(കവിത )
സാന്ദ്ര മൗനത്താൽ സ്വയം
പൊതിയും സമയത്തും
ആർത്തുചിരിപ്പൂ ഉള്ളിൽ ,
നിരാശാലേശമന്യേ,
മുന്നിലായ് വീണു തകർന്നീമണ്ണിൽ പതിച്ചനിൻ
വർണ്ണാങ്കിതമാം മുഖം മൂടി
തൻദൃശ്യം നോക്കി.
ഗളത്തിൽ നീ ചാർത്തിടും
സ്വർണ്ണത്തിൻത്താലിയെൻ്റെ
കണ്ഠത്തെ ഞെരുക്കിടും
നാഗമായ് മാറും മുൻപേ,
തിരിച്ചറിഞ്ഞുവല്ലോ
നെല്ലും പതിരും പോലെ,
നിൻ്റെ യഥാർത്ഥ മുഖം
മറയ്ക്കും പൊയ്മുഖം ,ഞാൻ !
ഭാവി തൻ വാനം നോക്കി,
സ്വപ്ന രഥങ്ങളേറി,
പ്രണയ വഴികളിൽ
ഉയർന്നു പറന്നതും,
ഹൃദയരക്തം മുക്കി
രചിച്ച കവനവും ,
കർണ്ണപുട ദ്വയത്തിൽ
മന്ത്രിച്ച സ്നേഹോക്തിയും,
പാടേ മറന്ന പോലെ,
വിടചൊല്ലിപ്പിരിയും നേരത്തു -
മൊരുവട്ടം തിരിഞ്ഞു നോക്കീല നീ,
നടന്നകന്നു ദൂരെ,
കുറ്റബോധമില്ലാതെ ,
ഭൂമിയിൽ ദൃഢമായ് നിൻ
പാദങ്ങൾ അമർത്തി നീ!
കനത്ത സമ്പത്തിൻ്റെ
നിധി കുംഭത്തിൻ -
അകമ്പടിയില്ലാതെ വരും
പുത്രവധുവെ തെല്ലും
കാംക്ഷിച്ചിടാത്ത സ്വന്തം
പിതാവിൻ ശാസനങ്ങൾ
ശിരസ്സാ വഹിച്ചിടും
പുത്രനായ് മാറിയോ നീ ,
ജീവവായു പോലെയെന്നു
പാടിപ്പുകഴ്ത്തിയ ,നിൻ
സിരയിൽ നുരയിട്ട
പ്രണയംമറന്ന പോൽ?
പ്രസംഗ വേളയിൽ തൻ
നാവിൽ നിന്നുതിർന്നിട്ടു,
ജനസഞ്ചയങ്ങളെ
കോൾമയിർ കൊള്ളിപ്പിച്ച,
വാക്കും മനസ്സുമാകെ
മറന്ന നിന്നെ എന്നേ,
ഇറക്കിവിട്ടു ഞാനെൻ
മനസ്സിന്നുളളിൽ നിന്നും.
നടന്നകലുംനിൻ്റെ രൂപമെൻ
മനസ്സിൻ്റെ
ചെറുകോണതിൽ പോലും
ഉണർത്തുന്നില്ല വൃഥ,
ചതിതൻ പ്രതിരൂപമായി നീ
മാറിയൊരാ
നിമിഷാർദ്ധത്തിൽതന്നെ
മൃതമായ് മറഞ്ഞു പോയ്.
ശിഥിലമാകില്ലയെൻ സ്വപ്നങ്ങൾ ,
നൈരാശ്യത്തിൻ നിഴലു വീഴില്ല
ഞാൻചരിയ്ക്കും വഴികളിൽ,
അബലയല്ല ഞാനെന്നോർമ്മ പുതുക്കു
മൊരു ഹൃദയം ശക്തമായി
മിടിയ്ക്കുന്നുണ്ടെന്നുള്ളിൽ,
ഒറ്റയ്ക്കു മുന്നേറുവാൻ
ശക്തമാണെൻ പാദങ്ങൾ,
എത്തിപ്പിടിച്ചീടുവാൻ
ദീർഘമാണെൻ കരങ്ങൾ,
ജയിയ്ക്കുമെന്നു തന്നെ
ജീവിച്ചു തെളിയിക്കും
മനമെൻ തേരാളിയായ്
നയിയ്ക്കും കാലം വരെ!
ഡോ. വീനസ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക