നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മുരിങ്ങയിലത്തോരൻ


"ഇച്ചായൻ കൊറച്ച് മുരിങ്ങയിലയെടുത്ത് തയ്യാറാക്കി വച്ചേക്കണേ .....''

" അതെന്താ ... മോളേ മുരിങ്ങയിലയോട് പെട്ടെന്നൊരു പൂതി ......"

"ഇവിടെ അമ്മ ഇന്ന് മുരിങ്ങയില തോരനുണ്ടാക്കിയി രുന്നു. .... എന്താ ടേസ്റ്റ് ...... വൈകിട്ട് നമുക്കും തോരനും ചപ്പാത്തിയുമാക്കാം ...... "

പ്രിയ കളത്രം, ഓളുടെ വീട്ടിൽ നിന്നു കൊതിയോടെ ഓരോന്നു വിളിച്ചു പറഞ്ഞാൽ ചെയ്യാതൊക്കുമോ ......
അമ്മയുണ്ടാക്കി കൊടുത്ത കോഴിക്കറീം മുരിങ്ങയിലത്തോരനും മൂക്കു മുട്ടെ കഴിച്ചപ്പോൾ അച്ചായനെ മുരിങ്ങയിലത്തോരനിൽ മുക്കാൻ തോന്നിയതാവും.

രാവിലെ അമ്മയെ കാണാൻ എന്നു പറഞ്ഞ് ഇറങ്ങിയപ്പോഴേ ഓർത്തതാ ........
എന്നാലും മുട്ട ചേർത്തുള്ള മുരിങ്ങയില തോരൻ്റെ കാര്യമോർത്തപ്പോൾ കൊതി തോന്നി എന്നതു വേറെ കാര്യം .

പിറകിലത്തെ വീട്ടിലെ മുരിങ്ങയും നമ്മുടെ വീട്ടിലെ കറിവേപ്പുമായി ദീർഘകാല പ്രണയത്തിലാണ്. അവരങ്ങനെ മുട്ടിയുരുമ്മി കിന്നാരം പറഞ്ഞു നില്പാണ്. ഇതിൻ്റെ മറവിൽ മുരിങ്ങയുടെ ഇലയും കായും നമ്മൾ അനുഭവിച്ചു പോരുകയും ചെയ്യുന്നു. മതിലിൽ ഒന്നു കയറിനിന്നു മാത്രമേ പൊട്ടിച്ചെടുക്കാൻ പറ്റൂ. .
.മാറി മാറി വരുന്ന വാടകക്കാർക്ക് മുരിങ്ങ ശ്രദ്ധിക്കാൻ എവിടെ യാണ് നേരം .അതിനാൽ ആ സേവനം അതായത് മുരിങ്ങയുടെ വിളവെടുപ്പ് നമ്മൾ തന്നെ ചെയ്തു പോരുന്നു.

അവരുടെ വീട് ഇരിക്കുന്നത് കുറേ കൂടി താഴ്ന്ന ഇടത്താണ് . ടെറസ് നമ്മുടെ മതിലിനൊപ്പമേ വരൂ .
താഴെയായതു കൊണ്ട് അയൽ പക്കമെന്നു പറഞ്ഞു കൂട .അങ്ങോട്ടു പോവണമെങ്കിൽ കോളനി റോഡ് വഴി മെയിൻ റോഡിലെത്തി തിരിഞ്ഞു പോവണം .
ഉച്ചത്തിലുള്ള ചില സംസാരങ്ങൾ മാത്രം ഇടക്ക് കേട്ടാലായി. ഇപ്പോ ഏതോ പുതിയ താമസക്കാരാണവിടെ .

സന്ധ്യയോടെയാണ് മുരിങ്ങയില അടർത്താനായി മതിലിൽ കയറിയത്. മതിലിൽ നിന്നാൽ താഴെ ആ വീടിൻ്റെ പൂമുഖത്തെ വെളിച്ചം കാണാം.

മങ്ങിയ വെളിച്ചത്തിൽ കാണാവുന്ന ഇലകളെല്ലാം അടത്തി ഇപ്പുറത്തേക്കിട്ടു . ഒരു കമ്പ് താഴ്ത്തിയാണ് ഇല പൊട്ടിച്ചു കൊണ്ടിരുന്നത്.
കമ്പ് വിട്ടതും നില തെറ്റി, അപ്പുറത്തേക്ക് വീണതും ഒരുമിച്ചായിരുന്നു . മുരിങ്ങയുടെ തന്നെ മറ്റൊരു കമ്പിൽ പിടിത്തം കിട്ടിയെങ്കിലും അതൊടിഞ്ഞ് മതിലിനോട് ചേർന്ന് ഉരഞ്ഞ് താഴേക്കു പതിക്കുകയായിരുന്നു. വീണിടത്തു തന്നെ കുറച്ചു നേരം അങ്ങനെ ഇരുന്നു പോയി . എഴുന്നേൽക്കാൻ നന്നേ പ്രയാസപ്പെട്ടു . എവിടെയൊക്കെയോ വേദന . മതിലിനോട് ഉരഞ്ഞ് വീണതു കൊണ്ട് മുതുകിലായിരുന്നു വേദനയും നീറ്റലും കൂടുതൽ.

ഇത്രയുമൊക്കെ കോലാഹലമുണ്ടായിട്ടും ആ വീട്ടിലെ ആരും അറിഞ്ഞ ലക്ഷണമില്ല. സിറ്റൗട്ടിലെ വെളിച്ചം മാത്രമുണ്ട് ആളുണ്ടെന്നുള്ളതിന് തെളിവായി .
ആയാസപ്പെട്ട് എഴുന്നേറ്റു. മുടന്തിയാണെങ്കിലും നടക്കാവുന്ന പരുവത്തിലാണ്. വീട്ടുകാര് അറിയാതെ ഗേറ്റ് തുറന്ന് പോവുക തന്നെ .
ഏന്തി വലിഞ്ഞ് ഗേറ്റിൽ എത്തിയപ്പോളാണ് അത് പൂട്ടിയിരിക്കുന്നു. താഴിൽ ഒന്നു പിടിച്ചു വലിച്ചു നോക്കി.

"ആരാ ......"

തിരിഞ്ഞു നോക്കുമ്പോൾ പൂമുഖത്ത് ഒരാൾ, ഗൃഹനാഥനാവും . ഗേറ്റിൽ പിടിച്ച് വലിച്ചമ്പോൾ ഉണ്ടായ ശബ്ദം കേട്ട് വന്നതാവണം .

"ഞാൻ ... ആ വീട്ടിലെയാ .... വേപ്പില പറിച്ചോണ്ടിരിക്കുമ്പോൾ ഇപ്പുറത്തേക്ക് വീണു പോയി........."
മുകളിലേക്ക് വീട് ചൂണ്ടിക്കൊണ്ടാണ് ഇത്രയും പറഞ്ഞൊപ്പിച്ചത്.
അയാളുടെ മുഖഭാവം എന്തെന്ന് അറിയുന്നതിന് മുമ്പേ ,പുറത്ത് നിന്ന് ഒരു വിളി .
" അവറാച്ചാ ..... എന്താ ഇവിടെ ....."
എതിരേ താമസിക്കുന്ന തോമസുകുട്ടിയാണ് . പള്ളിയിൽ വച്ച് കണ്ടും സംസാരിച്ചും പരിചയമുണ്ട് . ഒന്നു രണ്ടു തവണ പള്ളി കാര്യങ്ങളുമായി ബന്ധപ്പെട്ട് അയാളുടെ വീട്ടിൽ പോയിട്ടുമുണ്ട്. തോമസുകുട്ടി ഗേറ്റിനടുത്തേക്ക് വന്നു.
അയാളോട് വീഴാനുണ്ടായ സാഹചര്യത്തെ പറ്റി പറഞ്ഞു.

'' ഇത് നമ്മുടെ അവറാച്ചനാ ..... വേപ്പില പറിച്ചപ്പോ തെന്നി വീണതാ .... ഗേറ്റ് ഒന്ന് തുറന്നു കൊടുക്ക് ......"

പൂമുഖത്ത് നിന്നിരുന്നയാൾ ഒന്നു സംശയിച്ചു നിന്ന ശേഷം അകത്തേക്ക് എന്തോ വിളിച്ചു പറഞ്ഞു .ഗൃഹനാഥ കൊണ്ടുവന്നു കൊടുത്ത താക്കോൽ കൊണ്ട് വീട്ടുകാരൻ ഗേറ്റ് തുറന്നു തന്നു. അവറാൻ ഒരു ഇളഭ്യ ചിരിയോടെ
ഗേറ്റിനു പുറത്തിറങ്ങി. ദൈന്യ ഭാവത്തിൽ നിശബ്ദമായ ഒരു നന്ദി ഗൃഹനാഥന് കൈമാറി.

ശരീരത്തിൽ അവിടിവിടെയൊക്കെ മുറിവ് ഉണ്ടായിരുന്നു. നീറ്റലും വേദനയും കൂടാതെ കാലിൻ്റെ പെരു വിരൽ മടങ്ങിയിരുന്നു.
തോമസുകുട്ടി വീട്ടിലേക്ക് ക്ഷണിച്ചു. അത്യാവശ്യം പ്രാഥമിക ശുശ്രൂഷ ചെയ്തു തരാമെന്നു പറഞ്ഞെങ്കിലും വേണ്ടെന്നാണ് പറഞ്ഞത്. ഭാര്യ നഴ്സാണല്ലോ വീട്ടിലെത്തിയാൽ അവൾ വേണ്ടതു ചെയ്യുമെന്ന ന്യായം പറഞ്ഞാണ് അവറാൻ അത് നിരസിച്ചത് . സ്കൂട്ടറിൽ കൊണ്ടു വിടാമെന്ന തോമസിൻ്റെ വാഗ്ദാനവും അവറാൻ വേണ്ടെന്നു വക്കുകയാണുണ്ടായത്.

