Showing posts with label ResmiGopakumar. Show all posts
Showing posts with label ResmiGopakumar. Show all posts

പടവുകൾക്കപ്പുറം.

Image may contain: 1 person, smiling, eyeglasses and outdoor
വാക്ക് വേ യിൽ കൂടി അലസമായങ്ങനെ നടന്നുവരുമ്പോഴായിരുന്നു ആകാശം മൊത്തം ഇരുണ്ടുകൂടിയത്. മഴ ഇപ്പൊ പെയ്യും എന്ന മട്ടിൽ കാറ്റ് ശക്തിയിൽ വീശാൻ തുടങ്ങി. ഒരു പത്തു പതിനഞ്ചു മിനിറ്റ് നടക്കാവുന്ന ദൂരമേ വീട്ടിലേക്കുള്ളൂവെങ്കിലും, അതിനുള്ളിൽ തന്നെ ചെറുതായി മഴ പെയ്യാൻ തുടങ്ങി. കുറച്ചു കാലം മുമ്പായിരുന്നെങ്കിൽ, മഴയെക്കാൾ മുൻപ് വീട്ടിലെത്തുമായിരുന്നു. ഇപ്പൊ ആ പ്രായമൊക്കെ കഴിഞ്ഞു. കൊളസ്‌ട്രോൾ കാരണം വേഗത്തിൽ നടന്നാൽ അപ്പൊ കിതക്കാൻ തുടങ്ങും. പിന്നെ ഒരടി മുന്നോട്ടു നടക്കാൻ പറ്റില്ല. എന്തായാലും നനയുന്നെങ്കിൽ നനയട്ടെ എന്ന് കരുതി പതുക്കെ നടന്നു. സാരിത്തലപ്പ്‌ തലയിലേക്ക് പിടിച്ചിട്ടു. വല്ല ഓട്ടോയും കാണുകയാണെങ്കിൽ ഒന്ന് കൈ കാണിച്ചു നോക്കാം. അല്ലെങ്കിലും ഈ ചെറിയ ദൂരത്തേക്ക് ഓട്ടോക്കാരാരും വരില്ല. പോരാത്തതിന് മഴ കനക്കാനും തുടങ്ങിയിരിക്കുന്നു. എതിരെ വരുന്ന പലരും സൂക്ഷിച്ചു നോക്കി പോവുന്നുണ്ട്. അവര് വിചാരിക്കുന്നുണ്ടാകും, ഇവരെന്താ മഴ നനഞ്ഞു നടക്കാൻ കൊച്ചു കുട്ടിയാണോന്ന്? അവരോടു വിശദമായി പറഞ്ഞുകൊടുക്കണമെന്നുണ്ട്.
"അങ്ങനെയല്ല. പെട്ടെന്ന് മഴ പെയ്തു. വേഗത്തിൽ നടക്കാൻ വായ്യാത്തതുകൊണ്ടാണ് പതുക്കെ നടക്കുന്നത്. തലയിൽ അധികസമയം വെള്ളം നിന്നാൽ പെട്ടെന്ന് പനി വരുന്ന ഒരാളാണ് ഞാൻ. ഏതു സിറ്റിയിലായാലും കുളി കഴിഞ്ഞാൽ രാസ്നാദി പൊടി നിറുകയിൽ ഇടുന്ന പതിവുണ്ട്.
പക്ഷെ.,
ഒന്നും കേൾക്കാൻ ആർക്കും സമയമില്ലാത്തതിനാൽ ഇതൊക്കെ രമ മനസ്സിൽ പറഞ്ഞു നടന്നുകൊണ്ടിരുന്നു.
വഴിയോരക്കച്ചവടക്കാർ വസ്ത്രങ്ങളും മറ്റും കെട്ടിപ്പെറുക്കി വേഗത്തിൽ എങ്ങോട്ടോ പോവുന്നു. മഴ അവരുടെ ഇന്നത്തെ കച്ചവടം പൂട്ടിക്കെട്ടി. അച്ഛൻ വരുന്നതും കാത്തിരിക്കുന്ന കുഞ്ഞിക്കണ്ണുകൾ രമയുടെ മനസ്സിലേക്കോടിയെത്തി. അച്ഛനെയും പ്രതീക്ഷിച്ചിരിക്കുന്ന ആ കുട്ടികൾക്ക് മിട്ടായി വാങ്ങിക്കൊടുക്കാൻ അയാൾക്കു സാധിക്കുമോ ആവോ? അങ്ങനെ എത്രയെത്ര ബാല്യങ്ങൾ.
കപ്പലണ്ടിക്കച്ചവടക്കാരൻ ഉന്തുവണ്ടിയുമായി പതിവിലും ഉച്ചത്തിൽ ചട്ടിയിൽ തട്ടി ശബ്ദമുണ്ടാക്കി വേഗം വേഗം നടക്കുന്നു. സ്കൂട്ടർ യാത്രക്കാർ സ്പീഡ് വളരെ കൂട്ടുന്നു. അല്ലെങ്കിലും അവർക്കു സ്പീഡ് കൂടുതലാണ്. റോഡിൽ കൂടി നടക്കാൻ തന്നെ പേടിക്കണം.
ആളുകളുടെ നടത്തത്തിന്റെ വേഗത കണ്ടപ്പോൾ തന്നെ ഇടിച്ചു മറിച്ചിടുമോ എന്നുവരെ രമ സംശയിച്ചു.
അങ്ങനെ വീണാൽ ബാലേട്ടൻ എങ്ങനെ അതറിയും? ആരറിയിക്കും?
ഒരുപക്ഷെ വീണാൽ, എഴുന്നേൽക്കാൻ പറ്റിയില്ലെങ്കിൽ, കയ്യോ കാലോ ഒടിഞ്ഞെങ്കിൽ? ഈ സിറ്റിയിൽ എനിക്കാരുണ്ട്. മാറി മാറി വരുന്ന അയൽവക്കബന്ധങ്ങൾ മാത്രം.
ഏതെങ്കിലും ലോക്കൽ ചാനലിലെ വാർത്തയിൽ കാണുന്നതുപോലെ.,
"റോഡരികിൽ വീണുകിടന്ന മധ്യവയസ്‌കയെ ആരും ഹോസ്പിറ്റലിൽ എത്തിച്ചില്ല. മഴ നനഞ്ഞും വേദന സഹിച്ചും അവർ ഒരുപാട് നേരം റോഡിൽ തന്നെ കിടന്നു. പലരും അവരെ കടന്നുപോയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല."
മനസാക്ഷി മരവിച്ച മനുഷ്യ സമൂഹം. അതിന് ഒരിര കൂടി. അവരുടെ ഭർത്താവ് ഒരു പതിനഞ്ചു മിനിറ്റ് ദൂരത്തിൽ ഉണ്ടായിരുന്നിട്ടു കൂടി അദ്ദേഹവും അറിഞ്ഞില്ല ഒന്നും. ഈ സമൂഹം ഇതെങ്ങോട്ടാണ് പോവുന്നത്..?? ഇത്രക്കും ഹൃദയശൂന്യരാണോ നമ്മൾ മനുഷ്യർ ..."?
എന്നൊക്കെയുള്ള ലൈവ് ന്യൂസ് വെറുതെ ഒന്ന് സങ്കല്പിച്ചു നോക്കി.
കൊള്ളാം. അസ്സലായിട്ടുണ്ട്. ഇന്ന് ചെന്നാൽ ബാലേട്ടനോട് പറയാൻ ഒരു വാർത്തയായി.
അങ്ങനെ ചിന്തിച്ചു നടക്കുമ്പോഴാണ് ഒരു വലിയ, കാലൻകുടയും ചൂടി അയാൾ മറികടന്നു മുന്നിലെത്തിയത്. അറിയാതെയെങ്കിലും മനസ്സ് ഒന്നാശിച്ചു. രണ്ടാൾക്ക് മഴ നനയാതെ സുഖമായി പോവാനുള്ളത്രയും വലിയ കുടയാണ്.
എന്താ ചെയ്യാ.?
വലിയ വെള്ളത്തുള്ളികൾ മുഖത്തു വീഴുമ്പോഴുള്ള വേദന വക വെക്കാതെ രമ കഴിയാവുന്നത്രയും വേഗത്തിൽ നടന്നു.
ഒട്ടും പ്രതീക്ഷിക്കാതെയാണ് അൽപദൂരം മുന്നോട്ടു നടന്നു നീങ്ങിയ അയാൾ തിരിഞ്ഞു നിന്നത്.
"ഈ വഴിക്കാണോ പോവേണ്ടത്.?"
മറുപടിക്കു കാത്തു നിൽക്കാതെ അയാൾ വീണ്ടും പറഞ്ഞു.
"എങ്കിൽ പോന്നോളൂ....!!!"
ആദ്യം ഒന്ന് ശങ്കിച്ചെങ്കിലും രമ വേഗം തന്നെ അയാളുടെ അടുത്തേക്ക് ചേർന്ന് നടന്നു. മഴയും തണുപ്പും കാരണം കാലുകൾ വേദനിക്കാൻ തുടങ്ങിയിരുന്നു.
എങ്കിലും., താൻ മനസ്സിൽ പറഞ്ഞത് അയാളെങ്ങനെ കേട്ടു എന്നത് രമയുടെ മനസ്സിൽ കിടന്നുരുണ്ടുകൊണ്ടിരുന്നു.
ഒന്നും മിണ്ടാതെ രണ്ടുപേരും നടന്നു ...
പരസ്പരം മുഖത്തേക്ക് പോലും നോക്കിയില്ല. തന്നെക്കാൾ ഒരൽപം ഉയരക്കൂടുതൽ ഉണ്ടായിരുന്നതുകൊണ്ട് പ്രത്യേകിച്ചും.
ഇടക്കെപ്പോഴോ ഒരു ഫ്രീക്കൻ പയ്യൻ ബൈക്കിൽ പറപ്പിച്ചു വന്നു. റോഡിൽ കെട്ടിക്കിടക്കുന്ന ചെളിവെള്ളം തട്ടിത്തെറിപ്പിക്കുമെന്നു തോന്നിയപ്പോൾ അറിയാതെ അയാളിലേക്കൊന്നു ചേർന്നു.
ഉള്ളിന്റെയുള്ളിലെവിടെയോ ഒരു പ്രകമ്പനം.!!!
തീപൊള്ളലേറ്റ പോലെ ഒന്ന് പിടഞ്ഞു മാറി.
വീടെത്തിയിരിക്കുന്നു.
ഇവിടെ മതി. ഇതാണ് വീട്. വല്യ ഉപകാരം കേട്ടോ.
വീട്ടിൽ കയറിയിട്ട് പോകാം.
"വേണ്ട.! പിന്നീടാകാം."
അപ്പോൾ മാത്രമായിരുന്നു രമ അയാളുടെ മുഖത്തേക്ക് നോക്കിയത്.
"ആ കണ്ണുകൾ...!! എവിടെയോ ...? ഒരു വിറയലോടെ രമ ഓർമ്മയിലൊന്ന് പരതിനോക്കി"!!!
അപ്പോഴേക്കും അയാൾ യാത്ര പറഞ്ഞു പോയിക്കഴിഞ്ഞിരുന്നു.
...............................................................
ചായയിടാൻ അടുക്കളയിൽ കയറിയപ്പോഴും, അപ്പോഴുമെന്നല്ല എപ്പോഴും അയാളെ എവിടെ കണ്ടു മറന്നു എന്നാലോചിക്കുകയായിരുന്നു. ഒരു രൂപവുമില്ല.
ഇതുവരെയും ചായ കിട്ടിയില്ല എന്ന് പറഞ്ഞുള്ള ബാലേട്ടന്റെ വിളിയാണ് രമയെ ചായയിലേക്ക് ഉണർത്തിയത്.
വേഗം തന്നെ രണ്ടു ഗ്ലാസിൽ ചായ എടുത്തുമ്മറത്തെത്തി.
എത്ര ആലോചിട്ടും ഓർമ്മ വരുന്നില്ല. കോളേജിൽ പഠിക്കുമ്പൊഴാവുമോ?
"അല്ല രമേ ... നടക്കാൻ പോയി വന്നപ്പോ തൊട്ടു ഞാൻ ശ്രദ്ധിക്കുന്നതാണ്.
നിനക്കിതെന്തുപറ്റി?"
അതേയ്, ബാലേട്ടാ, എന്നെ ഇവിടെ വരെ കൊണ്ടാക്കിയ ആളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്. പക്ഷെ ഓർമ്മയിൽ തെളിയുന്നില്ല.
"അയാളോട് പേര് ചോദിച്ചില്ലേ?"
ഇല്ല. ഒന്നും ചോദിച്ചില്ല.
ഹും. ഇതാണ് നിന്റെ കുഴപ്പം. ഒന്നും സമയത്ത് ചെയ്യില്ല. എന്നിട്ടിവിടിരുന്ന് ഓരോന്ന് പറയും.
ങാ.. ഇനി അയാളെ കാണുകയാണെങ്കിൽ പേരും സ്ഥലവുമൊക്കെ ചോദിക്ക്.
ഒരു ദിവസം ഇങ്ങോട്ട് വരാനും പറയൂ.
"ആ.. പിന്നെ, ക്ഷണിക്കുമ്പോ ഭാര്യയെയും കൂട്ടി വരാൻ പറഞ്ഞാൽ മതി. എനിക്കും ഒന്ന് കാണാലോ."
അതിൽ ഒരൽപ്പം കുശുമ്പുണ്ട്. രമ ഒന്ന് സൂക്ഷിച്ചു നോക്കി,
"തമാശ പറഞ്ഞതാണേ. ഒന്നൂല്ലേലും എന്റെ പ്രിയതമയെ ഇവിടെ സുരക്ഷിതമായി എത്തിച്ച ആളല്ലേ."
അതിൽ കുറച്ചു "സ്നേഹക്കൂടുതൽ" തന്നെയാണുള്ളതെന്നു നന്നായറിയാം.
ദിവസങ്ങൾ കഴിഞ്ഞിട്ടും ആ കണ്ണുകൾ രമയെ വിട്ടു പോവുന്നില്ലായിരുന്നു.
ഇടക്കെങ്കിലും അയാളെ കുറിച്ചോർമ്മിക്കുമ്പോൾ തമാശക്കാണെങ്കിലും ബാലേട്ടൻ ചോദിക്കും.
അല്ല തനിക്കയാളോട് പ്രണയം വല്ലതും ഉണ്ടോ?
എന്തായാലും അമ്പതാം വയസ്സിലുള്ള പ്രണയം നല്ല രസമായിരിക്കും.
കൊച്ചുമക്കളോടൊക്കെ ഒന്ന് പറയണം.
"അമ്മൂമ്മക്കൊരു പ്രേമലേഖനം" എന്നൊരു ഷോർട് ഫിലിം എടുക്കാം. അവരൊക്കെ ന്യൂ ജൻ പിള്ളാരല്ലേ. അവരത് അടിപൊളി ആയിട്ട് ചെയ്തോളും.
എന്താ പറയണോ?
ഓ ....
നാലും അഞ്ചും വയസ്സുള്ള കൊച്ചുമക്കളല്ലേ ഷോർട് ഫിലിം എടുക്കാൻ പോവുന്നത്.
രമ അത് ചിരിച്ചൊഴിവാക്കി.
..............................................................
ചിന്തിച്ചും ചിന്തിക്കാതെയും കടന്നുപോയ ദിവസങ്ങളിലെല്ലാം ഒരിക്കലെങ്കിലും ആ കണ്ണുകൾ മനസ്സിൽ തെളിയാതിരുന്നില്ല. പല യാത്രകളിലും., വഴികളിലും., ഒരിക്കൽ കൂടി ആ കണ്ണുകൾ ഒന്ന് കണ്ടെങ്കിൽ എന്നാഗ്രഹിച്ചു.
"അതൊരു പ്രണയമായിരുന്നോ എന്ന് ചോദിച്ചാൽ ആയിരുന്നു. അല്ലേന്ന് ചോദിച്ചാൽ അല്ലായിരുന്നു."
ഒരു കപ്പ് കാപ്പിയുമായി, ഒരു ദിവസം ടെറസ്സിലെ പൂക്കൾക്കൊപ്പം അസ്തമയം കാണുമ്പോഴായിരുന്നു ഓർമ്മയിലെ ആ കണ്ണുകൾക്കിത്രയും ഭംഗിയുണ്ടെന്ന് തോന്നിയത്.
അന്നുമുതലായിരുന്നു അസ്തമയം കൂടുതൽ ചുവന്നത്.
കാപ്പിക്കും, ചായക്കും, കറികൾക്കും പലഹാരത്തിനും രുചി കൂടിയത്.
വയ്യ എന്ന് മടിപിടിച്ചിരുന്ന രമ കൂടുതൽ ജോലികൾ ചെയ്യാൻ തുടങ്ങിയത്.
അലസമായി ഉടുത്തിരുന്ന സാരികൾ, കൂടുതൽ ഭംഗിയിൽ ഞൊറിഞ്ഞുടുക്കാൻ തുടങ്ങിയത്.
ഏതു യാത്രയിലും ആരെയോ തിരയാൻ തുടങ്ങിയത്.
കഴിവതും യാത്രകൾ ഓഴിവാക്കിയിരുന്ന രമ കൂടുതൽ യാത്രകൾ ചെയ്യാൻ തുടങ്ങിയത്.
ഇഷ്ടങ്ങളും മാറ്റങ്ങളും എപ്പോ വേണമെങ്കിലും കടന്നു വരാം.
മടുപ്പിലേക്കു പൊയ്ക്കൊണ്ടിരുന്ന ഒരു ജീവിതം ഉയിർത്തെഴുന്നേറ്റത്‌ ഇവിടെ വെച്ചാണ്. അങ്ങനൊരു മാറ്റത്തിന് ചില നിമിത്തങ്ങൾ മാത്രം.
ഒന്ന് രണ്ടു തവണ ചിലയിടങ്ങളിൽ വെച്ച് ഒരു മിന്നായം പോലെ അയാൾ കടന്നുപോയതായി തോന്നിയെങ്കിലും, തിരിഞ്ഞു നോക്കിയപ്പോൾ ആരും ഇല്ലായിരുന്നു.
എങ്കിലും.,
ഒരുവേള, ഒരിടത്തു വെച്ച് തിരിഞ്ഞൊന്നു നോക്കിയപ്പോൾ നിറയെ സ്വർണ്ണപ്പടികളുള്ള ഒരു ആകാശഗോവണിയിലേക്കു അയാൾ കയറിപോവുന്നൊരു കാഴ്ച നിമിഷനേരത്തേക്കെങ്കിലും കണ്മുന്നിൽ തെളിഞ്ഞിരുന്നു. ഉയരങ്ങളിലേക്കുയരങ്ങളിലേക്കു പോവുന്നതും നോക്കി അന്തിച്ചുനിൽക്കവേ ....!!!
എക്സ്ക്യൂസ്‌ മി ....
എന്നൊരു ശബ്ദമാണ് രമയെ തിരികെ താഴത്തേക്കിറക്കിയത്. സോറി പറഞ്ഞു രമ ഉടൻ വഴിമാറിക്കൊടുത്തു.
...................................................
നാളുകൾക്കുശേഷമുള്ള ഒരുച്ചമയക്കത്തിലെപ്പോഴോ ...,,,
വീണ്ടുമയാൾ കയറിവന്നു. തന്നെക്കാൾ കുറച്ചധികം ഉയരക്കൂടുതലുള്ള ആ മുഖത്തേക്ക് രമ ഉറ്റുനോക്കി. കണ്ണുകളടച്ചു ധ്യാനത്തിലെന്ന പോലെ നിൽക്കുന്ന അയാളെ കുലുക്കി വിളിച്ചു. അബോധാവസ്ഥയിലെന്ന പോലെ താഴെക്കിരുന്നയാൾ അല്പസമയത്തിനു ശേഷം ഉണർന്നു. രമയെ നോക്കി.
"കണ്ണുകൾ !! ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ആ കണ്ണുകൾ".!!!
"നീണ്ടു വിടർന്ന കണ്ണുകളും, ചതുരമുഖവും, ഇരുനിറവും അയാളെ ഒരു സന്യാസിയെപോലെ രമക്കു തോന്നിപ്പിച്ചു".
തേജസ്സുള്ള ആ മുഖത്തേക്ക് നോക്കുമ്പോൾ തന്നെ മനസിൽ നിന്നുയർന്നുവന്നത് ഓംകാരമായിരുന്നു.
ജന്മാന്തരങ്ങൾക്കുമപ്പുറത്തു നിന്നും.,
വെണ്മേഘങ്ങൾ ചുവന്നിരുണ്ടു.
നിറങ്ങൾ പാറിപ്പറന്നു,
കാടും മേടും കുന്നും മലകളും മഞ്ഞും മഴയും പെയ്തിറങ്ങാൻ തുടങ്ങി.
"പെയ്തുതോർന്നൊരു വേളയിൽ".,
അവസാനം ആ കണ്ണുകൾ സംസാരിച്ചു തുടങ്ങി.,
"ഈ ജന്മവും കാണാൻ കഴിഞ്ഞില്ല.
കണ്ടെത്താൻ സാധിച്ചില്ല.
എത്രയോ ജന്മങ്ങളായി ഞാൻ കാത്തിരിക്കുന്നു"
നനഞ്ഞ മിഴികളോടെ രമ കൈകൾ നീട്ടി. ഒന്ന് തൊടാൻ ...,,
പക്ഷെ.,
അപ്പോഴേക്കും
നേരം അസ്തമിക്കാറായിരുന്നു.....!!!
...................................................................
രശ്മി മൂത്തേടത്ത്.

അച്ഛനെന്ന ഓർമ്മത്തണൽ.

Image may contain: 1 person, smiling, eyeglasses and outdoor

കാലമെത്ര കഴിഞ്ഞാലും ചില ഓർമ്മകൾ,
മനസ്സിന്റെ ആഴങ്ങളിൽ നിന്നും നുരഞ്ഞു പൊന്തി വന്നു വീർപ്പുമുട്ടിച്ചു കൊണ്ടിരിക്കും.
എല്ലാം കൂടി കെട്ടിപ്പെറുക്കി ഒരു ഭാണ്ഡമാക്കി ഏതെങ്കിലുമൊരു മൂലയിൽ നിക്ഷേപിച്ചാലും,
ഇടക്കിടയ്ക്ക് ഉപ്പുവെള്ളം തട്ടുമ്പോൾ അതിൽ നിന്നും ഓരോ മുള പൊട്ടും.
പിന്നീട് സങ്കടങ്ങളുടെ പെരുമഴയാവും.
ഇടിമുഴക്കങ്ങളുടെ ഘോഷയാത്രയാവും.
പെയ്തു തോർന്നു തണുത്തു വിറച്ചു നിൽക്കുമ്പോഴേക്കും ഒരിളം ചൂടുകാറ്റായ് വന്നു ചേർന്ന് പുതപ്പിച്ചിട്ടുണ്ടാകും.
അതൊരു സ്നേഹവാത്സല്യമാണ് !
വീണ്ടും ഡിസംബർ 11.
പതിനെട്ടു വർഷങ്ങൾക്കിപ്പുറവും ആ നഷ്ട വസന്തത്തിന്റെ, പച്ചപ്പുകളിലിപ്പോഴും പെയ്യുമ്പോൾ,
ഏതൊക്കെയോ ഉണങ്ങിയ വേരുകളിൽ തട്ടി പലവട്ടം വീണപ്പോഴും,
വേദനയോടെ,
അതേ സ്നേഹസുഗന്ധത്തിനായി ചുറ്റിലും കൊതിയോടെ പരതാറുണ്ട്.
ഇന്നത്തെ പോലെ യാതൊരു സൗകര്യങ്ങളുമില്ലാതിരുന്നൊരു പ്രവാസകാലം അന്നുണ്ടായിരുന്നു.
ഓരോ ഗ്യാസ് സിലിണ്ടറും മൂന്നും നാലും നിലകളിലേക്ക് ചുമന്നു കൊണ്ട് പോയി കൊടുത്തിരുന്നൊരു കാലം.
വേദനയുടെയും പൊള്ളലിന്റെയും ചൂടുകാലം.
പടവുകൾ ഓരോന്ന് കയറുമ്പോഴും സ്നേഹത്തോടെ കരുതലോടെ കൂടുതൽ കൂടുതൽ ചേർത്തുപിടിച്ചൊരച്ഛൻ!
എന്തെങ്കിലും വേണം എന്നാവശ്യപ്പെടേണ്ട ആവശ്യമില്ലാതെ, കണ്ടറിഞ്ഞ് എല്ലാം വാങ്ങി തന്നിരുന്നു.
ഇടക്കെങ്കിലുമൊക്കെയുള്ള വാഗ്വാദങ്ങളിൽ, നിനക്കൊന്ന് തോറ്റു തന്നാലെന്താ,
ഒന്നൂല്ലെങ്കിലും ഞാൻ നിന്റെ അച്ഛനല്ലേ?
എന്നുള്ള കുട്ടിത്ത ചോദ്യങ്ങളിൽ.
നിറച്ചുവെച്ചിരുന്നൊരു സ്നേഹക്കടൽ!
കെട്ടിച്ചുവിടുമ്പോൾ ആരും കാണാതെ നിറകണ്ണുകൾ തുടച്ച്,
അവിടെയും ഇവിടെയുമൊക്കെ തട്ടി തടഞ്ഞു മറഞ്ഞു നിന്ന് സമയം കളഞ്ഞ്,
അച്ഛന്റെ കൊച്ചുമോളെ വയറ്റിൽ കൊണ്ടുനടക്കുന്ന സമയത്ത്,
മറ്റാരെങ്കിലും കണ്ടാൽ കണ്ണുവെയ്ക്കും,
ആരും കാണാതെ വേണം കഴിക്കാനെന്നും പറഞ്ഞ് എന്നും കൊണ്ടുതന്നിരുന്ന
ഇഷ്ടഭക്ഷണ പൊതികൾ!
സ്നേഹസമ്മാനങ്ങൾ.
എങ്ങനെ ഓർക്കാതിരിക്കും ഞാനെന്റെ അച്ഛനെ.
ഈ നിമിഷം വരെ അതുപോലൊരു സ്നേഹത്തണൽ ...
ഇല്ല !
എവിടെയുമില്ല.
ഇനി കാണുകയുമില്ല.!
ഓരോ പെൺമക്കളും ഇതേപോലെ തന്നെയാവും അവരുടെ അച്ഛന്റെ സ്നേഹത്തണലിൽ.
ഓരോ അച്ഛന്മാരും ഇതേ കരുതലോടെയാവും പെണ്മക്കളെ കണ്ടിട്ടുണ്ടാവുക.
മതിയാവോളം സ്നേഹിച്ചില്ല എന്നൊരു കുറ്റബോധം മാത്രമെന്നിൽ ബാക്കിയാക്കി,
സ്നേഹങ്ങളൊക്കെ വിട പറയുമ്പോൾ,
സഹനത്തിന്റെ ഒരു കുന്നു ഭാരവും പേറി നമ്മളൊക്കെ ഇവിടിങ്ങനെ,
അലഞ്ഞു തിരിഞ്ഞു ചുറ്റിക്കറങ്ങി
പച്ചയ്ക്ക് കത്തുന്ന ആത്മാക്കളെ പോലെ 

By Resmi Gopakumar

നീർവലയങ്ങൾ. ( ചെറുകഥ )

Image may contain: 1 person, smiling, eyeglasses and outdoor

.............................
ആറ് മുപ്പതിന്റെ ബസും പോയിക്കഴിഞ്ഞപ്പോഴാണ്, രാമൻ നായർ എന്ന രാമേട്ടന്റെ മനസ്സിലേക്ക് ആധി കയറാൻ തുടങ്ങിയത്.
അതുവരെയും പ്രതീക്ഷയായിരുന്നു. ഈ ബസ്സിൽ എന്തായാലും അവള് വരും.
അതോർത്തുകൊണ്ട് തന്നെയാണ് അതുവരെ അവിടെ കൂടിയിരുന്ന നാട്ടുകാരോടും സുഹൃത്തുക്കളോടും സന്തോഷപൂർവ്വം പല പല നാട്ടു വിശേഷങ്ങൾ പറഞ്ഞോണ്ടിരുന്നതും.
ഇടയ്ക്ക് ലാസർ തന്റെ പഴയ കാമുകിയെയും ഭർത്താവിനെയും കണ്ട കഥ പറഞ്ഞപ്പോൾ ഒരുമിച്ചു പഠിച്ചവരായ സുകുമാരനും മത്തായിയും ലാസറെ കളിയാക്കാൻ കൂടിയ കൂട്ടത്തിൽ രാമേട്ടനും കൂടിയത്.
മത്തായി പറയുകയും ചെയ്തു.
"അവളെ സമ്മതിക്കണം. കെട്ട്യോനോട് പോലും അവൾ ലാസറെ കുറിച്ച് പറഞ്ഞിരിക്കുന്നു".
അതല്ലേ ലാസറെ കണ്ടപ്പോ,
നിങ്ങൾക്ക് വല്ലതും സംസാരിക്കാനുണ്ടെങ്കിൽ ഞാൻ മാറിത്തരാം, എന്നവൾടെ കെട്ട്യോൻ പറഞ്ഞത്.
ഈ പൊട്ടൻ നിന്ന് പരുങ്ങിയതല്ലാതെ, ഇവൻ മിണ്ടുവോ?
മത്തായീടെ ചോദ്യത്തിന് സുകുമാരനാണ് മറുപടി പറഞ്ഞത്.
മത്തായി ആണേൽ പണ്ട് ചോദിച്ച ആ ഉമ്മ ഇപ്പൊ തരുവോന്നു ചോദിച്ചേനെ അല്ലേ?
എല്ലാവരുടേം പൊട്ടിച്ചിരിയില് മത്തായീടെ ഡയലോഗും മോശല്ലാർന്നു.
"ആർക്കു വേണം ആ കെളവീടെ ഉമ്മ".
ഇവൻ ഇപ്പോഴും ആ പതിനാറുകാരനല്ലേ. തലയില് മുടിയും ഇല്ല. വായിൽ പല്ലും ഇല്ല.
ലാസറും ഒട്ടും കുറച്ചില്ല.
അത് കുറച്ചു നേരത്തേക്ക് ഒരു കൂട്ടച്ചിരിക്ക് വകയായിരുന്നു.
അതിനൊപ്പം അതിനോട് ചേർന്നുള്ള കുറെ മധുരസ്മരണകളും.!
ഒരു കുടിയേറ്റക്കാരനാണെന്ന് രാമേട്ടന് ഒരിക്കൽ പോലും തോന്നിയിട്ടില്ല. അതാണീ നാടിൻറെ നന്മയെന്ന് ഇവിടെ വന്ന കാലം മുതൽ രാമേട്ടന് അറിയുകയും ചെയ്യാം.
............................................................
ഇപ്പോൾ എല്ലാവരും പോയിരിക്കുന്നു. ആറരയുടെ ബസ്സും. രാമേട്ടന് ചെറുതായി വെപ്രാളം തോന്നി തുടങ്ങി. "ദാഹം, പരവേശം, അസ്വസ്ഥകൾ."
അവിടെയുള്ള കല്ലത്താണിയിൽ ചാരി കുറച്ചു നേരം നിന്നു. അടുത്ത ബസ് ഇനി അര മണിക്കൂർ കഴിഞ്ഞാണ്.
ആ അര മണിക്കൂറും കല്ലത്താണിയിൽ ചാരി ബസ്സ് വരുന്നതും നോക്കി തന്നെ നിന്നു രാമേട്ടൻ. സമയം ഏഴു മണി കഴിഞ്ഞിരിക്കുന്നു. ഏഴുമണിയുടെ ബസ്സും ഇതുവരെയും എത്തിയിട്ടില്ല. എന്തുപറ്റിയോ ആവോ.? അല്ലെങ്കിലും അവസാന ബസ്സ് ആയതോണ്ട് ചിലപ്പോ വൈകാറുണ്ട്. എങ്കിലും ഒരു സമാധാനവും കിട്ടുന്നില്ല. ബസ്സ് സ്റ്റോപ്പ് വിജനമായി തുടങ്ങി. പത്തു മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ ആ ബസ്റ്റോപ്പിൽ രാമേട്ടൻ മാത്രമായി.
നിന്നു നിന്നു ശ്വാസം മുട്ടി തുടങ്ങിയപ്പോൾ, അവിടെയുള്ള സിമന്റ് ബെഞ്ചിലേക്കിരുന്നു. വീട്ടിൽ പോയി തിരിച്ചു വരാനുള്ള ധൈര്യവും ഇല്ലായിരുന്നു. അല്ലെങ്കിൽ തന്നെ അവളെ കൂടെ ആധി പിടിപ്പിച്ചിട്ടെന്തു കാര്യം. പോയ സമയത്തെങ്ങാനും ബസ്സ് വന്നെങ്കിലോ.?
എന്നിങ്ങനെ വിവിധ ചിന്തകളോടെ രാമേട്ടൻ അവിടെത്തന്നെയിരുന്നു.
"ആ കുഞ്ഞിക്കൈ വിടാതെ എപ്പോഴും ചേർത്തു പിടിച്ചു നടന്നൊരു പൂരപ്പറമ്പായിരുന്നു രാമേട്ടന്റെ മനസ്സിലപ്പോൾ. കുപ്പിവളകളും, പാദസര കിലുക്കവും നിറഞ്ഞു നിന്നൊരു കുഞ്ഞു വീടും, വലിയ ലോകവും. അതായിരുന്നു രാമേട്ടന്റെ ഏറ്റവും വല്യ സന്തോഷവും."
......................................
പ്ലസ് ടു കഴിഞ്ഞ് ഇവിടത്തെ ഏതേലും കോളേജിൽ പഠിച്ചാൽ മതീന്ന് ആവത് പറഞ്ഞതായിരുന്നു. അപ്പോ അവൾക്കു സിറ്റിയിലെ കോളേജിൽ തന്നെ പഠിക്കണം. മോളെ കുറ്റം പറയാനും പറ്റില്ല. അത്രക്കും മാർക്ക് ഉണ്ടായിരുന്നു. സ്കൂൾ ഫസ്റ്റ്.
പഠിപ്പിച്ച സാറന്മാരും പറഞ്ഞത് അത് തന്നെയല്ലേ. അവസരങ്ങൾ ഒരിക്കലേ വരൂ. നിങ്ങളൊന്നും വളർന്ന കാലവും ചുറ്റുപാടും അല്ല ഇന്നുള്ളത്. കുട്ടികൾ സ്വയം പ്രാപ്തവരാവട്ടെ. അവരുടെ ലക്ഷ്യങ്ങൾ അവർ തന്നെ നേടിയെടുക്കട്ടെ.
സാറമ്മാരും കൂടി പറഞ്ഞപ്പോൾ രാമേട്ടനും മേരിക്കുട്ടിയും സമ്മതിക്കുകയായിരുന്നു.
ഇഷ്ടമില്ലെങ്കിലും!
"രണ്ടു മാസം മുൻപായിരുന്നു, കോളേജിൽ ഒരു അടിപിടി ഉണ്ടായതും ഒരു കുട്ടിയെ കുത്തിക്കൊന്നതും." .
പെങ്കുട്ട്യോളുള്ള അച്ഛനുമമ്മക്കും ആശ്വസിക്കാനൊരു വകയും ഇല്ലാത്തതാണ് എന്നും പത്രങ്ങളിൽ കാണുന്നതും. കൊച്ചു കുഞ്ഞിനെ മുതൽ, വയസ്സായവർക്കു വരെ സമാധാനായിട്ടു ജീവിക്കാൻ പറ്റാത്ത കാലം.
വല്ലാത്തൊരു കാലം തന്നെ.
ആലോചിക്കും തോറും മനസ്സിൽ ചീത്ത വിചാരങ്ങൾ കൂടിക്കൂടി വന്നു. നല്ലതൊന്നും മനസ്സിൽ വരുന്നില്ല.
ഇതിനിടയിൽ രണ്ടു പ്രാവശ്യം മേരിക്കുട്ടിയുടെ വിളി വന്നു.
പണിയെടുത്ത് പണിയെടുത്ത് തേഞ്ഞ കാലുകളും വലിച്ചു വെച്ച് എത്ര വയ്യെങ്കിലും എല്ലായിടത്തും എത്തും.
ഇനി ആധി കയറി അവള് വല്ല അസുഖവും വരുത്തിവെക്കാതിരുന്നാൽ മതി.
മേരിക്കുട്ടിയുടെ ഓരോ വിളി കഴിഞ്ഞപ്പോഴും മോളെ മൊബൈലിൽ വിളിച്ചതാണ്. ഫോൺ സ്വിച്ച് ഓഫ്.
അത് അവളോട് പറയാൻ പറ്റില്ലല്ലോ.
ആധി കയറിയ മനസ്സുമായി ഇരുന്ന രാമേട്ടനെ ആരോ തട്ടി വിളിച്ചപ്പോഴാണ് ചിന്തകളിൽ നിന്നു രാമേട്ടൻ പെട്ടെന്നുണർന്നത്‌.
...............................................................
"സക്കറിയ"!
" ഉറ്റ സ്നേഹിതൻ."
കറിയാച്ചാ .... നീയിവിടെങ്ങനെ.?
ആ ... ഞാനെത്തി.
അല്ല. നീയെന്താ ഇങ്ങനെ കൂനിപ്പിടിച്ചിരിക്കുന്നത്‌ രാമാ ? എന്തുപറ്റി.
മോളിതുവരെ എത്തിയില്ല ഡാ.
അത് പറയുമ്പോൾ രാമേട്ടന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണീരിറ്റു വീണു.
ആര്? കീർത്തിമോളോ?
അതേടാ. ഇടറിയിരുന്നു രാമേട്ടന്റെ സ്വരം.
അതിനാണോ നീയിങ്ങനെ വിഷമിക്കുന്നത്.
അവളിപ്പോ ഇങ്ങോട്ടെത്തില്ലേ? ചിലപ്പോ വല്ല സ്പെഷ്യൽ ക്ലാസും ഉണ്ടായിരുന്നിരിക്കും.
അത് കഴിഞ്ഞു വന്നപ്പോ ബസ്സും പോയിക്കാണും.
അടുത്ത ബസ്സിൽ അവളിങ്ങോട്ടു വരുമെന്നേ. ബസ്സിന്റെ കാര്യമല്ലേ?
എന്തേലും കാരണം ഉണ്ടായാലും വൈകാമല്ലോ.
നീയിങ്ങനെ സങ്കടപ്പെടല്ലേ രാമാ.
ഒരാശ്വാസത്തിനായി രാമേട്ടൻ കറിയാച്ചന്റെ കയ്യിൽ മുറുകെ പിടിച്ചു.
ആ തോളിലേക്ക് ചാരി കണ്ണുകളടച്ചു.
"അല്ല ഞാൻ ആലോചിക്കുവാരുന്നു."
"നിനക്കിതെന്താ പറ്റിയത്. ഇത്രേം ചങ്കുറപ്പുള്ള നീയാണോ ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ."
വിപ്ലവം സൃഷ്ടിച്ചു നടന്ന നീയാണോ ന്റെ രാമാ ഇങ്ങനെ ....
നിനക്ക് ജീവിതത്തിൽ കഷ്ടപ്പാട് മാത്രേ ഉണ്ടായിരുന്നുള്ളൂന്നെനിക്കറിയാം.
"ഒക്കെ ഓരോ വിധിയായിരിക്കും"
കറിയാച്ചൻ പതുക്കെ രാമേട്ടന്റെ ചുമലിൽ തലോടി കൊണ്ടിരിന്നു.
ആ തോളിലേക്കമർന്ന് രാമേട്ടൻ ഒന്ന് മയങ്ങി.
..................................................
മേരിക്കുട്ടിയുമായുള്ള ഒളിച്ചോട്ടവും, കല്യാണവുമൊക്കെ ഇന്നലെയെന്ന പോലെ രാമേട്ടന്റെ മനസ്സിലേക്കോടിയെത്തി. എല്ലാവരും കയ്യൊഴിഞ്ഞ തങ്ങളെ രക്ഷിക്കാൻ കറിയാച്ചൻ മാത്രേ ഉണ്ടായുള്ളൂ. അന്നവൻ കല്യാണം കഴിച്ചിട്ടില്ല. വാടകക്കൊരു കൊച്ചു വീടെടുത്തു തന്നതും, അത്യാവശ്യം വേണ്ട സാധനങ്ങളൊക്കെ ഒപ്പിച്ചു തന്നതും കറിയാച്ചനായിരുന്നു.
നാട്ടിലെ പേരുകേട്ട തറവാടും, കുടുംബക്കാരുമായിരുന്നെങ്കിലും, അപ്പന്റെ കള്ളുകുടിയും സ്ത്രീ വിഷയത്തിലുള്ള താല്പര്യവും കാരണം സ്വത്തൊക്കെ മിടുക്കന്മാരുടെയും മിടുക്കത്തികളുടെയും കയ്യിലായിട്ടുണ്ടായിരുന്നു. ഒരുപക്ഷെ അന്ന് കറിയാച്ചനെ കണ്ടില്ലായിരുന്നെങ്കിൽ, ഈ ജീവിതം തന്നെ അവസാനിച്ചു പോയേനെ.
രണ്ട് അച്ചന്മാരും, സഹോദര കുടുംബങ്ങളിലായി മൂന്നു കന്യാസ്ത്രീകളും ഉള്ള പാരമ്പര്യ മഹിമയുള്ള ഒരു കുടുംബത്തിൽ നിന്നും വീട്ടുകാരെ ധിക്കരിച്ചു ഒരു നായർ ചെക്കന്റെ കൂടെ ഇറങ്ങി വന്ന മേരിക്കുട്ടിയെ, കൊല്ലാൻ വരെ ആളെ ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നെന്നറിഞ്ഞത് പിന്നീടാണ്.
മട്ടാഞ്ചേരിയിൽ നിന്നും മേരിക്കുട്ടിയുടെ കയ്യും പിടിച്ചിറങ്ങുമ്പോൾ ഒന്നേ ഉണ്ടായിരുന്നുള്ളൂ ആഗ്രഹം. ആരും കാണാത്ത ആരെയും അറിയാത്ത ഏതെങ്കിലും നാട്ടിൽ പോയി ജീവിക്കണമെന്ന്.
എത്രത്തോളം ദൂരേക്ക്‌ പോകാമോ അത്രത്തോളം ദൂരേക്ക്‌ പോണം എന്ന് തന്നെയായിരുന്നു വിചാരിച്ചിരുന്നത്.
നാട്ടിലെ ഏറ്റവും അടുത്ത കൂട്ടുകാരൻ തന്ന, അവന്റെ കൂട്ടുകാരന്റെ അഡ്രസ്സും അന്വേഷിച്ചാണ് കോഴിമലയിലേക്കെത്തിയത്. ആളെ കാണാഞ്ഞ് അടുത്ത വീട്ടിൽ അന്വേഷിച്ചപ്പോഴാണ് അറിയുന്നത് അവര് രണ്ടാഴ്ചയായി അവരുടെ അമ്മ വീട്ടിൽ പോയിരിക്കുകയാണെന്ന്.
വിവരങ്ങൾ പറഞ്ഞപ്പോൾ ഒരു വീട് ശരിയാവും വരെ അവരുടെ വീട്ടിൽ താമസിക്കാൻ അവര് സമ്മതിച്ചു.
ഒരുപക്ഷെ അന്നങ്ങിനെ ഒന്ന് സംഭവിച്ചില്ലായിരുന്നെങ്കിൽ എന്ന് ഭീതിയോടെ രാമേട്ടൻ ഇപ്പോഴും ഓർക്കാറുണ്ട്.
പൊതുവെ ഒരു മുരടനായിരുന്ന സക്കറിയ എന്തുകൊണ്ടോ രാമേട്ടനോട് വല്യ സ്നേഹമായിരുന്നു.
ഒരുപക്ഷെ വളർന്ന സാഹചര്യം ആവാം അവനെ അങ്ങനെ ആക്കിയതെന്ന് രാമേട്ടൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് . അതുകൊണ്ടു തന്നെ രാമേട്ടൻ കറിയാച്ചനെ മനസ്സറിഞ്ഞു സ്നേഹിച്ചു.
അന്ന് തുടങ്ങിയ ആ സ്നേഹബന്ധമാണ് കറിയാച്ചനോടുള്ളത്.
"ഒരു കൂടപ്പിറപ്പിനോടുള്ളതിനേക്കാളും സ്നേഹം".
ഒന്നുമില്ലായ്മയിൽ ഒരു കൈസഹായമല്ല രണ്ടുകയ്യും സഹായമായി തന്ന ആത്മാർത്ഥ സ്നേഹിതൻ.
ഓരോരോ ഓർമ്മകളിൽ രാമേട്ടൻ വീണ്ടും പെയ്തു!.
മരം കോച്ചുന്ന തണുപ്പിനെയും, കാട്ടാനകളുടെ ആക്രമണത്തെയും നേരിട്ട്,
എത്രമാത്രം കഷ്ടപ്പെട്ടും കൊത്തികിളച്ചുമുണ്ടാക്കിയ ജീവിതമാടാ നമ്മുടെയൊക്കെ.
എന്നിട്ടും.................
രാമേട്ടൻ അർധോക്ത്തിയിൽ നിർത്തി.
പത്തിരുപത്തഞ്ചു കൊല്ലത്തെ കഷ്ടപ്പാടുകൾക്കൊടുവിൽ ഒരുവിധം ജീവിതം പച്ചപിടിച്ചു വന്നപ്പോഴായിരുന്നു ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടത്.
പാൽമണം മാറാത്ത കൊച്ചുകുഞ്ഞിനെയും തന്നിട്ട് മോനും ഭാര്യയും ........
അന്നുമുതൽ കീർത്തിമോൾക്ക് ഞാനും മേരിക്കുട്ടിയും അച്ഛനും അമ്മയുമല്ലേടാ.
രാമേട്ടന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പോലും വീഴാൻ കറിയാച്ചൻ സമ്മതിച്ചില്ല.
നീയിത് എത്രവട്ടം പറഞ്ഞതാ രാമാ.
ഇനി നിർത്ത്.
ഇല്ലെങ്കിൽ മേരിക്കുട്ടിയെ ഒളിച്ച്‌ വാറ്റടിക്കാൻ പോയ കഥ ഞാൻ അവളോട് പറഞ്ഞു കൊടുക്കുമേ.
ഓരോവട്ടവും, കറിയാച്ചൻ അത് പറയില്ല എന്ന് സത്യം ചെയ്യിപ്പിച്ചിട്ടായിരുന്നു രണ്ടാളുടെയും യാത്രകൾ.
രാമേട്ടന്റെ ചുണ്ടിൽ ഒരു ചെറുചിരി വിടർന്നു.
സ്നേഹത്തിന്റെയും നന്മയുടെയും പുഞ്ചിരി.
..........................................................
നീട്ടിയുള്ള ഹോണടി കേട്ടാണ് രാമേട്ടൻ മയക്കത്തിൽ നിന്നും ചാടിയെഴുന്നേറ്റത്‌. നേരം നന്നേ ഇരുട്ടിയിരിക്കുന്നു. വെപ്രാളപ്പെട്ട് രാമേട്ടൻ വാച്ചിലേക്ക് നോക്കിയപ്പോൾ സമയം എട്ടു മണി കഴിഞ്ഞിരിക്കുന്നു. സ്റ്റോപ്പിൽ വന്നു ബസ്സ് നിന്നപ്പോൾ രാമേട്ടൻ ഓടുകയായിരുന്നു വാതിലിനടുത്തേക്ക്. മോള് ഇറങ്ങി വരുന്നത് കണ്ടപ്പോൾ രാമേട്ടൻ സകലദൈവങ്ങളെയും വിളിച്ചു നെഞ്ചിൽ കൈ വെച്ചു. അവളും ഒരു പൊട്ടിക്കരച്ചിലോടെ ഓടി വന്നു അച്ഛനെ കെട്ടിപിടിച്ചൊരുമ്മ കൊടുത്തു.
ബസ്സ് ഒരിത്തിരി നേരം അവിടെ നിർത്തി. എല്ലാവരും തല പുറത്തേക്കിട്ട് ആ കാഴ്ച കാണുകയായിരുന്നു.
കണ്ടക്ടറാണ് രാമേട്ടനോട് പറഞ്ഞത്,
സ്പെഷ്യൽ ക്ലാസ് ഉണ്ടായിരുന്നുവെന്നും, സ്റ്റാൻഡിൽ വന്നപ്പോൾ ആറരയുടെ ബസ്സ് പോയി എന്നും, ഈ ബസ്സ് വഴിയിൽ ബ്രേക്ക് ഡൌൺ ആയി, അത് ശരിയാക്കിയിട്ടാണ് വരുന്നതെന്നും.
മോളും ബസ്സിലിരുന്ന് കരച്ചിലായിരുന്നുവെന്ന് ഒരു യാത്രക്കാരൻ പറഞ്ഞു. ഞങ്ങൾ കുട്ടിയെ ആശ്വസിപ്പിക്കുകയായിരുന്നു. അച്ഛൻ ബസ്സ് സ്റ്റോപ്പിൽ കാത്തിരിക്കുന്നുണ്ടാകുംന്ന് പറഞ്ഞ്.
ഇപ്പൊ സന്തോഷായോ? അയാൾ മോളോട് ചോദിച്ചു.
ഉവ്വെന്ന്‌ അവൾ സന്തോഷത്തോടെയും സ്നേഹത്തോടെയും തലയാട്ടി.
ബസ്സും ബസ്സിലുള്ളവരും യാത്ര പറഞ്ഞു പോയി.
കട്ട പിടിച്ച ഇരുട്ടിൽ,
പെട്ടെന്നൊരോർമ്മയിൽ,
അപ്പോഴാണ് രാമേട്ടൻ കറിയാച്ചനെ അന്വേഷിച്ചത്.
ആ കണ്ണുകൾ ചുറ്റും തിരഞ്ഞു.
കറിയാച്ചനെവിടെ?
കറിയാച്ചാച്ഛനോ?
കറിയാച്ചാച്ഛൻ വന്നിരുന്നോ?
അതെങ്ങനെ? ................ !!
കീർത്തിയും ആശ്ചര്യപ്പെട്ടു!!
"അപ്പോൾ മാത്രമാണ്"
മോളുടെ പുറകിലായി ആ വെള്ളി വെളിച്ചം ഒരു പൊട്ടു പോലെ അകലേക്കകലേക്ക്‌ അകന്നകന്ന് പോവുന്നത് രാമേട്ടൻ കണ്ടത്.
വിറയാർന്ന കൈകളോടെ മോളെ ചേർത്തു പിടിച്ചു രാമേട്ടൻ നിറകണ്ണുകളോടെ പറഞ്ഞു.
ഒന്നൂല്ല മോളെ. അച്ഛൻ വെറുതെ!.
വാ നമുക്ക് പോകാം.

By Resmi Moothedath

അനേകരിൽ ഒരാൾ .... അയാൾ!

Image may contain: 1 person, smiling, eyeglasses and outdoor
വൈകിട്ട് പതിവായുള്ള നടത്തത്തിനിടയിൽ
സ്ഥിരമായി പോവുന്ന മെഡിക്കൽ ഷോപ്പിനു തൊട്ടടുത്തുള്ള തുണിക്കടയുടെ മുൻപിലൊരാൾക്കൂട്ടം കണ്ടാണ് അയാൾ അങ്ങോട്ട് ചെന്നത്.
ഒരുവിധത്തിൽ ഏന്തിവലിഞ്ഞു നോക്കിയപ്പോൾ, ആളുകൾക്ക് നടുവിൽ ഒരമ്മയും കുഞ്ഞും.
തൊട്ടടുത്ത് തന്നെ വേറൊരു സ്ത്രീയും.
ആ അമ്മ നെഞ്ച് തിങ്ങുന്ന സങ്കടത്തോടെ അവരോട് പറയുന്നുണ്ട്,
നിങ്ങളെക്കാൾ വല്യ സൗകര്യത്തിൽ ജീവിച്ചിരുന്നതാണ് ഞാനും. ഇതിലും വല്യ കാർ കണ്ടിട്ടും, യാത്ര ചെയ്തിട്ടും ഉണ്ട്. എന്റെ കുഞ്ഞിന് എന്തേലും പറ്റിയിരുന്നെങ്കിലോ?
ബാക്കിയൊന്നും അവർക്കു പറയാൻ പറ്റുന്നുണ്ടായിരുന്നില്ല. സങ്കടം കൊണ്ട് തിങ്ങുന്നുണ്ടായിരുന്നു അവരുടെ സ്വരം.
മൊത്തത്തോടെ ചെളിയിൽ കുളിച്ചു നിൽക്കുന്ന കുഞ്ഞ് അഴുക്കു വെള്ളത്തിൽ വീണ ഒരു കവർ നെഞ്ചോടടുക്കി പിടിച്ചിട്ടുണ്ടായിരുന്നു.
നല്ല ഓമനത്തമുള്ള ആ കുഞ്ഞിന്റെ വലിയ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ചെറിയ ഏങ്ങലുകളും!
ഒരേകദേശരൂപം അയാൾക്ക്‌ മനസ്സിലായെങ്കിലും, തൊട്ടടുത്തുള്ള ആളോട് ചോദിച്ചു.
എന്താ പറ്റിയത്?
ഒരു കരച്ചിൽ കേട്ടാണ് ഞങ്ങൾ ഓടിയെത്തിയത്. കുഞ്ഞിന് ഡ്രസ്സ് വാങ്ങി അവർ കടയിൽ നിന്നിറങ്ങിയതാണ്. സന്തോഷത്തോടെ ഓടി വന്നതാ കുഞ്ഞ്. പക്ഷെ റോഡിലേക്കിറങ്ങിയിരുന്നില്ല.
അമ്മ തൊട്ടുപുറകേ തന്നെ ഉണ്ടായിരുന്നു.
ദേ ആ നിൽക്കുന്ന സ്ത്രീ സ്പീഡിൽ വണ്ടിയോടിച്ചു വന്നതാ. റോഡിൻറെ സൈഡിൽ കെട്ടികിടന്നിരുന്ന ചെളിവെള്ളം മുഴുവൻ കുഞ്ഞിന്റെ മേലേക്ക് തെറിച്ചു.
കുഞ്ഞ് വീഴുകയും ചെയ്തു.
...........................................................
പതുക്കെ പതുക്കെ ആൾക്കൂട്ടം അലിഞ്ഞലിഞ്ഞില്ലാതായി.
അമ്മയും കുഞ്ഞും, ഒന്ന് രണ്ടു പേരും അയാളും മാത്രമായി.
എതിർവശത്തുള്ള ഒരു മരത്തിന്റെ കീഴിലേക്ക് അയാൾ നടന്നു.
ബാക്കിയുള്ള രണ്ടുപേരും എങ്ങോട്ടോ യാത്രയായി.
കുഞ്ഞിന്റെ കയ്യും പിടിച്ച്‌, വീണ്ടും നിറഞ്ഞു വരുന്ന കണ്ണുകൾ പിന്നി പഴകിയ കോട്ടൺ സാരികൊണ്ടമർത്തി തുടച്ച്‌ അവരും നടന്നു തുടങ്ങി.
അപ്പോഴും നെഞ്ചോടടുക്കി പിടിച്ച ആ കവറിലേക്കു ഇടക്കിടക്ക് കുഞ്ഞു കണ്ണുകൾ എന്തോ തിരയുന്നുണ്ടായിരുന്നു.
തിരിഞ്ഞു നടക്കുമ്പോൾ അയാൾക്ക്‌ തോന്നി.
ആ കുഞ്ഞിനൊരു ഉടുപ്പ് മേടിച്ചു കൊടുക്കാമായിരുന്നു!
അങ്ങനെ എത്രയെത്ര തോന്നലുകൾ ....
ദീർഘനിശ്വാസത്തോടൊപ്പം പൊട്ടിവീണ ചുമ അടക്കിപ്പിടിച്ച്, ഇടക്കൊന്നിടറിയെങ്കിലും അയാളും നടന്നു നീങ്ങി ...

By resmiGopakumar

കാവ്യാങ്കണം ചില മധുരസ്മരണകൾ.

കാവ്യാങ്കണം ചില മധുരസ്മരണകൾ.
.....................................................................
രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു ഇങ്ങനൊരു കുറിപ്പിടാൻ.
പ്രത്യേകിച്ചൊന്നുമല്ല!
ഈ പരിപാടി കഴിഞ്ഞ് ഞാൻ നേരെ പോയത് എന്റെ നാട്ടിലേക്കാണ്. കണ്ടാണിശ്ശേരിയിലേക്ക്.
എങ്ങനേണ്ടാർന്നു മോളെ പരിപാടികളൊക്കെ...? എന്നും ചോദിച്ച് നല്ലൊരു ചൂട് കാപ്പി കിട്ടണമെങ്കിൽ അമ്മേടെ അടുത്ത് തന്നെ ചെല്ലണം.
എറണാംകുളത്തേക്കു പോയിരുന്നെങ്കിൽ, അങ്ങനൊരു ഭാഗ്യം കിട്ടൂല്ലല്ലോ.
വളരെ കൃത്യതയും വ്യക്തതയും ഉള്ളൊരു പരിപാടിയായിരുന്നു നല്ലെഴുത്തിന്റെ ആദ്യ അവാർഡ് പ്രോഗ്രാം.
"ശ്യാം എം മേനോൻ" അദ്ദേഹത്തിന്റെ അമ്മയുടെ ഓർമ്മകൾക്ക് മുന്നിൽ, നല്ലെഴുത്തുമായി ബന്ധപ്പെട്ടു നടത്തിയതായിരുന്നു കാവ്യങ്കണം മാതൃസ്മൃതി കവിതാ മത്സരം.
നമ്മുടെ അംഗങ്ങളെല്ലാം വളരെ നല്ല രീതിയിൽ അതിൽ പങ്കെടുക്കുകയുണ്ടായി.
ഈ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു (മാർച്ച് 11) അതിന്റെ അവാർഡ് നൽകിയത്.
"ജ്യോതിർമയി ശങ്കരൻ" പരിപാടി ഉദ്ഘാടനം ചെയ്തു, മാതൃസ്മൃതികൾ ഓർത്തെടുത്തു മനോഹരമായി നമ്മളോടാവർ സംസാരിച്ചു.
അവരുടെ ഭാഷയിലൂടൊന്നു പോയി വന്നപ്പോൾ,
നല്ലെഴുത്തുകളെ കുറിച്ചും,
ഓർക്കുട്ട് നെ കുറിച്ചും,
ഓൺലൈൻ മേഖലകളെ കുറിച്ചും,
വളരെ വിശദമായി അവരുടെ മനസ്സ് നമ്മളുമായി പങ്കുവെച്ചു.
നല്ലെഴുത്തിലേക്കു വരാമെന്നും,
ഇങ്ങനൊരു വേദി കിട്ടിയതിന് വളരെ സന്തോഷമുണ്ടെന്നും പ്രത്യേകം എടുത്തു പറഞ്ഞു.
അമ്മയെ കുറിച്ചുള്ള കവിത എന്ത് രസമായിട്ടാണ് ആലപിച്ചത്.
നമ്മുടെ മുഖ്യാതിഥി പവിത്രൻ തീക്കുനി,
മുഖ്യാതിഥിതിയെന്നാൽ മുഖ്യമായ നാലോ അഞ്ചോ വാചകങ്ങൾ മാത്രം പറഞ്ഞാൽ മതിയല്ലോ എന്ന നിലപാടിലാണ് തുടങ്ങിയതെങ്കിലും, സംസാരിച്ചു തുടങ്ങിയപ്പോൾ അദ്ദേഹം അതെല്ലാം മറന്നു. എഴുത്തുവഴികളെ കുറിച്ചൊക്കെ ധാരാളം സംസാരിച്ചു. അദ്ദേഹത്തിന്റെ "പർദ്ദ" എന്ന കവിത പിൻവലിക്കാനുണ്ടായിരുന്ന സാഹചര്യം പങ്കുവെച്ചു എന്ന് മാത്രമല്ല, ആ കവിത അദ്ദേഹത്തിന്റെ ഗാംഭീര്യമുള്ള ശബ്ദത്തിൽ ചൊല്ലുകയും ചെയ്തു.
നല്ലെഴുത്തിന്റെ സ്വന്തമായ, മറ്റൊരു മുഖ്യാതിഥിയായിരുന്നു "ദേവമനോഹർ സാർ.". അദ്ദേഹം 'കാലവും കവിതയും' എന്ന വിഷയത്തെ കുറിച്ച് വളരെ സ്പഷ്ടമായി തന്നെ സംസാരിച്ചു. ഒപ്പം പഴയ കുറെ ഓർമ്മകളും. ഓൺലൈൻ എഴുത്തിനെ കുറിച്ചുള്ള ഓരോ വാക്കുകളും കേട്ടപ്പോൾ, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ എത്ര കൃത്യമാണെന്ന് തോന്നിയിരുന്നു. അദ്ദേഹത്തിന്റെ ഓരോ വാക്കിലും ഒരു കവിത്വമിങ്ങനെ നിറഞ്ഞു നിൽപ്പുണ്ട്.
നമ്മുടെ നല്ലെഴുത്തിന്റെ ഗുരുനാഥനായ അധ്യക്ഷൻ പ്രകാശ് ജി,
ആശയങ്ങൾ,
ആശയക്കുഴപ്പങ്ങൾ,
സംശയങ്ങൾ,
എന്താണ് കവിത,
വൃത്തം ഇല്ലാതെ കവിതയുണ്ടോ?
വൈകാരികതയും, കവിതയുടെ മൂല്യവും,
നിരൂപണങ്ങൾ എങ്ങനെ വേണം?
എങ്ങനെയൊക്കെ എഴുതാം, എഴുതാതിരിക്കാം.
എന്നിങ്ങനെ എന്തൊക്കെ സംശയങ്ങൾ നമുക്കോരോരുത്തർക്കും ഉണ്ടോ, അതിനെല്ലാം കൃത്യമായി ഭാഷയിൽ, ഇനിയൊന്നും ചോദിക്കാനില്ല എന്ന് കേൾക്കുന്നവർക്ക് തൃപ്തി വരുന്ന തരത്തിൽ വിശദമായി, നാടൻ ഭാഷയിൽ പറഞ്ഞാൽ,
നല്ല അസ്സലായി പറഞ്ഞു തന്നു. ഒന്നും അങ്ങോട്ടും ഇല്ല, ഇങ്ങോട്ടും ഇല്ല!! ശുഭം!
പ്രേം മാഷിന്റെ സാനിധ്യം നിറഞ്ഞു നിന്നൊരു വേദിയായിരുന്നു അത്. എഴുത്തിൽ അദ്ദേഹം കൈവെക്കുന്ന മേഖലകൾ പോലെ, എവിടെയും പ്രേം മാഷ് മാത്രം.
നമ്മുടെ ജേതാവ് "ശ്രീനിവാസൻ തൂണേരി" അദ്ദേഹത്തിന്റെ കവിതകളുടെ അതേ ചടുലമായ ഭാഷയിൽ, കവിതകളെ കുറിച്ചും, ആശയങ്ങളെ കുറിച്ചുമെല്ലാം ഭംഗിയായി സംസാരിച്ചു.
"സജി മാഷ്" ആശംസ പ്രസംഗത്തോടൊപ്പം നല്ലെഴുത്തിലെ നല്ലോർമ്മകളും പങ്കുവെച്ചു.
"രാജേഷ് ദാമോദർ" രാജേഷ് എത്ര സുന്ദരമായിട്ടാണ് അമ്മയെ കുറിച്ചുള്ള ആ ഓർമ്മകളൊക്കെയും പങ്കുവെച്ചത്. ആരുടേയും കണ്ണുകൾ നിറഞ്ഞു പോവുന്നൊരു നിമിഷമായായിരുന്നു അത്. അവിടെ വന്നിട്ടുള്ള എല്ലാവരും നിറഞ്ഞ കണ്ണൊന്നു തുടച്ചിരുന്നു.
അതെ,
അമ്മയെ കുറിച്ചുള്ള ഓർമ്മകൾ എത്ര മനോഹരമാണ് അല്ലെ?
രേവതി രൂപേഷ് വളരെ ഭംഗിയായി പരിപാടികൾ അച്ചടക്കത്തോടെ മുന്നോട്ടു കൊണ്ട് പായി.
എല്ലാവരെയും സ്വാഗതം ചെയ്യാൻ കഴിഞ്ഞതിൽ എനിക്കും അതിയായ സന്തോഷമുണ്ട്.
പ്രോത്സാഹനസമ്മാനം കിട്ടിയവരും, അല്ലാത്തവരും, അവിടെ വന്ന ഓരോരുത്തരും
നമ്മുടെ കൂട്ടായ്മയുടെ, മധുരം പങ്കു വെക്കാൻ വന്നവർ തന്നെയാണ്.
നമുക്കെന്തു കിട്ടുന്നു എന്നതിലല്ല,
നമ്മളെന്തു കൊടുക്കുന്നു എന്ന് ചിന്തിക്കുന്നിടത്താണ് സ്നേഹം നില നിൽക്കുന്നത്.
അങ്ങനെ വരുമ്പോൾ, അവിടെ വന്ന ഓരോരുത്തരും നമ്മുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു.
അദൃശ്യ സാന്നിധ്യമായി ഉണ്ണി മാഷ് എല്ലായിടത്തും ഉണ്ടായിരുന്നു. പലപ്പോഴും മെസ്സേജ് അയച്ചു ചോദിച്ചിരുന്നു കാര്യങ്ങളൊക്കെ.
പ്രോഗ്രാംന് മുന്പും ശേഷവും. നല്ലെഴുത്ത് എന്നാൽ ഉണ്ണി മാധവൻ തന്നെയാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ അസാന്നിധ്യം വലിയൊരു കുറവാണെങ്കിലും, അത് നികത്താൻ ഒപ്പത്തിനൊപ്പം നിൽക്കാൻ ഓരോരുത്തരും ഉള്ളപ്പോൾ അതൊരു കുറവാകുന്നുമില്ല.
നന്ദി. സ്നേഹം. എല്ലാവരോടും.

ഈ അമ്മമാരൊക്കെയെന്താ ഇങ്ങനെ?

ഈ അമ്മമാരൊക്കെയെന്താ ഇങ്ങനെ?
......................................................
നേരവും കാലവും നോക്കാതെ, ആരോടും പറയാതെ ഒരൊറ്റ പോക്ക് .....
നടന്ന് നടന്ന് തേഞ്ഞു തേഞ്ഞു പതിഞ്ഞ കാലുകളുമായി,
ചുളിഞ്ഞു ചുളിഞ്ഞു വരകൾ മാത്രമായ വിരലുകളുമായി,
ഉരുകിയിയുരുകി, ഉടഞ്ഞുശുഷ്കിച്ചോരുടലുമായി,
അമ്മയെങ്ങോട്ടോ പോവുകയാണ് ..................
പശുവിനോടും ആടിനോടും കോഴിയോടും ചങ്ങാത്തം കൂടി,
പാല് വിറ്റും, മുട്ട വിറ്റും, കൂട്ടിവെച്ച ഇത്തിരി തുട്ടുകളുടെ ധൈര്യത്തിൽ ചെറിയ ചെറിയ കുറികൾ കൂടിയും,
ചാന്തും, കണ്മഷിയും, വളയും, മാലയും വാങ്ങിക്കൊടുത്തും,
മക്കളെ സ്നേഹിച്ച്‌ സ്നേഹിച്ച്‌ കൊല്ലുകയാണ് ..................
ജീവിതം മുഴുവനും ഓടിയോടിത്തളർന്ന്,
ഇടിഞ്ഞു വീഴാത്തൊരു കരയിൽ മക്കളെയെത്തിച്ച്,
നടുവൊന്നു നിവർത്താൻ കിടന്നപ്പോഴേക്കും,
എവിടെയോ പതുങ്ങി നിന്നൊരു കള്ളൻ വന്നെങ്ങോട്ടോ -
എടുത്തു കൊണ്ട് പോയ് ..... യാതൊരവശേഷിപ്പുവമില്ലാതെ!
തലേന്ന് മാറിയിട്ട എണ്ണയും തൈലവും വിയർപ്പും മണക്കുന്ന വസ്ത്രമൊഴികെ
വേറൊന്നുമില്ല!!!
നെഞ്ചോട് ചേർത്തത്, കെട്ടിപ്പിടിച്ചു പൊട്ടിക്കരയാനല്ലാതെ,
ആ സ്നേഹത്തിന്റെ, കരുതലിന്റെ, വില നിശ്ചയിക്കാനാവാതെ !!!
.......................................
അമ്മയൊന്നും കൊണ്ട് പോയില്ല.
ആറടി മണ്ണ് പോലും!!!

Resmi

അമ്മ ..!!


അമ്മ ..!!
"നാളെ നമുക്കൊന്ന് പുറത്തു പോകാം".
നിനക്ക് ഓഫീസിൽ പോണ്ടേ?
അതല്ലമ്മേ.,
വന്നിട്ട് ഇത്രേം ദിവസായില്ലേ? നമുക്ക് ലുലുവിലും മറൈൻ ഡ്രൈവിലുമൊക്കെ ഒന്ന് കറങ്ങാം.
പറ്റിയാൽ മെട്രോയിലും കയറാം.
മെട്രോയിൽ കയറാനൊന്നും ഞാനില്ല. എനിക്ക് പേടിയാ.
പോരാത്തതിന് സ്റ്റെപ്പ് കയറാനും വയ്യ. നീ മോളേം കൂട്ടി പൊയ്ക്കോ.
'അതുപറ്റില്ല.'
അമ്മ വന്നേ പറ്റൂ. എന്റെ നിർബന്ധം അറിയാവുന്നതുകൊണ്ട് അമ്മ മറുത്തൊന്നും പറഞ്ഞില്ല.
............................................
രാവിലെ ഒരു കയ്യിൽ ഗോദ്‌റെജിന്റെ ഡൈയും മറുകയ്യിൽ ബ്രഷും പിടിച്ചു നിൽക്കുന്ന അമ്മയെ കണ്ടു ഞാൻ കണ്ണ് മിഴിച്ചു.
എന്താമ്മേ?'
"അല്ല ലുലുവിലൊക്കെ പോണതല്ലേ? എന്റെ മുടിയൊക്കെ നരച്ചു. നീ ഇതൊക്കെ ഒന്ന് കറുപ്പിച്ചു താ. അല്ലേൽ നിനക്ക് തന്നെയല്ലേ അതിന്റെ കുറവ്."
എനിക്കൊരു കുറവും ഇല്ല. അമ്മയെ ഇങ്ങനെ കാണുന്നതല്ലേ എനിക്കിഷ്ടം.
'അതല്ല.'
എന്നെക്കാൾ എത്ര വയസ്സ് മൂത്തതാ എന്റെ നാത്തൂൻ. നിന്റെ അമ്മായി. ഒരൊറ്റ മുടി നരച്ചിട്ടില്ല. ഞാൻ പിന്നെന്തിനാ ഇങ്ങനെ നടക്കുന്നേ. നീ സമയം കളയാതെ ഇതൊന്നു തലയിൽ തേച്ചുതാ.
.......................................................
"നല്ല സാരി.! ഇതമ്മക്കു നന്നായി ചേരും".
ഇത്ര വിലയുള്ള ഒന്നും വേണ്ട. എനിക്ക് കോട്ടൺ സാരിയാ ഇഷ്ടം.
അല്ലെങ്കിലും ഇപ്പൊ സാരിയൊന്നും വേണ്ട. ഓണത്തിനും വിഷുവിനും നീ വാങ്ങിത്തന്നത് തന്നെ ഉടുത്തിട്ടില്ല.
എന്റെ നിർബന്ധം സഹിക്കാതായപ്പോൾ ഉള്ളതിൽ വില കുറഞ്ഞതൊരെണ്ണം അമ്മയെടുത്തു.
ഫാസ്റ്റ് ഫുഡ് കട കണ്ടപ്പോൾ മോൾക്ക് നിർബന്ധം. അവിടെ കയറണം.
അമ്മ വാ., മ്മക്കൊരു കാപ്പി കുടിക്കാം.
"ഹേയ്., കാപ്പിയൊന്നും വേണ്ട. ഇവിടെയൊക്കെ വല്യ പൈസയാകും."
ഈ അമ്മാമ്മേടെ ഒരു കാര്യം.
വല്ലപ്പോഴുമാണ് അമ്മ കെ എഫ് സി യൊക്കെ മേടിച്ചു തരുന്നത്. അമ്മമ്മ അതുംകൂടി മുടക്കും.
അവൾ കുറുമ്പെടുത്തു.
'നീ അവൾക്ക് എന്താന്ന് വെച്ചാൽ വാങ്ങിച്ചു കൊടുക്ക്. എനിക്ക് ഒന്നും വേണ്ടാത്തോണ്ടാ'.
അതുപറ്റില്ല. അമ്മ വന്നേ ...
എന്നാ, മ്മക്കൊരു കാപ്പിയും മസാലദോശയും കഴിക്കാം.
അതുമതി !
.............................................
ഓഫീസിൽ നിന്ന് വരുമ്പോൾ ഉമ്മറപ്പടിയിൽ ഏതെങ്കിലും ഒരു പുസ്തകം വായിച്ച്‌ അമ്മയുണ്ടാകും. എത്തിയ ക്ഷീണത്തിൽ ഇരിക്കുമ്പോഴേക്കും എന്റെ പാകത്തിന് ചൂടുള്ള കാപ്പി റെഡി.
വെറുതെ ചുറ്റുമൊന്നു കണ്ണോടിച്ചു നോക്കി. എല്ലാം നല്ല ക്ലീൻ ക്ലീൻ. ഒരു പൊടി പോലുമില്ല എവിടേം.
"അമ്മ വെറുതെ ഇരുന്നിട്ടില്ല അല്ലെ? ഇന്ന് മുഴുവൻ പണിയാരുന്നല്ലേ?"
'എത്ര നേരംന്ന് വെച്ചാ ആരോടും മിണ്ടാതേം പറയാതേം വെറുതെ ഇരിക്കുക. നാട്ടിലാരുന്നെങ്കിൽ ആരോടെങ്കിലും ഒന്ന് മിണ്ടിയും പറഞ്ഞും സമയം പോണതറിയില്ലാരുന്നു'.
ഒരു പണിയും ബാക്കിയില്ല. എല്ലാം കഴിഞ്ഞിരിക്കുന്നു. എന്റെ കണ്ണുകൾ പതുക്കെ നിറഞ്ഞുവന്നു.
കാപ്പി ഗ്ലാസ് താഴെ വെക്കാൻ പോലും സമ്മതിച്ചില്ല. വാങ്ങി കൊണ്ടുപോയി കഴുകി വെച്ചു.
........................................
രണ്ടാഴ്ച പെട്ടെന്ന് കഴിഞ്ഞു.
"അമ്മക്ക് ഇന്നുതന്നെ പോണോ? അവിടെ ഇപ്പൊ ആരും ഇല്ലല്ലോ. പിന്നെന്താ?. കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ട് പോകാം."
അയ്യോ അത് പറ്റില്ല. നിനക്കറിയില്ലേ?. അവിടെ എത്ര കാര്യങ്ങളുള്ളതാ.
തെങ്ങു കയറാറായി. കഴിഞ്ഞ മാസം തന്നെ മഴ കാരണം കയറാൻ പറ്റിയിട്ടില്ല.
ഗ്യാസ് ബുക്ക് ചെയ്തിട്ടുണ്ട്. ഫോൺ ബില്ല് അടക്കണം. പിന്നെ വല്യമ്മേടെ മോൾടെ കുട്ടീടെ കല്യാണം ഉണ്ട്.
പുതീത് മേടിച്ചതാ ഗ്രോ ബാഗ്. ആരാ ഒരു തുള്ളി വെള്ളമൊഴിക്കാൻ. മുളകുംതൈ ഒക്കെ എന്തായോ ആവോ? ഒക്കെ പോയിട്ടുണ്ടാകും.
പറമ്പൊക്കെ കാട് പിടിച്ചിട്ടുണ്ടാകും. ഇനിം നിന്നാ ശരിയാവില്ല. കഴിഞ്ഞ പ്രാവശ്യം വന്നു പോയപ്പോ തന്നെ ജനലൊക്കെ ചിതൽ പിടിച്ചിട്ടുണ്ടാർന്നു.
...............................
ഇറങ്ങാൻ നേരം.,
ചുരുട്ടിപ്പിടിച്ച കുറച്ചു നോട്ടുകൾ എന്റെ കയ്യിലേക്ക് തിരുകിവെച്ചു.
"ഇതെന്താമ്മേ?"
കയ്യിൽ വെച്ചോ. തേങ്ങ വിറ്റപ്പോ കിട്ടിയ കാശാ. നിനക്കിവിടെ വെള്ളം വരെ കാശു കൊടുത്തു മേടിക്കണ്ടേ.
എനിക്കിപ്പോ വേണ്ടമ്മേ. അമ്മ തന്നെ വെച്ചോ. അമ്മയ്ക്കും വരില്ലേ ഓരോ ആവശ്യങ്ങള്.
'ന്നാപ്പിന്നെ മോൾക്കെന്തെങ്കിലും വാങ്ങികൊടുക്ക്.അമ്മമ്മ തന്നതാന്നു പറഞ്ഞാ മതി.'
എന്റെ കയ്യിലിപ്പൊ ആവശ്യത്തിന് കാശൊക്കെയുണ്ട്. ഇത് അമ്മേടെ കയ്യിൽ തന്നെ ഇരിക്കട്ടെ."
നിർബന്ധപൂർവ്വം തിരികെ ഏൽപ്പിക്കുമ്പോൾ ഉള്ള് സങ്കടം കൊണ്ട് തിങ്ങുന്നുണ്ടായിരുന്നു.
മക്കൾ എത്രയൊക്കെ വളർന്നാലും, ഏതൊക്കെ നിലയിൽ എത്തിയാലും,
അവർക്കു കൊടുക്കാൻ ഏതൊരമ്മയുടെ കയ്യിലും കാണും ഇതുപോലെ
ചുരുട്ടിപ്പിടിച്ച കുറെ നോട്ടുകൾ.!!
വണ്ടി നീങ്ങിത്തുടങ്ങി. പ്ലാറ്റ്ഫോം കഴിഞ്ഞുള്ള വളവിനപ്പുറത്തു വണ്ടി കാഴ്ചയിൽ നിന്ന് മറയാൻ തുടങ്ങിയപ്പോൾ ഞാൻ വെറുതെ ഉരുവിട്ടുകൊണ്ടിരുന്നു.,
ഈ അമ്മേടെ ഒരു കാര്യം!!!


Reshmi M

വഴിയോരക്കാഴ്ചകൾ.


വഴിയോരക്കാഴ്ചകൾ.
.......................................
തിരക്കിനിടയിൽ ടിക്കറ്റെടുത്തു പ്ലാട്ഫോമിലെത്തിയപ്പോൾ സ്വാഗതം ചെയ്തത് ജനശതാബ്ധിഅര മണിക്കൂർ ലേറ്റ് ആകുമെന്ന അറിയിപ്പാണ്. റെയിൽവേയുടെ കാര്യക്ഷമതയിൽ നീരസം തോന്നിയെങ്കിലും, വേറെ മാർഗ്ഗങ്ങളില്ലാത്തതിനാൽ വണ്ടി വരുന്നതുവരെ കാത്തിരിക്കുക തന്നെ. വെറുതെ ഇരുന്നു ബോറടിക്കാൻ വയ്യാത്തതുകൊണ്ടു ബുക്ക് സ്റ്റാളിൽ കയറി പൗലോ കൊയ്‌ലയെയും ഹെമിങ്‌വേയെയും വാങ്ങിച്ചു. വിശദമായി പിന്നീട് വായിക്കാം. അതിനു മുമ്പ്
തിരക്കിനിടയിൽ അവരെ ചെറുതായി ഒന്ന് പരിചയപ്പെടാം. അര മണിക്കൂർ ലേറ്റ് എന്നാണ് പറഞ്ഞതെങ്കിലും സ്വാഭാവികമായി അതിൽ കൂടുതലും പ്രതീക്ഷിക്കണമല്ലോ?
വയസ്സൻ മുക്കുവന്റെ ജീവിതത്തിലേക്ക് കണ്ണോടിച്ചു. സിംഹങ്ങളെ സ്വപ്നം കാണുന്ന വയസ്സൻ മുക്കുവൻ. പക്ഷെ വായിക്കാൻ തീരെ ശ്രദ്ധ കിട്ടുന്നില്ല.
ചുറ്റിനും തിരക്കും ബഹളവും. ഏതോ ഒരു ട്രെയിൻ വന്നിരിക്കുന്നു. കയറാനും ഇറങ്ങാനുമുള്ളവരുടെ തിരക്ക്. യാത്രയയക്കാനും സ്വീകരിക്കാനും വന്നവരുടെ
വേവലാതികളും സന്തോഷങ്ങളും.
പ്ലാറ്റുഫോം തിരക്കിലും ബഹളത്തിലുമമർന്നു കഴിഞ്ഞിരിക്കുന്നു. പുസ്തകം മടക്കി വെറുതെ തിരക്കിലേക്കും ബഹളത്തിലേക്കും നോക്കി
ഇരിക്കുമ്പോഴാണ് ആ പയ്യൻ ശ്രദ്ധയിൽ പെട്ടത്. 25, 26 വയസ്സ് പ്രായം തോന്നും. കാണാൻ മിടുക്കൻ. അവന്റെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങളാണ്
ആദ്യം ശ്രദ്ധിച്ചത്.
അവൻ മൊബൈലിൽ മുഴുകിയിരിക്കുകയാണ്. അപ്പുറത്തു നിന്നും വരുന്ന മറുപടികൾക്കൊത്ത് അവന്റെ മുഖത്ത് മിന്നിമറയുന്ന വിവിധ ഭാവങ്ങൾ.
സങ്കടം., സന്തോഷം., ദേഷ്യം.
ഒരു സാധാരണ കാഴ്ച എന്നതിലപ്പുറം ഒന്നും തോന്നിയില്ല. ഓരോരുത്തർക്ക് ഓരോരോ പ്രശ്നങ്ങൾ എന്ന് സമാധാനിച്ചു വീണ്ടും പുസ്തകം നിവർത്തി. പക്ഷെ വായനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. അവനെ തന്നെ വീണ്ടും നോക്കാൻ തോന്നുന്നു. അവനിപ്പോൾ വെറുതെ ട്രാക്കിൽ നോക്കി നിൽപ്പാണ്. പക്ഷെ
അവനൊന്നും കാണുന്നില്ലെന്ന് തോന്നി. കടുത്ത എന്തോ ഒരു മാനസിക സംഘർഷത്തിലാണ് അവനെന്ന് ആ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു. .
ട്രെയിൻ പ്ലാറ്റ്ഫോം വിട്ടിരിക്കുന്നു. തിരക്കൽപം കുറഞ്ഞു. ചിലപ്പോ ഇവനും തിരുവനന്തപുരത്തേക്കായിരിക്കും. അതും എനിക്ക് സീറ്റ്
കിട്ടിയ എസ് ഫോർ ബോഗിയിൽ. ചിലപ്പോൾ എന്റെ തൊട്ടടുത്ത സീറ്റ് നമ്പറിൽ. ഒരു കൗതുകത്തിനു വേണ്ടി അങ്ങനെ ഓരോന്ന് മനസിലോർത്തു.
അവനാരെയും ശ്രദ്ധിക്കുന്നില്ല. അവന്റെ ലോകത്ത് ഈ റെയിൽവേ സ്റ്റേഷനോ അവിടെ ട്രെയിൻ കാത്തു നിൽക്കുന്നവരോ ആരുമില്ല. അവൻ വീണ്ടും മൊബൈൽ എടുത്തു ആരെയോ വിളിക്കുകയാണ്. പറയുന്നതൊന്നും വ്യക്തമായില്ലെങ്കിലും അരമണിക്കൂറിനുള്ളിൽ നീ എത്തില്ലേ എന്ന് ചോദിക്കുന്നത് വ്യക്തമായി കേട്ടു.
അപ്പൊ ഇവനും തിരുവനന്തപുരത്തേക്ക് തന്നെ. ഞാൻ ഉറപ്പിച്ചു.
വെറുതെ ഒരു കൗതുകം. എനിക്ക് ആകാംക്ഷ കൂടി കൂടി വരുകയായിരുന്നു. ചിലപ്പോൾ കാമുകിയെയായിരിക്കും വിളിക്കുന്നത്. ടെൻഷനും അങ്കലാപ്പുമൊക്കെ കണ്ടിട്ടു അങ്ങനെയല്ലാതെ സങ്കൽപ്പിക്കാൻ കഴിയുന്നില്ല. പരിസരബോധം നഷ്ടപ്പെട്ടവനെപ്പോലെ സംസാരിച്ചു സംസാരിച്ചു അവൻ ഏതാണ്ട് ഞാൻ
ഇരിക്കുന്നതിന്റെ അടുത്തെത്തി. ഇപ്പൊ എനിക്ക് വ്യക്തമായും കേൾക്കാം അവൻ പറയുന്നത്.
മീനു നീ പെട്ടെന്ന് വാ. ട്രെയിൻ ഇപ്പൊ വരും. ഇപ്പോ നമ്മള് പോയില്ലെങ്കിൽ പിന്നെ പറ്റില്ല. ഇന്ന് അച്ഛൻ വീട്ടിൽ ഇല്ലാത്തതല്ലേ. അവന്റെ മുഖഭാവം
കണ്ടിട്ട് അവൾ ഇറങ്ങികഴിഞ്ഞു എന്നാണ് എനിക്ക് തോന്നിയത്. ഏതൊക്കെയോ ഊടുവഴികൾ അവൻ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. ആ വഴികളിലൂടെ വന്നാൽ ഹൈവേയിലെ ട്രാഫിക്ക് കുരുക്കുകളിൽ പെടാതെ പെട്ടെന്ന് സ്റ്റേഷനിൽ എത്താം.
അല്ലെങ്കിൽ ബ്ലോക്കിൽ പെട്ടു കിട്ടിയ അവസരം നഷ്ടപ്പെടും എന്നൊക്കെ അവൻ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. അവൻ എത്രമാത്രം ഉറക്കെയാണ്
സംസാരിക്കുന്നതെന്നതിനെ പറ്റി അവനൊരു ബോധവുമുണ്ടായിരുന്നില്ല. പ്ലാറ്റ്ഫോമിൽ ഇരിക്കുന്ന ഒരുപാട് പേർ അവനെ തന്നെ ശ്രദ്ധിക്കുന്നതും അവൻ
കാണുന്നുണ്ടായിരുന്നില്ല.
എല്ലാം മറന്നു ഫോണിൽ മുഴുകിയിരിക്കുന്ന അവനോട് പെട്ടെന്നൊരു സഹതാപം തോന്നി. കൊള്ളാവുന്നൊരു കുടുംബത്തിലെ പയ്യനാണെന്ന്
ഒറ്റ നോട്ടത്തിൽ തന്നെ തോന്നും. എന്തുകൊണ്ടെന്നറിയില്ല, തിരുവനന്തപുരത്ത് ഞാൻ വണ്ടിയിറങ്ങുന്നതും നോക്കി സ്റ്റേഷനിൽ കാത്തിരിക്കുന്ന അനിയൻറെ മുഖം മനസ്സിൽ തെളിഞ്ഞു. അറിയാതെ ഒരു വാത്സല്യം മനസ്സിൽ ഉറവ പൊട്ടുന്നുണ്ടായിരുന്നു, ഇടക്ക് അവൻ കണ്ണു തുടക്കുന്നത് കണ്ടപ്പോൾ.
ടെൻഷൻ ആവണ്ട അവൾ വരും എന്ന് പറയണം. മനസ്സ് അങ്ങനെ ആഗ്രഹിച്ചു. പക്ഷെ ആര് എന്ത് എന്നൊന്നും അറിയാതെ.!!
ഇപ്പോൾ ഞാനും ഇടയ്ക്കു വാച്ചിലേക്ക് നോക്കാൻ
തുടങ്ങി. അര മണിക്കൂറിനുള്ളിൽ ആ കുട്ടി വരില്ലേ ആവോ? അവന്റെ ടെൻഷൻ എന്റെ ഉള്ളിലേക്കും കടന്നുകയറി തുടങ്ങുകയായിരുന്നു. അവൾ പെട്ടെന്ന് വന്നാൽ മതിയാരുന്നു.
..........................
വേവലാതിയോടെ സംസാരിച്ചു കൊണ്ടിരുന്ന അവന്റെ മുഖത്ത് പെട്ടെന്ന് സന്തോഷം നിറയുന്നു. കടുത്ത വേവലാതിയിലും മുഖം നിറഞ്ഞ
പുഞ്ചിരിയുമായി ഒരു പെൺകുട്ടി അവന്റെ അടുത്തേക്ക് തിരക്കിട്ടു വരുന്നു. വെറുതെ അങ്ങനെ ഒരു കാഴ്ചക്ക് ഞാൻ ആഗ്രഹിച്ചു..
അവനിപ്പോഴും മൊബൈലിലാണ്. വിളിക്കുന്നു. കട്ട് ചെയ്യുന്നു; വീണ്ടും
വിളിക്കുന്നു. നാശം റേഞ്ച് കിട്ടുന്നില്ല എന്നൊക്കെ ഉറക്കെ
പിറുപിറുക്കുന്നു. ആരോടൊക്കെയോ ഉള്ള ദേഷ്യം തീർക്കാണെന്ന പോലെ ബാഗ് താഴെ ഇടുന്നു. എടുക്കുന്നു. എന്നിട്ട് അവിടെ ഒഴിഞ്ഞു കിടന്നിരുന്ന ഒരു സീറ്റിൽ ഇരിക്കുന്നു. പെട്ടെന്ന് എഴുന്നേല്ക്കുന്നു. വീണ്ടും നടക്കുന്നു. ഫോൺ ചെയ്യുന്നു. ഇത് തന്നെ ആവർത്തിച്ചു കൊണ്ടിരിക്കുന്നു.
ഇപ്പൊ ഫോൺ കിട്ടി എന്ന് തോന്നുന്നു. എവിടെ എത്തി എന്ന ചോദ്യം വ്യക്തമായി ഞാൻ കേട്ടു. അവളുടെ ഓരോ
മറുപടിക്കൊപ്പം അവന്റെ ശബ്ദവും ഉയർന്നുകൊണ്ടിരുന്നു. നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇത്തിരി നേരത്തെ ഇറങ്ങാൻ.
അവന്റെ ചോദ്യത്തിൽ ദേഷ്യവും സങ്കടവും.
അവൾ, അച്ഛൻ ഇറങ്ങാൻ വൈകി എന്നാവും പറഞ്ഞിട്ടുണ്ടാകുക എന്ന് തോന്നി. അവൻ പറയുന്നുണ്ടാരുന്നു. അച്ഛൻ വൈകിയാൽ നിനക്ക് കൂട്ടുകാരിയുടെ വീട്ടിൽ പോവാണെന്ന് പറഞ്ഞു ഇറങ്ങാരുന്നില്ലേ??
പിന്നെ ഒരു നിമിഷത്തെ നിശബ്ദത. ഛെ നാശം വീണ്ടും കട്ട് ആയി. അവൻ പിറുപിറുക്കുന്നു. പിന്നെ അസ്വസ്ഥനായി തലങ്ങും വിലങ്ങും നടക്കുന്നു.
വീണ്ടും ഫോൺ എടുക്കുന്നു. ട്രെയിൻ വരുന്നുണ്ടോന്നു നോക്കുന്നു.
എന്ട്രൻസിലേക്ക് നോക്കുന്നു.
ഇപ്പൊ ഞാനാണ് വാച്ചിൽ നോക്കി കൊണ്ടിരിക്കുന്നത്. അവന്റെ ആകാംക്ഷകളൊക്കെ
എന്റേതായി മാറിയതുപോലെ.
ട്രെയിൻ അര മണിക്കൂർ ലേറ്റ് ആയതിനെ പ്രാകി കൊണ്ടിരുന്ന ഞാൻ തന്നെ പ്രാർത്ഥിച്ചു. ഒരു മണിക്കൂർ ലേറ്റ് ആയിരുന്നെങ്കിൽ. അങ്ങനെ ഒരു
അനൗൺസ്‌മെന്റ് കേട്ടെങ്കിലെന്ന്. അപ്പോൾ ആ പയ്യന്റെ മുഖത്ത് തെളിയുന്ന ആശ്വാസവും സന്തോഷവും ഒന്ന് കാണാൻ കഴിഞ്ഞെങ്കിലെന്ന്.
പക്ഷെ അതുണ്ടായില്ല.
വീണ്ടും അനൗണ്സ്മെന്റ്.
പത്തു മിനുറ്റിനകം തിരുവനന്തപുരത്തേക്ക് പോവുന്ന ജനശധാബ്ധി എക്സ്പ്രസ്സ് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തി ചേരുന്നതാണ്. ആ ഒരു അനൗൺസ്മെന്റോടെ
അവന്റെ വെപ്രാളവും സങ്കടവും ഇരട്ടിച്ചു. എന്ത് ചെയ്യണമെന്നറിയാതെ അവൻ റിഫ്രഷ്മെന്റ് സ്റ്റാളിലേക്കു പോകുന്നതും ഒരു കുപ്പി വെള്ളം വാങ്ങി
ഒറ്റയടിക്ക് മുഴുവൻ കുടിച്ചു തീർക്കുന്നതും ഞാൻ കാണുന്നുണ്ടായിരുന്നു. കലിയും സങ്കടവും മൂത്തു ഒരു ശത്രുവിനെയെന്നവണ്ണം ഒഴിഞ്ഞ കുപ്പി
ട്രാക്കിലേക്ക് എറിഞ്ഞു. ഫോൺ എടുത്തു വീണ്ടും വിളിച്ചു. ഒരു പത്തു മിനുട്ടിനുള്ളിൽ എത്തില്ലേ.? അവന്റെ ചോദ്യത്തിൽ ലോകത്തിലെ മുഴുവൻ
ദൈന്യതയും നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. അവൾ പറഞ്ഞ മറുപടി എന്താണെന്നു മനസിലായില്ല. അവൻ തിരിച്ചൊന്നും പറഞ്ഞില്ല. ഫോൺ പോക്കറ്റിൽ
ഇട്ട് ട്രെയിൻ വരുന്നതും നോക്കി നിന്നു.
എല്ലാ ആലംബവുമറ്റവനെപ്പോലെ അവൻ പ്ലാറ്റഫോമിലൂടെ വെറുതെ അങ്ങോട്ടും
ഇങ്ങോട്ടും നടക്കാൻ തുടങ്ങി. ഇടക്ക് എന്ട്രന്സിൽ ചെന്ന് നോക്കുന്നു. ഒരുവേള അവൻ നടന്നു പോവുമ്പോൾ എന്നെ ഒന്ന് ചവിട്ടുകയും ചെയ്തു. അതൊന്നും അവൻ അറിഞ്ഞത് പോലുമില്ല. രണ്ടാമത്തെ അനൗണ്സ്മെന്റ് വന്നു. ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
അധികം ദൂരെയല്ലാതെ ട്രെയിനിന്റെ എഞ്ചിൻ പ്രത്യക്ഷപ്പെട്ടു. അനുനിമിഷം വളർന്നുകൊണ്ടിരിക്കുന്ന ഒരു രാക്ഷസനെപ്പോലെ അടുത്തെത്തിക്കൊണ്ടിരിക്കുന്ന
ട്രെയിനിൽ എനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. ഞാനും അവനെ പോലെ പ്ലാറ്റഫോമിലേക്കുള്ള എന്ട്രന്സിലേക്ക് നോക്കി നിൽക്കുകയാണ്. അവൻ
ബാഗുമെടുത്തു എന്ട്രന്സിലേക്ക് ഓടുകയാണ്.
 ഇല്ല വന്നിട്ടില്ല.
തിരികെ വന്നപ്പോൾ സങ്കടത്താൽ അവൻ കണ്ണുകൾ തുടക്കുന്നുണ്ടായിരുന്നു. എന്റെ ഉള്ളിലും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വിഷമം ഉണ്ടായി. ട്രെയിൻ ഏതാണ്ട് അടുത്തെത്തി സ്റ്റോപ്പ് ചെയ്യാറായി.
അഞ്ചു മിനിട്ടാണ് ട്രെയിനിന് ഈ സ്റ്റേഷനിൽ നിശ്ചയിച്ച സമയം. ചിലപ്പോൾ അഞ്ചിന് പകരം ഒരു പത്തു മിനിറ്റ് അവിടെ നിർത്തുമായിരിക്കും.
യാത്രക്കാരുടെ തിരക്കിനെ അടിസ്ഥാനമാക്കി. ആ പത്തു മിനിട്ട് ഒരുപാട് നീണ്ടുപോകണേ എന്ന് അറിയാതെ പ്രാർത്‍ഥിച്ചു പോയി. അധികമൊന്നും വേണ്ട. അവൾ എത്തുന്നത് വരെ.
അവൻ വീണ്ടും ഫോൺ എടുത്തു അവളെ വിളിച്ചു. എന്താണ് മറുപടി എന്നറിയാൻ വേണ്ടി ഞാൻ അവന്റെ മുഖത്തേക്ക് തന്നെ നോക്കി. ട്രെയിന്റെ ശബ്ദം കാരണം എനിക്കൊന്നും കേൾക്കാൻ കഴിഞ്ഞില്ല.
മനപ്പൂർവ്വമെങ്കിലും കയറാനും ഇറങ്ങാനുമുള്ള ആൾക്കാരെ വെറുതെ ശ്രദ്ധിച്ചുനോക്കിക്കൊണ്ട് ഞാനും ബാഗ് എടുത്തു ബോഗിക്ക്‌ നേരെ നടന്നു.
പ്ലാറ്റഫോമിൽ ആകെ തിരക്കായി. ഇത്രേം ആളുകൾ ഈ ട്രെയിനിൽ കയറാൻ വേണ്ടി ഇവിടെ വെയിറ്റ് ചെയ്തിരുന്നോ എന്ന് അതിശയപ്പെട്ടു. എവിടെയായിരുന്നു ഇവരെല്ലാം ഇത്രനേരവും.
ആ തിരക്കിൽ ഞാൻ അവനെ നോക്കി. നിസ്സഹായതയിൽ നിന്നുണർന്ന ഒരു നിർവികാരതയോടെ
അവൻ ട്രെയിൻ വരുന്നതും നോക്കി നിൽപ്പാണ്. ചിലപ്പോൾ അവൻ ഈ ട്രെയിനിൽ
കയറുമായിരിക്കും,, അവൾ വന്നില്ലെങ്കിലും. സീറ്റ് റിസേർവ്
ചെയ്തിട്ടുള്ളതുകൊണ്ട് തിരക്കൊന്ന് ഒഴിയട്ടെ എന്ന് വിചാരിച്ചു ഞാൻ
നടത്തത്തിന്റെ വേഗം കുറച്ചു.
പെട്ടെന്നായിരുന്നു.
എവിടെന്നോ ഒരാൾ വെപ്രാളപ്പെട്ട് ഓടിക്കിതച്ചു വന്നതും, വേവലാതിയോടെ അവൾ
വരുന്നതും നോക്കി നിൽക്കുന്ന അവന്റെ മേൽ ഇടിച്ചതും ഇടിയുടെ ശക്തിയിൽ
അവൻ നില തെറ്റി ട്രാക്കിലേക്ക് വീണതും ട്രെയിൻ വന്നതും......!!!!
എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞു. തൊണ്ടയോളം വന്ന ഒരു നിലവിളി
പുറത്തേക്കു പോകാൻ കഴിയാതെ എന്നെ ശ്വാസം മുട്ടിച്ചു. വയറ്റിൽ നിന്നും ഒരു
തീഗോളം ഉയർന്നു. ഞാൻ അടിമുടി വിറക്കാൻ തുടങ്ങി. ആളുകൾ ഓടിക്കൂടുന്നു.
പലരും ബഹളം വെക്കുന്നു. ട്രെയിൻ നിർത്താൻ പറഞ്ഞു ട്രെയിനിൽ തട്ടുന്നു,
ശരിക്കും പറഞ്ഞാൽ എനിക്കൊന്നും മനസിലായില്ല എന്നതാണ് വാസ്തവം.
അല്ലെങ്കിൽ., "എന്റെ മനസ്സ് അത് കണ്ടെങ്കിലും കാണാതെ ഇരുന്നു. ഒന്നും
സംഭവിച്ചില്ല എന്ന ഭാവത്തിൽ."
ജനങ്ങൾ പല പല കൂട്ടങ്ങളായി അവിടവിടെ ഒത്തുചേർന്നു. എന്താണ്, ഏതാണ്, എന്ത്
പറ്റി എന്നൊക്കെ പലരും അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കുന്നു. ആളുകൾ കൂട്ടം
കൂടി നിന്ന് അടക്കം പറയുന്നു. പുതിയതായി വന്ന യാത്രക്കാരോട്
വിശദീകരിക്കുന്നു.
എല്ലാം കഴിഞ്ഞു എന്ന് ആരോ പറഞ്ഞത് കേട്ടു. പിന്നെ ഞാനൊന്നും കണ്ടില്ല
കേട്ടില്ല. ഞാൻ എന്നെ തന്നെ മുറുകെ പിടിച്ചു അവിടെ ഇരുന്നു.
പൂർണമായും എനിക്ക് ബോധം വന്നപ്പോഴേക്കും എല്ലാം ശൂന്യമായിരുന്നു.
ആ മായകഴ്ച്ചയിലെപ്പോഴോ ഇളം നീല ചുരിദാറിട്ട ഒരു പെൺകുട്ടി
ഇതൊന്നുമറിയാതെ ഓടി കിതച്ചു വരുന്നത് ഞാൻ കണ്ടിരുന്നു.......!!!!

By
Resmi Gopakumar

ഒരു പാലക്കാടൻ മരണയാത്ര!!!.


ഒരു പാലക്കാടൻ മരണയാത്ര!!!.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഓഫീസിൽ എത്തിയപ്പോഴേ കേട്ടത് ഷൈനിയുടെ അപ്പച്ചന്റെ മരണവാർത്തയായിരുന്നു. അത് പക്ഷെ., ഞങ്ങളിൽ പ്രത്യേകിച്ചൊരു ഭാവഭേദവുമുണ്ടാക്കിയില്ല. ഒത്തിരി കാലമായി കിടപ്പിലായിട്ട് . അടുത്ത ഒരവസരത്തിലാണ് മരണം അടുത്തെന്ന് ഡോക്ടർ പറഞ്ഞതും. അതുകൊണ്ടു തന്നെ ഞങ്ങൾക്ക് ആ മരണവാർത്തയിൽ ഞെട്ടേണ്ട ഒരാവശ്യവുമില്ലായിരുന്നു. അൽപം ടെൻഷൻ ഉള്ളത് ആരൊക്കെ പാലക്കാട്ടേക്ക് പോകും എന്നതിനെപ്പറ്റി മാത്രം.
വെറും പന്ത്രണ്ടു ജീവനക്കാർ മാത്രമടങ്ങുന്ന ഒരു ഫൈനാൻസിങ് കമ്പനി. അതുകൊണ്ടു തന്നെ ജീവനക്കാർ എല്ലാവരും ഒരു കുടുംബം പോലെ. ആറ് ഫീമെയിൽ സ്റ്റാഫും നാലു മെയിൽ സ്റ്റാഫും പിന്നെ രണ്ടു മാർക്കറ്റിങ് സ്റ്റാഫുകളും.
ബോസ് ആണെങ്കിൽ നല്ല സ്നേഹമുള്ള, സ്റ്റാഫിനോടൊപ്പം എന്തിനും പങ്കുചേരുന്ന ഒരു സാധു മനുഷ്യൻ. ബോസ്സിന്റെ വൈഫും അങ്ങനെ തന്നെ. "മാഡം" എന്ന് വിളിക്കുമെങ്കിലും ഒരു ചേച്ചിയുടെ സ്ഥാനത്താണ് എല്ലാവരും അവരെ കാണുന്നത്.
ഓഫിസിൽ ചർച്ച കൊഴുക്കുകയാണ്. ആരൊക്കെ പാലക്കാട്ടേക്ക് പോകും. എനിക്കും ജീനക്കും നിത്യക്കും ഒഴികെ ബാക്കിയുള്ളവർക്കൊക്കെ ഇൻ ലോസ് വീട്ടിലുണ്ട്. അതുകൊണ്ട് തന്നെ അവർക്കു വരാൻ മടി. ഒരാളുടെ ഭർത്താവ് വിദേശത്ത്. വീട്ടിൽ കുട്ടികൾ തനിച്ചാവും. അപ്പൊ തീരെ വരൻ പറ്റില്ല. പാലക്കാട്ടേക്ക് ആറ് മണിക്കൂറെങ്കിലും യാത്ര കാണും. അവിടെയെത്തി തിരികെ വരുമ്പോഴേക്കും എങ്ങനെ പോയാലും ഒരു പത്തു പതിനൊന്നു മണിയാകും. സാഹചര്യം കാരണം അവർ വരുന്നില്ലെന്ന് ഉറപ്പിച്ചു. അത് ഞങ്ങൾക്കും സമ്മതമായിരുന്നു.
അവസാനം ഞങ്ങൾ മൂന്നു പേരും കൂടെ പോവാൻ തീരുമാനമായി. ബോസ് തന്നെ ടാക്സി അറേഞ്ച് ചെയ്തു തന്നു.
പതിനൊന്നു മണിയോടെ ഞങ്ങൾ യാത്രയായി. കുറച്ചു ദൂരം കഴിഞ്ഞപ്പോഴായിരുന്നു ജീന പറഞ്ഞത് ഒരു ബൊക്കെയോ റീത്തോ വാങ്ങേണ്ടേ.? നമ്മൾ ഓഫീസിൽ നിന്നല്ലേ പോവുന്നത്. അത് ശരിയാണെന്നു ഞാനും നിത്യയും ഒരേ സ്വരത്തിൽ സമ്മതിച്ചു. വഴിയിൽ ഏതെങ്കിലുമൊരു പൂക്കടയിൽ വണ്ടി നിർത്താൻ ഡ്രൈവർക്കു നിർദ്ദേശം കൊടുത്തു.
പാലക്കാട് അടുത്ത് എവിടെയെങ്കിലും കട ഉണ്ടാകും. അവിടന്ന് മേടിക്കാം. അത് ജീനയുടെ ഐഡിയയായിരുന്നു. ഞങ്ങളും അത് ശരി വെച്ചു. അല്ലേലും റീത്തൊക്കെ കയ്യിലിരിക്കുമ്പോ മരണം നമുക്ക് ചുറ്റും എപ്പോഴും കറങ്ങി കൊണ്ടിരിക്കും. അങ്ങനെ പലവിധ വിശേഷങ്ങൾ പങ്കുവെച്ചു യാത്ര തുടർന്നു. കോളേജ് കാലത്തേ അനുസ്മരിക്കും വിധം ആയിരുന്നു ആ യാത്ര. ഇടയ്ക്കു ഒന്ന് രണ്ടു സ്ഥലത്തു ഇറങ്ങി അതുമിതുമൊക്കെ വാങ്ങി കഴിച്ചു, മൂവരും ഹാപ്പി.
പെട്ടെന്ന് നിത്യക്കൊരു ഐഡിയ. മടങ്ങാൻ ഒരുപാട് ലേറ്റ് ആവുകയാണെങ്കിൽ അവളുടെ അങ്കിളിന്റെ വീട്ടിൽ കയറാം. വണ്ടി തിരിച്ചയച്ചു രാവിലെ ട്രെയിനിൽ തിരികെ പോരുകയും ചെയ്യാം.
ഓക്കേ പറയാൻ ജീനക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. അവൾ ത്രില്ലിൽ ആയി. അങ്കിൾ എക്സ് മിലിറ്ററി ആണ്. അവിടെ നമുക്ക് അടിച്ചു പൊളിക്കാം ഇന്ന് നൈറ്റ്. അങ്കിളും ആന്റിയും മാത്രേ വീട്ടിൽ ഉള്ളൂ. മക്കളൊക്കെ വിദേശത്താണ്. നിത്യ കോളേജിൽ പഠിക്കുന്ന കാലത്ത് അവിടെ നിന്നാണ് പഠിച്ചത്. അവർക്കു അവളെ മക്കളെക്കാൾ സ്നേഹമാണ്. അതിന്റെ എല്ലാ സ്വാതന്ത്ര്യവും അവൾ മുതലാക്കുകയും ചെയ്യും.
ഇത്തിരിയൊന്നു സോപ്പിട്ടാൽ അങ്കിളിനെക്കൊണ്ട് അലമാരയിൽ ഒളിപ്പിച്ചു വെച്ച സ്കോച്ച് പുറത്തെടുപ്പിക്കാം. അതില്ലെങ്കിൽ ബിയറെങ്കിലും!!!.
നിത്യ പറഞ് എല്ലാ വിശേഷങ്ങളും ഞങ്ങൾക്കറിയാം. അവരെ കണ്ടിട്ടില്ല എന്നെ ഉള്ളൂ.
നീ ഇപ്പൊ തന്നെ അങ്കിളിനെ വിളിച്ചു പറ. ഒട്ടും വൈകിക്കണ്ട. ജീനക്ക് ആവേശം കയറി. നിത്യയെക്കൊണ്ട് ഫോൺ വിളിപ്പിച്ചു പറഞ്ഞിട്ടേ ജീനക്ക് സമാധാനായുള്ളൂ.
അതിനുശേഷം അവൾ ഒന്നൂടെ ആക്റ്റീവ് ആയി. മൊബൈലിൽ കുറെ ചിത്രങ്ങളൊക്കെ പകർത്തി. തോന്നിയപോലൊക്കെ സെൽഫി എടുത്തു അപ്പൊ തന്നെ ഫേസ്ബുക്കിൽ ഇട്ടു.
.....................................
പാലക്കാടെത്തിയപ്പോൾ മണി അഞ്ചിനോടടുക്കുന്നു. അവിടന്ന് നല്ല ഭംഗിയുള്ളൊരു ബൊക്കെ വാങ്ങി. വെള്ളയും ചുമപ്പും റോസാപ്പൂക്കൾ കൊണ്ടലങ്കരിച്ച ഒരു ബൊക്കെ. പിന്നെ ഞങ്ങൾ വീടന്വേഷിക്കുന്ന തിരക്കിലായി. പലരോടും ചോദിച്ചു.
ലാലേട്ടൻ പറഞ്ഞപോലെ ചോയ്ച്ചു ചോയ്ച്ചു ഞങ്ങൾ ഒരു പെട്ടിക്കടയുടെ മുമ്പിൽ എത്തി. അവിടെ ഇറങ്ങി. പെട്ടിക്കടക്കാരനെ സന്തോഷിപ്പിക്കാൻ മൂന്നു 'നാരങ്ങാസോഡ', പറഞ്ഞു. എന്നിട്ടു വഴിയന്വേഷിച്ചു. അയാൾക്ക്‌ വീടറിയാം. അയാൾ വഴി പറഞ്ഞു തന്നു.
അയാൾ സോഡാ അടിക്കുന്ന നേരം കൊണ്ട് ഞങ്ങളുടെ ഫുൾ ഹിസ്റ്ററി ചോദിച്ചറിഞ്ഞു. ജീനയെ സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോ നിത്യ എന്നെയൊന്നു തോണ്ടി.
ഇത് വായ്നോട്ടം തന്നെ. ജീന സുന്ദരിയാ. നല്ല ഒന്നാന്തരം അച്ചായത്തി. തൂവെള്ള നിറം. നല്ല സ്ട്രൈറ്റൻ ചെയ്ത മുടി അങ്ങനെ പാറിപ്പറന്നു കിടക്കുവാ. പോരാത്തതിന് യാതൊരു യാത്രാക്ഷീണവും അവളുടെ മുഖത്തില്ല. ഇറങ്ങാൻ നേരം അവൾ മുഖമൊന്നു ടച്ചപ്പ് ചെയ്തു. അവളുടെ ബാഗിൽ എപ്പോഴും ഒരു കിറ്റ് കാണും.
ഞങ്ങൾ പരസ്പരം നോക്കിയതിന്റെ അർഥം അവൾക്കു പിടികിട്ടി. അവൾ അയാളെ നോക്കി ചിരിച്ചു. നല്ലോണം പഞ്ചാര ഇട്ടു കലക്കിയ നാരങ്ങാസോഡ അയാൾ ആദ്യം തന്നെ അവൾക്കു നേരെ നീട്ടി. പിന്നീട് ഞങ്ങൾക്കും.
മോൾക്ക് വേറെന്തെലും വേണോ?
ജീനയോടാണ്.
ഒന്നും വേണ്ട ചേട്ടാ.
നല്ല കച്ചോടം ഒക്കെ ഉണ്ടോ?
ങാ... കുഴപ്പല്യ. ന്നാലും വല്യ കഷ്ടമാ മോളെ.
നിത്യ എന്നോട് പറഞ്ഞു. നല്ല കച്ചോടം നോക്കേണ്ട. കൂട്ടിയിട്ടിരിക്കുന്ന നാരങ്ങാത്തൊലി കണ്ടില്ലേ?
ഹും .... അവൻ മലയാളി തന്നെ. ഞാൻ പറഞ്ഞു.
ഗ്ലാസ് തിരികെ കൊടുത്തു, അപ്പൊ ശരി ചേട്ടാ. പിന്നെ കാണാട്ടോ. ഞങ്ങൾ അവിടന്നിറങ്ങി.
അയാൾ പറഞ്ഞ വഴിയിൽ കൂടെ ഡ്രൈവർ വണ്ടിയെടുത്തു. കുറച്ചു പോയപ്പോ തന്നെ ഒരാൾക്കൂട്ടം കണ്ടു.
ദേ ...
ഇത് തന്നെ!. മരണവീട്. ആൾക്കാരൊക്കെ കൂടി നിൽക്കുന്നുണ്ട്.
ഞങ്ങൾ അവിടെയിറങ്ങി. ജീന ബൊക്കെ കയ്യിലെടുത്തു. എല്ലാവരും മുഖത്ത് ദുഃഖം പുരട്ടി.
.............................................................
ഞങ്ങൾ ഗേറ്റ് കടന്നു. ആദ്യായിട്ടാണ് ഷൈനിയുടെ വീട്ടിൽ പോവുന്നത്. അതിന്റെ ഒരിത് എല്ലാരുടെയും മുഖത്തുണ്ട്.
വിശാലമായ കോംബൗണ്ടിൽ നല്ല ഭംഗിയുള്ള ഒരു വലിയ രണ്ടുനില വീട്. ചരൽ പാകിയ ഒരു നടപ്പാത. അതിനിരുവശത്തും ബോഗൻ വില്ലകൾ പല നിറങ്ങളിൽ നിറയെ പൂത്തു നിൽക്കുന്നു. ഒരു ഭാഗത്തായി ചെറിയൊരു താമരക്കുളം. അതിൽ വയലറ്റും വെള്ളയും നിറത്തിൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. അതിനടുത്തായി തന്നെ ഭംഗിയിൽ പണിതൊരു കിളിക്കൂട്. പലതരം ലവ് ബേർഡ്‌സ്. നല്ല കളകളാരവം. വെയിൽ മങ്ങിയതുകൊണ്ടു മൊത്തം നല്ലൊരു തണുപ്പും, പലതരം പൂക്കളുടെ സുഗന്ധവും. ഞങ്ങൾ പരസ്പരം മുഖത്തോടു മുഖം നോക്കി.
അതിന്റെ അർത്ഥം ഇങ്ങനെയൊക്കെയായിരുന്നു-
ഇത്ര വലിയൊരു വീടാണോ ഷൈനിയുടേത്. ഈ വീട് കണ്ടാലറിയാം അവരുടെ സാമ്പത്തികാവസ്ഥ. എന്നിട്ടാണ് ആ ഫൈനാൻസിങ് കമ്പനിയിൽ ജോലിക്കു വരുന്നത്. കാര്യം അത്യാവശ്യം നല്ല സാലറിയൊക്കെ ഉണ്ടെങ്കിലും, അങ്ങോട്ട് വരേണ്ട കാര്യം ഈ വീടിന്റെ അവസ്ഥ വെച്ച് ഷൈനിക്കില്ല. ഒരുപക്ഷെ ചിലർക്ക് ജോലി എന്നതൊരു ക്രെയ്സ് ആവൂലോ. അതാവും.
അങ്ങനെയൊക്കെ ചിന്തിച്ചു ഞങ്ങൾ സിറ്റൗട്ടിലേക്ക് കയറി. പലരും ഞങ്ങളെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് ചെറുതായി ഒരു ജാള്യത തോന്നി. ബോഡി ഫ്രീസറിൽ വെച്ചിരിക്കുകയാണ്. കുറെ പേർ ചുറ്റും കസേരയിൽ ഇരിക്കുന്നുണ്ട്. കൂടാതെ സെറ്റിയിലും മറ്റുമായി ആ വലിയ ഹാൾ നിറയെ ആൾക്കാരുണ്ടായിരുന്നു. എല്ലാവരും വില കൂടിയ അലങ്കാരങ്ങളോട് കൂടിയവർ. കണ്ണുകൾ കൊണ്ട് അവിടെ മുഴുവൻ ഷൈനിയെ തിരഞ്ഞു. പക്ഷെ കണ്ടില്ല. ബോഡി വെച്ചിരിക്കുന്നിടം നോക്കി നിത്യ പറഞ്ഞു. അങ്ങോട്ട് പോകാം. അവിടെ ഉണ്ടാകും. ബൊക്കെ വെക്കണ്ടേ?. ഞങ്ങൾ പതുക്കെ അങ്ങോട്ട് നീങ്ങി.
ധാരാളം റീത്തും ബൊക്കെയും ഒക്കെ താഴെ അടുക്കി അടുക്കി വെച്ചിട്ടുണ്ട്. കാൽക്കലായി ജീന ബൊക്കെ വെച്ചു. അത് കഴിഞ്ഞാണ് ഞങ്ങൾ ചില്ലിനുള്ളിൽ കൂടി ബോഡി കണ്ടത്. ബുൾഗാൻ ഒക്കെ വെച്ചൊരു സുന്ദരൻ. അധികം പ്രായമൊന്നും ഇല്ല.
ഷൈനിക്ക് ഇത്രേം സുന്ദരനായ അപ്പച്ചനോ?
സംസാരിച്ചില്ലെങ്കിലും ഞങ്ങളുടെ ഹൃദയങ്ങൾ സംസാരിച്ചത് പരസ്പരം കേൾക്കാമായിരുന്നു.
അപ്പോഴാണ് അത് കണ്ടത്.
ജോർജ്- 45 (പൈലറ്റ്)
അത് കണ്ടതും ജീന ഷാൾ എടുത്തു മുഖം പൊത്തി കരയാൻ തുടങ്ങി.
പൊട്ടിപ്പൊട്ടിയുള്ള അവളുടെ കരച്ചിൽ കണ്ട നിത്യയും വിതുമ്പാൻ തുടങ്ങി.
ഇതൊക്കെ കണ്ട് പൊട്ടൻ പൂരം കണ്ട പോലെ ഞാൻ നിന്നു. മറ്റുള്ളവർ എന്ത് വിചാരിക്കും എന്നോർത്ത് ഞാനും ഷാൾ എടുത്തു മുഖത്തിനോട് ചേർത്ത് പിടിച്ചു.
ജീന കരച്ചിൽ നിർത്തുന്നില്ല. അവളുടെ ശരീരം മൊത്തം കുലുങ്ങുന്നുണ്ട്. ഞാൻ നിത്യയെ ഒന്ന് നോക്കി. കണ്ണുകൾ കൊണ്ട് പോവാം എന്ന് പറഞ്ഞു. അപ്പോഴേക്കും എല്ലാവരും ഞങ്ങളെ തന്നെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. ഒരുവിധത്തിൽ നിത്യയും ഞാനും കൂടി ജീനയെ ചേർത്തു പിടിച്ചാശ്വസിപ്പിച്ചു പുറത്തെത്തിച്ചു. നടന്നു പോരുമ്പോഴും എല്ലാവരും ഞങ്ങളെ തന്നെ ശ്രദ്ധിക്കുന്നു. മുഖം പൊത്തി കരഞ്ഞുകൊണ്ടാണ് ജീനയുടെ വരവ്. ഞാനും നിത്യയും ശരിക്കും പേടിച്ചു.
കുരിശാവുമോ ദൈവമേ. ഒരു വേള ഞാൻ ഞാൻ അങ്ങനെയും ചിന്തിച്ചു.
............................................ ..............................
ഒരു വിധത്തിൽ ഞങ്ങൾ കാറിൽ എത്തി. അപ്പോഴായിരുന്നു ജീന ഷാൾ മാറ്റിയത്. അവൾ പിന്നെ പൊട്ടിപ്പൊട്ടി ചിരിക്കാൻ തുടങ്ങി. അവളുടെ കണ്ണിൽ നിന്നും വെള്ളം നിറഞ്ഞൊഴുകുന്നുണ്ട്. അപ്പോൾ മാത്രമായിരുന്നു ഞങ്ങൾ ആ സത്യം മനസിലാക്കിയത്. അത് പിന്നെ കൂട്ട ചിരിയായി. ചിരി ഒന്നടങ്ങിയപ്പോൾ.,
അല്ല നമുക്ക് ഷൈനിയുടെ വീട്ടിൽ പോണ്ടേ. വേഗം ഡ്രൈവറെ വിളിച്ചു. അവിടന്ന് കുറച്ചൂടെ പോയപ്പോൾ ഒരു പള്ളി കണ്ടു .അവിടെ ഒരു ഫ്ളക്സ് വെച്ചിട്ടുണ്ട്. അത് കണ്ടപ്പോ മനസിലായി അത് ഷൈനിയുടെ അപ്പച്ചൻ തന്നെ.
വേഗം തന്നെ ഞങ്ങൾ പള്ളിയിൽ ചെന്നു. അവളെ കണ്ടു. എല്ലാം കഴിഞ്ഞു അവളോട് യാത്രയും പറഞ്ഞാണ് തിരികെ പോന്നത്.
....................... .....................................
നിത്യ:- ആ പൈലറ്റ് ന്റെ ഭാര്യ വിചാരിച്ചു കാണും ഇവൾ അയാളുടെ വല്ല കാമുകിയോ മറ്റോ ആയിരിക്കുംന്ന്.
മരിച്ചു പോയത് നന്നായി. അല്ലേൽ പൈലറ്റ് നെ ഭാര്യ കൊന്നേനെ.
എന്നാലും നമ്മുടെ അഞ്ഞൂറ് രൂപയുടെ ബൊക്കെ !!!
ങാ സാരല്യ.
ഈ ജോർജ് ചേട്ടൻ അങ്ങോട്ട് ചെല്ലുമ്പോ ഷൈനീടെ അപ്പച്ചൻ അവിടന്ന് മേടിച്ചോളും.
ഞാൻ അവളെ സമാധാനിപ്പിച്ചു.
അപ്പോഴും ജീന ഇടയ്ക്കിടയ്ക്ക് ചിരിക്കുന്നുണ്ടായിരുന്നു.!!!

By
Resmi Gopakumar

സൗഹൃദങ്ങൾ


അപ്രതീക്ഷിതമായാണ് ആ പഴയ സുഹൃത്തിനെ കണ്ടു മുട്ടിയത്.
((ഒരു കാലത്ത് ഏറ്റവും വേണ്ടപ്പെട്ട സുഹൃത്തുക്കളായിരുന്നു ഞങ്ങൾ.))
തികച്ചും ഔപചാരികമായൊരു സൗഹൃദ സംഭാഷണം.
സുഹൃത്ത്: കുറെ കാലമായല്ലോ കണ്ടിട്ട്. എന്തൊക്കെയുണ്ട് വിശേഷങ്ങൾ?
ങാ. ഇങ്ങനെ പോണു. സുഖമായിരിക്കുന്നു. അവിടെയോ? കുട്ടികളൊക്കെ?
അവരൊക്കെ പഠിക്കുന്നു. സഞ്ജു എൻട്രൻസ്നു ശ്രമിക്കുന്നു.ഇളയവൻ ഇപ്പൊ പത്തിലായി. എക്സാം ആണ് അടുത്ത മാസം. അവിടെ? മക്കൾ? 
അവരും പഠിക്കുന്നു. കുഴപ്പമില്ല. രണ്ടാളും സുഖമായിരിക്കുന്നു. 
ഓക്കേ. 
എങ്ങോട്ടു പോവുന്നു?
ദേ ... ഈ ഷോപ് വരെ. ഒന്ന് രണ്ടു സാധനങ്ങൾ വാങ്ങണം. 
അപ്പൊ ശരി. നടക്കട്ടെ. കാണാം. 
.................
ഓർക്കാൻ ഒരുപാടുണ്ടായിരുന്നു.
ഒരു വീട് പോലെ കഴിഞ്ഞവർ. 
ഒരു പനി വന്നാൽക്കൂടി ഇടക്കിടക്ക്‌ വിളിച്ചന്വേഷിക്കുന്നവർ. 
വിശേഷവിധിയായി വീട്ടിലെന്തെങ്കിലും ഉണ്ടാക്കിയാൽ രണ്ടു പാത്രത്തിൽ ആക്കി പങ്കുവെക്കുന്നവർ. 
ഒരേ മനസ്സായിരുന്നവർ. 
........................
പക്ഷെ കാലം കരുതിവെച്ചതു മറ്റൊന്നായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ബിസിനസ് തകർച്ച. കടം ചോദിക്കുമെന്ന് പേടിച്ച്‌ തിരിഞ്ഞകലുന്ന മുഖങ്ങൾ. വിരിയാത്ത സൗഹൃദ പുഞ്ചിരികൾ.
ഒപ്പത്തിനൊപ്പം നിൽക്കാൻ പലയിടത്തും സാധിച്ചില്ല.
പലപ്പോഴും നാല് ചുവരുകൾക്കുള്ളിൽ ചുരുണ്ടിരിക്കേണ്ടി വന്നു. 
അതെ, 
എന്നും, എവിടെയും, എപ്പോഴും, നായകൻ പണം തന്നെ. വില്ലനും.
അടുപ്പങ്ങളൊക്കെ അകലങ്ങളിലേക്ക് വഴിപിരിഞ്ഞു.
.........................
എങ്കിലും ഇപ്പോൾ വലിയൊരു ശാന്തതയാണ്. അടിച്ചുവാരിയ മുറ്റത്ത് ചാണകം തെളിച്ചു ശുദ്ധമാക്കിയപോലൊരു നിർവൃതി. 
സന്തോഷം സ്വസ്ഥം സമാധാനം.!
ഇന്ന് കഞ്ഞിക്ക്, വീട്ടിലുണ്ടായ കായകൊണ്ടുള്ള ഉപ്പേരിയും, ചമ്മന്തിയും കൂടാതെ ഉണക്കമാന്തൾ വറുത്തതും വേണം.
കയ്യിലിരിക്കുന്ന ഉണക്കമീൻ പാക്കറ്റ് ഒന്നൂടെ മുറുക്കിപിടിച്ചു.

By
Resmi Gopakumar

വിധവ.


കണ്ണടച്ചാലും തുറന്നാലും, ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും, അവളുടെ മനസ്സിൽ ആ രൂപം മാത്രം.
ഉടലെടുത്ത സ്നേഹം പോലെ ആ ഒരു രൂപം.!!!
അതെ.,
അവൾക്കയാളോട് പ്രണയമാണ്. ഇപ്പോഴും എപ്പോഴും.
ഒരു നല്ല പാട്ട്, ഒരു നല്ല ചിത്രം, മഴ, ചുവന്നു തുടുത്ത സന്ധ്യകൾ.
കണ്ണിൽ കണ്ണിൽ നോക്കിയിരുന്ന് ഇഷ്ടങ്ങൾ പങ്കുവെച്ച അസ്തമയങ്ങൾ,
വൃശ്ചികക്കുളിരിന്റെ പുലരികൾ, മഞ്ഞിന്റെ നനുത്ത മറവിൽ ഒളിച്ചുകളിക്കുന്ന.,
ഒരുമിച്ചു നടന്നുതീർത്ത വഴിത്താരകൾ, ആശ്വാസ നിശ്വാസങ്ങൾ പങ്കുവെച്ച വഴിയമ്പലങ്ങൾ.
എല്ലാം ഒരിക്കൽ കൂടെ ആവാഹിച്ചെടുത്തൊരു ദീർഘനിശ്വാസമെടുത്തവൾ മിഴികൾ ഇറുക്കെയടച്ചു. ഒരു വെളിച്ചം കണ്ണിൽ തെളിഞ്ഞു.
മനസ്സിലും.
പിന്നെ കണ്ണ് തുറന്നു ഇരുട്ടിലേക്ക് നോക്കി. അധികം വൈകാതെ ഇരുൾ മാറി തുടങ്ങി. മങ്ങിയ ചിത്രങ്ങൾ തെളിമയാർന്നുവന്നു.
അവൾ എന്റെ പ്രിയ കൂട്ടുകാരി.
കണ്ണടച്ച് തുറക്കും നേരം കൊണ്ട് ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവൾ. നക്ഷത്രങ്ങൾ തിളങ്ങിയിരുന്ന അവളുടെ കണ്ണുകളിലിപ്പോൾ പെയ്തൊഴിയാൻ വെമ്പി നിൽക്കുന്ന നിരാശയുടെ കാർമേഘങ്ങൾ മാത്രം.
എത്ര പെട്ടെന്നാണ് അവൾ എല്ലാവർക്കും അന്യയായത്.
കുടുംബത്തിന്റെ ഐശ്വര്യവും സമൃദ്ധിയും അവളാണെന്ന് പറഞ്ഞു പാടി പുകഴ്ത്തിയവരെല്ലാം ഏതോ അന്യഗ്രഹ ജീവിയെ പോലെയാണവളെ കാണുന്നത് . ജന്മനാളിന്റെ മഹത്വം കൊണ്ട്., കണി കാണുന്നത് ഐശ്വര്യമാണ് എന്നും പറഞ്ഞു ഒന്നാം തീയതി വീട്ടിലേക്കു ക്ഷണിച്ചവർക്ക് ഇന്ന് അവളാണ് ഏറ്റവും വലിയ ദുശ്ശകുനം.
പട്ടടയിലെ തീ കെട്ടടങ്ങും മുൻപ് തന്നെ ഉപദേശവുമായി ബന്ധുക്കളുടെ തിരക്ക്. ഒരു അപരാധിയെ കണ്ടത്പോലെയാണ് അവരിൽ പലരുടെയും സംസാരം.
ഒന്നിനോടും പ്രതികരിക്കാതെ., നിർവികാരതയോടെ ഇരിക്കുന്ന അവളുടെ രൂപം എന്നിലുണ്ടാക്കിയ വേദന പറഞ്ഞറിയിക്കാവുന്നതിനും അപ്പുറത്തായിരുന്നു.
അപ്പോൾ അവളുടെ ഉള്ളിലെ ചിന്തകളുടെ ആഴം എനിക്കൂഹിക്കാവുന്നതേ ഉള്ളൂ.
പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ ഇരുവശത്തും ചേർത്തു പിടിച്ചിരിക്കുന്ന അവളെ കണ്ടപ്പോൾ, എന്ത് പറയണമെന്ന് പോലും എനിക്കറിയില്ലായിരുന്നു.
ഒരുവേള ഞാൻ വെറുതെയെങ്കിലും ചിന്തിച്ചുപോയി. ഇവർ തമ്മിൽ ഇടക്കെങ്കിലും ഒന്ന് പിണങ്ങിയിരുന്നെങ്കിലെന്ന്. ഒരുപക്ഷെ, വേദനയുടെ ആഴത്തിൽ അതവൾക്കൊരു പിടിവള്ളി ആയേനെ.
പ്രാരാബ്ധങ്ങൾക്കിടയിലും താങ്ങും തണലുമായി പരസ്പരം സ്നേഹിച്ചു സ്നേഹിച്ചു അവർ അവരുടെ ജീവിതം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. എന്തിനാണിങ്ങനെയൊരു ക്രൂരത. അവളും ഇപ്പോൾ അങ്ങനെ ചിന്തിക്കുന്നുണ്ടാകും.
നിറങ്ങളിൽ നിന്നവളെ അകറ്റിനിർത്തി,
കാഴ്ചകൾ അവൾക്കന്യമാക്കി,
ചിരികൾ അവളിൽനിന്നെന്നേക്കുമായി വേർപെടുത്തി,
ചുറ്റുപാടും നിന്ന് പൊട്ടിച്ചിരിക്കുന്ന,
ജരാനരകൾ ബാധിച്ച സമൂഹം.
ഇനി എപ്പോഴാണതിനൊരു മാറ്റം വരിക?
അവളൊന്നു പൊട്ടിക്കരഞ്ഞാൽ, അവളിൽ എരിയുന്ന നെരിപ്പോടൊന്നു പൊട്ടിച്ചിതറിയാൽ തീരാവുന്നതേ ഉള്ളൂ ഇവിടം.
പക്ഷെ അങ്ങനെയൊന്നും അവൾ ചിന്തിക്കില്ല.
തിരികെ നടക്കുമ്പോൾ,
"ഇനിമുതൽ അവളെ പിന്തുടരുന്ന കപടസദാചാരത്തിന്റെ അനേകം കണ്ണുകളായിരിക്കുന്നു എന്റെ മനസ്സിൽ."
By: 
Resmi Gopakumar Moothedath 

ബലിച്ചോറ്


ഇന്ന് അച്ഛന്റെ പതിനാറാമത് ശ്രാദ്ധമാണ്.
ആറടി മണ്ണിനു ചുറ്റും വളർന്നു നിൽക്കുന്ന ലില്ലിച്ചെടികളിൽ നിറയെ ഓറഞ്ച് നിറത്തിൽ മനോഹരമായ പൂക്കൾ. 
അതുവരെ മണ്ണിനടിയിൽ വിശ്രമിച്ചിരുന്ന അവർ ഒരു മഴ പെയ്താൽ ഉടൻ തലനീട്ടി പുറത്തിറങ്ങും. പിന്നെ വളരെ പെട്ടെന്നാണ് വളരുന്നതും പൂക്കുന്നതും. മിക്കവാറും ശ്രാദ്ധത്തിന്റെ സമയമാവുമ്പോഴേക്കും നിറയെ പൂക്കൾ ഉണ്ടാകും.
ഒരു പ്രവാസ ജീവിതം മുഴുവൻ ഉരുകിവിയർത്തദ്ധ്വാനിച്ച ഒരു നന്മമരത്തിന്റെ ഏക സമ്പാദ്യം.
ഇവിടെ.,
ഈ കാൽക്കീഴിലിങ്ങനെ നിൽക്കുമ്പോൾ മനസ്സിനൊരു ശാന്തത. അതിലേറെ കുറ്റബോധം. കുറെ കൂടി സ്നേഹിക്കാമായിരുന്നു അച്ഛനെ. നിസ്സാര കാര്യങ്ങൾക്കു പോലുമുള്ള., ചെറിയ ചെറിയ പിണക്കങ്ങൾ ഒഴിവാക്കാമായിരുന്നുന്നൊരു തോന്നൽ. ബലിക്കാക്ക വരാൻ ഇത്തിരി വൈകിയപ്പോൾ ആ സങ്കടം ഇരട്ടിച്ചു. ഇനി എന്തെങ്കിലും പ്രയാസങ്ങൾ ആ മനസ്സിൽ ഉള്ളതുകൊണ്ടാകുമോ?
.....................................
"പ്രണയമായിരുന്നെനിക്കച്ഛനോടെത്രയെന്നറിയാത്ത പ്രണയം."
അത്രമേൽ സ്നേഹമാ,മനസ്സിലുമെന്റെ മനസ്സിലുമുണ്ടായിരുന്നു....
ആരോഗ്യപരമായ പല പല തർക്കങ്ങൾക്കുമൊടുവിൽ തോൽവി സമ്മതിക്കാൻ മനസ്സില്ലാതെ, ചിലപ്പോഴെങ്കിലും നിസ്സഹായത്തോടെ, എന്നാൽ അതിലേറെ സ്നേഹത്തോടെ നോക്കുന്ന രണ്ടു കണ്ണുകൾ എന്റെയുള്ളിൽ പ്രകാശിച്ചു.
അതെന്താ തോറ്റാല് എന്ന് ചോദിക്കുമ്പോ, അച്ഛൻ പറയുമായിരുന്നു.
ഏതൊരച്ഛന്റെയും ഉള്ളിലൊരു പെരുംതച്ചൻ ഉണ്ടാകും. ജയിക്കണം എന്നാഗ്രഹിക്കുന്നൊരു മനസ്സ്.
അന്നതിന്റെയൊന്നും അർത്ഥം അറിയില്ലായിരുന്നെങ്കിലും., ഒന്നറിയാമായിരുന്നു. മനസ്സ് നിറഞ്ഞു സ്നേഹിക്കാൻ.
പക്ഷെ.,
ജയിച്ചാലും, തോറ്റാലും കൈ നിറയെ സമ്മാനങ്ങളായിരുന്നു തന്നിരുന്നത്. മനസ്സിൽ ആഗ്രഹിക്കുകയെ വേണ്ടൂ., അത് കയ്യിലെത്തിയിരിക്കും. അങ്ങനെയൊരു സംരക്ഷണം വേറെ എവിടെയും കിട്ടില്ല. പ്രത്യേകിച്ചും പെൺമക്കൾക്ക്.
പ്രായത്തിന്റെ അപക്വതയിൽ നിന്നും,
പ്രായത്തിന്റെ പക്വതയിലേക്കെത്തി നിൽക്കുമ്പോൾ ഇന്നെനിക്കതിന്റെ അർത്ഥം പൂർണമായും മനസ്സിലാവുന്നു.
മനസ്സിലൊരു കുറ്റബോധം ഉരുണ്ടു കൂടുന്നു.
ഇപ്പൊ,
ഇവിടെയൊരു കാറ്റുവീശുമ്പോൾ പോലും ഞാനതിലച്ഛന്റെയൊരു തലോടൽ അനുഭവിക്കുന്നു.
"എനിക്ക് മാത്രം സ്വന്തമായത്".
സങ്കടങ്ങളൊരു പ്രവാഹമായി പെയ്യാൻ തുടങ്ങുമ്പോഴേക്കും ഞാനെന്റെ കണ്ണുകൾ ഇറുക്കെയടച്ചു തിരിഞ്ഞുനടന്നു. 

by: 
Resmi Gopakumar

മിനിക്കഥ : റൂം മേറ്റ്സ്.


ഞാൻ അടിച്ചതിലായിരുന്നു അവൾക്ക് ദേഷ്യം മുഴുവൻ. അടിച്ചത് മാത്രമല്ല, നിഷ്കരുണം പുറത്തേക്കിടുകയും ചെയ്തു. ആ ഒരൊറ്റ കാരണത്താൽ രണ്ടു ദിവസമാണ് എന്നോട് മിണ്ടാതിരുന്നത്. 
സ്നേഹം കൂടാൻ ചെല്ലുമ്പോഴൊക്കെ പിണങ്ങി ഒരേ ഇരുത്തം. എന്നാലും ഇത്രയ്ക്കു ദുഷ്ടയായല്ലോ എന്ന് വീണ്ടും വീണ്ടും ആവർത്തിക്കും.
അവസാനം, വളരെ വളരെ താഴ്മയോടെ ഞാൻ മാപ്പപേക്ഷിച്ചതിനു ശേഷമാണ് അവളെന്നോട് മിണ്ടിത്തുടങ്ങിയത്. ഇനി ഒരിക്കലും ആവർത്തിക്കില്ല എന്ന് സത്യം ചെയ്യുകയും ചെയ്തു.
അങ്ങനെ വീണ്ടും സ്നേഹമായപ്പോൾ അവൾ പറഞ്ഞു.
'"അമ്മ ഒന്നാലോചിച്ചു നോക്കിയേ. ആ എട്ടുകാലി പാവമല്ലെ. അതിനെ സംബന്ധിച്ച് അതിന്റെ റൂം മേറ്റ്സ് അല്ലെ നമ്മള്. 'അമ്മ ചൂലുകൊണ്ടു അതിനെ അടിച്ചു പുറത്തേക്കിട്ടപ്പോൾ അതിന്റെ മനസ്സിൽ എന്തായിരിക്കും ഉണ്ടായിട്ടുണ്ടാകുക. പാവം!!. അതിനെ നമ്മൾ അടിച്ചു പുറത്താക്കീന്നല്ലേ അത് വിചാരിച്ചിട്ടുണ്ടാവുക".
ഞാൻ വീണ്ടും നമിച്ചു.
ശരിയാ മോളെ. ഇനി അങ്ങനെ ചെയ്യില്ല. സത്യം!!!
അങ്ങനെ മൂന്നു തവണ തലയിൽ കൈ വെച്ച് സത്യം ചെയ്തപ്പോഴാണ് അവൾക്ക് സമാധാനമായത്.
By: Resmi Gopakumar

പുതുവത്സര മത്സരത്തിനുള്ള കഥ - ഭുവന


വിളക്ക് വെക്കാനായി പൂജാ മുറിയിൽ കയറിയപ്പോഴേ ഭുവനക്ക് തോന്നി, വേറെ ആരുടെയോ അടക്കിപിടിച്ചൊരു സംസാരം കേട്ടതുപോലെ. വീണ്ടും ശ്രദ്ധിച്ചപ്പോൾ കേൾക്കുന്നുമില്ല. എണ്ണയൊഴിച്ച് തിരിയിട്ടു കത്തിച്ചു പീഠത്തിലിരിക്കുന്ന ദേവീസ്തുതി എടുത്തു. വീണ്ടും അതേപോലൊരു അടക്കം പറച്ചിൽ. ദേവീസ്തുതി അവിടെത്തന്നെ വെച്ച് മനസ്സിൽ ജപിക്കാൻ തുടങ്ങി.
ഒന്നിലും ശ്രദ്ധ കിട്ടുന്നില്ല. നാമജപം നിർത്തിയപ്പോൾ പിന്നെയും ആരോ അടക്കംപറയുന്നതുപോലെ. കണ്ണ് തുറക്കാൻ തന്നെ ഭുവനക്ക് പേടി തോന്നി. കുറെ സമയം അങ്ങനെ തന്നെ ഇരുന്നു. ഉള്ളിൽ നിന്നും ഏതോ ഒരു പേടി ഉയർന്നു വന്നു ശരീരം മുഴുവൻ വിറക്കാൻ തുടങ്ങി. എത്ര സമയം അങ്ങനെ കഴിഞ്ഞുവെന്നറിയില്ല. ഇപ്പോൾ ആ അടക്കം പറച്ചിൽ നിന്നിരിക്കുന്നു. പതുക്കെ കണ്ണുകൾ തുറന്നു നോക്കി.
ആരെയും കാണുന്നില്ല. പക്ഷെ., ആ നിശബ്ദതയാണ് ഏറെ പേടിപ്പെടുത്തുന്നത്.
പെട്ടെന്നാണ് അത് ശ്രദ്ധയിൽ പെട്ടത്. രണ്ടു കാൽപ്പാടുകൾ. അത് പൂജാമുറിയും കഴിഞ്ഞു പുറത്തേക്കു പോവുകയാണ്. ഇരുന്നിടത്തു നിന്നും എഴുന്നേൽക്കാൻ പോലും പറ്റുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ എങ്ങനെയോ ഒരു ധൈര്യം വന്നു. വരുന്നത് വരട്ടെ എന്ന് കരുതി എഴുനേറ്റു. ആ കാൽപ്പാടുകളുടെ പുറകെ നടന്നു. വീടും തൊടിയും ഒക്കെ കഴിഞ്ഞു പോയത് അറിഞ്ഞില്ല. ഏതോ ഒരുൾപ്രേരണ തന്നെ എങ്ങോട്ടോ നയിക്കുകയാണെന്നു ഭുവനക്കു തോന്നി. അവസാനം തൊടിയുടെ അങ്ങേ അറ്റത്തെ കുങ്കുമത്തറയിൽ അവസാനിച്ച ആ കാൽപ്പാടുകൾക്കു മുന്നിലെത്തി നിന്നു.!
കാരണവന്മാരുടെ കാലത്ത് എന്നും വിളക്ക് വെയ്പും പൂജയും ഒക്കെ ഉണ്ടായിരുന്നതായിരുന്നു ആ കുങ്കുമത്തറ എന്ന് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്.
ആ കാൽപ്പാടുകൾ അവസാനിച്ചപ്പോഴാണ് യാത്രയിൽ നിന്നും ഉണർന്നത്. ചുറ്റിലും ഇരുട്ടു മാത്രം. എന്താ ചെയ്യേണ്ടത് എന്ന് അറിയാതെ ഭയന്നു നിൽക്കുമ്പോൾ പെട്ടെന്ന് ചുറ്റിനുമൊരു പ്രകാശം പറന്നു. ആര് കൊളുത്തിയതെന്നറിയാതെ തെളിഞ്ഞു കത്തുന്ന ഒരു വിളക്ക് . തൊണ്ടയിൽ കുരുങ്ങിയൊരു നിലവിളി പുറത്തേക്കു വരാതെ ശ്വാസം മുട്ടി പിടഞ്ഞു.
തോളിൽ ആരോ തൊട്ടുണർത്തി എന്ന് തോന്നി. തോന്നലായിരുന്നില്ല, ആരോ തട്ടി വിളിച്ചത് തന്നെ. പേടികൊണ്ട് ആദ്യം തിരിഞ്ഞു നോക്കിയില്ല. എന്നാലും അപ്പോഴേക്കും എങ്ങുനിന്നോ പരന്നെത്തി ചുറ്റിലും നിറഞ്ഞു നിന്ന ഏതോ ഒരു സുഗന്ധത്തിന്റെ വശ്യതയിൽ തിരിഞ്ഞു നോക്കിപ്പോയി.
മനോഹരിയായ ഒരു സ്ത്രീ. സൌന്ദര്യത്തെക്കാളേറെ ആ കണ്ണിലെ സ്നേഹവും ശാന്തതയും . അത് കണ്ടപ്പോൾ അൽപാൽപമായി കുറഞ്ഞു വന്ന പേടി മുഴുവനായും എങ്ങോ പോയി മറഞ്ഞു. എപ്പോഴും കൂടെയുള്ള ആരെയോ കണ്ട സന്തോഷമാണ് തോന്നിയത്.
"എന്താ.. പേടിച്ചു പോയോ... സാരമില്ല... ഭുവനയെ ഞാൻ വീട്ടിൽ കൊണ്ട് വിടാം."
അത്ഭുതമായിരുന്നു ആ വാക്കുകൾ.
അത് മനസിലാക്കിയെന്നോണം അവർ പറഞ്ഞു. "എനിക്കറിയാം ഭുവനയെ. എന്റെ കൂടെ വന്നോളു . പേടിക്കണ്ട."
...................
എല്ലാമൊരു മിഥ്യയോ അതോ സത്യമോ..? ഒന്നും മനസ്സിൽ തെളിഞ്ഞു വരുന്നുമില്ല. ഒരുപാട് പൊരുത്തക്കേടുകൾക്കിടയിൽ പെട്ട് മനസ്സ് ഇളകിമറിയുന്നുണ്ട്. എന്താണെന്ന് വേർതിരിച്ചെടുക്കാൻ കഴിയാത്ത വിധം എവിടെയൊക്കെയോ എന്തൊക്കെയോ കെട്ടു പിണഞ്ഞു കിടക്കുന്നുണ്ട്.
പക്ഷെ., ആരോ കൂടെയുണ്ട് എന്നതൊരു ആശ്വാസമായാണ് തോന്നിയത്., ഒരുപാട് ആളുകളുടെ നടുവിൽ ഒറ്റപ്പെട്ടു പോയതുകൊണ്ടാവാം മറ്റുള്ളവരുടെ മുന്നിൽ എന്നും ഒരു അപകർഷതാബോധം തോന്നിയിരുന്നു.
അതൊന്നും ഒന്നുമല്ലെന്നും, അവരൊന്നും ആരുമല്ലെന്നും, ഇതാണ് ഏറ്റവും വലിയ ബന്ധവും സ്നേഹവുമെന്നും മനസ്സിൽ ഉറച്ചു വരുന്നു.
വല്ലാത്തൊരു ശാന്തത!!. ധൈര്യം!!. ഇതുവരെ തോന്നാത്ത സ്നേഹം, അതൊരു അരുവിയായി അങ്ങനെ ഒഴുകി ഒഴുകി പോവുകയാണ്. കാണുന്ന എല്ലാറ്റിനോടും സ്നേഹം., എന്തിനോടും സ്നേഹം., സ്നേഹം മാത്രം.
..........................
പിന്നീട് എന്ത് ചെയ്യുമ്പോഴും എല്ലാം യാന്ത്രികമായി തോന്നി. മനസ് ഇന്നലെയിലേക്കാണ് കുതിച്ചിറങ്ങുന്നത്. ദേഹമാകെ പൊതിയുന്ന സ്നേഹസ്പർശത്തിന്റെ ആ നിറഞ്ഞ ചിരിയാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ എങ്ങനെ ഇനി കാണുമെന്നോ, ആ കാഴ്ച ഒരു മിഥ്യയായിരുന്നോ, എന്നൊന്നും അറിയുന്നില്ല. എങ്കിലും കാത്തിരിക്കാനൊരു സുഖം. ഇനിയും കാണണമെന്ന ഒരു മോഹം.
സന്ധ്യാദീപം കൊളുത്താൻ വല്ലാത്ത ഒരു തിരക്കായിരുന്നു. സന്ധ്യയായിക്കിട്ടാൻ വേണ്ടി മനസ്സ് തിരക്ക് കൂട്ടാൻ തുടങ്ങി.,
ഒടുവിൽ പൂജാ മുറിയിൽ കയറി ദീപം കൊളുത്തിയപ്പോഴാണ് സമാധാനമായത്.
പക്ഷെ ആരെയും കാണുന്നില്ല. പ്രതീക്ഷിക്കുന്ന പോലെ ഒന്നും!
പ്രാർത്ഥിക്കാൻ പോലും ശ്രദ്ധ കിട്ടുന്നില്ല..
കണ്ണടയ്ക്കുമ്പോൾ ഇന്നലെ കണ്ട ആ മുഖം മാത്രം തെളിഞ്ഞു വരുന്നു.
ഒടുവിൽ സങ്കടത്തോടെ എഴുനേറ്റു തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴായിരുന്നു ആ ചോദ്യം.
"ഭുവന പോവുകയായോ.............?"
തിരിഞ്ഞു നോക്കിയപ്പോൾ കൊളുത്തി വെച്ച നിലവിളക്കിനടുത്തു ഇരിക്കുന്നു. സ്നേഹത്തിന്റെ പ്രഭാവലയം പോലെ.!
കുറച്ചു സംസാരിച്ചിട്ടു പോവാമെന്നു പറഞ്ഞപ്പോൾ അങ്ങനൊന്ന് കേൾക്കാൻ വേണ്ടി മാത്രമാണ് ഇത്ര നേരം കാത്തിരുന്നത് എന്ന ആഗ്രഹത്തോടെ തന്നെ അടുത്ത് ചെന്നിരുന്നു. യാതൊരു അപരിചിതത്വവും തോന്നിയില്ലെന്നു മാത്രമല്ല, സ്വന്തം അമ്മയുടെ മടിത്തട്ടിൽ എത്തിയ പോലൊരു സുരക്ഷിതത്വവും.
ആ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കിയപ്പോൾ ചിരിച്ചു കൊണ്ടൊരു ചോദ്യവും.
"ഭുവന ഇപ്പൊ ആലോചിച്ചത്, ഞാൻ ആരാണെന്നും എന്താണെന്നും അല്ലെ?"
അതെ എന്ന് തലയാട്ടി പോയി.
"എന്നെ ഗംഗ എന്ന് വിളിച്ചോളു. ഭുവനക്കെന്തും എന്നോട് പറയാം. എന്നോട് ചോദിക്കാം. ഞാൻ ഉണ്ടാവും ഭുവനയുടെ കൂടെ എന്നും. അത്രക്കിഷ്ടമാണ് ഭുവനയെ എനിക്ക്."
.....................................
ഒന്നും ചോദിക്കാനും പറയാനും തോന്നിയില്ല, തോന്നുന്നില്ല എന്നതാണ് വാസ്തവം..
അലിവോരുന്ന ആ കണ്ണിൽ നോക്കിയിരുന്നു കുറെ നേരം. അതൊരു ആഴക്കടലാണെന്ന് തന്നെ തോന്നിപ്പോയി..
എത്രയൊക്കെ കണ്ടാലും മതിയാവാത്ത കടലിന്റെ വശ്യത.
എത്ര അനുഭവിച്ചാലും മതിയാവാത്ത സ്നേഹം.
ആ ധ്യാനത്തിൽ നിന്നുണർന്നപ്പോൾ ഗംഗ തന്നെ പറഞ്ഞു. "ഭുവന പൊയ്ക്കോളു. ഞാൻ ഇവിടെയൊക്കെ തന്നെയുണ്ടാവും. ഭുവനക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ളതല്ലേ. ജോലികൾ, പഠിപ്പ്, അങ്ങനെ എന്തൊക്കെ. പോയി അതൊക്കെ ചെയ്തോളു. ഏപ്പോഴും ഞാനുണ്ടാവും കൂടെ."
മനസില്ലാ മനസ്സോടെയാണ് എഴുനേറ്റത്. എന്റെ മടി കണ്ടോ, വിഷമം കണ്ടോ, എന്തോ, ഗംഗ പറഞ്ഞു.
"നാളെ ഞാൻ ഇത്തിരി നേരത്തെ വരാം. നമുക്കൊത്തിരി സംസാരിക്കാം."
ആ ഒരു സന്തോഷത്തിൽ ഭുവനക്ക് യാതൊരു ജോലിഭാരവും അനുഭവപ്പെട്ടില്ല.
കൂടുതൽ ചിന്തകൾ, കുറച്ചു സംസാരം, കുറെയേറെ ഭക്തി, കുങ്കുമത്തറയിലെ വിളക്ക്. ആ ദീപപ്രകാശത്തിൽ ചുറ്റുപാടുകളിലെ ഇരുട്ട് മാഞ്ഞുപോയത്, അതിന്റെ തെളിച്ചത്തിൽ കുറെയേറെ കണ്ണുകൾ നന്മമാത്രം കാണാൻ തുടങ്ങിയത്.
ജീവിതം കുറച്ചുനാൾ സന്തോഷപൂർണമായിരുന്നു.
ചുറ്റുമുള്ളവരുടെ കണ്ണുകൾ തെളിഞ്ഞപ്പോൾ അകത്തുള്ളവരുടെ കണ്ണുകളിൽ ഇരുട്ടു നിറഞ്ഞു.
ചില കുറ്റപ്പെടുത്തലുകൾ ഭുവന കണ്ടില്ലെന്നു നടിച്ചെങ്കിലും മുഴുവൻ കാണാതിരിക്കാനും സാധിച്ചില്ല.
അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിലെന്ന് ഭുവന പലപ്പോഴും ചിന്തിക്കാൻ തുടങ്ങി. ഭുവനയുടെ ആ മാറ്റം ഗംഗയിലും സങ്കടമുണ്ടാക്കി.
മറുപടി ഒന്നും പറയാനാവാതെ ഗംഗയും!!
...............................
ഉമ്മറപ്പടിയിൽ ചാരിയിരുന്ന്..,, അങ്ങ് ദൂരെ നിന്നും പതുക്കെ നടന്നു വരുന്ന മഴയെ നോക്കിയിരിക്കുമ്പോൾ അതിനേക്കാൾ വലിയ ഇടിമുഴക്കങ്ങളായിരുന്നു മനസ്സിൽ. അടുത്ത് വരും തോറും വേഗം കൂടുതലായി കൊണ്ടിരുന്നു. മനസ്സിലെ ചിന്തകളെ പോലെ തന്നെ.
മഴക്കും ഭാരം കൂടി കൊണ്ടിരുന്നു.
തോരാതെ പെയ്യുന്ന മഴ പോലെ., ശബ്ദങ്ങൾ ഇല്ലാത്ത ഭുവനയുടെ ഉള്ളിലും പെരുമഴ തന്നെ ആയിരുന്നു. ആ മഴ കണ്ണിൽ കൂടി പെയ്തിറങ്ങി. ആരും കാണാനില്ലാതെ.
ഒറ്റപ്പെടലിന്റെ വേദനയിൽ, തനിച്ചായി പോയ ബാല്യത്തിന്റെ ദുഖത്തിൽ, കാലമേറെ കഴിഞ്ഞെങ്കിലും മായാത്തൊരോർമയായ് ഇന്നും കൂടെ തന്നെ. വിട്ടൊഴിയാത്ത ബാധ പോലെ.
മറന്നു തുടങ്ങാനായ് ആഗ്രഹിക്കുമ്പോഴോക്കെയും പൂർവാധികം ശക്തിയോടെ ഓർമ്മകൾ വന്നു കൊണ്ടേയിരിക്കുന്നു. നടന്നു പോയ വഴികളും പിന്നിട്ട കാലങ്ങളും ആലോചിച്ചിരിക്കുമ്പോൾ എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ മാത്രം..
സാഹചര്യങ്ങൾ ആണ് പലതും. അല്ലാതെ സ്നേഹമില്ലായ്മയല്ല. എന്നൊക്കെയുള്ള വാക്കുകൾ പലയിടത്ത് നിന്നും കേട്ടത് ഇപ്പൊ ഓർക്കുമ്പോൾ വെറുപ്പ് മാത്രം.
മഴ തൊട്ടുണർത്തിയപ്പോഴാണ് ഓർമ്മയിൽ നിന്നുണർന്നത്.
പെയ്തൊഴിഞ്ഞിരിക്കുന്നു. ശാന്തം.
മുറ്റത്തെ മണലിലേക്ക് സൂക്ഷിച്ചു നോക്കി ഇരുന്നപ്പോൾ ഒരു അനക്കം.
ഈയാം പാറ്റകൾ!!!
എണ്ണാൻ പറ്റാത്തത്രയും എണ്ണം ആ മണൽപുറ്റിൽ നിന്നും പറന്നുയരുന്നു . മനസ്സിൽ നിന്നും വരുന്ന ചിന്തകളെക്കാൾ വേഗത്തിൽ അവ പുറത്തേക്കു വരുന്നു.
സൃഷ്ടി കർത്താവിനെ മനസ്സാ നമിച്ചു ആകാശത്തേക്ക് മിഴികളുയർത്തി.
വെറുതെ അവയെ എണ്ണികൊണ്ടിരുന്നപ്പോൾ ആത്മമിത്രത്തെ ഓർത്തു.
അല്ല. ആത്മാവിനെ തന്നെ!!!
അത്രക്കും സ്നേഹം തോന്നുന്നു ഗംഗയോട്.
ഇന്ന് കണ്ടതെയില്ലല്ലോ.
അതോ, ഞാൻ ഇന്ന് ഗംഗയെ കുറിച്ച് ഓർത്തില്ലേ എന്ന് ഭുവന ഒന്ന് ആത്മഗതം ചെയ്തു. അങ്ങനെ ചിന്തിച്ചു കഴിഞ്ഞില്ല. ഗംഗ വന്നു.
"എന്താ ഭുവനക്ക് വല്യ ആലോചന. ഒന്നിന്റെയും ആവശ്യമില്ല. എല്ലാം സമയമാവുമ്പോൾ നടക്കും.." ഗംഗ പതിവുപോലെ ഉപദേശിച്ചപ്പോൾ പക്ഷെ, അതിൽ പഴയ പോലെ ഒരു തൃപ്തി വന്നില്ല.
ആരോടൊക്കെയോ ഉള്ള വൈരാഗ്യമാണ് മുന്നിട്ടു നിൽക്കുന്നത്.
അത് മനസിലാക്കിയെന്നോണം ഗംഗ പറഞ്ഞു.
"മുന്നോട്ട് നടന്ന് ഏതാണ്ട് അടുത്തെത്താറായ വഴികളിൽ നിന്നും പുറകോട്ടു പോരാൻ തുടങ്ങിയാൽ കാലങ്ങൾ കഴിഞ്ഞാലും എവിടേം എത്തി ചേരാനാവില്ല"
ഒന്നും മനസിലായില്ലെങ്കിലും ഭുവന തലയാട്ടി. എല്ലാം മനസിലായെന്ന ഭാവത്തിൽ.
എന്നാലും മനസിലൊന്നുറപ്പിച്ചു.
മനസിലാക്കി കൊടുക്കുന്നുണ്ട് എല്ലാവർക്കും!
.....................
ഭുവനയുടെ മനസ്സിൽ സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരെയും വെറുക്കാനോ വെറുപ്പിക്കാനോ ആവുമായിരുന്നില്ല. ഒരുപാട് സങ്കടങ്ങൾക്കിടയിലും ഭുവനയെ പിടിച്ചു നിർത്തിയത്, വറ്റാത്ത അരുവി പോലെയുള്ള ആ സ്നേഹമായിരുന്നു.
ഭുവന ഗംഗയെ സ്നേഹിച്ചു. മതിവരുവോളം..
ഒരു ദിവസം ക്ലാസ്സിലെ വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ ഭുവന, ദേവദത്തൻ എന്ന പേര് ഒന്ന് രണ്ടു തവണ ആവർത്തിച്ചതും ഗംഗ പറഞ്ഞു: "പേര് ദേവദത്തൻ എന്നാണെങ്കിലും സൂക്ഷിക്കുക."
ഭുവനക്ക് പക്ഷെ ചിരിയാണ് വന്നത്. എന്ത് സൂക്ഷിക്കാൻ,.
എന്നാൽ വിധി ഭുവനക്ക് നിശ്ചയിച്ചിരുന്നത് മറ്റൊന്നായിരുന്നു. വീട്ടിലെ പ്രശ്നങ്ങളും വഴക്കുകളും, ആർക്കും എടുത്തു കൊണ്ട് പോവാൻ പറ്റാത്ത ഈ മണ്ണിനു വേണ്ടിയുള്ള തർക്കങ്ങളും, ദൈവങ്ങളെ പോലും ഭാഗം വെച്ച് എടുത്തു കൊണ്ടുപോവാനുള്ള തീരുമാനങ്ങളും ഒക്കെ ആയി ഭുവന ശരിക്കും ഒറ്റപ്പെട്ടു പോയി. പിടിച്ചു നിൽക്കാൻ പറ്റാത്ത വിധം..
..........................
അന്ന് എന്നത്തേക്കാളും നേരത്തെ കോളജിലേക്ക് ഇറങ്ങുമ്പോൾ ഭുവന ഒന്നുകൂടി കണ്ണാടി നോക്കി തൃപ്തി വരുത്തി. പതിവില്ലാത്ത ചില മാറ്റങ്ങളായിരുന്നു അത്.
കോളേജിനു മുന്നിൽ ബസ് ഇറങ്ങിയപ്പോൾ ഭുവന ഇന്ന് ശ്രദ്ധിച്ചത് അതായിരുന്നു.
പതിവായി കോളേജ് ഗേറ്റിൽ തന്നെ കാത്തു നിൽക്കാറുള്ള ദേവദത്തനെ കാണുന്നില്ലല്ലോ.
ഒന്നുകൂടി നോക്കി. ഇല്ല .
എന്നും തന്നെ കാത്തു ഇവിടെ നിൽക്കാറുള്ളതാണ്. ഒരു ദിവസം പോലും അയാളെ ശ്രദ്ധിച്ചിട്ടില്ല. എന്നും കാണുമെങ്കിലും ചിരിച്ചിട്ടുമില്ല. പലവട്ടം പുറകെ വന്നിട്ട് പോലും. അങ്ങനെയുള്ള ബന്ധങ്ങളിലൊന്നും താല്പര്യവുമില്ലായിരുന്നു.
ഇന്നിപ്പോ അയാളെ കാണണം. കണ്ടാൽ ഒന്ന് ചിരിക്കണം എന്ന് വിചാരിച്ചത് കൊണ്ട് മാത്രമാവും കാണാത്തത്. അതല്ലെങ്കിലും അങ്ങനെയാണല്ലോ.
നിറച്ചും ഉള്ളപ്പോൾ ഒന്നും വേണ്ട. ഇല്ലാതാവുമ്പോൾ അതിനോടുള്ള ഇഷ്ടം കൂടി വരികയും ചെയ്യും. സ്വാഭാവികമായ മനുഷ്യ ചിന്ത..
നടന്നു നടന്നു ക്ലാസ് മുറിയിലെത്താറായപ്പോൾ കണ്ടു; വാതിൽക്കൽ തന്നെ ദേവദത്തൻ നിൽക്കുന്നു. തന്റെ വരവും നോക്കി. ഇങ്ങോട്ട് ചിരിക്കും മുമ്പേ അങ്ങോട്ട് ഒന്ന് ചിരിച്ചു.
അവന്റെ മുഖത്ത് അത്ഭുതമോ ആഹ്ലാദമോ!! വിവരിക്കാൻ കഴിയാത്തൊരു ഭാവം. ഇത്രക്കും ഭംഗിയൊക്കെ ഉണ്ടോ ഇവന്റെ ചിരിക്കും കണ്ണുകൾക്കും എന്ന് ഇന്ന് മാത്രമാണ് തോന്നിയത്.
"ഭുവനയെ അവനു വലിയ ഇഷ്ടമാണ്. എന്നോട് പറഞ്ഞതാ. നീ ഇഷ്ടമല്ല എന്നെങ്ങാനും പറഞ്ഞാലോ എന്ന് പേടിച്ചാണ് അവൻ പറയാതിരുന്നത്." അടുത്തിരുന്ന ഒരു കൂട്ടുകാരി അത് പറഞ്ഞപ്പോൾ അവൻ പറയിപ്പിച്ചതാണോ എന്നൊരു സംശയം തോന്നാതിരുന്നില്ല. വെറുതെ തിരിഞ്ഞു നോക്കിയപ്പോൾ തന്നെ നോക്കി ഇരിക്കുന്നതാണ് കണ്ടതും. നോക്കെണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി.
തങ്ങളേക്കാൾ സീനിയർ ആയതുകൊണ്ടും, വേറെയും ഡിഗ്രികളൊക്കെ മറ്റു കോളേജുകളിൽ നിന്നെടുത്ത ശേഷം ഇങ്ങോട്ടു വന്നതുകൊണ്ടും, ഒരുപക്ഷെ ഒരു പ്രൊഫെസ്സറിനെക്കാൾ അറിവുള്ളതു കൊണ്ടും മറ്റു കുട്ടികൾക്കൊക്കെ ബഹുമാനമായിരുന്നു ദേവദത്തനോട്.
മനഃപൂർവ്വമോ മറ്റാരോടൊക്കെയോ ഉള്ള വൈരാഗ്യമോ ആണ് പലപ്പോഴും വേണ്ട എന്ന് വിചാരിച്ചിട്ടും ദേവദത്തനോട് സംസാരിക്കാൻ ഭുവനയെ പ്രേരിപ്പിച്ചു കൊണ്ടിരുന്നത്. ഒരു വാശി ആയിരുന്നു എല്ലാവരോടും. എല്ലാറ്റിനോടും.!!
"പ്രണയം" അതിന്റെ എല്ലാ സൌമ്യ സംഹാര ഭാവങ്ങളോടും കൂടി തന്നെ ചുറ്റി വരിയുന്നത് ഭുവന അറിയുന്നുണ്ടായിരുന്നു. ഇനി അതിൽ നിന്നൊരു മോചനം ഇല്ലാത്ത വിധം.
ഭുവന ഗംഗയെ മറന്നു. കുങ്കുമതറയിൽ തിരി തെളിയാതെ ആയി. ചുറ്റിലും ഉള്ള ശക്തമായ വെളിച്ചത്തെ കാണാൻ ഭുവനക്ക് സാധിച്ചില്ല. ഭുവനയുടെ കണ്ണിൽ ഇരുട്ട്മാത്രം.
ചാരത്തിൽ തെളിയുന്ന ആ ഇത്തിരി വെട്ടത്തോട് മാത്രമായി ഭുവനക്ക് പ്രിയം. എപ്പോൾ വേണമെങ്കിലും നഷ്ടപ്പെട്ടെക്കാവുന്ന ആ വെളിച്ചം മാത്രം മതി എന്ന് തീരുമാനിച്ചു ഭുവന.
ഒരുപക്ഷെ, മായകാഴ്ച്ചയിൽ അങ്ങനെ തീരുമാനിക്കപ്പെട്ടു. എന്ന് വേണമെങ്കിൽ പറയാം.
അതിനു വേണ്ടി ശാശ്വതമായ പലതിനെയും കണ്ടില്ലെന്നു നടിച്ചു. പലവട്ടം ഗംഗ ഭുവനയോടു സംസാരിച്ചെങ്കിലും ഭുവന ഒന്നും കേട്ടില്ല. കേൾക്കാൻ സാധിച്ചില്ല എന്നതായിരുന്നു സത്യം!!
വാശിയും വൈരാഗ്യവും വെച്ച് സ്വന്തം ജീവിതം നശിപ്പിക്കരുതെന്ന്, ഭുവനയിലെ മാറ്റം തിരിച്ചറിഞ്ഞ ഗംഗ ആവർത്തിച്ചു കൊണ്ടേ ഇരുന്നു.
ഒരിക്കൽ ദേവദത്തൻ ഭുവനയോട് ചോദിച്ചു എന്തേ ഭുവന എന്നോട് ആദ്യമൊക്കെ അടുപ്പം കാണിക്കാതിരുന്നത്?
മറുപടി നിസ്സാരമായിരുന്നു. അത് എനിക്ക് എന്നെ നന്നായി അറിയാവുന്നത് കൊണ്ട് മാത്രം..
ഇപ്പോഴോ?
ഇപ്പൊ എനിക്ക് എന്നെ അറിയുന്നില്ല..
ആ ഒരു അറിവില്ലായ്മയാവാം ഭുവനയെ ശരിയായ വഴിയിൽ നിന്നും വേർതിരിച്ചെടുത്തത്. എല്ലാ ഒറ്റപ്പെടലുകളുടെയും അവസാനം ഒന്നിനും വേണ്ടിയല്ലെങ്കിലും വെറുതെ ഒരു അഭയം കണ്ടെത്തലായിരിക്കും. അതൊരഭയമല്ലായിരുന്നു,, വെറുമൊരു മറയായിരുന്നു എന്ന് തിരിച്ചറിയുമ്പോഴേക്കും വൈകിയിരിക്കും. എന്നിരുന്നാലും താൽക്കാലികമായ ആ അഭയത്തിൽ തന്നെയായിരിക്കും അവസാനം.
എല്ലാറ്റിനുമൊടുവിൽ ഒരു സന്ധ്യ നേരത്ത് ദേവദത്തനോടൊപ്പം ഇറങ്ങി തിരിക്കുമ്പോൾ ഭുവന തിരിഞ്ഞൊന്നു നോക്കിയില്ല. ഗംഗയുടെ നിറയുന്ന കണ്ണുകൾ കണ്ടില്ല.! കുങ്കുമ തറയിലെ ദീപനാളം ഒരു ചെറു കാറ്റ് പോലുമില്ലാതെ അണഞ്ഞത് ഭുവന അറിഞ്ഞില്ല.
ഭുവന യാത്രയിലായിരുന്നു. ശൂന്യതയിലേക്കുള്ള യാത്രയിൽ.
ഒരിക്കലും അവസാനിക്കാത്ത ഒരു യാത്ര.
....................................
കാക്കപ്പൊന്നുകളുടെ തിളക്കം വളരെ പെട്ടെന്ന് നഷ്ടപ്പെടും. എവിടെയോ കേട്ടൊരു കഥ ഭുവന ഓർമിച്ചു. "പരമമായ സത്യം."
ജീവിതം മടുപ്പായി. മടുപ്പ് നിസ്സംഗതയിലേക്ക് വഴി മാറി. ദിനരാത്രങ്ങൾ കൊഴിഞ്ഞു വീണതൊന്നും ഭുവന അറിഞ്ഞില്ല. ഭുവനക്ക് ദിവസങ്ങൾ കാണാൻ കഴിഞ്ഞുമില്ല. ഒരിക്കലും കാണാൻ സാധിക്കാത്ത ആ നാളേക്ക് വേണ്ടി ഇന്നിനെ നഷ്ടപ്പെടുത്തി ഭുവന അലഞ്ഞുകൊണ്ടിരുന്നു. ആർക്കോ വേണ്ടി എന്തിനൊക്കെയോ വേണ്ടി ജീവിച്ചു. എന്നും ഇരുട്ടായിരുന്നു. ആ ഇരുട്ടിനെ ഒടുക്കം ഭുവന സ്നേഹിച്ചു തുടങ്ങി. അല്ലെങ്കിൽ സ്നേഹിക്കുന്നു എന്ന് സ്വയം വിശ്വസിച്ചു തുടങ്ങി..
കാലങ്ങളേറെ കഴിഞ്ഞപ്പോൾ മാത്രമായിരുന്നു തന്നെ ബാധിച്ചിരുന്ന ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്കു വരാൻ ഭുവനക്ക് സാധിച്ചത്. അപ്പോഴാണ് ഭുവന ഗംഗയെ ഓർത്തത്. പഴയ കാലങ്ങൾ ഭുവനക്ക് മുന്നിൽ തെളിയാൻ തുടങ്ങി.
ഗംഗയെ കാണാനുള്ള അതിയായ ആഗ്രഹം. മറക്കാൻ ശ്രമിക്കും തോറും ആ ചിന്തകൾ ശക്തമാവാൻ തുടങ്ങി. ഒരിക്കൽ കൂടി ആ കുങ്കുമ ത്തറയിലൊരു തിരി തെളിയിക്കാൻ മോഹിച്ചു പോയി ഭുവന.
തറവാട്ടിലേക്കൊന്നു പോകണം എന്ന് പറഞ്ഞപ്പോൾ ഒരു പൊട്ടിച്ചിരിയായിരുന്നു ദേവദത്തന്റെ മറുപടി. ആ ചിരിയിൽ ഈ ലോകത്തിലെ മുഴുവൻ പരിഹാസവും നിറഞ്ഞതായി തോന്നി ഭുവനക്ക്. ചിലപ്പോൾ അതൊരു തോന്നൽ മാത്രമാവും എന്നാശ്വസിച്ചു.
ഇത്രയും കാലമില്ലാത്ത തറവാടും ബന്ധുക്കളും ഒക്കെ ഇപ്പൊ എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് ഭുവനക്ക് മറുപടിയില്ലായിരുന്നു. അടുത്ത ആഴ്ച മോൻ വരും. അപ്പൊ ഇവിടെ ആളില്ലാതെ എങ്ങനെ ശരിയാവും? എനിക്കാണെങ്കിൽ അടുത്തായി രണ്ടു മൂന്നു ബിസിനസ് ടൂർ ഉണ്ട്. അതുകൊണ്ട് വേണ്ടാത്ത വിചാരങ്ങളൊന്നും മനസ്സില് വേണ്ട. അതൊരു താക്കീതായിരുന്നു.
നെഞ്ചകം പൊള്ളി ഭുവന തിരിഞ്ഞു നടക്കുമ്പോൾ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീരിറ്റുവീണു.
ആ കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങിയപ്പോൾ..,,
പിന്നിൽ നിന്നും പെട്ടെന്നൊരു അലർച്ച കേട്ട് ഭുവന തിരിഞ്ഞു നോക്കി.
"മുഖം പൊള്ളി" എന്ന് പറഞ്ഞുകൊണ്ട് രണ്ടു കൈ കൊണ്ടും മുഖം മൂടിപിടിച്ചിരിക്കുന്നു ദേവദത്തൻ. .
"കാലങ്ങൾക്കു ശേഷം ഭുവനയുടെ ചുണ്ടിലൊരു ചിരി മിന്നിമറഞ്ഞു"
രാത്രിയേറെ ആയിട്ടും ഭുവനക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. എന്നും എവിടെയും എല്ലായ്പ്പോഴും ഒന്നാമതെത്താൻ ആഗ്രഹിക്കുന്ന ആൾക്കാരുടെ മനസ്സിൽ ആ ഒരു ലക്ഷ്യത്തിനു മാത്രമേ സ്ഥാനമുണ്ടാവുകയുള്ളൂ. എന്തെങ്കിലും നേടണം എന്ന് ആഗ്രഹിച്ചാൽ അത് നേടിയെടുക്കുക. അത്രമാത്രം. അതിനപ്പുറത്തെക്കൊരു ചിന്തയും ഇല്ല.
ഇനിയുള്ള ചിന്തകൾക്കും വിചാരങ്ങൾക്കുമെല്ലാം അവസാനം കൊടുത്തുകൊണ്ട് ഭുവന കിടന്നു.
നാളെയെ വരവേൽക്കാനായി.
ഭുവനയുടെ മനസ്സിൽ ഗംഗ വന്നു നിറഞ്ഞു. "സർവ്വം ശുദ്ധമാക്കി കൊണ്ട് ഒരു സംഹാര ഭാവത്തോടെ ഗംഗ നിറഞ്ഞൊഴുകാൻ തുടങ്ങി. ആ ഒഴുക്കിൽ പതിയെ പതിയെ ഭുവന മയങ്ങിപോയി."
നേരം പുലർന്നതും ഭുവന യാത്രയായി.
.........................................................
ഭുവന തറവാട്ടിലേക്കെത്തിയപ്പോൾ നേരം സന്ധ്യയാകാറായിരുന്നു. കാട് പിടിച്ചു കിടക്കുന്ന തൊടിയും, ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ തറവാടും കണ്ടപ്പോൾ ഇത് തന്നെയല്ലേ തറവാട് എന്ന് ഒരു നിമിഷം സംശയിച്ചുപോയി. പടിക്കെട്ടുകൾ കയറി മുറ്റത്തെത്തിയപ്പോൾ ആദ്യം നോട്ടം ചെന്നെത്തിയത് ദൂരെയുള്ള ആ കുങ്കുമത്തറയിലായിരുന്നു. ഏതോ വള്ളിച്ചെടി പടർന്നു കയറി പിടിച്ചിരിക്കുന്നു അവിടം മുഴുവൻ. രണ്ടു കൈകൊണ്ടു ചേർത്ത് പിടിച്ചാൽ പോലും ഒതുങ്ങാത്തത്ര വലുതായിരിക്കുന്നു ആ കുങ്കുമമരം. തന്റെ കൈക്കുള്ളിലൊതുങ്ങി നിന്നിരുന്ന ആ പഴയ കുഞ്ഞുമരത്തെ ഓർമിച്ചു ഭുവന. അതിലും നിറയെ പടർന്നു കയറിയിരിക്കുന്നു ആ ചെടി.
അപ്പോഴാണത് ശ്രദ്ധിച്ചത്.
"അവിടെ ഒരു കൽവിഗ്രഹം".
ചന്ദനപടി കൂട്ടി ഇരിക്കുന്ന ഒരു സ്ത്രീ രൂപം പോലെ തോന്നിച്ചു . അങ്ങോട്ട് നടക്കാൻ രണ്ടു ചുവടു വെച്ചതും, താടിയും മുടിയും നീട്ടി വളർത്തിയ ഒരാൾ പെട്ടെന്ന് അവിടെയെത്തി.
കൽവിഗ്രഹത്തിനു മുന്നിലെ ചിരാതിൽ തിരി തെളിയിച്ചു.
എന്നിട്ട് വളരെ കൃത്യമായി ഭുവന നിന്നിടത്തേക്ക് നോക്കി. അയാളുടെ നീലയും കറുപ്പും കലർന്ന കണ്ണിൽ ഒരു നിഗൂഢ ഭാവം ഉണ്ടായിരുന്നു. സന്തോഷമോ സ്നേഹമോ അങ്ങനെ എന്തൊക്കെയോ. ദൂരെയാണെങ്കിലും അയാൾ തൊട്ടടുത്ത് നിൽക്കുന്നത് പോലെ തോന്നി ഭുവനക്ക്.
ആയിരം ദീപങ്ങൾ ഒന്നിച്ചു തെളിഞ്ഞാലുണ്ടാവുന്ന അത്രയും പ്രകാശമായിരുന്നു ആ ഒരൊറ്റ നാളത്തിന്. ഒരു നിമിഷം അതിലേക്കൊന്നു ശ്രദ്ധിച്ചു ഭുവന. പിന്നെ നോക്കിയപ്പോൾ അയാളെ കാണാനില്ലായിരുന്നു. വീണ്ടും അങ്ങോട്ട് നടക്കാൻ തുടങ്ങിയതും,
ആ കൽവിഗ്രഹം അതിന്റെ വലതു കൈ നീട്ടി കത്തിച്ചു വെച്ച തിരിനാളം എടുത്തു. മൂന്നു വട്ടം മുഖത്തിനോടു തൊട്ടു ചേർത്തുഴിഞ്ഞു. പിന്നെ കണ്ടത് "വലിയൊരു അഗ്നിഗോളം" ആയിരുന്നു. ഭുവന ഓടി അടുത്തെത്തിയപ്പോഴേക്കും അത് ഒരു പിടി ചാരം മാത്രമായി കഴിഞ്ഞിരുന്നു!!!!
ആകെ കൂടി നിരാശയും ശൂന്യതയും ഭുവനയെ വന്നു പൊതിഞ്ഞു.
ഗംഗയെ തിരഞ്ഞു എല്ലായിടത്തും നടന്നു ഭുവന. ഒടുക്കം തറവാട്ടിൽ തിരിച്ചെത്തി. അകത്തേക്കുള്ള വാതിൽ വെറുതെ ഒന്ന് തൊട്ടതെ ഉള്ളു. അത് തനിയെ തുറന്നു. വല്ലാത്തൊരു നെഞ്ചിടിപ്പോടെ അകത്തു കടന്നു ഓരോ മുറിയിലും ഗംഗയെ നോക്കി. അവസാനം പൂജാമുറിയിലും. പൂജാമുറിയിലെ പീഠങ്ങളൊക്കെ ദ്രവിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നു. ദേവീസ്തുതികളെല്ലാം ചിതലുകൾ തിന്നു തീർത്തിരുന്നു. കുറെ നേരം അവിടെ ഇരുന്നെങ്കിലും ഗംഗയെ കണ്ടില്ല. തിരികെ പോരാൻ വേണ്ടി പൂജാമുറിയിൽ നിന്നിറങ്ങി നടക്കുമ്പോൾ എതിരെ ഒരു വൃദ്ധയായ സ്ത്രീ വന്നു.
തല നരച്ച്., തൊലി ചുക്കി ചുളിഞ്ഞ്., നടക്കാൻ പോലും വയ്യാതെ., ഒരു പടുവൃദ്ധ!!!
ഇവരെ ഇതിനു മുമ്പ് കണ്ടിട്ടേ ഇല്ലല്ലോ. തറവാട് വിറ്റോ? വല്ലവരും വാങ്ങിക്കാണുമോ? ഇനിപ്പോ ഇവരാവുമോ ഇവിടെ താമസിക്കുന്നത്. എന്നൊക്കെ നിമിഷനേരം കൊണ്ട് ചിന്തിച്ചു പോയി ഭുവന. അവരടുത്തു വരും തോറും ഒരു വശ്യ സുഗന്ധം അവിടെയാകെ വ്യാപിച്ചു കൊണ്ടിരുന്നു. അവര് വളരെ വളരെ പതുക്കെ നടന്നു അടുത്തെത്തി. അവരുടെ കണ്ണിലേക്കു നോക്കിയപ്പോൾ എവിടെയോ ഒരു കണ്ടുപരിചയം. പകുതിയും തുറക്കാത്ത ആ കണ്ണുകളിൽ പക്ഷെ, ചെറിയൊരു തിളക്കം ഉണ്ടായിരുന്നു.
"ഭുവനക്ക് എന്നെ മനസിലായോ?"
ഇല്ല.
"ഭുവന എന്നെയാണ് അന്വേഷിച്ചു വന്നത്. ഞാനാണ് ഗംഗ"
"ഗംഗയോ !!!?"
ഭുവനയുടെ നെഞ്ചിടിപ്പ് ഭുവനക്ക് തന്നെ വളരെ വ്യക്തമായി കേൾക്കാമായിരുന്നു. ശരീരം തളർന്നു. തല കറങ്ങി. ഭുവന അവിടെ വീഴുമെന്നായി.
ഒരു നിമിഷത്തെ ആ വിഭ്രാന്തിയിൽ നിന്നുണർന്നു ഭുവന.
"അല്ല. ഇതെന്റെ ഗംഗയല്ല. വെറുതെ നിങ്ങൾ പറയുകയാണ്. എനിക്കറിയാം."
അശരീരി പോലെ ഗംഗയുടെ സ്വരം അവിടെ മുഴുവൻ മുഴങ്ങികൊണ്ടിരുന്നു.
"ഞാനത് ചെയ്യില്ല. കാരണം ഞാൻ നിന്റെ ആത്മാവാണ് ഭുവനേ"
"എന്റെ ആത്മാവോ?"
"അതെ. ഇത്രയും കാലം ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു. നീ വരുമെന്നെനിക്കറിയാം. ഇവിടെന്നു പോവണമെങ്കിൽ ഞാനില്ലാതെ നിനക്ക് പറ്റില്ല. നിനക്കിവിടെ നിന്നും പോവാനും സമയമായിരിക്കുന്നു.
ഭുവനയും ഗംഗയും ഇനിയും ഉണ്ടാവും.
"നീയും ഞാനും".
ഇതൊരു തുടക്കം മാത്രമായിരുന്നു. ഇതിലെ പരാജയം ഇനി നിന്റെ വിജയമായിരിക്കും!!!
ഇനി നിന്നെ പരാജയപ്പെടാൻ ഞാൻ സമ്മതിക്കില്ല.
എന്തായാലും ഇപ്പൊ പോയെ പറ്റൂ..!!
അനുവദിച്ച സമയം നമുക്ക് കഴിഞ്ഞിരിക്കുന്നു.
നിന്റെ ചിന്തകൾക്ക് നീ പോലുമറിയാതെ പ്രായമേറിക്കഴിഞ്ഞിരിക്കുന്നു.
"പോവാനുള്ള സമയം ആയിരിക്കുന്നു".
എന്റെ കൂടെ വരൂ.
ഗംഗ ഭുവനയുടെ കൈ പിടിച്ചു.
ഭുവനയെ മുറിയിലെ നിലക്കണ്ണാടിക്ക് മുന്നിൽ കൊണ്ട് പോയി നിർത്തി.
ഇനി നോക്കൂ.
ഒരു നിമിഷത്തെ മങ്ങിയ കാഴ്ചക്ക് ശേഷം കണ്ണാടിയിൽ രൂപങ്ങൾ തെളിഞ്ഞു.
തനിക്കും ഗംഗക്കും ഒരേ രൂപം!!!
ആ കാഴ്ചയും ഭുവനക്ക് ഒരു നിമിഷമേ കാണാൻ കഴിഞ്ഞുള്ളൂ. പിന്നെ ഗംഗ ഇല്ലായിരുന്നു. തന്റെ ശരീരത്തിന് ഭാരം കൂടി കൂടി വരുന്നതു പോലെ തോന്നി ഭുവനക്ക്. വല്ലാതെ തളരുന്നതു പോലെയും. ഒരു വിധത്തിൽ ഭുവന നടന്നെത്തി. ആ കുങ്കുമ തറയിലേക്ക്!!!!
ഭുവനയുടെ സമാധിക്കായി!!!
ഇനിയുമൊരു ഭുവനയിലെക്കുള്ള യാത്രയിലേക്കായ്.......

By: 
Resmi Gopakumar

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo