കമന്റ് ബോക്സിൽ ഉള്ളത് അഞ്ചു വർഷം പഴയക്കമുള്ള ചിത്രമാണ്. ഞാൻ ഇവിടെ എഴുതുന്ന സംഭവങ്ങളിൽ പലതിലും കടന്നു വരുന്ന കഥാപാത്രങ്ങളാണ് കസിൻ്റെ കടയും, അവിടെത്തെ സ്റ്റാഫ് ആയ രാജൻ മാമനും, ലതിക ചേച്ചിയും, ദേവൻ ചേട്ടനുമെല്ലാം. അവരെയൊക്കെ കാണണം എന്ന് ഒരുപാട് പേര് മെസ്സേജ് അയച്ചിട്ടുമുണ്ടായിരുന്നു. അതുകൊണ്ട് ഇന്ന് അത് ചെയ്യാം എന്ന് കരുതി. ഈ ഫോട്ടോയ്ക്ക് പിന്നിൽ ഒരു കഥയുണ്ട്.
ഞാൻ ആ ഇടയ്ക്ക് സ്ഥിരമായി തിരുവനന്തപുരത്തെ താജ് വിവാൻറ്റാ ഹോട്ടെലിൽ പോകുമായിരുന്നു. കഴിച്ചു ഇറങ്ങുമ്പോൾ ചിലപ്പോൾ ഞാൻ കടയിലെ സ്‌റ്റാഫിനായി എന്തെങ്കിലും പലഹാരങ്ങൾ വാങ്ങിക്കുക പതിവാണ്. കേക്ക് ബോക്സ് പോലെ ഇരിക്കും അവരുടെ പാർസൽ പൊതി. ഒരിക്കൽ ഞാൻ കടയിൽ എത്തി ആ പാർസൽ ലതിക ചേച്ചിക്ക് കൊടുത്തു. അവർ അത് കഴിച്ചു കൊണ്ടിരുന്നപ്പോൾ ചേച്ചി എന്നോട് ചോദിച്ചു, ' പ്രവീൺ പോകാറുള്ള താജ് ഹോട്ടൽ, താജ് മഹൽ പോലെ ഇരിക്കുമോ അകം ഭാഗം.?' 'ഇല്ല ചേച്ചി, അങ്ങനെയൊന്നുമല്ല. കാണാൻ നല്ല രസമാണ്, താജ് മഹൽ പോലൊന്നുമല്ല.' എന്ന് ഞാൻ മറുപടി കൊടുത്തു ക്യാഷ് കൗണ്ടറിൽ പോയി ഇരുന്നു.
അവിടെത്തെ കസേരകൾ ഒക്കെ മസ്സാജ് കസേരകൾ ആണെന്നും, പ്ലേറ്റ് ഒക്കെ തനി സ്വർണ്ണമാണെന്നും ദേവൻ ചേട്ടൻ മറ്റു രണ്ടു സ്റ്റാഫിനോടും പറഞ്ഞതിന് മറുപടിയായി 'താൻ എന്ത് മണ്ടത്തരമാ വിളിച്ചു പറയണേ. ശരിക്കുള്ള സ്വർണ്ണം ആണെങ്കിൽ വരുന്ന ആളുകൾ മോഷ്ടിടിച്ചു കൊണ്ട് പോകില്ലേ?' എന്ന് രാജൻ മാമൻ ചോദിച്ചു. 'അവിടെ വരുന്നത് നിങ്ങളെ പോലത്തെ പട്ടിണി ടീമുകൾ അല്ല. വി.ഐ .പി മാരാണ്, അവർ മോഷ്ടിക്കുകയൊന്നും ഇല്ല. എന്തായാലും രാജൻ അണ്ണൻ ഇതൊന്നും ആലോചിക്കേണ്ട. ആ തേഞ്ഞു ബ്ലൈഡ് പോലത്തെ ചെരുപ്പും, ആ കൂറ മുണ്ടും ഉടുത്തു നിങ്ങളെ ഈ ജന്മം അവിടെ കയറ്റുക പോലും ഇല്ല.' എന്ന് ദേവൻ ചേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ദേവൻ ചേട്ടൻ പറഞ്ഞത് ശരി വെച്ച് അവർ മൂന്നുപേരും ചിരിച്ചു. ഞാൻ ഇതെല്ലം അവിടെ ഇരുന്നു കേൾക്കുന്നുണ്ടായിരുന്നു.
അടുത്ത ദിവസം ഏതാണ്ട് വൈകിട്ട് നാല് മാണി ആയപ്പോൾ ഞാൻ കടയിൽ എത്തി. ഞാൻ അവരോടു കട അടച്ചു എന്നോടൊപ്പം വണ്ടിയിൽ കയറാൻ പറഞ്ഞു. കടയിൽ നല്ല തിരക്കുള്ള സമയത്ത് എന്തിനാണ് കട അടക്കുന്നത് എന്നോർത്ത് അവർ കാര്യം പിടികിട്ടാതെ ഒരു സംശയഭാവത്തിൽ വണ്ടിയിൽ കയറി. ഞങ്ങൾ നേരെ താജിലേക്ക് പോയി. ഞങ്ങൾ ലോബിയിൽ എത്തിയപ്പോഴേ ആ വിസ്‌തൃതമായ ലോബി കണ്ട് അവർ അന്തം വിട്ട് നിന്നു. ഞങ്ങൾ അവിടെയുള്ള റെസ്റ്ററൻറ്റിലേക്ക് നടന്നപ്പോൾ അവരുടെ ഡ്രസ്സ് ഓർത്തു അവർക്ക് കുറച്ചു അസ്വസ്ഥതയുണ്ട് എന്ന് എനിക്ക് തോന്നി. രാജൻ മാമൻ ചെരുപ്പ് മറയ്ക്കാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു. ഞാൻ പാതി വഴി അവരെ നിർത്തിയിട്ട് പറഞ്ഞു, 'നിങ്ങൾ ഇവിടെ അതിഥികളാണ്. നിങ്ങളെ രാജാവും രാജ്ഞിയും പോലെയെ അവര് കണക്കാക്കു. ആത്മവിശ്വാസത്തോടെ നടക്കു.' എന്ന്.
ഞങ്ങൾ ടേബിളിൽ പോയി ഇരുന്നു ഭക്ഷണത്തിന് ഓർഡർ കൊടുത്തു. ലതിക ചേച്ചി എന്നെ അനുകരിച്ച് ഞാൻ കഴിക്കുന്നത് നോക്കി ഫോർക്കും സ്പൂണും ഒക്കെ വെച്ച് കഴിക്കുകയും, ഞാൻ സെർവ് ചെയ്ത ആളിനോട് 'താങ്ക്‌യൂ' പറഞ്ഞ ഉടൻ ചേച്ചിയും അത് പറഞ്ഞു കൊണ്ടേ ഇരുന്നു. എല്ലാം പറഞ്ഞിട്ട് ' ശരി അല്ലെ പറഞ്ഞത് ' എന്ന അർത്ഥത്തിൽ ചേച്ചി എൻ്റെ മുഖത്തേക്ക് നോക്കും. ഞാൻ അതെ എന്ന് തല കുലുക്കുമ്പോൾ അഭിമാനത്തോടെ വീണ്ടും ഫോർക്കും സ്പൂണും വെച്ചുള്ള കഴിക്കൽ തുടരും. ദേവൻ ചേട്ടൻ എന്നോട് ഫോട്ടോ എടുക്കാൻ പറഞ്ഞു കൊണ്ടേയിരുന്നു. താജിൽ പോയെന്നും, ആ സ്ഥലം എത്ര ഭംഗിയാണെന്നും ഭാര്യയെയും കുട്ടികളെയും കാണിക്കാൻ ഫോട്ടോയുടെ പ്രിൻറ്റ്ഔട്ട് അന്ന് തന്നെ എടുത്തു കൊടുക്കണേ എന്ന് എന്നെ ഇടയ്ക്കിടെ ഓർമ്മിപ്പിച്ചു. രാജൻ മാമൻ ഭക്ഷണത്തിൻ്റെ രുചിയെ വർണ്ണിച്ചുകൊണ്ടിരുന്നു.
ഞങ്ങൾ ഏതാണ്ട് രണ്ട് മണിക്കൂർ അവിടെ ചിലവിട്ടു. ഈ ആഘോഷം എന്തിനാണ് എന്ന് മാമൻ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു, 'ഈ ജന്മത്തിൽ താജ് ഹോട്ടലിനകം നിങ്ങൾ കാണില്ല എന്ന് നിങ്ങൾ പറയുന്നത് ഞാൻ കേട്ടു. ആ തെറ്റിദ്ധാരണ മാറ്റാനാണ് നമ്മൾ ഇന്ന് ഇവിടെ വന്നത്.'
ലതിക ചേച്ചിയെ പറ്റി ഞാൻ ഒരുപാട് എഴുതിയിട്ടുണ്ട്. ചേച്ചി അന്ന് ഏതാണ്ട് അഞ്ചു വർഷമായി ഞങ്ങളുടെ കൂടെ ജോലി ചെയ്യുകയാണ്. അന്ന് ചേച്ചിക്ക് ഏതാണ്ട് നാൽപതു വയസ്സിനുമേൽ പ്രായം. ഭർത്താവ് മരിച്ച ശേഷം കഷ്ടപ്പെട്ട് ജോലി ചെയ്തു മോനെയും മോളെയും വളർത്തി കൊണ്ട് വരുന്നു. ചേച്ചിക്ക് ഇംഗ്ലീഷ് പഠിക്കാൻ ഭയങ്കര ആഗ്രമായിരുന്നു. അതുകൊണ്ട് ഞാൻ കടയിൽ പോയിക്കൊണ്ടിരുന്നു കാലത്ത് എന്നും അഞ്ചു ഇംഗ്ലീഷ് വാക്ക് ഞാൻ ചേച്ചിക്ക് പഠിപ്പിച്ചു കൊടുക്കും.
രാജൻ മാമൻ അന്ന് കടയിൽ വന്നിട്ട് ഏതാണ്ട് ഏഴ് വർഷം. അന്ന് തന്നെ മാമന് അറുപത്തി നാല് വയസ്സുണ്ടായിരുന്നു. ഇതിന് മുമ്പ് തയ്യൽകാരനായിരുന്നു. വിവാഹം കഴിച്ചത് വൈകിയായത് കൊണ്ട് മകൾ ആ വർഷം പ്ലസ് ടു കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു.
ദേവൻ ചേട്ടന് അന്ന് അൻപത്തിമൂന്ന് വയസ്സായിരുന്നു. കടയിൽ വന്നിട്ട് ഏതാണ്ട് നാല് വർഷമേ ആയിരുന്നുള്ളു. അതിന് മുന്നേ ചേട്ടൻ കെട്ടിടപണി ചെയ്യുന്ന മേസൺ ആയിരുന്നു. നട്ടെല്ലിന് ക്ഷതം സംഭവിച്ചപ്പോൾ മേസൺ പണി ഇനി ചെയ്യാൻ പറ്റില്ല എന്ന് ഡോക്ടർമാർ പറഞ്ഞു. വീട്ടുക്കാർ റസ്റ്റ് എടുക്കാൻ പറഞ്ഞിട്ടും, സ്വയം അദ്ധ്വാനിച്ച് ജീവിക്കണം എന്ന് വാശി പിടിച്ചു കടയിൽ ജോലിക്കു കയറിയതാണ്. നട്ടെല്ലിന് ക്ഷതം ഉള്ളത് കൊണ്ട് നടക്കുന്നത് കുറച്ചു ബുദ്ധിമുട്ടിയാണേലും, സമയനിഷ്‌ഠയുടെ കാര്യത്തിൽ സൂര്യനേക്കാളും ചന്ദ്രനെക്കാളും കൃത്യതയാണ് ചേട്ടന്.
എൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട മൂന്നു പേര്. അവരുടെ ചെറിയ, വളരെ ചെറിയൊരു ആഗ്രഹം കേട്ടിട്ടും സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ലേൽ അത് എനിക്ക് വിഷമമാണ്. ഇതൊരു വലിയ സംഭവം ഒന്നുമല്ല എന്ന് എനിക്കറിയാം.സത്യത്തിൽ ആ യാത്ര കൊണ്ട് ഏറ്റവും ഉപയോഗം ഉണ്ടായത് എനിക്കാണ്. ഒരാളുടെ ചുണ്ടിൽ വിരിയുന്ന ചിരി കാണാൻ പറ്റുകയും, അതിന് കാരണക്കാരൻ നമ്മൾ ആണെന്ന് തിരിച്ചറിയുകയും ചെയ്യുന്നത് നല്ല രസമുള്ള ഒരു ഫീൽ ആണ്. ലതിക ചേച്ചിയെയും, രാജൻ മാമനെയും, ദേവൻ ചേട്ടനെയും കാണാൻ ആഗ്രഹിച്ചവരോട് ഈ കുറിപ്പിലൂടെ വാക്ക് പാലിക്കുന്നു. അങ്ങനെ ഞാനും എൻ്റെ പ്രിയപ്പെട്ട മൂന്ന് പേരുമായുള്ള നല്ലൊരു ദിവസം അവിടെ അവസാനിച്ചു.
- പ്രവീൺ പി ഗോപിനാഥ്
Evarokke eppolum koode undo bro
ReplyDelete