കഴിഞ്ഞ വർഷത്തെ പ്രളയം കൊടുംമ്പിരികൊണ്ടിരിക്കുന്ന ഒരു ദിവസം. കൊച്ചി നഗരത്തിൽ ഞാൻ താമസിക്കുന്ന സ്ഥലത്തുനിന്നും ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് രണ്ട് കിലോമീറ്റർ ദൂരമുണ്ട്. പതിവായി നടന്നുവരുന്ന വഴിയിലൂടെ സ്ഥിരമായി കാണുന്ന കാഴ്ചകൾ കണ്ടു പ്രധാന റോഡിലെ ഷേണായിസ് തിയേറ്ററിന് മുൻപിലെത്തി. അവിടെനിന്നും എംജി റോഡിലെ ഇരുവശത്തേക്കും ഉള്ളവൺവേകൾ മുറിച്ചുകടന്നാൽ പിന്നെ കോൺവെന്റു ജംഗ്ഷനിലേക്ക് അധികദൂരമില്ല.
സമയം രാവിലെ ഒമ്പത് മണി. റോഡിൽ ഏറ്റവും തിരക്കേറിയ സമയം. മെട്രോ സിറ്റിയുടെ പ്രധാനപാത. വാഹനങ്ങൾ ചീറിപ്പാഞ്ഞു കടന്നു പോകുന്നു. ഞാൻ ക്ഷമയോടെ കാത്തുനിന്നു. അപ്പോഴും ചാറ്റൽ മഴ പെയ്യുന്നുണ്ട്. ആളുകളുടെ മുഖത്തൊക്കെ പ്രളയത്തിന്റെ ഭീതി നിഴലിച്ചിട്ടുണ്ട്.
ചെറിയ ഗ്യാപ്പ് കിട്ടിയപ്പോൾ ഒരു വശത്തേക്കുള്ള റോഡ് വേഗത്തിൽ ക്രോസ് ചെയ്തു മെട്രോ റെയിൽ ഇന്റെ വലിയ തൂണിന് താഴെ വിശാലമായ ഭാഗത്ത് കയറിനിന്നു. ഇനി എതിർദിശയിലേക്ക് പോകുന്ന അടുത്ത വൺവേകൂടി കടന്നു കിട്ടണം. വീണ്ടും ഞാൻ ക്ഷമയോടെ കാത്തു നിൽക്കുവേയാണ് പൊടുന്നനെ അത് സംഭവിച്ചത്. എന്റെ തലയ്ക്കു മുകളിലെ മെട്രോറെയിൽ പാലത്തിന്റെ വലിയ തൂണിന് മുകളിൽ നിന്നും ഒരു പ്രാവിന്റെ കുഞ്ഞ് റോഡിലേക്ക് വീണു. അതിനു പറക്കാനുള്ള പ്രായം പോലും ആയിട്ടില്ല. ഞാൻ തരിച്ചു നിൽക്കുകയാണ്. ഞാൻ മാത്രമല്ല ആ സമയം റോഡ് ക്രോസ് ചെയ്യാൻ കാത്തുനിൽക്കുന്ന പലരും അത് കാണുന്നുണ്ട്. നമ്മൾ നിസ്സഹായരായി നോക്കി നിൽക്കുന്ന അവസ്ഥ.
കുഞ്ഞുപ്രാവ് എന്തുചെയ്യണമെന്നറിയാതെ നടന്നടുക്കുന്നത് നടുറോഡിലേക്കാണ്. ഏതുനിമിഷവും അടുത്ത വാഹനത്തിന്റെ ടയറിനടിയിൽ പെട്ടു ആ ജീവി ഒരു അടയാളം പോലും ബാക്കി ഇല്ലാതെ താറിൽ അരഞ്ഞു പോകും. ആ കാഴ്ച കാണാൻ ശക്തിയില്ലാതെ ഞാൻ മുഖം തിരിച്ചു നിന്നു.
ഞൊടിയിടയിലാണ് അത് സംഭവിക്കുന്നത്. പെട്ടെന്ന് എന്റെ മുൻപിൽ ഒരു സ്കൂട്ടി നിർത്തുന്നു. നടുറോഡിൽ!. ഒന്ന് ശ്രദ്ധ തെറ്റിയാൽ അടുത്ത വാഹനം വന്നു ഇടിച്ചിട്ട് കടന്നു പോകും. അത്ര അപകടകരം. പക്ഷേ അതൊന്നും കൂസാതെ ഒരു പെൺകുട്ടി ചാടി ഇറങ്ങുകയാണ്. ഹെൽമറ്റ് ധരിച്ചിട്ടുണ്ട്. വസ്ത്രം എന്തായിരുന്നു എന്ന് വ്യക്തമായി ഓർക്കുന്നില്ല. അല്പം മുൻപിലാണ് ടൂവീലർ നിർത്തിയത്. അവൾ പിറകോട്ട് ഓടി വരികയാണ്. തന്റെ പിന്നിലായി കടന്നുവരുന്ന വാഹനങ്ങളെ കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടുകൊണ്ടാണ് ഓടിവരുന്നത്. ആ പെൺകുട്ടി കൈവീശി അതുകൊണ്ട് ഒരു ആഡംബര കാർ അവിടെ ബ്രേക്ക് ചെയ്തു. അയാൾക്ക് ചിലപ്പോൾ എന്താണ് ആ നിമിഷങ്ങളിൽ സംഭവിക്കുന്നത് എന്ന് പോലും മനസ്സിലായി കാണാൻ സാധ്യതയില്ല.
കാറിന്റെ ടയർ വളരെ പതിയെ ചലനം നിർത്തി. കാർ നിർത്തി ബ്ലോക്ക് വന്നതുകൊണ്ട് അതിനു പിന്നാലെ വരുന്ന വാഹനങ്ങളും നിന്നു. ആർക്കും ഒന്നും മനസ്സിലാകുന്നില്ല. ഞാൻ അന്തംവിട്ടു നിൽക്കുകയാണ്. നോക്കുമ്പോൾ കുഞ്ഞുപ്രാവ് കാറിന്റെ അടിയിലേക്കാണ് നടന്നുനീങ്ങുന്നത്. പെൺകുട്ടി ഓടിച്ചെന്ന് അതിനെ അവിടെ നിന്ന് എടുത്ത് മെട്രോയുടെ ഫില്ലറിന് താഴെ ഭദ്രമായി വച്ചു. പിന്നെ ക്ഷണനേരംകൊണ്ട് ഓടിച്ചെന്ന് സ്കൂട്ടി സ്റ്റാർട്ടാക്കി കടന്നുപോയി!.
അതു കണ്ടുനിൽക്കുന്ന ഞാൻ ഉൾപ്പെടെ എല്ലാവർക്കും ആ നിമിഷം ആ പെൺകുട്ടിയെ അഭിനന്ദിക്കണമെന്ന് തോന്നിയിട്ടുണ്ടാകും തീർച്ച. പക്ഷേ അവൾ ആരുടെയും ഭംഗിവാക്കുകൾക്ക് കാത്തുനിന്നില്ല. ഹെൽമറ്റ് ഊരി ഇതു ഞാനാണെന്ന് വെളിപ്പെടുത്തിയില്ല. ഒരു സെൽഫി ക്കുള്ള സാധ്യത ആലോചിച്ചില്ല. സ്കൂട്ടിയുടെ നമ്പർ പോലും നോട്ട് ചെയ്യാനുള്ള സാവകാശം നൽകിയിരുന്നില്ല എന്നുള്ളതാണ് വസ്തുത.
ആ പെൺകുട്ടി ഇപ്പോഴും അതു വഴി കടന്നു പോകാറുണ്ടോ?, പോകുമ്പോൾ എപ്പോഴെങ്കിലും അന്നത്തെ സംഭവം ഓർക്കാറുണ്ടോ എന്നും നിശ്ചയമില്ല. പക്ഷേ ഞാൻ ഇപ്പോഴും ഇടയ്ക്ക് ഓർക്കാറുണ്ട്. അതു വഴി കടന്നു പോകുമ്പോൾ ഇത്ര തിരക്കേറിയ റോഡിൽ എന്തൊരു സാഹസമാണ് അവൾ കാണിച്ചതെന്ന് അത്ഭുതം കൂറാറുണ്ട്. സർവ്വചരാചരങ്ങളും ഭൂമിയുടെ അവകാശികളാണെന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ തത്വത്തെ കുറിച്ച് ചിന്തിക്കാറുണ്ട്.
നോക്കൂ, ഓരോ പ്രളയത്തിലും നമ്മൾ പലരെയും ഹീറോകളാക്കിയിട്ടുണ്ട്. ഒന്ന് ഉച്ചത്തിൽ സംസാരിച്ചാൽ സെലിബ്രിറ്റികളെ നമ്മൾ വൈറലാക്കാറുണ്ട്. രാഷ്ട്രീയക്കാരെ അനുയായികൾ ദൈവതുല്യരാക്കാറുണ്ട്. അതിലൊക്കെ ശരിയും തെറ്റുമുണ്ടാകാം. വാദങ്ങളും മറുവാദങ്ങളുണ്ടാകാം. പക്ഷേ, പ്രതിഫലമൊന്നും ഇച്ഛിക്കാതെ കൊച്ചു കൊച്ചു നന്മകൾ ചെയ്തു കടന്നു പോകുന്നവരാണ് യഥാർത്ഥത്തിൽ ലോകത്തെ ഇത്ര മനോഹരമാക്കി തീർക്കുന്നത് എന്നാണ് എന്റെ വിശ്വാസം!.
(വിപിൻ വട്ടോളി )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക