രാവിലെ കണ്ണുതുറക്കുമ്പോൾ അച്ഛൻ അടുത്തുതന്നെയുണ്ട്. ആ മുഖത്ത് എന്തോ ഒരു പേടി പരന്നിരിക്കുന്നത് അവൻ ശ്രദ്ധിച്ചു.
ഇന്നലെ ചെറിയൊരു വടിയെടുത്ത് അച്ഛൻ അവനെ തല്ലി. കുറുമ്പ് കൂടിയതിനു കിട്ടിയ ചെറിയ ശിക്ഷ. അച്ഛൻ തല്ലുന്ന പതിവില്ല. ദേഷ്യം വന്നാലും "ഉണ്ണികുട്ടാ, ഈ കുറുമ്പു വേണ്ട. അച്ഛന് ദേഷ്യം വരും." എന്നൊരു വാക്കു മാത്രം. അച്ഛന്റെ ദേഷ്യത്തിനും ഒരു സ്നേഹത്തിന്റെ മധുരമാണ്.
അമ്മ അച്ഛനെ എപ്പോഴും ശക്കാരിക്കും, "നിങ്ങളാണ് ഇവനെ വഷളാക്കുന്നത്. എന്തു കുരുത്തക്കേട് കാണിച്ചാലും കൊഞ്ചിക്കും. ഞാൻ ചെയ്യുന്നതിനെല്ലാം എപ്പോഴും കുറ്റം മാത്രം. കണ്ടാൽ തോന്നും നിങ്ങളാണ് അവനെ പെറ്റതെന്ന് ."
"ഉണ്ണിക്കുട്ടൻ കുഞ്ഞല്ലേ? ഇപ്പോഴല്ലേ അവൻ കുറുമ്പ് കാണിക്കേണ്ടത്. അതുപോലെയാണോ നീ." അച്ഛന്റെ സ്ഥിരം മറുപടി.
എങ്കിലും പതിവില്ലാതെ അച്ഛൻ തല്ലിയപ്പോൾ അവൻ പിണങ്ങി. അമ്മ എത്ര പറഞ്ഞിട്ടും, ജോലിക്കു പോയപ്പോൾ അച്ഛന് റ്റാറ്റ പറഞ്ഞില്ല. ദേഷ്യമുണ്ടായിട്ടല്ല. അച്ഛൻ തല്ലിയില്ലേ. അത് അവന് സഹിക്കാൻ കഴിയാത്ത വിഷമമായിരുന്നു. അമ്മ എപ്പോഴും ഈർക്കിലി പ്രയോഗം നടത്താറുണ്ട്. അതിന് ഒരു ഉറുമ്പ് കടിച്ചതിനപ്പുറം വേദനയൊന്നും അവന് തോന്നാറില്ല.
"എന്നാലും കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാമായിരുന്നു." അച്ഛൻ വിഷമിച്ചു പോകുന്നതു കണ്ടപ്പോൾ അവൻ മനസ്സിൽ പറഞ്ഞു.
കൂട്ടുകാരോടൊത്തു കളിച്ചു നടന്നപ്പോൾ അതെല്ലാം മറന്നിരുന്നതാണ്. അച്ഛന്റെ വിഷമിച്ചിരിക്കുന്ന മുഖം ഇന്നലത്തെ കഥയെല്ലാം വീണ്ടും ഓർമ്മിപ്പിച്ചു. അച്ഛന്റെ വിരലുകൾ അവന്റെ മുടിയിഴകളെ തലോടി. അവന് എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി.
"പാവം അച്ഛൻ. പിണങ്ങേണ്ടായിരുന്നു. കുറുമ്പു കാണിച്ചിട്ടല്ലേ അച്ഛൻ തല്ലിയത്. ഈ പനിയൊന്നു മാറട്ടെ. അച്ഛന്റെ തോളത്തിരുന്ന്, ഈ നാടു മുഴുവൻ ചുറ്റി തിരിയണം. അങ്ങനെയുള്ള യാത്രയിലാണ് നിറയെ വെള്ളമുള്ള കുളങ്ങളും, ഭംഗിയുള്ള പൂക്കളും ശലഭങ്ങളുമെല്ലാം അവന്റെ സന്തോഷമായത്.
ഇന്നലെ കളിയെല്ലാം കഴിഞ്ഞു മടങ്ങിയപ്പോൾ തുടങ്ങിയ പനിയാണ്. അമ്മ രണ്ടു വീടിനപ്പുറത്തുള്ള വലിയ വീട്ടിൽ പോയി പനിയുടെ വിവരം ഫോണിൽ അച്ഛനെ അറിയിച്ചു. ഈ നാട്ടിൽ അവിടെ മാത്രമേ ഫോണുള്ളൂ.
അമ്മ ഫോൺ ചെയ്തു മടങ്ങിയെത്തി. അരമണിക്കൂർ കഴിഞ്ഞപ്പോൾ അച്ഛൻ അവന്റെ അടുത്തെത്തി. എങ്ങനെയാണ് അച്ഛൻ ഇത്രവേഗം പറന്നെത്തിയത്. അതും സൈക്കിളിൽ.
"ഉണ്ണിക്കുട്ടനെവിടെ? പനി കൂടുതലുണ്ടോ?"മുറിയിലേക്ക് കടക്കും മുൻപേ അച്ഛൻ അമ്മയോട് ചോദിക്കുന്നത് അവൻ നേരിയ മയക്കത്തിലും കേട്ടു.
അവന്റ നെറ്റിയിൽ അമ്മ ഒരു നനഞ്ഞ തുണി ഇട്ടിരുന്നു. അമ്മ മരുന്നും കഴിപ്പിച്ചിരുന്നു.
അച്ഛൻ ഓടിവന്ന് അവൻ കിടക്കുന്ന കട്ടിലിൽ ഇരുന്നു. അവൻ കണ്ണു തുറന്നുനോക്കി. അച്ഛന്റെ കണ്ണു നിറഞ്ഞിരുന്നു. അച്ഛൻ കരയുന്നത് ഇതിനുമുൻപ് കണ്ടിട്ടില്ല. എന്തിനാണ് അച്ഛൻ കരയുന്നത്. അവനു മനസിലായില്ല.
"കുഴപ്പമൊന്നുമില്ല. പനിക്ക് കുറവുണ്ട്." അമ്മ അച്ഛനോട് പറയുന്നത് അവൻ കേട്ടു.
അപ്പോൾ കൂടെയിരുന്നതാണ് അച്ഛൻ. ഇതുവരെ അടുത്തു നിന്നു മാറിട്ടില്ല. പാവം അച്ഛൻ. ഇന്നലെ പിണങ്ങേണ്ടായിരുന്നു. അവൻ അച്ഛന്റെ മുഖത്തേക്കു നോക്കി.
കരഞ്ഞു കലങ്ങിയ കണ്ണുകൾ അവനെ അസ്വസ്ഥമാക്കി.
അമ്മയും അടുത്തേക്കു വന്നു.
"നിങ്ങൾക്കെന്താ പറ്റിയത്. അവനൊരു പനി വന്നതല്ലേയുള്ളൂ. കുട്ടികാലത്ത് ഇതൊക്കെ ഒരു പതിവുള്ളതല്ലേ?" അമ്മ ചോദിച്ചു.
"ഇന്നലെ ജോലിസ്ഥലത്ത് പത്രത്തിൽ ഒരു വാർത്ത കണ്ടു. ഒരു കുട്ടി മരിച്ച വാർത്ത. ഒരു പനി വന്നിട്ട്. ആശുപത്രിയിൽ എത്തും മുൻപേ മരിച്ചു." അച്ഛൻ അതു പറയുമ്പോൾ രണ്ടു തുളളി കണ്ണുനീർ അവന്റ നെറ്റിയിലെ തുണിയിലേക്ക് അടർന്നു വീണു. "
ആ കണ്ണുനീരിന് ഏതു പനിയും അകറ്റാനുള്ള ശക്തിയുണ്ടായിരുന്നു.
വാതിൽ തുറന്ന് നേഴ്‌സ് മുറിയിലേക്ക് വരുന്ന ശബ്ദം കേട്ടാണ് അയാൾ പഴയ ഓർമ്മകളിൽ നിന്ന് ഉണർന്നത്.
"എന്താ സ്വപ്നം കണ്ടിരിക്കുകയാണോ? അച്ഛനെ നാളെ ഡിസ്ചാർജ് ചെയ്യാം. പനിയും മാറിയിട്ടുണ്ട്. ഇനി വീട്ടിൽ പോയി വിശ്രമിച്ചാൽ മതി."
ആശുപത്രിയിലെ കട്ടിലിൽ അല്പം നിവർന്നിരുന്ന് അച്ഛൻ ചോദിച്ചു,"നിനക്കു ജോലിക്കു പോകണ്ടേ? ഇന്നും ലീവാണോ? എനിക്കൊന്നുമില്ല കുട്ടാ. പകൽ കൂട്ടിരിക്കാൻ നിന്റെ അമ്മയുണ്ടല്ലോ? "
അച്ഛന്റെ വാക്കുകളിൽ ഇപ്പോഴും അതെ വാത്സല്യം. പഴയ ഉണ്ണിക്കുട്ടനെ തോളത്തിരുത്തി നടന്ന വാത്സല്യം.
----------------------------------------------------
--- സിരാജ് ശാരംഗപാണി
----------------------------------------------------
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക