നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ലങ്കയിലെ ഭാർഗവീനിലയം


ഇത്തവണ ഒരു പേടിപ്പിക്കുന്ന കഥയുമായി ആണ് വന്നിരിക്കുന്നത്.. ജസ്റ്റ് ഫോർ ഹൊറർ !

പൊതുവേ ഏതൊരു ശരാശരി മലയാളി കുടുംബത്തിന്റെയും ഒരു സ്വകാര്യ സ്വപ്നം ആണല്ലോ ഇന്റർനാഷണൽ ടൂർ എന്നത്. ഞങ്ങളും ആരും അറിയാതെ അങ്ങനെ ഒരു മോഹം കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയിരുന്നു.കല്യാണം കഴിഞ്ഞ കാലത്ത് ഉള്ള സ്വപ്നങ്ങളിൽ പിങ്ക്‌ സാരി ഉടുത്ത് മഞ്ഞിൽ ഡാൻസ് കളിക്കുന്ന ഭാര്യയും ഫുൾ കോട്ട് സൂട്ട് ഒക്കെ ഇട്ട് ഷാരുഖ് ഖാനെ പോലെ കൈ വിരിച്ചു നിൽക്കുന്ന ഭർത്താവും ഒക്കെ ആയിരുന്നു . അത് നടക്കാതെ ആയപ്പോൾ നമ്മൾ സ്വപ്നം ഒന്ന് പരിഷ്കരിച്ചു.ഭാര്യ , ഭർത്താവ് , കുട്ടികൾ എന്ന രീതിയിൽ അടിച്ചു പൊളിക്കുന്ന ജയറാം പാട്ടുകൾ ഒക്കെ സ്വപ്നത്തില് ഫിറ്റ് ചെയ്ത് കാത്തിരിപ്പ് ആയി.

പക്ഷേ എത്ര കണക്കുകൾ കൂട്ടിയിട്ടും യാത്ര യാഥാർഥ്യം ആയത് പതിനാലാം കല്യാണ വാർഷികത്തിന് അടുപ്പിച്ച് ആണ് . അപ്പോഴേക്കും രണ്ടിന് പകരം ടിക്കറ്റ് നാലെണ്ണം വേണം എന്ന സ്ഥിതി ആയി. സ്വാഭാവികം !!!

എന്റെ പ്രിയനും "മെയ്ക് മൈ ട്രിപ്പ് " എന്ന ബുക്കിംഗ് സൈറ്റും തമ്മിൽ ഉള്ള ഗഹനമായ കണക്ക് കൂട്ടൽ കുറയ്ക്കൽ ഒക്കെ കഴിഞ്ഞ് വന്നപ്പോ ഞങ്ങളെ സ്വീകരിക്കാൻ ഉള്ള നറുക്ക് വീണത് ശ്രീലങ്ക എന്ന നമ്മുടെ അയൽവാസി ക്ക് ആണ്.ഞാനും മക്കളും യൂറോപ്പ് സ്വപ്നം തകർന്നതിൽ ഒന്ന് വിഷമിച്ചെങ്ങിലും മൊത്തം പരിപാടി തന്നെ "ഖുദാ ഗവ" ആവുന്നതിലും നല്ലത് ആണല്ലോ എന്ന് ഓർത്ത് കയ്യടിച്ച് പാസ്സാക്കി. അങ്ങനെ ഒടുവിൽ ഷാരുഖ് ഖാൻ തോറ്റു.എക്കണോമിക്സ് ജയിച്ചു.

2016 ജനുവരിയിൽ ആണ് രാവണന്റെ എയർപോർട്ടിൽ ചെന്ന്ഇറങ്ങിയത്.ഫ്ലൈറ്റിൽ നിന്ന് കണ്ട കാഴ്ചകൾ എല്ലാ വിഷമങ്ങളും മാറ്റി.. അതീവ സുന്ദരമായ കാഴ്ചകൾ ആണ് കാത്തിരിക്കുന്നത് .നേരത്തെ തന്നെ കൺട്രി ക്ലബ് പാക്കേജ് വഴി ഹോട്ടൽ ബുക്കിംഗ് ഒക്കെ റെഡി ആക്കി വച്ചിരുന്നു. കുട്ടിയും പെട്ടിയും ഒക്കെ ആയി പുറത്ത് എത്തിയപ്പോൾ ഒരു ലങ്കൻ സഹോദരൻ കാത്തു നിൽപ്പുണ്ട് . ആളിനെ കണ്ടാൽ നമ്മുടെ തമിഴ് നടൻ വിജയകാന്തിനെ ഒക്കെ പോലെ ഉണ്ട്.പ്രായം അത്ര ഇല്ല കേട്ടോ. പക്ഷേ ലൂക്ക് അതാണ്.ഞങ്ങളെ കണ്ട ഉടനെ " വാങ്ക അണ്ണാ, അക്കാ " എന്നൊക്കെ പറഞ്ഞു ഉള്ളതിൽ ഒരു ചെറിയ പെട്ടിയും വാങ്ങി നടപ്പായി.ഒരു തമിഴ് മലയാളം ഭാഷ സഹായി കൂടെ എടുക്കാമായിരുന്നു എന്ന് മൂത്ത മകൾ എന്നോട്. " നീ പേടിക്കണ്ട , അച്ഛനും അമ്മക്കും തമിഴ് ഒക്കെ നന്നായി തെരിയും " എന്ന് ഞാൻ.അവള് എന്നെ നോക്കി അഭിമാനത്തോടെ പുഞ്ചിരിച്ചു. ഞാൻ " ഇതൊക്കെ എന്ത് " എന്ന ഭാവത്തിൽ വണ്ടിയെ ലക്ഷ്യമാക്കി നടന്നു.

വണ്ടി കണ്ടപ്പോൾ തന്നെ ഞാനും എന്റെ പ്രിയനും ഒന്ന് പരസ്പരം നോക്കി.നമ്മുടെ പഴയ പടങ്ങളിലെ തട്ടി കൊണ്ട് പോകൽ സ്പെഷലിസ്റ്റ് ആയ മാരുതി ഓമ്നി.അതും അവിടെ അവിടെ പെയ്ൻറ് ഒക്കെപോയ ഒരു പഴഞ്ചൻ വണ്ടി. വിജയകാന്ത് അണ്ണൻ അഭിമാനത്തോടെ ഡോർ ഒക്കെ തുറന്ന് പിടിച്ചിട്ടുണ്ട്. പുള്ളി ഓടിക്കുന്ന ഏറ്റവും ഹൈ ക്ലാസ്സ് വാഹനം ഇതായിരിക്കണം .ഭർത്താവ് " ഞങ്ങൾക്ക് പോകേണ്ട അഡ്രസ്സ് ഇതാണ് " എന്ന് ഒന്ന് കൂടി ഉറപ്പിച്ച ശേഷം ആണ് വണ്ടിയിൽ കയറിയത്.

യാത്ര തുടങ്ങി .നമ്മുടെ ഡ്രൈവർ പെട്ടന്ന് ഒഫീഷ്യൽ ടൂർ പ്രമോട്ടർ ആയി മാറി.. ആ നാട്, അവിടത്തെ കാഴ്ചകൾ, ആളുകളുടെ രീതികൾ ഒക്കെ കുറിച്ച് പുള്ളി ഒരു പ്രഭാഷണം നടത്തി. എല്ലാം കേട്ട് കഴിഞ്ഞപ്പോ ഇതൊക്കെ എങ്ങനെ കറങ്ങി തീർക്കും എന്നായി നമ്മുടെ ചിന്ത.ഓരോ ഇടത്തിനെക്കുറിച്ചും അത്ര നല്ല വിവരണം .കേരളത്തെ കുറിച്ചൊക്കെ ഭയങ്കര അഭിപ്രായം അയാൾക്ക്. ഇതൊക്കെ കേട്ട് കോരിത്തരിച്ച എന്റെ ഭർത്താവ് അയാളോട് " ഇന്ത്യയിലേക്ക് വന്നിട്ടുണ്ടോ? ഏത് എയർപോർട്ട് ആണ് ഇവിടെ നിന്ന് അടുത്ത്? "

ഉടനെ നമ്മുടെ വിജയകാന്ത് " എന്ന അണ്ണാ നീങ്ക ? അതോ അങ്ക പാരുംഗ..." എന്ന് പറഞ്ഞു കൈ ദൂരേക്ക് ചൂണ്ടി.. ഞങ്ങളൊക്കെ അവിടെ നിന്ന് ചാടി അങ്ങു നീന്തും . പന്ത്രണ്ട് കിലോമീറ്റർ അല്ലേ ഉള്ളൂ.എന്തിനാ എയർപോർട്ട് ??.. ഇവിടെ എത്താൻ വേണ്ടി ഫ്ലൈറ്റ് ഇന്റെ ടിക്കറ്റ് കാശും കളഞ്ഞു ഓൺ അറൈവൽ വീസായും ഒക്കെ എടുത്ത് എത്തിയ ഞങ്ങളെ അയാള് ഒന്ന് കളിയാക്കിയില്ലെ എന്നൊരു സംശയം .എന്തായാലും ഞങൾ പിന്നെ അയാളോട് കൂടുതൽ ക്വിസ് ഒന്നും നടത്തിയില്ല.വെറുതെ എന്തിനാ ഓരോ...

ഇതിനൊക്കെ ഇടയിൽ നമ്മുടെ കിഡ്നാപിങ് വാഹനം രാവണൻ, കുംഭകർണൻ , ശൂർപ്പണഖ തുടങ്ങിയവരുടെ ഒക്കെ വീടുകൾ കടന്നു ഓടി കൊണ്ടിരുന്നു.നഗര പരിധി ഒക്കെ അവസാനിച്ചു തുടങ്ങി. അശോക വനം എത്താറായി എന്നൊക്കെ എനിക്ക് തോന്നൽ . ഹസ്ബന്റ് പയ്യെ ചോദിച്ചു " ഇനിയും എത്ര ദൂരമുണ്ട്?" ഡ്രൈവർ " 5 നിമിഷം സാർ " സമാധാനം.ഇതിൽ ഇരുന്ന് ചാടി ചാടി വന്ന ക്ഷീണം ഒന്ന് തീർക്കണം.നന്നായി ഉറങ്ങണം.ഇന്ന് ഫുൾ റെസ്റ്റ് ..

നഗര പരിധി ഒക്കെ വിട്ടു ഇപ്പൊ നമ്മൾ ഒരു ഒഴിഞ്ഞ സ്ഥലത്ത് കൂടി ആണ് പോകുന്നത്.ഒരു കുത്തനെ ഉള്ള കയറ്റം കയറി കൊണ്ടിരിക്കുന്നു. ആകെ പൊട്ടി പൊളിഞ്ഞ റോഡ്.ഇയ്യാൾ നമ്മളെ തന്നെ വിളിക്കാൻ വന്നത് ആണോ? വല്ല തീവ്രവാദി ബാച്ച് നും പകരം നമ്മൾ വന്നു കയറിയത് ആണോ? ഞാൻ തലയിൽ കെട്ടിയിരിക്കുന്ന ഹെയർ ബാൻഡ് കണ്ട് ഫൂലൻ ദേവി ആണെന്ന് വിജാരിച്ച് കാണുമോ? ഗൂഗിൾ മാപ് ഒന്നും അത്ര പ്രചാരത്തിൽ ഉള്ള കാലമല്ല.ഇപ്പൊൾ ആണേൽ നമുക്ക് അങ്ങനെ ഒക്കെ നോക്കാം.എന്തായാലും വരുന്നിടത്ത് വച്ച് കാണാം എന്ന് ഞാൻ മനസ്സിൽ ഓർത്തു.