അവിടെ നിന്ന് ഉയരത്തിലുള്ള തൻ്റെ വീടും ,തന്നെ താഴേക്കു വീഴ്ത്തിയ തൻ്റേതു തന്നെയായ പൊക്കമേറിയ മതിലും ഒന്നു കൂടി നോക്കി , അവറാൻ തിരിഞ്ഞ് നടന്നു.

,*****. *******. *******

ഞായറാഴ്ച കുർബാന കഴിഞ്ഞ്, സിസിലി അവളുടെ ചില കൂട്ടുകാരുമായി സൊറ തുടങ്ങിയപ്പോൾ വണ്ടി പാർക്ക് ചെയ്യുന്നിടത്തേക്കു നടന്നു. തോമസ് കുട്ടിയും അയാളുടെ ഭാര്യ വരാനായി കാറിനരികെ കാത്തു നില്ക്കുകയായിരുന്നു. അവറാനെ കണ്ടയുടൻ അയാൾ അരികിലേക്ക് വന്നു. മുറിവുകളൊക്കെ ഉണങ്ങിയോ എന്ന തോമസിൻ്റെ ചോദൃത്തിന് ചിരിച്ചു കൊണ്ട് കുഴപ്പമില്ല എന്ന് അവറാൻ മറുപടി പറഞ്ഞു.
അവറാച്ചൻ പോന്നു കഴിഞ്ഞ് തോമസ് കുട്ടി ആ വാടക വീട്ടിലെ മനുഷ്യനുമായി സംസാരിച്ചിരുന്നുവത്രേ ..'..മുമ്പു താമസിച്ചിരുന്നിടത്ത് ഒളിഞ്ഞു നോട്ടക്കാരുടെ ശല്യം ബാത്ത് റൂം വരെ നീണ്ടതു കാരണമാണത്രേ അവിടം വിട്ടു പോന്നത്.
ഓരോ ഞരമ്പു രോഗികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളേ ...

തൻ്റെ മുഖം പെട്ടെന്നു മാറിയതു കൊണ്ടാവും .
അവറാൻ അങ്ങനെയുള്ള ആളല്ലെന്ന് താൻ അയാളോട് പറഞ്ഞു എന്ന് തോമസ് കുട്ടി പറഞ്ഞത്.

താക്കോൽ കൊണ്ടുവന്നു കൊടുക്കുമ്പോൾ ആ സ്ത്രീ, മുടിയിൽ ഈറൻ മാറാനാവണം ഒരു തോർത്ത് ചുറ്റിയിരുന്നു എന്ന് അവറാൻ ഓർത്തു . ഇനി തന്നെയും ആ പുതിയ താമസക്കാരൻ സംശയിക്കുമോ .....
അവറാൻ്റെ ആലോചന ആ വഴിക്കു പോയി. തന്നെയും ആ വിധത്തിൽ വീട്ടുകാരൻ സംശയിക്കുന്നതായി വല്ലതും പറഞ്ഞോ എന്ന് തോമസ് കുട്ടിയോട് ചോദിക്കാനുള്ള ധൈര്യം അവറാനുണ്ടായിരുന്നില്ല.

കാറിൽ കയറി വീട്ടിലേക്ക് പോകുമ്പോളും അവറാൻ വീഴ്ചയുടെ കാര്യം തന്നെയാണ് ഓർത്തിരുന്നത് .
"എന്താ ..... ആലോചിക്കുന്നത് ....."
സിസിലി ചോദിച്ചു. സാധാരണ എന്തെങ്കിലുമായി അവറാൻ ചിലച്ചു കൊണ്ടിരിക്കാറുണ്ടല്ലോ .....
" ഒന്നുമില്ല ..... ആ വീഴ്ചയെ കുറിച്ച് ഓർക്കുകയായിരുന്നു ....."

രണ്ടു മൂന്നു ദിവസം ഉറക്കം നഷ്ടപ്പെടാനുള്ള വകയാണ് വെറും രണ്ട് നിമിഷം കൊണ്ട് തോമസ്കുട്ടി പറഞ്ഞിട്ട് പോയത്. ഏതായാലും ഈ പുതിയ വിവരം സിസിലിയോട് പറയേണ്ടന്ന് അവറാൻ തീരുമാനിച്ചു . വെറുതെ സിസിലിയുടെ മനസിൽ എന്തിന് സംശയത്തിൻ്റെ വിത്ത് പാകണം . അത്, ത ന്നോടൊപ്പം നിന്ന് തന്നോടൊപ്പം തന്നെ മരിച്ചു പോവട്ടെ ......

ഗുണപാഠം :

മോഷണം , അത് മുരിങ്ങയിലയാണെങ്കിലും സംശയത്തിനും അപകടത്തിനും വഴി തുറക്കുന്നു.

.........................
എ എൻ സാബു

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot