നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പടിഞ്ഞാറൻ കാറ്റിന്റെ കുളിർമ്മയിൽ.


കഥ | ഗിരി ബി. വാരിയർ

"കുട്ടാ.. നീ ഇങ്ങോട്ട് കയറിണില്ല്യേ.."

കാറ് ചെറിയമ്മയുടെ വീട്ടിൽ നിർത്തി വീടും പറമ്പും ഒക്കെ ഒന്ന് പുറത്തുനിന്നും നോക്കിക്കാണണമെന്ന് കരുതി ഇറങ്ങിയതാണ്. റോഡിലൂടെ നടക്കുമ്പോൾ ആരോ ചോദിക്കുന്നതുപോലെ തോന്നി. ചുറ്റും നോക്കി., ആരേയും കണ്ടില്ല. തോന്നിയതാവാം.

ചെറിയമ്മയുടെ വീട്ടിൽ നാട്ടുവർത്തമാനങ്ങളിൽ മുഴുകിയിരിക്കുകയാണ് ലീല. സത്യത്തിൽ എന്നെ വിവാഹം കഴിച്ചതോടെ അവളാണ് ഈ നാടും അമ്പലവും ഗ്രാമീണ ജീവിതശൈലിയും എല്ലാം നഷ്ടപ്പെടുത്തിയത്. അതെല്ലാം അവളിൽ നിന്നും ഞാൻ പറിച്ചെടുത്തതാണു്. അല്ല, ഒരുപക്ഷെ എന്റെ ഇഷ്ടങ്ങൾ അനുസരിച്ച് അവൾ സ്വയം വലിച്ചെറിഞ്ഞതുമാകാം.

യാതൊരു സൗകര്യങ്ങളും ഇല്ലാത്ത ഈ ഓണംകേറാമലയിൽ എങ്ങിനെ വന്ന് താമസിക്കും എന്നതായിരുന്നു അന്നത്തേയും പ്രശ്നം.

ഇരുപതാം വയസ്സിൽ കോളേജ് ഹോസ്റ്റലിലേക്ക് മാറിയതോടെ ഒഴിവുദിവസങ്ങളിൽ മാത്രമായി വരവ്. അക്കാലത്ത് നല്ലൊരു റോഡോ, വീട്ടിൽ വൈദ്യുതിയോ ഇല്ലായിരുന്നു.

അങ്ങാടിയിലെത്താൻ ഒരു കിലോമീറ്റർ നടക്കണം. അവിടെനിന്നും ദിവസത്തിൽ നാല് തവണ മാത്രമേ ബസ്സ് ട്രിപ്പ് ഉണ്ടായിരുന്നുള്ളു. കാലത്ത് ഏഴരക്ക് പിന്നെ പത്തുമണിക്ക് അതുകഴിഞ്ഞാൽ വൈകുന്നേരം ആറരക്കും, ഏഴരക്കും.

പഠിപ്പുകഴിഞ്ഞ് ജോലി കിട്ടിയപ്പോൾ നഗരത്തിന്റെ തിരക്കിൽ അനേകരിൽ ഒരാളായി. നഗരത്തിന്റെ കിതപ്പും തിരക്കും ജീവിതചര്യയുടെ ഭാഗമായി. അതുകൊണ്ടാവാം ലോണെടുത്ത് ടൗണിൽ തന്നെ ഒരു വീടുവാങ്ങിയത്. രണ്ടുമക്കളും ജനിച്ചതും വളർന്നതും എല്ലാം ആ വീട്ടിൽ തന്നെ. എന്തെങ്കിലും വിശേഷങ്ങൾക്ക് മാത്രം നാട്ടിൽ വരും.