കുറച്ച് മുന്നോട്ട് പോയപ്പോൾ ഹോട്ടലിന്റെ ബോർഡ് കണ്ട് തുടങ്ങി. കയറ്റം കയറി മുകളിൽ എത്തിയപ്പോ ഹോട്ടലും കാണാം. അതി വിശാലമായ ഒരു വലിയ മുറ്റം അതിന്റെ ഒത്ത നടുക്ക് ഒരു ഇളം പച്ച നിറമുള്ള പഴയ ഇരുനില കെട്ടിടം.പത്തിരുപത് മുറികൾ ഉണ്ടെന്ന് തോന്നും പുറത്ത് നിന്ന് നോക്കുമ്പോൾ. മേൽക്കൂരയും തൂണുകളും ഒക്കെ നല്ല ചിത്ര പണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. എല്ലാം മാറാല പിടിച്ചു കിടക്കുന്നത് കൊണ്ട് സൂക്ഷിച്ച് നോക്കണം . അവിടെ എത്തിയ ഉടനെ ബാഗും പെട്ടികളും എല്ലാം ഇറക്കി വച്ച് പൈസയും വാങ്ങി ഡ്രൈവർ സ്ഥലം വിട്ടു. ഒരു രാജകീയ റിസപ്ഷൻ പ്രതീക്ഷിച്ച് അകത്തേക്ക് കയറിയ ഞങ്ങളെ അവിടെ ഒരു വൃദ്ധൻ ആണ് സ്വീകരിച്ചത്. നരച്ച മുടിയും താടിയും ഉള്ള ഒരു ചെറിയ മനുഷ്യൻ. " വരൂ.. റൂം കാണിച്ചു തരാം.. ഇവിടെ ഞാൻ മാത്രമേ ഉള്ളൂ സ്റ്റാഫ് ആയി.. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി " എന്നും പറഞ്ഞു ഒറ്റ നടത്തം. മൊത്തത്തിൽ ഒരു മയമല്ലാത്ത രീതി. അപ്പോഴേക്കും സമയം സന്ധ്യ ആയി കഴിഞ്ഞു . നേരം ഇരുട്ടി തുടങ്ങി.

മുറിയിൽ എത്തിയപ്പോ അതിന്റെ വലിപ്പം കണ്ട് ഞങൾ ഒന്ന് അന്തം വിട്ടു.കിടക്കാൻ വലിയ കിംഗ് സൈസിൽ കട്ടിൽ മാത്രമല്ല , ഡ്രസ്സിംഗ് റൂം, വലിയ ഒരു ബാൽക്കണി ഒക്കെ ഉള്ള ഒരു റോയൽ സ്യൂട്ട് തന്നെ ആയിരുന്നു അത്. മൊത്തത്തിൽ ഒരു പൊടി മണം ഉണ്ടെന്ന് മാത്രം .മുറിയുടെ രണ്ട് വശങ്ങളിലും ഫ്രഞ്ച് വിൻഡോകൾ ആണ്. അതിലൂടെനോക്കിയാൽ കാണുന്നത് ഇൗ കെട്ടിടത്തിന്റെ ചുറ്റിലും വളർന്നു പടർന്നു നിൽക്കുന്ന വലിയ മരങ്ങൾ മാത്രം.. ഒരു വീടോ കെട്ടിടമോ ഒന്നും കാഴ്ചയിൽ വന്നില്ല.. ഇത് ഒരു ലങ്കൻ ഭാർഗവി നിലയം ആണെന്ന് എനിക്ക് തോന്നി തുടങ്ങി.

വിജയ കാന്തിന്റെ ഓമ്നി ഒരു ത്രെഡ് മില്ലിന്റെ ജോലി നന്നായി ചെയ്ത കാരണം നല്ല വിശപ്പ് എല്ലാവർക്കും. റെസ്റ്റോറന്റ് ഒന്നും ഉള്ള ലക്ഷണം ഇല്ല. എന്തായാലും അയാളോട് ചോദിക്കുക തന്നെ.ഭക്ഷണ കാര്യം പറഞ്ഞപ്പോ നമ്മുടെ ഓൾഡ് മാൻ പെട്ടന്ന് ആക്റ്റീവ് ആയി. "എന്താണ് വേണ്ടത് എന്ന് പറഞ്ഞാല് മതി സർ. ഇന്ന് ഇവിടെ നിങ്ങള് മാത്രമേ ഉള്ളൂ ഗസ്‌റ്റുകൾ .അത് കൊണ്ട് നിങൾ പറയുന്നത് ഇനി വേണം ഉണ്ടാക്കാൻ " അയാള് പിന്നേം എന്തൊക്കെയോ പറഞ്ഞു കൊണ്ടേ ഇരുന്നു.. എന്റെ കാതിൽ ഒരു ഡയലോഗ് മാത്രം മുഴങ്ങി കേട്ടു " ഇന്ന് ഇവിടെ നിങൾ മാത്രം ആണ് ഗസ്റ്റുകൾ .." അപ്പോ ഇൗ മൊത്തം ഭീകര ബംഗ്ലാവിൽ ഞാൻ മണിച്ചിത്രത്താഴിലെ ശോഭന ആണെന്നോ?? ഓകെ.. രണ്ട് പിള്ളേർ എക്സ്ട്രാ ഉണ്ട് ..അത് പിന്നെ എക്സ്ട്രാ ആർട്ടിസ്റ്റുകളു ആണല്ലോ ..

ചിന്തയിൽ നിന്ന് ഉണർന്നപ്പോൾ ഭർത്താവ് " ഞാൻ അയാളോട് ഓരോ ഡബിൾ ഓംലെറ്റ് ഉണ്ടാക്കി കൊണ്ട് വരാൻ പറഞ്ഞു. ബ്രെഡും ഉണ്ടത്രെ . ഇവിടത്തെ ലോക്കൽ ഫുഡ് ഒന്നും എന്തായാലും ഇവിടെ നിന്ന് കഴിക്കണ്ട.ഇൗ രാത്രി ഇപ്പൊ എന്തായാലും ഒരുപാട് ഇരുട്ടി.നമുക്ക് അതിരാവിലെ വേറെ എങ്ങോട്ടെങ്കിലും മാറാം" എന്നിട്ട് പുള്ളി ലാപ്ടോപ് എടുത്ത് വേറെ സ്ഥലം അന്വേഷിച്ചു തുടങ്ങി .

ഞാൻ പോയി കട്ടിലിന്റെ അറ്റത്ത് പോയി ഇരുന്നു . പുറത്ത് നല്ല കുറ്റാ കൂരിരുട്ട്. ജനലിന്റെറെഅടുത്ത് പോയി നിൽക്കാൻ പോലും പേടി തോന്നുന്നു.. എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കാം പുറത്ത് നിന്ന് . ലങ്കയിലെ ചീവീടിന് പോലും ഒരു അസുര ഭാവം ആണോ? ഫുൾ റെസ്റ്റ് എടുക്കണം എന്നും പറഞ്ഞു വന്ന ഞാൻ ജനലിൽ കൂടി വരാൻ പോകുന്ന നാഗ വല്ലിയെയും വെയിറ്റ് ചെയ്ത് ഇരുന്നു നേരം വെളുപ്പിച്ചു എന്ന് പറഞ്ഞാല് എല്ലാം കഴിഞ്ഞു.

പറഞ്ഞ പോലെ പിറ്റേന്ന് അതിരാവിലെ ഞങൾ അവിടെ നിന്ന് മറ്റൊരു സുന്ദരമായ ഒരു ഹോട്ടലിലേക്ക് താമസം മാറ്റി. സത്യം പറഞ്ഞാല് രാവിലെ ആയപ്പോൾ ആണ് അവിടെ ഉള്ള ഓൾഡ് മാൻ ഒരു യഥാർത്ഥ മനുഷ്യൻ ആണെന്ന് ഞാൻ വിശ്വസിച്ചത്.

ഗുണ പാഠം _ പിന്നീട് ഇത് വരെ ഹോട്ടലിന്റെ പടങ്ങൾ പല സൈറ്റുകളിലും തപ്പി ഉറപ്പിച്ച ശേഷം മാത്രമേ ഞങൾ ഹോട്ടൽ ബുക്കിംഗ് ചെയ്തിട്ടുള്ളൂ ... പറ്റിയാൽ ഒന്ന് പോയി നോക്കും .. അതല്ലേ നല്ലത്?

തുടക്കം ഹൊറർ സ്റ്റോറി ആയിരുന്നെങ്കിലും ഞങ്ങടെ ആദ്യത്തെ ഇന്റർനാഷണൽ ഫാമിലി ടൂർ പിന്നീട് പ്രിയ ദർശൻ സിനിമ പോലെ കളർ ഫുൾ ആയിരുന്നു കേട്ടോ...

ശുഭം ..

ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ ..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot