നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു പാതിരാക്കുര്‍ബാനയുടെ നേരത്ത്


ആ കാപ്പിത്തോട്ടത്തില്‍ ഇരുളിന്റെ മറവില്‍ അയാള്‍ പതുങ്ങി ഇരുന്നു.നല്ല തണുപ്പ്.ഒരു ചെറിയ കാറ്റ് വീശി.കാറ്റില്‍ കാപ്പി പൂക്കുന്നതിന്റെ ഗന്ധം.അയാള്‍ മഫ്ലര്‍ തല വഴി മൂടി.ദൂരെ നിന്ന് പള്ളി മണിയടിക്കുന്ന ശബ്ദം.രാത്രി പതിനൊന്നു കഴിഞ്ഞിരിക്കണം.അതൊരു ക്രിസ്തുമസ് രാത്രിയായിരുന്നു.

അല്പം കഴിഞ്ഞു ഒരു കാറിന്റെ ഹെഡ് ലൈറ്റ് റോഡില്‍ പതിഞ്ഞു. തോട്ടത്തിനുള്ളിലെ വലിയ ബംഗ്ലാവിലെ കാറ് ഗേറ്റ് കടന്നു റോഡിലേക്ക് കയറി.അയാള്‍ ഊഹിച്ചത് പോലെ അവര്‍ പാതിരാകുർബാനക്ക് പോവുകയാണ്.

കുറച്ചു ദിവസം മുൻപ് നഗരത്തിലെ കൂട്ടാളികളുമായി ക്രിസ്തുമസ് കരോള്‍ എന്ന വ്യാജേന അയാളുടെ സംഘം ആ പ്രദേശത്ത് വന്നിരുന്നു.ആ വീട്ടിലും കയറി.വലിയ തോട്ടത്തിന് നടുക്കാണ് ആ വീട്.അടുത്ത് മറ്റു വീടുകള്‍ ഇല്ല.പിന്നെ പകല്‍ പോലും വിജനമായ റോഡും.അന്ന് നോക്കി വച്ചതാണ് ഈ വീട്.

കാര്‍ കടന്നു പോയ ശേഷം അയാള്‍ വീടിന്റെ അരികിലേക്ക് നടന്നു.ആകാശത്ത് വാരി വിതറിയ നീല ബിന്ദുക്കള്‍ പോലെ നക്ഷത്രങ്ങള്‍ .അകലെ മലനിരകളില്‍ മിന്നുന്ന നക്ഷത്ര വിളക്കുകള്‍. കള്ളനു എന്ത് ക്രിസ്തുമസ് രാത്രി?പണം.അത് അതിവേഗം ഉണ്ടാക്കണം.എന്നിട്ട് ഈ പണി അവസാനിപ്പിക്കണം.പിന്നെ ഒരു അനിയത്തി ഉള്ളതിനെയും കൂട്ടി ദൂരെ എവിടെയെങ്കിലും പോയി ജീവിക്കണം.

എപ്പോഴാണ് പിടി വീഴുക എന്നറിയില്ല.രണ്ടു മാസം മുൻപ് അവര്‍ നഗരത്തിലെ ഒരു ജുവലറിയില്‍ കവര്ച്ച് നടത്തി.സെക്യൂരിറ്റി ജീവനക്കാരന്റെ തലക്കടിച്ചാണ് അയാള്‍ അന്ന് രക്ഷപെട്ടത്.പോലീസ് തിരയുന്നുണ്ട്.നാട് വിട്ടേ പറ്റൂ.

വീടിന്റെ മുറ്റത്തു ചമ്പക മരത്തിനു മുകളില്‍ തിളങ്ങുന്ന ചുവന്ന നക്ഷത്രം. അരികില്‍ പുൽക്കൂട്.അതില്‍ ശാന്തമായി ഉറങ്ങുന്ന ഉണ്ണിയേശു.ഒരു നിമിഷം അത് നോക്കി നിന്നു.

പതുക്കെ മുന്‍വശത്തെ ജനാലയില്‍ മെല്ലെ തട്ടി.അകത്തു ആരെങ്കിലും ഉണ്ടോ എന്ന് ഉറപ്പാക്കണം.അകത്തു ലൈറ്റ് തെളിഞ്ഞില്ല. പ്രതീകരണം ഒന്നുമില്ല.മിക്കവാറും ആരും ഉള്ളില്‍ ഉണ്ടാകില്ല.അല്ലെങ്കില്‍ ഉറക്കം ആയിരിക്കും.ഇനി അകത്തു കടക്കണം.അയാള്‍ അടുക്കള വശത്തേക്ക് നടന്നു.വാതില്‍ മെല്ലെ തള്ളി .ഭാഗ്യം പല വീടുകളിലെയും പോലെ ഇവരും അടുക്കളവാതില്‍ കുറ്റി ഇടാന്‍ മറന്നിരിക്കുന്നു.അയാള്‍ അകത്തു കടന്നു.

ടോർച്ചു മിന്നിച്ചു ചുറ്റും നോക്കി.മൂന്നു മുറികള്‍ താഴെ.വലിയ ബലമേറിയ കതകുകള്‍.അടുക്കളയുടെ അടുത്ത് അടഞ്ഞു കിടക്കുന്ന വര്ക്ക് ഏരിയ.ഹാളില്‍ നിറയെ സമ്പന്നതയുടെ അടയാളങ്ങള്‍.വില പിടിപ്പുള്ള ഫര്ണിച്ചര്‍.മേശപുറത്ത്‌ മധ്യവയസ്ക്കരായ ഒരു ദമ്പതികളുടെ ചിത്രം.വീട്ടുടമയും ഭാര്യയും എന്ന് തോന്നുന്നു.പിന്നെ വേറെ ഒരു പുരുഷന്റെ ഫോട്ടോ.അയാളെ എവിടെയോ കണ്ടു മറന്നത് പോലെ കള്ളന് തോന്നി.പക്ഷെ ആലോചിച്ചു നിൽക്കാന്‍ സമയമില്ല.

ഇനി മുറികളില്‍ കയറണം.അലമാരകള്‍ തുറക്കണം.അടുക്കള വാതില്‍ തുറന്നു കിടന്ന സ്ഥിതിക്ക് ,അലമാരയുടെ താക്കോലും ഇവിടെ കാണും.സ്ഥിരമായി അവ വീട്ടുകാര്‍ ഒളിപ്പിച്ചു വയ്ക്കുന്ന സ്ഥലങ്ങള്‍ ഒരു പ്രഫഷണല്‍ മോഷ്ടാവായ അയാൾക്ക് അറിയാമായിരുന്നു.

പെട്ടെന്ന് വര്‍ക്ക് ഏരിയയുടെ വാതില്‍ തുറക്കുന്ന ശബ്ദം.അയാള്ക്ക് ‌ ഒളിക്കാന്‍ സമയം കിട്ടിയില്ല. ഹാളില്‍ ലൈറ്റ് തെളിഞ്ഞു.അത് ഒരു കൊച്ചു പെൺകുട്ടിയായിരുന്നു!

സ്വെറ്റര്‍ പുതച്ച ഒരു പത്തു പതിമൂന്നു വയസ്സ് വരുന്ന ബാലിക.അവള്‍ അയാളെ കണ്ടു ഞെട്ടി നില്ക്കു കയാണ്.

“ശബ്ദമുണ്ടാക്കരുത് “.അയാള്‍ മുരണ്ടു.

അവള്‍ പേടിച്ചു തലയാട്ടി.

“ഇങ്ങടുത്തു വാ”

അവള്‍ മുടന്തിക്കൊണ്ട് കള്ളന്റെ അടുത്തേക്ക് ചെന്നു. ഒരു മുഷിഞ്ഞ പാവാടയും ബ്ളൗസുമായിരുന്നു അവൾ ധരിച്ചിരുന്നത്.പാറി കിടക്കുന്ന മുടിയിഴകള്‍.നിഷ്കളങ്കത തുളുമ്പുന്ന മിഴികള്‍.

‘നീയാരാ.ഇവിടെ നീ മാത്രമേ ഉള്ളോ" ?

“ഞാന്‍ ..ഞാന്‍ മാത്രേ ഉള്ളു..ഞാന്‍ ഇവിടെ വേലയ്ക്കു നിൽക്കുന്നതാ...”അവള്‍ വിക്കി.

“ഒച്ചയുണ്ടാക്കാതെ ഞാന്‍ പറയുന്നത് അനുസരിച്ചാല്‍ നിന്നെ ഉപദ്രവിക്കില്ല..എവിടെയാ അവര്‍ സ്വർണ്ണവും പൈസയുമൊക്കെ വയ്ക്കുന്നത്.?"

“എനിക്കറിയില്ല.അലമാരകള്‍ ആ അടഞ്ഞു കിടക്കുന്ന വലിയ മുറിയില്‍ ആണുള്ളത്.ആ മുറിയുടെ താക്കോല്‍ ഈശോയുടെ രൂപത്തിന് പുറകിലാ .”

“ഉം.ആ മുറിയുടെ താക്കോല്‍ ഇങ്ങെടുക്ക്‌.അലമാരയുടെ താക്കോല്‍ എവിടാ.”?.

അവള്‍ മുടന്തി കൊണ്ട് കര്ത്താവിന്റെ തിരുഹൃദയ രൂപത്തിന് നേര്‍ക്ക് നടന്നു.

“എന്താ നീ മാത്രം പള്ളിയില്‍ പോകാഞ്ഞത്‌?”

“ഞൊണ്ടിയായത്‌ കൊണ്ട് അവര് കൊണ്ട് പോയില്ല.” അവള്‍ താക്കോല്‍ എടുക്കാന്‍ ആയാസപ്പെട്ട് കൊണ്ട് പറഞ്ഞു

“നിന്നെ ഈ വീട്ടുകാര്‍ ഉപദ്രവിക്കുന്നുണ്ടല്ലേ”അയാള്‍ സഹതാപത്തോടെ ചോദിച്ചു.

അവള്‍ മൂളി.പിന്നെ ദീനതയോടെ അയാളെ നോക്കി.

“നിന്റെ പ്രായത്തില്‍ ഉള്ള ഒരു അനിയത്തി ഉണ്ടെനിക്ക് ..നിന്റെ വീട്ടില്‍ ആരൊക്കെ ഉണ്ട്?”അയാള്‍ ചോദിച്ചു.

“ആരുമില്ല.അച്ഛന്‍ മരിച്ചു .”

“ക്രിസ്തുമസ് ആയിട്ട് കേക്ക് ഒന്നുമില്ലേ..നല്ല വിശപ്പ്‌.”അയാള്‍ അവളോട്‌ പറഞ്ഞു.അവള്‍ അടുക്കളയിലേക്ക് ഞൊണ്ടി ഞൊണ്ടി നടക്കുന്നത് അയാള്‍ അലിവോടെ നോക്കി നിന്നു.

പിന്നെ അയാള്‍ മുറി തുറന്നു അകത്തു കയറി.അവള്‍ പറഞ്ഞത് പോലെ അലമാരയുണ്ട്.അതിനു മുകളില്‍ ഒരു കുടുംബചിത്രം.സ്വീകരണ മുറിയിലെ ദമ്പതികളുടെ ഒപ്പം ആ വേലക്കാരി പെണ്ണ്!അവള്‍ പറഞ്ഞത് പോലെ ആ വീട്ടുകാര്‍ ക്രൂരരാണെങ്കില്‍ ഈ ചിത്രം? അയാള്‍ അപകടം മണത്തു.പക്ഷെ അപ്പോഴേക്കും വൈകി പോയിരിന്നു.അയാളെ ഉള്ളിലാക്കി അവള്‍ പുറത്തു നിന്ന് വാതില്‍ അടച്ചു തഴുതിട്ടു!

അവള്‍ ജനാലക്ക്‌ അരികില്‍ എത്തി.കടലാസ്സില്‍ പൊതിഞ്ഞ കേക്ക് കഷണം അവള്‍ പടിയില്‍ വച്ചു.അവളുടെ ഭാവം മാറിയിരുന്നു.

ഇങ്ങനെ ഉള്ള സന്ദർഭങ്ങള്‍ സമചിത്തതോടെയെ നേരിടാന്‍ കഴിയൂ എന്ന് അനുഭവങ്ങള്‍ അയാളെ
പഠിപ്പിച്ചിരുന്നു.വീട്ടുകാര്‍ എത്തുന്നതിനു മുൻപ് ജനാലയോ കതകോ പൊളിച്ചു പുറത്തു കടക്കാന്‍ കഴിയില്ല എന്ന് അയാള്‍ അതിവേഗം കണക്കു കൂട്ടി.

“മോളെന്നെ പറ്റിച്ചു അല്ലെ...കതകു തുറക്ക്...നിന്നെ ഞാന്‍ ഉപദ്രവിച്ചില്ലലോ”.അയാള്‍ പുഞ്ചിരിച്ചു കൊണ്ട് അവളോട്‌ പറഞ്ഞു.

“ആരു പറഞ്ഞു ഉപദ്രവിച്ചില്ലെന്നു ...ഹാളിലെ മേശപുറത്ത്‌ ഇരിക്കുന്ന ഫോട്ടോ കണ്ടോ...പരിചയം തോന്നുനുണ്ടോ ..?” അവള്‍ അയാളോട് ചോദിച്ചു.

“ഇല്ല.”അയാള്‍ അമ്പരന്നു പറഞ്ഞു

“അതെന്റെ അപ്പയാ...രണ്ടു മാസം മുൻപ് നിങ്ങള്‍ ജുവലറി മോഷ്ടിക്കുന്നതിനിടയില്‍ തലയ്ക്കു അടിച്ചു കൊന്ന സെക്യൂരിറ്റി!!അവള്‍ ശാന്തമായി പറഞ്ഞു.

“ഈ വീട് ആ ജുവലറി ഉടമസ്ഥരുടെയാണ്.അപ്പ മരിച്ചതിനു ശേഷം അവര്‍ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നു.എന്നെ പൊന്ന് പോലെയാ അവര്‍ നോക്കുന്നതു.!”അവള്‍ തുടർന്നു .

അയാള്‍ ശിരസ്സ്‌ കുനിച്ചു. ദൂരെ പള്ളിയില്‍ നിന്നും പടക്കങ്ങള്‍ പൊട്ടുന്ന ശബ്ദം.

“ഹാപ്പി ക്രിസ്തുമസ്.ഉണ്ണീശോ പിറന്നു.കേക്ക് കഴിക്കുന്നില്ലേ?”അവള്‍ ചോദിച്ചു.

“ഹാപ്പി ക്രിസ്തുമസ്.” അയാള്‍ കേക്ക് എടുത്തു .അത് പൊതിഞ്ഞ കടലാസ് അപ്പോഴാണ് ശ്രദ്ധിച്ചത്.അത് അയാളുടെ രേഖാ ചിത്രമായിരുന്നു.!!!

“തലക്ക് അടി കിട്ടിയ ശേഷം കുറച്ചു ദിവസം അപ്പ ഹോസ്പിറ്റലില്‍ ആയിരുന്നു.അപ്പയുടെ അവസാന മൊഴികളും,ജുവലറിയിലെ ക്യാമറയില്‍ പതിഞ്ഞ നിങ്ങളുടെ ചിത്രങ്ങളും വച്ചാണ് ഈ പടം പോലീസ് വരച്ചത്.ക്രിസ്തമസ് കരോളിനോപ്പം നിങ്ങളെ ഞാന്‍ കണ്ടിരുന്നു.നിങ്ങള്‍ ഇവിടെ കയറുമെന്ന് എന്തോ എന്റെ മനസ്സ് പറഞ്ഞു.അത് കൊണ്ട് മനപ്പൂർവം ഞാന്‍ പള്ളിയില്‍ പോകാഞ്ഞതാ.”

“നീ ചെയ്തത് തന്നെയാണ് ശരി.ഞാന്‍ ശിക്ഷ അർഹിക്കുന്ന ആളാണ്‌.ഇന്നലെങ്കില്‍ നാളെ ദൈവ തിരുമുമ്പില്‍ ഞാന്‍ സമാധാനം പറയണം.ഒരു തരത്തില്‍ നീ എന്നെ രക്ഷിക്കുകയാണ് ചെയ്തത്.” അയാള്‍ പറഞ്ഞു.

കാറിന്റെ ശബ്ദം ദൂരെ അടുത്ത് എത്തുന്നത്‌ കേട്ടു.

അവള്‍ അയാളെ പൂട്ടിയിട്ട വാതില്‍ തുറന്നു.അയാള്‍ ഒന്നും മനസിലാകാതെ അവളെ നോക്കി.

“നിങ്ങള്‍ രക്ഷപെട്ടോ..നിങ്ങളെ പോലീസിന് പിടിച്ചു കൊടുക്കുന്നത് കൊണ്ട് എന്റെ അപ്പയെ എനിക്ക് കിട്ടില്ല.നിങ്ങളുടെ അനിയത്തിക്ക് പക്ഷെ ചേട്ടനെ നഷ്ടപെടും.ക്ഷമിക്കാനും സ്നേഹിക്കാനുമാ ക്രിസ്തുമസ് എന്ന് അപ്പ എന്നെ പഠിപ്പിച്ചിട്ടുണ്ട്.”

അയാള്‍ നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി.അവളുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു.

അയാള്‍ കാപ്പിമരങ്ങൾക്കിടയില്‍ മറയുന്നത് അവള്‍ നോക്കി നിന്നു.അപ്പോള്‍ ഇലത്തലപ്പുകളില്‍ ക്രിസ്തുമസ് നിലാവിന്റെ തണുത്ത സ്നേഹത്തുള്ളികള്‍ പ്രകാശിക്കുന്നുണ്ടായിരുന്നു.

(അവസാനിച്ചു)

Best of Nallezhuth - 

Written by Anish Francis

Suggested by July Vogt


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot