യം തീര്‍ക്കാന്‍ എന്റെ പപ്പാ എനിക്ക് പ്രിയപ്പെട്ട ആ പൂന്തോട്ടം അന്ന് തന്നെ നശിപ്പിച്ചു.”
ഞാന്‍ പൊട്ടിച്ചിരിച്ചു.എന്റെ ചിരികേട്ട് കല്യാണത്തിന്റെ അവശിഷ്ടങ്ങള്‍ കഴിക്കാന്‍ വന്ന നായ്ക്കള്‍ ഓരിയിട്ടുകൊണ്ടോടി.
ആ ആഗ്രഹത്തിനു വേണ്ടി കാത്തുനിന്നതോടെ അവളുടെ അവസരം നഷ്ടപ്പെട്ടു.
“ഞാനാ മരതകക്കല്ലുകളുടെ തടവിലാണ്.” അവള്‍ പറഞ്ഞു.
“നീ ഒരു മരതക്കല്ല് തന്നെയാണ്.” ഞാന്‍ അറിയാതെ പറഞ്ഞു.അവളുടെ പനിപിടിച്ചപോലത്തെ മുഖവും നീല പെയിന്റടിച്ച എന്റെ ക്യാബിനും ,മെറൂണ്‍ നിറമുള്ള ജനാലവിരികളും , ആ പകലുകളും ഒരു തിര പോലെഎന്നെത്തേടി വന്നു.മുള്ളുകള്‍ കൊണ്ട് ആഞ്ഞു കൊത്തുന്നത് പോലെ ഞാന്‍ വേദനിച്ചു.
“നമുക്ക് പോകാം.” അവള്‍ ഭയത്തോടെ ചാടി എഴുന്നേറ്റു.അവളുടെ പിതാവ് അതിഥികളുമായി കുശലാന്വേഷണം നടത്താന്‍ ഹാളിലേക്ക് വരികയാണ്.
“എന്തിനാണ് പേടിക്കുന്നത് ?’ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു.
പ്രേതങ്ങള്‍ ആരെയും ഭയക്കണ്ട കാര്യമില്ല.
“പപ്പാ... പപ്പായെ മാത്രമാണ് എനിക്ക് പേടി.” അവള്‍ ഒരു നിമിഷം കൊണ്ട് വാടിയ റോസാപ്പൂ പോലെ എങ്ങോട്ടോ കൊഴിഞ്ഞുപോയി.
അവള്‍ക്ക് വേണ്ടിയാണ് ഞാനാ മരുന്ന് നിര്‍മ്മിക്കുന്നത്.എനിക്ക് വേണ്ടിയും.
ഇതിനിടയില്‍ ഞാൻ മറക്കാനുള്ള മരുന്ന് നിര്‍മ്മിക്കുന്ന വിവരം പല ആത്മാവുകളും അറിഞ്ഞു കഴിഞ്ഞിരുന്നു.ഓറഞ്ചു റെസിഡന്‍സിയുടെ മുന്‍പില്‍ എന്നെ കാണാന്‍ അകലെനിന്ന് പോലും പ്രേതങ്ങളെത്തി.
“വേഗം ,വളരെ വേഗം..ആ മരുന്ന് ഉണ്ടാക്കി ഞങ്ങളെ രക്ഷിക്കൂ..” ഈയലുകളെപോലെ അവര്‍ എന്നെ പൊതിഞ്ഞു.അവരുടെ നിലവിളി എന്നെ വീണ്ടും വീണ്ടും ഉലച്ചു.
"അഗാധങ്ങളില്‍നിന്ന് ഞങ്ങള്‍ നിലവിളിക്കുന്നു.ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കണമേ." അവർ കരഞ്ഞു.
നിസ്സഹായതയുടെ ആള്‍രൂപങ്ങളാണ് പ്രേതങ്ങള്‍ എന്ന് കൂടി ഞാന്‍ നിങ്ങളെ അറിയിക്കട്ടെ.പ്രേതങ്ങള്‍ക്ക് അതിമാനുഷികമായ ഒരുപാട് ശക്തികളുണ്ട് എന്ന് നിങ്ങള്‍ ധരിച്ചുവച്ചിരിക്കുന്നു.വിഷം കഴിച്ച ,തൂങ്ങിമരിച്ച ,കൊല്ലപ്പെട്ട ,വണ്ടിയപകടത്തില്‍ മരിച്ച മനുഷ്യര്‍..നിസ്സഹായരായ മനുഷ്യരാണ് ഈ കൂര്‍ത്ത ചില്ലുകളുള്ള ഓര്‍മ്മകളുടെ കണ്ണാടിലോകത്ത് തടവിലാക്കപ്പെട്ടിരിക്കുന്നത്.കൊന്നവരും കൊല്ലപ്പെട്ടവരും ഇവിടെയുണ്ട്.ശിക്ഷയും ആശ്വാസവും പ്രണയവും പ്രതികാരവും ഇവിടെയില്ല.നിസ്സഹായതയുടെ മഞ്ഞക്കടലില്‍ ,ഒരിക്കലും അസ്തമിക്കാത്ത വേദനയുടെ ചമ്പഴുക്കാ നിറമുള്ള ഒരു സൂര്യനും ,ഓര്‍മ്മയുടെ കറുത്ത ചക്രവാളവും..അതാണീ ലോകം.
ഒരിക്കല്‍ എന്നെ ഒരു ഭാര്യയും ഭര്‍ത്താവും കാണാന്‍ വന്നു.മഴ പെയ്തുകൊണ്ടിരിക്കുകയായിരുന്നു.മഴ പെയ്യുമ്പോള്‍ നിങ്ങള്‍ ഹൃദയം തുറന്നു വയ്ക്കുകയാണെങ്കില്‍ ഞങ്ങളുടെ കരച്ചില്‍ കേള്‍ക്കാം.ഓര്‍മ്മകളില്ലാതാക്കാനുള്ള മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തില്‍ ഞാന്‍ എന്നെ തിരഞ്ഞുവന്നവരെ കണ്ടില്ല.
കറുത്ത വരവരയന്‍ ഷര്‍ട്ടും ക്രീം കളറുള്ള പാന്റും ധരിച്ച യുവാവും ,മഞ്ഞയില്‍ നീല പൂക്കളുള്ള ജ്യൂട്ട് സാരി ധരിച്ച സ്ത്രീയും.
“പരീക്ഷണം എവിടം വരെയായി ?” പുരുഷന്‍ ചോദിച്ചു.അയാള്‍ക്ക് മുപ്പതു വയസ്സ് തോന്നിച്ചു.
“കുഴപ്പമില്ല.” ഞാന്‍ പറഞ്ഞു.
“എന്റെ ഈ സാരി എങ്ങനെയുണ്ട് ?” സ്ത്രീ ചോദിച്ചു. അവര്‍ക്ക് ഇരുപത്തിയെട്ടു കഴിഞ്ഞിരുന്നു.
“കുഴപ്പമില്ല.”ഞാന്‍ ആവര്‍ത്തിച്ചു.
“ഞങ്ങള്‍ വിഷം കഴിച്ചാണ് മരിച്ചത്.മരിക്കുന്നതിനു തൊട്ടുമുന്പും ഞങ്ങള്‍ വഴക്കുണ്ടാക്കി.ഈ മഞ്ഞസാരിക്ക് പകരം വയലറ്റ് നിറമുള്ള സാരി ധരിച്ചാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞതാണ്.മഹാലക്ഷ്മി സില്ക്ക്സില്‍ നിന്ന് ഞങ്ങള്‍ മൂന്നു പേര്‍ക്കുമായി വസ്ത്രങ്ങള്‍ തലേദിവസം വാങ്ങിയിരുന്നു.അവനു രണ്ടു വയസ്സ് മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ.അവനു മിക്കി മൌസിന്റെ പടമുള്ള വെള്ള ബനിയനും ,ഇവള്‍ക്ക് വയലറ്റ് സാരി ,എനിക്ക് ഈ കറുത്ത ചെക്ക് ഷര്‍ട്ടും....”
“വയലറ്റ് മരണത്തിന്റെ കളര്‍ ആണ്.എനിക്ക് മഞ്ഞയായിരുന്നു ഇഷ്ടം.”
മഴ പെയ്തുകൊണ്ടിരുന്നു.ഓറഞ്ചു റെസിഡന്‍സിക്ക് പുറത്തു നഗരത്തിലെ കെട്ടിടങ്ങള്‍ ,ഒരു മാര്‍ബിള്‍ കേക്കിലെ ചിതറിയ കഷണങ്ങള്‍ പോലെ നനഞു കുതിരുന്നു.
“പക്ഷേ കറുപ്പും മരണത്തിന്റെ നിറമാണ്.അല്ലെ..”ഞാന്‍ നിരീക്ഷിച്ചു.
“അതിനു അങ്ങനെ നിറം ഒന്നുമില്ല.എല്ലാത്തിലും ആ നിറമുണ്ട്.” അയാള്‍ പറഞ്ഞു.
പെട്ടെന്ന് എനിക്കവരെ പരിചയം തോന്നി.എങ്കിലും അഴുകാന്‍ തുടങ്ങുന്ന ഇലയിലെ നശിക്കാന്‍ തുടങ്ങുന്ന ഇലഞരബുകള്‍ പോലെ എന്റെ ഓര്‍മ്മകള്‍ എന്നെ വേദനിപ്പിക്കാന്‍ തുടങ്ങി.
“നിങ്ങള്‍ എങ്ങിനെയാണ് മരിച്ചത് ?” സ്ത്രീ ചോദിച്ചു.
“പ്ലീസ്..അതൊക്കെ ഓരോ പ്രേതങ്ങളുടെയും വ്യക്തിപരമായ കാര്യങ്ങളാണ്.” പുരുഷന്‍ ഭാര്യയെ ശാസിച്ചു.
“ക്ഷമിക്കണം.”ഭാര്യ പറഞ്ഞു.
“അവള്‍ ഒരു മണ്ടിയാണ്.പെരുമാറാന്‍ അറിയില്ല.” അയാള്‍ പറഞ്ഞു.
“ഞാന്‍ ഒരു മണ്ടിയാവും.പക്ഷേ ..ദുര്‍ച്ചെലവും കൂട്ടുകാരും കുടിയുമായി ബിസിനസ് നശിപ്പിച്ചു ആത്മത്യ ചെയ്യാന്‍ തീരുമാനിച്ച ഒരു പുരുഷന്‍ അല്ല.”
“നിനക്ക് ബുദ്ധിയുണ്ടാകുമായിരുന്നെങ്കില്‍ നമ്മള്‍ മരിക്കില്ലായിരുന്നു.” അയാള്‍ പറഞ്ഞു.അയാളുടെ മുഖം ദു:ഖം കൊണ്ട് ഒരു ചുവന്ന തീജ്വാല പോലെയായി.
എനിക്കവരുടെ സാന്നിധ്യം അസഹ്യമായിത്തോന്നി.ഞാന്‍ പറഞ്ഞല്ലോ മരിക്കുന്നതിനു മുന്‍പ് ഞാന്‍ ഒരു സൈക്കോളജിസ്റ്റായിരുന്നു.ഇതുപോലെ ഓര്‍മ്മളുടെ വേദന കുറയുന്ന മിന്നല്‍ പോലെയുള്ള ഇടവേളകളില്‍ ഞാന്‍ ആ ഡോക്ടര്‍ തന്നെയാകുന്നു.
“നിങ്ങളെ വേറെ വേറെ കൌണ്‍സില്‍ ചെയ്യണം.പക്ഷേ വേറൊരു ദിവസം വരൂ..കൂട്ടായി ആത്മഹത്യ ചെയ്തവര്‍ക്ക് ഞാനിടക്ക് കൌണ്‍സിലിംഗ് നടത്താറുണ്ട്.”
അവര്‍ എങ്ങോട്ടോ മാഞ്ഞുപോയി.ഒരു വാക്ക് പോലും പറയാതെയാണ് അവര്‍ മറഞ്ഞത്.ചില പ്രേതങ്ങള്‍ അങ്ങിനെയാണ്.കാറ്റില്‍ പരക്കുന്ന കുമിളകള്‍ പോലെ അവരെ ഓര്‍മ്മകള്‍ പന്ത് തട്ടുന്നു.പക്ഷേ ഇവരുടെ കാര്യത്തില്‍ കൗതുകകരമായ ഒരു കാര്യമുണ്ട്.ഒരേ ഓര്‍മ്മയാണ് അവര്‍ രണ്ടുപേരെയും വേദനിപ്പിക്കുന്നത്.പൊടുന്നനെ പ്രത്യക്ഷപ്പെട്ട ആ ഓര്‍മ്മ ,ആ തിരിച്ചറിവ് ,അവരെ രണ്ടുപേരെയും തകര്‍ത്തു കളഞ്ഞു.അവര്‍ വന്നത് ആ മരുന്ന് ചോദിക്കാനായിരുന്നു.പക്ഷേ അത് വരെ അവര്‍ മറന്നു പോയി.
ഞാന്‍ പരീക്ഷണം നിര്‍ത്തി ജനാല തുറന്നു.ഒരു നിശ്വാസമായി അവള്‍ അകത്തേക്ക് വന്നു.സംഭവിച്ച കാര്യങ്ങള്‍ ഞാന്‍ അവളോട് പറഞ്ഞു.
“എല്ലാ ഞായറാഴ്ചയുമാണ് എന്റെ കൗണ്‍സിലിംഗ്.അത് അവരെ അറിയിക്കണം.”ഞാന്‍ പറഞ്ഞു.
“ഞാന്‍ അവരെ കണ്ടുപിടിച്ചു പറയാം.അവരെ തകര്‍ക്കുന്ന ആ ഓര്‍മ്മയും ഞാന്‍ പറ്റുമെങ്കില്‍ കണ്ടുപിടിക്കാം.പക്ഷേ..”
“പക്ഷേ..?”
“എന്നാണു ഞായറാഴ്ച ?”
ശരിയാണ്.ഇവിടെ എന്നും ബുധനാഴ്ചയാണ്.എന്നും ഞായറാഴ്ചയാണ്.എന്നും ഒന്നാണ്.എല്ലാം അനന്തമാണ്..ഒരു കണ്ണാടിയുടെ ഉള്ളില്‍ മറ്റൊരു കണ്ണാടിയുടെ പ്രതിഫലനം.ആ പ്രതിഫലനങ്ങള്‍ ,അനന്തതയിലെ ഒരു അജ്ജാത ബിന്ദുവില്‍ കൂടിച്ചേരുന്നു.അവിടെ ഞങ്ങളുടെ ദിവസങ്ങള്‍ വാടിയ ചെമ്പകപ്പൂക്കളായി കൊഴിയുന്നു.
“പള്ളിമണികള്‍ മുഴങ്ങുന്ന ദിവസം.”ഞാനവളുടെ ചെവിയില്‍ മന്ത്രിച്ചു.
“എങ്കില്‍ അതിവേഗം ഈ മരുന്ന് നിര്‍മ്മിക്കുന്നത് പൂര്‍ത്തിയാക്കൂ..രഹസ്യങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള പ്രതിഫലം..” അവള്‍ ചിരിച്ചു.
അപ്പോഴേക്കും മഴ അവസാനിച്ചു തുടങ്ങിയിരുന്നു.ആകാശത്തിന്റെ കിളിവാതില്‍ തുറന്നു ഒരു കുഞ്ഞുമഴവില്‍ ഞങളെ എത്തിനോക്കി.എനിക്കവളെ ചുംബിക്കണം എന്ന് തോന്നി.പക്ഷെ അവള്‍ ആ മഴവില്ലിന്റെ ഭംഗി കണ്ടുകൊണ്ട് നില്‍ക്കുകയായിരുന്നു.പിന്നെ എന്നോടൊന്നും പറയാതെ ആ മഴവില്ലിന്റെ നേര്‍ക്ക് പറന്നുപോയി.
പ്രേതങ്ങള്‍ അങ്ങിനെയാണ്.
ഞാന്‍ വീണ്ടും മരുന്ന്കൂട്ട് നിര്‍മ്മിക്കുന്നത് തുടര്‍ന്നു.ഒരു സ്പടികഭരണിയിലേക്ക് രഹസ്യമരുന്നു കൂട്ട് ബാഷ്പീകരിച്ചു ,അതിലേക്ക് കണ്ണുനീര്‍ത്തുള്ളികള്‍ ചേര്‍ക്കുമ്പോള്‍ ഓര്‍മ്മകള്‍ എരിച്ചു കളയുന്ന ഔഷധമായി.ഏറ്റവും ദു:ഖകരമായ ഓര്‍മ്മകളിലാണ് ആത്മാവുകള്‍ കരയുന്നത്.സ്ഫടിക ഭരണിയിലേക്ക് മരുന്നിന്റെ നീലത്തുള്ളികള്‍ ഇറ്റ് വീഴുന്നു.ഇനിയാണ് ഏറ്റവും പ്രധാനഘട്ടം.ഞാന്‍ സ്ഥിരമായി പരാജയപ്പെടുന്നിതിവിടെയാണ്.
ഏറ്റവും ദു:ഖകരമായ, കണ്ണുനീർ സൃഷ്ടിക്കുന്ന ഓര്‍മ്മ ഏതാണ്?പൊടിഞ്ഞുതുടങ്ങിയ ആ പഴയ പുസ്തകത്തിലെ ,അടയാളങ്ങള്‍ വച്ച താളുകള്‍ ഇതൊക്കെയാണ് ?
എന്റെ ബാല്യകാലവും കൌമാരവും മഴക്ക് മുന്‍പു മഴക്കാറ് ഉരുണ്ടുകൂടിയത്പോലെ ഇരുണ്ടു മൂടിയതായിരുന്നു.ദു:ഖപൂര്‍ണ്ണമായ ആ വര്‍ഷങ്ങളുടെ കാരണം ഞാനിപ്പോള്‍ ഓര്‍ക്കുന്നില്ല.
അതിനുശേഷമാണ് കല്യാണം കഴിച്ചത്.ഒരു ബൈക്ക് അപകടത്തിലാണ് ഞാന്‍ മരിച്ചത്.ഒരു തെരുവില്‍ ,രക്തം വാര്‍ന്നു നേരം പുലരുവോളം...
പക്ഷേ ഇതൊന്നും ഒരു തുള്ളി കണ്ണുനീര്‍ പോലും സൃഷ്ടിക്കുന്നില്ല.
മരണത്തിനുശേഷമാണ് ആ അപകടം ഒരു കൊലപാതകമായിരുന്നു എന്ന് മനസ്സിലാക്കിയത്.ഭാര്യയും എന്റെ സഹപ്രവര്‍ത്തകനായ സ്നേഹിതനും ചേര്‍ന്നാണ് ആ നാടകമൊരുക്കിയത്.
പക്ഷേ.....വെറുപ്പും നിര്‍വികാരതയുമല്ലാതെ ഒരു തുള്ളിപോലും കണ്ണ്നീര്‍ സൃഷ്ടിക്കാന്‍ എനിക്ക് കഴിയുന്നില്ല.
ഞാന്‍ ശ്രമം ഉപേക്ഷിച്ചു.നേരമിപ്പോള്‍ ഇരുണ്ടു തുടങ്ങിയിരിക്കുന്നു.ഇന്ന് അമാവാസിയാണ്.കടല്‍ത്തിരകള്‍ കറുത്തതീനാളങ്ങളാകുന്ന അത്ഭുത രാത്രി.നിലാവിന്റെ കളങ്കമില്ലാതെ ഭൂമി കറുത്തചായത്തില്‍ കണ്ണെഴുതുന്ന അവളുടെ കല്‍ക്കണ്ട രാത്രി.
ബൈക്കിലാണ് ഞാന്‍ യാത്രക്ക് പുറപ്പെട്ടത്.പ്രേതം ബൈക്ക് ഉപയോഗിക്കുമോ എന്ന് നിങ്ങള്‍ ചോദിക്കുന്നു.പ്രേതങ്ങളുടെയും നിങ്ങളുടെയും പ്രധാന പ്രശ്നം പരസ്പരം തിരിച്ചറിയില്ല എന്നതാണ്.മനുഷ്യര്‍ എന്ന് നിങ്ങള്‍ കരുതുന്ന ചിലര്‍ യഥാര്‍ത്ഥത്തില്‍ പ്രേതങ്ങളും പ്രേതങ്ങള്‍ എന്ന് ഞങള്‍ കരുതുന്ന ചിലര്‍ മനുഷ്യരുമായിരിക്കും എന്നതാണ് തമാശ.അതിനുള്ള കാരണം ചില മനുഷ്യര്‍ക്ക് ജീവനുണ്ടെങ്കിലും ,അവര്‍ പ്രാണന്‍ പോകുന്നതിനും വളരെ നാളുകള്‍ക്ക് മുന്‍പ് തന്നെ ഉള്ളിന്റെയുള്ളില്‍ മരിക്കും എന്നതാണ്.ചത്തു ജീവിക്കുന്നവര്‍.അങ്ങിനെയുള്ള ഒരാളെ എനിക്കറിയാം.ഓറഞ്ച് റെസിഡന്‍സിയില്‍ പണ്ടൊരു വൃദ്ധന്‍ ഫ്രണ്ട് ഓഫിസില്‍ വന്നിരിക്കുമായിരുന്നു.ആരും അയാളോട് സംസാരിച്ചില്ല.ഒരു കസേരയിലിരുന്നു വരുന്നവരെയും പോകുന്നവരെയും നോക്കും. ഇടക്കിടക്ക് തെരുവിലെ തിരക്ക് ,തിളങ്ങുന്ന കണ്ണുകളോടെ ആസ്വദിക്കും.ഒരു പ്രതിമ പോലിരിക്കുന്ന വൃദ്ധനില്‍ പ്രാണന്റെ ഒരു തേജസ്സും അണ്‍ ഉണ്ടായിരുന്നില്ല.എന്നാല്‍ മരണം സ്രഷ്ടിക്കുന്ന നിരാശയുടെ ഇരുണ്ട വലയങ്ങള്‍ അയാള്‍ക്ക് ചുറ്റും ചിലന്തിവല തീര്‍ത്തിരുന്നു. അയാള്‍ ഒരു പ്രേതമാണ് എന്ന് കരുതി ഞാന്‍ ഇടയ്ക്കിടെ കുശലപ്രശ്നങ്ങള്‍ അന്വേഷിക്കുകയും അയാള്‍ സന്തോഷപൂര്‍വം മറുപടി പറയുകയും ചെയ്തിരുന്നു.എന്നാല്‍ അയാള്‍ മരിച്ചത് വളരെക്കാലം കഴിഞ്ഞാണ്.അയാള്‍ തിരക്കുള്ള ഒരു രാഷ്ട്രീയ നേതാവായിരുന്നുവെന്നും ,ഏതോ രാഷ്ട്രീയ ഗൂഡാലോചനയുടെ ഫലമായി അയാളെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കുകയുമായിരുന്നു.തിരക്കും ആള്‍ക്കൂട്ടവും ഇഷ്ടപ്പെട്ടിരുന്ന ആ മനുഷ്യന്‍ ലോഡ്ജില്‍ ഇടയ്ക്കിടെ വന്നു തെരുവിലൂടെ നോക്കിയിരിക്കുന്നത് ഇപ്പോഴും എന്റെയുള്ളിലുണ്ട്..
വിജനമായ വഴികളിലൂടെ ഞാന്‍ ബൈക്കോടിച്ചു.ഒരു കവലയില്‍ ഒരു ബാലന്‍ കാത്തുനില്‍ക്കുന്നത് കണ്ടു.അതൊരു പ്രേതമല്ല.മനുഷ്യക്കുട്ടി തന്നെയാണ്.അവന്‍ കൈനീട്ടി.ഞാന്‍ ബൈക്ക് നിര്‍ത്തി.
“എനിക്ക് പട്ടണം വരെ ലിഫ്റ്റ് തരുമോ ?”
“കേറിക്കോ.”
“നാളെ ഒരു പരീക്ഷയുണ്ട്.ഇന്ന് വൈകിയാ അതിന്റെ നോട്ടിഫിക്കേഷന്‍ മെയില്‍ വന്നത്.”
“എവിടെയാ വീട്?”
അവന്‍ സ്ഥലം പറഞ്ഞു.പട്ടണത്തില്‍ നിന്ന് കുറച്ചകലെ ഒരു സ്ഥലം.അവന്‍ എന്റെ തോളില്‍ സ്പര്‍ശിച്ചപ്പോള്‍ എനിക്ക് രക്തത്തിന്റെ ഗന്ധം അനുഭവപ്പെട്ടു.
“ഇത്ര ചെറുപ്രായത്തില്‍ നീ ആരെയാണ് കൊന്നത് ?’ ഞാന്‍ അന്വേഷിച്ചു.
“എന്റെ അമ്മക്ക് ഒരു രഹസ്യബന്ധമുണ്ടായിരുന്നു.ഒരു ദിവസം വീട്ടില്‍ വന്നപ്പോള്‍ അവര്‍ രണ്ടുപേരും..ഞാന്‍ അമ്മയുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി...”
അവന്‍ ദീര്‍ഘമായി നിശ്വസിച്ചു.
“അച്ഛന് വേണ്ടിയാണ് ഞാനത് ചെയ്തത്.അറിയാമായിരുന്നിട്ടും അച്ചന്‍ ഒന്നും ചെയ്യാതെ ഉരുകുകയായിരുന്നു.പക്ഷേ...”
വണ്ടി നഗരത്തിലെത്തി.അമാവാസി രാത്രിയില്‍ കറുത്ത ചോര കട്ടപൊടിച്ചത് പോലെ അനാഥമായി കിടക്കുന്ന നഗരവീഥികള്‍.
“എനിക്ക് ബീച്ചിലേക്ക് പോകണം.നിന്റെ അച്ഛനെ വിളിച്ചാല്‍ കൂട്ടിക്കൊണ്ടു പോകാൻ വരില്ലേ...”ഞാന്‍ ചോദിച്ചു.
അവന്‍ നിശബ്ദനായി.പിന്നെ മേഘരഹിതമായ ആകാശത്തിലേക്ക് വാക്കുകള്‍ക്ക് വേണ്ടിയെന്നവണ്ണം ഒരുനിമിഷം നോക്കി.
“അച്ഛന് അതൊരു ശല്യമാകും.അച്ഛന്‍ രണ്ടാമതും വിവാഹം കഴിച്ചു.”
വിജനസ്ഥലികളിലൂടെ ,ആത്മാക്കളുടെ ദു:ഖനിശ്വാസങ്ങള്‍ പാടകെട്ടിയ വഴിയോരങ്ങളിലൂടെ ഞങള്‍ യാത്രചെയ്തു.അവന്റെ വീടിനു അല്പം മാറി ഞാന്‍ വണ്ടി നിര്‍ത്തി.
അകലെ അവന്റെ വീടിന്റെ തുറന്നു കിടന്ന ജനാലയഴികള്‍ക്കിടയിലൂടെ ഞാന്‍ എന്റെ ഭാര്യയുടെ മുഖം കണ്ടു.ഒരു മിന്നല്‍ പോലെ.
“അച്ഛന്‍ എന്നെ മറന്നു.അവര്‍ കാരണം...”
പായല്‍പിടിച്ച കുളത്തിലേക്ക് വീഴുന്ന കല്ലിന്റെ സ്വരത്തില്‍ അവന്‍ പറഞ്ഞു.അനാഥത്വത്തിന്റെ ആ മരവിപ്പ് എനിക്ക് എത്രയോ കാലമായി തിരിച്ചറിയാം.
ആ ഒരു നിമിഷം എന്റെ കണ്ണ് നിറഞ്ഞു.മരിച്ചതിനുശേഷം ആദ്യമായി.. നീലനിറമുള്ള ഔഷധക്കുപ്പിയില്‍ ഞാന്‍ എന്റെ കണ്ണുനീര്‍ത്തുള്ളികള്‍ ശേഖരിച്ചു.
കടല്‍ത്തീരത്ത് അവള്‍ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.കറുത്ത മുയല്‍ക്കുട്ടികളെപോലെ തുള്ളിച്ചാടുന്ന തിരകളെ ഓമനിച്ചുകൊണ്ട്..
“ഇനി നിനക്കീ മരീചികയില്‍നിന്ന് പോകാം.ഓര്‍മ്മയുടെ തടവില്‍നിന്ന്..വേദനിപ്പിക്കുന്ന മരതകക്കല്ലുകളെ ഉപേക്ഷിച്ചു...” ആ നീല ഔഷധം അവള്‍ക്ക് നല്‍കിയതിനുശേഷം ഞാന്‍ പറഞ്ഞു.
“ആ ദമ്പതികളുടെ രഹസ്യം കണ്ടുപിടിച്ചോ..”ഞാന്‍ അന്വേഷിച്ചു.
“ഉവ്വ്..പക്ഷേ..ഞാനത് മറന്നുപോയി..”അവള്‍ പറഞ്ഞു.അവള്‍ നുണയാണ് പറയുന്നതെന്നു എനിക്ക് തോന്നി.ഞാന്‍ പറഞ്ഞല്ലോ, ഞാന്‍ അവളുടെ ഡോക്ടറായിരുന്നു.
“അപ്പോള്‍ എന്റെ പ്രതിഫലം..?”ഞാന്‍ ചിരിയോടെ ചോദിച്ചു.
ആ തണുത്തതീനാളങ്ങള്‍ക്കിടയില്‍ ,കണ്ണാടിമുനകള്‍പോലെയുള്ള തിരകളുടെയില്‍വച്ച് അവള്‍ എന്നെ ചുംബിച്ചു.ചുംബിക്കുന്നതിനിടയില്‍ ഒരു തമാശയോര്‍ത്തത് പോലെ അവള്‍ പൊട്ടിച്ചിരിച്ചു.
“എന്താ ?”ഞാനവളുടെ ചെവിയില്‍ ആ രഹസ്യം ഒപ്പിയെടുക്കാനായി ചോദിച്ചു.
“നിങ്ങള്‍ക്ക് ചെറുപ്പത്തില്‍ മിക്കിമൌസിന്റെ ബനിയനുണ്ടായിരുന്നു.”
അത് കേട്ടു ഞാനും പൊട്ടിച്ചിരിച്ചു.
വിജനമായ ചില കടല്‍ത്തീരങ്ങളില്‍ ,ആര്‍ത്തലയ്ക്കുന്ന തിരകളുടെ സ്വരത്തില്‍ ചിലപ്പോള്‍ നിങ്ങള്‍ കേള്‍ക്കുന്നത് ഇതുപോലെയുള്ള ഞങ്ങളുടെ പൊട്ടിച്ചിരികളാണ്.
(അവസാനിച്ചു)
Anish Francis
Wow.. സൂപ്പർ 👍👍
ReplyDelete