അച്ഛനും അമ്മയ്ക്കും അസുഖങ്ങൾ തുടങ്ങിയതോടെ അവരെയും നഗരത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആശുപത്രി, ചികിത്സ മറ്റു സൗകര്യങ്ങൾ തുടങ്ങി നൂറ് കാരണങ്ങൾ അതിന് അകമ്പടിയായി. ആ പറിച്ചുനടലിൽ അച്ഛന്റേയും അമ്മയുടേയും നാടുമായുള്ള എല്ലാ ബന്ധങ്ങളുടേയും നാരായവേര് മുറിഞ്ഞുപോയത് അറിഞ്ഞില്ല. നഗരവുമായുള്ള അവരുടെ ബന്ധം കൂടുതലും ആശുപത്രിക്കിടക്കകളിൽ ഒതുങ്ങിക്കൂടി. ലീലയും അമ്മയുമായുള്ള സൗഹൃദം മാത്രമായിരുന്നു അവരുടെ ഏക ആശ്വാസം. രണ്ടുവർഷത്തെ ഇടവേളയിൽ അച്ഛന്റെയും അമ്മയുടെയും അവസാനകർമ്മങ്ങൾ നടത്തി കഴിഞ്ഞപ്പോൾ വീട് അടച്ചുപൂട്ടിയിട്ടിയതാണ്. അതിനുശേഷം ഈ വഴിക്ക് വരുന്നത് ഇപ്പോഴാണ്. ചെറിയമ്മ ഇപ്പോഴും തറവാട്ടിൽ താമസമുണ്ട്. വല്ലപ്പോഴും അവരെ വല്ല കല്യാണങ്ങൾക്കോ മറ്റോ കാണാറുണ്ട്.

മക്കൾക്ക് രണ്ടുപേർക്കും പണത്തിന് ആവശ്യമുണ്ട്. മകൾ ഡൽഹിയിലും മകൻ തിരുവനന്തപുരത്തും വീടെടുക്കാൻ തയ്യാറെടുക്കുകയാണ്. അവർ ചോദിച്ചിട്ടില്ലെങ്കിലും ഈ പറമ്പും പുരയും വിറ്റാൽ നല്ല വില കിട്ടും, അവർക്ക് അത് വീതിച്ചുകൊടുത്താൽ അത്രയും ലോൺ ഭാരം കുറക്കാമല്ലോ.

ചെറിയമ്മയോട് വീടും പറമ്പും വിൽക്കുന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ സ്‌കൂളിൽ എന്റെ ജൂനിയർ ആയിരുന്ന ലോനപ്പൻ ഇപ്പോൾ ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആണെന്ന് ചെറിയമ്മ പറഞ്ഞത്. അവൻ ആളെ കൊണ്ടുവരാമെന്ന് പറഞ്ഞതിനാൽ വന്നതാണ്.

"മോനെ.. ഇങ്ങോട്ട് കയറിണില്ല്യേ." ഇത്തവണ ഒരു സ്ത്രീശബ്ദം പോലെയാണ് തോന്നിയത്. തിരിഞ്ഞുനോക്കി, ആരെയും കണ്ടില്ല..

"കുട്ടാ.. ഇതു ഞാനാ, തേൻമാവ്.. " ഇത്തവണ ശബ്ദം കേട്ടത് മതിലിനോട് ചേർന്ന് നിൽക്കുന്ന തേന്മാവിൽനിന്നാണ്.

മരങ്ങൾ സംസാരിക്കുമോ.. തോന്നിയതാവാം..

"ഉവ്വ്, ഞങ്ങളുടെ ശബ്ദം നിനക്ക് കേൾക്കാമല്ലോ.. ഞാൻ വരിക്കപ്ളാവ്.. പണ്ട് നീ കത്തിയെറിഞ്ഞ് ഉന്നം പഠിക്കുമ്പോൾ ഉണ്ടായ മുറിപ്പാടു് ഇപ്പോഴും എന്റെ തടിയിൽ കാണാം.." കേട്ടതു് തേന്മാവിൻ്റെ തൊട്ടപ്പുറത്തെ പ്ലാവിൽ നിന്നാണെന്നു തോന്നി.

ശരിയാണ്, സംസാരിക്കുന്നത് മാവും പ്ലാവും തന്നെയാണ്. വീട്ടിലേക്ക് കയറിയിട്ട് പോകാം..

പഴയ ഇരുമ്പുഗേറ്റിന്റെ കുറ്റി തുറന്നു, ആകെ തുരുമ്പെടുത്തിരിക്കുന്നു. ഗേറ്റിന്റെ രണ്ട് പാളികളിലും സൂര്യൻ ഉദിച്ചുവരുന്ന ഡിസൈനിൽ ആണ് ഗ്രിൽ പണിതീർത്തിരിക്കുന്നത്. പണ്ട് എന്റെ കുട്ടിക്കാലത്ത് അച്ഛൻ ഗേറ്റ് പണിയിക്കാൻ ഒരാളെ കൊണ്ടുവന്നിരുന്നു. ആ സമയത്ത് ഞാൻ ഇറയത്തെ തിണ്ണയിൽ ഇരുന്ന് രണ്ടു മലകൾക്കിടയിലൂടെ സൂര്യൻ ഉദിച്ചുവരുന്ന ചിത്രം വരക്കുന്നത് കണ്ട് അയാൾ അച്ഛനോട് പറഞ്ഞതാണ്, കുട്ടി വരച്ച ഡിസൈൻ ആക്കാമെന്ന്..

ഗേറ്റിൽ കുറച്ച് ബലം കൊടുത്ത് തുറക്കാൻ ശ്രമിച്ചു.

"പതുക്കെ കുട്ടാ.." ഇത്തവണ സംസാരിച്ചത് ഗേറ്റ് ആണ് !

"വിജാഗിരിക്ക് പണ്ടത്തെപ്പോലെ പറ്റാണ്ടായി മോനെ. കുറെ കാലായിട്ട് ആരും എണ്ണയൊന്നും കൊടുത്തിട്ടില്ലല്ലോ, ഒരു കാലത്ത് എന്റെ മുകളിൽ കയറിനിന്ന് നീ വണ്ടി കളിക്കുമ്പോൾ നിന്നെ എത്ര കളിപ്പിച്ചതാ അവൻ. ഇപ്പൊ ഇത്രേം കാലായില്യേ, നിന്ന നിൽപ്പിൽ എന്റെ ഭാരം താങ്ങി നിൽക്കല്ലേ, രാവും പകലും മഴയും വെയിലും ഒന്നും കണക്കാക്കാതെ.. പതുക്കെ ഒന്ന് തള്ളിക്കൊടുത്തോള്ളൂ, അധികം ബലം വേണ്ടാട്ടോ.."

പതുക്കെ ഒന്ന് തള്ളിയപ്പോൾ ഗേറ്റ് കുറച്ച് തുറന്നു.

"നിന്റെ അച്ഛന്റെ കയ്യ് പോലെ തന്നെയുണ്ട് നിന്റെയും. പക്ഷെ അദ്ദേഹത്തിന്റെ കയ്യിൽ നിറയെ തഴമ്പായിരുന്നു. അച്ഛൻ സ്നേഹത്തോടെ തലോടുമ്പോഴും എനിക്ക് വേദനിക്കാറുണ്ട്. പക്ഷെ ആ വേദന ഒരു സുഖമായിരുന്നു, കാരണം എനിക്ക് തണൽ തരുന്ന ഈ തേന്മാവും വരിക്കപ്ലാവും, അതിരിനോടടുത്ത് തലയുയർത്തി നിൽക്കുന്ന തെങ്ങുകളും എല്ലാം അച്ഛന്റെ കയ്യിലെ തഴമ്പിന്റെ ബാക്കിപത്രം ആണ്. നോക്കി നടന്നോളു, വഴിയിൽ കല്ലും മുള്ളും ഉണ്ടാവും. പണ്ട് നിന്റെ അമ്മ ദിവസവും കാലത്ത് മുറ്റം അടിച്ചുവാരാറുണ്ട്, അതുകൊണ്ട് കല്ലും മുള്ളും ചപ്പും ചവറും ഒന്നും ഉണ്ടാവാറില്ലായിരുന്നു. ഗേറ്റ് ആത്മഗതമെന്നോണം പറഞ്ഞു

ഗേറ്റ് തുറന്ന് നടവഴിയിലൂടെ നടന്നപ്പോൾ തേൻമാവ് തൊട്ടടുത്ത് നിൽക്കുന്ന ഒരു പാഴ്മരത്തിനോട് പറയുന്നത് കേട്ടു.

"ഇവിടുത്തെ കുട്ട്യാ, ശ്ശി കാലം കൂടീട്ട് വരണതാണ്. നഗരത്തില് വല്ല്യ നെലേല് ആയിരുന്നു. ഇപ്പൊ പ്രായായി.."

മുറ്റത്തിന്റെ തെക്കേ ഭാഗത്ത് തെച്ചിപ്പൂ കുലച്ചുനിൽക്കുന്നുണ്ട്. അതിനടുത്ത മന്ദാരവും, നന്ദ്യാർവട്ടവും, ചെമ്പരത്തിയും, തുളസിയും. വർഷങ്ങൾക്ക് മുൻപ് അമ്മ നട്ടുനനച്ച് വലുതാക്കിയതാണ്. അമ്മയുണ്ടായിരുന്നപ്പോൾ ദിവസവും ഈ പൂക്കൾ ഒക്കെ പൊട്ടിച്ച് അമ്പലത്തിൽ വാരസ്യാർക്ക് കൊടുക്കാറുണ്ട്. ഇപ്പോൾ അവയെല്ലാം വളർന്ന് കാടുപോലെയായി. നന്ദ്യാർവട്ടത്തിന്റെ ഏറ്റവും താഴെയുള്ള ഒരു കമ്പ് മാത്രം എന്നെ നോക്കി ചിരിച്ചതുപോലെ തോന്നി. പുതിയ തലമുറയിലെ ശാഖകൾക്കൊന്നും എന്നെ മനസ്സിലായില്ലെന്ന് തോന്നുന്നു.

"കുട്ടാ.. സുഖല്ലേ.." ഏതോ കാട്ടുമരത്തിന്റെ ശബ്ദമായാണ് തോന്നിയത്.

"ഞാനാ..കൂവളം. പണ്ട് ഞാൻ നുള്ളിയിട്ട് നീ എത്ര കരഞ്ഞിട്ടുള്ളതാണെന്നു് ഓർമ്മെണ്ടോ? അപ്പൊ അമ്മ പറയാറുണ്ട്, അത് സാരല്ല്യ, പരമശിവന്റെ വളരെ അടുത്ത ആളാണെന്നുള്ള ഒരു ഗമയാണ് കൂവളത്തിന് എന്ന്."

ശരിയാണ്, കൂവളം വളർന്ന് വലിയ മരമായിരിക്കുന്നു. തേന്മാവിന്റെ അത്രയും ഉയരം കൂവളത്തിനും ആയി.

പതിനൊന്ന് ദിവസം പതിനൊന്ന് കൂവളത്തിന്റെ ഇല ശിവന്റെ അമ്പലത്തിൽ നടയിൽ വെച്ചാൽ ഒന്നാം ക്ലാസ്സ് കിട്ടി പാസാകും എന്ന് അമ്മ പറഞ്ഞപ്പോൾ മുതൽ ദിവസവും കൂവളത്തിന്റെ ഇല നടയ്ക്കൽ വെക്കും. പതിനൊന്ന് എന്നതു് നാൽപത്തിയൊന്ന് ദിവസമായി. റിസൾട്ട് വന്നപ്പോൾ പതിനൊന്നാം റാങ്ക്!

അന്ന് അച്ഛൻ അമ്മയെ കളിയാക്കി പറഞ്ഞത് ഓർമ്മയുണ്ട്.. എന്റെ തങ്കം എന്തിനാ നീ കുട്ടനോട് പതിനൊന്ന് ഇല വെക്കാൻ പറഞ്ഞത്, ഒരെണ്ണം വെപ്പിച്ചാൽ മത്യാർന്നു, ഒന്നാം റാങ്ക് കിട്ട്യേനെ എന്ന്.

മുറ്റത്തെ തുളസിത്തറയിൽ തുളസി മാത്രം ഇല്ല. ഏതോ പാഴ്ചെടികൾ വളർന്നിരിയ്ക്കുന്നു. അമ്മയ്ക്ക് തുളസിത്തറയിൽ വിളക്കുവെക്കാൻ ഒരു ഓടിന്റെ ചെരാത് സിമന്റിട്ട് വെച്ചത് ഞാനാണ്. അന്ന് മതിലുപണിക്ക് വന്ന ബാലാശാരിയുടെ കൈയ്യിൽ നിന്നും സിമന്റ് വാങ്ങി പണിതതാണ്. അത് അതുപോലെ തന്നെയുണ്ട്, പക്ഷെ ചെളിയും പുകക്കറയും പിടിച്ചു കിടക്കുന്നു.

മുറ്റത്തുനിന്നും വരാന്തയിലേക്ക് കയറി. വരാന്തയിൽ അരത്തിണ്ണയിൽ ആകെ മണ്ണും പൊടിയും നിറഞ്ഞു കിടക്കുന്നു. നിലത്ത് പട്ടികാഷ്ഠവും മറ്റും ഉണങ്ങിപ്പിടിച്ചുകിടക്കുന്നുണ്ടു്

വീട് പൂട്ടിക്കിടക്കുകയാണ്. താക്കോൽ ചെറിയമ്മയുടെ കയ്യിലാണു്. വീണ്ടും മുറ്റത്തേക്കിറങ്ങി തെക്കേ ഭാഗത്തുകൂടി വീടിന്റെ പിൻഭാഗത്തേക്ക് നടന്നു. അവിടെയും ആകെ കാടുപിടിച്ചുകിടക്കുന്നു.

"ഉണ്ണികുട്ടാ.. ഇവിടെ ഇരിക്കൂ.." പടിഞ്ഞാറേ ഇറയത്തുനിന്നും മുറ്റത്തേക്ക് ഇറങ്ങാനുള്ള ചവിട്ടുപടിയാണ്‌.

ഒരു മിന്നലെന്നോണം പെട്ടെന്നു് ഓർമ്മയിൽ ഉദിച്ചു, അമ്മയാണല്ലോ എന്നെ ഉണ്ണിക്കുട്ടാ എന്നു വിളിച്ചിരുന്നതു്! അമ്മയുടെ ജീവിതത്തിൽ ഏറ്റവും അധികം സമയം ചിലവഴിച്ചത് ഒരു പക്ഷെ ഇവിടെയിരുന്നാവാം. അമ്മ എപ്പോഴും പറയാറുണ്ട്, ഇവിടെ ഇരുന്നാൽ നല്ല തണുത്ത പടിഞ്ഞാറൻ കാറ്റ് ആസ്വദിക്കാമെന്ന്. . അഞ്ചെട്ട് കിലോമീറ്റർ ദൂരെയാണ് കടലെങ്കിലും കടലിലെ ഇരമ്പൽ രാത്രികാലങ്ങളിൽ കേൾക്കാറുണ്ട്. ഒന്ന് ശ്രദ്ധിച്ചുനോക്കി, ഇല്ല, ഇപ്പോൾ അധികം ദൂരെയല്ലാത്ത കമ്പനിക്കകത്തു നിന്നും നിലക്കാതെ വരുന്ന ബഹളത്തിൻ്റേയും റോഡിലൂടെ ഇടതടവില്ലാതെ പോയിരുന്ന വണ്ടികളുടെയും ശബ്ദകോലാഹലങ്ങളിൽ കടലിന്റെ ഇരമ്പൽ കേൾക്കാതായിരിക്കുന്നു.

കറവക്കാരൻ ഗോപാലനും, പുറംപണിക്കാരി കുറുമ്പയും , പറമ്പ് കിളച്ച് വൃത്തിയാക്കാൻ അയ്യപ്പൻ വന്നാലും, അയല്പക്കത്തെ ജാനുവേച്ചിയും, മേരിത്തള്ളയും അമ്മയോട് കുശലം പറയാൻ വന്നാലും അമ്മയ്ക്ക് ഇരിക്കാനുള്ള സ്ഥാനം ഇതാണ്. മുറ്റത്തെ പറമ്പുമായി വേർതിരിക്കുന്ന ഒരു അരമതിലുണ്ട്, അതിലാണ് വരുന്നവർ ഇരിക്കുക. അമ്മയുടെ സന്തോഷവും സങ്കടവും എല്ലാം അറിയുന്നത് ഈ ചവിട്ടുപടികൾക്കാണ്.

ഒരു പക്ഷെ ഇരുപത്തിയഞ്ചാം വയസ്സിൽ ഈ നാടിനോടും വീടിനോടും വിടപറഞ്ഞപ്പോൾ മുതൽ അമ്മ എന്നെയോർത്ത് ഇവിടെയിരുന്ന് കരഞ്ഞിരിക്കാം, എന്റെ മക്കളുടെ ശബ്ദം കേൾക്കണമെന്നും അവരെ കാണണമെന്നും മോഹിച്ചിരിക്കാം, അവരുടെ കുഞ്ഞിക്കാലുകൾ ഈ മുറ്റത്ത് നിറഞ്ഞുകാണാൻ കൊതിച്ചിരിക്കാം.

ചവിട്ടുപടിയിൽ ഇരുന്നപ്പോൾ കുഞ്ഞായിരിക്കുമ്പോൾ അമ്മയുടെ മടിയിലിരുന്നത് ഓർമ്മവന്നു. തലമുടികൾക്കിടയിലൂടെ അമ്മയുടെ കൈവിരലുകൾ ഒഴുകി സഞ്ചരിക്കുന്നുണ്ടെന്നു തോന്നി. തിരക്കുപിടിച്ച ജീവിതത്തിൽ നീ നിൻ്റെ ശരീരത്തിനെ ശ്രദ്ധിച്ചില്ലല്ലോ എന്നു് പരിഭവത്തോടെ അമ്മ പറഞ്ഞെന്നും തോന്നി.

അവിടെനിന്നും പടിഞ്ഞാറേ പറമ്പിലേക്ക് നടന്നു. മുറ്റം കഴിഞ്ഞ് വലതു ഭാഗത്താണു് തൊഴുത്ത്. അച്ഛനെയും അമ്മയെയും ഇവിടെനിന്നും കൊണ്ടുപോകുന്നതിന് നാലുദിവസം മുൻപാണ് അവസാനം വളർത്തിയിരുന്ന കല്ല്യാണി പശുവിനെ കറുപ്പൻ വന്ന് കൊണ്ടുപോയത്. പൈസയൊന്നും വേണ്ട കറുപ്പാ, അവളെ വെട്ടാൻ കൊടുക്കരുത്, അത്രേ ഉള്ളു. അതായിരുന്നു അമ്മയുടെ ഒരേ ഒരു ആഗ്രഹം. ഒരുപക്ഷേ ആ വാക്കുകൾ കേട്ടപ്പോൾ കല്ല്യാണിപ്പശു വല്ലാതെ ദു:ഖിച്ചിരിക്കാം ഈ സ്നേഹസാമ്രാജ്യം വിട്ടുപോകുന്നതോർത്ത്. പക്ഷെ, സ്നേഹം മാത്രം നിറഞ്ഞു നിന്നിരുന്ന ഈ വീടും പരിസരവും വിട്ടുപോകുമ്പോൾ ഞാനെന്തേ കരഞ്ഞില്ല, അതിനെനിക്കൊരു ഉത്തരം കിട്ടിയില്ല.

"കുട്ട്യേ.. സൂക്ഷിച്ച് ട്ടോ.. ഇവ്ടെ മുഴ്വോനും, പാമ്പുകളാ, പശു പോയേപ്പിന്നെ ഇവിടെ അവരാ താമസം. എന്തായാലും എനിക്കൊരു കൂട്ടായി അവരും അവർക്ക് ഒരു താവളമായി ഞാനും." തൊഴുത്തിന്റെ മുന്നറിയിപ്പു്. പണ്ട് കറവക്കാരൻ ഗോപാലൻ എന്നെ "കുട്ട്യേ " എന്നാണ് വിളിക്കാറുള്ളത്, അത് കേട്ട് ശീലിച്ചതു കൊണ്ടാവാം തൊഴുത്തും എന്നെ അങ്ങിനെ വിളിക്കുന്നത്.

തൊഴുത്ത് കഴിഞ്ഞ് വലതുഭാഗത്താണ് കശുമാവ്. അത് വളർന്ന് പന്തലിച്ചിരിക്കുന്നു.

“കുട്ടാ.. കേറി വരുന്നില്ല്യേ നീ പണ്ട് അച്ഛനോട് പിണങ്ങി വന്നിരിക്കാറുള്ള കൊമ്പ് ഞാൻ ഇതുവരെ കളഞ്ഞിട്ടില്ല, കേറി വാ..”

എന്റെ ഏക സമ്പാദ്യപ്പെട്ടി ഈ കശുമാവായിരുന്നു. ഇതിൽനിന്നും കിട്ടുന്ന വരുമാനത്തിൽ നിന്നുമായിരുന്നു എന്റെ സിനിമ കാണാനും , ഐസ് ക്രീം തിന്നാനും മറ്റുമുള്ള ചിലവുകൾ നടന്നിരുന്നത്. പത്താം ക്ലാസ്സ് പരീക്ഷയുടെ പഠനം മുഴുവനും ഈ കശുമാവിന്റെ താഴെയായിരുന്നു. വീട്ടിൽ എന്തെങ്കിലും കാര്യത്തിന് പിണങ്ങിയാൽ ഞാൻ വന്നിരിക്കാറുള്ളത് ഇവിടെയാണ്. കുറച്ച് കഴിഞ്ഞാൽ അച്ഛൻ വരും, എന്തെങ്കലും ഒക്കെ ഓഫർ തന്നു് പാട്ടിലാക്കി എന്നെയും കൊണ്ട് വീട്ടിലേക്ക് പോകും..

കശുമാവിനെ മെല്ലെ തലോടി മുന്നോട്ടു നടന്നു.

പറമ്പിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്താണ് ആദ്യം മരിച്ച അച്ഛന്റെയും അതിന് രണ്ടു വർഷങ്ങൾക്കു ശേഷം മരിച്ച അമ്മയുടെയും ശരീരം ദഹിപ്പിച്ചത്. അസ്ഥിപെറുക്കി കുടത്തിലാക്കി, ദഹിപ്പിച്ച സ്ഥലത്ത് മണ്ണിട്ട് ഒരു കൂനയാക്കി അതിൽ ഒരു വാഴക്കന്ന് നട്ടത് ഓർമ്മയുണ്ട്. ആ സ്ഥലത്ത് വലിയ രണ്ട് വാഴക്കൂട്ടങ്ങൾ - അച്ഛനും അമ്മയും കൈകോർത്ത് നിൽക്കുന്നതുപോലെ തോന്നി. ഒരു പക്ഷെ അവരുടെ മോഹവും ഇതായിരുന്നിരിക്കാം. അച്ഛനും അമ്മയും ഞാനും എന്റെ ഭാര്യയും കുട്ടികളും എല്ലാവരും ഈ വീട്ടിൽ ഒരുമിച്ച് കളിയും ചിരിയുമായി, ഇതുപോലെ കൈകൾ കോർത്ത്.

"ഉണ്ണി.. നീ ഇവിടെ നില്ക്കാ? ആരോ പറമ്പിലൂടെ നടക്കുന്നുണ്ട് എന്ന് ലക്ഷ്മിയുടെ മകൾ എന്നോട് പറഞ്ഞു. എനിക്ക് തോന്നി നീയ്യാവും എന്ന്. ഞാനും ലീലയും കൂടി പാമ്പുംകാവിലേക്ക് വന്നതാണ്" ലീലയും ചെറിയമ്മയുമായിരിന്നു.

"പറമ്പൊക്കെ ഒന്ന് നടന്നുകാണാൻ കയറിയതാണ്.." ഞാൻ പറഞ്ഞു.

"ലോനപ്പൻ വിളിച്ചിരുന്നു, അവന് എന്തോ അസൗകര്യം ഉണ്ടത്രേ.. ഇന്ന് വരാൻ പറ്റില്ല്യാന്ന്.."

"അത് നന്നായി ചെറ്യമ്മേ,, ഇവിടെ പണിക്കാരെ കിട്ട്വോ, ഈ പറമ്പോക്കെ ഒന്ന് ചെത്തി വൃത്തിയാക്കി, വീടൊക്കെ കഴുകി വെടുപ്പാക്കാൻ.."

"അത് നല്ലതാണ്, വീടിന് വില കൂടുതൽ കിട്ടും, കാണാൻ വരുമ്പോൾ ഒരു ഐശ്വര്യം ഉണ്ടാവൂലോ.."

"വിൽക്കാനല്ല വെറു:, ഞാനും ലീലയും ഇങ്ങോട്ട് മാറിയാലോന്ന് ചിന്തിക്ക്യാ, അവിടെയായാലും ഞങ്ങൾ ഒറ്റയ്ക്കല്ലേ. ഇനിയുള്ള ജീവിതം ഇവിടെയാക്കിയാലോ എന്നൊരു ചിന്ത. "

"ന്റെ കൃഷ്ണാ, ദാ ഇപ്പോൾ പാമ്പുംകാവിൽ വിളക്ക് വെച്ച് തൊഴുമ്പോൾ ലീല പറഞ്ഞതേ ഉള്ളു, ഈ നാടും വീടും അവൾക്ക് അന്ന്യമാവൂലോ. ന്തായാലും നല്ല തീരുമാനം തന്ന്യാണ്. പണ്ടത്തെപ്പോലെ ഒന്നുമല്ല, ഇവിടെപ്പോ എല്ലാ സൗകര്യങ്ങളും ഉണ്ട്. വിളിച്ചാൽ വിളിപ്പുറത്ത് എന്റെ മക്കളും ചെറുമക്കളും ഒക്കേണ്ടല്ലോ" ചെറിയമ്മ പറഞ്ഞു.

സൗകര്യങ്ങൾ ഇനീപ്പോ കുറഞ്ഞാലും സാരല്ല്യാ, ഇവിടെ അമ്മേം അച്ഛനും ഒക്കെ ഉറങ്ങുന്ന മണ്ണല്ലേ, ജീവിച്ചിരിക്കുമ്പോൾ അവർക്ക് കൂട്ടാവാൻ പറ്റില്ല്യ, ബാക്കിയുള്ള കാലമെങ്കിലും അവരുടെ ഓർമ്മകളുമായി അവരുടെ കൂടെ ഇവിടെ ആവാം. ഇത് തിരിച്ചറിയാൻ എനിക്ക് വർഷങ്ങൾ എടുത്തു."

നിറഞ്ഞൊഴുകുന്ന കണ്ണുകൾ വേഷ്ടിയുടെ തലപ്പുകൊണ്ട് ലീല ഒപ്പുന്നത് കണ്ടു. ഒരിക്കൽ പോലും പറഞ്ഞിരുന്നില്ലെങ്കിലും ഞാനത് അത് മനസ്സിലാക്കിയിരുന്നു, അറിയാത്തപോലെ നടിക്കുകയായിരുന്നു.

ആ സമയം പടിഞ്ഞാറുനിന്നും വന്ന ഇളംകാറ്റിൽ മരങ്ങൾ ചില്ലകൾ വിരിയിച്ച് ഇടകിയാടി, വാഴയിലകൾ പരസ്പരം തൊട്ടുതലോടി, പ്രകൃതി ഉന്മാദനൃത്തം ചെയ്യുന്നതുപോലെ…

(ശുഭം)

ഗിരി ബി. വാരിയർ
10 ഒക്ടോബർ 2020

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot