നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

റുക്‌സാന ബീഗം.


'ഹർ ലഡ്കിയോം തുമേ ക്യോം പസന്ത് കർത്താ ഹേ സാലാ '.

(എല്ലാ പെൺകുട്ടികളും നിന്നെ എന്തു കൊണ്ടാണ് ഇഷ്ടപ്പെടുന്നത് ).

ഇത്തിരി മദ്യം അകത്തു ചെന്നാൽ എന്നും ചോദിക്കാറുള്ളത് പോലെ രത്തൻ ഭായ് അന്നും ചോദിച്ചു.

'എനിക്ക് എന്താണൊരു കുറവ് ഹക്കീം ഭായ്? '.

കുപ്പിയിൽ ബാക്കിയിരുന്ന മദ്യം അതെ പോലെ വായിലേക്ക് കമഴ്ത്തി കൊണ്ട് അയാൾ കരയാൻ തുടങ്ങി.

ഞാൻ മെല്ലെ അവിടുന്നു എണീറ്റ് പോവാൻ ഒരു ശ്രമം നടത്തി നോക്കി. പക്ഷെ ഉടുമ്പ് പിടിക്കും പോലെ അയാളുടെ ഇടത്തെ കൈ കൊണ്ട് എന്റെ കയ്യിൽ മുറുക്കി പിടിച്ചിരിക്കുകയാണ് അയാൾ.

'എനിക്ക് നിന്നെക്കാൾ ഭംഗിയില്ലേ?. നിന്നെക്കാൾ പണമില്ലേ?. നിന്നെക്കാൾ ഉയരമില്ലേ?. എന്നിട്ടും എന്റെ മൂധേവിയായ ഭാര്യ നിന്നെ എന്തിനാണ് ഇത്ര സ്നേഹിക്കുന്നത്? '.

ഞാൻ ആരെങ്കിലും കേൾക്കുന്നുണ്ടോ എന്നറിയാൻ ചുറ്റും നോക്കി. അടുത്തടുത്തുള്ള വീടുകളിൽ നിന്നും ഒരാൾ പോലും രത്തൻ ഭായിയെ ശ്രദ്ധിക്കുന്നില്ല എന്നത് എനിക്ക് വല്ലാത്ത ഒരു ആശ്വാസം നൽകി.

'അകത്തു പോയി അവൾക്ക് വേണ്ടത് എന്താണെന്നു വെച്ചാൽ കൊടുത്തിട്ട് വാ '.

ഇത്തവണ അയാളുടെ സ്വരം അല്പം ഉറക്കെയായിരുന്നു. പാതി തുറന്നു കിടക്കുന്ന അകത്തെ വാതിൽ തുറന്നു കനത്ത കാലടികളോടെ സുമ ദീദി പുറത്തേക്ക് വന്നപ്പോൾ വെളുത്ത കാലിലെ വെള്ളി പാദസരം താളത്തിനൊപ്പിച്ചു തുളുമ്പി.

ഇറക്കി വെട്ടിയ ചെറിയ ബ്ലൗസിൽ ഒതുങ്ങാത്ത വലിയ മാറിടം പകുതിയും പുറത്തേക്ക് തള്ളി നിന്നിരുന്ന കാഴ്ച കാണാനാവാതെ ഞാൻ നോട്ടം മാറ്റി.

അവളുടെ രൂക്ഷമായ നോട്ടം താങ്ങാനാവാതെ രത്തൻ ഭായ് എന്റെ കയ്യിലെ പിടി വിട്ടു. രക്ഷപെട്ട ആശ്വാസത്തിൽ ഞാൻ പതുക്കെ പുറത്തിറങ്ങി.

രത്തൻ ഭായ് അങ്ങനെയാണ്. ഇത്രയും മാന്യനായ ഒരു മനുഷ്യനെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. പക്ഷെ ഒരു തുള്ളി മദ്യം അകത്തു ചെന്നാൽ അയാളോളം വൃത്തി കെട്ട മറ്റൊരു മനുഷ്യനും ഈ ലോകത്തുണ്ടാവില്ല.

അയാളുടെ ഭാര്യ സുമ നാല്പത് വയസ്സോളം പ്രായമുള്ള ഒരു മദാലസയാണ്. എട്ട് മണിക്ക് രത്തൻ ഭായ് ഡ്യൂട്ടിക്ക് പോയി കഴിഞ്ഞാൽ കുളിച്ചു കുറി തൊട്ട് അവർ ഉമ്മറത്തെ ചവിട്ട് പടിയിൽ കുട്ടികളെയും കളിപ്പിച്ചു അങ്ങനെ ഇരിക്കും. മനപ്പൂർവം എന്ന പോലെ ഉടുത്തിരിക്കുന്ന മാക്സി മുട്ട് വരെ തെരുത്തു വെച്ചിരിക്കും. ഇറക്കി വെട്ടിയ മാക്സിയുടെ വിടവിലൂടെ ചന്ദന നിറമുള്ള മാറിടത്തിന്റെ പകുതിയോളം കാഴ്ചക്കാരെ ആനന്ദിപ്പിച്ചു പുറത്തേക്ക് തള്ളി നിൽക്കും. ആ കാഴ്ച കാണാനായി മാത്രം പലരും ആവശ്യമില്ലാതെ ആ വഴി വെറുതെ ചുറ്റി കറങ്ങും.

'ഹക്കീം ഭായ് '.

നടന്നു പോവുമ്പോൾ സുമ എന്റെ തൊട്ട് പിന്നാലെ കുടവുമായി വന്നു. എന്റെ റൂമിലേക്ക് പോവുന്ന വഴിയിലെ ടാപ്പിൽ നിന്നും കുടിവെള്ളം എടുക്കാനുള്ള വരവാണ്.

'അവളെങ്ങനെ?. എന്നേക്കാൾ സുന്ദരിയാണോ?.

അല്പം കുശുമ്പ് നിറഞ്ഞ സ്വരത്തിൽ അവർ തിരക്കി. ആവശ്യത്തിൽ കൂടുതൽ ഉള്ള മാംസളമായ ശരീര ഭാഗങ്ങൾ അവളുടെ നടപ്പിനനുസരിച്ചു തുള്ളി തുളുമ്പി.

'ആര്? '.

അല്പം ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു.

'ഒന്നും അറിയാത്ത പോലെ. കള്ളൻ'.

അവരുടെ വെളുത്തു തടിച്ച വിരലുകൾ എന്റെ ചെവിയിൽ അമർന്നു. നാണിച്ചു കൊണ്ട് മാറി ഞാൻ ചുറ്റും നോക്കി. നാനാ ഭാഗത്തു നിന്നും കുറെ ആർത്തി പിടിച്ച കണ്ണുകൾ എന്റെ നേരെയാണ്.

'നിന്റെ റുക്‌സാന ബീഗം '.

ഇത്തവണ അവരുടെ സ്വരം പറ്റെ താഴ്ന്നിരുന്നു.

'അയ്യോ ദീദീ. അങ്ങനെ ഒന്നുമില്ല. അവളെന്റെ ഫ്രണ്ട് ആണ് '.

വിശ്വാസം ആവാത്ത പോലെ അവർ എന്നെ നോക്കി നെറ്റി ചുളിച്ചു.

'എന്നെ ദീദീ എന്ന് വിളിക്കരുത് '.

മുഖത്ത് ഗൗരവം വരുത്തി കൊണ്ട് അവർ പറഞ്ഞു.

'എന്നെ സുമ എന്ന് വിളിക്കുന്നതാണ് എനിക്കിഷ്ടം '.

എന്തോ ഓർത്തു കൊണ്ട് അവർ ചെറുതായൊന്നു മന്ദഹസിച്ചു.

'നിന്റെ റുക്‌സാനയെ നീ എന്താണ് വിളിക്കുന്നത്? '.

അവരുടെ ചോദ്യത്തിൽ അല്പം അസൂയ ഇല്ലെ എന്നെനിക്ക് തോന്നാതിരുന്നില്ല.

'ഞാൻ പോട്ടെ? '.

കുറെ തെലുങ്കത്തി പെണ്ണുങ്ങൾ വെള്ളമെടുക്കാൻ വരുന്നത് കണ്ട് പെട്ടെന്ന് ഞാൻ അവിടുന്ന് റൂമിലേക്ക് പോയി.

'അന്റെ ഒക്കെ ടൈം ആണ് ടൈം '.

റൂമിലേക്ക് നടക്കുമ്പോൾ എതിരെ വന്ന ചേട്ടൻ അല്പം അശ്ലീല ചുവയോടെ എന്നെ നോക്കി. പിന്നെ വായിൽ നിറഞ്ഞ തുപ്പൽ നീട്ടി കാർക്കിച്ചു തുപ്പി സുമയെ നോക്കി.

'തേരി മാ കി………… '.

സുമയുടെ വായിൽ നിന്നും അപ്രതീക്ഷിതമായി കിട്ടിയ തെറിയും ഏറ്റു വാങ്ങി അയാൾ വീണ്ടും എന്നെ നോക്കി.

'നീ എങ്ങനാടാ പുല്ലേ ഈ പെണ്ണുങ്ങളെ ഒക്കെ വളക്കുന്നത്? '.

വെറി പിടിച്ച ആ ചോദ്യം കേൾക്കാത്ത പോലെ ഞാൻ റൂമിലേക്ക് നടന്നു.

ഈ കോളനിയിൽ താമസിക്കാൻ വന്ന അന്ന് മുതൽ കേൾക്കുന്നതാണ് ഈ ചോദ്യം. ആ കോളനിയിലെ ഒട്ടു മിക്ക പെണ്ണുങ്ങളും എന്നെ കാണുമ്പോൾ പുഞ്ചിരിക്കാറുണ്ട്. വിശേഷാവസരങ്ങളിൽ മധുരവും പായസവും ഒക്കെ കൊടുത്തയക്കാറുണ്ട്. അത്‌ പക്ഷെ ആരും മോശം മനസ്സോടെയല്ല എന്നെനിക്കും അവർക്കും നന്നായി അറിയാം. പലരും അനിയനെ പോലെയാണ് എന്നോട് സംസാരിക്കുന്നത് തന്നെ. പക്ഷെ അതൊക്കെ കാണുന്ന മറ്റു ആണുങ്ങൾക്കാണ് കുഴപ്പം.

പക്ഷെ, അവർക്കറിയാത്ത ഒരു സത്യമുണ്ട്. ഏതൊരു പെണ്ണിനും തന്നോട് സംസാരിക്കുന്ന ഏതൊരു ആണിന്റെയും നോട്ടവും സംസാര രീതിയും കൊണ്ട് അവരെ മനസ്സിലാക്കാനുള്ള കഴിവ് ദൈവം നൽകിയിട്ടുണ്ട്. അത്‌ കൊണ്ടൊക്കെ തന്നെയാവാം ആ പെണ്ണുങ്ങൾ അവരെ അകറ്റി നിർത്തുന്നതും എന്നോട് സംസാരിക്കുന്നതും.

ഞായറാഴ്ച ദിവസമായാൽ പിന്നെ കോളനിക്ക് പല തരം മദ്യത്തിന്റെ വാടയാണ്. ഞായറാഴ്ച ആവാൻ കാത്തിരിക്കുന്ന കുറെ മനുഷ്യർ. കുടിച്ചു കൂത്താടി വാള് വെച്ചു അന്യന്റെ കുറ്റവും കുറവുകളും പച്ചക്ക് വിളിച്ചു പറയുന്ന ദിവസം. അല്പം മൂത്താൽ പിന്നെ പലരും അവരുടെ കാമം കഴുത കരയും പോലെ കരഞ്ഞു തീർക്കും.

അത്‌ കൊണ്ട് തന്നെ വൈകിട്ട് നാലു മണി ആവുമ്പോൾ ഞാൻ പതുക്കെ പുറത്തിറങ്ങും.

കമ്പനിയുടെ കൊമ്പൗണ്ട് കഴിഞ്ഞാൽ പിന്നെ തെലുങ്കരുടെ ഗ്രാമങ്ങളാണ്.

വരണ്ട കാറ്റ് വീശുന്ന കറുത്ത മണ്ണ് നിറഞ്ഞ ഭൂമി. എരുമ ചാണകവും പന്നി കാഷ്ടവും മണക്കുന്ന തെരുവുകളിൽ എണ്ണയിടാതെ പാറി പറന്ന ചെമ്പിച്ച തലമുടിയുള്ള ആണുങ്ങളും പെണ്ണുങ്ങളും അരക്ക് താഴെ നാണം മറക്കാത്ത കൊച്ചു കുട്ടികളും നിറഞ്ഞ തെരുവുകൾ. അവരോടൊപ്പം യാതൊരു ശങ്കയുമില്ലാതെ അലഞ്ഞു തിരിയുന്ന പട്ടികളും പന്നികളും പശുക്കളും എരുമകളും.

ചെറിയ മാറിടവും വലിയ നിതംബവുമുള്ള തെലുങ്കത്തി പെണ്ണുങ്ങൾ കുളിച്ചില്ലെങ്കിലും തലയിൽ പൂ ചൂടാൻ മിടുക്കികളാണ്.

പോവുന്ന വഴിയിൽ രണ്ട് രൂപക്ക് എരുമ പാലൊഴിച്ച കുഞ്ഞ് ഗ്ലാസ്സിലെ ചായ കിട്ടും. കടും മധുരത്തിൽ പാലിന്റെ രുചിയും ചവർപ്പും നിറഞ്ഞ പാൽ പാടയുള്ള ആ ചായ കുടിച്ചു അല്പം കൂടെ നടന്നാൽ പിന്നെ കൃഷിയിടങ്ങളാണ്.

സന്ദർഭം പോലെ നിലക്കടലയും എള്ളും സൂര്യകാന്തിയും മണ്ണുമായി മനുഷ്യന്റെ വിശപ്പകറ്റാൻ രതിക്രീഡ നടത്തുന്ന പരിശുദ്ധ നിലങ്ങൾ.

നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തോട്ടങ്ങളിൽ ഒന്നിന്റെ ഉടമയാണ് ഷേക് ഷവാലി. അദ്ദേഹത്തിന്റെ മൂന്ന് പെൺകുട്ടികളിൽ മൂത്തവളാണ് റുക്‌സാന ബീഗം.

പ്ലസ്ടു പഠിക്കുകയാണ് റുക്‌സാന. അല്പം ഇരുണ്ട നിറമുള്ള അവൾക്ക് ഇടതൂർന്ന ചുരുണ്ട മുടിയായിരുന്നു. എപ്പോഴും ഷാമ്പൂ ഇട്ട് മുടി പറപ്പിച്ചായിരുന്നു അവളുടെ നടത്തം. എന്നും രാവിലെ ആറു മണിക്ക് അവൾ നടക്കാനിറങ്ങും.

പത്തടി നടന്നാൽ തന്നെ കിതക്കുന്ന അത്രക്ക് തടി ഉണ്ടായിരുന്നു അവൾക്ക്. ആ തടി കുറക്കാനാണ് ആ നടത്തം. പക്ഷെ നടക്കുമ്പോഴും അവളുടെ കയ്യിൽ സൂര്യകാന്തിയുടെ ഉപ്പിട്ട് വറുത്ത വിത്തുകൾ കാണും. അതും കൊറിച്ചു വഴി നീളെ തുപ്പിയാണ് അവളുടെ നടത്തം.

ഇടക്കിടെ കാണുന്നത് കൊണ്ടാവണം അവൾ ഒരു ദിവസം എന്നെ നോക്കി പുഞ്ചിരിച്ചത്.

അന്ന് ഞാൻ അവളോട് സംസാരിച്ചു കൊണ്ടാണ് നടന്നത്. വിളവെടുക്കാനായ സൂര്യകാന്തി പാടങ്ങൾക്ക് നടുവിലൂടെയുള്ള ചെറിയ മൺ റോഡിലൂടെ ആയിരുന്നു ആ നടത്തം.

നാട്ടിലേക്കാൾ വേഗത്തിൽ സൂര്യൻ ഉദിക്കുന്ന ആ പാടത്തെ കന്യകകളായ സൂര്യ കാന്തി പൂവുകൾ സൂര്യനെ പ്രണയിക്കുന്ന കഥ റുക്‌സാനയാണ് എന്നോട് പറഞ്ഞത്.

അവൾക്ക് അത്‌ പോലെയുള്ള ഒരു പാട് കഥകൾ അറിയാമായിരുന്നു. എല്ലാം സൂര്യകാന്തി പൂ പോലെ മനോഹരമായവ.

മാസങ്ങൾ കഴിയുമ്പോഴേക്കും ഞങ്ങൾ തമ്മിലുള്ള സൗഹൃദം കൂടുതൽ ദൃഢമായി. പത്തടി നടക്കുമ്പോൾ കിതച്ചിരുന്ന റുക്‌സാന ഒരു കിലോമീറ്റർ നടന്നാലും കിതക്കാത്ത രൂപത്തിലേക്ക് മാറി.

ഇടക്കിടെ അവൾ എന്റെ നാട്ടിലെ വിശേഷങ്ങളൊക്കെ ചോദിക്കുമായിരുന്നു.

ആന്ധ്രയിലെ ആ ഭാഗത്തെ മുസ്ലിം പെണ്ണുങ്ങൾ തല മറക്കാറില്ലായിരുന്നു. ഒരു ദിവസം അവൾ തല മറച്ചാണ് നടക്കാൻ വന്നത്.

'എന്നെ കണ്ടാൽ നിങ്ങളെ നാട്ടിലെ പെണ്ണിനെ പോലെ ഇല്ലെ? '.

നാണം കലർന്ന ചിരിയോടെ അവൾ ചോദിച്ചു.

പിന്നീടൊരിക്കൽ അവൾ ഖുർആനിലെ രണ്ട് മൂന്ന് ചെറിയ സൂറത്തുകൾ ഓതി കേൾപ്പിച്ചു.

'എനിക്ക് നിങ്ങളെ നാട്ടിലെ പെണ്ണുങ്ങളെ പോലെ ഓതാനറിയില്ലേ '?.

അപ്പോഴൊക്കെ ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു.

ഇടക്ക് ഒരു ദിവസം അവൾ അവളുടെ രണ്ട് അനിയത്തിമാരെയും എനിക്ക് പരിചയപ്പെടുത്തി തന്നു. അവർ രണ്ട് പേരും എന്നെ നോക്കി പരസ്പരം സംസാരിക്കുന്നതും ചിരിക്കുന്നതും ഞാൻ കണ്ടു. അവരും റുക്‌സാനയെ പോലെ നല്ല തടിയുള്ള കുട്ടികളായിരുന്നു.

അങ്ങനെ നല്ല രസകരമായി ജീവിതം മുന്നോട്ട് പോവുന്നതിനിടെയാണ് എനിക്ക് സൗദിയിലേക്കുള്ള വിസ വന്നത്.

'ഞങ്ങൾ കരുതിയത് നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്നാണ് '.

പോവുന്ന കാര്യം പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞ റുക്‌സാനയോട് അവരുടെ അനിയത്തിമാർ പറയുന്നത് ഞാൻ കേട്ടു.

അത്‌ കേട്ടപ്പോൾ അവളുടെ മുഖം പ്രകാശിക്കുന്നതും സാവധാനം ആ വെളിച്ചം അണഞ്ഞു പോവുന്നതും ഞാൻ കണ്ടു.

തിരിച്ചു പോരുമ്പോൾ അവളുടെ തോട്ടത്തിന്റെ അതിരു വരെ അവൾ എന്റെ കൂടെ വന്നു. സങ്കടം കൊണ്ട് അവൾ ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല.

ഞാൻ പറയുന്നത് ഒന്നും അവൾ കേൾക്കുന്നില്ല എന്നെനിക്ക് തോന്നി.

നിറഞ്ഞ കണ്ണുനീർ തുടച്ചു കൊണ്ട് അവൾ എന്നെ നോക്കി പുഞ്ചിരിച്ചു. തിരിച്ചു കോളനിയിലേക്ക് നടക്കുമ്പോൾ വെറുതെ ഞാനൊന്നു തിരിഞ്ഞു നോക്കി.

വിദൂരതയിൽ ഒരു നേർത്ത ബിന്ദു പോലെ റുക്‌സാന ബീഗം എന്നെ തന്നെ നോക്കി കൊണ്ട് അവിടെ നിൽക്കുന്നുണ്ടായിരുന്നു.

എന്തിനെന്നറിയാതെ എന്റെ കണ്ണുകളും നിറഞ്ഞു വന്നു.

ആ പാടത്തെ അവസാനത്തെ സൂര്യകാന്തി പൂവും വിളവെടുത്തു കഴിഞ്ഞിരുന്നു അപ്പോൾ.
……………………………

(വായനക്ക് നന്ദി.
സ്നേഹപൂർവ്വം.
ഹക്കീം മൊറയൂർ ).

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot